Home
സ്വർഗ്ഗാരോഹണ പെരുന്നാളും (വി. മർക്കൊ. 16: 19-20, വി. ലൂക്കൊ. 24:36-53 & അ. പ്ര. 1: 1-11) പെന്തിക്കുസ്തി പെരുന്നാളും (അ. പ്ര. 2: 1-11)
ക്രൈസ്തവ സഭയിലെ രണ്ട് പ്രധാന പെരുന്നാളുകളാണ് ഇവ. ഉയിർപ്പിനു ശേഷം നാൽപ്പതാം ദിവസമുള്ള (അ. പ്ര. 1:2) യേശു ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന്റെയും ശ്ലീഹന്മാരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി ആവസിച്ച സംഭവത്തിന്റെയും (അ. പ്ര. 2:1-11) ഓർമ്മയായിട്ടാണ് യഥാക്രമം ഈ പെരുന്നാളുകൾ ആചരിക്കുന്നത്.
ഈ പെരുന്നാളുകൾ തമ്മിലുള്ള ചില പ്രത്യേകതകളെയാണ് ഇവിടെ പ്രതിപാദിക്കുന്നത്.
സ്വർഗ്ഗാരോഹണം ഉയിർപ്പിനു ശേഷം നാൽപ്പതാം ദിവസം കൊണ്ടാടുമ്പോൾ ഉയിർപ്പിനു ശേഷം അൻപതാം ദിവസമാണ് പെന്തിക്കുസ്തി പെരുന്നാൾ കൊണ്ടാടുന്നത്. നിശ്ചിത ദിവസങ്ങളുടെ ഇടവേളയിൽ ഇവ ആചരിക്കുന്നതിനാലും ഉയിർപ്പ് പെരുന്നാൾ ഞായറാഴ്ച ആയതിനാലും സ്വർഗ്ഗാരോഹണ പെരുന്നാൾ എല്ലായ്പോഴും വ്യാഴാഴ്ച ദിവസമായിരിക്കും. അതുപോലെ, പെന്തിക്കുസ്തി പെരുന്നാൾ അതിനു ശേഷം വരുന്ന രണ്ടാമത്തെ ഞായറാഴ്ചയും ആയിരിക്കും. എന്നാൽ എല്ലാവർഷവും ഉയിർപ്പ് പെരുന്നാളിന്റെ തീയതി മാറി വരുന്നതിനാൽ ഈ രണ്ടു പെരുന്നാളുകളുടെയും തീയതികളും എല്ലാവർഷവും മാറി മാറി വരുന്നു.
ആദിമ സഭയിൽ കർത്താവിന്റെ സ്വർഗ്ഗാരോഹണവും പെന്തിക്കുസ്തിയും ഒരുമിച്ച് ഉയിർപ്പിനു ശേഷം അമ്പതാം ദിവസമായിരുന്നു ആചരിച്ചിരുന്നത്. എന്നാൽ, നാലാം നൂറ്റാണ്ടു മുതലാണ് ഉയിർപ്പിനു ശേഷം നാൽപ്പതാം ദിവസം സ്വർഗ്ഗാരോഹണവും അമ്പതാം ദിവസം പെന്തിക്കുസ്തിയും ആചരിച്ചു തുടങ്ങിയത്. സഭാ ചരിത്രത്തിൽ യഹൂദ പാരമ്പര്യത്തിൽ നിന്നാണ് ക്രൈസ്തവ സഭ പെന്തിക്കുസ്തി ആചരിക്കുവാൻ തുടങ്ങിയത്. പെസഹായ്ക്കു ശേഷം അൻപതാമത്തെ ദിവസമായിരുന്നു ഇത് ആചരിച്ചു വന്നത് (പെന്തിക്കോസ്ത് എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം അൻപതാമത്തേത് എന്നാണ് ). യഹൂദർക്ക് ഇത് ധാന്യക്കൊയ്ത്തിന്റെ പെരുന്നാളായിരുന്നു. എന്നാൽ പരിശുദ്ധാത്മാവ് ശ്ലീഹന്മാരുടെ മേൽ ആവസിച്ച ദിവസമായതിനാൽ പുതിയ യിസ്രായേലായ സഭയ്ക്ക് മൂവായിരം പേർ മാനസാന്തരപ്പെട്ട 'കൊയ്ത്ത്' പെരുന്നാളായി ഇത് മാറി.
ഒരുമിച്ച് ആചരിച്ചിരുന്നതിനാൽ യറുശലേമിലെ ഈ രണ്ടു പെരുന്നാളുകളുടെ ആചരണരീതിയും ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഇവയുടെ ആചരണം ഇപ്രകാരമായിരുന്നു. ഉയിർപ്പിനു ശേഷം അൻപതാം ദിവസം പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേൽ ഇറങ്ങിയ മാളികയുടെ സ്ഥാനത്തു പണിതിരുന്ന ദൈവാലയത്തിലേക്ക് ആഘോഷപൂർവ്വമായ പ്രദക്ഷിണം നടത്തുന്നു. രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ചിരുന്ന ശുശ്രൂഷമദ്ധ്യേ പെന്തിക്കുസ്തിയുടെ വേദഭാഗം വായിച്ചിരുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞ് എല്ലാവരും ഒലിവുമലയിലെ ദൈവാലയത്തിൽ ഒരുമിച്ച് കൂടിയായിരുന്നു സ്വർഗ്ഗാരോഹണം പെരുന്നാൾ കൊണ്ടാടിയിരുന്നത്. ഈ സമയം സ്വർഗ്ഗാരോഹണത്തിന്റെ വേദഭാഗങ്ങൾ വായിച്ചിരുന്നു. സന്ധ്യയാകുമ്പോൾ, കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികൾ യെറുശലേമിൽ പ്രദക്ഷിണം നടത്തുന്നതോടെ ആഘോഷങ്ങൾ അവസാനിക്കുന്നു.
ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണവും ക്രൈസ്തവ സഭയിലെ പെന്തിക്കുസ്തി പെരുന്നാളും അവയുടെ ദൗത്യ പൂർത്തീകരണത്തിൽ പരസ്പര പൂരകങ്ങളാണ്. ക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണം കർത്താവിന്റെ പരസ്യ ജീവിതത്തിന്റെ പരിസമാപ്തിയുടെ അടയാളപ്പെടുത്തലായി സഭ കാണുമ്പോൾ, "ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും" (വി. യോഹ. 16.7) എന്നുള്ള വാഗ്ദത്തത്തിന്റെ പൂർത്തീകരണമായി സഭ പെന്തിക്കുസ്തി പെരുന്നാളിനെ കൊണ്ടാടുന്നു. അതുപോലെ തന്നെ, "പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും" (അ. പ്ര. 1:8) എന്ന് കർത്താവ് തന്റെ സ്വർഗ്ഗാരോഹണ സമയത്ത് നൽകിയ ദൗത്യത്തിൻ്റെ തുടർച്ചയെയാണ് പെന്തിക്കുസ്തി പെരുന്നാളിലൂടെ ക്രിസ്തീയ സഭ മനസ്സിലാക്കുന്നത്.
മുൻപ് വിവരിച്ചതു പോലെ, ഈ രണ്ട് പെരുന്നാളുകളും തമ്മിൽ 10 ദിവസത്തെ ഇടവേള ഉണ്ട്. ഈ ദിവസങ്ങളെ പൗരസ്ത്യ സഭകൾ കാത്തിരിപ്പിന്റെ ദിനങ്ങളായാണ് വേർതിരിച്ചിരിക്കുന്നത്.
"നിങ്ങൾ യെരുശലേമിൽ നിന്ന് വാങ്ങിപ്പോകാതെ എന്നോട് കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കണം" (അ.പ്ര. 1:4) കല്പന അനുസരിച്ച് വിശുദ്ധ ശ്ലീഹന്മാരും മറ്റു വിശ്വാസികളും 'ഒരുമനപ്പെട്ട് പ്രാർത്ഥന കഴിച്ചു പോന്നു' (അ.പ്ര. 1:14) എന്നതിനെ അനുകരിച്ച് സ്വർഗ്ഗാരോഹണ പെരുന്നാൾ മുതൽ പെന്തിക്കുസ്തി പെരുന്നാൾ വരെയുള്ള പത്ത് ദിവസം പരിശുദ്ധാത്മാവ് നൽവരങ്ങൾ പ്രാപിക്കുന്നതിനായി പ്രത്യേകം വേർതിരിക്കപ്പെട്ട കാത്തിരിപ്പ് ദിനങ്ങളായി വേർതിരിച്ചിരിക്കുന്നു.
ഈ ആഘോഷങ്ങൾ കേവലം ഓർമ്മ മാത്രമല്ല, മറിച്ച് ഒരിക്കലായി ചരിത്രത്തിൽ നടന്ന രക്ഷാകരപ്രവർത്തനങ്ങളുടെ വർത്തമാനവൽക്കരണമാണ്.
നമ്മുടെ വി. കുർബാനയുടെ തൂയാബാ ശുശ്രൂഷയിൽ കർത്താവിന്റെ രക്ഷാകര സംഭവങ്ങളെപ്പറ്റി ഇങ്ങനെ പ്രാർത്ഥിക്കുന്നു.
"ഞങ്ങൾക്കു വേണ്ടി ഉണ്ടായ രക്ഷാകരമായ നിന്റെ സകലവ്യാപാരത്തിന്റെയും ഓർമ്മയെ ഞങ്ങളോടുള്ള തന്റെ കർത്തൃ സംബന്ധമായ കല്പനപോലെ ഞങ്ങൾ ധ്യാനിക്കുന്നു. ആയത് മാലാഖ മുഖാന്തരമുള്ള ദൂതും, മഹത്വമുള്ള ഉല്പാദനവും, ജഡ പ്രകാരമുള്ള ജനനവും, യൂർദ്ദനാനിൽ വച്ചുള്ള മാമോദീസയും, നാൽപ്പത് ദിവസത്തെ നോമ്പും, രക്ഷാകരമായ കഷ്ടപ്പാടും, സ്ലീബായിലേക്കുള്ള കരേറ്റവും, ജീവപ്രദമായ മരണവും, മാന്യമായ കബറടക്കവും, മഹത്വകരമായ ഒരു ഉയിർത്തെഴുന്നേൽപും, സ്വർഗത്തിലേക്കുള്ള ആരോഹണവും, പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തുള്ള ഉപവേശവും ആകുന്നു".
നമ്മുടെ സഭയിൽ രക്ഷാകര സംഭവം എന്നത്, ഏതോ ഒരു സംഭവമോ, കാലഘട്ടമോ അല്ല. മറിച്ച്, മേൽ വിവരിച്ചവയുടെ ആകെ തുകയാണ്. ആയതിനാൽ, രക്ഷാകരസംഭവത്തിലെ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടത് വിശ്വാസികളായ നാം ഓരോരുത്തരുടെയും കടമയാണ്. അങ്ങനെ, കർത്താവ് നമ്മുടെ രക്ഷയ്ക്കു വേണ്ടി നടന്ന അതേ അനുഭവത്തിൽ ജീവിക്കുന്നതിനും അതിന് സാക്ഷ്യം വഹിക്കുന്നതിനും ഉള്ള അവസരമായി ഈ പെരുന്നാളുകളുടെ ആചരണങ്ങൾ തീരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.