Home
പെസഹായുടെ വി. കുർബാന വ്യാഴാഴ്ച വൈകിട്ട് അനുഷ്ഠിക്കുവാൻ ഹാശാക്രമത്തിൽ പരാമർശം ഇല്ലാത്തത് എന്തുകൊണ്ടാണ് ?
ഈ ചോദ്യത്തിനുള്ള ഉത്തരം മനസ്സിലാക്കുവാൻ ഒരു ദിവസത്തിന്റെ സമയക്രമങ്ങൾ നിശ്ചയിക്കുന്ന രണ്ട് രീതികളെപ്പറ്റി നാം അറിഞ്ഞിരിക്കണം.
ഒന്നാമതായി, നാം ഇന്ന് പിൻതുടരുന്ന രീതി. ഇതനുസരിച്ച്, ഒരു ദിവസം തുടങ്ങുന്നത് രാത്രി 12 മണിയോടു കൂടിയാണ്. തുടർന്ന് 24 മണിക്കൂറുകൾക്ക് ശേഷം അടുത്ത രാത്രി 12 മണിയോടു കൂടി ആ ദിവസം അവസാനിക്കുകയും ചെയ്യുന്നു.
രണ്ടാമതായി, യഹൂദന്മാരുടെ സമയ ക്രമീകരണമാണ്. അതനുസരിച്ച് സൂര്യാസ്തമയത്തോടു കൂടി ഒരു ദിവസം തുടങ്ങുകയും അടുത്ത സൂര്യാസ്തമയത്തോടു കൂടി ദിവസം അവസാനിക്കുകയും ചെയ്യുന്നു.
നാം ഇടപെടുന്ന എല്ലാ മേഖലകളിലും ഒന്നാമത്തെ രീതി പിൻതുടരുന്നു എങ്കിലും നമ്മുടെ ആരാധന സമ്പ്രദായങ്ങൾക്ക് യഹൂദന്മാരുടെ രീതിയനുസരിച്ചുള്ള രണ്ടാമത്തെ രീതിയാണ് പിൻതുടരുന്നത്. അതായത് നമ്മുടെ ആരാധന ക്രമങ്ങൾ അനുസരിച്ച്, തിങ്കളാഴ്ച ആരംഭിക്കുന്നത് ഞായറാഴ്ച സന്ധ്യയിലും അവസാനിക്കുന്നത് തിങ്കൾ സൂരാസ്തമയത്തോടു കൂടിയുമാണ്. ഇതുപോലെ മറ്റുള്ള ദിവസങ്ങളും കണക്കാക്കുന്നു.
മുകളിൽ പറഞ്ഞ ഒന്നാമത്തെ രീതിയനുസരിച്ച് കഷ്ടാനുഭവ ആഴ്ചയിലെ ഒന്നാം ദിവസമായ തിങ്കളാഴ്ച ആരംഭിക്കുന്നത് രാത്രി 12 മണിയോടു കൂടിയാണ് എങ്കിലും രണ്ടാമത്തെ രീതിയനുസരിച്ച് ആ ദിവസത്തെ ആരാധനകൾ അതിനു മുൻപ് തന്നെ ഞായറാഴ്ച സന്ധ്യ മുതൽ ആരംഭിക്കുന്നു.
ഇപ്രകാരം, പെസഹാ വ്യാഴാഴ്ചയുടെ ആരാധനകൾ ബുധനാഴ്ച സന്ധ്യ മുതൽ ആരംഭിക്കുകയും വ്യാഴം സന്ധ്യയ്ക്ക് മുൻപ് അവസാനിക്കുകയും ചെയ്യുന്നു. നമ്മുടെ ഹാശാ ക്രമത്തിലെ കൗമ്മാകൾ ശ്രദ്ധിച്ചാലും നമുക്കിത് മനസ്സിലാക്കാം. ബുധൻ സന്ധ്യ മുതൽ 'തന്റെ പെസഹായാലെ......'* എന്ന കൗമ്മാ തുടങ്ങുകയും തുടർന്ന് വ്യാഴാഴ്ച പ്രഭാതത്തിലും ഈ കൗമ്മാകൾ ചൊല്ലുന്നു. എന്നാൽ വ്യാഴം സന്ധ്യയോടു കൂടി മേൽപ്പറഞ്ഞ രണ്ടാമത്തെ രീതിയനുസരിച്ച് വ്യാഴം അവസാനിക്കുകയും വെള്ളി തുടങ്ങുകയും ചെയ്യുന്നതിനാൽ *'തന്റെ പീഡാനുഭവത്താലെ.....' എന്ന കൗമ്മാ തുടങ്ങുന്നു.
ഈ കാരണങ്ങളാലാണ് ഹാശാക്രമത്തിൽ പെസഹായുടെ വി. കുർബാന വ്യാഴം പ്രഭാതത്തിൽ അനുഷ്ഠിക്കുവാൻ പരാമർശിച്ചിരിക്കുന്നത്.
എന്നാൽ എല്ലായ്പ്പോഴും വ്യാഴാഴ്ച പ്രഭാതത്തിൽ വി. കുർബാന അർപ്പിക്കുവാൻ പ്രായോഗികമായി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ, ബുധനാഴ്ച സന്ധ്യയുടെ നമസ്കാരത്തിനു ശേഷം വി. കുർബാന അർപ്പിക്കുന്നതാണ് വ്യാഴാഴ്ച വൈകിട്ട് അർപ്പിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യം.* കാരണം, വ്യാഴാഴ്ച വൈകിട്ട് മുതൽ മേൽപ്പറഞ്ഞതു പോലെ ദുഃഖവെള്ളിയുടെ കൗമ്മാകളും നമസ്കാരങ്ങളും തുടങ്ങുകയാണല്ലൊ. പ്രായോഗികമായ ചില ബുദ്ധിമുട്ടുകൾ പലപ്പോഴും നാം ഇതിനു പറയുമെങ്കിലും കഴിവുള്ളടത്തോളം ഹാശാക്രമത്തിലെ രീതി പിൻതുടരുന്നതാണ് കൂടുതൽ അഭികാമ്യം.