Home
പട്ടംകൊട ശുശ്രൂഷകള്‍ നടത്തുന്നത് വിശുദ്ധ കുര്‍ബ്ബാനയോടു ചേര്‍ന്നാണ്. കശീശാ സ്ഥാനാര്‍ത്ഥി പ്രാരംഭം മുതലേ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയിലെ വിശ്വാസ പ്രമാണത്തിനു ശേഷം, കശീശാ സ്ഥാനാര്‍ത്ഥി മേല്‍പട്ടക്കാരന്റെ കൈമുത്തി മദ്ബഹായില്‍ മുട്ടുകുത്തുന്നു.
വിശുദ്ധ കുര്‍ബ്ബാനയിലെ ദൈവസുതര്‍ എന്ന ഗീതത്തിനു ശേഷം പട്ടംകൊട ശുശ്രൂഷ ആരംഭിക്കുന്നു. മേല്‍പ്പട്ടക്കാരന്‍ മദ്ബഹായില്‍ സിംഹാസനത്തില്‍ ഇരുന്ന് ത്രിത്വസ്തുതി ചൊല്ലി ആദ്യം അമലോഗിയ എന്ന പ്രബോധന ശുശ്രൂഷ ആരംഭിക്കുന്നു. തുടര്‍ന്ന് പ്രബോധനങ്ങള്‍ നടത്തുകയും കശീശാ സ്ഥാനാര്‍ത്ഥി അത് സമ്മതിക്കുന്നതായി പുസ്തകത്തില്‍ ഒപ്പു വയ്ക്കുകയും ചെയ്യുന്നു. പിന്നീട് പ്രബോധനത്തിന്റെ അവസാന ഭാഗത്തില്‍ കശീശാ സ്ഥാനാര്‍ത്ഥിയുടെ തലയില്‍ നിന്നും സ്ലീബായുടെ ആകൃതിയില്‍ മുടി കത്രിക്കുന്നു.
പ്രബോധന ശുശ്രൂഷയ്ക്കു ശേഷം, കശീശാ സ്ഥാനാര്‍ത്ഥി മേല്‍പ്പട്ടക്കാരന്റെ കൈമുത്തിയ ശേഷം ത്രോണോസിനഭിമുഖമായി മുട്ടു കുത്തി നില്‍ക്കുന്നു. മേല്‍പ്പട്ടക്കാരൻ പട്ടംകൊടയുടെ പ്രാരംഭ പ്രാര്‍ത്ഥന തുടങ്ങുന്നു. പ്രാരംഭ പ്രാര്‍ത്ഥന മുതൽ വിശ്വാസ പ്രമാണം വരെയുള്ള പ്രാർഥനകളുടെ ഘടന താഴെ പറയുന്ന പ്രകാരമാണ്.
പ്രാരംഭ പ്രാര്‍ത്ഥന
മസുമൂര്‍
ഒരു പ്രാര്‍ത്ഥന
മസുമൂര്‍ 51
എനിയോനൊ (കാരുണ്യത്തിന്‍ കടലായോന്‍.....)
പ്രോമിയോന്‍ - സെദറ
കോലോ
എത്രൊ
വേദവായനകള്‍ (ലേഖനങ്ങള്‍)
ഏവന്‍ഗേലിയോന്‍
മസുമൂര്‍ 150/എനിയോനൊ (പരിശുദ്ധനവൻ തിരുവാസം.....)
വിശ്വാസ പ്രമാണം.
ഈ പ്രാർഥനകളിൽ, ഏവന്‍ഗേലിയോന്‍ വായിക്കുന്ന സമയത്ത് വിശുദ്ധ വേദപുസ്തകം കശീശാ സ്ഥാനാര്‍ത്ഥിയുടെ തലയില്‍ വച്ചു വായിക്കുകയും വായനയിൽ “ഊതി” എന്നു പറയുന്ന സമയത്തു സ്ലീബായുടെ ആകൃതിയില്‍ സ്ഥാനാര്‍ത്ഥിയുടെ തലയില്‍ ഊതുകയും ചെയ്യുന്നു.
വിശ്വാസ പ്രമാണത്തിനു ശേഷം, പട്ടം കൊടയുടെ പ്രധാന ഭാഗത്തേക്ക് പ്രവേശിക്കുന്നു. പരിശുദ്ധാത്മാവാ സത്തിനു വേണ്ടിയുള്ള രഹസ്യ പരസ്യ പ്രാര്‍ത്ഥനകൾ, കൊറൂസോസൊകൾ (പ്രഖ്യാപനങ്ങൾ), പരിശുദ്ധാത്മ ആഹ്വാനത്തിനായുള്ള കൈ ആവസിപ്പിക്കൽ, പട്ടാഭിഷേക പ്രഖ്യാപനം തുടങ്ങിയവയാണ് ഈ ഭാഗത്തെ പ്രധാന പ്രാർഥനകൾ. ഈ പ്രാർഥനകളിൽ, കൊറൂസോസൊകൾ നടത്തുന്നത് പ്രധാന ശെമ്മാശനോ വൈദികനോ ആണ്. ഇവർ മേൽപ്പട്ടക്കാരന്റെ അംശവടി പിടിച്ചു മദ്ബഹായുടെ വാതിൽക്കൽ നിന്നു ഈ പ്രഖ്യാപനങ്ങൾ നടത്തുന്നു. പരിശുദ്ധാത്മ ആഹ്വാനത്തിനായുള്ള കൈ ആവസിപ്പിക്കലിന്റെയും പരിശുദ്ധാത്മാഹ്വാനത്തിനായുള്ള രഹസ്യ-പരസ്യ പ്രാര്‍ത്ഥനകളുടെയും സമയത്ത് മേൽപ്പട്ടക്കാരൻ കശീശാ സ്ഥാനാര്‍ത്ഥിയെ തന്റെ കാപ്പായ്ക്കുള്ളിൽ ചേർത്തു നിർത്തുന്നു. തുടർന്നു ത്രിത്വനാമത്തില്‍ പടിഞ്ഞാറോട്ടു തിരിഞ്ഞ് നിന്ന് മേല്‍പ്പട്ടക്കാരന്‍ സ്ഥാനാര്‍ത്ഥിയുടെ നെറ്റിക്കൂട്ടി തലയില്‍ കൈവച്ച് പട്ടാഭിഷേക പ്രഖ്യാപനം നടത്തുന്നു. അതിനു ശേഷം നവ വൈദികനു സ്ഥാനവസ്ത്രങ്ങൾ നല്കുകയും നവ വൈദികൻ ധൂപാര്‍പ്പണം നടത്തുകയും ചെയ്യുന്നു, ഈ ഭാഗത്തെ പ്രാർഥനകളുടെ ഘടന താഴെ പറയുന്ന പ്രകാരമാണ്.
രഹസ്യ പരസ്യ പ്രാര്‍ത്ഥനകള്‍
സമാധാന ആശീര്‍വാദം
ഒന്നാം കൊറൂസോസൊ (പ്രഖ്യാപനം)
കശ്ശീശാ സ്ഥാനത്തേക്കു വിളിച്ചടുപ്പിക്കുന്ന പ്രാര്‍ത്ഥന
രണ്ടാം കൊറൂസോസൊ
രഹസ്യ പരസ്യ പ്രാര്‍ത്ഥനകള്‍
പരിശുദ്ധാത്മ ആഹ്വാനത്തിനായുള്ള കൈ ആവസിപ്പിക്കല്‍
മൂന്നാം കൊറൂസോസൊ
പരിശുദ്ധാത്മാഹ്വാനം - രഹസ്യ പരസ്യ പ്രാര്‍ത്ഥനകള്‍
സമാധാന ആശീർവാദം
രഹസ്യ പരസ്യ പ്രാര്‍ത്ഥനകള്‍
പട്ടാഭിഷേക പ്രഖ്യാപനം
രഹസ്യ പരസ്യ പ്രാര്‍ത്ഥനകള്‍
സ്ഥാനവസ്ത്രധാരണം
നവ വൈദികന്റെ ധൂപാര്‍പ്പണം
അതിനു ശേഷം മേൽപ്പട്ടക്കാരൻ വിശുദ്ധ കുർബാനയുടെ തുടർന്നുള്ള ഭാഗങ്ങൾ ചൊല്ലുകയും നവ വൈദികൻ അതിൽ പങ്കുകൊള്ളുകയും ചെയ്യുന്നു.