മാര് ഇഗ്നാത്തിയോസ് നൂറോനൊ
മാര് ഇഗ്നാത്തിയോസ് നൂറോനൊ
വിശുദ്ധ അത്താനാസ്യോസ്
"അത്താനാസ്യോസ് " എന്ന പേർ കേൾക്കാത്തവരായി ആരും തന്നെ നമ്മുടെ സഭയിൽ ഉണ്ടാകാൻ ഇടയില്ല. കാരണം അത്തനാസ്യോസ് എന്ന നാമം ലഭിച്ചിട്ടുള്ള അഞ്ച് മേൽപ്പട്ടക്കാർ നമ്മുടെ സഭയിൽ ഉണ്ടായിട്ടുണ്ട്. ഈ നാമത്തിനു കാരണഭൂതനായ, അത്താനാസ്യോസ് ആരായിരുന്നു? നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലക്സാന്ത്രിയായിലെ മെത്രാനും, ക്രൈസ്തവ സഭാ ചരിത്രത്തിൽ സത്യവിശ്വാസത്തിന്റെ സമർത്ഥനായ പോരാളി എന്ന വിശേഷണത്തിനു തികച്ചും യോഗ്യനുമായ ഒരു സഭാ പിതാവായിരുന്നു വിശുദ്ധ അത്താനാസ്യോസ്. ശെമ്മാശനായിരിക്കെ തന്നെ നിഖ്യാ സുന്നഹദോസിൽ വെച്ച് അന്നുണ്ടായ വേദവിപരീതത്തിനെതിരായി ധീരധീരം പോരാടി സഭയുടെ സത്യവിശ്വാസത്തിന്റെ കാവൽക്കാരനാകുവാൻ സാധിച്ചു എന്നുള്ളതാണ് അത്താനാസ്യോസിനു സഭാചരിത്രത്തിൽ ശാശ്വതമായ ഒരു സ്ഥാനം നേടികൊടുത്തത്.
ക്രിസ്തുവർഷം 295 നോടടുത്ത് അലക്സാന്ത്രിയായിൽ ധനികരായ മാതാപിതാക്കന്മാരുടെ മകനായിട്ടായിരുന്നു അത്തനാസ്യോസിന്റെ ജനനം. പ്രസിദ്ധമായ അലക്സാന്ത്രിയൻ വേദോപദേശപാഠശാലയിലാണ് അത്താനാസ്യോസ് തന്റെ വിദ്യാഭ്യാസം നടത്തിയത്. പ്ലേറ്റോ, അരിസ്റ്റോട്ടിൽ, തർക്കശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയവയെല്ലാം പഠിച്ചെങ്കിലും അദ്ദേഹത്തിൽ രൂഢമൂലമായത് ക്രിസ്തുവിലൂടെയുള്ള രക്ഷയാണ്. ചെറുപ്പത്തിൽ തന്നെ സന്യാസത്തിലേക്ക് ആകൃഷ്ടനായ അദ്ദേഹം ഈജിപ്റ്റിലെ വിശുദ്ധ അന്തോണിയോസിന്റെ കൂടെ കുറെനാൾ മരുഭൂമിയിൽ ധ്യാനത്തിലും പ്രാർത്ഥനയിലും കഴിച്ചു കൂട്ടി. തുടർന്ന് ക്രിസ്തുവർഷം 319 - ൽ അലക്സാന്ത്രിയിലെ മെത്രാനായ അലക്സാണ്ടറിൽ നിന്ന് ശെമ്മാശപ്പട്ടം സ്വീകരിച്ചു. സമർത്ഥനും വിജ്ഞനുമായ അത്താനാസ്യോസ് ശെമ്മാശൻ മെത്രാപ്പോലീത്തായുടെ വിശ്വസ്ത ആലോചനക്കാരനും സെക്രട്ടറിയുമായി നിയമിതനായി. ഈ കാലയളവിലാണ് അറിയൂസ് മുതലായവർ പ്രചരിപ്പിച്ച വേദവിപരീതത്തിനെതിരായി ക്രിസ്തുവർഷം 325 - ൽ നിഖ്യായിൽകൂടിയ സുന്നഹദോസിൽ അലക്സാണ്ടർ മെത്രാപ്പോലീത്തായോടൊപ്പം അദ്ദേഹത്തിന്റെ സഹായിയായി അത്താനോസ്യോസിനും പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.
നിഖ്യായിലെ സുന്നഹദോസിൽ, അറിയൂസിന്റെ വേദവിപരീതികൾക്ക് എതിരെയുളള പോരാട്ടത്തിൽ അത്താനാസ്യോസിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അലക്സാന്ത്രയിലെ ഒരു വൃദ്ധ പുരോഹിതനായിരുന്ന അറിയൂസ് യേശു മ്ശിഹാ ദൈവമല്ല എന്നും, പുത്രൻ ദൈവത്തിനു സാദൃശ്യമുള്ളവൻ മാത്രമാണെന്നും, സൃഷ്ടികളുടെ ആരംഭത്തിൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പ്രചരിപ്പിച്ചു. അറിയൂസും കൂട്ടരും അവരുടെ വേദവിപരീതമായ ഈ പഠിപ്പിക്കലുകൾ ഇമ്പമുളള ഗാനങ്ങളായി രചിച്ച് പ്രചരിപ്പിച്ചതിനാൽ ജനങ്ങളിൽ വളരെ പേർ അദ്ദേഹത്തോടു ചേർന്നുനിന്നു. ഗ്രീക്ക് തത്വശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും മറപിടിച്ച് ഉന്നയിച്ച വാദഗതിയായതിനാലും അറിയൂസിനു അനേകം അനുയായികൾ ഉണ്ടായി. അലക്സാന്ത്രയിലെ ബിഷപ്പ് അലക്സാണ്ടർ പലവിധത്തിൽ അറിയൂസിന്റെ വാദങ്ങളെ എതിർക്കുവാൻ ശ്രമിച്ചെങ്കിലും വാഗ്സമരങ്ങൾ രൂക്ഷമായി കൊണ്ടിരുന്നു. സംഘടനങ്ങളും വാഗ്സമരങ്ങളും അതിരുകടന്നപ്പോൾ റോമാ ചക്രവർത്തി കോൺസ്റ്റൻറ്റയൻ നിഖ്യായിൽ ഒരു സുന്നഹദോസ് വിളിച്ചു കൂട്ടുകയും അറിയൂസിനെ വിസ്തരിക്കുകയും അറിയൂസിന്റെ പഠിപ്പിക്കലുകൾ വേദവിപരീതമെന്ന് തീരുമാനിക്കുകയും ചെയ്തു.
അറിയൂസിന്റെ വേദവിപരീതത്തിനെതിരെ അത്താനാസ്യോസ് ശെമ്മാശൻ സുന്നഹദോസിൽ നൽകിയ ആശയങ്ങൾ സഭ അതിന്റെ സത്യവിശ്വാസപൈതൃകത്തിന്റെ ഭാഗമാക്കി ഇന്നും ഏറ്റു പറയുന്നു. സത്യവിശ്വാസപരമായി പുത്രൻതമ്പുരാനെക്കുറിച്ച് സ്പഷ്ടമായി പ്രസ്താവിക്കുവാൻ അത്താനാസ്യോസ് ശെമ്മാശൻ നിർദ്ദേശിച്ച പദം ‘ഹോമോ ഊസിയോസ്, Homo Ousios’ എന്നതാണ്. അതായത് പിതാവിനോട് ‘ഏകസാരാംശമുള്ളവൻ’. പിതാവിനോട് ഏക സാരാംശമായിരിക്കുന്നവൻ ഒരുതരത്തിലും പിതാവിനേക്കാൾ കുറവുള്ളവനല്ലല്ലോ. എന്നാൽ ഇതിനെതിരായി ‘സാരാംശത്തിൽ പിതാവിനെപ്പോലെയുള്ളവൻ’ എന്ന അർത്ഥം ഉള്ള ‘ഹോമായ് ഊസിയോസ്, Homo - i - Ousios ' എന്ന പദം നിർദ്ദേശിക്കപ്പെട്ടു. അത്താനാസ്യോസ് ശക്തിയുക്തം എതിർത്തു അതിനെ ഖണ്ഡിച്ചു. അതായത് പിതാവിനും പുത്രനും സാരംശത്തിൽ സാമ്യം (ഹോമായ് ഊസിയോസ് - Homo - i - Ousios) എന്ന വിശ്വാസ വിപരീതത്തിനു പകരമായി പിതാവും പുത്രനും സാരംശത്തിൽ ഏകത്വം ഉള്ളവരാണെന്നുള്ള ഹോമോ ഊസിയൂസ് (Homo Ousios) എന്ന പദം നിഖ്യാസുന്നഹദോസ് അംഗീകരിച്ചു. ഈ ചെറിയ വാക്കിനു വേണ്ടി ഇത്രയേറെ കലാപം സൃഷ്ടിക്കണമോ എന്നു ചോദിച്ച ആളുകൾ അന്നും ഉണ്ടായിരുന്നു. ആ വാക്ക് ശരിയായി നിർവചിക്കപ്പെട്ടില്ലെങ്കിൽ ക്രിസ്തുമാർഗ്ഗം ഇന്നു ലോകത്തിൽ ശേഷിക്കയില്ലയെന്നും ആ ഒരു വാക്കിലാണ് രക്ഷിതാവിന്റെ രക്ഷികശക്തി നിലകൊള്ളുന്നതെന്നും മനസ്സിലാക്കിയ അദ്ദേഹം അതിനുവേണ്ടി ഒരു സ്ഥിരമാനസനായി നിലകൊണ്ടത് ക്രിസ്തുമാർഗ്ഗത്തിന്റെ ഭാഗ്യം അഥവാ സുവിശേഷത്തിന്റെ, കർത്താവിന്റെ കൃപ എന്നത്രേ പറയേണ്ടത്.
തുടർന്ന് ക്രിസ്തുവർഷം 328 ൽ അലക്സാണ്ടർ മെത്രാൻ കാലം ചെയ്തു. മുപ്പത്തിമൂന്നു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അത്താനാസ്യോസ് അലക്സാന്ത്രയിലെ മെത്രാനായി. നാലാം നൂറ്റാണ്ടിലെ ക്രൈസ്തവ ചരിത്രം പ്രധാനമായും മോർ അത്താനാസിയോസിന്റെ ചരിത്രമാണ് എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. നാൽപത്തിയഞ്ച് വർഷത്തെ മേൽപ്പട്ട വാഴ്ചയിൽ മോർ അത്താനാസ്യോസ് അഞ്ച് തവണ നാടു കടത്തപ്പെടുകയും പതിനേഴ് വർഷങ്ങൾ ഒളിവിൽ കഴിയേണ്ടി വരികയും ചെയ്തു. ഈ കാലയളവിൽ അദ്ദേഹത്തിനെതിരെ അറിയൂസ് ഭാഗക്കാർ പലവിധ അപവാദങ്ങൾ പ്രചരിപ്പിക്കുകയും വധിക്കുന്നതിനു ശ്രമിക്കുകയും ചെയ്തിരുന്നു. അവസാനമായി ക്രിസ്തുവർഷം 366 നോടടുത്ത് അവസാനത്തെ നാടുകടത്തലിനുശേഷം തിരിച്ചെത്തിയ മോർ അത്താനാസ്യോസിനു തന്റെ മരണം വരെ (എ.ഡി. 373) താരതമ്യേന സമാധാനപരമായി ജീവിതം നയിക്കുവാൻ സാധിച്ചു.
ക്രൈസ്തവ ലോകത്തിനു സംഭവനയായി അത്താനാസ്യോസ് പല കൃതികളും രചിച്ചിട്ടുണ്ട്. പഴയനിയമത്തിലെ പല ഗ്രന്ഥങ്ങൾക്കും അത്താനാസ്യോസ് വ്യാഖ്യാനം എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സങ്കീർത്തനത്തിനെഴുതിയ വ്യാഖ്യാനം മാത്രമേ ലഭ്യമായിട്ടുള്ളൂ. വിശ്വാസപരമായ ‘പുറജാതികളോട്’ എന്ന കൃതിയും ‘ദൈവവചനത്തിന്റെ ജഡസ്വീകരണം’ എന്ന കൃതിയും അദ്ദേഹത്തിന്റെ ആദ്യകാല സൃഷ്ടികളിൽപ്പെടുന്നു. കൂടാതെ ‘നിഖ്യാ സുന്നഹദോസിന്റെ പ്രഖ്യാപനങ്ങൾ’ എന്ന ലേഖനവും വിശുദ്ധ അന്തോണിയോസിന്റെ ജീവചരിത്രവും, മറ്റു ചില ലഘുപ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
അത്താനാസ്യോസിന്റെ ഏറ്റവും വലിയ വേദശാസ്ത്രസംഭാവന യേശുക്രിസ്തുവിന്റെ ദൈവത്വത്തെ സംബന്ധിച്ചിട്ടുള്ള വിശദീകരണവും ദൈവത്വത്തിൽ പുത്രൻ പിതാവിനോട് തുല്യനാണ് എന്ന പ്രഖ്യാപനവുമാണ്. ഈ വലിയ വിശ്വാസ പ്രഖ്യാപനമാണ് നാം നമ്മുടെ വിശ്വാസ പ്രമാണത്തിൽ ഏറ്റു പറയുന്നത് (സാരാംശത്തിൽ പിതാവിനോടു ഏകത്വമുള്ളവനും). അതിനാൽ ഓരോ പ്രാവശ്യവും നാം നമ്മുടെ വിശ്വാസപ്രമാണം ഏറ്റു പറയുമ്പോൾ വിശുദ്ധിയിലും വിശ്വാസ തീഷ്ണതയിലും സഭാ സ്നേഹത്തിലും ജീവിക്കുവാൻ നമ്മെ പഠിപ്പിക്കുകയും അതിൽ ഉറപ്പിക്കുകയും ചെയ്ത അത്താനാസ്യോസ് മുതലായ സഭാപിതാക്കന്മാരെ ഓർത്ത് ദൈവത്തിനു സ്തോത്രം ചെയ്യാം.