പതിന്നാലാം മാർത്തോമ്മാ (1877-1893)
മാര്‍ത്തോമ്മാ മെത്രാന്മാരുടെ ശ്രേണിയില്‍ പതിന്നാലാം മാര്‍ത്തോമ്മായായി അറിയപ്പെടുന്ന, പാലക്കുന്നത്തു തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ, ക്രിസ്തുവര്‍ഷം 1877-ല്‍, പതിമൂന്നാം മാര്‍ത്തോമ്മായുടെ കാലശേഷം, സര്‍വ്വാധികാരങ്ങളോടും കൂടി മലങ്കര സഭയുടെ ഭരണം ഏറ്റെടുത്തു. ഏകദേശം പതിനാറു വര്‍ഷം സഭയ്ക്കു സുധീര നേതൃത്വം നല്കിയ ഈ വന്ദ്യ പിതാവിന്റെ കാലഘട്ടം, മലങ്കര സഭയുടെ ചരിത്രത്തിലെ ഏറ്റവും വൈഷമ്യകരമായ പല സംഭവങ്ങള്‍ക്കും അതുപോലെ തന്നെ പ്രധാന്യമര്‍ഹിക്കുന്ന പല പുത്തന്‍ ചുവടുവയ്പുകള്‍ക്കും സാക്ഷിയായി.
ജനനവും പ്രാഥമിക വിദ്യാഭ്യാസവും
മലങ്കര സഭയിലെ ശുചീകരണങ്ങള്ക്കു ബീജാവാപം നല്കിയ പാലക്കുന്നത്ത് അബ്രഹാം മല്‍പ്പാനച്ചന്റെ ദ്വിതീയ പുത്രനായി തോമസ് 1837 ഒക്ടോബര്‍ മാസം ഭൂജാതനായി. ഒന്‍പതാം വയസ്സില്‍ അബ്രഹാം മല്‍പ്പാനച്ചന്റെ മരണശേഷം പിതൃ സഹോദരനായ മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ പിതൃതുല്യമായ പരിലാളനയില്‍ കോട്ടയം സെമിനാരിയിലും (പഴയ സെമിനാരി) സി. എം. എസ് ഇംഗ്ലീഷ് സ്കൂളിലും തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സുറിയാനി ഭാഷ, സഭയുടെ കാനോന്‍, പള്ളി ക്രമങ്ങള്‍, ഇംഗ്ലീഷ് ഭാഷ എന്നിവയില്‍ അറിവ് സിദ്ധിച്ചു. കോട്ടയത്തെ വിദ്യാഭ്യാസത്തിനു ശേഷം തോമസിനെയും സഹോദരന് തീത്തൂസിനെയും (പീന്നീട് ഒന്നാമന് തീത്തൂസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്താ) മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ മുന്‍കൈ എടുത്ത് ഉപരിപഠനത്തിനായി മദ്രാസിലേക്ക് അയച്ചു. ഇതിനിടെ, മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ തോമസിനെ ശെമ്മാശ് പട്ടവും (1858) തുടര്‍ന്ന് കശീശ്ശാ പട്ടവും (1859) കൊടുത്ത് വൈദിക വൃത്തിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
വൈദിക വൃത്തിയില്‍
1862ല്‍ മദ്രാസില്‍ നിന്ന് മടങ്ങി എത്തിയ ശേഷം തന്റെ മാതൃ ഇടവകയായ മാരാമണ്‍ പള്ളിയില്‍ വൈദികനായി ശുശ്രൂഷ ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ് പിടിയരി പിരിവ് മാരാമണ്‍ പള്ളിയില്‍ ആരംഭിച്ചത്. അതുപോലെ തികഞ്ഞ പ്രസംഗ പാടവം ഉണ്ടായിരുന്ന അച്ചന് ഞായറാഴ്ച കുര്‍ബ്ബാന മധ്യേയുള്ള പ്രസംഗങ്ങള്‍ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയും തന്റെ പ്രസംഗങ്ങള്‍ മുഖേന സുവിശേഷ വിഹിത ഉപദേശങ്ങള്‍ പ്രചരിപ്പിക്കുവാന്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ അധികം താമസിയാതെ തോമസ് കശീശ്ശായെ മാത്യൂസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്തായുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയും തന്മൂലം അദ്ദേഹത്തിനു മരാമണ്ണിലെ താമസം മതിയാക്കി കോട്ടയം സെമിനാരിയിലേക്ക് (പഴയ സെമിനാരി) താമസം മാറ്റേണ്ടി വരികയും ചെയ്തു.
മേല്പ്പട്ട സ്ഥാനാരോഹണം
തോമസ് കശീശ്ശാ കോട്ടയം സെമിനാരിയില്‍ താമസിച്ച് മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ സഹായിച്ചു വരവെ, വ്യക്തി മാഹാത്മ്യവും അസാമാന്യമായ കഴിവുകളും ഉള്ള തോമസ് കശീശ്ശായെ ചില സമുദായപ്രമാണികളുടെ അഭിപ്രായവും ആലോചനയുമനുസരിച്ച് മേല്പ്പട്ട സ്ഥാനത്തേക്ക് നിയമിക്കുവാന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ തിരുമാനിച്ചു. തുടര്‍ന്ന് 1868 ജൂണ്‍ മാസം ഒന്നാം തീയതി കോട്ടയം പഴയ സെമിനാരി പള്ളിയില്‍ വച്ച്, തോഴിയൂര്‍ സഭയുടെ യോസേഫ് മാര്‍ കുറിലോസ് മെത്രാപ്പോലീത്തായുടെ സഹകാര്മ്മികത്വത്തില് തോമസ് മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ അഭിഷേകം ചെയ്തു. തുടര്‍ന്നു കോട്ടയം സി. എം. എസ് കോളജില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അഭിനവ മെത്രാനെ എന്റെ സഫ്രഗന്‍ (ങ്യ ടൗളളൃമഴീി) എന്ന് പരിചയപ്പെടുത്തി. അന്നു മുതല്‍ സഫ്രഗന്‍ മെത്രാപ്പോലീത്താ എന്ന സ്ഥാനം സഭയില്‍ ഉണ്ടായി തുടങ്ങി. ഈ മെത്രാഭിഷേകത്തെപ്പറ്റി റവ. കെ. കുരുവിള പാദ്രി എഴുതിയ വാചകങ്ങള്‍ ഇവിടെ പ്രസ്താവ്യയോഗ്യമാണ്. ڇമാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ സമയം മിക്കവാറും പള്ളികള്‍ തോറുമുള്ള സഞ്ചാരത്തില്തന്നെ ചെലവഴിക്കേണ്ടിവന്നതിനാല്‍ അവിടുത്തെ വിവിധ ജോലികള്‍ക്കിടയില്‍ സെമിനാരിയില്‍ ഇരുന്നു പഠിത്തസംബന്ധമായ കാര്യാദികള്കൂടെ വഴിപോലെ അനേഷിച്ചുപോകുന്നതിനു അവസരം ലഭിക്കായ്ക നിമിത്തം തനിക്കു സഹായത്തിനായി ഉത്തമഭക്തനെന്നു ചൊല്കൊണ്ടിരുന്ന മാരാമണ്‍ അബ്രഹാം മല്പാന്റെ മകനും കോട്ടയത്തുവച്ച് ചര്‍ച്ച് മിഷന് വക ഇംഗ്ലീഷു സ്കൂളിലും, മദ്രാസിലെ കീര്‍ത്തി പെട്ടൊരു വിദ്യാലയത്തിലും പഠിച്ചു ബിരുദു വാങ്ങീട്ടുള്ള ആളുമായ മാര്‍ തോമസു അത്താനാസ്യോസ് 1868 ജൂണ്‍ 1-നു മേല്പട്ടക്കാരനായി പ്രതിഷ്ഠിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിന്‍ കീഴ് പഴയ സെമിനാരിയില്‍ ഇപ്പോള്‍ വീണ്ടും പഠിത്തം തുടങ്ങിയിരിക്കുന്നതും..........ڈ. മേല്‍ വിവരിച്ച പ്രകാരം തോമസ് മാര്‍ അത്താനാസ്യോസ് പഴയ സെമിനാരിയില്‍ താമസിച്ച് വൈദീക വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഭംഗിയായി നടത്തുന്നതിന്റെ ചുമതല ഏറ്റെടുത്തു. മാത്യൂസ് മാര്‍ അത്താനാസ്യോസിന്റെ സഹോദരീപുതനും, കൊച്ചു മെത്രാച്ചന്റെ (തോമസ് മാര്‍ അത്താനാസ്യോസ്) സഹപാഠിയുമായിരുന്ന, അയിരൂര്‍ ചെറുകര പറവേലിത്തുണ്ടിയില് ഫീലിപ്പോസ് മല്പാനെ സെമിനാരിയില്‍ അധ്യാപകനായി നിയമിച്ചു. പീന്നീട് സഭയുടെ പൊതുകാര്യങ്ങളില്‍ തോമസ് മാര്‍ അത്താനാസ്യോസിനു കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വന്നപ്പോള്‍, സെമിനാരിയുടെ ചുമതല, ഫീലിപ്പോസ് മല്പാനെ ഏല്പിക്കുകയും ചെയ്തു. ഈ കാലങ്ങളില്‍, മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായോടൊപ്പം പള്ളികള്‍ സന്ദര്‍ശിക്കുന്നതിലും ഭരണകാര്യങ്ങളില്‍ സഹായിക്കുന്നതിനും കൊച്ചു മെത്രാച്ചന് സമയം കണ്ടെത്തിയിരുന്നു.
പതിനാലാം മാര്‍ത്തോമ്മാ സ്ഥാനാരോഹണം.
വലിയ മെത്രാച്ചന്, മാത്യൂസ് മാര്‍ അത്താനാസ്യോസിന്റെ നിര്യാണം വരെ വലിയ മെത്രാച്ചനും കൊച്ചു മെത്രാച്ചനും ഒരുമിച്ച് മലങ്കര സഭയെ കോട്ടയം സെമിനാരിയില്‍ താമസിച്ചു കൊണ്ടു ഭരിച്ചു പോന്നു. വലിയ മെത്രാച്ചന്റെ കാലശേഷം 1877-ല്‍ കൊച്ചു മെത്രാച്ചന് പതിനാലാം മാര്‍ത്തോമ്മയായി സ്ഥാനം ഏറ്റ് മലങ്കര സഭയുടെ ഭരണം ഏറ്റെടുത്തു. പതിനാലാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ സംഭാവനകളെപ്പറ്റി വിവരിക്കുന്നതിനു മുന്‍പ് ആ കാലത്തെ സഭയുടെ സ്ഥിതിയെപ്പറ്റിയുള്ള അറിവ് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ സഹായിക്കുമെന്നതിനാല്‍ ചുരുക്കത്തില്‍ ഇവിടെ വിവരിക്കുന്നു.
ശുചീകരണ പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ പതിന്നാലാം മാര്‍ത്തോമ്മായുടെ സ്ഥാനാരോഹണം വരെയുള്ള സഭാ ചരിത്രസംഗ്രഹം
അബ്രഹാം മല്പ്പാന് മുതലായവരുടെ ശുചീകരണത്തിനു ചുക്കാന്‍ പിടിക്കുവാന്‍ അബ്രഹാം മല്‍പ്പാനച്ചന്റെ സഹോദര പുത്രനായ മാത്യൂസ് ശെമ്മാശന് അന്ത്യോഖ്യാ പാത്ര യര്ക്കീസില് നിന്നും മേല്പ്പട്ട സ്ഥാനം സ്വീകരിച്ച് മാത്യൂസ് മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ 1843-ല്‍ മലങ്കരയില്‍ എത്തുന്നു. അതിന്റെ ശേഷം അന്നത്തെ മലങ്കര മെത്രാപ്പോലീത്ത ചേപ്പാട്ട് മാര്‍ ദിവന്നാസ്യോസിന്റെ (പന്ത്രണ്ടാം മാര്‍ത്തോമ്മാ) പരാതി പ്രകാരം അന്ത്യോഖ്യായില്‍ നിന്നും യുയാക്കിം മാര്‍ കുറിലോസ് മലങ്കര ഭരിക്കുവാനുള്ള സ്ഥാത്തിക്കോനുമായി 1846-ല്‍ മലങ്കരയില്‍ എത്തുന്നു. പന്ത്രണ്ടാം മാര്‍ത്തോമ്മാ മാര്‍ കുറിലോസിനു വേണ്ടി സ്ഥാനം ഒഴിയുന്നു. എന്നാല്‍ മാര്‍ കൂറിലോസിന്റെയും മാര്‍ അത്താനാസ്യോസിന്റെയും വാദങ്ങള്‍ കേട്ട ശേഷം മാര്‍ അത്താനാസ്യോസിനെ മലങ്കര സഭയുടെ മെത്രാപ്പോലീത്തായായി 1852-ല്‍ തിരുവിതാംകൂര്‍ രാജാവ് തിരുവെഴുത്ത് വിളംബരം പുറപ്പെടുവിക്കുകയും മാര്‍ അത്താനാസ്യോസ് പതിമൂന്നാം മാര്‍ത്തോമ്മായായി മലങ്കര സഭാ ഭരണം ഏറ്റെടുക്കുകയും ചെയ്യുന്നു. എന്നാല്‍ മാര്‍ അത്താനാസ്യോസിന്റെ ശുചീകരണ പ്രസ്ഥാനങ്ങളോടു എതിര്‍ത്തു നിന്നവര്‍, പുലിക്കോട്ടില്‍ യൗസേഫ് കശീശ്ശായെ അന്ത്യോഖ്യായിലേക്ക് അയയ്ക്കുകയും അദ്ദേഹം മാര്‍ ദിവന്നാസ്യോസ് അഞ്ചാമന് (യോസേഫ് മാര്‍ ദിവന്നാസ്യോസ്) എന്ന പേരില്‍ 1865-ല്‍ പാത്രയര്‍ക്കീസിന്റെ സ്ഥാത്തിക്കോനുമായി മലങ്കരയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. അങ്ങനെ മാര്‍ കുറിലോസും മാര്‍ അത്താനാസ്യോസും (പതിമൂന്നാം മാര്‍ത്തോമ്മാ) മാര്‍ ദിവന്നാസ്യോസ് അഞ്ചാമനും ഉള്‍പ്പെടെ മലങ്കരയില്‍ മൂന്നു മെത്രാന്മാരുടെ (തൊഴിയൂര്‍ സഭയുടെ മെത്രാപ്പോലീത്തായെ കൂടാതെ) സാന്നിധ്യം ഉണ്ടാകുന്നു. ഇതിനിടെ മുകളില്‍ വിവരിച്ച പോലെ മാര്‍ അത്താനാസ്യോസ് 1868-ല്‍ തന്റെ സഹായിയായി തോമസ് മാര്‍ അത്താനാസ്യോസിനെ വാഴിക്കുന്നു. 1869-ല്‍ മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്, തന്നെ മലങ്കരയിലെ ക്രിസ്താനികള്‍ക്ക് മെത്രാനായി പാത്രയര്‍ക്കീസ് വാഴിച്ചതാണെന്നും അതിനാല്‍ മാര്‍ അത്താനാസ്യോസിനെ മാറ്റി തന്നെ നിയമിക്കണമെന്ന് സര്‍ക്കാരില്‍ പരാതിപ്പെടുന്നു. പരാതിയില്‍ വേണ്ടത്ര ഫലം കാണാഞ്ഞതിനാല്‍ 1875-ല്‍ മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്റെ ശ്രമഫലമായി അന്ത്യോഖ്യയുടെ പത്രോസ് മൂന്നാമന് പാത്രിയര്‍ക്കീസ് മലങ്കരയില്‍ എത്തുന്നു. ഇതിനിടെ മാര്‍ കുറിലോസ് കാലം ചെയ്യുന്നു. 1876-ല്‍ മാര്‍ അത്താനാസ്യോസിനു നല്കിയ രാജകീയ വിളംബരം റദ്ദു ചെയ്യപ്പെടുന്നു. സഭാ തര്‍ക്കങ്ങള്‍ സിവില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുന്നു. 1876-ല്‍ പത്രോസ് പാത്രിയര്‍ക്കീസ് മുളന്തുരത്തിയില്‍ ഒരു സുന്നഹദോസ് വിളിച്ചുകൂട്ടുകയും മലങ്കര സഭയെ അന്ത്യോഖ്യയുടെ സിംഹാസനത്തിനു കീഴ്പ്പെടുത്തും വിധമുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. സഭയില്‍ രണ്ട് ചേരികള്‍ ഉണ്ടാകുന്നു. ഒരു ഭാഗത്ത് പാത്രയര്ക്കീസിനെയും മാര്‍ ദിവന്നാസ്യോസ് അഞ്ചാമനെയും അനുകൂലിച്ചവരും മറുഭാഗത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിനെയും തോമസ് മാര്‍ അത്താനാസ്യോസിനെയും അനുകൂലിച്ചവരും. 1877-ല്‍ പത്രോസ് പാത്രിയര്‍ക്കീസ് തിരിച്ചു പോകുന്നു. അതേ വര്‍ഷം തന്നെ മാത്യൂസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്യുകയും ചെയ്യുന്നു. ഇവയാണ് തോമസ് മാര്‍ അത്താനാസ്യോസ് പതിനാലാം മാര്‍ത്തോമ്മയായി സ്ഥാനം ഏല്ക്കുന്നതിനു മുന്‍പും ശുചീകരണ തുടക്ക കാലത്തിനുമിടയിലുള്ള പ്രധാന സംഭവങ്ങള്‍.
പതിനാലാം മാര്‍ത്തോമ്മായുടെ പ്രധാന സംഭാവനകളും അവയുമായി ബന്ധപ്പെട്ട സംഭവങ്ങളും താഴെ വിവരിക്കുന്നു.
വൈദീക സംഘത്തിന്റെ വിജ്ഞാപനം
മുളന്തുരുത്തി സുന്നഹദോസിനു ശേഷം സഭയില്‍ ഉണ്ടായ പിളര്‍പ്പ് മലങ്കര സഭയിലെ സമാധാനം നഷ്ടപ്പെടുത്തി. എന്നാല്‍ ധീരാത്മാവായ പതിനാലാം മാര്‍ത്തോമ്മ കാര്യങ്ങള്‍ ക്രമപ്പെടുത്തി മുമ്പോട്ടു പോകുന്നതിനു വൈദിക സംഘം കൂടി 1878-ല്‍ ഒരു വിജ്ഞാപനം ഇറങ്ങി. ഈ വിജ്ഞാപനത്തില്‍ തോമസ് മാര്‍ അത്തനാസ്യോസിനോടൊപ്പം നിന്ന 18 വൈദികരാണ് ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ സഭയുടെ പൂര്‍വ്വ കാല ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം, സഭയില്‍ കാലക്രമേണ നുഴഞ്ഞു കയറിട്ടുള്ള തെറ്റായ ഉപദേശങ്ങള്‍, സഭയുടെ സത്യവിശ്വാസത്തെയും ഭരണ സ്വാതന്ത്രത്തെയും കാത്തു പാലിക്കണമന്നുള്ള ആഹ്വാനം എന്നിവ പ്രധാന വിഷയങ്ങളായിരുന്നു.
പത്തു വര്‍ഷവും നാലു മാസവും നീണ്ടു നിന്ന സെമിനാരി കേസും മൂന്നു കോടതികളിലെ വ്യവഹാരവും
തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെയും അതുപോലെ തന്നെ സഭയുടെയും ഏറ്റവും വൈഷമ്യം നിറഞ്ഞ കാലഘട്ടമായിരുന്നു ഈ വ്യവഹാര കാലഘട്ടം. മലങ്കരയുടെ മെത്രാപ്പോലീത്തായിരുന്ന മാത്യൂസ് മാര്‍ അത്താനാസ്യോസിനു ശേഷം അദ്ദേഹത്തിന്റെ വില്പത്രം പ്രകാരം സകല സ്വത്തുക്കളുടെയും അവകാശി തോമസ് മാര്‍ അത്താനാസ്യോസ് ആയി തീര്‍ന്നു. എന്നാല്‍ മാത്യൂസ് മാര്‍ അത്താനാസ്യോസിനു ലഭിച്ചിരുന്ന രാജകീയ വിളംബരത്തിന്റെ റദ്ദാക്കലും സഭാതര്‍ക്കങ്ങള്‍ വ്യവസ്ഥാപിത കോടതി മുഖാന്തരം തീര്‍പ്പു കല്പ്പിക്കേണ്ടതും ആണെന്നുള്ള തീരുമാനങ്ങള്‍ തര്‍ക്കങ്ങള്‍ കോടതി കയറുവാന്‍ ഇടയാക്കി. തോമസ് മാര്‍ അത്താനാസ്യോസിന്റെ ശുചീകരണങ്ങളെ എതിര്‍ത്തു നിന്ന പുലിക്കോട്ടില്‍ യൗസേഫ് മാര്‍ ദിവന്നാസ്യോസും കൂട്ടരും പരുമലയില്‍ ഒരു യോഗം കൂടി ഈ സ്വത്തവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചു. ഈ സമയം തോമസ് മാര്‍ അത്താനാസ്യോസ് കോട്ടയം സെമിനാരിയിലും യൗസേഫ് മാര്‍ ദിവന്നാസ്യോസ് പരുമല സെമിനാരിയിലും താമസിച്ചായിരുന്നു സഭാ ഭരണം നടത്തിയിരുന്നത്.
മുകളില്‍ പറഞ്ഞ തീരുമാനം അനുസരിച്ച് യോസേഫ് മാര്‍ ദിവന്നാസ്യോസ് 1879-ല്‍ ആലപ്പുഴ ജില്ലാ സിവില്‍ കോടതിയില്‍ തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ, പുന്നത്ര ചാണ്ടപ്പിള്ള കത്തനാര് മുതലായവരെ പ്രതി ചേര്‍ത്ത് ഒരു ഹര്‍ജി നല്കി. ഇത് സഭാ ചരിത്ര താളുകളില്‍ സെമിനാരി കേസ് എന്നറിയപ്പെടുന്നു.
വ്യവഹാര വിഷയമായ സ്ഥാവര ജംഗമ വസ്തുക്കള്‍ സുറിയാനി ക്രിസ്ത്യാനി മേലദ്ധ്യക്ഷ ഗുരുവായ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ ആജ്ഞയിന്‍ കീഴ് അതാതു കാലത്തുള്ള മെത്രാപ്പോലീത്തായുടെ അധീനത്തിലും കൈവശത്തിലും ഇരുന്നിട്ടുള്ളതാണെന്നും ഈ നടപ്പു അനുസരിച്ചു അന്ത്യോഖ്യയുടെ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് മെത്രാന്‍സ്ഥാനം സിദ്ധിച്ച ആളായി കാലം ചെയ്ത മാര്‍ മാത്യൂസ് അത്തന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കൈവശത്തിലും അധീനത്തിലും ഈ വകകള്‍ ഇരുന്നിരുന്നു എന്നും അദ്ദേഹത്തിന്റെ കാലശേഷം പ്രതികള്‍ ന്യായരഹിതമായി അവ കൈവശം വെച്ചുകൊണ്ടിരിക്കുന്നു എന്നും, വാദി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും സ്ഥാനം പ്രാപിക്കുകയും സുറിയാനി അസോസിയേഷന് പ്രസിഡന്റായി നിയമിക്കപ്പെടുകയും സുറിയാനി സഭയാല്‍ സമ്മതിക്കപ്പെടുകയും ചെയ്തിരിക്കുന്ന മെത്രാപ്പോലീത്താ ആയിരിക്കക്കൊണ്ടു നടപ്പനുസരിച്ച് എല്ലാ വസ്തുക്കളുടെയും അധീനത്തിനും കൈവശത്തിനും പൂര്‍ണ്ണ അവകാശിയായിരിക്കുന്നു എന്നുമായിരുന്നു കേസിലെ വാദി ഭാഗത്തിന്റെ വാദം.
ആലപ്പുഴ ജില്ലാ കോടതി വാദിഭാഗത്തിനു അനുകൂലമായി വിധി പ്രഖ്യാപിച്ചു. എന്നാല്‍ തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും കൂടെ ഒപ്പമുണ്ടായിരുന്ന വൈദികരും 1884ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. എന്നാല്‍ 1886ല്‍ അപ്പീല്‍ തള്ളി ജില്ലാ കോടതി വിധി ശരി വച്ചു. ഇരു കോടതികളിലെയും പ്രതികൂല വിധിയില്‍ തളരാതെ മെത്രാപ്പോലീത്താ 1886-ല്‍ രാജകീയ (റോയല്‍) കോടതിയില്‍ അപ്പീല്‍ കൊടുത്തു. വാദം കേട്ട മൂന്നു ജഡ്ജിമാരില്‍ ഒരാള്‍ മാര്‍ അത്താനാസ്യോസിനു അനുകൂലമായി വിധിച്ചു എങ്കിലും ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ച് ശ്രീ മൂലം തിരുനാള്‍ മഹാരാജാവ് വാദിക്ക് അനുകൂലമായി വിധിച്ചു.
വിധി പ്രതികൂലമായിരുന്നുവെങ്കിലും കേസിന്റെ വിവിധ ഘട്ടങ്ങളില്‍ തോമസ് മാര്‍ അത്തനാസ്യോസ് നിരത്തിയ വാദങ്ങളില്‍ താഴെ പറയുന്നവയ പ്രത്യേകം എടുത്തു പറയത്തക്കതാണ്. ഒന്ന്, മലങ്കര സിംഹാസനവും ആ അധികാരത്തും കീഴുള്ള സുറിയാനി ക്രിസ്ത്യാനി സമുദായം അതതു കാലത്തെ സ്വന്ത മെത്രാപ്പോലീത്തന്മാര്‍ക്കു കീഴ്പ്പെട്ടിരിക്കുന്നതും, അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്ന് സ്വാതന്ത്ര്യപ്പെട്ടിരിക്കുന്നതുമാണെന്നും മലങ്കര സുറിയാനി സഭ മേല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു യാതൊരു വിധത്തിലും മേലധികാരമില്ലെന്നുള്ള വാദം. രണ്ട്, സുറിയാനി സഭ അന്ത്യോഖ്യാ സഭയോടു തുല്യവും അതുപോലെ സ്വാതന്ത്ര്യമുള്ളതും ആകകൊണ്ട് സെമിനാരി നില്ക്കുന്ന സ്ഥലവും അതു പണിയിച്ച പണം, തടി, മുതലായതും തിരുവിതാംകൂര്‍ ഗവണ്മെന്റില് നിന്ന് ദാനമായി കിട്ടിയതിനാല്‍ അതിനെ ഗവണ്മെന്റില് നിന്ന് എടുത്ത് മറ്റൊരു ഗവണ്മെന്റിന്റെ അധീനത്തിലുള്ള ഒരാളിന്റെ കീഴാക്കുന്നതു യുക്തമല്ലെന്നും സുറിയാനിക്കാരുടെ പണം സുറിയാനിക്കാരുടെ സമുദായത്തിനു വേണ്ടി ഉപയോഗപ്പെടുത്തണമെന്നുള്ള വാദം. അതുപോലെ കേസ് രാജകീയ കോടതിയില്‍ പരിഗണനയില്‍ ഇരിക്കുമ്പോള്‍, നിരണത്തു വച്ച് നടന്ന സന്ധിയാലോചനയില് തോമസ് മാര്‍ അത്തനാസ്യോസ് മലങ്കര മെത്രാപ്പോലീത്താ ആയി തുടരുവാനും അതിനു ശേഷം അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് നിര്‍ദ്ദേശിക്കുന്നയാള്‍ മലങ്കര സഭ ഭരിക്കുമെന്നും ഉള്ള സന്ധി സംഭാഷണങ്ങള്‍ നടന്നു എങ്കിലും സഭയുടെ സ്വാതന്ത്ര്യം തല്ക്കാല നന്മയ്ക്കു വേണ്ടി തള്ളി കളയുവാന്‍ അദ്ദേഹം തയ്യാറായില്ല. കേസിന്റെ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും സഭയുടെ നന്മയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി അഭിവന്ദ്യ മെത്രാപ്പോലീത്താ കാണിച്ച ആദര്‍ശ ശുദ്ധി എല്ലാക്കാലവും പുകഴ്ത്തപ്പെടേണ്ടതാണ്.
മലങ്കര മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘ സ്ഥാപനം
ഭാരത മണ്ണില്‍ സുവിശേഷീകരണത്തിനു വിത്തു പാകിയ ഈ മഹത്തായ പ്രസ്ഥാനം സ്ഥാപിതമായത് തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ ഭരണ കാലത്താണ്. സെമിനാരി കേസില്‍ ആലപ്പുഴ ജില്ലാ കോടതിയും ഹൈക്കോടതിയും പ്രതികൂലമായ വിധി പ്രഖ്യാപിച്ച ശേഷം രാജകീയ കോടതിയില്‍ അപ്പീല്‍ കൊടുത്ത് വിധി പ്രതീക്ഷിച്ചു കഴിയുന്ന കാലം, 1888-ല്‍ ചെങ്ങന്നൂര്‍ കൊട്ടാരത്തില്‍ തോമസ് കശീശായായും പതിനൊന്ന് ആത്മായ നേതാക്കളും ചേര്‍ന്ന് കല്ലിശ്ശേരി കടവില്‍ മാളികയില്‍ പ്രാര്‍ത്ഥനയ്ക്കു ഒരുമിച്ചുകൂടി, ഭാരത സുവിശേഷ വേലയ്ക്കു സഭയുടെ വകയായി ആളെ അയ്ക്കുവാനും അതിലേക്ക് ഒരു സംഘം രൂപീകരിക്കുവാനും തീരുമാനിച്ചു. അവര്‍ ആഗ്രഹം മെത്രാപ്പോലീത്താ തിരുമനസ്സില്‍ അവതരിപ്പിക്കുകയും അതു അംഗീകരിച്ചു തിരുമനസ്സുകൊണ്ട് കല്പന കൊടുക്കുകയും സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുകയും ചെയ്തു. അങ്ങനെ സഭയില്‍ ആത്മീകാന്തരീക്ഷത്തിനു അദ്ദേഹം അടിസ്ഥാനമിട്ടു.
മലങ്കര സഭാ താരകയുടെ ആരംഭം
സഭയുടെ വിശ്വാസ രൂപവല്ക്കരണത്തിന്റെയും സംരക്ഷണത്തിന്റെയും ഭാഗമായി പ്രസിദ്ധീകരണം ആരംഭിച്ച മലങ്കര സഭാ താരകയുടെ ആരംഭം അഭിവന്ദ്യ തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ കാലത്തെ മറ്റൊരു പ്രധാന ചുവടു വയ്പായിരുന്നു. 1893 ജനുവരിയിലാണു താരക പ്രസിദ്ധീകരണം ആരംഭിച്ചത്. ചെങ്ങന്നൂര്‍ കൊട്ടൂരേത്ത് യൗസേഫ് കശീശാ ആയിരുന്നു പ്രഥമ പത്രാധിപര്‍. സഭാ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനും സഭയുടെ ഉപദേശങ്ങളും ചരിത്രവും ശരിയായി പഠിപ്പിക്കുന്നതിനും ഈ മാസിക അന്നും ഇന്നും സഭയുടെ ഔദ്യോഗിക നാവായി നിലകൊള്ളുന്നു.
തിരുവല്ലയിലെ മാര്‍ത്തോമ്മാ സഭാ ആസ്ഥാനം
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ തിരുവല്ലയിലെ ഇപ്പോഴത്തെ ആസ്ഥാനത്തിനുള്ള സ്ഥലം വാങ്ങിയതും തോമസ് മാര്‍ അത്താനാസ്വോസ് മെത്രാപ്പോലീത്തായുടെ കാലത്തായിരുന്നു. 1892-ല്‍ രാജകീയ (റോയല്‍) കോടതി വിധി വരുന്നതിനു മുന്‍പു തന്നെ അന്നത്തെ വികാരി ജനറാല്‍ ആയിരുന്ന കോവൂര്‍ ഐപ്പ് തോമ്മാ കത്തനാര് സഭയുടെ ആവശ്യത്തിലേക്ക് ഈ പുരയിടം 800 രൂപയ്ക്ക് വാങ്ങിയത്.
രാജകീയ (റോയല്‍) കോടതി വിധിക്കു ശേഷം
1889 ലെ റോയല്‍ കോടതി വിധിക്കു ശേഷം വിധി നടത്തി കിട്ടുവാന്‍ മാര്‍ ദിവന്നാസ്യോസ് അഞ്ചാമന് സിവില്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു. അങ്ങനെ 1892-ല്‍ ഡിസംബറില്‍ വിധി അനുസരിച്ച് താന്‍ കഴിഞ്ഞ ഇരുപത്തിയഞ്ചില്‍ പരം വര്‍ഷങ്ങള്‍ (1868-ല്‍ മെത്രാനാകുന്നതിനു മുമ്പുതന്നെ സെമിനാരിയിലായിരുന്നു താമസം) താമസിച്ച സെമിനാരിയും സ്വത്തുക്കളും ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. ആ സന്ധ്യയില്‍ പുറത്തേക്കു വരുമ്പോള്‍ ഒന്നാം മാര്‍ത്തോമ്മാ മുതല്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താന്മാരെ ആരോഹണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഒരു ഡച്ച് കലാശില്പമായിരുന്ന കസേര (സിംഹാസനം) മുകളിലത്തെ നിലയില്‍ നിന്ന് താഴെ നടുമുററത്തേക്ക് എറിഞ്ഞു കൊടുത്തു കൊണ്ടു ഇങ്ങനെ പറഞ്ഞു: ڇഇതാ, തോമായുടെ സിംഹാസനം ഇവിടെ വച്ചേക്കുന്നത് എന്തിനാ? അതും കൂടെ കൊണ്ടുപൊയ്ക്കോളുڈ. ബഹുമാനപ്പെട്ട താഴത്തച്ചനോടൊപ്പം ഉണ്ടായിരുന്ന വിശ്വാസികള്‍ ആ കസേര എടുത്തുകൊണ്ടു പോരുകയും തീത്തൂസ് പ്രഥമന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ മുതല്‍ മാര്‍ത്തോമ്മാ സഭയിലെ മെത്രാപ്പോലീത്തന്മാരെ വാഴിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്തു. അറിഞ്ഞുകൊണ്ടോ അറിയാതെയോ മാര്‍ തോമ്മാ ശ്ലീഹായേയും സിംഹാസനത്തെയും ഉപേക്ഷിച്ചവര്‍ പീന്നീട് ഇതിന്റെ മഹത്ത്വം മനസ്സിലാക്കി എന്നത് വര്‍ത്തമാനകാല സംഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
അന്നു രാത്രി ഇന്നത്തെ മാര്‍ത്തോമ്മാ സെമിനാരി ഇരിക്കുന്ന സ്ഥലത്തുണ്ടാക്കിയ തല്ക്കാലിക ഷെഡില്‍ ചെലവഴിച്ചു. പിറ്റേന്ന് മാരാമണ്ണിലേക്ക് പള്ളിയിലേക്ക് താമസം മാറ്റി. അങ്ങനെ മലങ്കര സഭയിലെ ശുചീകരണം എവിടെ ആരംഭിച്ചുവോ, അബ്രഹാം മല്പ്പാനെയും മാത്യൂസ് മാര്‍ അത്താനാസ്യോസിനെയും എവിടെ സംസ്കരിച്ചിരിക്കുന്നുവോ ആ മാരാമണ്‍ പള്ളി സഭയുടെ ഭദ്രാസന ഇടവകയായി.
മുമ്പ് വിവരിച്ച വൈദിക സംഘത്തിന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളും മെത്രാപ്പോലീത്തായുടെ അനുമതിക്ക് വച്ച് തീരുമാനം എടുക്കുന്ന ഒരു പതിവ് ഇക്കാലത്തു ആരംഭിച്ചു തുടങ്ങി. ഈ വൈദിക ശ്രേഷ്ഠരുടെ കൂട്ടത്തില്‍ താഴത്തു പുന്നത്ര ചാണ്ടപ്പിള്ള കത്തനാര്, ഉലശ്ശേരില് യൗസേഫ് മല്പ്പാന്, ചെറുകര പീലിപ്പോസ് മല്പ്പാന്, അടങ്ങപ്പുറത്തു യാക്കോബ് കത്തനാര്, പട്ടമുക്കില്‍ യാക്കോബു കത്തനാര്, കിഴക്കേത്തലയ്ക്കല്‍ മാത്തന് കത്തനാര്, കോവൂര്‍ അയ്പ് തോമാ കത്തനാര്, കോട്ടുരേത്ത് യോസേഫ് കത്തനാര്, ആവിയോട്ട് യൌനാന്‍ കത്തനാര്, പൂയപ്പള്ളില്‍ യാക്കോബ് കത്തനാര് എന്നിവരുടെ പേരുകള്‍ പ്രത്യേകം സ്മരണാര്‍ഹമാണ്. വൈദിക സംഘത്തോടൊപ്പം അയ്മേനികളെയും വിളിച്ചു കൂട്ടി തുടങ്ങി. സമസ്ഥാലോചന സഭ എന്ന പേരും ഇതിനു ലഭിച്ചു. പീന്നീട് ഈ സഭ അനേക വര്‍ഷം സമുദായാലോചന സഭയെന്ന പേരിലറിയപ്പെട്ടു. ഇന്നു സഭയില്‍ കാണുന്ന വ്യവസ്ഥാപിത ഭരണ സംവിധാനമായ പ്രതിനിധി മണ്ഡലത്തിന്റെ സ്ഥാപകന്‍ തോമസ് മാര്‍ അത്താനാസ്യോസായിരുന്നുവെന്ന് അവകാശപ്പെടാവുന്നതാണ്.
സഭകളില്‍ ഇടവകകളുടെ സന്ധാരണം നിര്‍ബന്ധിത വരുമാനത്തില്‍ നിന്നു സ്വമേധയാ ദാനത്തിലേക്കു മാറ്റുവാന്‍ പല പദ്ധതികളും തിരുമനസ്സുകൊണ്ട് ആസൂത്രണം ചെയ്തു. മെത്രാപ്പോലീത്താ മാരാമണ്‍ പള്ളിയില്‍ വികാരിയായിരിക്കുമ്പോള്‍ തുടക്കം കുറിച്ച പിടിയരി പിരിവ് വീണ്ടും മാരാമണ്‍ പള്ളിയില്‍ തുടങ്ങുകയും അത് മറ്റ് ഇടവകകളിലേക്ക് വ്യാപിക്കുകയും ചെയ്തു.
നാടിന്റെ വാണിജ്യാഭിവൃദ്ധിയെ മുന്‍നിര്‍ത്തി ഇക്കാലത്തു മരാമണ്ണിന്റെ മറുകരയില്‍ കോഴഞ്ചേരിയില്‍ ഒരു ചന്ത ആരംഭിക്കുവാനും മെത്രാപ്പോലീത്താ മുന്‍ കൈ എടുത്തു. അതുപോലെ റോഡുകളുടെ വികസനം, ഇംഗ്ലീഷ് സ്കൂളുകളുടെ സ്ഥാപനം ഇവയൊക്കെ മെത്രാപ്പോലീത്താ മുന്നോട്ടു വച്ച ആശയങ്ങളായിരുന്നു. ഇതില്‍ പലതും മെത്രാപ്പോലീത്തായുടെ കാലശേഷം ഫലപ്രാപ്തിയില്‍ എത്തിയെന്നുള്ളതും ഇവിടെ പ്രസ്താവ്യമാണ്.
ജീവിതാന്ത്യം
സഭയെക്കുറിച്ചുള്ള വ്യഥ തിരുമേനിയുടെ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കി. വാതരോഗം കൂടുതലായപ്പോള്‍ മാരാമണ്‍ പള്ളിമേടയില്‍ നിന്ന് പാലക്കുന്നത്ത് മേടയിലേക്ക് താമസം മാറ്റി. 1893 ആഗസ്റ്റ് മാസം 4-ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മോഹാലസ്യപ്പെട്ടു, പിന്നീട് ആഗസ്റ്റ് മാസം 10-ന് മലങ്കര മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്റെ സ്വാതന്ത്ര്യവും മലങ്കര സഭയുടെ വിശ്വാസത്തിന്റെ പരിപാവനതയും വീണ്ടെടുക്കുവാന്‍ തന്റെ കഴിവിന്റെ ആവോളം പ്രയത്നിച്ച ആ മഹാത്മാവ് താന്‍ പ്രിയം വച്ച ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയി.
തിരുമനസ്സുകൊണ്ട് സംസാരശേഷി നഷ്ടപ്പെട്ടു ശയ്യാവലംബമായി കിടന്ന ജീവിതത്തിന്റെ അവസാന ആഴ്ചയില്‍ തിരുമനസ്സുമായി നീണ്ട കാലം വ്യവഹാരം നടത്തിയ പുലിക്കോട്ടില്‍ യൗസേഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആബൂന്‍, ആബൂന്‍ എന്ന പുലിക്കോട്ടില്‍ തിരുമേനിയുടെ വിളിയോടുള്ള പ്രതികരണമായി തിരുമേനിയുടെ മുഖത്തു നോക്കി പുഞ്ചിരി തൂകിയ സംഭവം തിരുമനസ്സിലെ ആഴമായ ദൈവസ്നേഹത്തിന്റെ മകുടോദാഹരണമായി നമുക്ക് ദര്‍ശിക്കാവുന്നതാണു.
കബറടക്കം
മാരാമണ്‍ പളളിക്കകത്തു മെത്രാപ്പോലീത്തായുടെ മൃതദേഹം കൊണ്ടു വന്നപ്പോഴേക്കും നാനാ ദിക്കില്‍നിന്നും എത്തിയ ജനങ്ങളെക്കൊണ്ടു പള്ളിയും പരിസരങ്ങളും നിറഞ്ഞുകവിഞ്ഞു. മാര്‍ത്തോമ്മാസഭയിലെ പട്ടക്കാരും അയ്മേനികളും ദുഃഖത്തിന്റെ തീരാക്കടലിലായി, ڇകര്‍ത്താവേ, മോശെ മരിച്ചപ്പോള്‍ നീ അവര്‍ക്കു യോശുവായെ ഒരുക്കിയിരുന്നു. ഞങ്ങള്‍ക്കോ ആരുമില്ലല്ലോڈ എന്നു കോട്ടുരേത്തു യോസേഫ് കശീശ്ശാ പ്രാര്‍ത്ഥിച്ചു പറഞ്ഞപ്പോള്‍ ജനങ്ങളില്‍ പലരും ഉച്ചത്തില്‍ കരഞ്ഞു. മാരാമണ്‍ ദേശത്ത് അന്നു കരിച്ചിലിന്റെ ശബ്ദം കേള്‍ക്കാത്ത ഒരു ഭവനംപോലുമില്ലെന്നു ചില ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തൊഴിയൂര്‍ സഭയിലെ മെത്രാച്ചന്മാര് കബറടക്ക ശുശ്രൂഷ നടത്തുന്നതിന് യഥാസമയം വന്നുചേരാന്‍ സാധിക്കാഞ്ഞതിനാല്‍ നിരവധി വൈദികരുടെ സഹകരണത്തോടെ വികാരി ജനറല്‍ കോവൂരച്ചനാണ് ശുശ്രൂഷ നിര്‍വഹിച്ചത്. ഭക്തിനിര്‍ഭരവും ശോകസാന്ദ്രവുമായ ആ ശുശ്രൂഷ ആദ്യാവസാനം സുറിയാനിയില്‍ ത്തന്നെയായിരുന്നു.
ഉപസംഹാരം
കണ്ണുനീരിന്റെ മെത്രാപ്പോലീത്താ എന്നു ഈ മഹാത്മാവിനെ വിശേഷിപ്പിക്കുന്നതില്‍ വലിയ അതിശയോക്തി കാണേണ്ടതില്ല. കാരണം പത്തില്‍ പരം വര്‍ഷങ്ങള്‍ തുടര്‍ച്ചയായി മൂന്നു കോടതികളില്‍ സഭയ്ക്കു വേണ്ടി നടത്തിയ വ്യവഹാരങ്ങള്‍, ശത്രുക്കളില്‍ നിന്ന് നേരിട്ട ശക്തമായ എതിര്‍പ്പ്, അടിക്കടി ഉണ്ടായ പരാജയങ്ങള്‍, സെമിനാരിയുടെയും സ്വത്തുക്കളുടെയും നഷ്ടം, കേസ് നടത്തിപ്പിലേക്കുള്ള പണത്തിന്റെ ബുദ്ധിമുട്ട് തുടങ്ങിയവ മെത്രാപ്പോലീത്തായെ വളരെയധികം വേദനിപ്പിച്ചിരുന്നു. എന്നാല്‍ വേദനയുടെ മധ്യത്തിലും സഭയുടെ ആത്മികവും ഭൗതികവുമായ കാര്യങ്ങളില്‍ തിരുമേനി സദാ ശ്രദ്ധ ചെലുത്തിയിരുന്നു.
കാര്യങ്ങള്‍ ക്രമമായും ഭംഗിയോടും പാലിക്കുന്നതിലും, വൈദികര്‍ക്കും കൈക്കാരന്മാര്ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ അപ്പപ്പോള്‍ കൊടുക്കുന്നതിലും, സുഹൃത്ത് ബന്ധങ്ങള്‍ പാലിക്കുന്നതിലും പ്രത്യേകാല്‍ കുട്ടികളോടു വളരെ സ്നേഹത്തോടു വര്‍ത്തിക്കുന്നതിലും തിരുമനസ്സുകൊണ്ട് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തിരുമേനിയുടെ ജീവചരിത്ര ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്ന ചില സംഭവങ്ങളിലും എഴുത്തുകളിലും ഇത് വ്യക്തമാണ്. വൈദികരുടെയും വിശ്വാസികളുടെയും വിദ്യാഭ്യാസത്തിനു മുന്‍തൂക്കം നല്‍കിയിരുന്ന അഭിവന്ദ്യ തിരുമേനി ഇംഗ്ലീഷ്, മലയാളം, സുറിയാനി, തമിഴ് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്നു. തിരുമേനിയുടെ ഒരു എഴുത്തിലെ താഴെ പറയുന്ന വാചകങ്ങളില്‍ നിന്നും പള്ളി ശുശ്രൂഷകളില്‍ തിരുമേനി വളരെ ശ്രദ്ധാലുവായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ് . ڇപമ്പാക്കുടയില് പള്ളി ക്രമങ്ങളും മറ്റും അച്ചടിച്ചിട്ടുണ്ടെന്നു അറിയുന്നു. അവിടെ അച്ചടിച്ചിട്ടുള്ള സുറിയാനി പുസ്തകങ്ങളുടെ ഓരോ പ്രതി വേണ്ടിയിരിക്കുന്നതിനാല് അതിനുള്ള വില കൊടുത്ത് ഇവിടെ എത്തിക്കണംڈ. സര്‍വ്വോപരി ആഴമായ ദൈവാശ്രയം കൈമുതലായ ഈ പിതാവ് സഭയ്ക്കു ദൈവം നല്കിയ ഒരു വലിയ വരദാനമായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ എല്ലാം നേരിട്ടിട്ടും അടി പതറാതെ സഭയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മ വീര്യത്തോടു കൂടി പോരാടിയ ഒരു മഹാനുഭവനായിരുന്നു മലങ്കരയുടെ പതിനാലാം മാര്‍ത്തോമ്മാ, തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ. ഈ പിതാവിനെ മലങ്കര സഭയ്ക്ക് നല്കിയ ദൈവത്തിനു സ്തോത്രം