Home
51-ാം സങ്കീർത്തനം സുറിയാനി ആരാധനാ പാരമ്പര്യമുള്ള സഭകൾ അതിൻ്റെ ആരാധനക്രമങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സങ്കീർത്തനമാണ്. ദാവീദ് രചിച്ച ഈ സങ്കീർത്തനം, ഏഴ് അനുതാപ സങ്കീർത്തനങ്ങളിൽ ഒരെണ്ണമായി അറിയപ്പെടുന്നു. ഈ സങ്കീർത്തനം സുറിയാനി ആരാധനയിലെ നമസ്കാരങ്ങൾ, ശുശ്രൂഷകൾ, കൂദാശകൾ തുടങ്ങി ഒട്ടുമുക്കാൽ ക്രമങ്ങളിലും ഉപയോഗിക്കുന്നുണ്ട്. സാധാരണയായി, ക്രമങ്ങളിൽ ആദ്യ ഭാഗത്താണ് ഈ സങ്കീർത്തനം ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുന്ന ആരാധനാ സന്ദർഭങ്ങളെപ്പറ്റിയുള്ള ഒരു ചെറു വിവരണം താഴെ നൽകുന്നു.
സാധാരണ ദിവസങ്ങളിലെ യാമ നമസ്കാരങ്ങളിൽ എല്ലാ ദിവസവും പ്രഭാതനമസ്കാരങ്ങളിൽ ഈ സങ്കീർത്തനം ഉപയോഗിക്കുന്നു.
മോറാനായ പെരുന്നാൾ നമസ്കാരങ്ങളിലും ഞായറാഴ്ച നമസ്കാരങ്ങളിലും നോമ്പു നമസ്കാരങ്ങളിലും സന്ധ്യയിലും പ്രഭാതത്തിലും ഈ സങ്കീർത്തനം ഉപയോഗിക്കുന്നു.
ഹാശാ ആഴ്ചയിലെ നമസ്കാരങ്ങളിൽ, സൂത്താറാ, പാതിരാ ഒഴികെയുള്ള മറ്റെല്ലാ യാമങ്ങളിലും ഈ സങ്കീർത്തനം ചൊല്ലുവാൻ ക്രമപ്പെടുത്തിയിരിക്കുന്നു.
വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതിനു മുൻപ് ഒരു വൈദികൻ മൂന്ന് പ്രാവശ്യം ഈ സങ്കീർത്തനം ചൊല്ലുവാനുള്ള ക്രമീകരണമാണുള്ളത്. അതായത്, ശനിയാഴ്ച സന്ധ്യയ്ക്ക് ചൊല്ലുന്ന നമസ്കാരത്തിലും ഞായർ പ്രഭാത നമസ്കാരത്തിലും പിന്നീട് വി.കുർബാനയുടെ തൂയാബൊ ശുശ്രൂഷയിലും ഈ സങ്കീർത്തനം ചൊല്ലിയതിനു ശേഷമാണ് വിശുദ്ധ കുർബാനയിലേക്ക് പ്രവേശിക്കുന്നത്.
ഇതു കൂടാതെ, സുറിയാനി ആരാധന ക്രമങ്ങളിൽ വിശുദ്ധ വിവാഹം, ശവസംസ്കാര ശുശ്രൂഷ, പള്ളി കൂദാശ, വലിയ നോമ്പിലെ ശുബ്ക്കോനൊ, നാൽപതാം വെള്ളിയിലെ ശുശ്രൂഷ, ഊശാന ഞായറിലെ ശുശ്രൂഷ, പെന്തിക്കോസ്തിയുടെ ശുശ്രൂഷ, പട്ടംകൊട ശുശ്രൂഷകൾ തുടങ്ങി വിവിധ ശുശ്രൂഷകളിലും കൂദാശകളിലും ഈ സങ്കീർത്തനം ഉപയോഗിച്ചു വരുന്നു. എന്നാൽ സുറിയാനി ക്രമങ്ങളിൽ, വിശുദ്ധ മാമോദീസായിൽ ഈ സങ്കീർത്തനം ഒഴിവാക്കിയിട്ടുണ്ട്. 51:5 ൽ പറയുന്ന "എന്തെന്നാൽ അന്യായത്തിൽ ഞാൻ ഉത്ഭവിച്ചു. പാപങ്ങളിൽ എൻ്റെ മാതാവ് എന്നെ ഗർഭം ധരിക്കുകയും ചെയ്തു" എന്നത് പലപ്പോഴും ആദാമ്യ പാപവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സങ്കീർത്തനത്തിൻ്റെ രചയിതാവായ ദാവീദ് തന്നെയും സ്വന്തം അമ്മയെയും പരാമർശിക്കുന്നുവെന്നും (extra Biblical sources) ആ സങ്കീർത്തനം വായിക്കുന്നവരെയോ അവരുടെ അമ്മമാരെക്കുറിച്ചുമല്ല പരാമർശിക്കുന്നതെന്ന് സുറിയാനി സഭാപിതാക്കന്മാർ പഠിപ്പിക്കുന്നുവെങ്കിലും വാക്യത്തെക്കുറിച്ച് ആർക്കും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് 51-ാം സങ്കീർത്തനം മാമോദീസായിൽ നിന്ന് ഒഴിവാക്കിയത്.
രോഗികളുടെ തൈലാഭിക്ഷേക ശുശ്രൂഷയുടെ അവസാനം രോഗിയുടെ അടുത്ത് ഇരുന്ന് അൻപത്തിയൊന്നാം സങ്കീർത്തനവും മറ്റു അനുതാപ സങ്കീർത്തനങ്ങളും വായിച്ചു കേൾപ്പിക്കുന്ന ഒരു രീതി ക്രമങ്ങളിൽ വിവരിക്കുന്നുണ്ട്.
വിശുദ്ധ കുമ്പസാരത്തിന്റെ ഒരാഴ്ചത്തേക്കുള്ള അപേക്ഷകളിൽ . 51-ാം സങ്കീർത്തനവും മറ്റു അനുതാപ സങ്കീർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നു.
ചുരുക്കത്തിൽ, മുടക്കം കൂടാതെ നമസ്കാരങ്ങളിലും ഞായറാഴ്ചകളിലും മറ്റു പ്രധാന ദിവസങ്ങളിലെ ആരാധനകളിലും പങ്കെടുക്കുന്ന ഏതൊരു വിശ്വാസിയും അനുതാപത്തിന്റെ ഈ സങ്കീർത്തനം കുറഞ്ഞത് ദിവസം ഒരു പ്രാവശ്യമെങ്കിലും ചൊല്ലുവാൻ ക്രമീകരിച്ചിരിക്കുന്നു.