എന്താണ് തുബ്ദേൻ പ്രാർത്ഥനകൾ?
എന്താണ് തുബ്ദേൻ പ്രാർത്ഥനകൾ?
Home
എന്താണ് തുബ്ദേൻ പ്രാർത്ഥനകൾ ?
നമ്മുടെ വിശുദ്ധ കുർബാന ക്രമത്തിൽ പേജ് 83 മുതൽ 85 വരെ ഉൾപ്പെടുത്തിയിരിക്കുന്ന ആറ് വ്യത്യസ്ത അപേക്ഷകളാണ് തുബ്ദേനുകൾ എന്ന പേരിൽ അറിയപ്പെടുന്നത്.
എന്താണ് ഈ പ്രാർത്ഥനകളുടെ ഉള്ളടക്കം? എന്ന് മുതലാണ് കുർബാനക്രമങ്ങളിൽ ഇവ ഉൾപ്പെടുത്തി തുടങ്ങിയത് ? എന്താണ് 'തുബ്ദേൻ' എന്ന വാക്കിന്റെ അർത്ഥം? എന്താണ് ഇവയുടെ സഭാവിജ്ഞാനീയമായ പ്രാധാന്യം? എന്നീ ചില ചോദ്യങ്ങളിലൂടെ ഇവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
ആദ്യമായി, ഈ പ്രാർത്ഥനകളുടെ ഉള്ളടക്കത്തെപ്പറ്റി മനസ്സിലാക്കുവാൻ ശ്രമിക്കാം.
തുബ്ദേനുകൾ ആറെണ്ണമാണുള്ളത്. എന്നാൽ ഇവ പതിനെട്ടു പ്രാർത്ഥനകളുടെ ഒരു സമാഹാരമാണ്. അപ്പവീഞ്ഞുകളെ കർത്താവിന്റെ തിരുശരീര രക്തങ്ങളായി ശുദ്ധീകരിക്കുന്ന കാർമ്മികന്റെ പ്രാർത്ഥനകൾക്കു ശേഷമാണ് തുബ്ദേൻ പ്രാർത്ഥനകൾ തുടങ്ങുന്നത്. ആദ്യമായി ശുശ്രൂഷകൻ നിശ്ചയിക്കപ്പെട്ട തുബ്ദേനുകൾ ഓരോന്നായി പരസ്യമായി ചൊല്ലുന്നു. ഇതേസമയം, അതേ വിഷയത്തെപ്പറ്റി കാർമ്മികൻ രഹസ്യമായി ഒരു പ്രാർത്ഥന നടത്തുന്നു. ഇതിനു ശേഷം, കാർമ്മികൻ പരസ്യമായി ഒരു പ്രാർത്ഥന കൂടി ചൊല്ലുന്നു. ഇപ്രകാരം ആറു തുബ്ദേനുകളിൽ പതിനെട്ടു പ്രാർത്ഥനകളാണ് ഉൾപ്പെട്ടിരിക്കുന്നത്.
തുബ്ദേനുകളിൽ ആദ്യത്തേതിൽ, ഭൂലോകമെങ്ങുമുള്ള ദൈവത്തിന്റെ വിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു. സത്യത്തിന്റെ വചനത്തെ ശരിയായി വിഭാഗിച്ചു കൊടുക്കുന്ന സകല വൈദിക സ്ഥാനികളെയും പ്രത്യേകാൽ നമ്മുടെ സഭയെ ഭരിക്കുന്ന മെത്രാപ്പോലീത്തായെയും എപ്പിസ്കോപ്പാമാരെയും കശീശ്ശന്മാരെയും ശെമ്മാശന്മാരെയും ഓർക്കുന്നു. രണ്ടാമത്തെതിൽ, വിശ്വാസികളും സത്യ ക്രിസ്താനികളുമായ സകലരേയും ഓർത്ത് പ്രാർത്ഥിക്കുന്നു. ഇതിൽ രോഗികളും ക്ലേശമനുഭവിക്കുന്നവരുമായ അവിടെ വന്നു ചേർന്നവരെയും ചേരുവാൻ ആഗ്രഹിച്ചിട്ടും അതിനു കഴിയാതെ പോയവരെയും ഓർത്ത് അവരുടെ എല്ലാവരുടെയും യാചനകളെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാവരെയും ഓർത്ത് ദൈവത്തിൽ നിന്നുള്ള കൃപയും കരുണയും യാചിക്കുന്ന പ്രാർത്ഥനയായതിനാൽ തുബ്ദേനുകളിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു അപേക്ഷയാണിത്. മൂന്നാമത്തെതിൽ, ഉത്തമ ഭക്തരായ എല്ലാ ഭരണ കർത്താക്കളെയും രാഷ്ട്രീയ നേതാക്കന്മാരെയും ഓർക്കുന്നു. നമ്മുടെ ദേശത്തെയും രാജ്യത്തെയും ഭരിക്കുന്നവർ ദൈവാനുഗ്രഹമുള്ളവരായി ദേശവും രാജ്യവും സമാധാന പൂർവ്വമായി നിലകൊള്ളുവാൻ ഈ തുബ്ദേനിലൂടെ നാം പ്രാർത്ഥിക്കുന്നു. നാലാമത്തെ തുബ്ദേനിൽ, പ്രവാചകന്മാരെയും ശ്ലീഹന്മാരെയും ഏവൻഗേലിസ്ഥരെയും സഹദേന്മാരെയും മൗദ്യാൻന്മാരെയും വിശുദ്ധ കന്യകമറിയാമിനെയും തുടങ്ങി ക്രിസ്തുവിനെ നമുക്ക് കാണിച്ചു തന്ന സകല വിശുദ്ധന്മാരെയും വിശുദ്ധമതികളെയും ഓർക്കുകയും അവരുടെ മാതൃക പിൻതുടരുവാനുള്ള ദൈവകൃപയ്ക്കായി യാചിക്കുകയും ചെയ്യുന്നു. അഞ്ചാമത്തെതിൽ, സഭയുടെ സത്യവിശ്വാസത്തെ ക്രോഡീകരിച്ച സകല പിതാക്കന്മാരെയും പ്രത്യേകാൽ നിഖ്യാ, കുസ്തന്തീനോസ് പൊലീസ്, എഫേസൂസ് എന്നീ പൊതു സുന്നഹദോസിലൂടെ സത്യവിശ്വാസം കാത്തു സൂക്ഷിച്ചവരെ ഓർക്കുകയും അവരുടെ സത്യോപദേശങ്ങൾ അനുസരിച്ച് നടപ്പാനുള്ള യോഗ്യതയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അവസാനത്തെയും ആറാമത്തെതുമായ തുബ്ദേനിൽ സകല വാങ്ങിപ്പോയവരെയും ഓർക്കുന്നു. അന്ത്യന്യായവിധി നാളിൽ എല്ലാവരെയും ഉയിർപ്പിച്ച് അനുകൂലമാക്കുമ്പോൾ നമ്മുടെ വാങ്ങിപ്പോയവരോടാപ്പം നമുക്കും ദൈവത്തിന്റെ മുഖ പ്രകാശം വിളങ്ങുന്നിടത്ത്, സ്വർഗ്ഗ രാജ്യത്തിന്റെ അവകാശം ലഭിക്കുവാനായി കരുണകളും പാപമോചനവും കണ്ടെത്തുവാൻ ദൈവ സന്നിധിയിൽ കുറ്റമറ്റവനായ തന്റെ ഏക പുത്രനിൽ ശരണപ്പെടുന്നു എന്നതാണ് ഈ സമയത്തെ പ്രാർത്ഥന. ചുരുക്കത്തിൽ, ആറു തുബ്ദേനുകളിൽ ആദ്യത്തെ മൂന്നെണ്ണത്തിൽ ജീവിച്ചിരിക്കുന്നവരെയും പിന്നെത്തെ മൂന്നെണ്ണത്തിൽ വാങ്ങിപ്പോയവരെയുമാണ് ഓർക്കുന്നത്.
ശുശ്രൂഷകൻ ചൊല്ലുന്ന ഓരോ പ്രാർത്ഥനയ്ക്കും അവസാനം ജനം 'കുറിയേലായിസ്സോൻ' എന്ന് പ്രതിവാക്യം പറയുന്നു. ശുശ്രൂഷകൻ ചൊല്ലിയത് ദൈവം ശ്രവിച്ച് ഉത്തരമരുളി കരുണ ചെയ്യണമേ എന്നത്രേ ജനം 'കുറിയേലായിസ്സോൻ' എന്നു പറയുന്നതിന്റെ സാരം. അതുപോലെ, പട്ടക്കാരന്റെ പരസ്യ പ്രാർത്ഥനയ്ക്കു ശേഷം ജനം 'ആമ്മീൻ' എന്ന് പ്രതിവാക്യം പറയുന്നു. എന്നാൽ, ശുശ്രൂഷകന്റെ അവസാനത്തെ തുബ്ദേൻ വായനയ്ക്കും പട്ടക്കാരന്റെ അവസാന പരസ്യ പ്രാർത്ഥനയ്ക്കു ശേഷം യഥാക്രമം ജനം മൂന്നു പ്രാവശ്യം 'കുറിയേലായിസ്സോൻ' എന്നും 'ദൈവമേ മനസ്സോടും മനസ്സു കൂടാതെയും ....' എന്ന പ്രാർത്ഥനയും പ്രതിവാക്യമായി ചൊല്ലുന്നു.
അതുപോലെ ഈ പ്രാർത്ഥനകളുടെ ചില രീതികൾ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. പട്ടക്കാരന്റെ രഹസ്യത്തിലുള്ള പ്രാർത്ഥനയുടെ സമയത്ത് വൈദികൻ തലകുനിച്ച് നിൽക്കണമെന്നാണ് പതിവ്. പരസ്യ പ്രാർത്ഥനയ്ക്ക് കൈകൾ ഉയർത്തുന്നതുമായ പതിവുണ്ട്. ഇവ കൂടാതെ ഇവയുടെ വായന സമയത്ത് തബലീത്താമേലും പീലാസാമേലും കാസായിന്മേലും കുരിശു വരയ്ക്കുന്ന വേറെയും ചില ക്രിയകൾ പല സഭകളിലും അനുഷ്ഠിക്കപ്പെടുന്നുണ്ട്. ഇതൊക്കെ ഓരോ സ്ഥലത്തും വ്യത്യസ്ത സഭാ വിഭാഗങ്ങളിലും ഓരോ രീതിയിലാണ് നടത്തപ്പെടുന്നത്. ശുശ്രൂഷകരുടെ എണ്ണമനുസരിച്ച് പൊതുവേ ഓരോ പ്രാർത്ഥനകളും ഓരോരുത്തർ മാറി മാറിയാണ് വായിക്കുന്നത്. മേൽപ്പട്ടക്കാരനാണ് വിശുദ്ധ കുർബാന അനുഷ്ഠിക്കുന്നെങ്കിൽ തുബ്ദേൻ വായന സമയത്ത് അംശവടി പിടിക്കുന്ന പതിവുമുണ്ട്.
ഇനിയും ഈ പ്രാർത്ഥനകളുടെ അല്പം ചരിത്രം കൂടി പരിശോധിക്കാം. ഏകദേശം ഒൻപത്-പത്ത് നൂറ്റാണ്ടുകൾക്ക് ശേഷമാണ് കുർബാന ക്രമങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്ന തരത്തിലുള്ള ആറ് പ്രാർത്ഥനകൾ അടങ്ങിയ തുബ്ദേനുകൾ നിലവിൽ വന്നത്. എന്നാൽ, ഇവയുടെ ആവിർഭാവത്തിന് മുൻപ് കുർബാന ക്രമങ്ങളിൽ ഉപയോഗിച്ചിരുന്ന ഇതിനു ഏകദേശം തത്തുല്യമായ മറ്റൊരു വായനയായിരുന്ന 'ജീവൻ്റെ പുസ്തക' വായനയുടെ ചുവടുപ്പിടിച്ചാണ് തുബ്ദേൻ പ്രാർത്ഥനകൾ ഉടലെടുത്തതെന്ന് കരുതാം. എന്താണ് ജീവൻ്റെ പുസ്തകം? സ്ഫർഹായെ എന്നാണ് സുറിയാനിയിൽ ഇത് അറിയപ്പെടുന്നത്. 'ലിഖിതം, പുസ്തകം' എന്നൊക്കെ അർത്ഥം വരുന്ന 'സെഫ്റൊ' എന്ന പദവും 'ജീവൻ' എന്നർത്ഥം വരുന്ന 'ഹായെ' എന്ന രണ്ട് സുറിയാനി പദങ്ങൾ ചേർന്ന് രൂപപ്പെട്ട 'സ്ഫർഹായെ' എന്ന പദത്തെ 'ജീവൻ്റെ പുസ്തകം' എന്നോ 'ജീവനുള്ളവരുടെ പുസ്തകം' എന്നോ പരിഭാഷപ്പെടുത്താം. വിശുദ്ധ കുർബാനയിൽ അനഫോറയുടെ ആരംഭത്തിലായിരുന്നു ജീവൻ്റെ പുസ്തക വായന. നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ സുദീർഘമായ ഇഹലോക ചരിത്രം, തൻ്റെ പീഡാനുഭവം, ഉത്ഥാനം, പെന്തിക്കോസ്തി നാളിലെ പരിശുദ്ധ റൂഹായുടെ ആവാസം, അപ്പൊസ്തൊലന്മാരുടെ പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിൻ്റെ ആദ്യഭാഗത്തുള്ളത്. തുടർന്ന് പഴയ നിയമത്തിലെ വിശുദ്ധന്മാർ, പന്ത്രണ്ട് അപ്പോസ്തലന്മാർ, ഏവൻഗേല്യസ്ഥർ, അറിയിപ്പുകാർ, സഭയിലെ വിശുദ്ധന്മാർ, വിശുദ്ധമതികൾ, മൂന്നു പൊതു സുന്നഹദോസിലെ വിശുദ്ധ പിതാക്കന്മാർ, സത്യവിശ്വാസികളായ രാജാക്കന്മാർ, മെത്രാപ്പോലീത്തന്മാർ, മൽപ്പാന്മാർ, ദയറാക്കാർ തുടങ്ങിയ മറ്റ് എല്ലാവരെയും, പ്രത്യേകിച്ച് ദൈവാലയം ഉൾക്കൊള്ളുന്ന ഭദ്രാസനത്തിലെ മെത്രാന്മാർ, വൈദിക സ്ഥാനികൾ തുടങ്ങിയവരെയും, ഇതുകൂടാതെ ആ ദൈവാലയത്തിൻ്റെ നിർമാണത്തിൽ ബന്ധപ്പെട്ടവരെയും വിശ്വാസികളെയും പ്രത്യേകം സഹായം ചെയ്തവരെയും ഓർത്തുകൊണ്ട് ജീവൻ്റെ പുസ്തക വായന അവസാനിപ്പിക്കുന്ന രീതിയാണ് അക്കാലത്ത് നിലനിന്നിരുന്നത്. വിശുദ്ധ പൗലൊസ് അപ്പോസ്തോലൻ എബ്രായർക്ക് എഴുതിയ ലേഖനത്തിൽ (13:7) തങ്ങളെ വഴി നടത്തിയവരെ ഓർക്കാനും, അവരുടെ ജീവിതത്തെ പിൻതുടരുവാനും വിശ്വാസികളെ പ്രബോധിപ്പിക്കുന്ന പശ്ചാത്തലമാണ് ഇത്തരത്തിൽ പൂർവ്വ വിശ്വാസികളെ ആരാധനയിൽ ഓർക്കാൻ ക്രൈസ്തവ സഭയെ പ്രധാനമായും പ്രചോദിപ്പിച്ചത്. അതുപോലെ, പൂർവ്വികരെ സ്മരിക്കുന്ന യഹൂദ പാരമ്പര്യങ്ങളുടെ സ്വാധീനവും ഇത്തരം രീതികൾക്ക് കാരണമായിട്ടുണ്ടാകാം. ഇത്തരം പതിവുകൾ മൂന്നാം നൂറ്റാണ്ടു മുതൽ സഭയുടെ ആരാധനയിൽ ഉണ്ടായിരുന്നതായി സഭാപിതാക്കന്മാരായ സിപ്രിയാൻ, ഈവാനിയോസ്, ദിവന്നാസ്യോസ് അരിയപാഗ്ഗസ്സ്, യെറുശലേമിലെ കുറിലോസ് എന്നിവരുടെ എഴുത്തുകളിൽ കാണുന്നുണ്ട്. എന്നാൽ കാലക്രമേണ ഏകദേശം നാല് - അഞ്ച് നൂറ്റാണ്ടുകളിൽ, ജീവൻ്റെ പുസ്തക വായനയ്ക്ക് പുറമേ, വിശുദ്ധ കുർബാനയിലെ റൂഹാക്ഷണ പ്രാർത്ഥനയ്ക്ക് ശേഷം ചില പ്രത്യേക നിയോഗ പ്രാർത്ഥനകൾ കൂട്ടി ചേർക്കപ്പെട്ടു. തുടർന്ന് ഏട്ട് - പത്ത് നൂറ്റാണ്ടുകളോടെ ഇവ ആറ് പ്രത്യേക പ്രാർത്ഥനകളായി രൂപപ്പെട്ടു. ഇവ പിന്നീട് ഇന്ന് കാണുന്ന രീതിയിലുള്ള തുബ്ദേൻ പ്രാർത്ഥനകളായി രൂപീകരിക്കപ്പെട്ടു. അങ്ങനെ, ജീവൻ്റെ പുസ്തക വായന കുർബാനയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതിന് സമാനമായി ആറ് തുബ്ദേൻ പ്രാർത്ഥനകൾ ചേർക്കപ്പെട്ടു. ജീവൻ്റെ പുസ്തകം വളരെ ദീർഘമായ വായനകളായതിനാലാകാം താരതമ്യേന ചെറിയ പ്രാർത്ഥനകളായ തുബ്ദേൻ പ്രാർത്ഥനകളുടെ ആവിർഭാവത്തോടെ ജീവൻ്റെ പുസ്തക വായന നിർത്തലാക്കപ്പെട്ടതെന്ന് കരുതാം.
ഇനിയും എന്താണ് തുബ്ദേൻ എന്ന വാക്കിൻ്റെ അർത്ഥമെന്ന് മനസ്സിലാക്കാം. 'തൂബ്' എന്ന സുറിയാനി വാക്കിന് 'വീണ്ടും' എന്നും 'ദേൻ' എന്ന വാക്കിന് 'എന്നാൽ' എന്നുമാണ് അർത്ഥം. മേൽവിവരിച്ച ഈ ആറു പ്രാർത്ഥനകളിൽ രണ്ട് മുതലുള്ള പ്രാർത്ഥനകൾ 'തുബ്ദേൻ' അഥവാ 'എന്നാൽ വീണ്ടും' എന്ന വാക്കിലാണ് ആരംഭിക്കുന്നത്. അതിനാലാണ് ഈ പ്രാർത്ഥനകൾ തുബ്ദേൻ എന്ന പേരിൽ അറിയപ്പെടുന്നത്. എന്നിരുന്നാലും, പൊതുവെ ഈ പ്രാർത്ഥനകൾ 'ദിപ്തിക്ക്സ് (Diptych)' എന്ന പേരിലും അറിയപ്പെടാറുണ്ട്. റോമൻ സാമ്രാജ്യത്തിൽ ബി.സി. ആറാം നൂറ്റാണ്ട് മുതൽ പ്രചാരത്തിലിരുന്നതും ചക്രവർത്തിയുടെ നിർദ്ദേശങ്ങൾ രേഖപ്പെടുത്തിയിരുന്നതുമായ രണ്ട് പാളികളുള്ള പരസ്പരം ചേർത്ത് അടയ്ക്കാവുന്ന 'ദിപ്ത്ക്സ്' അഥവാ ' ദിയാപ്തിക്കോൺ' എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് ഈ പദം ക്രൈസ്തവ സഭയിൽ സ്ഥാനം പിടിച്ചത്. ഗ്രീക്ക് ഭാഷയിലുള്ള 'രണ്ട് അല്ലെങ്കിൽ 'ഇരട്ട' എന്നർത്ഥമുള്ള 'ഡിസ്സ്' എന്ന വാക്കും 'മടക്കാവുന്ന അല്ലെങ്കിൽ ചേർത്ത് അടയ്ക്കാവുന്ന' എന്നർത്ഥമുള്ള വാക്കും ചേർന്നാണ് 'ദിപ്തിക്സ്' എന്ന പദം രൂപം കൊള്ളുന്നത്. രണ്ട് പാളികളുള്ള പരസ്പരം ചേർത്ത് അടയ്ക്കാവുന്ന എന്ന പുസ്തകം എന്നർത്ഥം. എന്നാൽ ക്രൈസ്തവ സഭയിൽ, മാമോദീസായിലൂടെ സഭയിൽ അംഗമാകുന്നവരുടെയും വാങ്ങിപ്പോയവരുടെയും പേരുകൾ പ്രത്യേകമായി രേഖപ്പെടുന്നതിനും ആരാധനയിൽ ഇവരെ ഓർക്കുന്നതിനുമായിട്ടായിരുന്നു 'ദിപ്തിക്സ്' എന്ന പുസ്തകം ഉപയോഗിച്ചിരുന്നത്. ഗ്രീക്ക് സ്വാധീനമുള്ള സഭകളിലായിരുന്നു ഇത്തരം പുസ്തകങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. 'ദിപ്തിക്സ്'എന്നതിന് തത്തുല്യമായിട്ടാണ് സുറിയാനിയിലെ 'തുബ്ദേൻ' എന്ന പദം സഭയിൽ ഉപയോഗിച്ചു തുടങ്ങിയത്. അതിനാലാണ് തുബ്ദേൻ പ്രാർത്ഥനകൾ 'ദിപ്തിക്ക്സ്' എന്നും അറിയപ്പെടുന്നത്.
അവസാനമായി, തുബ്ദേൻ പ്രാർത്ഥനകളുടെ സഭാ വിജ്ഞാനീയമായ പ്രാധാന്യം കൂടി പരിശോധിക്കാം. വിശുദ്ധ കുർബാനയിൽ അപ്പവീഞ്ഞുകൾ ശുദ്ധീകരിക്കപ്പെട്ടതിനു ശേഷം സർവ്വർക്കും വേണ്ടി നടത്തുന്ന പ്രാർത്ഥനളാണിവ. ആദ്യത്തെ മൂന്നെണ്ണം ജീവിച്ചിരിക്കുന്ന ദൃശ്യ സഭയ്ക്കു വേണ്ടിയും അവസാനത്തെ മൂന്നെണ്ണം വാങ്ങിപ്പോയ അദൃശ്യ സഭയ്ക്കു വേണ്ടിയുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് നാം ഇതിനോടകം മനസ്സിലാക്കി. അതിനാൽ, ദൃശ്യ സഭയെയും അദൃശ്യ സഭയെയും കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി ഈ പ്രാർത്ഥനകൾ വർത്തിക്കുന്നു. 'വിശുദ്ധരുടെ കൂട്ടായ്മ (Communion of Saints)' എന്ന വലിയ രഹസ്യം ഈ പ്രാർത്ഥനകളിലൂടെ യാഥാർത്ഥ്യവൽക്കരിക്കപ്പെടുന്നു. ഓരോ ക്രിസ്ത്യാനിയും ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ഓരോ വിശ്വാസിയും മറ്റു വിശ്വാസികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത്, ജീവിച്ചിരിക്കുന്നവരും വാങ്ങിപ്പോയവരും എന്ന വ്യത്യാസമില്ല, എല്ലാവരും ക്രിസ്തുവിൽ ഒന്നായി തീർന്നിരിക്കുന്നു. ഇങ്ങനെ വിവിധ തരത്തിൽപ്പെട്ട, വിവിധ അനുഭവങ്ങളോട് കൂടിയ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മാതാവാണ് സഭയെന്ന സത്യം തുബ്ദേൻ പ്രാർത്ഥനകളിലൂടെ വ്യക്തമാക്കപ്പെടുന്നു.