മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രം
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രം ആരംഭിക്കുന്നത് ക്രിസ്തു വർഷം 52 - ൽ യേശു കർത്താവിന്റെ ശിഷ്യനായ തോമാശ്ലീഹായുടെ ആഗമനത്തോടു കൂടിയാണ്. മാർ തോമാ ശ്ലീഹായാൽ സ്ഥാപിതമായതും ആ ശ്ലീഹായുടെ പേരിൽ അറിയപ്പെടുന്നതും മാർ തോമാ ശ്ലീഹായുടെ ഭാരത അപ്പൊസ്തലത്വത്തെ സ്വീകരിച്ചിരിക്കുന്നതുമായ സഭയാണ് മലങ്കര മാർത്തോമ്മാ സുറിയാനി സഭ. സഭയുടെ ഭരണഘടനയിൽ ഇത് വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. “ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ശ്ലീഹന്മാരിൽ ഒരുവനായ മാർതോമ്മായാൽ സ്ഥാപിതമായതെന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നതും ആ പേരിനാൽ അറിയപ്പെടുന്നതുമായ മലങ്കര മാർതോമ്മാ സുറിയാനി സഭ, കാതോലികവും ശ്ലൈഹികവും ആയ ഏക വിശുദ്ധ സഭയുടെ ഒരു ഭാഗമാകുന്നു.” നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിനും സ്വർഗ്ഗാരോഹണത്തിനും ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് വന്നാവസിച്ചതിനും ശേഷം ഏകദേശം ഇരുപതു വർഷങ്ങൾക്കുള്ളിൽ തന്നെ ക്രിസ്തുസഭ ഭാരതത്തിലും വിശിഷ്യാ കേരളക്കരയിലും ശക്തമായി വേരുറപ്പിച്ചു. അതിനാൽ ലോകചരിത്രത്തിൽ ക്രിസ്തുമതത്തിനുള്ള കാലപ്പഴക്കം ഒട്ടും കുറയാതെ തന്നെ അവകാശപ്പെടാവുന്ന ഒരു പുരാതന ക്രിസ്ത്രീയ സമൂഹത്തിന്റെ ഭാഗമാണ് നമ്മുടെ സഭ എന്നുള്ളത് നമുക്ക് ഏറ്റവും അഭിമാനിക്കത്തക്കതാണ്. അതിനാൽ ഞാനൊരു മാർത്തോമ്മാ സഭാംഗമാണെന്ന് പറയുമ്പോൾ അത് നമ്മെ കൊണ്ടെത്തിക്കുന്നത് ഏകദേശം രണ്ടായിരത്തോളം വർഷങ്ങൾ നീണ്ട സുദൃഢമായ ഒരു പൈതൃകത്തിലേക്കും സുദീർഘമായ ഒരു പാരമ്പര്യത്തിലേക്കുമാണ്.
മാർ തോമ്മാ ശ്ലീഹാ ഭാരതത്തിൽ (AD 52 -72)
"എന്റെ കർത്താവും എന്റെ ദൈവവുമേ" എന്ന ഉറച്ച വിശ്വാസ പ്രഖ്യാപനത്തോടുകൂടി ക്രിസ്തു സുവിശേഷം പ്രഘോഷിക്കുവാൻ കേരളക്കരയിലെത്തിയ തോമാശ്ലീഹാ തന്റെ പ്രേക്ഷിത പ്രവർത്തനം ആരംഭിക്കുന്നത് അദ്ദേഹം കപ്പലിറങ്ങിയ മലബാർ തീരത്തുള്ള കൊടുങ്ങല്ലൂരിലാണ്. തുടർന്ന് ശ്ലീഹായുടെ സുവിശേഷീകരണത്തിന്റെ ഭാഗമായി കേരളത്തിന്റെ വടക്കു മുതൽ തെക്ക് വരെയുള്ള എട്ട് സ്ഥലങ്ങളിൽ ക്രിസ്തു മാർഗം പ്രചരിക്കപ്പെട്ടു (കൊടുങ്ങല്ലൂർ, പാലയൂർ, പറവൂർ, കൊക്കമംഗലം, ചായൽ, കൊല്ലം, നിരണം, തിരുവിതാംങ്കോട്). അക്കാലത്ത്, കൊടുങ്ങല്ലൂരിലും മറ്റു വിവിധ സ്ഥലങ്ങളിലും പ്രബലമായിരുന്ന ജൂതകുടിയേറ്റങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയേകി എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഇരുപത് വർഷത്തോളം കേരളക്കരയിൽ തന്റെ പ്രേക്ഷിത പ്രവർത്തനം പൂർത്തിയാക്കിയ ശേഷം, ഇന്നത്തെ തമിഴ്നാടിന്റെ പ്രദേശങ്ങളിലേക്ക് പോകുകയും, ചിന്നമല എന്ന സ്ഥലത്തുവെച്ച് കൊല്ലപ്പെടുകയും, മൈലാപ്പൂർ എന്ന സ്ഥലത്ത് കബറക്കപ്പെടുകയും ചെയ്തു. ഇത് ക്രിസ്താബ്ദം 72 ഡിസംബർ 21 ന് ആണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ മലങ്കര മാർത്തോമ സുറിയാനി സഭ ഡിസംബർ 21 സഭാ ദിനമായി ആചരിക്കുന്നു. 394 ജൂലൈ മൂന്നിന് ശ്ലീഹായുടെ തിരുശേഷിപ്പ് തുർക്കിയിലുള്ള എഡേസ്സായിലേക്ക് കൊണ്ടു പോകപ്പെട്ടതിനെ സ്മരിച്ച് കൊണ്ട് ജൂലൈ മൂന്നിനും മാർ തോമാ ശ്ലീഹാ ദിനമായി കേരളത്തിലെ സഭകൾ ആചരിക്കുന്നു.
ശ്ലീഹായുടെ ഭാരത സുവിശേഷീകരണത്തെ പ്രതികൂലിക്കുന്ന ചില വിശദീകരണങ്ങൾ അങ്ങിങ്ങായി ഉണ്ടെങ്കിലും ഭാരത്തിന്റെ പുറത്തും അകത്തും രൂപപ്പെട്ട വിവിധ ചരിത്ര രേഖകൾ ശ്ലീഹായുടെ ഭാരത അപ്പൊസ്തലത്തെ ശക്തമായി സാധൂകരിക്കുന്നു. യൂദാ തോമ്മായുടെ നടപടികൾ എന്ന ഗ്രന്ഥം, അപ്പൊസ്തലന്മാരുടെ പ്രബോധനങ്ങൾ എന്ന ഗ്രന്ഥം, പുരാതന നാണയങ്ങൾ, ശിലാലിഖിതങ്ങൾ, അലക്സാണ്ട്രിയൻ എഡേസ്സിയൻ പാരമ്പര്യത്തിലെ സഭാപിതാക്കന്മാരുടെ കത്തുകൾ എന്നിവ ഭാരതത്തിനു വെളിയിൽ നിന്നു ശ്ലീഹായുടെ ഭാരത സന്ദർശനത്തെ പിൻതാങ്ങുന്നു. അതുപോലെ തന്നെ, ഭാരതത്തിനു അകത്തു നിന്നുമുള്ള വിവിധ കലാ രൂപങ്ങളായ റമ്പാൻപാട്ട്, മാർഗ്ഗംകളി, വീരടിയാൻപാട്ട് എന്നിവ, എട്ടു സ്ഥലങ്ങളിൽ ശ്ലീഹായാൽ പ്രചരിക്കപ്പെട്ട ക്രിസ്തു മാർഗ്ഗങ്ങളുടെ സാന്നിധ്യം, കബറിടത്തിൽ നടത്തിയ ഗവേഷണങ്ങൾ, കേരളം സന്ദർശിച്ച പാശ്ചാത്യ ചരിത്രകാരന്മാർ, ഭാരത ചരിത്രകാരന്മാർ എന്നിവരുടെ എഴുത്തുകൾ തുടങ്ങിയവയും ശ്ലീഹായുടെ ഭാരത സന്ദർശനത്തെ ഉറപ്പിച്ചു സാക്ഷിക്കുന്നു. അതിനാൽ ശ്ലീഹായുടെ ഭാരത അപ്പൊസ്തലത്തെ വിശദീകരിക്കാൻ കഴിയാത്ത ഒരു മുത്തശ്ശിക്കഥയായി എഴുതി തള്ളുവാൻ ഇന്നുവരെയും ആർക്കും കഴിഞ്ഞിട്ടില്ല.
ഒന്നാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ
ആദിമ നൂറ്റാണ്ടുകളിലെ സഭയുടെ ചരിത്രത്തെക്കുറിച്ച് വളരെ പരിമിതമായ രേഖകളും അറിവുകളും മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളു. അഭിവന്ദ്യ യൂഹാന്നോൻ മാർത്തോമ്മാ മെത്രാപ്പോലീത്താ ഇത് ഇങ്ങനെ വിശദീകരിക്കുന്നു - "മലങ്കര സഭയുടെ ആദിമ ശതകങ്ങളിലെ ചരിത്രത്തെക്കുറിച്ച് നമുക്കുള്ള അറിവ് ശുഷ്കമാണ്. ചരിത്രപരമായ തെളിവുകൾ വിരളവും".
ചരിത്രരേഖകളുടെ അഭാവം മൂലം, തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിനു ശേഷം മലങ്കരയിലെ ക്രിസ്ത്യാനി സമൂഹം ശ്ലീഹായുടെ പഠിപ്പിക്കലുകളുടെ സ്വാധീനത്തിൽ വളരുകയും വികസിക്കുകയും ചെയ്തിരുവെന്നും അതുവരെ ഉണ്ടായിരുന്ന വ്യാപാരവും സാമൂഹ്യപരവുമായ വിദേശ ബന്ധങ്ങൾ തുടർന്നു കൊണ്ടിരുന്നുവെന്നും നാം വിശ്വസിക്കേണ്ടിയിരിക്കുന്നു. ഇതിനു പിൻബലമായി ലഭിക്കുന്ന ആദ്യ ചരിത്രരേഖ, അലക്സാന്ത്രയിലെ വിഖ്യാതമായ വിദ്യാകേന്ദ്രത്തിന്റെ തലവനായ പന്തേനേസ് 191-ൽ കേരളം സന്ദർശിച്ച സംഭവമാണ്. പ്രസിദ്ധനായ സഭാചരിത്രകാരനും കൈസര്യയിലെ മെത്രാനുമായ യൗസേബിയോസ്, ഭാരതത്തിലെ പ്രതിനിധിയുടെ അപേക്ഷപ്രകാരം പന്തേനൂസ് ഇവിടെ എത്തിയെന്നും എബ്രായ ലിപികളിൽ എഴുതപ്പെട്ട മത്തായിയുടെ സുവിശേഷം നൽകി തിരിച്ചു പോയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പന്തേനൂസ് മടങ്ങിപ്പോയതിനു ശേഷം മലങ്കരയുടെ സഭയുടെ ചരിത്രം വീണ്ടും ഇരുളടഞ്ഞു. ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം നാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ക്രിസ്താബ്ദം 325 - ലെ നിഖ്യാ സുന്നഹദോസിൽ മലങ്കരയിൽ നിന്നും യൂഹാന്നോൻ എന്നൊരു മെത്രാൻ സംബന്ധിച്ചിരുന്നു എന്നതാണ് പിന്നീടുളള മലങ്കര സഭയെക്കുറിച്ചുള്ള ലഭ്യമായ ചരിത്ര പരാമർശം.
3.1 പ്രഥമ കുടിയേറ്റം (AD 345)
ക്നായി തൊമ്മൻ എന്ന കച്ചവടക്കാരന്റെ നേതൃത്വത്തിൽ എഡേസ്സായിൽ നിന്ന് ഒരു മെത്രാനും രണ്ടു പട്ടക്കാരും നാനൂറോളം ആളുകളും കൊടുങ്ങല്ലൂരിൽ വന്നിറങ്ങി. മലങ്കരയിലെ ക്രിസ്ത്യാനികൾ സന്തോഷത്തോടു അവരെ സ്വീകരിക്കുകയും അന്നത്തെ ചേരരാജാവായിരുന്ന ചേരമാൻ പെരുമാളിൽ നിന്ന് അവർക്ക് 72 പദവികൾ തുല്യം ചാർത്തി നൽകുകയുമുണ്ടായി. അക്കാലത്ത് മലങ്കര സഭയ്ക്ക് നേതൃത്വം നൽകുവാൻ മേലദ്ധ്യക്ഷന്മാരെ വരുത്തുന്നതിൽ ഇവിടുത്തെ ക്രിസ്താനി സമൂഹം ഉത്സാഹം കാണിച്ചിരുന്നു എന്നതിനാൽ ഇതൊരു വ്യാപാര കുടിയേറ്റം എന്നതിലുപരി ഒരു പ്രേഷിത കുടിയേറ്റം എന്ന രീതിയിൽ വിലയിരുത്താവുന്നതാണ്. ഈ കൂട്ടരിൽ ഒരു ഭാഗം കാലാന്തരത്തിൽ ഇവിടുത്തെ ക്രൈസ്തവ സമൂഹവുമായി ചേർന്നുവെങ്കിലും മറ്റൊരു ഭാഗം ഇപ്പോഴും പ്രത്യേക വിഭാഗമായി തന്നെ നില കൊണ്ട് റോമൻ കത്തോലിക്കാ സഭയിലും യാക്കോബായ സുറിയാനി സഭയിലും ഉൾപ്പെട്ട് (ക്നനായക്കാർ) സ്വതന്ത്ര ഭദ്രാസനങ്ങളായി തുടർന്നു പോരുന്നു.
3.2. രണ്ടാമത്തെ കുടിയേറ്റം (AD 825)
ഒൻപതാം നൂറ്റാണ്ടിലാണ് പേർഷ്യൻ ക്രിസ്താനികളുടെ രണ്ടാമത്തെ കുടിയേറ്റം കേരളത്തിലേക്കുണ്ടായത്. ഇതിന് നേതൃത്വം നൽകിയത് മാർവൻ സബ്രീശോ എന്ന സിറിയക്കാരനായ കച്ചവട പ്രമാണിയായിരുന്നു. ഇദ്ദേഹത്തോടൊപ്പം മാർ സാബർ, മാർ ഫ്രോത്ത് എന്നീ രണ്ട് മെത്രാന്മാരും ഉണ്ടായിരുന്നു. ഇവർ നാടുവാഴിയായ ചേരമാൻ പെരുമാളിന്റെ അനുമതിയോടു കൂടി ഒരു ദൈവാലയം കൊല്ലത്ത് നിർമ്മിക്കയും കൊല്ലം പട്ടണത്തിന്റെ ഉദ്ധാരണത്തിനായി പ്രയത്നിക്കുകയും ചെയ്തു. കുടിയേറ്റക്കാർ സ്ഥാപിച്ച ദൈവാലയം തരിസ്സാപ്പള്ളി എന്നറിയപ്പെടുന്നു. തരീസാ, ത്രീസാ ത്രീസാത്ത് എന്നീ സുറിയാനി പദദേദങ്ങൾക്ക് അർത്ഥം സ്തുതി ചൊവ്വായ വിശ്വാസം എന്നാണ്. ഈ മെത്രാന്മാരുടെ പേരുകളിൽ കേരളത്തിൽ പല ദൈവാലയങ്ങളും സ്ഥാപിക്കപ്പെട്ടുവെങ്കിലും പിന്നീട് ഉദയംപേരൂർ സുന്നഹദോസിനുശേഷം ഈ ദൈവാലങ്ങൾ സകല പരിശുദ്ധരുടെയും നാമത്തിൽ പുനർനാമകരണം ചെയ്യപ്പെട്ടു. ഇങ്ങനെ നാമകരണം ചെയ്യപ്പെട്ടവയാണ് കാദീശാ പള്ളികൾ എന്നറിയപ്പെടുന്നത്. ഇപ്രകാരം കുടിയേറിപ്പാർത്തവരുടെ പിൻതലമുറക്കാർക്ക് പേരിനോടു കൂടി മുതലാളി എന്ന സംജ്ഞ കൂടി ചേർത്തിരുന്നതായും പറയപ്പെടുന്നു. ഈ സംഘത്തിനും അവരുടെ അനന്തര അവകാശികൾക്കും നാടുവാഴികൾ പല അവകാശങ്ങളും ആനുകൂല്യങ്ങളും നൽകിട്ടിയിട്ടുണ്ട്. അവ ശാസനകൾ അഥവാ ചെപ്പേടുകൾ എന്നറിയപ്പെടുന്നു. ഇപ്രകാരം ലഭിച്ച തരിസ്സാ പള്ളി ചേപ്പേടുകളിൽ ഏഴ് ചെമ്പു തകിടുകളിൽ രണ്ടെണ്ണം ഇപ്പോൾ ലഭ്യമല്ല. ബാക്കിയുള്ളവയിൽ രണ്ടെണ്ണം മാർത്തോമ്മാ സുറിയാനി സഭയുടെ കൈവശം തിരുവല്ലയിൽ പൂലാത്തിനിലും മൂന്നെണ്ണം മലങ്കര ഓർത്തഡോക്സ് സഭയുടെ കൈവശവും കോട്ടയത്തും സൂക്ഷിച്ചിട്ടുണ്ട്. ഈ ചേപ്പേടുകൾ ക്രൈസ്തവ സമൂഹത്തിന് ദേശത്ത് ലഭിച്ച അംഗീകാരത്തിന്റെ സൂചകങ്ങളാണ്. കൊല്ലവർഷം ആരംഭിക്കുന്നത് ഇവരുടെ വരവോടു കൂടിയാണെന്ന് ചരിത്രകാരന്മാർ സമ്മതിക്കുന്നുമുണ്ട് മേൽപ്പറഞ്ഞവയിൽ നിന്നും ഈ കൂടിയേറ്റവും അതിന്റെ അനന്തരഫലങ്ങളും മലങ്കരസഭാ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്.
3.3. പത്താം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ
പത്താം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ വരുന്നതു വരെയുള്ള കാലഘട്ടം സഭയുടെ മറ്റൊരു ഇരുളടഞ്ഞ അധ്യായമാണ്. എന്നാൽ, വിദേശ മെത്രാന്മാരുടെ സന്ദർശനങ്ങൾ ഈ കാലഘട്ടത്തിലും മലങ്കര സഭയ്ക്ക് ആത്മീയ പരിപോഷണങ്ങൾ നൽകിയിരുന്നുവെന്ന് ചില ചരിത്ര ഗന്ഥങ്ങളിൽ കാണാവുന്നതാണ്. പൊതുവെ, ഈ പതിനഞ്ച് നൂറ്റാണ്ടുകളും മലങ്കര സഭ, പേർഷ്യൻ സഭകളായിട്ടുളള ബന്ധത്തിലായിരുന്നവെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും ചില ശിലാലിഖിതങ്ങളിൽ (മുളന്തുരുത്തി പള്ളിയുടെ വാതിൽ മുതലായവ) അന്ത്യോഖ്യ സുറിയാനി സഭ ഉപയോഗിച്ചിരുന്ന പാശ്ചാത്യ സുറിയാനി ലിപികളിലുള്ള ലിഖിതങ്ങൾ കണ്ടു കിട്ടിയിട്ടുണ്ട്. അതിനാൽ ഈ കാലഘട്ടത്തിൽ പേർഷ്യൻ സഭകളുമായി മാത്രമേ ബന്ധങ്ങൾ ഉണ്ടായിരുന്നുള്ളുവെന്ന് ഉറപ്പിച്ചു പറയുവാൻ സാധ്യമല്ല. മറിച്ച്, അന്ത്യോഖ്യാ സുറിയാനി സഭയുമായും ബന്ധങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. ഈ കാലങ്ങളിലെല്ലാം തന്നെ മലങ്കര സഭയുടെ ആരാധന ഭാഷ സുറിയാനി ആയിരുന്നു. മലയാള ഭാഷയ്ക്ക് ലിപി വികാസം പ്രാപിച്ചിട്ടില്ലാത്തതിനാൽ സുറിയാനി ലിപികൾ ഉപയോഗിച്ച് മലയാള ഭാഷ എഴുതുന്ന രീതി കേരളത്തിൽ നില നിന്നിരുന്നു എന്നതും പ്രത്യേകം പ്രസ്താവ്യമാണ് അതിനാൽ കേരള ക്രിസ്ത്യാനികളെ സുറിയാനി ക്രിസ്ത്യാനികൾ എന്നും, നസ്രായന്റെ അനുയായികൾ ആയതുകൊണ്ട് നസ്രാണികൾ എന്നും, മാർ തോമ്മാ ശ്ലീഹായുടെ അപ്പൊസ്തലത്തെ അംഗീകരിച്ചവർ എന്ന നിലയിൽ മാർത്തോമ്മാ ക്രിസ്താനികൾ എന്നും വിളിക്കപ്പെട്ടിരുന്നു.
പോർട്ടുഗീസുകാരുടെ ആഗമനം (AD 1498)
1498 ൽ വാസ്കോ ഡി ഗാമയുടെ ആഗമനത്തോടെ കേരളത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം തുറക്കുകയായിരുന്നു. പോർട്ടുഗീസുകാരുടെ വരവോടു കൂടെ മലങ്കര ക്രിസ്ത്യാനികളെ റോമൻ കത്തോലിക്കാ സഭയുടെ വിശ്വാസത്തിലേക്കും മാർപാപ്പയുടെ വിധേയത്വത്തിലേക്കും കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി, മലങ്കരയിലെ ആരാധന ഭാഷയായിരുന്ന സുറിയാനി ഭാഷയെ ഉപേക്ഷിച്ച് ലത്തീൻ ഭാഷയുള്ള ആരാധനാക്രമങ്ങൾ നടപ്പിലാക്കുവാൻ ശ്രമിച്ചുവെങ്കിലും ആ ശ്രമം വിജയം കണ്ടില്ല. അതിനെ തുടർന്ന്, 1581 വൈപ്പിൻകോട്ടിൽ മറ്റൊരു സെമിനാരി സ്ഥാപിക്കുകയും അവിടെ സുറിയാനി ഭാഷയിൽ ആരാധനക്രമങ്ങൾ പഠിപ്പിക്കുവാൻ ആരംഭിച്ചു. ഇവിടെ പഠിപ്പിച്ച വൈദികർ തങ്ങളുടെ പൂർവാചാരങ്ങളെയും വിശ്വാസങ്ങളെയും ഉപേക്ഷിക്കുവാൻ തയ്യാറായില്ല. അങ്ങനെ പോർട്ടുഗീസുകാരുടെ ആ ശ്രമവും വിജയം കണ്ടില്ല. തുടർന്ന്, 1595 ൽ അലക്സ് ഡി മെനെസിസ് എന്ന മെത്രാൻ ഗോവയിൽ അധികാരമേറ്റതോടെ, മലങ്കരയിലെ ക്രിസ്ത്യാനികളുടെ മേലുള്ള സമ്മർദ്ദങ്ങൾ വർദ്ധിച്ചു തുടങ്ങി.
അക്കാലത്തെ മലങ്കര ക്രിസ്ത്യാനികളുടെ സ്വസ്ഥമായ അവസ്ഥയെയും സ്വത്വബോധത്തെപ്പറ്റിയും, പിന്നീട് മലങ്കര സന്ദർശിച്ച ക്ലോഡിയസ് ബുക്കാനന്റെ താഴെപ്പറയുന്ന വിവരണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. അത് ഇവ്വിധമാണ്. ഏകദേശം നൂറിൽപരം പള്ളികളും അതുപോലെ തന്നെ ഇവിടുത്തെ ക്രിസ്ത്യാനികളുടെ ആരാധനാ ലാളിത്യവും പോർട്ടുഗീസുകാരെ അത്ഭുതപരതന്ത്രരാക്കിയെന്നും, ക്രിസ്തുവിന്റെ അനുഗാമികളെ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ച സ്ഥലത്തുനിന്നും സത്യവിശ്വാസം ഉൾക്കൊണ്ടവരും ആ ദേശത്തു നിന്നുള്ള മെത്രാന്മാരുടെ ആത്മീയ പരിപോഷണത്തിൽ കഴിഞ്ഞിരുന്നവരും ആണെന്നുള്ള മലങ്കരയിലെ വിശ്വാസികളുടെ സ്വത്വബോധം പോർട്ടുഗീസുകാരെ ആശ്ചര്യപ്പെടുത്തിയെന്നും ബുക്കാനൻ അഭിപ്രായപ്പെടുന്നു. അതുപോലെ, മലങ്കരയിലെ ദൈവാലയങ്ങൾ റോമിലെ പാപ്പായുടെ അധീനതയിൽ കൊണ്ടുവരുന്നതിനുള്ള പേർട്ടുഗീസുകാരുടെ കാഴ്ചപ്പാടുകളെ മലങ്കര ക്രിസ്ത്യാനികൾ ശക്തിയുക്തം എതിർത്തു എന്നും ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇക്കാലമത്രയും മലങ്കരയിൽ 3000 കുടുംബങ്ങൾ അഥവാ ഒന്നര ലക്ഷത്തോളം വിശ്വാസികൾ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. സഭയ്ക്ക് ആത്മീയ നേതൃത്വം നൽകുവാൻ തദ്ദേശീയ പട്ടക്കാരും ശെമ്മാശന്മാരും ഉണ്ടായിരുന്നു. അക്കാലത്ത് മലങ്കര മൂപ്പനായിരുന്ന ഗീവർഗീസ് അർക്കദിയാക്കോൻ മെനെസിസ് മെത്രാന്റെ നീക്കങ്ങൾക്കെതിരെ ധീരമായ നേതൃത്വം നൽകി. എന്നാൽ, മെനെസിസ് മെത്രാൻ തന്റെ പ്രവർത്തനങ്ങൾ തുടരുകയും, ഗീവർഗീസ് അർക്കദിയാക്കോന് പത്തു നിർദ്ദേശങ്ങൾ (സഭയുടെ തലവനായി റോമിലെ പാപ്പായെ സ്വീകരിക്കുക, മലങ്കരയിലെ ആരാധന ക്രമങ്ങൾ തിരുത്തുകയോ അഗ്നിക്കിരയാക്കുകയോ ചെയ്യുക, വിശ്വാസ സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുവാനായി ഒരു സുന്നഹദോസ് വിളിച്ചു കൂട്ടുക ഇത്യാദി) അടങ്ങിയ കത്ത് അയയ്ക്കുകയും ചെയ്തു. എതിർപ്പുകൾക്ക് ഒടുവിൽ മെനെസിസ് മെത്രാൻ മലങ്കരയിൽ എത്തുകയും തന്റെ ആഗ്രഹവും തീരുമാനപ്രകാരവും ഉദയംപേരൂരിൽ ഒരു സുന്നഹദോസ് വിളിച്ചു കൂട്ടി.
ഉദയംപേരൂർ സുന്നഹദോസ് (1599)
1599 ജൂൺ 20-ന് എറണാകുളത്ത് തൃപ്പൂണിത്തറയ്ക്ക് അടുത്തുള്ള ഉദയംപേരൂർ എന്ന സ്ഥലത്ത് വെച്ച് മെനെസിസ് മെത്രാന്റെ അധ്യക്ഷതയിൽ ഒരു സുന്നഹദോസ് വിളിച്ചുകൂട്ടി. മലങ്കര സഭയിലെ എല്ലാ ദൈവാലയങ്ങളിൽ നിന്നും വൈദികരും ശെമ്മാശന്മാരും ഓരോ പള്ളിയിൽ നിന്ന് നാല് പ്രതിനിധികളും ഉൾപ്പെടെ 813 പേർ സുന്നഹദോസിൽ പങ്കെടുത്തു. എന്നാൽ, തന്റെ സഭയുടെ വിശ്വാസ സത്യങ്ങളെ തച്ചുടക്കുവാനുള്ള തീരുമാനങ്ങൾ എടുക്കാനിരുന്ന സുന്നഹദോസിൽ പങ്കെടുക്കുന്നതിൽ നിന്നും ഗീവർഗീസ് അർക്കദിയോക്കൻ മാറിനിന്നു. ആറു ദിവസം നീണ്ടുനിന്ന സുന്നഹദോസിൽ പത്ത് സെഷനുകൾ ഉണ്ടായിരുന്നു. 267 നിശ്ചയങ്ങൾ എതിർപ്പുകൾ വകവയ്ക്കാതെ പാസാക്കി. ഇപ്രകാരം ഒരു സുന്നഹദോസ് വിളിച്ചു കൂട്ടുവാൻ യാതൊരുവിധ അധികാരവും ഇല്ലാതിരിക്കെ, കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ റോമാ സഭയുടെ ഭാഗമാക്കി തീർക്കുവാൻ പോർട്ടുഗീസുകാരുടെ ആഗമനകാലം മുതലുള്ള ശ്രമങ്ങൾക്ക് ഒരു പരിസമാപ്തി ഉണ്ടാക്കുവാൻ മെനെസിസ് മെത്രാന് ഈ സുന്നഹദോസിലൂടെ സാധിച്ചു. അങ്ങനെ മലങ്കര സഭയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. ഈ ദുഃസ്ഥിതി 1653 - ലെ കൂനൻകുരിശു സത്യം വരെ തുടർന്നു.
കൂനൻ കുരിശു സത്യം (AD 1653)
മലങ്കര സഭയ്ക്ക് നഷ്ടമായ സ്വാതന്ത്ര്യം വീണ്ടെടുക്കുവാനുള്ള ശ്രമം ഇക്കാലത്ത് വിശ്വാസ സമൂഹത്തിൽ രൂഢമൂലമായി. ഇതിനിടെ, 1604-ൽ ഗീവർഗീസ് അർക്കദിയോക്കൻ ചരമമടയുകയും മലങ്കര സഭയുടെ മൂപ്പനായി ആ സ്ഥാനം അദ്ദേഹത്തിന്റെ അനന്തരവനായ പറമ്പിൽ തോമ്മാ കത്തനാർ ഏറ്റെടുക്കുകയും ചെയ്തു. മലങ്കര സഭയെ അതിന്റെ വിശ്വാസാചാരങ്ങളിൽ ഉറപ്പിക്കുക എന്ന് ഉദ്ദേശ്യത്തോടുകൂടി വിശ്വാസികൾ ഒരു മേൽപ്പട്ടക്കാരന്റെ ആത്മീയ പരിപോഷണത്തിനായി ബാബിലോൺ, ഈജിപ്റ്റ്, അന്ത്യോഖ്യ എന്നിവിടങ്ങളിലെ സഭകളുടെ പാത്രിയർക്കീസുമാർക്ക് അപേക്ഷകൾ അയച്ചു. തൽഫലമായി, മാർ അഹത്തുള്ള എന്നൊരു മെത്രാൻ 1653 - ൽ മൈലാപൂരിലും പിന്നീട് കൊച്ചിയിലും എത്തി. എന്നാൽ, പോർട്ടീഗീസുകാർ ഇദ്ദേഹത്തെ തടവിലാക്കുകയും കായലിൽ താഴ്ത്തി കൊലപ്പെടുത്തുകയും ചെയ്തു എന്ന വാർത്ത പരന്നു. ഇതിൽ ക്ഷുഭിതരായ, അദ്ദേഹത്തെ സ്വീകരിക്കുവാൻ എത്തിയ 25000 ഓളം വരുന്ന വിശ്വാസ സമൂഹം മട്ടാഞ്ചേരിയിൽ ഉണ്ടായിരുന്ന ഒരു കൽക്കുരിശിൽ കയറുകൾ കെട്ടി അതിൽ തൊട്ടുകൊണ്ട് റോമാ സഭയുമായുള്ള ബന്ധവും വിശ്വാസ ആചാരങ്ങളും എന്നന്നേക്കുമായി ഉപേക്ഷിക്കുന്നു എന്ന് പ്രതിജ്ഞയെടുത്തു. പ്രഖ്യാപന സമയത്ത് കൽക്കുരിശ് അല്പമായി ചരിഞ്ഞതിനാൽ പ്രസ്തുത പ്രഖ്യാപനം കൂനൻ കുരിശ് സത്യം എന്ന പേരിൽ അറിയപ്പെടുന്നു. മലങ്കര സഭയുടെ സ്വാതന്ത്ര്യം വീണ്ടെടുത്ത, 1653 ജനുവരി മാസം മൂന്നാം തിയതി നടന്ന, ഈ പ്രഖ്യാപനം സഭാ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ്
പുത്തൻ കൂറ്റുകാരും പഴയകൂറ്റുകാരും
കൂനൻ കുരിശ് സത്യത്തോടു കൂടി മലങ്കര സഭയിൽ രണ്ടു വിഭാഗങ്ങൾ ഉടലെടുത്തു. മാർത്തോമ്മാ ശ്ലീഹായുടെ വിശ്വാസത്തിൽ വേരുന്നീ പുരാതന വിശ്വാസാചാരങ്ങൾക്കും സ്വാതന്ത്ര്യത്തിനും വില കൽപ്പിച്ചവർ പുത്തൻകൂറ്റുകാർ എന്നും പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാരുടെ വരവോടു കൂടി മാത്രം റോമാ സഭയുടെ വിശ്വാസ ഉപദേശങ്ങൾ കൈക്കൊണ്ടവർ പഴയ കൂറ്റുകാർ എന്ന പേരിലും അറിയപ്പെട്ടു തുടങ്ങി. നൂറ്റാണ്ടുകളായി മലങ്കരയിൽ നിലനിന്ന വിശ്വാസസത്യങ്ങൾ മുറുകെപ്പിടിച്ചവർക്ക് പുതിയകൂറ്റുകാർ എന്ന നാമം നൽകിയത് സത്യത്തിനു നിരക്കാത്ത സംഗതിയായി ചരിത്രത്തിൽ ഇന്നും അവശേഷിക്കുന്നു.
അന്ത്യോഖ്യാ സുറിയാനി സഭയുമായുള്ള ബന്ധവും മാർ തോമ്മായുടെ സ്ഥാനാരോഹണവും (AD 1665)
കൂനൻകുരിശ് സത്യത്തിലൂടെ റോമാ സഭയുടേയും പോർട്ടുഗീസുകാരുടെയും അധിനിവേശത്തിൽ നിന്നും മോചിതമായ മലങ്കര സഭ നേരിട്ട ആദ്യപ്രതിസന്ധി തങ്ങളെ നയിക്കുവാൻ ഒരു നേതാവില്ല എന്നതായിരുന്നു. കൂനൻ കുരിശു സത്യത്തിനു ശേഷം ഏകദേശം നാല് മാസങ്ങൾ കഴിഞ്ഞ് 1653 ഇരുപത്തിരണ്ടാം തീയതി കുറവിലങ്ങാട് ആലങ്ങാട് പള്ളിയിൽവച്ച് 12 വൈദികർ കൂടി മലങ്കര മൂപ്പൻ ആയിരുന്ന പറമ്പിൽ തോമസ് കത്തനാരെ മലങ്കരയുടെ ആദ്യ തദ്ദേശീയ മെത്രാനായി ‘മാർ തോമ്മാ’ (മാർത്തോമ്മാ) എന്ന നാമധേയത്തിൽ അവരോധിച്ച് ഇതിനൊരു പരിഹാരം നേടി. എന്നാൽ മാർത്തോമ്മാ മെത്രാന് അപ്പോസ്തോലിക പിന്തുടർച്ച ലഭിക്കുവാൻ വീണ്ടും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ഇക്കാലഘട്ടത്തിൽ 1663-ൽ ഡച്ചുകാരുടെ വരവോടുകൂടി പോർട്ടുഗീസുകാരുടെ ശക്തി ക്ഷയിക്കുകയും മലങ്കര സഭയ്ക്ക് അവരിൽ നിന്നുള്ള ഭീഷണി ഒഴിയുകയും ചെയ്തു. അപ്പൊസ്തൊലിക പാരമ്പര്യം നിലനിർത്തുവാൻ ആഗ്രഹിച്ച മാർത്തോമ്മാ മെത്രാൻ ബാബിലോണിയ, അലക്സാണ്ട്രിയ, അന്ത്യോഖ്യാ എന്നീ സഭകളോട് അപേക്ഷിച്ചത് അനുസരിച്ച് അന്ത്യോഖ്യാ സഭയുടെ കീഴിലുള്ള യെരുശലേമിലെ മാർ ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ 1665-ൽ മലങ്കരയിൽ എത്തുകയും മാർത്തോമ്മാ മെത്രാനെ നൂനമറ്റ കൈവെപ്പോടുകൂടി പുനരഭിഷേകം ചെയ്യുകയും ചെയ്തു. അങ്ങനെ മലങ്കരയിലെ മാർത്തോമ്മാ ശ്ലീഹായുടെ സഭ, അന്ത്യോഖ്യായിലെ സുറിയാനി സഭയുമായി ബന്ധത്തിലാകുവാൻ ഇടയായി. കാലക്രമേണ അന്ത്യോഖ്യൻ സഭയുടെ ആരാധനാരീതികളും വിശ്വാസധാരകളും മലങ്കര സഭയിൽ പ്രചരിച്ചു തുടങ്ങി. എന്നാൽ 1670-ൽ മാർത്തോമ്മാ മെത്രാൻ കാലം ചെയ്യുകയും അദ്ദേഹത്തിനു ശേഷം മലങ്കര സഭയെ നയിക്കുവാൻ അദ്ദേഹത്തിന്റെ സഹോദരപുത്രൻ രണ്ടാം മാർത്തോമ്മാ ആയി അവരോധിക്കപ്പെടുകയും ചെയ്തു.
രണ്ടാം മാർത്തോമ്മാ മുതൽ അഞ്ചാം മാർത്തോമ്മാ വരെയുള്ള കാലഘട്ടം (AD 1671 –1765)
തുടർന്ന് മാർതോമ്മാ രണ്ടാമന്റെ ധീരമായ നേതൃത്വത്തിൽ മലങ്കര സഭ വളർന്നു. ഈ കാലഘട്ടത്തിൽ അന്ത്യോഖ്യായിൽ നിന്ന് യൽദോ മാർ ബസേലിയോസ് എന്ന മഫ്രിയാനയും മാർ ഈവാനിയോസ് ഹിദായത്തുള്ള എന്ന മെത്രാനും ഇവിടെയെത്തി. മാർ ബസേലിയോസ് 13 ദിവസങ്ങൾക്ക് ശേഷം കാലം ചെയ്യുകയും കോതമംഗലം പള്ളിയിൽ കബറടക്കപ്പെടുകയും ചെയ്തു. കോതമംഗലം മുത്തപ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ പേരിൽ മാരാമൺ പള്ളിയിൽ നടത്തി വന്ന പെരുന്നാളാണ് ശുചീകരണ സമയത്ത് (AD 1836) പാലക്കുന്നത്ത് അബ്രഹാം മൽപ്പാൻ നിർത്തലാക്കിയത്. തുടർന്ന് മാർ ഇവാനിയോസ് ഹിദായത്തുള്ളയും രണ്ടാം മാർത്തോമ്മായും പരസ്പരം യോജിച്ച് ഭരണകാര്യങ്ങൾ നിർവഹിച്ചു പോന്നു. എന്നാൽ ഇടിവെട്ടേറ്റുള്ള രണ്ടാം മാർത്തോമ്മായുടെ അകാല നിര്യാണം മൂലം മേൽപ്പട്ട വൈധവ്യത്തിലേക്ക് പോയ മലങ്കര സഭയ്ക്ക് ആ സമയം ഇവിടെയുണ്ടായിരുന്ന മാർ ഇവാനിയോസ് ഹിദായത്തുള്ള 1686-ൽ മൂന്നാം മാർത്തോമ്മായെ വാഴിച്ചു. എന്നാൽ ചുരുങ്ങിയ രണ്ട് വർഷക്കാലം മാത്രമേ സഭാ നൗകയെ നയിക്കുവാൻ മാർത്തോമ്മാ മൂന്നാമനു കഴിഞ്ഞുള്ളു. 1688-ൽ മൂന്നാം മാർത്തോമ്മായുടെ പെട്ടുന്നുള്ള മരണം മൂലം മലങ്കര സഭ വീണ്ടും അനാഥത്വത്തിലായി. ഇവിടെയും മാർ ഈവാനിയോസ് ഹിദായത്തുള്ള മാർത്തോമ്മാ നാലാമനെ മലങ്കര സഭയ്ക്കു വേണ്ടി വാഴിച്ചു അപ്പോസ്തോലിക പിൻതുടർച്ച നിലനിർത്തി. മാർത്തോമ്മാ നാലാമൻ നാൽപ്പത് വർഷങ്ങൾ സഭയെ നയിച്ച് തന്റെ പിൻഗാമിയായി 1728-ൽ മാർത്തോമ്മാ അഞ്ചാമനെ വാഴിക്കുകയും ചെയ്തു.
എന്നാൽ നേതൃത്വം ഏറ്റെടുത്ത മാർത്തോമ അഞ്ചാമന് തന്റെ മേൽപ്പട്ട സ്ഥാനത്തിൽ ന്യൂനത ഉണ്ടെന്നുള്ള വിചാരത്താൽ നാലാം മാർത്തോമ്മായുടെ കാലത്തെ ഇവിടെ എത്തിയ ഗബ്രിയേൽ മെത്രാൻ നിന്നും തുടർന്ന് മാർത്തോമാ അഞ്ചാമന്റെ തന്നെ ക്ഷണപ്രകാരം 1748 ൽ മലങ്കരയിൽ എത്തി 1751 ൽ ഇവിടെ നിന്നും തിരിച്ചയക്കപ്പെട്ട യൂഹാനോൻ മാർ ഇവാനിയോസ് മെത്രാനിൽ നിന്നും പുനരഭിഷേകം നടത്താനുള്ള ശ്രമങ്ങൾ നടന്നു. എന്നാൽ ഇത് രണ്ടും പരാജയപ്പെട്ടതിനാൽ ഇദ്ദേഹത്തിന്റെ അപേക്ഷ പ്രകാരം വീണ്ടും മാർ ബസേലിയോസ് മഫ്രിയാനയും ജോസഫ് മാർ ഗ്രിഗോറിയോസ് എന്ന മെത്രാനും യൂഹാനോൻ എന്ന ഒരു റമ്പാനും ഇവിടെ എത്തി. ഈ അവസരത്തിലും പുനരഭിഷേകം നടക്കുവാൻ സാധിച്ചില്ല. ഈ യൂഹാനോൻ റമ്പാൻ, മാർ ഇവാനിയോസ് എന്ന പേരിൽ പിന്നീട് മെത്രാൻ ആകുകയും 1794 വരെ ചെങ്ങന്നൂരിൽ താമസിക്കുകയും മാർത്തോമാ സഭയ്ക്കും ഓർത്തഡോക്സ് സഭയ്ക്കും തുല്യ അവകാശമുള്ള ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്നു.
തന്റെ പിൻഗാമിയെ പോലെ നീണ്ട മുപ്പത്തിയെട്ടു വർഷങ്ങൾ മലങ്കരസഭയെ ഭരിച്ച അഞ്ചാം മാർത്തോമ്മാ 1761-ൽ തന്റെ പിൻഗാമിയായി മാർത്തോമ്മാ ആറാമനെ വാഴിക്കുകയും 1765-ൽ കാലം ചെയ്യുകയും ചെയ്തു.
ഇക്കാലമത്രയും പോർട്ടുഗീസ് അധിനിവേശത്തിൽ മലങ്കരയിൽ പ്രവേശിച്ച ലത്തീൻ സവിശേഷതകൾ തുടച്ചുമാറ്റി പാശ്ചാത്യ സുറിയാനി മര്യാദകൾ ഉറപ്പിക്കുവാൻ മാർത്തോമാ മെത്രാന്മാരും ഇവിടെയെത്തി അവരോടൊപ്പം ചിലവഴിച്ച വിദേശ മെത്രാന്മാരും നേതൃത്വം നൽകി. പള്ളിക്കുള്ളിലെ രൂപങ്ങൾ എടുത്തുകളയുക, വൈദികർക്ക് വിവാഹം കഴിക്കാൻ അനുവാദം നൽകുക, കത്തനാർ തലയിൽ ധരിക്കുന്ന അയഞ്ഞ വസ്ത്രത്തിനു പകരം തലവടിച്ചു തൊപ്പി ധരിപ്പിക്കുക എന്നീ കാര്യങ്ങളും പാശ്ചാത്യ സുറിയാനി പാരമ്പര്യങ്ങളും മലങ്കരയിൽ ഈ സമയത്ത് പ്രചാരം നേടി.
ആറാം മാർത്തോമ്മായുടെ ഭരണകാലവും പാശ്ചാത്യ മിഷനറി ബന്ധത്തിന്റെ തുടക്കവും (AD 1766 –1808)
തന്റെ പിൻഗാമിയിൽ നിന്നും തനിക്ക് ലഭിച്ച സ്ഥാനാഭിഷേകത്തിന് ന്യൂനതയുണ്ടെന്നുള്ള ചിന്ത മാർത്തോമ്മാ അഞ്ചാമനുണ്ടായിരുന്നതു പോലെ മാർത്തോമ്മാ ആറാമനെയും അലട്ടിയിരുന്നു. എന്നാൽ കുറെകാലത്തേക്ക് അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക് ഫലം കിട്ടിയില്ല, എങ്കിലും 1770-ൽ നിരണത്തു വച്ച് പരദേശ മെത്രാന്മാരായ മാർ ഗ്രിഗോറിയോസും മാർ ഈവാനിയോസും (ചെങ്ങന്നൂരിൽ താമസമാക്കിയ) ചേർന്ന് ആറാം മാർത്തോമ്മായെ പുനരഭിഷേകം ചെയ്യുകയും ദിവന്നാസ്യോസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അങ്ങനെ മലങ്കര സഭാ നേത്യത്വത്തിന് മാർത്തോമ്മാ എന്ന സ്ഥാനത്തിനു പകരം മാർ ദിവന്നാസ്യോസ് എന്ന നാമം വന്നു ചേർന്നു. ഇതിനു ശേഷം, 1894-ൽ തീത്തൂസ് മാർത്തോമ്മായുടെ സ്ഥാനാഭിഷേകത്തോടു കൂടിയാണ് മലങ്കരയിൽ മാർത്തോമ്മാ എന്ന സ്ഥാനപ്പേര് പുനസ്ഥാപിക്കപ്പെടുന്നത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ് .
ആറാം മാർത്തോമ്മായുടെ ഭരണ കാലഘട്ടം മലങ്കരസഭ വളരെ ചരിത്രപ്രാധാന്യമുള്ള പല സംഭവങ്ങൾക്കും സാക്ഷിയായി. അവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുത്തിരിക്കുന്നു
10.1 മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ തുടക്കം
ഇക്കാലത്തെ പ്രധാന സംഭവങ്ങളിൽ ഒന്നാണ് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആപൽഘട്ടങ്ങളിൽ യാതൊരു പ്രതിഫലവും കൂടാതെ സഹായഹസ്തങ്ങൾ നീട്ടിയ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആരംഭം. 1750 തിനോടടുപ്പിച്ച് ഇവിടെ ഉണ്ടായിരുന്ന മാർ ഈവാനിയോസ് എന്ന വിദേശ മെത്രാൻ (1748 ൽ മലങ്കരയിൽ എത്തി 1751 ൽ ഇവിടെ നിന്നും തിരിച്ചയക്കപ്പെട്ട) മുളന്തുരുത്തിയിൽ താമസിച്ച് ശെമ്മാശന്മാരെ സുറിയാനി പഠിപ്പിച്ചിരുന്ന കാലം, സഹോദരന്മാരായ മുളന്തുരുത്തി കാട്ടുമങ്ങാട്ടു അബ്രഹാമും ഗീവർഗീസും, വിദ്യാർത്ഥികൾ തെറ്റി ചൊല്ലിയ ഒരു ഗീതം ശരിയായ രീതിയിൽ കാട്ടുമങ്ങാട്ടു ബാലന്മാർ ചൊല്ലിക്കൊടുത്തു. ഇതറിഞ്ഞ് മാർ ഈവാനിയോസ് സന്തുഷ്ടനാകുകയും പഠിത്തത്തിലുള്ള ശുഷ്കാന്തിയും ബുദ്ധി സാമർത്ഥ്യവും കണ്ട് ഇവർക്ക് മാർ ഈവാനിയോസ് ശെമ്മാശ് പട്ടവും കശീശ്ശാപട്ടവും നൽകി. ഇതിൽ അബ്രഹാം കശീശ്ശക്ക് പിന്നീട് റമ്പാൻ സ്ഥാനം നൽകുകയുണ്ടായി. ഏകദേശം 1770- നോടടുപ്പിച്ച് ഇവിടെയുണ്ടായിരുന്ന മാർ ഗ്രിഗോറിയോസ് എന്ന വിദേശ മെത്രാനെ കായംകുളത്തു ചെന്നു സന്ദർശിക്കാൻ കാട്ടുമങ്ങാട്ടു അബ്രഹാം റമ്പാനു സംഗതിയായി. ക്ഷീണിതനായി കണ്ട് ഗ്രിഗോറിയോസ് മെത്രാനെ മുളന്തുരുത്തിയിൽ കൊണ്ടുപോയി അബ്രഹാം റമ്പാൻ വേണ്ട ശുശ്രൂഷകൾ ചെയ്തു. ഏകദേശം 1772-ൽ മാർ ഗ്രിഗോറിയോസ് അബ്രഹാം റമ്പാനെ ആറാം മാർത്തോമ്മായുടെ അനുമതിയോ അറിവോ കൂടാതെ അബ്രഹാം മാർ കൂറിലോസ് എന്ന പേരിൽ മെത്രാനായി അഭിഷേകം ചെയ്തു. തന്റെ അംഗീകാരത്തോടെ അല്ലാതെയുള്ള ഈ സ്ഥാനാഭിഷേകം ആറാം മാർത്തോമ്മായെ പ്രകോപിപ്പിക്കുകയും തിരുവിതാംകൂർ - കൊച്ചി രാജാക്കന്മാരുടെയും ഡച്ചു ഗവർണറുടെയും സഹായത്തോടുകൂടി അബ്രഹാം മാർ കൂറിലോസിനെതിരെ കരുക്കൾ നീക്കി. എതിർപ്പുകളുടെ മധ്യേ പിടിച്ചുനിൽക്കുവാൻ കഴിയാതെ മാർ കൂറിലോസ് ബ്രിട്ടിഷ് മലബാറിലെ ആഞ്ഞൂർ എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയും അവിടെ ഒരു സ്വതന്ത്ര സുറിയാനി സഭയ്ക്ക് ജന്മമേകുകയും ചെയ്തു.
10.2 മിഷനറിമാരുടെ സന്ദർശനവും മലയാളത്തിലേക്കുള്ള വേദപുസ്തകത്തിന്റെ പരിഭാഷയും
മാർത്തോമ്മാ ആറാമന്റെ കാലത്ത് പ്രാധാന്യമർഹിക്കുന്ന മറ്റൊരു സംഭവമായിരുന്നു ആംഗ്ലേയ മിഷനിമാരുടെ മലങ്കരയിലേക്കുള്ള സന്ദർശനം. 1805-ൽ മലബാർ സഭയുടെ സ്ഥിതിഗതികൾ അറിയുവാൻ മദ്രാസ് ഗവർണറായ ലോർഡ് വില്യം ബെന്റിക് നിയോഗിച്ച മദ്രാസിലെ സീനിയർ ചാപ്റ്റനായ ഡോ, കേർ മാർത്തോമ്മാ ആറാമനെ സന്ദർശിച്ചു. ഡോ. കേറിന്റെ സന്ദർശനാനന്തരം അധിക കാലതാമസം കൂടാതെ, 1806-ൽ കൽക്കട്ടയിലെ ഫോർട്ട് വില്യം കോളജിലെ വൈസ് പ്രിൻസിപ്പാൾ ഡോ. ക്ലോഡിയസ് ബുക്കാനനും ആറാം മാർത്തോമ്മായെ സന്ദർശിച്ചു. ആദ്യ കൂടികാഴ്ചയിൽ തന്നെ വി. വേദപുസ്തകം മലയാളത്തിലേക്കുള്ള വിവർത്തനം എന്ന ആശയം ബുക്കാനൻ മാർത്തോമ്മായെ അറിയിച്ചു. താമസംവിനാ, 1807 - ൽ ബുക്കാനന്റെ അടുത്ത സന്ദർശന വേളയിൽ പുതിയനിയമം നാലു സുവിശേഷങ്ങളുടെ മലയാള തർജിമയും അതുകൂടാതെ വി. തിരുവെഴുത്തുകളുടെ ഒരു അതിവിശിഷ്ട സുറിയാനി കൈയ്യെഴുത്ത് പ്രതിയും ബുക്കാനന് "ലണ്ടൻ ഇതിനെ ഒരായിരം സംവത്സരം സംരക്ഷിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു". എന്ന് ആശംസിച്ചുകൊണ്ട് ബുക്കാനന് സമ്മാനിച്ചു. ബുക്കാനൻ ഈ മലയാള പരിഭാഷ പിന്നീട് അച്ചടിച്ച് 1811-ൽ (എട്ടാം മാർത്തോമ്മായുടെ കാലത്ത്) പ്രഥമ മലയാള വേദപുസ്തകം മലങ്കര സഭയ്ക്ക് സമ്മാനിച്ചു.
ഈ വേദപുസ്തക പരിഭാഷയെപ്പറ്റി കോവൂർ ഐപ്പ് തോമ്മാ കത്തനാർ മലങ്കര സഭാതാരകയിൽ എഴുതിയ വാചകങ്ങൾ ശ്രദ്ധേയമാണ്. ”വേദപുസ്തകം അച്ചടിച്ചതു ആദ്യം കണ്ടപ്പോൾ നമ്മുടെ പൂർവികന്മാർക്കുണ്ടായ സന്തോഷം വർണ്ണിക്കാവതല്ല……...ഇങ്ങനെ മാർ ദിവന്നാസ്യോസിന്റെ കാലത്ത് നവീകരണത്തിന് അടിസ്ഥാനക്കല്ല് ഇട്ടു”. മലങ്കരയിൽ അബ്രഹാം മൽപ്പാൻ മുതലായവരുടെ ശുചീകരണത്തിൻ്റെ തിരിനാളങ്ങൾ ആറാം മാർത്തോമ്മായുടെ കാലം മുതലേ കത്തി തുടങ്ങിയിരുന്നു എന്നത് സ്പഷ്ടം.
10.3. വട്ടിപ്പണം
പിൽക്കാലത്ത് വർഷങ്ങളോളം കോടതി വ്യവഹാരങ്ങൾ നടന്ന വട്ടിപ്പണത്തിന്റെ തുടക്കമായിരുന്നു ഈ കാലഘട്ടത്തിലെ വേറൊരു പ്രധാന സംഗതി. സമുദായത്തിന്റെ ആത്മീക ഉന്നമനത്തിനു വേണ്ടി ആറാം മാർത്തോമ്മയ്ക്ക് വിനിയോഗിക്കുന്നതിനു വേണ്ടി 10500 രൂപക്കു സമമായ 3000 പൂവരാഹൻ ബ്രിട്ടീഷ് ഗവൺമെന്റിൽ എട്ടുശതമാനം സ്ഥിരമായി വട്ടിക്കു (പലിശ) ഇട്ട പലിശതുകയാണ് വട്ടിപ്പണം എന്നറിയപ്പെടുന്നത്. ഈ പണത്തെപ്പറ്റി, അതു മദ്രാസ് ഗവൺമെന്റിന്റെ ദാനമായിരുന്നുവെന്നും അല്ലാ ചില വസ്തു വകകൾ വിറ്റതിൽ നിന്ന് ലഭിച്ച് പണം ബ്രിട്ടീഷ് റസിഡണ്ട് കേണൽ മെക്കാളെ മെത്രാന്റെ പേരിൽ നിക്ഷേപിച്ചതാണെന്നും അതുമല്ല റസിഡന്റിന്റെ ഭണ്ഡാരം രാജ്യത്തെ അന്തഃഛിദ്രം കൊണ്ടു ശോഷിച്ചിരുന്ന കാലത്ത് റസിഡന്റ് സുറിയാനി മെത്രാപ്പോലീത്തായോട് കടം വാങ്ങിയിരുന്നത് അവരുടെ സമുദായ ക്ഷേമത്തിനായി വട്ടിക്കിട്ടതാണെന്നും പല അഭിപ്രായമുണ്ട്. ഇതിന്റെ ഉദ്ദേശ്യവും ഉത്ഭവവും എന്ത് തന്നെയായിരുന്നാലും മലങ്കര സഭയെ അനേക വർഷങ്ങൾ കോടതി വ്യവഹാരങ്ങളിലൂടെ നടത്തിയ ഒരു സംഗതിയായിരുന്നു ഇതെന്നതിൽ സംശയമില്ല.
ഡോ. ബുക്കാനൻ 1809 ഫെബ്രുവരി 26- ന് ഇംഗ്ലണ്ടിൽ ബ്രിസ്റ്റലിലെ സെന്റ് ജയിംസ് ദൈവാലയത്തിൽ ചെയ്ത പ്രസംഗത്തിലെ, മാർത്തോമ്മ ആറാമന്റെ കാലത്തെ മലങ്കര സഭയുടെ സ്ഥിതിയെപ്പറ്റിയുള്ള, താഴെ പറയുന്ന വാചകങ്ങൾ പ്രത്യേകം പ്രസ്താവ്യമാണ്. "അവർ മോശ കണ്ട മുൾപ്പടർപ്പ് പോലെ കത്തിജ്വലിക്കുന്നതും എന്നാൽ ദഹിപ്പിക്കാത്തതുമായ അഗ്നിജ്വാലയുള്ളവർ, അവിശ്വാസികളും വിഗ്രഹാരാധനക്കാരും ആയവരാൽ ചുറ്റപ്പെട്ടവരും അവരാൽ ഭരിക്കപ്പെടുന്നവരും എന്നിട്ടും നശിക്കപ്പെടാതെയും ആയിട്ടുള്ളവർ ആകുന്നു. കളങ്കമില്ലാത്ത കലർപ്പില്ലാത്ത ദൈവവചനം അവിടെ അവരുടെ കൈവശം ഉണ്ട്. നമ്മുടെ രക്ഷകൻ യെരുശലേം വീഥികളിൽ സംസാരിച്ച അതേഭാഷ അവർ അവരുടെ ദൈവാലയങ്ങളിൽ ഉപയോഗിക്കുന്നു. ദൈവത്തിന്റെ ശുശ്രൂഷകൾക്കായിട്ടു വേർതിരിക്കപ്പെട്ട യഥാർത്ഥത്തിലുള്ള ഒരു ക്രിസ്തുസഭയെ അവരിൽ കൂടെ കാണാൻ കഴിയും".
ഏഴ് മുതൽ ഒൻപത് വരെയുള്ള മാർത്തോമ്മാമാരുടെ കാലഘട്ടം (AD 1808 –1816).
ആറാം മാർത്തോമ്മായുടെ കാലത്തു തന്നെ തന്റെ സഹായിയായി നിയമിക്കപ്പെട്ടിരുന്ന ഏഴാം മാർത്തോമ്മാ 1808-ൽ ആറാം മാർത്തോമ്മായുടെ നിര്യാണത്തോടെ മലങ്കര സഭയുടെ സാരഥ്യം ഏറ്റെടുത്തു. എന്നാൽ ചുരുങ്ങിയ ഒരു വർഷക്കാലം മാത്രമേ അദ്ദേഹത്തിന് മലങ്കര സഭയുടെ നേതൃത്വം ഏറ്റെടുക്കുവാൻ സാധിച്ചുള്ളു. തുടർന്ന് മലങ്കര സഭയുടെ നേതൃത്വം എട്ടാം മാർത്തോമ്മാ ഏറ്റെടുത്തു എന്നാൽ ഏഴാം മാർത്തോമ്മാ തന്റെ മരണാവസ്ഥയിൽ ധൃതഗതിയിൽ സഭാ ജനങ്ങളോടും പട്ടക്കാരോടും ആലോചിക്കാതെ ചെയ്ത മെത്രാഭിഷേകം ആയതിനാൽ എട്ടാം മാർത്തോമ്മായുടെ ഭരണതുടക്കത്തിൽ തന്റെ പട്ടംകൊട സംബന്ധിച്ച് ചില തർക്കങ്ങൾ ഉടലെടുത്തു. എന്നാൽ അധിക ദിവസങ്ങൾ കഴിയുന്നതിനു മുൻപ് തന്നെ കണ്ടനാട്ടു കൂടിയ 54 പള്ളികളുടെ പ്രതിനിധികളുടെ യോഗം എട്ടാം മാർത്തോമ്മായുടെ സ്ഥാനം ഔപചാരികമായി അംഗീകരിച്ചു. ഇതുകൂടാതെ വട്ടിപ്പണത്തിന്റെ പലിശയായി ലഭിക്കുന്ന പണംകൊണ്ട് ഒരു പഠിത്തവീട് (സെമിനാരി) സ്ഥാപിക്കുവാനും, മലങ്കര സഭയിലെ ആരാധനാ നടപടികൾക്ക് ഒരു മാർഗ്ഗരേഖയായി പതിനൊന്ന് സംഗതികൾ “കണ്ടനാട് പടിയോല" എന്ന പേരിൽ വിശദമായി എഴുതി ക്രമപ്പെടുത്തുവാനും ഉള്ള തീരുമാനങ്ങൾ കൈക്കൊണ്ടു. എട്ടാം മാർത്തോമ്മാ തന്റെ അനുയായി പിതൃസഹോദരനെ ഒൻപതാം മാർത്തോമ്മായായി വാഴിച്ചിരുന്നുവെങ്കിലും വേണ്ടത്ര ആലോചന ഇല്ലാതെ നടത്തിയ പട്ടംകൊടയായതിനാൽ അദ്ദേഹത്തിന് മെത്രാന്റെ ചുമതലകൾ വേണ്ടപോലെ നിർവഹിക്കുവാൻ സാദ്ധ്യമല്ലാതെയായി. അതിനാൽ തർക്കങ്ങളിൽ നിന്നുമെല്ലാം ഒഴിഞ്ഞ് ശിഷ്ടകാലം ഒൻപതാം മാർത്തോമ്മാ സ്വദേശമായ കടമറ്റം പള്ളിയിൽ കഴിഞ്ഞു കൂടി.
പത്താം മാർത്തോമ്മായും സെമിനാരി സ്ഥാപനവും (AD 1816).
ഒൻപതാം മാർത്തോമ്മായ്ക്ക് ചുമതലകൾ നിർവഹിക്കാൻ സാധിക്കാതെ വന്നതു കാരണം, 1816 ൽ തൊഴിയൂർ സഭയുടെ ഗീവർഗീസ് മാർ പീലക്സിനോസ് രണ്ടാമൻ പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാനെ, ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ എന്ന നാമധേയത്തിൽ പത്താം മാർത്തോമ്മായായി വാഴിച്ചു. ഈ ഇട്ടൂപ്പ് റമ്പാൻ മെത്രാനാകുന്നതിന് മുൻപു തന്നെ കണ്ടനാട് യോഗത്തിൽ എടുത്ത തീരുമാനപ്രകാരം ഒരു സെമിനാരി സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് മുൻകൈ എടുത്ത് പ്രവർത്തിച്ചു. 1809 മുതൽ 1813 വരെ മുടങ്ങിക്കിടന്ന വട്ടിപ്പണ പലിശ കേണൽ മൺറോയുടെ സഹായത്തോടുകൂടി ഇട്ടൂപ്പ് റമ്പാൻ സെമിനാരി നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്വീകരിക്കുകയും 1813-ൽ കോട്ടയത്ത് സെമിനാരിക്ക് കല്ലിട്ടു പണി ആരംഭിക്കുകയും ചെയ്തു. തുടർന്ന് 1815 മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഇട്ടൂപ്പ് റമ്പാന്റെ നേതൃത്വത്തിൽ സെമിനാരിയിൽ വിദ്യാഭ്യാസം ആരംഭിച്ചു. കേരളത്തിലെ നാലുകെട്ടു മാതൃകയിൽ പണിതിരിക്കുന്ന മനോഹരമായ ഈ കെട്ടിടം അക്കാലത്തെ നിർമ്മാണ വൈദഗ്ധ്യത്തിനു ഉത്തമ മാതൃകയാണ്.
പതിനൊന്നാം മാർത്തോമ്മായും ചർച്ച് മിഷനറി സൊസെറ്റിയുടെ (CMS) ആഗമനവും
പത്താം മാർത്തോമ്മായുടെ ആകസ്മികമായ നിര്യാണം മലങ്കരസഭയ്ക്ക് വൈധവ്യത്തിന്റെ നാളുകൾ സമ്മാനിച്ചു. എന്നാൽ ഈ ദുഃഖാവസ്ഥയിൽ, തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭയുടെ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് രണ്ടാമൻ മലങ്കര സഭയുടെ അപേക്ഷ സ്വീകരിക്കുകയും ഏകദേശം പതിനൊന്ന് മാസക്കാലം മലങ്കര മെത്രാപ്പൊലീത്ത സ്ഥാനം വഹിക്കുകയും ചെയ്തു. തുടർന്ന് പുന്നത്ര കുര്യൻ കത്തനാരെ 1817 നവംബറിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് മൂന്നാമൻ എന്ന പേരിൽ പതിനൊന്നാം മാർത്തോമ്മാ മെത്രാനായി മാർ പീലക്സിനോസ് വാഴിച്ചു. തുടർന്ന് മാർ പീലക്സിനോസ് മലങ്കര സഭയുടെ സാരഥ്യം ഒഴിഞ്ഞ് തൊഴിയൂരിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.
ഈ കാലത്തുണ്ടായ പ്രധാനമായ സംഗതിയാണ് കേരളത്തിലേയ്ക്കുള്ള ചർച്ച് മിഷനറി സൊസൈറ്റിയിലെ മിഷനറിമാരുടെ ആഗമനം. 1816 - 1818 കാലഘട്ടത്തിൽ ഇവിടെ വന്ന ബഞ്ചമിൻ ബെയലി, ജോസഫ് ഫെൻ, ഹെൻട്രി ബേക്കർ എന്നിവർക്ക് വളരെ സൗഹാർദ്ദ പൂർവ്വമായ സമീപനമാണ് പതിനൊന്നാം മാർത്തോമ്മായിൽ നിന്ന് ലഭിച്ചത്. അവരിൽ ഒരാൾ മെത്രാപ്പൊലീത്തായൊടൊപ്പം കൂട്ടു മാനേജരായി സെമിനാരിയിൽ പ്രവേശിക്കുകയും, മറ്റൊരാൾ ഇടവകകൾ തോറും വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ഏർപ്പെടുകയും മെത്രാപ്പോലീത്തയായോടൊപ്പം വി. വേദപുസ്തകം ആദിയായ വൈദിക ഗ്രന്ഥങ്ങൾ ഭാഷാന്തരം ചെയ്യുവാൻ ആരംഭിക്കുകയും ചെയ്തു.
മാവേലിക്കര യോഗവും (AD 1818) സഭാ ശുചീകരണ പ്രവർത്തനങ്ങളുടെ തുടക്കവും
മിഷനറിമാർ സഭയിൽ അക്കാലത്ത് നിലനിന്നിരുന്ന ചില അനാചാരങ്ങളെപ്പറ്റിയും അവ നീക്കം ചെയ്യുന്നതിലേക്കുമായി പല പഠിപ്പിക്കലുകളും നടത്തുകയുണ്ടായി. ഇവയെപ്പറ്റി ചർച്ച ചെയ്യുന്നതിന് ദിവന്നാസ്യോസ് മൂന്നാമന്റെ അദ്ധ്യക്ഷതയിൽ 1818 ഡിസംബർ മാസം മാവേലിക്കരയിൽ പള്ളിപ്രതിനിധികളുടെ ഒരു യോഗം കൂടുകയുണ്ടായി. 40 പട്ടക്കാരും ഏകദേശം 700 അൽമായരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. മലങ്കര സഭയിൽ കടന്നുകൂടിയ തെറ്റായ വിശ്വാസങ്ങളെയും ആചാരങ്ങളയും കുറിച്ച് മിഷനറിയായി വന്ന റവ. ഫെന്നിനെ പ്രസംഗിക്കുവാൻ അനുവദിച്ചു. ഈ നിർദ്ദേശങ്ങളെ അപ്പാടെ അനുസരിക്കത്തക്ക വിധത്തിൽ സഭ അപ്പോൾ സജ്ജമായിരുന്നില്ല. എന്നാൽ ചില തിരുത്തലുകൾ ആവശ്യമെന്ന് ദിവന്നാസ്യോസ് മൂന്നാമന് ബോധ്യമാകയാൽ റവ. ഫെൻ ഉന്നയിച്ച കാര്യങ്ങളുടെ പഠനത്തിനും ചർച്ചയ്ക്കുമായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. പ്രസ്തുത കമ്മറ്റിയിൽ പാലക്കുന്നത്ത് അബ്രഹാം മൽപ്പാൻ, കൈതയിൽ ഗീവർഗ്ഗീസ് മൽപ്പാൻ, എരുത്തിക്കൽ മർക്കോസ് കത്തനാർ, അടങ്ങപ്പുറത്ത് യോസേഫ് കത്തനാർ, എന്നിവരുൾപ്പെടെ പന്ത്രണ്ടുപേർ അംഗങ്ങളായിരുന്നു. ഈ കമ്മിറ്റിയുടെ ചർച്ചകളുടെ ഫലമായി ഉരിത്തിരിഞ്ഞതാണ് മലങ്കരയിൽ പിന്നീടുള്ള വർഷങ്ങളിൽ പാലക്കുന്നത്ത് അബ്രഹാം മൽപ്പാന്റെയും കൈതയിൽ ഗീവർഗ്ഗീസ് മൽപ്പാന്റെയും നേതൃത്വത്തിൽ ശക്തി പ്രാപിച്ച മലങ്കരയിലെ ശുചീകരണ പ്രസ്ഥാനം.
മലങ്കരയിലെ ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ച
ദിവന്നാസ്യോസ് മൂന്നാമന്റെ ആകസ്മികമായ വേർപാട് ഒരിക്കൽ കൂടി മലങ്കര സഭയ്ക്ക് വൈധവ്യം സമ്മാനിച്ചു. എന്നാൽ വീണ്ടും തൊഴിയൂർ സഭയുടെ ഗീവർഗീസ് മാർ പീലക്സിനോസ് രണ്ടാമൻ ചേപ്പാട്ട് ആഞ്ഞിലിമൂട്ടിൽ ഫിലിപ്പോസ് കത്തനാരെ 1825 ആഗസ്റ്റ് മാസം കോട്ടയം ചെറിയ പളളിയിൽ വച്ച് ദിവന്നാസ്യോസ് നാലാമൻ എന്ന പേരിൽ പന്ത്രണ്ടാം മാർത്തോമ്മായായി വാഴിച്ചു. എന്നാൽ ദിവന്നാസ്യോസ് നാലാമൻ ശുചീകരണ നടപടികളോട് തന്റെ പിൻഗാമികൾ കാണിച്ച രീതിയിലുള്ള താൽപര്യം കാണിച്ചില്ല. പിന്നീടുള്ള ശുചീകരണ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാൻ ഇവിടെ നടന്ന ചില സംഭവങ്ങൾ കൂടി മനസ്സിലാക്കണം.
15.1 പാലക്കുന്നത്ത് അബ്രഹാം മൽപ്പാന്റെ പുനർ പട്ടത്വം.
ദിവന്നാസ്യോസ് നാലാമന്റെ സ്ഥാനാഭിഷേകത്തിനു ഏതാനും മാസങ്ങൾക്കുള്ളിൽ 1825-ൽ തന്നെ അന്തോഖ്യയിൽ നിന്ന് മാർ അത്തനാസ്യോസ് അബ്ദേദ് മ്ശിഹാ എന്ന മെത്രാൻ ഇവിടെയെത്തി. തനിക്ക് പട്ടം നൽകിയ എട്ടാം മാർത്തോമ്മായുടെ കൈവയ്പ്പിന്റെ സാധുതയിൽ സംശയം ഉണ്ടായിരുന്ന അബ്രഹാം മൽപ്പാൻ തന്റെ പട്ടത്വത്തിന്റെ കുറവ് നികത്തുവാൻ മാർ അത്താനാസ്യോസിൽ നിന്നും വീണ്ടും പട്ടമേറ്റു. ദിവന്നാസ്യോസ് നാലാമന്റെ അനുവാദമില്ലാതെയുള്ള ഈ പുനർ പട്ടംകൊട അദ്ദേഹത്തെ ചൊടിപ്പിക്കുകയും ഗവൺമെന്റിന്റെ സഹായത്തോടെ അബ്രഹാം മൽപ്പാനെ ജയിലടയ്ക്കുകയും ചെയ്തു. എന്നാൽ, ജയിൽ മോചിതനായ മൽപാൻ വീണ്ടും സെമിനാരിയിൽ അധ്യാപനം തുടർന്നു.
15.2 മിഷനറിമാരുടെ അതിരു കടന്ന പ്രവർത്തനങ്ങൾ
1816-18 കാലഘട്ടത്തിൽ മലങ്കരയിൽ എത്തിയ ബയലി, ഫെൻ, ബേക്കർ എന്നീ മിഷനറിമാർ ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോയ ശേഷം ഇവിടെ വന്ന ജോസഫ് പീറ്റിന്റെ പ്രവർത്തന ശൈലി തന്റെ മുൻഗാമികളിൽ നിന്നും വ്യതസ്തമായിരുന്നു. മലങ്കരസഭ ധൃതഗതിയിൽ പുനരുദ്ധരിക്കപ്പെടണം എന്ന രീതിയിൽ കാര്യങ്ങൾ ആലോചിച്ചുതുടങ്ങി. ഇത് വിശ്വാസ സമൂഹത്ത ചൊടിപ്പിച്ചു. 1832-ൽ ജോസഫ് പീറ്റ് സെമിനാരിയുടെ ചുമതല ഏറ്റെടുത്തു. മിഷനറിമാർ സെമിനാരിയുടെ പൂട്ട് പൊളിച്ചു പ്രമാണങ്ങൾ എടുത്തു. ആംഗ്ലിക്കൻ ആരാധന ക്രമങ്ങൾ ഉപയോഗിച്ച് സെമിനാരിയിൽ ആരാധന ആരംഭിച്ചു. വട്ടിപ്പണത്തിന്റെ പലിശ വാങ്ങി ദിവന്നാസ്യോസ് നാലാമന്റെ അനുമതി ഇല്ലാതെ ചെലവാക്കി. ഇങ്ങനെയുള്ള കാര്യങ്ങൾ മാർ ദിവന്നാസ്യോസ് നാലാമന് അനിഷ്ടമായി.
15.3 അനുരജ്ഞന ശ്രമങ്ങൾ
ഇതിനിടെ ചില അനുരജ്ഞന ശ്രമങ്ങൾ നടന്നു. 1835-ൽ കൽക്കട്ടയിലെ ആംഗ്ലിക്കൻ ബിഷപ്പായിരുന്ന ഡാനിയേൽ വിൽസൻ മാർ ദിവന്നാസ്യോസ് നാലാമനെയും മറ്റും കണ്ട് മിഷനറിമാരും മലങ്കര സഭയും തമ്മിലുള്ള ഐക്യം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമം നടത്തി. കോട്ടയത്തു വച്ചു നടത്തിയ ഈ കൂടിക്കാഴ്ചയിൽ മേലാൽ സെമിനാരിയിൽ പഠിച്ചവർക്കു മാത്രമേ പട്ടം കൊടുക്കാവൂ. ഇടവകകളുടെ കണക്ക് ബ്രിട്ടീഷ് റസിഡണ്ടിന് അയച്ചു കൊടുക്കണം. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണം, മലയാള ഭാഷയിൽ വേദപുസ്തകം പഠിപ്പിക്കണം, നമസ്കാരങ്ങൾ പൊരുൾ തിരിച്ച് സുറിയാനി അറിയാത്തവർക്കു പറഞ്ഞു കൊടുക്കണം തുടങ്ങിയ വ്യവസ്ഥകൾ ഉണ്ടാക്കണമെന്ന് തീരുമാനിച്ചു.
മാവേലിക്കര പടിയോലയും (AD 1836) മലങ്കര - ആംഗ്ലേയ ബന്ധത്തിൽ വന്ന അകൽച്ചയും ((AD 1840)
ബിഷപ്പ് വിൽസൻ ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യുവാനായി മാർ ദിവന്നാസ്യോസ് നാലാമൻ 1836 ജനുവരി മാസം മാവേലിക്കര പുതിയകാവു പള്ളിയിൽ മലങ്കര സഭയുടെ ഒരു സുന്നഹദോസ് വിളിച്ചു കൂട്ടി. അവിടെ എടുത്ത തീരുമാനങ്ങൾ 'മാവേലിക്കര പടിയോല' എന്നറിയപ്പെടുന്നു. മലങ്കരയിലെ യാക്കോബായ സുറിയാനിക്കാർ അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ വാഴ്ചയ്ക്കു കീഴ്പ്പെട്ടവരാണെന്നും അദ്ദേഹത്താൽ ക്രമങ്ങൾ, ചട്ടങ്ങൾ എന്നിവ ഉള്ളവരുമാകുന്നുവെന്നും ഇവ കൂടാതെ മറ്റൊന്നും സ്വീകാര്യമല്ല എന്ന രീതിയിലുള്ള തിരുമാനങ്ങളാണ് പ്രസ്തുത സുന്നഹദോസ് കൈക്കൊണ്ടത്. ഈ തീരുമാനങ്ങളും ദിവന്നാസ്യോസ് നാലാമന്റെ കല്പനയും കൊണ്ട് മിഷനറിമാർക്ക് ഇടവകകളിൽ സന്ദർശിക്കുന്നതിനോ സഹകരിച്ചു പ്രവർത്തിക്കുന്നതിനോ നിവൃത്തിയില്ലാതെയായി. തുടർന്ന് 1840-ൽ കൊച്ചിയിൽ ഉണ്ടായ പഞ്ചായത്ത് തീർപ്പ് പ്രകാരം മലങ്കര ക്രിസ്ത്യാനികളും മിഷനറിമാരും തമ്മിൽ സ്വത്തുക്കൾ വിഭജിച്ചു. അതോടുകൂടി മിഷനറിമാരുമായുള്ള ബന്ധത്തിനു ഒരു തൽക്കാല വിരാമമായി.
ശുചീകരണക്കാരുടെ നിവേദന സമർപ്പണം (AD 1836)
മാവേലിക്കര പടിയോല യോഗത്തിൽ പാലക്കുന്നത്ത് അബ്രഹാം മല്പാൻ പങ്കെടുത്തിരുന്നില്ല. 1818-ൽ പതിനൊന്നാം മാർത്തോമ്മായുടെ കാലത്തു രൂപികരിച്ച ശുചീകരണ കമ്മറ്റിയുടെ പ്രവർത്തനങ്ങളുമായി അബ്രഹാം മല്പാനും കൂട്ടരും മുൻപോട്ടു പോയി. എന്നാൽ ഈ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് മാർ ദിവന്നാസ്യോസ് നാലാമൻ വേണ്ടത്ര പ്രോൽസാഹനം നൽകിയില്ല. എന്നാൽ മിഷനറിമാരുമായി പൂർണ്ണമായി യോജിച്ച് പോകുവാൻ അബ്രഹാം മല്പാൻ തുനിഞ്ഞതുമില്ല. മറിച്ച് മലങ്കര സഭയുടെ ക്ഷേമത്തിനായി തനിക്കു ലഭിച്ചിരിക്കുന്ന ദർശനമനുസരിച്ചു ഉറച്ചു നിൽക്കുവാൻ അദ്ദേഹം ശ്രമിച്ചു. 1836-ൽ അബ്രഹാം മല്പാനും കൈതയിൽ ഗിവർഗ്ഗീസ് മല്പാനും തുടങ്ങി പന്ത്രണ്ടു പേർ ഒപ്പിട്ട ഒരു നിവേദനം ബ്രിട്ടീഷ് റസിഡണ്ടായ ജെ. എസ്സ് ഫ്രെയിസർക്കു നൽകി. മലങ്കര സഭയുടെ അന്ത്യോഖ്യ സഭയുമായുള്ള ആത്മീയബന്ധം, സെമിനാരി സ്ഥാപനത്തിന്റെ പശ്ചാത്തലം, മാർ ദിവന്നാസ്യോസിനെതിരെയുള്ള ആരോപണങ്ങൾ, വേദപുസ്തകത്തിനും കാനോന്റെയും അടിസ്ഥാനത്താൽ സഭാകാര്യങ്ങൾ നിർവഹിക്കുന്നതിന് തൊഴിയൂർ സഭയുടെ മെത്രാനെ വിളിച്ചുവരുത്തി മലങ്കരസഭയെ രക്ഷിക്കുക തുടങ്ങിയവ ആദ്യഭാഗത്തും, വേദപുസ്തകത്തിനും കാനോനും സുറിയാനിക്കാരുടെ ക്രമങ്ങൾക്കും മര്യാദയ്ക്കും വിരുദ്ധമായി മലങ്കരസഭയിൽ നിലനിൽക്കുന്ന ഇരുപത്തിനാലു കൂട്ടം അപമര്യാദകൾ രണ്ടാം ഭാഗത്തും കാണാവുന്നതാണ്. 1836 സെപ്റ്റംബർ, അതായത് കൊല്ലവർഷം 1012 ചിങ്ങം 21 ന് സമർപ്പിക്കപ്പെട്ട ഈ പ്രസ്തുത നിവേദനം 'നവീകരണ പോർക്കളത്തിലെ കാഹളം' എന്നറിയപ്പെടുന്നു.
കുർബാനയിലും മറ്റു ആരാധന ക്രമീകരണങ്ങളിലും നടത്തിയ മാറ്റങ്ങളും മാരാമണ്ണിലെ മുത്തപ്പൻ്റെ പ്രതിമ നശിപ്പിക്കലും
നിവേദന സമർപ്പണത്തോടു ചേർന്ന് നടന്ന രണ്ട് പ്രധാന സംഭവങ്ങൾ സഭാചരിത്രത്തിൽ അതിയായ പ്രാധാന്യമർഹിക്കുന്നവയാണ്. അവയിൽ ആദ്യത്തേത്, 1836-ൽ (കൊല്ലവർഷം 1012, ചിങ്ങം 15) മാരാമൺ പള്ളിയിൽ പാലക്കുന്നത്ത് അബ്രഹാം മൽപ്പാനച്ചൻ പതിനഞ്ച് നോമ്പ് വീടീയ ദിവസം വിശുദ്ധ കുർബാനയിൽ സെദറാ പ്രാർത്ഥന മലയാളത്തിൽ ചൊല്ലിയതാണ്. പ്രാർത്ഥനകൾ മലയാളത്തിൽ രേഖപ്പെടുത്തിയോ എഴുതി വെച്ചോ ആയിരുന്നില്ല ചൊല്ലിയത്; മറിച്ച് അപ്പോൾ തന്നെ സെദറാ പ്രാർത്ഥനകളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് വിശുദ്ധ കുർബാന അനുഷ്ഠിക്കുകയായിരുന്നു. ഈ കാലഘട്ടത്തിൽ കൊല്ലാട്ട് പള്ളിയിലും കൈതയിൽ ഗീവർഗ്ഗീസ് മൽപ്പാനും ഈ രീതിയിൽ മലയാളത്തിൽ വിശുദ്ധ കുർബാന അനുഷ്ഠിച്ചു. ഇതിനോടൊപ്പം, വിശുദ്ധ കുർബാന രണ്ടായി കൊടുക്കേണ്ടതാണെന്നും, കുർബാന കൈക്കൊള്ളുവാൻ ആളില്ലാത്ത സാഹചര്യത്തിൽ വിശുദ്ധ കുർബാന അനുഷ്ഠിക്കേണ്ടതില്ലെന്നുമുള്ള ആശയങ്ങൾ മൽപ്പാന്മാർ പഠിപ്പിച്ചു. കൂടാതെ, ഞായറാഴ്ച ദൈവാരാധനയ്ക്കായി വേർതിരിക്കപ്പെട്ട വിശുദ്ധ ദിവസമായി കാണണമെന്ന ദൃഢമായ ഉപദേശങ്ങൾ നൽകുകയും കുടുംബ പ്രാർത്ഥനകൾ ശക്തിപ്പെടുത്താൻ വിശ്വാസികളെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു.
രണ്ടാമത്തെ പ്രധാന സംഭവമായി കണക്കാക്കപ്പെടുന്നത്, മാരാമൺ പള്ളിയിൽ ആചരിച്ച വന്നിരുന്ന മുത്തപ്പൻ്റെ പെരുന്നാളുമായി ബന്ധപ്പെട്ടതാണ്. എല്ലാ വർഷവും കന്നി 19-ന് മാരാമൺ പള്ളിയിൽ മുത്തപ്പൻ്റെ പെരുന്നാൾ നടത്തപ്പെട്ടിരുന്നു. ഈ പെരുന്നാളിൻ്റെ തുടക്കം 1685-ൽ അന്ത്യോഖ്യയിൽ നിന്ന് വന്നു കോതമംഗലത്ത് കബറടക്കപ്പെട്ട യൽദോ മാർ ബസ്സേലിയോസ്സിൻ്റെ നാമത്തിൽ കോതമംഗലം പള്ളിയിൽ നടത്തിയിരുന്ന പെരുന്നാളായിരുന്നു. മാരാമണ്ണിലെ നെൽകൃഷിക്ക് കേടു സംഭവിച്ചപ്പോൾ, അത് പരിഹരിക്കാൻ കോതമംഗലം മുത്തപ്പൻ എന്നറിയപ്പെടുന്ന യൽദോ മാർ ബസേലിയോസ്റ്റിൻ്റെ നാമത്തിൽ അവൽ നേർച്ച നടത്തി. അതിന്റെ ഫലമായി നെല്ലിന്റെ പ്രശ്നം പരിഹാരമായെന്ന വിശ്വാസം ജനങ്ങളിൽ പ്രചരിച്ചു. ഇതോടെ മുത്തപ്പൻ ഭക്തി മാരാമണ്ണിൽ കൂടുതൽ പ്രചരിക്കുകയും, മുത്തപ്പന്റെ പെരുന്നാളിനു വലിയ പ്രാധാന്യം ലഭിക്കുകയും ചെയ്തു. കോതമംഗലത്തിലേക്കുള്ള ദൂരം കൂടിയതും യാത്രാസൗകര്യങ്ങളുടെ അഭാവവും കാരണം തീർത്ഥാടകർക്ക് നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതിനെ തുടർന്നു, മാരാമൺ പള്ളിയിൽ തന്നെ മാർ ബസ്സേലിയോസിന്റെ പ്രതിമ സ്ഥാപിച്ച് പെരുന്നാൾ കൊണ്ടാടാൻ തീരുമാനിച്ചു. ഇതോടെ മുത്തപ്പൻ്റെ പെരുന്നാൾ മാരാമണ്ണിൽ പ്രസിദ്ധമായി. ശുചീകരണ ചിന്താഗതിയുള്ള അബ്രഹാം മൽപ്പാൻ, സഭയിൽ നിലനിന്നിരുന്ന ഇത്തരം അനാവശ്യ ചടങ്ങുകൾക്കെതിരെ ശക്തമായി നിലയുറപ്പിച്ചു. ഇത് ഭാഗമാക്കി, കൊല്ലവർഷം 1012 (1836) കന്നി 18-ന് മുത്തപ്പൻ്റെ പ്രതിമ പൊട്ടക്കിണറ്റിൽ എറിഞ്ഞ് നശിപ്പിച്ചു. ഇതോടെ മാരാമൺ പള്ളിയിൽ മുത്തപ്പൻ്റെ പെരുന്നാളുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന പ്രതിമ ചട്ടവട്ടങ്ങളുമായുള്ള ആചാരങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിച്ചു.
മാർ ദിവന്നാസ്യോസ് നാലാമനുമായുള്ള അകൽച്ചയും തുടർ നടപടികളും
മൽപ്പാന്മാരുടെ മലയാളത്തിലുള്ള പ്രാർത്ഥനകളോടുകൂടിയ വിശുദ്ധ കുർബാന അനുഷ്ഠാനവും മേൽപ്പറഞ്ഞ വ്യവസ്ഥകളുടെ പ്രാവർത്തീകരണവും ഒത്ത് ചേർന്നതോടെ മലങ്കര സുറിയാനി സഭയുടെ ശുചീകരണ പ്രസ്ഥാനത്തിന് ദിശാബോധവും വ്യക്തമായ ഭാവവും കൈവന്നു. എന്നാൽ, മൽപ്പാനച്ചന്മാരുടെ ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിപ്പാൻ മാർ ദിവന്നാസ്യോസ് നാലാമൻ തയ്യാറായില്ല. തന്റെ മുൻഗാമികൾ തുടങ്ങി വച്ച ഈ ശുചീകരണ നീക്കങ്ങൾ സഭയിൽ ആവശ്യമുണ്ടോയെന്നു പോലും നോക്കാൻ മാർ ദിവന്നാസ്യോസ് നാലാമൻ മെനക്കട്ടില്ല. അബ്രഹാം മല്പാനെയും ഗീവർഗീസ് മല്പാനെയും സെമിനാരി അധ്യാപനത്തിൽ നിന്ന് മാറ്റി നിർത്തുകയും ഇവർ അഭ്യസിപ്പിച്ച ശെമ്മാശന്മാർക്ക് കശീശ്ശാ പട്ടം നൽകുകയില്ലെന്നും കല്പന പുറപ്പെടുവിക്കുകയും ചെയ്തു.
മാത്യൂസ് ശെമ്മാശന്റെ അന്ത്യോഖ്യ സന്ദർശനവും മെത്രാൻ സ്ഥാനാഭിഷേകവും (AD 1841-1843)
അബ്രഹാം മല്പാന്റെ ശിഷ്യന്മാരായ ശെമ്മാശന്മാർക്ക് കശീശ്ശാ പട്ടം കൊടുക്കരുതെന്ന് മാർ ദിവന്ന്യാസോസ് നാലാമന്റെ തീരുമാനത്തിനെതിരെ ഒരു പരിഹാരം കണ്ടു പിടിക്കേണ്ടതു മല്പാനച്ചനു ആവശ്യമായി വന്നു. കൈവയ്പിലും വേദപുസ്തകത്തിലും സുറിയാനി സഭകളുടെ കാനോനുകളിലും ദൃഢമായി വിശ്വസിച്ചിരുന്ന മല്പാൻ തന്റെ ജ്യേഷ്ഠസഹോദര പുത്രനായ മാത്യൂസ് ശെമ്മാശനെ 1841-ൽ അന്ത്യോഖ്യ സുറിയാനി സഭയുടെ പാത്രയർക്കീസിന്റെ അടുക്കലേക്ക് മെത്രാൻ സ്ഥാനത്തിനായി അയച്ചു. ഈ വിവരം അറിഞ്ഞ മാർ ദിവന്നാസ്യോസ് നാലാമൻ, ശെമ്മാശൻ കുറ്റക്കാരനായതിനാൽ അദ്ദേഹത്തിനു പട്ടം കൊടുക്കരുതെന്നു കാണിച്ചു നിരവധി എഴുത്തുകൾ പാത്രിയർക്കീസിനു അയച്ചിരുന്നു. വേദപുസ്തകത്തിലും പള്ളിക്രമങ്ങളിലും ശെമ്മാശനുണ്ടായിരുന്ന അറിവും പ്രസംഗത്തിനുള്ള ചാതുര്യവും അന്നത്തെ പാത്രിയർക്കീസായ ഏലിയാസ് ദ്വിതീയൻ ബാവായ്ക്ക് നന്നേ ഇഷ്ടപ്പെട്ടു. എതിർപ്പുകൾ വകവയ്ക്കാതെ ബാവാ ശെമ്മാശനെ ഒരിക്കൽ കൂടി ശെമ്മാശനായും, കശീശ്ശായായും, റമ്പാനായും, മാത്യൂസ് മാർ അത്താനാസ്യോസ് എന്ന പേരിൽ മെത്രാപ്പോലീത്തായായും വാഴിച്ചു സ്ഥാത്തിക്കോനും നൽകി. തുടർന്ന് 1843-ൽ മാത്യൂസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്താ മലങ്കരയിൽ തിരിച്ചെത്തി. മാർ ദിവന്നാസ്യോസ് നാലാമനുമായി യോജിപ്പിൽ കാര്യങ്ങൾ മുൻപോട്ടു പോകാഞ്ഞതിനാൽ തന്റെ പേരിൽ തിരുവെഴുത്തു വിളംബരം നേടാനായി മാർ അത്താനാസ്യോസ് മെത്രാപ്പോലീത്താ തിരുവിതാംകൂർ രാജാവിനെ സമീപിച്ചു. എന്നാൽ രാജാവ് പെട്ടെന്ന് ചരമപ്പെട്ടതിനാൽ തിരുവെഴുത്തു വിളംബരം ഉടനെ ഉണ്ടായില്ല. ഇതിനിടെ 1845-ൽ അബ്രഹാം മല്പാൻ പരലോക പ്രാപ്തനായി. മല്പാനച്ചന്റെ മരണാനന്തരവും തിരുവെഴുത്തു വിളംബരത്തിനായുള്ള മാർ അത്താനാസ്യോസിന്റെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു.
രാജകീയ വിളംബരവും തുടർ സംഭവങ്ങളും (AD 1843-1852)
പാലക്കുന്നത്ത് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്തായെപ്പറ്റി പാത്രിയർക്കീസിനു ലഭിച്ച പരാതികൾ അന്വേഷിക്കുന്നതിനു 1846-ൽ മലങ്കരസഭയെ ഭരിക്കുവാനുള്ള സ്ഥാത്തിക്കോനുമായി യൂയാക്കീം മാർ കൂറിലോസ് മെത്രാൻ ഇവിടെയെത്തി. തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനു മാർ കൂറിലോസ് കോഴിക്കോട് ജില്ലാ കോടതിയിൽ നടത്തിയ ശ്രമം ജില്ലാകോടതിയും അപ്പീൽ ഹൈക്കോടതിയും തള്ളി. തുടർന്ന് 1848-ൽ സർക്കാരിൽ നിന്ന് ഒരു കമ്മിഷൻ വാദങ്ങൾ കേൾക്കുവാൻ നിയോഗിക്കപ്പെട്ടു. കമ്മീഷൻ ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ടതിനുശേഷം മാർ അത്താനാസ്യോസിനെതിരെ ഉന്നയിക്കപ്പെട്ട വാദങ്ങൾ നിലനില്ക്കത്തക്കതല്ലെന്ന് പ്രഖ്യാപിക്കുകയും മാർ അത്താനാസ്യോസ് പാത്രിയർക്കീസിനാൽ മുടക്കപ്പെട്ടവനാണെന്ന് മാർ കൂറിലോസിന്റെ വാദം തള്ളിക്കളയുകയും ചെയ്തു. തുടർന്ന് 1852-ൽ മാർ അത്താനാസ്യോസിനെ മലങ്കരസഭയുടെ മെത്രാപ്പോലീത്തായായി അംഗീകരിച്ചുകൊണ്ടുള്ള തിരുവെഴുത്തു വിളംബരം തിരുവിതാംകൂർ മഹാരാജാവ് പുറപ്പെടുവിച്ചു.
മാത്യൂസ് മാർ അത്താനാസ്യോസ് മലങ്കര സഭയുടെ നേതൃത്വം ഏറ്റെടുക്കുന്നു – പതിമൂന്നാം മാർത്തോമ്മാ (AD 1852-1877)
രാജകീയ വിളംബരത്തോടു കൂടി പള്ളികളെല്ലാം മാത്യൂസ് മാർ അത്താനാസ്യോസിന്റെ അധീനതയിലായി. തുടർന്നുള്ള കാൽ നൂറ്റാണ്ട് മലങ്കര സഭാ ചരിത്രത്തിലെ മറ്റൊരു സുപ്രധാന കാലഘട്ടമായിരുന്നു. അബ്രഹാം മൽപ്പാൻ മുതലായവരുടെ ശുചീകരണ പരിഷ്കാരങ്ങൾ നടപ്പാക്കുവാൻ പലതരത്തിലുള്ള പ്രവർത്തനങ്ങൾ പാലക്കുന്നത്ത് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്താ നടത്തുകയുണ്ടായി. സഭയിൽ നിലനിന്നിരുന്ന എതിർപ്പുകൾ കാരണം കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല എങ്കിലും അവയെല്ലാം പിന്നീട് സഭാ ചരിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തി എന്നതിൽ സംശയമില്ല. വിശുദ്ധ വേദപുസ്തകം വായിക്കുവാനും പഠിക്കുവാനും വൈദികരേയും ജനങ്ങളെയും ഉപദേശിച്ചു. ഞായറാഴ്ച വിശുദ്ധ ദിവസമായി ആചരിക്കാനും ആത്മീയമായ ഉണർവ്വ് പ്രാപിക്കാനും ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ആരാധന മധ്യേ പ്രസംഗം പറയുന്ന രീതി, കുർബാന രണ്ടായി കൊടുക്കുന്ന രീതി എന്നിവ ഏർപ്പെടുത്തി, വിശുദ്ധ കുർബാന ക്രമം മലയാളത്തിൽ ചൊല്ലുവാൻ വൈദികരെ പ്രോത്സാഹിപ്പിച്ചു. പെരുന്നാൾ ദിനങ്ങളിൽ ദൈവാലയങ്ങളിൽ നടത്തി വന്ന പല ഹൈന്ദവ ആചാരങ്ങൾ നിർത്തൽ ചെയ്തു. മദ്ബഹായിൽ ഉള്ള കബറുകൾ സുറിയാനി മര്യാദയ്ക്ക് വിരുദ്ധം ആകയാൽ അവകളെ നീക്കം ചെയ്തു. തിരണ്ടു കുളി, പുല കുളി മുതലായ തദ്ദേശീയ ആചാരങ്ങൾ നിഷിദ്ധമെന്ന് പഠിപ്പിച്ചു. പള്ളിയിലെ കണക്കുകൾ രജിസ്റ്ററുകൾ മുതലായവ ക്രമമായി എഴുതി സൂക്ഷിക്കുന്നതിന് നിഷ്കർഷിച്ചു.
ക്രിസ്ത്യാനികൾക്ക് സാമൂഹികമായ സ്വാതന്ത്ര്യം നേടിയെടുക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു ഈ കാൽ നൂറ്റാണ്ടു കാലം. പള്ളിക്കൂടങ്ങൾക്ക് സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുകയും തിരുവിതാംകൂർ പ്രദേശത്ത് ഗ്രാന്റ് പള്ളിക്കൂടങ്ങൾ ഉണ്ടായതും ഈ കാലത്താണ്. കോട്ടയം സെമിനാരിയിലെ പഠിത്തം പുനർജീവിപ്പിക്കപ്പെട്ടു. സഭയുടെ ആവശ്യത്തിനായി 1856-ൽ കോട്ടയം സെമിനാരിയിൽ സെന്തോമസ് എന്ന പേരിൽ ഒരു അച്ചുകൂടം സ്ഥാപിച്ചു. ഇങ്ങനെ മലങ്കര സഭാചരിത്രത്തിലെ സഭാപരവും സാമൂഹ്യപരവുമായ അനേകം കാര്യങ്ങൾക്ക് ഈ കാൽനൂറ്റാണ്ട് സാക്ഷ്യം വഹിച്ചു.
ശുചീകരണ നീക്കങ്ങൾ എതിർക്കപ്പെടുന്നു, പുലിക്കോട്ടിൽ മാർ ദിവന്നാസ്യോസ് അഞ്ചാമന്റെ സ്ഥാനാരോഹണം (AD 1865)
ഇക്കാലമത്രയും മലങ്കരസഭയിൽ മാർ അത്താനാസ്യോസിന്റെ ശുചീകരണ പ്രസ്ഥാനങ്ങളോട് വിരോധം പ്രകടിപ്പിച്ചവർ തിരുവെഴുത്ത് വിളംബരത്തിനു ശേഷവും അദ്ദേഹത്തിനു വിധേയപ്പെട്ടിരുന്നില്ല. മാർ അത്താനാസ്യോസിനെ വിരോധിച്ചിരുന്നവർ സംഗതികൾ അവരുടെ വറുതിയിൽ വരുത്തുവാൻ ഒരു മെത്രാനെ വാഴിക്കുവാൻ തീരുമാനിച്ചു. പുലിക്കോട്ടിൽ യൗസേഫ് കശീശായെ അന്ത്യോഖ്യായിലേക്ക് അയച്ചു. അന്ത്യോഖ്യ സഭയുടെ പാത്രിയാർക്കീസ് യാക്കൂബ് ദ്വിതീയൻ ബാവ അദ്ദേഹത്തെ മാർ ദിവന്നാസ്യോസ് അഞ്ചാമൻ എന്ന പേരിൽ 1865 ജൂൺ മാസം അഭിഷേകം ചെയ്ത് സ്ഥാത്തിക്കോൻ കൊടുത്തു. മാർ ദിവന്നാസ്യോസ് അഞ്ചാമന്റെ സ്ഥാനാഭിഷേകത്തോടു കൂടി മലങ്കരസഭയിൽ ഒരേ സമയം മൂന്ന് മെത്രാന്മാരുടെ സാന്നിധ്യം ഉണ്ടായി. അന്ത്യോഖ്യായിൽ നിന്നും വന്ന് ഇവിടെ ഉണ്ടായിരുന്ന യൂയാക്കീം മാർ കുറിലോസും, മാത്യൂസ് മാർ അത്താനാസ്യോസുമായിരുന്നു മറ്റ് രണ്ടു പേർ. സ്ഥാനാഭിഷേകത്തിനു ശേഷം മലങ്കരയിൽ എത്തിയ നാൾ മുതൽ മാർ ദിവന്നാസ്യോസ് അഞ്ചാമൻ മലങ്കര സഭയുടെ മെത്രാപ്പോലീത്താ സ്ഥാനം തനിക്ക് ലഭിക്കുവാനുള്ള പരിശ്രമങ്ങൾ തുടങ്ങി.
തോമസ് മാർ അത്താനാസ്യോസിന്റെ സ്ഥാനാരോഹണം (AD 1868)
1868 ജൂൺ മാസം മാത്യൂസ് മാർ അത്താനാസ്യോസ് തനിക്കൊരു സഹായമെത്രാനെ അഭിഷേകം ചെയ്തു. കോട്ടയം പഴയ സെമിനാരിയിൽ വെച്ച് നടന്ന ഈ മെത്രാഭിഷേക ചടങ്ങിൽ അബ്രഹാം മൽപ്പാന്റെ പുത്രനായ തോമസ് കശീശായെ തന്റെ ഭരണ കാര്യങ്ങളിൽ സഹായിപ്പിനായി തോമസ് മാർ അത്താനാസ്യോസ് എന്ന പേരിൽ അഭിഷേകം ചെയ്തു. സഫ്രഗൻ എന്നസ്ഥാനം ഇതോടുകൂടി മലങ്കരയിൽ പ്രചാരത്തിലായി. ഈ മെത്രാഭിഷേകത്തിൽ മാർ ദിവന്നാസ്യോസ് അഞ്ചാമന്റെയോ അന്ത്യോഖ്യ പാത്രയർക്കിസിന്റെ അനുമതിയോ സഹായമോ വാങ്ങിയിരുന്നില്ല. തൊഴിയൂർ സഭയുടെ യൗസേഫ് മാർ കൂറിലോസ് ഈ മെത്രാഭിഷേക ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇപ്രകാരം മലങ്കരസഭ സ്വതന്ത്രമാണെന്നുള്ള നിജസ്ഥിതി തന്റെ പിൻഗാമികളെപ്പോലെ മാത്യൂസ് മാർ അത്താനാസ്യോസും സംശയം കൂടാതെ ഉറപ്പിച്ചു.
പത്രോസ് പാത്രയർക്കീസിന്റെ ആഗമനവും (AD 1875) മുളന്തുരുത്തി സുന്നഹദോസും (AD 1876)
1869-ൽ മാർ ദിവന്നാസിയോസ് അഞ്ചാമൻ മദ്രാസ് ഗവൺമെന്റിന്റെ മുമ്പാകെ തന്നെ തിരുവിതാംകൂർ, കൊച്ചി മലബാർ എന്നിവിടങ്ങളിലെ ക്രിസ്ത്യാനികൾക്ക് മെത്രാനായി പാത്രയർക്കീസ് നിയോഗിച്ചതാണെന്നും മാർ അത്താനാസ്യോസിനെ മാറ്റി തന്നെ ആ സ്ഥാനത്തിന് അർഹനാക്കണമെന്നും വാദിച്ചു. തുടർന്ന് മാർ ദിവന്നാസ്യോസ് അഞ്ചാമൻ തിരുവിതാംകൂർ - കൊച്ചി റസിഡണ്ടിനും പരാതി നൽകി. ഇതിനിടെ അന്ത്യോഖ്യയിൽ നിന്നും ഇവിടെ വന്ന യൂയാക്കിം മാർ കൂറിലോസ് കാലം ചെയ്തു. ഈ പരാതികൾക്ക് വേഗം ഫലം കാണാത്തതിനാൽ അന്ത്യോഖ്യായിൽ നിന്നും പാത്രിയർക്കീസിനെ ഇവിടെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടങ്ങി. അതിൻ ഫലമായി 1875-ൽ അന്ത്യോഖ്യ സഭയിലെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമൻ മലങ്കരയിലെത്തി. ഇതോടെ പ്രശ്നങ്ങൾ രൂക്ഷമായി. മാത്യൂസ് മാർ അത്താനാസ്യോസിനു നൽകിയ രാജകീയ വിളംബരം 1876-ൽ റദ്ദ് ചെയ്യപ്പെട്ടു. ഇനിമേൽ സഭാ തർക്കങ്ങൾ സിവിൽ കോടതി തീർപ്പു കൽപ്പിക്കേണ്ടതാണെന്നും തീരുമാനിച്ചു. എന്നാൽ മാർ അത്താനാസ്യോസിനെതിരെ ഉടനെ സിവിൽ കോടതിയിൽ പരാതിപ്പെടാൻ മാർ ദിവന്നാസ്യോസ് അഞ്ചാമനും കൂട്ടരും ശ്രമിച്ചില്ല.
തുടർന്നു പാത്രിയർക്കീസ് ബാവ 1876-ൽ മുളന്തുരുത്തിയിൽ തന്റെ അധ്യക്ഷതയിൽ ഒരു സുന്നഹദോസ് വിളിച്ചുകൂട്ടി. മലങ്കര സഭയെ അന്ത്യോഖ്യാ സഭയിലെ പാത്രിയർക്കാ സിംഹാസനത്തിന് കീഴ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട സുന്നഹദോസിൽ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ എന്ന സംഘടന രൂപീകരണം തുടങ്ങി പല പ്രധാന തീരുമാനങ്ങളും എടുത്തു.
മലങ്കര സഭയിൽ രണ്ടു കക്ഷികൾ ഉണ്ടാകുന്നു
മുളന്തുരുത്തി സുന്നഹദോസു കൂടി സഭയിൽ ഒരു പിളർപ്പ് വ്യക്തമായി, ഒരുഭാഗത്ത് പാത്രിയാർക്കീസിനെയും മാർ ദിവന്നാസ്യോസ് അഞ്ചാമനെയും അനുകൂലിച്ചവരും മറുഭാഗത്ത് മാത്യൂസ് മാർ അത്താനാസ്യോസ്, തോമസ് മാർ അത്താന്നാസ്യോസ് എന്നിവരെ അനുകൂലിച്ചവരുമായി രണ്ട് കക്ഷിക്കാർ ഉണ്ടായി. എന്നാൽ പാത്രയർക്കീസിനെ എതിർത്തവർ എന്നും മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു എന്നുള്ളത് മാത്യൂസ് മാർ അത്താനാസ്യോസ് 1877-ൽ എഴുതിയുണ്ടാക്കിയ വിൽപത്രത്തിലെ താഴെക്കാണുന്ന വാചകത്തിൽ നിന്നും വ്യക്തമാണ്. ഒന്നാം നൂറ്റാണ്ടിൽ കർത്താവിന്റെ ശിഷ്യരിൽ ഒരുവനായ തോമ്മാ ശ്ലീഹാ സ്ഥാപിച്ചതും വിദേശരാജ്യങ്ങളിലെ ഏതൊരു പുരാതന സഭകളോടു ഒപ്പം തന്നെ പുരാതനത്വം ഉള്ള മലബാറിലെ സഭയുടെ സ്വാതന്ത്ര്യം അന്യാധീനപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാതെ ഭരിക്കേണ്ടതാണ്.
തോമസ് മാർ അത്താനാസ്യോസ് മലങ്കര സഭയുടെ നേതൃത്വം ഏറ്റെടുക്കുന്നു - പതിന്നാലാം മാർത്തോമ്മാ (AD 1868 - 1893)
1877-ൽ മാത്യൂസ് മാർ അത്താനാസ്യോസ് കാലം ചെയ്തതിനെ തുടർന്ന് മാർത്തോമ്മാ മെത്രാന്മാരുടെ ശ്രേണിയിൽ പതിന്നാലാം മാർത്തോമ്മായായി പാലക്കുന്നത്തു തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്താ, തനിക്ക് ലഭിച്ച വിൽപത്രത്തിന്റെ അധികാരത്തോടു കൂടി മലങ്കര സഭയുടെ ഭരണം ഏറ്റെടുത്തു. ഏകദേശം പതിനാറു വർഷം സഭയ്ക്ക് സുധീര നേതൃത്വം നൽകിയ ഈ വന്ദ്യ പിതാവിന്റെ കാലഘട്ടം മലങ്കര സഭയുടെ ചരിത്രത്തിലെ ഏറ്റവും വൈഷമ്യകരമായ താഴെ വിവരിക്കുന്ന പല സംഭവങ്ങൾക്കും അതുപോലെ തന്നെ പ്രധാന്യമർഹിക്കുന്ന പല പുത്തൻ ചുവടുവയ്പുകൾക്കും സാക്ഷിയായി.
27.1. വൈദീക സംഘത്തിന്റെ വിജ്ഞാപനം (AD 1878)
മുളന്തുരുത്തി സുന്നഹദോസിനു ശേഷം സഭയിൽ ഉണ്ടായ പിളർപ്പ് മലങ്കര സഭയിലെ സമാധാനം നഷ്ടപ്പെടുത്തി. എന്നാൽ ധീരാത്മാവായ തോമസ് മാർ അത്തനാസ്യോസ് കാര്യങ്ങൾ ക്രമപ്പെടുത്തി മുമ്പോട്ടു പോകുന്നതിനു വൈദിക സംഘം കൂടി 1878-ൽ ഒരു വിജ്ഞാപനം ഇറങ്ങി. ഈ വിജ്ഞാപനത്തിൽ തോമസ് മാർ അത്തനാസ്യോസിനോടൊപ്പം നിന്ന് 18 വൈദികരാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിൽ സഭയുടെ പൂർവ്വ കാല ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം, സഭയിൽ കാലക്രമേണ നുഴഞ്ഞു കയറിട്ടുള്ള തെറ്റായ ഉപദേശങ്ങൾ, സഭയുടെ സത്യവിശ്വാസത്തെയും ഭരണ സ്വാതന്ത്രത്തെയും കാത്തു പാലിക്കണമെന്നുള്ള ആഹ്വാനം എന്നിവ പ്രധാന വിഷയങ്ങളായിരുന്നു.
27.2 പത്തു വർഷവും നാലു മാസവും നീണ്ടു നിന്ന സെമിനാരി കേസും മൂന്നു കോടതികളിലെ വ്യവഹാരവും (AD 1879 - 1889)
മാത്യൂസ് മാർ അത്താനാസ്യോസിനു ശേഷം അദ്ദേഹത്തിന്റെ വിൽപത്രം പ്രകാരം സകല സ്വത്തുക്കളുടെയും അവകാശി തോമസ് മാർ അത്താനാസ്യോസ് ആയിത്തീർന്നു. എന്നാൽ മാത്യൂസ് മാർ അത്താനാസ്യോസിനു ലഭിച്ചിരുന്ന രാജകീയ വിളംബരത്തിന്റെ റദ്ദാക്കലും സഭാതർക്കങ്ങൾ വ്യവസ്ഥാപിത കോടതി മുഖാന്തരം തീർപ്പു കൽപ്പിക്കേണ്ടതും ആണെന്നുള്ള തീരുമാനങ്ങൾ തർക്കങ്ങൾ കോടതി കയറുവാൻ ഇടയാക്കി. തോമസ് മാർ അത്താനാസ്യോസിന്റെ ശുചീകരണങ്ങളെ എതിർത്തു നിന്ന പുലിക്കോട്ടിൽ യൗസേഫ് മാർ ദിവന്നാസ്യോസും കൂട്ടരും 1879 - ൽ ആലപ്പുഴ ജില്ലാ സിവിൽ കോടതിയിൽ തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്താ, പുന്നത്ര ചാണ്ടപിള്ള കത്തനാർ മുതലായവരെ പ്രതി ചേർത്ത് ഒരു ഹർജി നൽകി. ഇത് സഭാ ചരിത്ര താളുകളിൽ സെമിനാരി കേസ് എന്നറിയപ്പെടുന്നു.
വ്യവഹാര വിഷയമായ സ്ഥാവര ജംഗമ വസ്തുക്കൾ സുറിയാനി ക്രിസ്ത്യാനി മേലദ്ധ്യക്ഷ ഗുരുവായ അന്ത്യോഖ്യാ പാത്രിയർക്കിസ് ബാവായുടെ ആജ്ഞയിൻ കീഴ് അതാതു കാലത്തുള്ള മെത്രാപ്പോലീത്തായുടെ അധീനത്തിലും കൈവശത്തിലും ഇരുന്നിട്ടുള്ളതാണെന്നും ഈ നടപ്പു അനുസരിച്ചു അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായിൽ നിന്ന് മെത്രാൻ സ്ഥാനം സിദ്ധിച്ച ആളായി കാലം ചെയ്ത മാർ മാത്യൂസ് മാർ അത്തന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കൈവശത്തിൽ ഈ വകകൾ ഇരുന്നിരുന്നു എന്നും അദ്ദേഹത്തിന്റെ കാലശേഷം പ്രതികൾ ന്യായരഹിതമായി അവ കൈവശം വെച്ചു കൊണ്ടിരിക്കുന്നു എന്നും വാദി അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായിൽ നിന്നും സ്ഥാനം പ്രാപിക്കുകയും സുറിയാനി അസോസിയേഷൻ പ്രസിഡന്റായി നിയമിക്കപ്പെടുകയും സുറിയാനി സഭയാൽ സമ്മതിക്കപ്പെടുകയും ചെയ്തിരിക്കുന്ന മെത്രാപ്പോലീത്താ ആയിരിക്കക്കൊണ്ടു നടപ്പനുസരിച്ച് എല്ലാ വസ്തുക്കളുടെയും അധീനത്തിനും കൈവശത്തിനും പൂർണ്ണ അവകാശിയായിരിക്കുന്നു എന്നുമായിരുന്നു കേസിലെ വാദിഭാഗത്തിന്റെ വാദം.
ആലപ്പുഴ ജില്ലാ കോടതി വാദിഭാഗത്തിനു അനുകൂലമായി വിധിപ്രഖ്യാപിച്ചു. എന്നാൽ തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്തായും കൂടെ ഒപ്പമുണ്ടായിരുന്ന വൈദികരും 1884-ൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ 1886-ൽ അപ്പീൽ തള്ളി ജില്ലാ കോടതി വിധി ശരി വച്ചു. ഇരു കോടതികളിലെയും പ്രതികൂല വിധിയിൽ തളരാതെ മെത്രാപ്പോലീത്താ രാജകീയ (റോയൽ) കോടതിയിൽ അപ്പീൽ കൊടുത്തു വാദം കേട്ട മൂന്നു ജഡ്ജിമാരിൽ ഒരാൾ മാർ അത്താനാസ്യോസിനു അനുകൂലമായി വിധിച്ചു എങ്കിലും ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ച് ശ്രീമൂലം തിരുനാൾ മഹാരാജാവ് വാദിക്ക് അനുകൂലമായി വിധിച്ചു (1889).
27.3 പഴയ സെമിനാരിയും പള്ളികളും നഷ്ടപ്പെടുന്നു, മാർത്തോമ്മാ സെമിനാരി സ്ഥാപിക്കപ്പെടുന്നു
സെമിനാരിക്കേസിൽ വിജയിച്ച പുലിക്കോട്ടിൽ മാർ ദീവാന്നാസ്യോസ് അഞ്ചാമൻ, സിവിൽ കേസുകൾ തുടർച്ചയായി കൊടുത്തു, പഴയ പള്ളികൾ ഓരോന്നായി കൈവശപ്പെടുത്തുവാനുള്ള ശ്രമം ആരംഭിച്ചു. കൊട്ടാരക്കര, മാരാമൺ, കോഴഞ്ചേരി, പുത്തൻകാവ് എന്നീ പള്ളികൾ മാർത്തോമ്മാക്കാർക്കു ലഭിച്ചു. എന്നാൽ പുത്തൻകാവ് പള്ളി പുലിക്കോട്ടിൽ മാർ ദീവാന്നാസ്യോസ് അനുചരന്മാരുമൊത്ത് അതിക്രമിച്ചു കയറി കൈവശപ്പെടുത്തി. പിന്നീട് ആ പള്ളി മാർത്തോമ്മാക്കാർക്കു വിട്ടുകിട്ടിയില്ല. ചെങ്ങന്നൂർ, മല്ലപ്പള്ളി, കൂർത്തമല, തലവടി പടിഞ്ഞാറേക്കര, കൊല്ലം പെരിനാട് എന്നീ പള്ളികൾ രണ്ടു പക്ഷക്കാർക്കും തവണ വച്ചു ആരാധിക്കുവാനുള്ള അവകാശവും ലഭിച്ചു. സെമിനാരി കേസിലെ തോൽവിയോടെ സെമിനാരി നഷ്ടപ്പെട്ട മാർത്തോമ്മാക്കാ സഭയ്ക്ക് ഒരു സെമിനാരി സ്ഥാപിക്കേണ്ടത് അത്യാവശ്യമായിരുന്നു. താഴത്ത് ചാണ്ടപ്പിള്ള കത്തനാർ, ചെറിയമഠത്തിൽ യാക്കൂബ് കത്തനാർ എന്നിവരുടെ പരിശ്രമഫലമായി 1895-ൽ കോട്ടയം പട്ടണത്തിൽ തന്നെയുള്ള സീയോൻ കുന്നിൽ സ്ഥലം വാങ്ങി താൽക്കാലിക കെട്ടിടം പണിത് ഒരു സ്കൂൾ പ്രവർത്തനം ആരംഭിച്ചു. എന്നാൽ പൂർണ്ണ സ്ഥിതിയിൽ സെമിനാരി പഠനം ആരംഭിക്കുന്നത് 1925-ൽ മാത്രമാണ്.
27.4 ഈ കാലഘട്ടത്തിലെ മറ്റു പ്രധാന സംഭവങ്ങൾ
ഈ കോടതി വ്യവഹാര കാലയളവിലും അതിനു അനുബന്ധമായും ഉണ്ടായ വളർച്ചയുടെ ചില പടവുകൾ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭാരത സുവിശേഷീകരണത്തിന് വിത്തുപാകിയ, 1888 ൽ ചെങ്ങന്നൂർ കൊട്ടാരത്തിൽ തോമസ് കശീശായും പതിനൊന്ന് ആത്മീയ നേതാക്കളും ചേർന്ന് കല്ലിശ്ശേരി കടവിൽ മാളിക ഒരുമിച്ചുകൂടി തുടക്കമിട്ട മലങ്കര മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ സ്ഥാപനമാണ്. സഭയുടെ വിശ്വാസ രൂപീകരണത്തിന്റെയും സംരക്ഷണത്തിന്റെയും ഭാഗമായി പ്രസിദ്ധീകരണം ആരംഭിച്ച മലങ്കര സഭാതാരകയുടെ ആരംഭവും ഈ കാലത്തെ മറ്റൊരു പ്രധാന ചുവടുവെയ്പ് ആയിരുന്നു (1893). മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ തിരുവല്ലയിലെ ഇപ്പോഴത്തെ ആസ്ഥാനത്തിനുള്ള സ്ഥലം വാങ്ങിയതും ഈ കാലത്തായിരുന്നു. വൈദിക സംഘത്തിന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളും മെത്രാപ്പോലീത്തയുടെ അനുമതിക്ക് തീരുമാനമെടുക്കുന്ന പതിവ് ഇക്കാലത്ത് ആരംഭിച്ചു തുടങ്ങി. സമസ്ഥാലോചന സഭ എന്ന പേര് ഇതിന് ലഭിച്ചു. പിന്നീട് ഈ കൂട്ടം അനേക വർഷം സമുദായാലോചന സഭ എന്ന പേരിൽ അറിയപ്പെട്ടു. ചുരുക്കത്തിൽ ഇന്നു കാണുന്ന വ്യവസ്ഥാപിത ഭരണ സംവിധാനമായ സഭാ പ്രതിനിധി മണ്ഡലത്തിന്റെ ആരംഭം ഇക്കാലത്താണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ഇക്കാലത്തുണ്ടായ മറ്റ് ചില പ്രതിസന്ധികളെപ്പറ്റിയും നാം അറിഞ്ഞിരിക്കണം. ഇതിൽ പ്രധാനമായത് 1870 ൽ യുസ്തൊസ് യാസേഫ് എന്ന വിദ്വാൻകുട്ടി അച്ചന്റെ നേതൃത്വത്തിൽ ഉണ്ടായ ഉണർവ് പ്രസ്ഥാനത്തിൻറെ സ്വാധീനമാണ്. ഒരുതരം വെളിപാട് പ്രസ്ഥാനം ആയിരുന്നിത്. ഈ ഉണർവ് കാലഘട്ടം സഭയിൽ വിശ്വാസപരമായ പല കോട്ടങ്ങൾക്കും കാരണമായി. തുടർന്ന് ഈ കൂട്ടരുടെ പ്രവചനങ്ങൾ സാധ്യമാകാതെ വന്നപ്പോൾ തിരിച്ചു മാർത്തോമ്മാ സഭയിലേക്ക് ചേക്കേറിയ ഒരുപറ്റം ആളുകളുടെ മാറിയ ചിന്താഗതികൾ സഭയുടെ വിശ്വാസ സ്ഥിരതയ്ക്ക് ചില മാറ്റങ്ങൾ വരുത്തി എന്നത് സംശയമില്ല. ഇതുകൂടാതെ 1895 കളോട് കൂടി മലങ്കരയിലെത്തിയ ഡേവിഡ്, വേർഡ് സ്മിത്ത് മുതലായ ബ്രദറൺ സഭാനുഭാവികളുടെ ഉണർവ് നീക്കങ്ങളും സഭയുടെ പൗരസ്ത്യ ചിന്തകൾക്ക് കോട്ടം വരുത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പ്രസ്ഥാനങ്ങൾ ഒരു പരിധിവരെ സഭയുടെ സുവിശേഷ തീഷ്ണതയെ വളർത്തി എന്നതും പ്രത്യേകം പ്രസ്താവ്യമാണ്. അതുപോലെ സെമിനാരി വിദ്യാഭ്യാസം ലഭിച്ച പട്ടക്കാരുടെ കുറവ്, വേണ്ടത്ര വേദപരിജ്ഞാനം ഇല്ലാത്ത ഉപദേശകരുടെ പ്രബോധനങ്ങൾ എന്നിവയും ഇക്കാലത്ത് സഭയുടെ വിശ്വാസത്തിനു ശോഷണം വരുത്തി എന്നതിലും സംശയമില്ല.
മാർത്തോമ്മാ സഭ ഒരു പുതിയ സഭയല്ല
സെമിനാരി കേസിൽ പരാജയപ്പെട്ടവർ ചേർന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ സംഘടിപ്പിച്ച ഒരു പുതിയ സഭയാണ് മാർത്തോമ്മാ സഭ എന്ന് ചിലർ കുപ്രചരണം ചെയ്യുന്നുണ്ട്. എന്നാൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ തോമ്മാ ശ്ലീഹായാൽ ക്രിസ്തുവർഷം 52 ൽ സ്ഥാപിതമായതും ആ വിശ്വാസ പൈതൃകവും പാരമ്പര്യവും കൈവയ്പ്പും അനുസ്യൂതമായി തുടർന്നുവന്ന സഭയാണെന്ന് ചരിത്രം യാതൊരു സംശയവും ഇല്ലാതെ പ്രഖ്യാപിക്കുന്നു. കൈവയ്പ്പ് സംബന്ധിച്ച് ഇതര സഭകളുമായി ഓരോ കാലത്തും ആത്മീയ ബന്ധത്തിലും മൈത്രിയിലും കഴിഞ്ഞിരുന്നുവെങ്കിലും നമ്മുടെ സഭ എക്കാലത്തും ഒരു സ്വതന്ത്ര സഭയായിരുന്നു.
വൈധവ്യത്തിന്റെ നാളുകളും തീത്തൂസ് ഒന്നാമൻ മാർത്തോമ്മായുടെ സ്ഥാനാരോഹണവും – പതിനഞ്ചാം മാർത്തോമ്മാ (AD 1894)
പിൻഗാമിയെ വാഴിക്കുവാൻ കഴിയാതെ തോമസ് മാർ അത്താനാസ്യോസ് കാലം ചെയ്തതോടെ, സഭ വീണ്ടും അനാഥമായി. താഴത്ത് പുന്നത ചാണ്ടപ്പിള്ള കത്തനാരുടെ നേതൃത്വത്തിൽ തൊഴിയൂരിൽ നിന്ന് രണ്ട് മെത്രാപ്പോലീത്താമാരെ കോട്ടയത്ത് എത്തിച്ചു. 1894 ജനുവരി 18-ന് തൊഴിയൂർ സഭയുടെ മെത്രാപ്പോലീത്താ യൗസേഫ് മാർ അത്താനാസ്യോസിന്റെ പ്രധാന കാർമ്മികത്വത്തിലും, സഫ്രഗൻ മെത്രാപ്പോലീത്താ ഗീവർഗീസ് മാർ കൂറിലോസിന്റെ സഹകരണത്തിലും, ദത്തോസ് റമ്പാനെ, കോട്ടയം ചെറിയ പള്ളിയിൽ വച്ച് തീത്തൂസ് മാർത്തോമ്മാ എന്ന പേരിൽ മെത്രാപ്പോലീത്താ (പതിനഞ്ചാം മാർത്തോമ്മാ) ആയി അഭിഷേകം ചെയ്തു. അങ്ങനെ ആറാം മാർത്തോമ്മായുടെ കാലത്ത് മലങ്കര സഭയ്ക്ക് കൈമോശം വന്ന "മാർ തോമ്മാ' സ്ഥാനം പുനസ്ഥാപിക്കപ്പെട്ടു.
നഷ്ടങ്ങളുടെ ഇടയിലും തളരാതെ മുന്നോട്ട്
പഴയ പള്ളികളെ സംബന്ധിച്ച് നിരവധി വ്യവഹാരങ്ങൾ കോടതികളിൽ തുടർന്നുവന്ന തീത്തൂസ് ഒന്നാമൻ മാർത്തോമ്മായുടെ വാഴ്ചയുടെ കാലം, സഭയെ സംബന്ധിച്ച ഭൗതികമായ അനേകം നഷ്ടങ്ങളിൽ നിന്നും കര കയറേണ്ട കാലമായിരുന്നു. ഈ വലിയ ഉത്തരവാദിത്വത്തിലും സഭയുടെ സുവിശേഷ തീക്ഷ്ണതയിൽ ഒട്ടും കുറവ് വരുത്തിയിരുന്നില്ല. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ യോഗമായി വളർന്ന മാരാമൺ കൺവെൻഷൻ തുടങ്ങിയത് ഈ കാലത്താണ് (1896). സെമിനാരി സ്കൂൾ കോട്ടയത്ത് സ്ഥാപിതമാകുന്നതും (1896) തിരുവല്ലയിൽ എസ്.സി. സ്കൂൾ സ്ഥാപിക്കുന്നതും ഈ കാലഘട്ടത്തിലാണ്. മാർത്തോമാ സൺഡേസ്കൂൾ സമാജം (1905) സ്ഥാപിതമാകുന്നത് ഈ കാലഘട്ടത്തിലെ വളർച്ചയുടെ മറ്റൊരു സുപ്രധാന കാൽവയ്പ്പാണ്.
പ്രാർത്ഥന പുസ്തക ശുചീകരണം (AD 1900)
സഭയിൽ കടന്നുകൂടിയ അനാചാരങ്ങൾക്ക് വേദപുസ്തക അനുസൃതമായും സഭയുടെ കാനോനുകൾക്ക് അനുസരിച്ചും അബ്രഹാം മൽപ്പാൻ മുതലായവർ വരുത്തിയ മാറ്റങ്ങൾക്ക് ഉപരിയായി വീണ്ടും ചില മാറ്റങ്ങൾ ആവശ്യമെന്ന് ഇക്കാലത്ത് ചില കൂട്ടർ വാദിച്ചു. അബ്രഹാം മൽപ്പാന്റെ ശുചീകരണ ശ്രമങ്ങളിൽ മാത്രം ഒതുങ്ങാതെ പാശ്ചാത്യ പ്രൊട്ടസ്റ്റൻറ് സ്വാധീനങ്ങളിലും 1870 കാലഘട്ടത്തിലെ ആത്മീയ ഉണർവിലും പിന്നീട് 1890 കൾക്ക് ശേഷം ഉണ്ടായ ബ്രദറൺ ഉണർവിന്റെ സ്വാധീനങ്ങളിലും ഉൾപ്പെട്ടവരായിരുന്നു ഈ ചിന്താഗതിക്കാർ. എന്നാൽ ഇവരോടൊപ്പം തന്നെ പ്രബലമായിരുന്നു സഭയുടെ സത്യവിശ്വാസത്തിനും പാരമ്പര്യത്തിനും കോട്ടം വരാതെയുള്ള ശുചീകരണം മാത്രമാണ് സഭയിൽ വേണ്ടത് എന്ന് വാദിച്ചവർ. ഇപ്രകാരം 1900 ഒരു പ്രാർത്ഥനാ പുസ്തക ശുചീകരണ കമ്മറ്റി നിയോഗിക്കപ്പെട്ടു ഇതിന്റെ അധ്യക്ഷൻ സി.എൻ.എയിലെ പ്രിൻസിപ്പൽ ആയിരുന്ന റവ. പാൽമറായിരുന്നു. 1901-ൽ പരീക്ഷണാർത്ഥം ഒരു തക്സ കൊണ്ടുവന്നെങ്കിലും അതിനു വേണ്ട സ്വീകാര്യത ലഭിച്ചില്ല.
ഇപ്രകാരം സഭയിൽ വീണ്ടും മാറ്റങ്ങൾ വേണ്ടെന്ന് വാദിക്കുന്ന യാഥാസ്ഥിതിക വിഭാഗവും മാറ്റങ്ങൾ ആവശ്യം എന്ന് വാദിക്കുന്ന ഉൽപതിഷ്ണുക്കളുടെ ഒരു വിഭാഗവും ഉണ്ടായി. നൂറിൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഒരു വേർതിരിവ് നമ്മുടെ സഭയിൽ ഇപ്പോഴും ദർശിക്കുവാൻ സാധിക്കും.
ഈ കമ്മറ്റിക്ക് മുൻപും നവീകരണ കാലഘട്ടം മുതൽ മുതൽ (1836) പലതരത്തിലുള്ള പരിഷ്കാരങ്ങൾ വരുത്തുവാൻ ചില ശ്രമങ്ങൾ നടന്നിരുന്നു. അതിനൊരു ഉദാഹരണമാണ് മിഷണറിമാർ 1872 - ൽ പുറത്തിറക്കിയ മലയാളത്തിൽ ഉള്ള കുർബാന തക്സാ. അതിനും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല, പിന്നീട് പലരും സുറിയാനി കയ്യെഴുത്ത് പ്രതികൾ തന്നെ ഉപയോഗിച്ചിരുന്നു. ഈ കമ്മിറ്റിക്ക് ശേഷവും വീണ്ടും പല മാറ്റങ്ങൾ വിവിധ ക്രമങ്ങളിൽ ഉണ്ടായി. ഇതിനൊരു വിരാമം ഉണ്ടായത് 1927 - ലെ സമുദായ ആലോചന സഭയിലെ തീരുമാനപ്രകാരമാണ്, ഇവ പിന്നീട് വിവരിക്കുന്നതാണ്.
തീത്തൂസ് രണ്ടാമൻ മാർത്തോമ്മായുടെ കാലഘട്ടം – പതിനാറാം മാർത്തോമ്മാ (AD 1909 - 1944)
1909-ൽ തന്റെ പിൻഗാമിയുടെ മരണത്തിനുശേഷം സഭയുടെ പതിനാറാം മാർത്തോമ്മായായി തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ അവരോധിതനായി. തുടർന്നുള്ള നാലു പതിറ്റാണ്ടുകൾ സഭ അതിന്റെ വളർച്ചയുടെ പാതയിലായിരുന്നു. തന്റെ വാഴ്ചയുടെ ആദ്യ കാലഘട്ടത്തിൽ തന്നെ എസ്. സി കുന്നിൽ തീത്തൂസ് ഒന്നാമൻ മാർത്തോമ്മായുടെ സ്മരണാർത്ഥം പൂലാത്തീൻ (ഇപ്പോഴത്തെ പഴയ പൂലാത്തീൻ) പണികഴിപ്പിച്ച് മെത്രാപ്പോലീത്തായുടെ ഓഫീസും അരമനയും അവിടേക്ക് മാറ്റി. മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് ഒരു എഴുതപ്പെട്ട ഭരണഘടന നിലവിൽ വന്നതും (1910) സമസ്ഥാലോചന സഭ എന്നതിന് പകരം സമുദായാലോചന സഭ എന്ന പേരും മാനേജിങ് കമ്മിറ്റിക്ക് പകരം സഭാ കൗൺസിൽ എന്ന പേരും സ്വീകരിച്ചത് ഈ കാലത്തായിരുന്നു. സെമിനാരി വിദ്യാഭ്യാസം പൂർണ്ണതോതിൽ ആരംഭിക്കുന്നതും (1925), മാർത്തോമാ സ്ത്രീജന സേവികാ സംഘം (1919), സുറിയാനി ക്രിസ്ത്യാനി സ്വമേധ സുവിശേഷ സംഘം (1924), മലങ്കര മാർത്തോമ്മാ സിറിയൻ യുവജനസഖ്യം (1933), സൗജന്യദാന പ്രസ്ഥാനം തുടങ്ങിയ സഭയുടെ വളർച്ചയുടെ വിവിധ പടവുകൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നിത്.
വീണ്ടും തക്സാ പരിഷ്കരണവും 1927 ലെ സമുദായ ആലോചന സഭയുടെ തീരുമാനങ്ങളും
ഈ കാലഘട്ടത്തിൽ സഭയെ ഉലച്ച ഒരു സംഗതിയാണ് സഭയിലെ യാഥാസ്ഥിതികരും ഉൽപതിഷ്ണുക്കളും തമ്മിലുള്ള പോരാട്ടം. 1900-ൽ പ്രാർത്ഥനാ പുസ്തക ശുചീകരണ കമ്മിറ്റിക്കുശേഷം വീണ്ടും 1914-ൽ ഒരു തക്സാ പരിഷ്കരണ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ തക്സാ 1923-ലെ സമുദായ ആലോചന സഭയിൽ ചർച്ചയ്ക്ക് അവതരിപ്പിച്ചു. ഇതോടെ നവീകരണ വിഷയങ്ങളായ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന, പരിശുദ്ധന്മാരോടുള്ള അപേക്ഷ എന്നിവ സഭ സ്വീകരിക്കുന്നില്ല എന്ന പ്രമേയങ്ങൾ അംഗീകരിക്കപ്പെട്ടു. വിശുദ്ധ കുർബാനയെ സംബന്ധിച്ച് ശ്രീ കെ എൻ ദാനിയേലിന്റെയും ശ്രീ കെ. കെ. കുരുവിളയുടെയും രണ്ടു വ്യത്യസ്ത പ്രമേയങ്ങൾ അവതരിപ്പിക്കപ്പെടുകയും വിവിധ സബ്കമ്മിറ്റികളിൽ ചർച്ച ചെയ്യുകയും 1927-ലെ സമുദായ ആലോചന സഭയിൽ ഏകാഭിപ്രായത്തോടെ ഒരു റിപ്പോർട്ടും തക്സായും അവതരിപ്പിച്ചു. കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിൽ വരുത്തിയ പത്ത് പരിഷ്കാരങ്ങളും ആചാരത്തിൽ വരുത്തിയ മൂന്നു ഭേദഗതികളും ആലോചന സഭ അംഗീകരിച്ചു (എല്ലാ ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും ഇത് ലഭ്യമാണ്). ഇവയാണ് നവീകരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി സഭ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ കമ്മിറ്റിക്കാരുടെ തക്സാ അംഗീകരിക്കപ്പെട്ടില്ല. പിന്നീട്, 1942 ലാണ് സഭ ഔദ്യോഗികമായി വിശുദ്ധ കുർബാനയുടെ ഒരു ക്രമം പ്രസിദ്ധീകരിക്കുന്നത്. ഇവിടെ ഒരു കാര്യം നാം ഓർക്കേണ്ടതുണ്ട്, അബ്രഹാം മൽപാൻ മുതലായവർ മുന്നോട്ടു വച്ച (1818-36) ശുചീകരണ ആശയങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത് തലമുറകൾക്ക് ശേഷം ഏകദേശം ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് (1927-42). അതിനാൽ ഇതിലൊക്കെ പിന്നീട് വന്ന പല ഉണർവ് പ്രസ്ഥാനങ്ങളുടെയും പ്രൊട്ടസ്റ്റൻറ് ദൈവശാസ്ത്രത്തിന്റയും സ്വാധീനം തള്ളിക്കളയാൻ ആവില്ല. വീണ്ടും, 1954 ൽ മറ്റൊരു തക്സ പ്രസിദ്ധീകരിച്ചു. ശ്രീ കെ. എൻ. ദാനിയേലിന്റെ തീവ്ര നവീകരണ ആശയങ്ങൾ നേരിടാൻ വേണ്ടിയാണ് ഇത് തയ്യാറാക്കിയത്. സിനഡ് തക്സ എന്ന പേരിൽ ഇത് അറിയപ്പെടുന്നു. എന്നാൽ, 1954-ന് ശേഷം ഇത് പിന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. സഭയിൽ ഇപ്പോൾ പ്രചാരത്തിൽ ഇരിക്കുന്നത് 1942-ൽ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്ത പ്രസിദ്ധീകരിച്ച കുർബാന തക്സായാണ്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ആരംഭിച്ച നവീകരണത്തിന്റെ ഒരു മുഖ്യ ആശയം ആരാധനാക്രമങ്ങൾ മാതൃഭാഷയിലേക്ക് തർജ്ജിമ ചെയ്യുക എന്നതായിരുന്നുവെങ്കിലും സഭയിലെ ഒട്ടുമുക്കാൽ ആരാധനാക്രമങ്ങളും മലയാളത്തിലേക്ക് പൂർണമായി തർജ്ജിമ ചെയ്തത് തീത്തൂസ് രണ്ടാമൻ മാർത്തോമ്മായുടെ കാലഘട്ടത്തിൽ ആയിരുന്നുവെന്നതും പ്രത്യേകം പ്രസ്താവ്യമാണ്.
എപ്പിസ്കോപ്പൽ സംഘം വിപുലപ്പെടുത്തുന്നു
1917-ൽ എബ്രഹാം മാർത്തോമ്മായെയും 1936-ൽ യൂഹാനോൻ മാർ തിമഥിയോസ്, മാത്യൂസ് മാർ അത്താനാസ്യോസ് എന്നീ എപ്പിസ്കോപ്പമാരെയും വാഴിച്ച് സഭയിൽ രണ്ടിൽ കൂടുതൽ മേൽപ്പട്ടക്കാരുടെ നേതൃത്വവും സാന്നിധ്യവും ഇദംപ്രഥമമായി ലഭ്യമാക്കി. 1936 മുതലാണ് മാർ തോമ്മാ (മാർത്തോമ്മാ) എന്ന സ്ഥാനപ്പേരിനു പകരം എപ്പിസ്കോപ്പാമാർക്ക് മറ്റു സഭാ പിതാക്കന്മാരുടെ പേരുകൾ നൽകി തുടങ്ങിയത്. പുതിയതായി മൂന്നു എപ്പിസ്ക്കോപ്പാമാർ കൂടി അഭിഷിക്തരായതോടുകൂടി 1948 മേയ് 14 നു നിലവിൽ വന്ന വടക്കൻ, മദ്ധ്യം, തെക്കൻ എന്നീ മൂന്നു ഭദ്രാസനങ്ങൾ വീണ്ടും ഭരണ സൗകര്യാർത്ഥം വടക്കൻ, മദ്ധ്യം, തെക്കൻ, തിരു-കൊച്ചിക്കു വെളിയിലുള്ള ഇടവകകൾ എന്ന പ്രകാരം 4 ഭദ്രാസനങ്ങളായി ആയി വിഭജിക്കുകയുണ്ടായി.
എബ്രഹാം മാത്തോമ്മാ - പതിനേഴാം മാർത്തോമ്മാ (AD 1944 - 1947)
ഓരോ മാർത്തോമ്മാക്കാരനും ഓരോ സുവിശേഷകൻ എന്ന സന്ദേശം സഭയ്ക്കും ലോകത്തിനും സമ്മാനിച്ച എബ്രഹാം മാർത്തോമ്മാ ഈ സഭയെ നയിച്ചത് മൂന്ന് വർഷങ്ങൾ മാത്രമാണെങ്കിലും അദ്ദേഹം മെത്രാനായ കാലം മുതൽ (1917) സഭയിൽ സുവിശേഷപരമായി നടത്തിക്കൊണ്ടിരുന്ന സകല യജ്ഞങ്ങളെയും ഊർജ്ജപ്പെടുത്തിയിരുന്നു. കൺവെൻഷൻ പ്രസംഗങ്ങൾ, കൂട്ടായ്മ യോഗങ്ങൾ, പട്ടക്കാരുടെയും യുവജനങ്ങളുടെയും കോൺഫറൻസുകൾ, സമ്മർ ക്യാമ്പുകൾ എന്നിങ്ങനെ സഭാ അതിന്റെ ആത്മീയ പുരോഗതിയുടെ വിവിധ പടവുകൾ അലങ്കരിച്ച കാലമായിരുന്നിത്.
ആശ്രമ പ്രസ്ഥാനങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും വളർച്ച
ക്രിസ്തുദാസ ആശ്രമം, പാലക്കാട് (1926), ക്രിസ്തുമിത്ര ആശ്രമം, അങ്കോല (1940), ക്രിസ്ത പന്ഥി ആശ്രമം, സിഹോറ (1942), ക്രിസ്ത സാക്ഷ്യ സംഘം, ഹോസ്കോട്ട (1947), ക്രിസ്തീയ ബന്ധുക്കുലം, സത്ന (1952), ടിബറ്റിലെ സുവിശേഷ പ്രവർത്തനം ലക്ഷ്യമാക്കി തുടങ്ങിയ സുവാർത്ത പ്രേമി സമിതി (1953) എന്നീ ആശ്രമ പ്രസ്ഥാനങ്ങളുടെ തുടക്കത്തിനും വളർച്ചയ്ക്കും സാക്ഷ്യം വഹിച്ച നാളുകളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി. അതുപോലെ, സഭയുടെ സാമൂഹ്യ സേവനത്തിന്റെ വഴിത്താരയിലെ മറ്റൊരു ഉദാഹരണമാണ് സഭയിലെ അഗതി മന്ദിര പ്രസ്ഥാനങ്ങൾ. കുമ്പനാട് ധർമ്മഗിരി മന്ദിരം (1947), തൃശ്ശൂർ രവിവർമ്മ അഗതി മന്ദിരം (1941), അയിരൂർ കർമ്മേൽ അഗതി മന്ദിരം (1953) എപ്പിസ്കോപ്പൽ സിൽവർ ജൂബിലി മന്ദിരം, കൊട്ടാരക്കര (1966) എന്നിവ ഇവയിൽ ചിലത് മാത്രമാണ്.
യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലഘട്ടം - പതിനെട്ടാം മാർത്തോമ്മാ (AD 1947 - 1976)
1947-ൽ എബ്രഹാം മാർത്തോമ്മായുടെ വിയോഗത്തിനു ശേഷം സഭയുടെ സാരഥ്യം യൂഹാന്നോൻ മാർത്തോമ്മാ ഏറ്റെടുത്തു. തീത്തൂസ് രണ്ടാമൻ മാർത്തോമ്മായുടെ കാലഘട്ടം പോലെ നേട്ടങ്ങളുടെയും പ്രതിസന്ധികളുടെയും കാലഘട്ടമായിരുന്നു ഇത്.
37.1 പത്തുവർഷം നീണ്ടു നിന്ന ദാനിയേൽ കേസ് (AD 1955 - 1965)
ഒരു കാലത്ത് സഭയ്ക്കുവേണ്ടി ശക്തമായ നിലപാടുകൾ എടുത്ത ശ്രീ കെ. എൻ. ദാനിയേൽ, എബ്രഹാം മാർത്തോമ്മായുടെ കാലശേഷം, 1953 - ലെ എപ്പിസ്കോപ്പൽ തെരഞ്ഞെടുപ്പ് കൂടി അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന യൂഹാനോൻ മാർത്തോമ്മായുമായി അകലുകയും പഥ്യോപദേശ സമിതി എന്നൊരു വിഭാഗം ഉണ്ടാക്കുകയും ചെയ്തു. മെത്രാപ്പോലീത്താ മാർത്തോമ്മാ സഭാവിശ്വാസം പരിത്യജിച്ചിരിക്കുന്നു എന്നും യാക്കോബായ സഭയുടെ വിശ്വാസത്തെ സ്വീകരിക്കുകയും അനുകൂലിക്കുകയും ചെയ്തിരിക്കുന്നു എന്നുമുള്ള കാരണത്താൽ നേതൃസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ കെ. എൻ. ദാനിയേൽ കോട്ടയം സബ് കോടതിയിൽ കൊടുത്ത കേസാണ് (1955) ദാനിയേൽ കേസ് എന്നറിയപ്പെടുന്നത്. തുടർന്ന് ഏകദേശം പത്തിൽപരം വർഷങ്ങൾ എടുത്ത് കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വിചാരണ നടത്തി സഭയുടെ വിശ്വാസം സ്ഫുടം ചെയ്ത ഈ കേസിൽ സുപ്രീംകോടതി ശ്രീ കെ. എൻ. ദാനിയേലിന്റെ വാദമുഖങ്ങളെ തള്ളി മെത്രാപ്പോലീത്തായ്ക്ക് അനുകൂലമായി അന്തിമ വിധി പുറപ്പെടുവിച്ചു (1965). ഇതിന്റെ അനന്തരഫലമായി ശ്രീ ദാനിയേലിനെ അനുകൂലിച്ച ചില പട്ടക്കാരും ആത്മായരും ചേർന്ന് സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു പുതിയ സഭ സ്ഥാപിച്ചു പിരിഞ്ഞു. സഭയുടെ വിശ്വാസ സത്യങ്ങൾ വിശകലനം ചെയ്ത് സഭയ്ക്ക് അനുകൂല വിധി പ്രഖ്യാപനങ്ങൾ നടത്തിയ ഈ കേസ് സഭാ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
37.2 ഇക്കാലത്തുണ്ടായ ഇതര സംഭവങ്ങൾ
1958-ല് കൂടിയ സഭാപ്രതിനിധി മണ്ഡലം വിശുദ്ധ തോമാശ്ലീഹായുടെ ദിനമായ ഡിസംബർ 21 സമുദായ ദിനമായി ആചരിപ്പാൻ തീരുമാനിച്ചു. അന്നുവരെ അതതു കാലത്തെ മെത്രാപ്പോലീത്തായുടെ സ്ഥാനാഭിഷേക ദിനം ആയിരുന്നു സമുദായ ദിനമായി ആചരിച്ചിരുന്നത്. സഭയ്ക്ക് ഒരു അടയാള ചിഹ്നവും പ്രകാശിതനായ പ്രകാശിതം എന്ന ആദർശവാക്യവും നൽകപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. പഴയ പൂലാത്തിനിനോട് ചേർന്ന് പുതുതായി പണികഴിപ്പിച്ച പുതിയ പുലാത്തീനീൽ താമസിക്കുന്നതിന് മുമ്പ് ഭവന രഹിതനായ ഒരാൾക്കെങ്കിലും വീട് നിർമ്മിച്ചു നൽകാതെ പുതിയ പൂലത്താനിൽ താമസിക്കുകയില്ല എന്ന യൂഹാന്നോൻ മാർത്തോമ്മായുടെ നിബന്ധനയുടെ അനന്തരഫലമായി ഭൂഭവനദാന പദ്ധതിയുടെ തുടക്കം സഭയുടെ സാമൂഹ്യ പ്രവർത്തനങ്ങളിലെ ഉത്തമോദാഹരണമാണ്. ഇന്ത്യയിലെ അടിയന്തരാവസ്ഥയക്ക് എതിരെ ശബ്ദം ഉയർത്തുവാൻ ധൈര്യം കാണിച്ച ഒരേയൊരു സഭാ മേലധ്യഷൻ അക്കാലത്തെ മെത്രാപ്പോലീത്താ ആയിരുന്ന യൂഹാന്നോൻ മാർത്തോമ്മാ ആയിരുന്നു എന്നതും വിസ്മരിച്ചുകൂടാത്ത സംഗതിയാണ്. മാർത്തോമ്മാ സ്റ്റുഡൻറ്സ് കോൺഫൻസ് അംഗീകൃത സ്ഥാപനയായി സഭാ പ്രതിനിധിമണ്ഡലം അംഗീകരിച്ചതും ഈ കാലത്താണ്.
പത്തൊൻപതാം മാർത്തോമ്മാ മുതൽ ഇരുപത്തി രണ്ടാം മാർത്തോമ്മാ വരെയുള്ള കാലഘട്ടം (AD 1976 - മുതൽ ഇന്നു വരെ )
പൊതുവേ, ഈ കാലഘട്ടത്തിൽ സഭാന്തരീക്ഷം ശാന്തവും സഭ ക്രമേണ അതിന്റെ വളർച്ചയുടെ പടവുകളിലൂടെ കേരളത്തിലും ഭാരതത്തിലും ലോകത്തിലെ നാനാഭാഗങ്ങളിലും അതിൻറെ സാന്നിധ്യം തെളിയിക്കുകയും ചെയ്തു. 1976-ൽ യൂഹാന്നോൻ മാർത്തോമ്മായുടെ കാലശേഷം അലക്സാണ്ടർ മാർത്തോമ്മാ പത്തൊൻപതാം മാർത്തോമ്മായായി സഭയുടെ നേതൃത്വം ഏറ്റെടുത്തു. സി.എസ്.ഐ, സി.എൻ.ഐ എന്നീ സഭകൾ അംഗങ്ങളായ ജോയിന്റെ കൗൺസിൽ, ആംഗ്ലിക്കൻ കമ്മ്യൂണിയനുകളുമായുള്ള ബന്ധം എന്നീ എക്യുമെനിക്കൽ ബന്ധങ്ങൾ തുടങ്ങിയത് ഈ കാലത്താണ്. CARD (Christian Agency for Rural Development), STARD (South Travancore Agency for Rural Development), MCRD (Mar Thoma Centre for Rehabilitation and Development) സഭയുടെ സംഗീത വിഭാഗമായ DSMC, സ്ത്രീജന വികസന സമിതി, മാർത്തോമ്മാ ബധിര വിദ്യാലയം, കാസർഗോഡ്, ആശാഭവൻ, പിടവൂർ, ശാന്തിഗിരി ആശ്രമം, ആലുവ, ദയറായ പ്രസ്ഥാനം, മാർത്തോമ്മാ റിട്ടയർഡ് ക്ലേർജി ഫെലോഷിപ്പ് തുടങ്ങിയ പ്രസ്ഥാനങ്ങൾ സഭയിൽ ഉടലെടുത്തതും ഈ കാലത്താണ്.
1999-നു ശേഷം സഭയെ നയിച്ചത് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മായായിരുന്നു. 2007 വരെ സഭയുടെ ഇരുപതാം മാർത്തോമ്മായി അദ്ദേഹം സഭയെ നയിച്ചു. ഭരണ സൗകര്യത്തിനായി സഭയെ പന്ത്രണ്ട് ഭദ്രാസനങ്ങളായി വിഭജിച്ചു. ജാതി, മത സഭാ വ്യത്യാസം ഇല്ലാതെ ഏവരാലും ആരാധിക്കപ്പെട്ടിരുന്ന ക്രിസോസ്റ്റം മാർത്തോമ്മായെ രാഷ്ട്രം പദ്മഭൂഷൻ ബഹുമതി നൽകി ആദരിച്ചു എന്നത് സഭാ ചരിത്രത്തിലെ അഭിമാനത്തിന്റെ നാൾവഴികളാണ്. ഭവനരഹിതരായ മാർത്തോമ്മാക്കാർക്ക് ഭവനം നിർമ്മിച്ചു നൽകുക എന്നൊരു സാമൂഹ്യം ദർശനം ആവിഷ്കരിച്ചു നടപ്പാക്കുവാൻ ഈ കാലത്ത് സഭയ്ക്ക് കഴിഞ്ഞു. സഭയിൽ സന്യാസിനി പ്രസ്ഥാനം രൂപം കൊണ്ടത് ഇക്കാലത്താണ്.
തുടർന്ന് ഇരുപത്തിയൊന്നാം മാർത്തോമ്മയായി 13 വർഷക്കാലം ജോസഫ് മാർത്തോമ്മാ സഭ നൗകയെ ഓളങ്ങളിൽ പെടാതെ മുന്നോട്ടു നയിച്ചു. എക്യുമെനിക്കൽ രംഗങ്ങളിൽ സഭ കൂടുതൽ ഊഷ്മള ബന്ധങ്ങൾ ഈ കാലത്ത് കൈവരിച്ചു. സഭയെ അതിൻ്റെ വിശ്വാസപാരമ്പര്യത്തിലും പൈതൃകത്തിലും വളർത്തുവാനുള്ള പഠിപ്പിക്കലുകൾ ഈ കാലഘട്ടത്തിലും ശക്തമായിരുന്നു.
ജോസഫ് മാർത്തോമ്മയ്ക്ക് ശേഷം 2020 മുതൽ ഇരുപത്തിരണ്ടാം മാർത്തോമ്മായായി മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്റെ ഇരുപത്തിരണ്ടാം മാർത്തോമ്മയായി തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ സഭയെ അതിന്റെ പൈതൃക പാതയിലൂടെ ഇപ്പോൾ നയിക്കുന്നു.
വളർച്ചയുടെ പടവുകൾ - വർത്തമാന കാലഘട്ടത്തിൽ
2000 വർഷങ്ങൾക്കു മുമ്പ് ക്രിസ്തുവിന്റെ അപ്പോസ്തലനായ തോമ്മാ ശ്ലീഹായാൽ കേരളക്കരയിൽ രൂപം കൊണ്ട ദൈവത്തിന്റെ ഈ സഭ ഇന്ന് ഭാരതത്തിലും ലോകത്തിന്റെ നാനാ രാജ്യങ്ങളും വ്യാപിച്ചു കിടക്കുന്നു. ഇന്ന് സഭയ്ക്ക് 1250 പള്ളികളും ആയിരത്തോളം പട്ടക്കാരും 200 പരം വിരമിച്ച പട്ടക്കാരും അനേകം സുവിശേഷകരും 12 മേൽപ്പട്ടക്കാരും 15 ലക്ഷത്തോളം വിശ്വാസികളും ഉണ്ട്. ഹയർ സെക്കൻഡറി, സെക്കൻഡറി, വൊക്കേഷണൽ, അപ്പർ പ്രൈമറി, പ്രൈമറി, ട്രെയിനിങ് മേഖലകളിൽ സഭയ്ക്ക് 150 പരം സ്ഥാപനങ്ങൾ ഉണ്ട്. കൂടാതെ, 5 ആർട്സ് ആൻഡ് സയൻസ് കോളേജുകളും, രണ്ട് ടീച്ചേഴ്സ് ട്രെയിനിങ് കോളജുകളും, ടെക്നിക്കൽ മേഖലയിൽ നാല് കോളേജുകളും, രണ്ട് നഴ്സിംഗ് കോളേജുകളും, 9 ആശുപത്രികളും, 15 അഗതി മന്ദിരങ്ങളും, രണ്ട് വൈദിക സെമിനാരികളും, 7 തിയോളോജിക്കൽ സ്ഥാപനങ്ങളും, 7 ആശ്രമങ്ങളും ഉണ്ട്.
നൂറ്റാണ്ടുകളായി മലങ്കരയിൽ നിലനിൽക്കുന്നതും പരദേശിക സഭയുമായി ഭരണ ബന്ധമില്ലാത്തതും അപ്പോസ്തോലിക പാരമ്പര്യത്തിലും സ്വയംഭരണത്തിലും എന്നും നിലനിൽക്കുന്നതും ആരാലും മുടക്കപ്പെടുകയോ ത്യജിക്കപ്പെടുക്കയും ചെയ്തിട്ടില്ലാത്തതും വിശുദ്ധ മാർത്തോമ്മായുടെ സിംഹാസനത്തിൽ എന്നും നിലനിന്നിട്ടുള്ളതും നിലനിൽക്കുന്നതുമായ ദൈവത്തിന്റെ ഈ സഭ മലങ്കരയിലെ സ്തുതി ചൊവ്വകപ്പെട്ട വിശ്വാസത്തിന്റെ പിൻതലമുറക്കാരാണ് എന്നോർത്ത് നമുക്ക് അഭിമാനിക്കാം.
ഈ ഭൗതിക നേട്ടങ്ങളിലും അഭിമാനങ്ങളിലും വരും തലമുറ ആത്മീകത മറന്ന്, ക്രിസ്തുവിനെ മറന്ന് അഹങ്കരിക്കാതിരിക്കേണ്ടതിന് പഴയകാല പിതാക്കന്മാരുടെ പരിത്യാഗങ്ങൾ മറക്കാതെ സൂക്ഷിക്കുവാൻ സർവ്വശക്തൻ എന്നും എപ്പോഴും നമ്മെ സഹായിക്കട്ടെ.