അബ്രഹാം മല്പ്പാനും ശ്ഹീമാ നമസ്കാരക്രമവും
അബ്രഹാം മല്പ്പാനും ശ്ഹീമാ നമസ്കാരക്രമവും
അബ്രഹാം മല്പ്പാനും ശ്ഹീമാ നമസ്കാരക്രമവും
പാലക്കുന്നത് അബ്രഹാം മൽപ്പാനെപ്പറ്റി കേൾക്കാത്തവരായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ ആരും തന്നെ കാണുകയില്ല. കാരണം മലങ്കര സഭയിലെ ശുചീകരണ പ്രസ്ഥാനത്തിനും തദ്വാരാ മലങ്കര ഒന്നാകെയുള്ള ഒരു ആത്മീയ ഉണർവ്വിനും വഴിത്തെളിച്ച ഒരു മഹത് വ്യക്തിത്വത്തിന്റെ ഉടമായണദ്ദേഹം. അബ്രഹാം മൽപ്പാനെപ്പറ്റി ഓർക്കുമ്പോൾ ആദ്യം നമ്മളുടെ മനസ്സിൽ ഓടിയെത്തുന്ന സംഭവം 1836 - ൽ ചിങ്ങം 15-ന് (അന്ന് പതിനഞ്ച് നോമ്പ് വീടിയ ദിവസം) മാരാമൺ പള്ളിയിൽ അദ്ദേഹം അർപ്പിച്ച കുർബാനയാണ്. അന്നേ ദിവസം വിശുദ്ധ കുർബ്ബാനയിലെ പ്രോമ്യോൻ - സെദറാ പ്രാർത്ഥനകൾ മലയാളത്തിൽ ചൊല്ലി ന്നുറിയാനി ഭാഷയിൽ മാത്രമേ ആരാധനകൾ നടത്താവൂ എന്ന അലിഖിത നിർബന്ധത്തിനു ഒരു മാറ്റം വരുത്തുവാൻ കാരണമായ ദിവസം. എന്നാൽ ഇവിടെ കൊണ്ട് തീരുന്നതല്ല അദ്ദേഹത്തിന്റെ സംഭവനകൾ. കോട്ടയം സെമിനാരിയിലെ സുറിയാനി ഭാഷാധ്യാപകൻ, 1818 ലെ ശുചീകരണ കമ്മറ്റിയിലെ ഒരംഗം, മാർത്തോമ്മാ എട്ടാമനിൽ നിന്നു തനിക്കു ലഭിച്ച പട്ടത്ത്വത്തിനു ന്യൂനത ഉണ്ടെന്നു തോന്നുകയിൽ അന്ത്യോഖ്യയിൽ നിന്നും വന്ന മാർ അത്താനാസ്യോസ് അബ്ദേദ് മ്ശീഹായിൽ നിന്ന് പുനർ പട്ടം സ്വീകരിച്ചതിന് ജയിൽവാസവും പിഴയും അടക്കേണ്ടി വന്നു, മാരാമൺ പള്ളിയിൽ ആചരിച്ചു വന്ന കോതമംഗലത്തു കബറടങ്ങിയ യൽദോ മാർ ബസേലിയോസിന്റെ പേരിലുള്ള പെരുന്നാൾ നിർത്തലാക്കുകയും അദ്ദേഹത്തിന്റെ ഒരു പ്രതിമ നശിപ്പിച്ചുക്കളകയും ചെയ്തു, 1836 ൽ ബ്രിട്ടീഷ് റസിഡണ്ട് നൽകിയ നിവേദനത്തിലൂടെ സ്തുതി ചൊവ്വാകപ്പെട്ട സുറിയാനിക്കാരുടെ സത്യവിശ്വാസത്തിൽ കൂട്ട ചേർത്ത അപമര്യാദകളായ 24 കൂട്ടം സംഗതികൾ എഴുതി സമർപ്പിച്ചു, ശുചീകരണത്തിനു നേതൃത്വം നൽകിയതിനു സെമിനാരിയിൽ നിന്നും മുടക്കപ്പെട്ടു, തന്റെ സഹോദര പുത്രനെ അന്ത്യോഖ്യയിലേക്ക് അയച്ച് മെത്രാൻ പട്ടം നൽകി മലങ്കരയിലെ ശുചീകരണ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചു. ഇങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സഭാവനകൾ. ഇതൊക്കെ തന്നെയാണ്, പൊതുവെ അബ്രഹാം മൽപ്പാനച്ചനെപ്പറ്റി നമ്മുടെ ചരിത്ര പുസ്തകങ്ങളിലും അതിലൂടെ ഓരോ സാധാരാണ മാർത്തോമ്മാ വിശ്വാസിയും മനസ്സിലാക്കിയിരിക്കുന്നതും.
അബ്രഹാം മല്‍പ്പാനച്ചന്റെ അധികമാരും പരാമര്ശിക്കപ്പെടാതെപ്പോയ ഒരു വലിയ സംഭാവനയാണ് അദ്ദേഹം സുറിയാനിയില്‍ നിന്നും നവീകരിച്ച് ഉപയോഗിച്ചിരുന്ന ശ്ഹീമാ അഥവാ നിത്യ നമസ്കാരക്രമം. ഒരു പക്ഷേ മലങ്കരയിലെ ശുചീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ചെയ്ത ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായി തന്നെ കരുതാവുന്നതാണ് അദ്ദേഹത്തിന്റെ ഈ മനോഹരമായ കൃതി. സുറിയാനി ശ്ഹീമാ നമസ്കാരത്തെപ്പറ്റിയും അതില്‍ മല്പ്പാനച്ചന് വരുത്തിയ വ്യത്യാസങ്ങളെപ്പറ്റിയും പിന്നീടുണ്ടായ ഈ ശ്ഹീമാ നമസ്കാരത്തിന്റെ മലയാള പരിഭാഷയെപ്പറ്റിയും വിവരിക്കുന്നതാണ് ഈ ലേഖനം.
സുറിയാനി ശ്ഹീമാ നമസ്കാരം
അബ്രഹാം മല്പാനച്ചൻ നടത്തിയ വ്യത്യാസങ്ങളെപ്പറ്റി മനസ്സിലാക്കുന്നതിന് മുൻപ്, സുറിയാനി ഭാഷയിലുണ്ടായിരുന്ന മൂലക്രമത്തെപ്പറ്റി കൂടി നാം അറിഞ്ഞിരിക്കണം. 'ശ്ഹീമാ' അല്ലെങ്കില്‍ 'ശ്ഹീമോ' എന്ന സുറിയാനി പദത്തിന് 'സാധാരണം' എന്നാണര്‍ത്ഥം. ഞായറാഴ്ചകളും പെരുന്നാളുകളും നോമ്പുകളും ഒഴിച്ചുളള ദിവസങ്ങളില്‍ ഏഴു നേരമായി (യാമങ്ങള്‍ തോറും, 3 മണിക്കൂര്‍ ഇടവിട്ട്) ഒരാഴ്ചത്തേക്ക് ക്രമീകൃതമായ രീതിയില്‍ ചിട്ടപ്പെടുത്തിയ പ്രാര്‍ത്ഥനകളാണ് ശ്ഹീമാ നമസ്കാരത്തില്‍ അടങ്ങിയിരിക്കുന്നത്.
മാര്‍ അപ്രേം, സ്രൂഗിലെ മാര്‍ യാക്കോബ്, മാബൂഗിലെ പീലക്സിനോസ്, മാര്‍ ബാലായി, ശെമവൂന്‍ കൂക്കോയോ തുടങ്ങിയ താപസ ശ്രേഷ്ഠന്മാരായ സുറിയാനി സഭാപിതാക്കന്മാരുടെ ഭക്തി വര്‍ദ്ധകവും വേദാധിഷ്ഠിതവും ആയ അനേകം കൃതികള്‍ കൂട്ടിച്ചേര്‍ത്ത് എഡേസായിലെ മാര്‍ യാക്കോബിന്റെ പ്രയത്നഫലമായി ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ക്രോഡീകരിക്കപ്പെട്ടതാണ് സുറിയാനിയിലുള്ള ശ്ഹീമാ നമസ്കാരക്രമം എന്ന് വിശ്വസിക്കപ്പെടുന്നു.
വളരെ ചുരുക്കം ചില പ്രാര്‍ത്ഥനകള്‍ ഒഴിച്ചാല്‍ ഈ സുറിയാനി ക്രമത്തിലെ എല്ലാ പ്രാര്‍ത്ഥനകളും ഗീത രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സത്യവിശ്വാസത്തിന്റെ കാവല്‍ ഭടന്മാരായ സഭാപിതാക്കന്മാര് തങ്ങളുടെ വിശ്വാസത്തിനും പ്രബോധനങ്ങള്‍ക്കും ആധാരമായി അനേകം ഉദ്ധരണികളും പരാമര്‍ശങ്ങളും വിശുദ്ധ വേദപുസ്തകത്തില്‍ നിന്നും ഈ ക്രമങ്ങളില്‍ ഉടനീളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദൈവിക സ്തുതിപ്പുകളും അനുതാപത്തിന്റെ പ്രാര്‍ത്ഥനകളും ഈ ക്രമത്തില്‍ അടങ്ങിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുറിയാനി സഭയിലെ പ്രസിദ്ധ എഴുത്തുകാരനായ ദിവന്നാസ്യോസ് ബര്‍സ്ലീബി ശ്ഹീമാ നമസ്കാരത്തിന്റെ ലാളിത്യത്തെപ്പറ്റി പറഞ്ഞ വാചകങ്ങള്‍ വളരെ ശ്രദ്ധേയമാണ്. 'ഈ പുസ്തകം, സാധരണക്കാരായ ആരാധര്‍ക്കും ദയറാക്കാര്ക്കുമായി തയ്യാറാക്കിയതാണ്. അതുകൊണ്ടാണ് മനസ്സില്‍ വേഗം ആഗീരണം ചെയ്കയും ഹൃദയത്തെ ചലിപ്പിക്കുകയും ചെയ്യത്തക്കവിധം ഇവയുടെ രചയിതാക്കള്‍ ലളിതമായ ശൈലി ഉപയോഗിച്ചിരിക്കുന്നത്'.
സുറിയാനി ശ്ഹീമാ നമസ്കാരത്തിൽ അബ്രഹാം മല്പ്പാന് വരുത്തിയ മാറ്റങ്ങള്‍
സുറിയാനി മൂലക്രമത്തില് നിന്നും അബ്രഹാം മല്പ്പാനച്ചന് രൂപപ്പെടുത്തിയതാണ് നാം ഇന്ന് ഉപയോഗിക്കുന്ന ശ്ഹീമാ നമസ്കാരക്രമം. പരിശുദ്ധന്മാരോടുള്ള പ്രാര്‍ത്ഥനയും മരിച്ചവര്‍ക്കായുള്ള അപേക്ഷയും മാറ്റി തല്‍സ്ഥാനത്ത് തത്തുല്യ പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചാണ് അബ്രഹാം മല്പ്പാന് ഈ ക്രമം പരിഷ്കരിച്ചത്. എല്ലാ പ്രാര്‍ത്ഥനകളും സുറിയാനിയില്‍ തന്നെയായിരുന്നു പരിഷ്കരിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ അബ്രഹാം മല്പ്പാനച്ചന് സുറിയാനി ഭാഷയിലുണ്ടായിരുന്ന അഗാധമായ ജ്ഞാനം ഗ്രഹിക്കാവുന്നതാണ്.
പ്രധാനമായും രണ്ട് രീതിയിലുള്ള വ്യത്യാസങ്ങളാണ് സുറിയാനി സഭയുടെ മൂല ക്രമത്തില്‍നിന്ന് അബ്രഹാം മല്പ്പാന് വരുത്തിയിട്ടുളളത്. ഒന്നാമതായി പരിശുദ്ധന്മാരോടുള്ള പ്രാര്‍ത്ഥനയും മരിച്ചവര്‍ക്കായുള്ള അപേക്ഷയും മുഴുവനായി മാറ്റി പകരം അനുതാപത്തിന്റെ പ്രാര്‍ത്ഥനകള്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാമതായി അത്തരം ചില പ്രാര്‍ത്ഥനകള്‍ മുഴുവനായി നീക്കം ചെയ്യാതെ നവീകരണാശത്തോടു ചേര്‍ന്നു നില്ക്കുന്ന തരത്തില്‍ ഭാഗികമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചു. എന്തായിരുന്നാലും സുറിയാനി ശ്ഹീമാ ക്രമത്തില്‍ ഒരു യാമനമസ്കാരത്തില് ഏതൊക്കെ പ്രാര്‍ത്ഥനകള്‍ നവീകരണ പ്രമാണങ്ങള്‍ക്ക് യോജിക്കാത്തവയായി ഉണ്ടായിരുന്നോ അവയെല്ലാം മേല്‍വിവരിച്ച രീതിയില്‍ പരിഷ്കരണത്തിനു വിധേയമാക്കിയപ്പോള്‍ തന്നെ ക്രമത്തിന്റെ ഘടനയിലും പ്രാര്‍ത്ഥനകളുടെ എണ്ണത്തിലും വ്യത്യാസം വരുത്താതെ നവീകരിച്ച ക്രമത്തെ നിലനിര്‍ത്തി എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. നവീകരണത്തിലൂടെ പ്രാര്‍ത്ഥനകള്‍ പലതും ഉപേക്ഷിച്ചു എന്നൊരു ധാരണ നിലനില്‍ക്കേ നവീകരണ പിതാക്കന്മാര് വിഭാവന ചെയ്ത ആരാധന ക്രമങ്ങളിലുള്ള പരിഷ്കാരങ്ങള്‍, പ്രാര്‍ത്ഥനകളും ക്രമങ്ങളും ഉപേക്ഷിക്കുക എന്നതല്ലായിരുന്നു മറിച്ച് അവയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി നിലനിര്‍ത്തുകയെന്നതായിരുന്നു എന്നതിനുള്ള തെളിവാണ് അബ്രഹാം മല്പ്പാന് ഈ ശ്ഹീമാ നമസ്കാരത്തില്‍ നടത്തിയ മാറ്റങ്ങള്‍.
കാലാകാലങ്ങളില്‍ തലമുറകളായി കൈമാറി വന്ന ഈ ദൈവികരഹസ്യങ്ങള്‍ തലമുറകളോളം അതിന്റെ ശരിയായ അര്‍ത്ഥത്തിലും ആഴത്തിലും വിശ്വാസികളിലേക്ക് സംവദിക്കപ്പെടണമെന്നുള്ള അച്ചന്റെ അതിയായ ആഗ്രഹം ഈ ഉദ്യമത്തിലൂടെ നമുക്ക് ദര്‍ശിക്കാവുന്നതാണ്. ഈ മാറ്റങ്ങള്‍ അദ്ദേഹം ഏതു കാലഘട്ടത്തിലാണ് വരുത്തിയത് എന്നത് വ്യക്തമല്ല. ഒരു പക്ഷേ 1818 ല്‍ പുന്നത്ര മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ (പതിനൊന്നാം മാര്‍ത്തോമ്മാ) താത്പര്യപ്രകാരം രൂപീകരിച്ച ശുചീകരണ കമ്മറ്റിയുടെ ഭാഗമായി 1836 വരെയുള്ള കാലഘട്ടത്തില്‍ ആയിരിക്കണം, അല്ലെങ്കില്‍ 1836 നു ശേഷം താന്‍ സെമിനാരിയില്‍ നിന്നും പോയതിനുശേഷം തന്റെ മരണം (1845) വരെയുള്ള ഏകദേശം പത്ത് വര്‍ഷക്കാലമായിരിക്കണം ഈ മാറ്റങ്ങള്‍ വരുത്തിയത്.
അബ്രഹാം മല്പ്പാന് മാറ്റം വരുത്തിയ ശ്ഹീമാ നമസ്കാരത്തിന്റെ മലയാള പരിഭാഷ
അബ്രഹാം മല്പ്പാന്റെ മരണശേഷം (1845) ഏകദേശം നൂറു വര്‍ഷത്തോളം ഈ ക്രമം സുറിയാനിയില്‍ തന്നെയായിരുന്നു സഭയിലെ മെത്രാച്ചന്മാരും വൈദികരും ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഇതിന്റെ ഉപയോഗം സുറിയാനി അറിയാവുന്ന വൈദികരിലേക്ക് മാത്രമായി ചുരുക്കപ്പെട്ടു. തുടര്‍ന്ന് 1942-ലാണ് അഭിവന്ദ്യ പാലക്കുന്നത്ത് തീത്തൂസ് ദ്വിതീയന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് ഇത് സുറിയാനിയില്‍ നിന്നും മലയാളത്തിലേക്ക് പ്രസിദ്ധപ്പെടുത്തുന്നത്. ഈ പരിഭാഷയുടെ പ്രൗഢ മുഖവുരയില്‍ ശ്ഹീമ നമസ്കാരക്രമത്തിന്റെ ചരിത്ര, സഭാ, വേദശാസ്ത്ര ചിന്തകള്‍ മാളിയേക്കല്‍ സഖറിയാ മല്പാനച്ചന് സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇപ്രകാരമാണ്. 'പൂര്‍വ്വ കാലത്ത് ജീവിച്ചിരുന്ന ഭക്തന്മാരായ വിശുദ്ധ പിതാക്കന്മാര് രചിച്ച് ഉപയോഗിച്ചിട്ടുള്ള വിശിഷ്ടങ്ങളായ അനേകം പ്രാര്‍ത്ഥനാക്രമങ്ങള്‍ സുറിയാനി ഭാഷയിലുണ്ട്. അങ്ങനെയുള്ള ഒരു പ്രാര്‍ത്ഥനാക്രമമാണ് ശ്ഹീമാ നമസ്കാര ക്രമം. ഇതിലെ ധ്യാനങ്ങളും പ്രാര്‍ത്ഥനകളും സത്യക്രിസ്തീയ ജീവിതത്തിന് സഹായകമായ ഉപദേശങ്ങളും ഭക്തിസംവര്‍ദ്ധകവും വിജ്ഞാനപൂര്ണ്ണവുമായ ആശയങ്ങളും അടങ്ങിയവയാകയാല് ഏവര്‍ക്കും ഒരുപോലെ ഉപയോഗ്യമാണ്. മലങ്കരസഭയിലെ നവീകരണ കര്‍ത്താവായ പരേതനായ പാലക്കുന്നത്ത് അബ്രഹാം മല്പാനച്ചന് മൂലത്തില്‍ തന്നെ വേണ്ട പരിഷ്കാരങ്ങള്‍ ചെയ്ത് ഉപയോഗിച്ചുവന്ന സുറിയാനി നമസ്കാര പുസ്തകത്തിന്റെ തര്‍ജ്ജമയാണ് ഈ പുസ്തകം. സുറിയാനി ഭാഷാപണ്ഡിതന്മാരായ പലരുടെയും ഹാര്‍ദ്ദമായ പ്രശംസയ്ക്കു മല്പാനച്ചന്റെ പരിഷ്കരിച്ചെഴുതിയ ഈ കൃതി പാത്രീഭവിച്ചിട്ടുള്ളതാണ്'.
1942 ല്‍ കടലാസിന്റെ അമിതമായ വില കൂടുതല്‍ മൂലം വെറും 200 കോപ്പികള്‍ മാത്രമേ അച്ചടിച്ചിരുന്നുള്ളു. തുടര്‍ന്ന് തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുവാന്‍ സാധിക്കാതെ പോയ ഈ ക്രമം അരനൂറ്റാണ്ടിനുശേഷം 2001 ലാണ് ബഹുമാനപ്പെട്ട എപ്പിസ്കോപ്പല്‍ സിനഡിന്റെ പ്രത്യേക താത്പര്യപ്രകാരം പുനഃപ്രസിദ്ധീകരിക്കുന്നത്. 2001 ലെ പുനഃപ്രസിദ്ധീകരണത്തിനു ശേഷം അനേകം വിശ്വാസികള്‍ ഇത് ഉപയോഗിക്കുന്നു എന്നത് ഇതിന്റെ പ്രസക്തി എടുത്തു കാട്ടുന്നു.
സുറിയാനി ശ്ഹീമാ ക്രമത്തില്‍ ഒട്ടുമുക്കാല്‍ പ്രാര്‍ത്ഥനകളും ഗീത രൂപത്തിലായിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലൊ. എന്നാല്‍ 1942 ല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ വളരെ കുറച്ച് പ്രാര്‍ത്ഥനകള്‍ മാത്രമേ ഗീതരൂപത്തില് തര്‍ജ്ജമ ചെയ്യുവാന്‍ സാധിച്ചുള്ളു. ബാക്കിയെല്ലാം ഗദ്യമായാണ് പരിഭാഷപ്പെടുത്തിയത്. ദീര്‍ഘമായ ശുശ്രൂഷകളില്‍ വിശ്വാസികളെ ദൈവികാരാധനയില്‍ ഉന്മേഷത്തോടും താത്പര്യത്തോടും നിര്‍ത്തുന്നതിനും പൗരസ്ത്യ ആരാധനയുടെ മനോഹാരിത നിലനിര്‍ത്തുന്നതിനും ആരാധനയില്‍ ഗീതങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട്. നമ്മുടെ ഹാശാ ആഴ്ചയിലെ നമസ്കാരം അതിനുദാഹരണമാണ്. ഗദ്യരൂപത്തിലുള്ള പ്രാര്‍ത്ഥനകള്‍ ഗീത രൂപത്തിലാക്കുകയാണങ്കില് ഈ പ്രാര്‍ത്ഥനകള്‍ ആരാധകരുടെ ശരീരാത്മ മനസ്സുകളിലേക്ക് എളുപ്പത്തില്‍ ഇറങ്ങി ചെല്ലുകയും പ്രാര്‍ത്ഥനകളുടെ അര്‍ത്ഥവ്യാപ്തി കൂടുതല്‍ അനായാസമായി ഉള്‍ക്കൊള്ളുവാന്‍ ഇടയാകുന്നതിനും സാധിക്കും. അതിനാല്‍, ശ്രമകരമെങ്കിലും പദ്യ രൂപത്തിലേക്ക് ഇതിലെ പ്രാര്‍ത്ഥനകള്‍ മാറ്റുന്നത് അഭിലഷണീയമത്രേ.
ശ്ഹീമാ നമസ്കാരത്തിന്റെ ആചരണ രീതി
എല്ലാ വിശ്വാസികളും ദിവസം ഏഴു നേരം അഥവാ ഏഴു യാമങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തണം എന്ന ഒരു അച്ചടക്കമാണ് പൊതുവേ നാം ഉള്‍പ്പെട്ടിരിക്കുന്ന സുറിയാനി സഭാ പാരമ്പര്യം പിന്തുടരുന്ന സഭകളില്‍ നിലവില്‍ ഉള്ളത്. ഈ ഏഴു യാമങ്ങളെ കര്‍ത്താവിന്റെ പീഢാനുഭവങ്ങളുടെ വിവിധഘട്ടങ്ങളെയും നമ്മുടെ ജീവിതചര്യയുമായി ബന്ധപ്പെടുത്തിയുമാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുവേ മൂന്നു നേരമായിട്ടൊ അല്ലെങ്കില്‍ രണ്ടു നേരമായിട്ടൊ ആണ് ഏഴു നേരത്തെ പ്രാര്‍ത്ഥനകള്‍ നടത്താറുള്ളത്. നമ്മുടെ ശ്ഹീമാ നമസ്കാരത്തില്‍ ഇപ്രകാരം രണ്ടു നേരം രാവിലെയും വൈകുന്നേരവുമായിട്ടാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഉദാഹരണമായി, നമ്മുടെ ശ്ഹീമാ നമസ്കാരത്തിലെ പുറം 63-ല്‍ തുടങ്ങുന്ന തിങ്കളാഴ്ച വൈകുന്നേരത്തെ നമസ്കാരത്തില്‍, തുടക്കത്തില്‍ ഒന്‍പതാം മണി നമസ്കാരം ചൊല്ലുന്നു. തുടര്‍ന്ന് ഇതിനോടു ചേര്‍ന്ന് സന്ധ്യാ നമസ്കാരവും (പുറം 64) സൂത്താറാ നമസ്ക്കാരവും (പുറം 70) അവസാനം വിശ്വാസപ്രമാണവും ചൊല്ലി വൈകിട്ടത്തെ പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കുന്നു. തുടര്‍ന്ന് പുറം 72-ല്‍ ചൊവ്വാഴ്ച കാലത്തു ചൊല്ലേണ്ടുന്ന നമസ്കാരങ്ങള്‍ കൊടുത്തിരിക്കുന്നു. ഇതില്‍ ആദ്യം പാതിരാ നമസ്കാരം ചൊല്ലുന്നു. തുടര്‍ന്ന് പുറം 78 - ലെ പ്രഭാതത്തിന്റെ (മയ്യല്) നമസ്കാരവും പുറം 85 - ലെ മൂന്നാം മണിയുടെ (ഏഴര) നമസ്കാരവും പുറം 86 - ലെ ഉച്ചയുടെ നമസ്കാരവും അവസാനം വിശ്വാസപ്രമാണവും ചൊല്ലി രാവിലത്തെ പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കുന്നു.
ഈ നമസ്കാരങ്ങള്‍ വൈദികരും അവരോട് ചേര്‍ന്ന് വിശ്വാസികളും കൂടി നടത്തുവാനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലെ പ്രാര്‍ത്ഥനകള്‍ ക്രിസ്തീയ ജീവിതത്തിന് സഹായകരമായ ഉപദേശങ്ങളും ആശയങ്ങളും അടങ്ങിയവയാകയാല് ഇത് വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും, ധ്യാനത്തിനും, കുടുംബപ്രാര്‍ത്ഥനകള്‍ക്കും ഉപയോഗയോഗ്യമാണ്. ദയറാകളിലും സന്യാസിനി ആശ്രമങ്ങളിലും വൈദിക പഠനശാലകളിലും ഈ നമസ്കാരങ്ങളടെ ഉപയോഗം കൂടുതല്‍ പ്രോല്സാഹിക്കപ്പെടേണ്ടതാണ്.
ഉപസംഹാരം
തലമുറകളെ വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതിലും വിശ്വാസികളുടെ ആരാധനാജീവിതത്തെ പ്രോജ്ജ്വലിപ്പിക്കുന്നതിലും നമസ്കാരങ്ങളുടെയും ആരാധന ക്രമങ്ങളുടെയും പങ്ക് വലുതാണ്. ഈ ക്രമങ്ങളിലെ പ്രാര്‍ത്ഥനകള്‍ ഒരു യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിന് വഴികാട്ടിയാണ്. ദൈവഭക്തി, അനുതാപം, പ്രാര്‍ത്ഥനാശീലം, സഹോദരസ്നേഹം, വിനയം, ദാനശീലം തുടങ്ങിയ അനേകം ക്രിസ്തീയ മൂല്യങ്ങള്‍ അവ ഒരു വിശ്വാസിയെ പഠിപ്പിക്കുന്നു. നവീകരിക്കപ്പെട്ടിട്ടും ശോഭ കൂടുതല്‍ വര്‍ധിച്ച നമ്മുടെ ശ്ഹീമാ നമസ്കാരത്തിലെ ഓരോ പ്രാര്‍ത്ഥനയും വേദപുസ്തകത്തോട് ചേര്‍ത്ത് വായിക്കാവുന്നവയും ആരാധകര്‍ക്ക് പ്രത്യാശയും ദൈവിക സംരക്ഷണയും ഉറപ്പു നല്കുന്നവയുമാണ്. സഭാ നാഥനായ ക്രിസ്തുവിനെ ലോകത്തിനു കാണിച്ചു കൊടുക്കുവാന്‍, ആ ദൈവസ്നേഹത്തിന്റെ ചാലക ശക്തികളായി തീരുവാന്‍ ഈ നമസ്കാരങ്ങളുടെ ചിട്ടയോടെയുള്ള ആചരണങ്ങള്‍ ഇടയാക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.