കൊല്ലവർഷം 1012 ചിങ്ങമാസം 21 നു മഹാരാജ മാന്യ രാജശ്രീ കർണൽ പ്രസർ സായ്പ് അവർകൾ സമക്ഷം ബോധിപ്പിച്ച സങ്കട ഹർജി
മഹാരാജ മാന്യ രാജശ്രീ റസിഡണ്ടു കർണൽ പ്രസർ സായ്പ് അവർകളുടെ സമക്ഷത്തിൽ സെമിനാരിയിൽ മൽപാൻ മാരാമണ്ണു പള്ളിയിൽ അബ്രഹാം കത്തനാർ മുതൽ പേരും, പുതുപ്പള്ളിയിൽ കൈതയിൽ ഗീവർഗീസ് കത്തനാർ മുതൽ പേരും, കല്ലൂപ്പാറ പള്ളിയിൽ അടങ്ങപ്പുറത്തു യൗസേപ്പ് കത്തനാർ മുതൽ പേരും, കോട്ടയത്തു ചെറിയപള്ളിയിൽ എരുത്തിക്കൽ മർക്കോസ് കത്തനാർ മുതൽ പേരും, കോഴഞ്ചേരി പള്ളിയിൽ വഞ്ചിത്തറ ഗീവറുഗീസ് കത്തനാർ മുതൽ പേരും, തുമ്പമൺ പള്ളിയിൽ കരിങ്ങാട്ടിൽ യാക്കോബ് കത്തനാർ മുതൽ പേരും, പ്രവത്തു പള്ളിയിൽ തൊമ്മൻ കത്തനാർ മുതൽ പേരും, ചാത്തന്നൂർ പള്ളിയിൽ കാഞ്ഞരത്തുംമൂട്ടിൽ യാക്കോബ് കത്തനാർ മുതൽ പേരും, തേവലക്കര പള്ളിയിൽ മാത്തുണ്ണി കത്തനാർ മുതൽ പേരും, വെണ്മണി പള്ളിയിൽ മരത്തുംമൂട്ടിൽ തോമ്മാ കത്തനാർ മുതൽ പേരും, കല്ലിശ്ശേരിൽ പള്ളിയിൽ ചെമ്പകശ്ശേരിൽ ഉണ്ണിട്ടൻ കത്തനാർ മുതൽ പേരും കൂടി എഴുതി ബോധിപ്പിക്കുന്ന സങ്കട ഹർജി.
എന്തെന്നാൽ തിരുവിതാംകൂർ, കൊച്ചി ഈ രണ്ട് സംസ്ഥാനത്തുള്ള സുറിയാനി പള്ളികൾ അന്ത്യോഖ്യയുടെ പാത്രിയർക്കീസിൻ്റെ അധികാരത്തിൻ കീഴ് മാർത്തോമ്മാ മെത്രാന്മാർ വിചാരിച്ചു വന്നാറെ അവർക്കു റോമാക്കാരോടുള്ള സഖ്യം ഹേതുവായിട്ട് സുറിയാനിക്കാരുടെ മര്യാദ പോലെ മുഴുവനും നടത്തിക്കായ്കകൊണ്ട് അന്ത്യോഖ്യയിൽ നിന്നും വരുന്ന മേൽപട്ടക്കാരുമായിട്ട് യോജ്യത കൂടാതെ വഴക്കും വ്യവഹാരവുമുണ്ടായി. പള്ളിക്കാർക്ക് അലച്ചിലും ദ്രവ്യചേതവും മാർഗ്ഗ കാര്യങ്ങൾക്ക് വീഴ്ച്ചയും ഉണ്ടാകുന്നത് വേദപുസ്തകങ്ങളുടെ അറിവില്ലായ്കയാൽ വരുന്നതാകുന്നു എന്നും, ഇനി അപ്രകാരം വരാതെയിരിപ്പാൻ ഒരു സെമിനാരി ഉണ്ടാക്കി ശെമ്മാശന്മാരെയും പൈതങ്ങളെയും അവിടെ പാർപ്പിച്ചു വേദപുസ്തകം മുതലായത് പഠിപ്പിക്കയും പള്ളികളിൽ സുറിയാനിക്കാരുടെ മര്യാദ പോലെ നടത്തുകയും ചെയ്യണമെന്ന് ചാട്ടുകുളങ്ങര യൗസേപ്പ് റമ്പാനും, കായംകുളത്തു പിലിപ്പോസ് റമ്പാനും ഏതാനും പള്ളിക്കാരും കൂടി അന്നിരുന്ന മാർത്തോമ്മാ മെത്രാനെ പല പ്രാവശ്യം ബോധിപ്പിച്ചാറെ അതിൻവണ്ണം നടക്കായ്കയാൽ റമ്പാന്മാർ മുതൽ പേരും മഹാരാജ മാന്യ രാജശ്രീ റസിഡണ്ട് കർണ്ണൽ മൺട്രോ സായ്പവർകളുടെ സമക്ഷത്തിൽ സങ്കടം ബോധിപ്പിച്ചു, വരുത്തുവാനുള്ള ആളുകളെ വരുത്തി വിചാരണ ചെയ്തു മാർത്തോമ്മാ മെത്രാൻ്റെ പേരിൽ റമ്പാന്മാരു മുതൽ പേരു ബോധിപ്പിച്ച സംഗതികൾ സത്യവും ന്യായവുമായിട്ടു തെളിഞ്ഞു. സായ്പവർകൾ മേൽപറഞ്ഞ ആവലാതി പ്രകാരം ഈ സെമിനാരി ഉണ്ടാക്കുന്നതിനു കമ്പനിയിൽ നിന്നു മാർത്തോമ്മാ മെത്രാനു കൊടുത്തുവന്ന പലിശ പണം റമ്പാന്മാരു മുതൽ പേരുടെ പറ്റിൽ കൊടുത്തു വേണ്ടുന്ന ഉപകാര സഹായങ്ങളും ചെയ്തതിനാൽ യൗസേപ്പ് റമ്പാൻ കോട്ടയത്തു പാർത്തു സെമിനാരി പണി ചെയ്യിച്ചു വരുമ്പോൾ മേലെഴുതിയ റമ്പാൻ കല്ലിക്കോട്ടു ശീമയിൽ ഇരുന്ന മെത്രാനോടു മെത്രാൻ സ്ഥാനം ഏൽക്കുകയും മര്യാദ പ്രകാരം നടക്കാതിരുന്ന മാർത്തോമ്മ മെത്രാനെ നിർത്തലാക്കുകയും യൗസേപ്പ് റമ്പാനായിരുന്ന മെത്രാന്റെ ആജ്ഞയിൽ സുറിയാനി പള്ളിക്കാർ നടന്നു കൊള്ളണമെന്ന് വിളംബരം പരസ്യപ്പെടുത്തി നടന്നു സെമിനാരിയും പണി ചെയ്യിച്ചു ശെമ്മാശന്മാരെയും പൈതങ്ങളെയും വരുത്തി മൽപാനെ ആക്കി പഠിപ്പിച്ചു തുടങ്ങി.
സുറിയാനി മര്യാദപ്രകാരം പട്ടക്കാരുടെ വിവാഹം മുതലായി ഏതാനും കാര്യങ്ങളും നടത്തിവന്ന സംഗതിയിൽ ആ മെത്രാൻ കഴിഞ്ഞു പോകയും അതിനു പകരം കല്ലിക്കോട്ടു ശീമയിൽ ഇരുന്ന പീലക്സിനോസ് മെത്രാനെ വരുത്തി ആ മെത്രാന്റെ ആജ്ഞ അനുസരിച്ചു നടന്നു കൊള്ളണമെന്ന് വിളംബരം പരസ്യം ചെയതു വന്നാറെ, അദ്ദേഹത്തിനു ശരീര സുഖമില്ലാതെ ഇരുന്നതിനാൽ പള്ളികൾ വിചാരിക്കുന്നതിനു കോട്ടയത്തു ചെറിയപള്ളിയിൽ കുര്യൻ കത്തനാരെ വികാരി ജനറാളാക്കി നടത്തി. പിന്നീടു മെത്രാന്റെ സ്ഥാനം അദ്ദേഹത്തിനു കൊടുത്തു വിളംബരം പരസ്യം ചെയ്തു. അതിൻവണ്ണം എല്ലാവരും അനുസരിച്ചു പുസ്തകമുറ പോലെ ചില കാര്യങ്ങൾ നടത്തിയും ശേഷം നടത്തുവാനും നടത്തണമെന്ന് വിചാരിച്ചിരിക്കുമ്പോൾ ആ മെത്രാനും കഴിഞ്ഞു പോയതിനാൽ ചേപ്പാട്ടു പള്ളിയിൽ പീലിപ്പോസ് കത്തനാരെ മെത്രാനായിട്ടാക്കി വേദപുസ്തകം മുറപോലെ കാനോൻ മര്യാദ പ്രകാരം നടന്നും നടത്തിയും കൊള്ളണമെന്ന് കടലാസ് എഴുതി പീലക്സിനോസ് മെത്രാൻ വാങ്ങിച്ചും കൊണ്ടു പള്ളികൾ വിചാരിക്കുന്നതിനു ഏൽപ്പിച്ചാറെ, പുസ്തകം മുറപോലെ നടത്തണമെന്ന് ജാഗ്രതയുണ്ടായിരുന്നില്ല എങ്കിലും പീലക്സിനോസ് മെത്രാൻ കഴിയുന്ന നാൾ വരേയ്ക്കും അഴിമതികൾക്ക് പാർത്തിരുന്നതും പിന്നത്തേതിൽ വിളംബരം പരസ്യം ചെയ്തതിന്റെ ശേഷം സുറിയാനിക്കാർ തങ്ങളുടെ ആജ്ഞയിൽ ഉൾപ്പെടുകയും വേറിട്ടു മെത്രാന്മാരില്ലായ്കയാൽ മനസ്സിൻ പ്രകാരമൊക്കെയും നടത്തിക്കൊള്ളാമെന്നും ഉറച്ച് സ്വന്ത പ്രകൃതികളെ പ്രകാശിപ്പിച്ച് സെമിനാരി ഉണ്ടായ നാൾ മുതൽ നടന്നു വരുന്ന മുറപോലെ സെമിനാരിയിൽ പാർത്തു മാർഗ്ഗ കാര്യങ്ങൾ വിചാരിച്ച് നടത്താതെയും സുറിയാനിക്കാർക്ക് ഉപകാരത്തിനായിട്ടു വന്നു പാർത്തു സെമിനാരിയിൽ പഠിത്തം മുതലായതും നടത്തി സഹായിച്ചു വരുന്ന മിഷനറി സായ്പന്മാരോടു യോജ്യത കൂടാതെയും ദ്രവ്യ ലാഭത്തിങ്കൽ ആഗ്രഹിച്ച് പള്ളികൾ തോറും വേദപുസ്തകത്തിനും കാനോനും വിരോധമായിട്ടു പല പ്രകാരത്തിലും ദ്രവ്യം സമ്പാദിക്കുകയും ഓരോ സാധ്യം പ്രമാണിച്ചു പള്ളികളിൽ തർക്കവും വഴക്കും ഉണ്ടാക്കി അതിനാലും, സർക്കാരിൽ കേട്ടു തീരുവാനുള്ള കാര്യങ്ങളിലും തങ്ങൾക്ക് അധികാരമുള്ളതു പോലെ തുടങ്ങി അതിനാലും, ദ്രവ്യലാഭം വരുത്തുകയും മറ്റു സ്ഥാനത്തിനു യോഗ്യമല്ലാത്ത പ്രവൃത്തികൾ പലതും ചെയ്തു വരുന്നതിനാൽ ദൈവകാര്യങ്ങൾ പള്ളിയിൽ നടത്തുന്നതിൽ ഒട്ടും തന്നെ ഉത്സാഹമില്ലാതെ അഴിമതിയായി തീർന്നുകൊണ്ടു പല പ്രാവശ്യം ഞങ്ങൾ ബോധിപ്പിച്ചാറെ മുറപ്രകാരം അനുസരിച്ചു നടത്താതെ പിന്നെയും പുതിയകാവ് പള്ളിയിൽ ചെന്നിരുന്ന് പട്ടക്കാരെ അവിടെ വരുത്തിയ ശേഷം മുമ്പിൽ അത്താനാസ്യോസ് ബാവ വന്നപ്പോൾ ദുരാലോചനക്കാരായിട്ടു കൃത്രിമങ്ങൾ തുടങ്ങിയ കാരണത്താൽ വിസ്ത്താരത്തിൽ ഏർപ്പെട്ടു ഹള്ളൂർ കോർട്ടിൽ പിഴ നിശ്ചയിച്ചു തീർപ്പായിരുന്ന എടവഴിക്കൽ പീലിപ്പോസ് കത്തനാര മുതലായവരിലും വേറിട്ടും ഏതാനും കത്തങ്ങളെയും കൂട്ടിക്കൊണ്ട് ഒരു എഴുത്ത് എഴുതി ഉണ്ടാക്കിയതിൻ്റെ വിവരം ഇന്നതെന്ന് അറിയപ്പെടാതെ പള്ളിക്കാരിൽ ഏതാനും പേരെ മെത്രാൻ്റെ മുമ്പാകെ വിളിച്ചു നിറുത്തി ആ എഴുത്തിൽ കയ്യൊപ്പിടുവിക്കുന്നതുമല്ലാതെ ഇതിനു മുമ്പിൽ കഴിഞ്ഞുപോയ മെത്രാന്മാരോടു നടത്തിയിരുന്ന കാര്യങ്ങളിലും ചിലത് അഴിമതിയായി പള്ളികളിൽ ഒക്കെയും ഓരോ പ്രകാരത്തിലുള്ള നടപ്പുകളായി നടന്നു വരുന്നതിൽ ഏതാനും കാര്യങ്ങൾക്ക് വിവരം എഴുതി മെത്രാനെ ബോധിപ്പിച്ചാറെ ആയത് നീക്കി ന്യായം പോലെ നടത്താതെ മേലെഴുതിയ പീലിപ്പോസ് കത്തനാർ മുതൽ പേരെ കൂട്ടിക്കൊണ്ട് വേദപുസ്തകത്തിനും കാനോനും വിരോധമായിട്ടു തുടങ്ങിയിരിക്കുന്നതിനാൽ ആയതിനു വിവരം എഴുതി ഇതോടുകൂടി സമക്ഷത്തിൽ ബോധിപ്പിക്കുന്നു.
സായ്പവർകളുടെ കൃപാകടാക്ഷമുണ്ടായി പള്ളിക്കാരെയും വരുത്തി ഞങ്ങളെയും കൂട്ടി നിറുത്തി വിചാരണ ചെയ്താൽ ഈ കാര്യങ്ങൾ ഒക്കെയും തെളിയുന്നതാകകൊണ്ടു പരമാർത്ഥമൊക്കെയും സമക്ഷത്തിൽ ബോധിപ്പിച്ച് അഴിമതി കൂടാതെ ഇരിക്കേണ്ടതിനു മൺട്രോ സായ്പ് നടത്തിയിരിക്കുന്നതിന്മണ്ണം ഇപ്പോൾ അഴിമതി ചെയ്തു വരുന്ന ഈ മെത്രാനെയും കാനോൻ പ്രകാരം മാറ്റി കൃത്രിമക്കാരെയും അമർച്ചവരുത്തി വേദപുസ്തക മുറപോലെ കാനോൻ പ്രകാരം നടത്തിക്കുന്നതിനു കല്ലിക്കോട്ടു ശീമയിൽ തൊഴിയൂർ പള്ളിയിൽ പാർക്കുന്ന കൂറിലോസ് മെത്രാനെ വരുത്തി മര്യാദപ്രകാരം നടത്തിച്ചു ഞങ്ങളെയും പള്ളിക്കാരെയും കൃപയുണ്ടായി രക്ഷിച്ചു കൊള്ളുമാറാകണമെന്നും വളരെ സങ്കടത്തോടെ ഞങ്ങൾ അപേക്ഷിച്ചു കൊള്ളുന്നു.
എന്ന് 1012 മാണ്ടു ചിങ്ങമാസം 21 ന്.
ഇരുപത്തിനാല് അപമര്യാദകളുടെ പട്ടിക
സ്തുതി ചൊവ്വാകപ്പെട്ട യാക്കോബായ സുറിയാനിക്കാരുടെ സത്യവിശ്വാസത്തിനു കൂട്ടിച്ചേർത്തു നടന്നു വരുന്ന അപമര്യാദകൾക്ക് വിവരം എഴുതുന്നത്.
ഒന്നാമത്: ദൈവം കൽപിച്ച് തന്നിരിക്കുന്ന പ്രമാണങ്ങൾ പത്തും പുറപ്പാടു പുസ്തകം ഇരുപതാം അദ്ധ്യായത്തിൽ എഴുതപ്പെട്ടിരിക്കുന്നതിൻ വിധം ആയിരിക്കകൊണ്ടും അവയിൽ രണ്ടാമത്തെ പ്രമാണം രൂപം വെച്ചു വന്ദിക്കരുത് എന്നുള്ളതു നീക്കി പത്താമത്തെ പ്രമാണം വിഭജിച്ചു രണ്ടായിട്ട് ഉണ്ടാക്കിയതു തികച്ചു പള്ളികൾ തോറും നടന്നുവരുന്നത്.
രണ്ടാമത്: മാമോദീസ മുഴുകിയ പൈതലിനു അറിവു വന്നാൽ ക്രിസ്ത്യാനി വിശ്വാസത്തിൻ്റെ അവസ്ഥകൊണ്ടു ശോധനചെയ്ത പൂർണ്ണത വരുത്തുവാൻ ആവശ്യമായിട്ടും ന്യായമായിട്ടും ഉള്ളതായിരിക്കുമ്പോൾ അപ്രകാരമൊന്നും വിചാരിച്ചു ചെയ്യാതെ പള്ളിയിൽ നിന്നും പെൺകെട്ട് മുതലായ അടിയന്തിരങ്ങൾ ഒക്കെയും ചെയ്തു കൊടുത്ത് നടത്തി വരുന്നത്.
മൂന്നാമത്: ഒരു പ്രാവശ്യം മൂറോൻ പൂശിയ വസ്തുവിന്മേൽ രണ്ടാം പ്രാവശ്യവും മൂറോൻ പൂശുന്നതു സുറിയാനിക്കാർക്ക് മര്യാദയും കൽപനയും ഇല്ലാതിരിക്കുമ്പോൾ മുമ്പിലത്തെ ഉപ്രശ്മ എന്നു പേരു പറഞ്ഞും കൊണ്ടു മുറോൻ സൈത്തു പൂശി നടത്തി വരുന്നത്.
നാലാമത്: ഒരാൾ രോഗപ്പെട്ടവനായിരുന്നാൽ അവനെ ചെന്നു കണ്ടു വിശ്വാസത്തിന്റെ നമസ്ക്കാരത്താൽ സ്വസ്ഥത ആക്കണമെന്നു വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നതല്ലാതെ മരിപ്പാൻ തുടങ്ങുന്ന ആളിനെ എണ്ണ പൂശണമെന്നും അതിൻവണ്ണം ഒരു ക്രമം നിശ്ചയിച്ചിട്ടുള്ളത് പള്ളിക്രമ പുസ്തകത്തിലും സൈ കൂദാശയിലും സുറിയാനിക്കാരുടെ മര്യാദയായിരിക്കുന്ന പ്രകാരം എങ്ങും തന്നെ കാണ്മാനില്ലായ്കകൊണ്ടും രോഗപ്പെട്ടു മരിപ്പാൻ തുടങ്ങുന്ന ആളിൻ്റെ അടുക്കൽ ചെന്ന് ദൈവകാര്യം പറഞ്ഞു കൊണ്ട് അനുതപിപ്പിക്കുകയും ശുദ്ധമാനകുർബാന കൊടുക്കുകയും ചെയ്യുവാനുള്ള മുറ വേണമെന്നും ഉണ്ടായിരിക്കുമ്പോൾ അപ്രകാരം ചെയ്യാതെ ഒടുക്കത്തെ ഉപ്രശ്മ എന്ന നാമം പറഞ്ഞ് സുബോധമില്ലാത്ത സമയത്ത് ദോഷപൊറുതിയും ആത്മരക്ഷയും ലഭിപ്പാൻ ഇതു മതിയെന്നു പറഞ്ഞ് ബോധം വരുത്തി ചെയ്തു വരുന്നത്.
അഞ്ചാമത്: ദോഷപൊറുതി ഉണ്ടാകേണ്ടതിനും ദൈവകൃപ ലഭിക്കേണ്ടതിനും കുമ്പസാരം ചെയ്ത് അനുതപിച്ചതിനു ശേഷം ശുദ്ധമാന കുർബാന കൈക്കൊള്ളണമെന്നു കൽപനയും ആവശ്യവും ആയിരിക്കുമ്പോൾ അതിൻവണ്ണം ഒന്നും ചെയ്യാതെ ഈവക ഓരോ ചക്രം കൊടുക്കുന്ന സംഗതി പ്രമാണിച്ച് ഉച്ചയാകുന്നതിനു മുമ്പ് നൂറു ആൾ വരേയ്ക്കും ഒരു പട്ടക്കാരൻ കുമ്പസാരിപ്പിച്ചു ശുദ്ധമാന കുർബാന കൊടുത്തു വരുന്നത്.
ആറാമത്: കുമ്പസാരം ചെയ്യുന്ന ജനങ്ങളോട് തേറ്റത്തിനു ദോഷപൊറുതി അപേക്ഷിപ്പാൻ പറഞ്ഞു നടത്തിക്കണമെന്നും ചേർച്ചയായിരിക്കുന്ന നോമ്പു നമസ്കാരം മുതലായതു കൊണ്ട് ശുദ്ധമാക്കപ്പെട്ട ബാവാമാർ നിശ്ചയിച്ചിട്ടുള്ളപ്പോൾ, വെളിച്ചെണ്ണ. കുന്തിരിക്കം, മെഴുകുതിരി മുതലായ വസ്തുക്കൾ കൊണ്ടു ദോഷപൊറുതി അപേക്ഷിക്കണമെന്ന് പറഞ്ഞ് നടന്നു വരുന്നത്.
ഏഴാമത്: ഞായറാഴ്ച്ച ദിവസം മയ്യലിനു ജനങ്ങൾ ഒക്കെയും പള്ളിയിൽ കൂടി പട്ടക്കാരും ജനങ്ങളും ഒന്നിച്ച് നമസ്ക്കരിച്ച് ശുദ്ധമാനപുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുകയും അതിന്റെ സാരങ്ങൾ പൊരുളു തിരിച്ച് പറഞ്ഞ് പ്രസംഗമായിട്ടു പറയുകയും ചെയ്യണമെന്നും അതിൻറെ ശേഷം ശുദ്ധമാന കുർബാന അണയ്ക്കണമെന്നും മര്യാദ ആയിരിക്കുമ്പോൾ അതിൻവണ്ണം ഒന്നും ചെയ്യാതെ കുർബാനയ്ക്കക്കു സമയം വരുന്നത് വരെയും പള്ളിയിൽ വന്നിരിക്കുന്നവരിൽ ഏതാനും പേരെ പട്ടക്കാരിൽ ചിലർ വിളിച്ച് വെറ്റില, പാക്ക് മുതലായത് ആരുടെ പക്കൽ ഉള്ളൂ എന്ന് അന്വേഷിക്കുകയും ചോദിച്ചു വാങ്ങുകയും പിന്നെയും ചില മുട്ടുകൾ ഉള്ളതു ചോദിച്ചും പറഞ്ഞും നേരം പോക്കുകയും, ചിലർ അന്നെങ്കിലും ആ ആഴ്ചയിലെങ്കിലുമുള്ള ചാത്തം മുതലായ അടിയന്തിരങ്ങൾ കൊണ്ട് അന്വേഷണം ചെയ്ത് ഇരിക്കുകയും, ചിലർ തവണയിൽ വ്യത്യാസം ചെയ്തതുകൊണ്ടു കുത്തങ്ങൾ തമ്മിൽ ശണ്ഠ തുടങ്ങുകയും കപ്യാരെ അടിക്കുകയും ചെയ്തു വരുന്നതല്ലാതെ, ജനങ്ങളിൽ പുരുഷന്മാരൊക്കെയും ഓരോ ദിക്കിൽ ഇരുന്ന് നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കുകയും, സ്ത്രീജനങ്ങളും മേലെഴുതിയ പ്രകാരം ഇരുന്ന് അവരാൽ കഴിയുന്നതു പോലെയുള്ള വർത്തമാനങ്ങൾ സംസാരിക്കുകയും ചെയ്ത് നേരം പുലർന്നതിന്റെ ശേഷം 'ജീവനില്ലാത്ത ശരീരം മരിച്ചിരിക്കുന്നു' എന്നു വിശ്വാസത്തെ പ്രമാണിച്ച് യാക്കോബ് ശ്ലീഹാ പറഞ്ഞിരിക്കുന്നതിൻ വണ്ണം ഭക്തി കൂടാതെ കുർബാന മുതലായ കർമ്മങ്ങൾ ഒക്കെയും കഴിച്ച് ഫലം കൂടാതെ ആക്കി തീർക്കുന്നത്.
എട്ടാമത്: ദുഃഖവെള്ളിയാഴ്ചച്ച പള്ളിക്ക് വലത്തുവെച്ച് മുട്ടിന്മേൽ നീന്തി പള്ളിക്കകത്തു വന്നു കാണിക്ക ഇടുകയും അപ്രകാരം ചെയ്യുന്നതുമല്ലാതെ പള്ളികൾ തോറും ഓരോ പെരുന്നാൾ അടിയന്തരങ്ങൾക്ക് പെണം ഉരുളുകയും മുട്ടിന്മേൽ നീന്തുകയും ചെയ്ത് രക്ഷപ്പെടുവാൻ ശ്രമിക്കുന്നത്.
ഒൻപതാമത്: "സമയത്തിലും സമയം കൂടാതെയും പഠിപ്പിച്ച് അറിയിക്ക്" എന്ന് വചനം തീമൊഥിയോസിനോട് മാർ പൗലോസ് കൽപ്പിച്ചിരിക്കകൊണ്ടും ആ വചനം ശ്ലീഹന്മാരുടെ സ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പട്ടക്കാരുടെ മേൽ ഉറച്ചു നിൽപാനുള്ളതാകയാൽ അവർ പ്രത്യേകമായിട്ട് അറിയിച്ചു പഠിപ്പാൻ ആവശ്യമായിരിക്കുമ്പോൾ അപ്രകാരം ചെയ്യാതെയും ചെയ്യിപ്പിക്കാതെയും ആ വഴി വിട്ടു ലോക കാര്യങ്ങളിൽ ഉൾപ്പെട്ടു കോർട്ടു മുമ്പാകെ നടന്നു കാലം കഴിക്കുകയും, ചിലർ പണ്ടാര ഉദ്യോഗസ്ഥന്മാരുടെ പുറകെ നടന്ന് ലാഭങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുകയും ചിലർ കച്ചവടം മുതലായ കാര്യങ്ങൾക്ക് ഏർപ്പെട്ടു നടക്കുകയും ഇതിനിടയിൽ ദ്രവ്യോപകാരങ്ങൾ വരുത്തുവാനുള്ള സമയത്തു പള്ളിയിൽ വന്ന് സംബന്ധിച്ച് നടത്തുകയും ചെയ്തു വരുന്നത്.
പത്താമത്: ഞായറാഴ്ച്ച ദിവസം നമസ്ക്കാരങ്ങളാലും പ്രാർത്ഥനകളാലും വേദപുസ്തകങ്ങളുടെ വായനയിലും സമയം കഴിച്ചു കൂട്ടുകയും ലോകകാര്യങ്ങളിൽ നിന്നു വിട്ടിരിക്കുകയും ചെയ്ത് ആ ദിവസത്തെ ക്രീസ്ത്യാനികൾക്ക് ചേരുംവണ്ണം സ്വീകരിച്ച് നല്ലപോലെ ആചരിക്കുകയും ചെയ്യണമെന്നു പഴമയിലും പുതുമയിലും കാനോനിലും കണ്ടിരിക്കുമ്പോൾ അപ്രകാരം ചെയ്യാതെ മെത്രാച്ചന്മാരുടെ അടുക്കലെങ്കിലും പള്ളികളിലെങ്കിലും യാതൊരു വ്യവഹാരവും ഉണ്ടായാൽ ഞായറാഴ്ച്ച തീർത്തു കൊള്ളാമെന്നും ആ വകയ്ക്കു വേണ്ടുന്ന ആളുകൾ അന്നേ ദിവസം ശേഖരപ്പെടണമെന്നും നിശ്ചയിക്കുകയും ആ ദിവസം ഇപ്രകാരം കഴിച്ചു കൂട്ടുകയും ചെയ്യുന്നതും അല്ലാതെ ജനങ്ങൾ ഒക്കെയും അവരുടെ ആവശ്യം പോലെ വേല കാര്യങ്ങൾ മുതലായിട്ടുതൊക്കെയും ചെയ്തു നടന്നു വരുന്നത്.
പതിനൊന്നാമത്: ക്രിസ്ത്യാനി പൈതങ്ങളെ പഠിപ്പിക്കുന്നതിനായി പഠിച്ചതിന്റെ ശേഷം അതിൽ കൊള്ളാകുന്ന പൈതങ്ങളെ എപ്പിസ്ക്കോപ്പയായും മൽപാന്മാരായും ശോധനചെയ്തു ലോകരുടെ സാക്ഷിയും വരുത്തികൊണ്ടു പട്ടം കൊടുപ്പാൻ ന്യായമുള്ളതും അപ്രകാരം ചെയ്യണമെന്നും കാനോൻ നിശ്ചയിച്ചിരിക്കുമ്പോൾ പട്ടം വേണമെന്നു വീട്ടുകാർ നിശ്ചയിച്ചാക്കുന്ന പൈതങ്ങൾക്കു തന്നെ പട്ടം കൊടുക്കുകയും റൂഹാദ്ക്കുരിശായ്ക്ക് വിരോധമായിട്ടു ചിലതൊക്കെയും ചെയ്തു നടത്തിവരുന്നത്.
പന്ത്രണ്ടാമത്: ശെമ്മാശ്പട്ടം ഏറ്റതിൻ്റെ ശേഷം അധികം യോഗ്യമുള്ളവനായാലും മുപ്പതു വയസ്സിനു താഴെ കത്തനാരൂപട്ടം കൊടുക്കരുത് എന്ന് ശുദ്ധമാക്കപ്പെട്ട ബാവാമാർ നിശ്ചയിച്ചിരിക്കുമ്പോൾ ശെമ്മാശ് പട്ടം ഏറ്റ ആളുകൾ ശുദ്ധമാന പുസ്തകം വായിച്ച് അറിയുന്നതിനു താൽപര്യമില്ലാതെയും പൊറവരിൽ നിന്നു കൊള്ളാകുന്ന സാക്ഷി കൂടാതെയും കണ്ട് പതിനാറു വയസ്സു മുതലായിട്ടു കത്തനാരു പട്ടം കൊടുത്തു പള്ളി ഭരിക്കുന്നതിനു അയച്ചു നടത്തിവരുന്നത്.
പതിമൂന്നാമത്: ശുദ്ധമുള്ളവരുടെ ഓർമ്മ ചെയ്ത് അവരുടെ നല്ല നടപ്പുകൾ ജനങ്ങളോടു വിവരപ്പെടുത്തി പറയണമെന്നും നിശ്ചയിച്ചിരിക്കുമ്പോൾ അതിനു വിരോധമായിട്ടുള്ള ഉപകാരത്തെ ക്കുറിച്ച് ഓരോ കപടഭക്തികൾ പറഞ്ഞ് ചെയ്തു വരുന്നതും ദൈവത്തിന്റെ പള്ളിയിൽ റൂഹായ്ക്കടുത്ത പാട്ടുകൾ കൊണ്ടും ധ്യാനങ്ങൾ കൊണ്ടും അല്ലാതെ യാതൊരു കാര്യവും അവിടെ ചെയ്യരു തെന്നും പുസ്തകങ്ങളിൽ പറഞ്ഞിരിക്കുമ്പോൾ കാവ്യർക്കടുത്ത കൊടിയേറ്റു മുതലായ ഉത്സവാഘോഷങ്ങളും ആട്ടം മുതലായ പലതരം ഇടത്തൂടായിട്ടുള്ള കളികളും കമ്പം മുതലായ കരിമരുന്നു പ്രയോഗങ്ങളും കഴിക്കുന്നതിനു ചട്ടംകെട്ടി നടന്നുവരുന്നത്.
പതിനാലാമത്: മശിഹായുടെ സഹോദരന്മാരെ വിട്ട് ഇടത്തൂടുകാരിൽ നിന്നുള്ള കള്ളസഹോദരന്മാരുടെ പക്കൽ പോകരുതെന്നു കാനോനിൽ പറഞ്ഞിരിക്കുമ്പോൾ മാറാവു മുതലായ ഇടത്തൂടുകാരുടെയും പുത്രൻ തമ്പുരാൻ്റെ ദൈവസുഖത്തിലും ക്നുമ്മായിലും പകപ്പുള്ളവരായ നെസ്തോർകാരുടെയും ഓർമ്മ പള്ളികളിൽ ചമച്ചു ശുദ്ധമാന പുസ്തകങ്ങൾക്കും ശുദ്ധമുള്ള സുന്നഹദോസുകൾക്കും വിരോധം ചെയ്തു നടന്നുവരുന്നത്.
പതിനഞ്ചാമത്: എല്ലാ മേൽപട്ടക്കാരും സകലത്തിനും മുമ്പേ മൽപാനില്ലാത്ത ദിക്കുകളിൽ മൽപാനെ ഉണ്ടാക്കി പൈതങ്ങളെ ശേഖപ്പെടുത്തി പഠിത്ത വീട്ടിൽ പ്രമാണിക്കുകയും അഗതികളായിരുന്നാൽ പള്ളിയിൽ നിന്ന് ശമ്പളം നടത്തുകയും പള്ളിയിൽ ചുരുക്കമായിരുന്നാൽ വിശ്വാസകരിൽ നിന്ന് ധർമ്മമുതൽ ഉണ്ടാക്കി പൈതങ്ങളുടെയും മൽപാൻ്റെയും ശമ്പളം നടത്തണമെന്നും കാനോൻ ഏഴാം അദ്ധ്യായത്തിൽ കണ്ടിരിക്കുമ്പോൾ അപ്രകാരം ചെയ്യാതെ പള്ളി വകയായിട്ടു വരുന്ന മുതൽ കാര്യങ്ങളും വഴിപാടായിട്ടു വരുന്നതും പട്ടക്കാരാലും പള്ളി പ്രമാണികളാലും എടുത്ത് അപഹരിക്കുകയും ശേഷം ഉണ്ടായിരുന്നാൽ അരുളിക്കാ മുതലായ ബിംബങ്ങളുണ്ടാക്കി ജനങ്ങളെക്കൊണ്ടു വന്ദിപ്പിക്കുകയും പിന്നെയും ഈവക കൊണ്ടു ചില കളികൾക്ക് പള്ളിയിൽ നിന്നു ചെലവിട്ടു പഠിപ്പിക്കുകയും ചെയ്യുന്നതല്ലാതെ ശുദ്ധമാന പുസ്തകത്തിന്റെയും കാനോനയുടെയും കൽപനപോലെ ആത്മരക്ഷയ്ക്കടുത്ത കാര്യങ്ങൾക്കു വേണ്ടി ഒന്നും തന്നെ ചെലവിടാതെ നടന്നുവരുന്നത്.
പതിനാറാമത്: ബിംബങ്ങൾ ഉണ്ടാക്കുന്നവരും, ഗണിതം, ജ്യോതിഷം വിചാരിക്കുന്നവരും, കളികൾ ഉണ്ടാക്കുന്നവരും, കടലാസ് എഴുത്ത്, തകിട് എഴുത്ത് മുതലായ അവിശ്വാസ പ്രവൃത്തികൾ ചെയ്യുന്നവരും, യോഗത്തിൽ നിന്നു തള്ളപ്പെടണമെന്നും ശുദ്ധമാന പുസ്തകങ്ങളിലും കാനോനാകളിലും കണ്ടിരിക്കുമ്പോൾ പട്ടക്കാർ പള്ളികളിൽ വെച്ചും വീടുകളിൽ ചെന്നും മന്ത്രവാദവും ചാഴിവിലക്കും കടലാസ് എഴുത്ത്, തകിട് എഴുത്ത് മുതലായതു ചെയ്യുന്നതു കൂടാനെ ചില അറുപ്പുകെട്ടു പ്രവൃത്തികൾ ഒക്കെയും ചെയ്തു വരുന്നതും അപ്രകാരം തന്നെ ക്രിസ്ത്യാനികൾ പല ഇടത്തൂട് പ്രവൃത്തികൾ ചെയ്തും ചെയ്യിപ്പിച്ചും നടന്നുവരുന്നത്.
പതിനേഴാമത്: നോമ്പു. തേറ്റത്തിനു ഒരു വഴിയായിട്ടും ശരീര അമർച്ചക്കായിട്ടും നിശ്ചയിച്ചിരിക്കുമ്പോൾ അതിൽ ഉൾപ്പെടാതെയും പള്ളി കൽപിച്ചിട്ടില്ലാതെയും സാദ്ധ്യം പ്രമാണിച്ചിട്ടു എട്ടുനോമ്പെന്നു പേരും പറഞ്ഞ് ബ്രാഹ്മണാചാരത്തിൻ പ്രകാരം ചില പള്ളികളിൽ ഏതാനും ആളുകൾ ശേലരപ്പെട്ടു കഴിയുന്നിടത്തോളമുള്ള പലഹാരങ്ങൾ ഉണ്ടാക്കി കൊന്ത നമസ്ക്കാരങ്ങളും വാദ്യഘോഷങ്ങളും മറ്റും ചില കളികളുമായിട്ടു നോമ്പു കഴിക്കുകയും അതിനെ പ്രമാണിച്ചു പല കപടഭക്തികൾ പറഞ്ഞു നടന്നുവരുന്നത്.
പതിനെട്ടാമത്: നമ്മുടെ കർത്താവിൻ്റെ പിറവിയുടെ പെരുന്നാൾ ദിവസം രാത്രിയിൽ തീപറ്റിച്ചു വെട്ടം കാട്ടണമെന്നു സുറിയാനിക്കാരുടെ ക്രമത്തിലും മര്യാദയിലും കാണ്മാനില്ലായ കൊണ്ടും അതിൻവണ്ണം ചെയ്തു മനുഷ്യർക്ക് ഭക്തി ഉണ്ടാക്കി നടത്തിവരുന്നത്.
പത്തൊൻപതാമത്: ദനഹ എന്ന പെരുന്നാളുകൾക്ക് ഇരുപത്തഞ്ചു നോമ്പു വീടുന്ന ദിവസം കത്തിച്ച വിറകിൻ്റെ കരി എടുത്തു സൂക്ഷിച്ചു വച്ച് അന്നേ ദിവസം കരികൊണ്ടു നെറ്റിമേൽ വരയ്ക്കുകയും വെള്ളത്തിൽ കലർത്തി രാത്രികാലത്തു ഭക്തിയോടെ കുളിക്കുകയും ചെയ്യണമെന്നു നിശ്ചയിച്ചിട്ടില്ലാത്തതും രാക്കുളി എന്ന പെരുന്നാളിന്റെ നാമം സുറിയാനിക്കാരുടെ കാനോനിലും മര്യാദയിലും കാണ്മാനില്ലാത്തതാകുകൊണ്ടും ആകയാൽ മേലെഴുതിയ പ്രകാരം ഒക്കെയും ഭക്തിയായിട്ടു നടത്തിവരുന്നത്.
ഇരുപതാമത്: നാൽപതു നോമ്പിൻ്റെ മുമ്പിലത്തെ ബുധനാഴ്ച്ച നാൾ റോമാമതക്കാർക്കു നെറ്റിമേൽ കരി തേക്കണമെന്നും മര്യാദയുള്ളതു അതിന്മണ്ണം ചെയ്യണമെന്നും അങ്ങനെ ഒരു മര്യാദ സുറിയാനിക്കാർക്ക് നിശ്ചയിച്ചിട്ടില്ലാത്തതും ആയിരിക്കുമ്പോൾ ആ ദിവസത്തെ കുരിശുവര പെരുന്നാൾ എന്നു പറഞ്ഞ് ഓരോ കപടഭക്തി ഉണ്ടാക്കി നടത്തിവരുന്നത്.
ഇരുപത്തൊന്നാമത്: പെസഹാ എന്ന ദിവസം നമ്മുടെ കർത്താവു തന്റെ ശുദ്ധമുള്ള ശരീരവും ചോരയുമായിട്ട് അപ്പവും വീഞ്ഞും നമുക്കു ഭരമേൽപിച്ചിരിക്കുന്നതിനെ പ്രമാണിച്ച് അന്നേ ദിവസം രാത്രി സമയം ഇണ്ടറി എന്ന പേരും പറഞ്ഞ് ഒരു അപ്പമുണ്ടാക്കി വീട്ടിൽ മൂത്ത കാർണ്ണവന്മാർ ഭക്തിയോടെ മുറിക്കയും ശേഷം പേര് ഭക്തിയോടെ വാങ്ങിച്ച് അനുഭവിക്കുകയും മണ്ടക ഉണ്ടാക്കി യൂദന്റെ കണ്ണു കുത്തുകയും ശർക്കരവെള്ളവും മറ്റു ചിലതും കൂടി ഉണ്ടാക്കി കുടിക്കുന്നതും അപ്രകാരമൊരു കർമ്മം ചെയ്യാനുള്ളതെന്നും സുറിയാനിക്കാരുടെ ക്രമത്തിലും മര്യാദയിലും കാണ്മാനില്ലാത്തതും ആകകൊണ്ട് അപ്രകാരം ചെയ്യണമെന്നും ചട്ടം കെട്ടി നടന്നു വരുന്നത്.
ഇരുപത്തിരണ്ടാമത്: മരിച്ച ആളുകൾക്കുവേണ്ടി പുല നോക്കണമെന്നും അവരുടെ കുഴിമാടത്തിൽ വിളക്കും വെച്ച് കുമ്പിടണമെന്നും സുറിയാനിക്കാരുടെ കാനോനിലും മര്യാദയിലും ഇല്ലാത്തത് എല്ലാ പള്ളികളിലും നടപ്പായിട്ടു ചെയ്തുവരുന്നത്.
ഇരുപത്തിമൂന്നാമത്: സഹദേന്മാരുടെ അസ്ഥികൾ ശുദ്ധമുള്ളതാകുന്നു എങ്കിലും മദ്ബഹായിൽ വയ്ക്കപ്പെടരുതെന്നു കാനോനിൽ കണ്ടിരിക്കുമ്പോൾ ആയതിന് വിരോധമായിട്ടു മദ്ബഹായുടെ അകത്തു ശവമടക്കി അതിൻ്റെ മീതെ ചില ബിംബങ്ങളും പണിത് ഉണ്ടാക്കി വെച്ച് അതിൻ്റെ മുമ്പെ വിളക്കു കത്തിച്ച് വെക്കയും ചെയ് അതിൽനിന്ന് ഉപകാരം ഉണ്ടെന്നു വെച്ച് വന്ദിച്ച് ആചരിപ്പാൻ തക്കവണ്ണം ചട്ടം കെട്ടി നടന്നുവരുന്നത്.
ഇരുപത്തിനാലാമത്: ആണ്ടിൽ രണ്ടു പ്രാവശ്യം സുന്നഹദോസ് കൂടി എപ്പിസ്ക്കോപ്പായിൽ നിന്ന് മുടക്കിയിരിക്കുന്ന പട്ടക്കാരുടെയും ജനങ്ങളുടെയും വ്യവഹാരങ്ങൾ തിരഞ്ഞു നിശ്ചയിക്കുന്നതിനായിട്ട് അതിന്മണ്ണം ചെയ്യണമെന്നും.
Note : മലങ്കര മാർത്തോമ്മാ സഭയിലെ നവീകരണത്തിന് തുടക്കം കുറിച്ച നാളുകളിലെ രണ്ട് പ്രധാന സംഭവങ്ങളാണ് 1836 ലെ പതിനഞ്ച് നോമ്പ് കാലയളവിൽ കുർബാനയിലെ പ്രോമിയോൻ - സെദറ ആദ്യമായി മലയാളത്തിൽ ചൊല്ലിയതും അതിനു ശേഷം ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം പന്ത്രണ്ട് വൈദികർ ചേർന്ന് ബ്രിട്ടീഷ് റസിഡണ്ടിനു നൽകിയ നിവേദന സമർപ്പണവും.
പാശ്ചാത്യ നവീകരണത്തിനു സ്വീകരിച്ച മാനദണ്ഡങ്ങൾ അല്ല മലങ്കരയിലെ നവീകരണം സ്വീകരിച്ചതെന്നും മലങ്കരയിലെ നവീകരണത്തിൻ്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നും ഈ നിവേദനം വ്യക്തമാക്കുന്നുണ്ട്. നിവേദനത്തിൽ സത്യവിശ്വാസത്തിനെതിരായി പറഞ്ഞിരിക്കുന്ന 24 കൂട്ടം അപമര്യാദകളിലൂടെ തിരുവചന കേന്ദ്രീകൃതവും സുറിയാനി പൈതൃകത്തിലധിഷ്ഠിതവുമായ മാനദണ്ഡങ്ങളായിരുന്നു പിതാക്കന്മാരുടെ നവീകരണ ദർശനമെന്ന് മനസ്സിലാക്കുവാൻ സാധിക്കും.
നവീകരണത്തിൻ്റെ ഈ തുടക്ക സംഭവങ്ങളെ അനുസ്മരിച്ചാണ് എല്ലാ വർഷവും ആഗസ്റ്റ് മാസം മൂന്നാം ഞായറാഴ്ച നവീകരണ ഞായറായി ആചരിക്കുന്നത് (ഇപ്പോൾ സഭ പിൻതുടരുന്ന ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച്, പതിനഞ്ച് നോമ്പ് ആഗസ്റ്റ് 1 മുതൽ 15 വരെയാണ്).