മാര്‍ യാക്കോബ്
മാര്‍ യാക്കോബ്
മാര്‍ യാക്കോബ്
"ദേവജാതനേ നിന്നുയിര്പ്പാല് സഭയെ വീണ്ടോനേ
നിന് യോജ്യതയരുളി ക്രൂശാലതിനെ കാത്തീടണമേ"
"ഈശോ നാഥാ വരിക തുണപ്പാന്‍ വിളിക്കൂട്ടുന്നു.
പ്രാര്‍ത്ഥന കേട്ടിട്ടാത്മാക്കളിന്പുണ്ടാകേണം
സര്‍വ്വം കേട്ടീട്ടഭ്യര്ത്ഥനയെ കൈക്കൊള്വോനേ
പ്രാര്‍ത്ഥന കേട്ടിട്ടാത്മാക്കളിന്പുണ്ടാകേണം"
മാര്‍ യാക്കോബിന്റെ ബോവൂസൊ എന്ന തലക്കെട്ടില്‍ ഞായറാഴ്ച കാലത്തെ നമസ്കാരങ്ങളിലും മറ്റു നമസ്കാരങ്ങളിലും ഉപയോഗിക്കുന്ന മുകളില്‍ കൊടുത്തിരിക്കുന്ന ഗീതങ്ങള്‍ കേള്‍ക്കാത്തവരായി ആരും തന്നെ നമ്മുടെ സഭയില്‍ ഉണ്ടായിരിക്കില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, മാര്‍ യാക്കോബിന്റെ ഒരു ഗീതമോ പ്രാര്‍ഥനയോ ചൊല്ലാതെ ഒരു ശുശ്രൂഷ പൂര്‍ത്തിയാക്കുവാന്‍ കഴിയുകയില്ല. അത്രമാത്രം എണ്ണമറ്റ സംഭാവനകളാണ് മാര്‍ യാക്കോബിന്റെ തൂലികയില്‍ നിന്നും സഭയ്ക്ക് ലഭ്യമായത്.
ആധുനിക തുര്‍ക്കിയിലെ യൂഫ്രട്ടീസ് തീരത്തുള്ള സ്രൂഗ് (സാറൂഗ്) ജില്ലയിലെ കുര്ത്താക്ക് എന്ന സ്ഥലത്തു വച്ച് ക്രിസ്തുവര്‍ഷം 451 നോട് അടുത്താണ് മാര്‍ യാക്കോബ് ജനിച്ചത്. ഇദ്ദേഹത്തിന്റെ ജനനസ്ഥലവുമായി ബന്ധപ്പെട്ട് സ്രൂഗിലെ (സാറൂഗിലെ) യാക്കോബ് എന്നാണ് ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. മാര്‍ യാക്കോബിന്റെ പിതാവ് ഒരു പുരോഹിതനായിരുന്നു. മാതാപിതാക്കളുടെ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെയും ജാഗരണത്തിന്റെയും ഫലമായി വാര്‍ധക്യത്തിലാണ് യാക്കോബ് ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ദൈവാലയ ആരാധനയോടു പ്രത്യേക മമതയും ഭക്തിയും ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ചെറുപ്രായത്തില്‍ ഉണ്ടായ പല സംഭവങ്ങളും വ്യക്തമാക്കുന്നു.
മാര്‍ യാക്കോബ് പ്രാഥമിക വിദ്യാഭ്യാസം തന്റെ ജന്മദേശത്തു പൂര്‍ത്തിയാക്കിയതിനു ശേഷം ക്രിസ്തു വര്‍ഷം 470 കാലഘട്ടത്തില്‍ തന്റെ ഉപരിപഠനം എഡേസ്സായിലെ വേദശാസ്ത്ര വിദ്യാലയത്തില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇരുപത്തിരണ്ടാം വയസ്സില്‍ പുരോഹിതതായി തീര്‍ന്ന യാക്കോബ് ചുരുക്ക കാലത്തിനുള്ളില്‍ തന്നെ വൈദികശുശ്രൂഷ കൊണ്ടും ജ്ഞാനം കൊണ്ടും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. എന്നാല്‍ ചില കിംവദന്തികളുടെ ഫലമായി അദ്ദേഹത്തിന്റെ ജ്ഞാനത്തെ പരിശോധിക്കുവാന്‍ ഇടയായ ഒരു സംഭവം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. അഞ്ചു മേല്പട്ടക്കാരുടെ മുന്പില് തന്റെ ഉപദേശങ്ങള്‍ വിശദീകരിക്കുവാനും, പാടവം തെളിയിക്കുവാനും വിധിക്കപ്പെട്ട സന്ദര്‍ഭത്തില്‍, അവര്‍ ഇരുന്നിരുന്ന ദൈവാലയത്തിലെ മദ്ബഹായുടെ മുന്പില് ഹസ്കിയേല്‍ ദര്‍ശിച്ച സ്വര്ഗ്ഗീയരഥത്തിന്റെ ചിത്രം കണ്ടുകൊണ്ട് ആ പിതാക്കന്മാര് യാക്കോബിനോട് അതിനെക്കുറിച്ച് ഒരു പ്രസംഗം പറയുവാന്‍ ആവശ്യപ്പെട്ടു. പ്രവാചകന് കണ്ട രഥത്തിന്റെ ദര്‍ശനത്തെക്കുറിച്ച് സുദീര്‍ഘമായ ഒരു പദ്യപ്രസംഗം അവരുടെ മുമ്പാകെ അവതരിപ്പിച്ച് സംശോധനയില്‍ അദ്ദേഹം വിജയം കൈവരിക്കുകയും പിതാക്കന്മാരുടെ അഭിനന്ദനങ്ങള്‍ക്ക് യോഗ്യനായി തീരുകയും ചെയ്തു. മാര്‍ യാക്കോബിന്റെ ആദ്യത്തെ കൃതി എന്ന തലക്കെട്ടോടെ 3000 ല്‍ അധികം വരികളുള്ള ഈ കവിത ഇന്ന് ലഭ്യമാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പഠിപ്പിക്കലുകളും എഴുതപ്പെടുവാന്‍ തുടങ്ങിയത് ഈ സംഭവത്തെ തുടര്‍ന്നാണെന്ന് കരുതപ്പെടുന്നു. വൈദീക ശുശ്രൂഷയുടെ ആദ്യകാലങ്ങളില്‍ സാറൂഗ് പ്രദേശത്ത് വൈദീകനായി പ്രവര്‍ത്തിച്ചു. ക്രിസ്തുവര്‍ഷം 500 ഓടുകൂടി അദ്ദേഹത്തിനു കോര്‍ എപ്പിസ്കോപ്പാ സ്ഥാനം ലഭിച്ചു. തുടര്‍ന്ന് 519 - ല്‍ തനിക്ക് 68 വയസ്സുള്ളപ്പോള്‍ സാറൂഗിലെ തന്നെ എപ്പിസ്കോപ്പായായി വാഴിക്കപ്പെടുകയും ചെയ്തു.
രാഷ്ട്രീയമായും ദൈവശാസ്ത്രപരമായും അനേകം അസ്വസ്ഥതകള്‍ നിറഞ്ഞ കാലഘട്ടത്തിലാണ് മാര്‍ യാക്കോബ് തന്റെ ശുശ്രൂഷകള്‍ നിര്‍വഹിച്ചത്. 451 - ലെ കല്ക്കദ്യോന്യ സുന്നഹദോസിനു ശേഷമുള്ള കാലഘട്ടം. ക്രിസ്തു വിജ്ഞാനീയം സംബന്ധിച്ചു തര്‍ക്കങ്ങളും വഴക്കുകളും ധാരാളമായി നടക്കുന്ന സമയമായിരുന്നു. അതുപോലെ രണ്ട് ഭാഷകളുടെയും സംസ്കാരങ്ങളുടെയും സമ്മേളന സ്ഥലത്താണ് യാക്കോബ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ മാതൃഭാഷയായ സുറിയാനി ഭാഷയും സംസ്കാരവും ഒരു വശത്ത്, അഭ്യസ്ത വിദ്യരായ എല്ലാവരും പിന്തുടര്ന്നു വന്ന ഗ്രീക്ക് ഭാഷയും ചിന്താഗതികളും മറുവശത്ത്. എന്നിരുന്നാലും യാക്കോബിന്റെ കൃതികളില്‍ ഗ്രീക്ക് ചിന്താഗതികള്‍ തുലോം കുറവാണെന്നാണ് പൊതുവിലുള്ള അഭിപ്രായം.
മാര്‍ യാക്കോബിന്റെ സംഭാവനകളില്‍ എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ കൃതികളും അവയിലൂടെ സഭയ്ക്ക് നല്കിയ വേദശാസ്ത്ര ചിന്തകളുമാണ്. വിശ്വാസ രഹസ്യങ്ങളെ കവിതാരൂപത്തില്‍ ആവിഷ്കരിച്ച അനശ്വര കവിയാണ് മാര്‍ യാക്കോബ്. മാര്‍ അപ്രേമിനു ശേഷം സുറിയാനി പദ്യസാഹിത്യത്തില്‍ ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയത് മാര്‍ യാക്കോബാണ്. അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് പരിശുദ്ധാത്മാവിന്റെ പാത, സഭയുടെ വിശ്വസ്തനായ കിന്നരം, സത്യത്തിന്റെ ഗുരു, ആത്മീക സ്തൂപം എന്നീ നാമങ്ങള്‍ അദ്ദേഹത്തിനു നല്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സുറിയാനി ആരാധന പാരമ്പര്യം പിന്തുടരുന്ന സഭകള്‍ അദ്ദേഹത്തെ മല്പ്പാന് അഥവാ ഗുരു എന്ന നാമത്തില്‍ അഭിസംബോധന ചെയ്യുന്നു.
പദ്യരൂപത്തിലുള്ള മെമ്രാകളാണ് (പ്രസംഗങ്ങള്‍) അദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നവ. 24 മാത്രകളുള്ള പന്ത്രണ്ട് അക്ഷരകാലത്തില്‍ എഴുതപ്പെട്ടവയാണ് മാര്‍ യാക്കോബിന്റെ മെമ്രാകളെല്ലാം. ഇദ്ദേഹം ഏകദേശം 760 മെമ്രാകള്‍ രചിച്ചിട്ടുണ്ട്. മൂവായിരത്തിലധികം വരികള്‍ വരെ ചില മെമ്രാകളിലുണ്ട്. താരമമ്യേന ചെറിയ മെമ്രാകളും ഇദ്ദേഹത്തിന്റെ രചനകളിലുണ്ട്. മെമ്രാകളെ കൂടാതെ വേദ പുസ്തക വ്യാഖ്യാനങ്ങള്‍, സ്തുതി ഗീതങ്ങള്‍, സൂഗീസോകള്, ബോവൂസൊകള് എന്നിവയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഈ കൃതികളില്‍ എല്ലാം ഇന്ന് ലഭ്യമല്ല. ലഭ്യമായവയില്‍ മറ്റു ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്ത ചുരുക്കം ചില പ്രധാനപ്പെട്ട കൃതികള്‍ ഒഴിച്ച് ഒട്ടുമുക്കാല്‍ രചനകളും സുറിയാനി, അറബി ഭാഷകളില്‍ കൈയെഴുത്തു പ്രതികളായി ഇന്നും നിലകൊള്ളുന്നു. രണ്ട് കുര്‍ബ്ബാന തക്സാകളും ഒരു മാമോദീസാ ക്രമവും അദ്ദേഹത്തിന്റെ നാമത്തില്‍ ലഭ്യമാണ്.
യാക്കോബിന്റെ കൃതികളിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍ വേദ പുസ്തക വ്യഖ്യാനം, അദ്ധ്യാത്മികത, സന്യാസ ജീവിതം, ക്രൈസ്തവാരാധന, യുഗാന്ത്യ ദര്‍ശനം, യേശുക്രിസ്തുവിന്റെ ജനനം, മാമോദീസാ, നോമ്പ്, ഊശാന പെരുന്നാള്‍, ഹാശാ ആഴ്ച, ഉയിര്‍പ്പ്, രക്ത സാക്ഷികളുടെ വിജയം, വേദവിപരീതികള്ക്കും യഹൂദന്മാര്ക്കുമെതിരായ വാദഗതികള്‍ തുടങ്ങിയവയാണ്. എന്നാല്‍ ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് വേദപുസ്തക വ്യഖ്യാനമാണ്. പഴയപുതിയ നിയമ ഗ്രന്ഥങ്ങളെ സംബന്ധിക്കുന്ന അനേകം മെമ്രാകള്‍ യാക്കോബിന്റെ രചനകളിലുണ്ട്.
മാര്‍ യാക്കോബ് തന്റെ മെമ്രാകളില് വേദപുസ്തക വ്യഖ്യാനങ്ങള്‍ക്ക് നല്കുന്ന ഊന്നല്‍ പ്രത്യേകം എടുത്തു പറയേണ്ടവയാണ്. സഭയുടെ പഠിപ്പിക്കലുകള്‍ക്കും കൂദാശകള്‍ക്കും വേദപുസ്തക അടിസ്ഥാനം കണ്ടെത്തുക, യഹൂദന്മാര്ക്കും വേദവിപരീതികള്ക്കും എതിരായ വാദഗതികള്‍ നിരത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി വേദപുസ്തക വ്യഖ്യാനങ്ങള്‍ നടത്തുക എന്ന രീതിയാണ് മാര്‍ യാക്കോബ് സ്വീകരിച്ചിരുന്നത്. വേദപുസ്തകത്തില്‍ നിന്നുമുള്ള ധാര്‍മ്മികതകള്‍ കണ്ടെത്തി ജനങ്ങളെ പ്രബുദ്ധരാക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഈ വ്യാഖ്യാനങ്ങള്‍ക്കായി മാര്‍ യാക്കോബ് ഏറ്റവും അധികം ഉപയോഗിച്ചത് പ്രതീകാത്മക രീതിയാണ്. പഴയ നിയമ സംഭവങ്ങളെയും വ്യക്തികളെയും പുതിയ നിയമത്തിലെ ദൂതിന്റെ നിഴല്‍ രൂപങ്ങളായി കണ്ടുകൊണ്ട് വ്യാഖ്യാനിക്കുന്ന രീതിയില്‍ മറ്റു സഭാപിതാക്കന്മാരെയും പ്രത്യേകിച്ച് സുറിയാനി പിതാക്കന്മാരെയും അപേക്ഷിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മാര്‍ യാക്കോബാണെന്ന് പറയാം.
ജ്ഞാനത്തിന്റെ അഹങ്കാരത്തോടെയല്ല സ്നേഹത്തോടും താഴ്മയോടും വേണം വേദപുസ്തകത്തെ സമീപിക്കുവാന്‍ എന്ന് മാര്‍ യാക്കോബ് പഠിപ്പിക്കുന്നു. ദൈവീക രഹസ്യങ്ങള്‍ ബുദ്ധിക്കുമാത്രം വഴങ്ങുന്നവയല്ല. ശാസ്ത്രീയ സമീപനം അഹന്തയെ ജനിപ്പിക്കും. സ്നേഹമില്ലാത്ത വ്യാഖ്യാനം പാഴായി പോകുമെന്നും യാക്കോബ് ഓര്‍മ്മിപ്പിക്കുന്നു. മാലാഖമാര്‍ക്കു പോലും അദൃശ്യമായിരിക്കുന്ന സത്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ദൈവം തന്നെ വെളിപ്പെടുത്തണം. അതിന് നിരന്തര പ്രാര്‍ത്ഥനയും സ്നേഹമുള്ള മനസ്സുമാണ് ആവശ്യമായിരിക്കുന്നത്. സ്വന്ത കഴിവുകളിലോ ജ്ഞാനത്തിലോ ആശ്രയിച്ചല്ല വേദപുസ്തകം വ്യാഖ്യാനിക്കേണ്ടതെന്ന് മാര്‍ യാക്കോബ് പഠിപ്പിക്കുന്നു.
ക്രിസ്തുവര്‍ഷം 519 - ല്‍ മേല്പ്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടെങ്കിലും ഏകദേശം രണ്ടു വര്‍ഷക്കാലം മാത്രമേ സദാ നൗകയെ നയിക്കുവാന്‍ സാധിച്ചുള്ളു. 521 - ല്‍ ഒരു തികഞ്ഞ വിശുദ്ധനായിരുന്ന യാക്കോബ് ഒരുക്കമുള്ളവനായി തന്റെ നാഥന്റെ സന്നിധിയിലേക്ക് വാങ്ങിപ്പോയി. മാര്‍ യാക്കോബിന്റെ ശരീരം സ്രൂഗിലെ ദൈവാലയത്തിന്റെ ഹൈക്കലായില്‍ കബറക്കപ്പെട്ടു. കബറിടത്തിലെ ഫലകത്തില്‍ ഇപ്രകാരം രേഖപ്പെടു ത്തിയിരിക്കുന്നു. ڇസത്യവിശ്വാസം ക്രോഡീകരിച്ചവനും ആത്മീയ പണ്ഡിതനുമായ സുറിയാനിക്കാരനായ സാറൂഗിലെ മാര്‍ യാക്കോബ്ڈ.
ശക്തനായ ഒരു ഭരണാധിപന് എന്ന നിലയല്ല സഭ ഈ പിതാവിനെ ബഹുമാനിക്കുന്നത്, മറിച്ച് തന്റെ അജഗണത്തെ നേരാവണ്ണം മേയിച്ച ആത്മീയ പിതാവും സാഹിത്യകാരനും എന്ന നിലയിലാണ് മാര്‍ യാക്കോബ് സ്മരിക്കപ്പെടുന്നത്. ഇതുപോലൊരു ശ്രേഷ്ഠ ആത്മീയ ഗുരുവിനെ ഓര്‍ത്ത് സഭയ്ക്ക് അഭിമാനിക്കാം, ദൈവത്തെ സ്തുതിക്കാം.