അഞ്ചാം മാർത്തോമ്മാ (1728-1765)
മാർത്തോമ്മാ നാലാമൻ, 1728 - ൽ പകലോമറ്റം തറവാട്ടിൻ്റെ ശാഖയായ പള്ളിപ്പുറത്ത് കുടുംബത്തിൽ നിന്നും മാർത്തോമ്മാ അഞ്ചാമനെ വാഴിച്ചു. ഈ വാഴ്ചയ്ക്കുശേഷം അധിക താമസമില്ലാതെ മാർത്തോമ്മാ നാലാമൻ കാലം ചെയ്യുകയും മാർത്തോമ്മാ അഞ്ചാമൻ മലങ്കര സഭാ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. ഒന്നും മൂന്നും നാലും മാർത്തോമ്മാ മെത്രാന്മാരെ വാഴിച്ചത് അന്ത്യോഖ്യൻ മെത്രാന്മാരാണ്, അതുപോലെ രണ്ടാം മാർത്തോമ്മയെ വാഴിക്കുമ്പോൾ ഒന്നാം മാർത്തോമ്മായൊടൊപ്പം അന്ത്യോഖ്യൻ മെത്രാനായിരുന്ന മാർ ഗ്രിഗോറിയോസും സന്നിഹിതനായിരുന്നു. എന്നാൽ മാർത്തോമ്മാ അഞ്ചാമനെ വാഴിച്ചപ്പോൾ മലങ്കര മെത്രാനായ നാലാം മാർത്തോമ്മാ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ കാരണം കൊണ്ടോ മറ്റു ചില ചരിത്രരേഖകൾ പറയുന്നതുപോലെ അദ്ദേഹം മാർത്തോമ്മാ നാലാമൻ രോഗത്തിൻ്റെ ഗുരുതരാവസ്ഥയിൽ കിടന്നനേരം സ്ഥാനം ഏറ്റു എന്നതുകൊണ്ടോ മാർത്തോമ്മാ അഞ്ചാമൻ്റെ പദവിയെ സംബന്ധിച്ച് മലങ്കരയിലെ സുറിയാനി സമുദായത്തിനുള്ളിൽ അസംതൃപ്തി നിലനിന്നിരുന്നു. തൻ്റെ പദവിയുടെ ന്യൂനതയെക്കുറിച്ച് മാർത്തോമ്മാ അഞ്ചാമനും ബോധ്യമുണ്ടായിരുന്നു എന്നതിനു തെളിവായി പല സംഭവങ്ങളും പിന്നീട് നടന്നു.
നാലാം മാർത്തോമ്മായുടെ കാലത്ത് ഇവിടെ വന്നുചേർന്ന മാർ ഗബ്രിയേൽ മെത്രാനിൽ നിന്ന് പട്ടം സ്വീകരിക്കുവാൻ മാർത്തോമ്മാ അഞ്ചാമൻ ശ്രമിക്കുകയുണ്ടായി. എന്നാൽ ആ ശ്രമം ഫലം കണ്ടില്ല വിശ്വാസപരമായി മാർ ഗബ്രിയേൽ മലങ്കര സഭയുമായി വ്യത്യസ്തത പുലർത്തിയിരുന്നതിനാൽ നാലാം മാർത്തോമ്മ അദ്ദേഹവുമായി കടുത്ത ശത്രുതയിലായിരുന്നു. മാർത്തോമ്മാ അഞ്ചാമൻ്റെ സ്ഥാനാഭിഷേകത്തിനുപോലും മാർത്തോമ്മാ നാലാമൻ മാർ ഗബ്രിയേലിനെ കൂട്ടിയിരുന്നില്ല.
തുടർന്ന് തൻ്റെ പദവി ക്രമപ്പെടുത്തുവാൻ മാർത്തോമ്മാ അഞ്ചാമൻ അന്ത്യോഖ്യാ പാത്രയർക്കിസിനോട് അപേക്ഷിക്കുകയും അതിൻപ്രകാരം യൂഹാന്നോർ മാർ ഇവാനിയോസ് എന്ന മെത്രാൻ 1748-ൽ മലങ്കരയിൽ എത്തി. എന്നാൽ തൻ്റെ വാഴ്ച കാനോനികമായി നടത്താനുള്ള പാത്രയർക്കീസിൽ നിന്നുള്ള ഔദ്യോഗികരേഖ ഇദ്ദേഹത്തിൻ്റെ കൈവശം ഇല്ലായെന്ന് മനസ്സിലാക്കി മാർത്തോമ്മാ അഞ്ചാമൻ നിരാശനായി, മാർ ഇവാനിയോസ് തനിക്ക് മുൻപ് ഇവിടെയെത്തിയ മാർ ഇവാനിയോസ് ഹിദായത്തുള്ള (1685- 1693) ചെയ്തതുപോലെ ലത്തീൻ സവിശേഷതകൾ തുടച്ചുമാറ്റി പൗരസ്ത്യ സുറിയാനി മര്യാദകൾ ഉറപ്പിക്കുവാൻ ശ്രമിച്ചു. പള്ളിക്കുള്ളിലെ രൂപങ്ങൾ എടുപ്പിച്ചു കളയുക, വൈദികർക്ക് വിവാഹം കഴിക്കുവാൻ അനുവാദം നൽകുക എന്നിവ കൂടാതെ കത്തനാർമാർ തലയിൽ ധരിച്ചിരുന്ന അയഞ്ഞവസ്ത്രത്തിനുപകരം തലവടിച്ച് തൊപ്പി ധരിപ്പിക്കുക എന്നീ കാര്യങ്ങൾ നടപ്പിലാക്കുവാൻ ശ്രമിച്ചു. ഇങ്ങനെ സത്യവിശ്വാസ പാരമ്പര്യങ്ങൾ പഠിപ്പിച്ച് നേർവഴിക്ക് സഭയെ വിചാരിച്ച് വരുമ്പോൾ ആരുടെയും അനുവാദത്തിനു കാത്തു നിൽക്കാതെ മാർ ഇവാനിയോസ് ചെയ്ത മേൽപ്പറഞ്ഞ സംഗതികൾ സാമ്പത്തിക കാര്യങ്ങളിൻമേലുള്ള ഇടപെടലുകൾ മുതലായവ അഞ്ചാം മാർത്തോമ്മായ്ക്കും ഭൂരിഭാഗം ജനത്തിനും അതൃപ്തിയുണ്ടാക്കുകയും കൊച്ചി രാജാവ് ഇടപെട്ട് മാർ ഈവാനിയോസിനെ ഇവിടെ നിന്നും മടക്കി അയച്ചു.
എന്നാൽ വീണ്ടുമൊരു ഗ്ലൈഹിക കൈവയ്പ്പു സ്വീകരണം ആവശ്യമെന്നു മാർത്തോമ്മാ അഞ്ചാമൻ കരുതുകയും ആ ആവശ്യം അന്ത്യോഖ്യൻ പാത്രിയർക്കീസിനെ അറിയിക്കുകയും ചെയ്തു. തൽഫലമായി 1751-ൽ ശക്രള്ള മാർ ബസേലി യോസ് മഫ്രിയാനാ, യറുശലേം മെത്രാപ്പോലീത്താ യോസഫ് മാർ ഗ്രിഗോറിയോസ്, യൂഹാന്നോൻ റമ്പാൻ (തുടർന്ന് 1752-ൽ മാർ ഇവാനിയോസ് എന്ന പേരിൽ മറ്റ് രണ്ടു മെത്രാന്മാരാൽ മലങ്കരയിൽ വച്ച് അഭിഷിക്തനായി) എന്നിവരും ഒരു കോർ എപ്പിസ്കോപ്പായും ഒരു ശെമ്മാശനും അടങ്ങുന്ന ഒരു സംഘം മലങ്കരയിൽ എത്തി. മാർത്തോമ്മാ അഞ്ചാമനെ മാർ ദിവന്നാസ്യോസ് എന്ന പേരിൽ പുനരഭിഷേകം ചെയ്യണമെന്നുള്ള പാത്രയർക്കീസിൻ്റെ അധികാരപത്രവും സ്ഥാന ചിഹ്നങ്ങളും ഈ വൈദിക സംഘത്തിൻ്റെ പക്കലുണ്ടായിരുന്നു. ഡച്ചു കപ്പലിൽ എത്തിയ സംഘത്തിൻ്റെ യാത്രാ ചെലവ് വഹിക്കുവാൻ മാർത്തോമ്മാ അഞ്ചാമനു സാധിച്ചില്ല എന്ന കാരണത്താൽ അദ്ദേഹത്തെ അറസ്റ്റുചെയ്യുവാൻ ഉത്തരവിട്ടു. പിന്നീട് നിരണം, കല്ലൂപ്പാറ മുതലായ പള്ളികളുടെ സഹായത്തോടെ പണം സ്വരൂപിക്കുകയും വൈദിക സംഘത്തെ മോചിപ്പിക്കുകയും ചെയ്തു. എന്നാൽ വൈദികസംഘത്തിനു മാർത്തോമ്മാ അഞ്ചാമനോട് കടുത്ത അപ്രീതി തോന്നിയതിനാലോ പിന്നീട് പല അവസരങ്ങളിലും മാർത്തോമ്മാ അഞ്ചാമൻ ഈ വിദേശ മെത്രാന്മാരെ കാണുവാനോ രമ്യതയിലാകുവാൻ വിസമ്മതിച്ചതിനാലോ മാർത്തോമ്മാ അഞ്ചാമൻ്റെ പുനരഭിഷേകം സാധ്യമായില്ല
തുടർന്ന് 1754-ൽ മാർത്തോമ്മാ അഞ്ചാമനും പരദേശ മെത്രാന്മാരും തമ്മിൽ ഒരു ഉടമ്പടിയിൽ പ്രവേശിക്കുകയുണ്ടായി. അതിൻപടി പാത്രയർക്കീസിൻ്റെ അധികാരം അംഗീകരിക്കുന്നടത്തോളം മാർത്തോമ്മാ അഞ്ചാമൻ്റെ അനുവാദം കൂടാതെ മലങ്കരയിൽ ആർക്കും പട്ടത്ത്വം നൽകില്ലെന്നും, കൂടാതെ മാർത്തോമ്മാ രണ്ടാമൻ്റെ കാലത്ത് ഇവിടെ വന്ന് 1693-ൽ കാലം ചെയ്ത മാർ ഈവാനിയോസ് ഹിദായത്തുള്ള നടപ്പിലാക്കിയ വിശ്വാസാചാരങ്ങൾ തുടരേണ്ടതാണെന്നും പട്ടക്കാർ തൊപ്പി വയ്ക്കുന്നത് തുടരാമെന്നും പരസ്പരം സമ്മതിച്ചു.
1761-ൽ മാർത്തോമ്മാ അഞ്ചാമൻ നിരണത്തുവച്ച് തൻ്റെ പിൻഗാമിയായി പകലോമറ്റം തറവാട്ടിൽ പള്ളിപ്പുറത്ത് കുടുംബത്തിൽ നിന്നുതന്നെ മാർത്തോമ്മാ ആറാമനെ വാഴിച്ചു.
പരദേശ മെത്രാന്മാരെ വരുത്തുന്നതിനു ആഗ്രഹിക്കുകയും അതിലേക്ക് വലിയ സംഖ്യ ചെലവഴിക്കുകയും ചെയ്യേണ്ടി വന്ന അഞ്ചാം മാർത്തോമ്മ ഈ മെത്രാൻ വാഴ്ച, മലങ്കരയിൽ അന്നുണ്ടായിരുന്ന മേൽ വിവരിച്ച് മൂന്നു വിദേശ മെത്രാന്മാരെ കൂട്ടാതെ ചെയ്ത് തന്നിൽ നിക്ഷിപ്തമായ സഭാമേലധികാരം അസന്നിഗ്ധമായി വെളിപ്പെടുത്തി.
ഇതിനുശേഷം 1764-ൽ ശക്രള്ള മാർ ബസേലിയോസ് കാലം ചെയ്തു. 1748-ൽ ഇവിടെയെത്തിയ മാർ ഇവാനിയോസ് ശെമ്മാശ് പട്ടവും കശ്ശീശാ പട്ടവും നൽകി പിന്നീട് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ (തോഴിയൂർ) മെത്രാനായ കാട്ടുമങ്ങാട് അബ്രഹാം കശീശയ്ക്ക് റമ്പാൻ സ്ഥാനം നൽകിയത് ഈ മാർ ബസേലിയോസാണ്.
ദീർഘമായ 38 വർഷകാലം മലങ്കരസഭയുടെ അഭിമാന സ്തംഭമായിരുന്ന മാർത്തോമ്മാ അഞ്ചാമൻ 1765 മെയ് മാസം 8-ാം തീയതി കാലം ചെയ്ത് നിരണം മർത്തമറിയം പള്ളിയിൽ കബറടങ്ങി.