പത്താം മാർത്തോമ്മാ (1816)
പത്താം മാർത്തോമ്മ, 1816-ൽ തൻ്റെ മുൻഗാമിയായിരുന്ന ഒൻപതാം മാർത്തോമ്മായുടെ സ്ഥാനഭ്രഷ്ടിനെ തുടർന്ന് മലങ്കര സഭയുടെ സാരഥിയായി അവരോധിക്കപ്പെട്ടു. ആറാം മാർത്തോമ്മായ്ക്കു ശേഷം ദിവന്നാസ്യോസ് എന്ന നാമം സ്വീകരിച്ചതിനാൽ മാർ ദിവന്നാസ്യോസ് രണ്ടാമൻ എന്ന് ഇദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നു.
മലങ്കര സഭയ്ക്കു പകലോമറ്റം തറവാട്ടിനു പുറത്തു നിന്നുള്ള ആദ്യത്തെ മെത്രാനായിരുന്നു മാർ ദിവന്നാസ്യോസ് രണ്ടാമൻ. യോസഫ് ഇട്ടൂപ്പ് കുന്നംകുളത്തുള്ള പുലിക്കോട്ടിൽ കുടുംബത്തിൽ 1742 ജനുവരി മാസത്തിൽ ഭുജാതനായി. ആറാം മാർത്തോമ്മാ വലിയ മാർ ദിവന്നാസ്യോസിൽ നിന്നും കശ്ശീശാ പട്ടം സ്വീകരിച്ചു. സ്വന്തം ഇടവകയായ ചാട്ടുകുളങ്ങര ആർത്താറ്റുപള്ളി വികാരിയായി. തുടർന്ന് 1809- ൽ കണ്ടനാടു കൂടിയ പള്ളി പ്രതിനിധികളുടെ യോഗതീരുമാനപ്രകാരം (കണ്ടനാടു പടിയോല) ഇട്ടൂപ്പ് കത്തനാരെ എട്ടാം മാർത്തോമ്മാ റമ്പാൻ സ്ഥാനം നല്കി അദ്ദേഹത്തിൻ്റെ സഹായിയായി നിയമിച്ചു.
എന്നാൽ ഇട്ടൂപ്പ് റമ്പാൻ എട്ടാം മാർത്തോമ്മായുമായി ചില തർക്കങ്ങളിൽ ഏർപ്പെടുകയും ബ്രിട്ടീഷ് റസിഡൻ്റ് കേണൽ മൺറോയ്ക്ക് പരാതി നല്കുകയും ചെയ്തു. കണ്ടനാടു യോഗത്തിൽ എടുത്ത തീരുമാനപ്രകാരം ഒരു പഠിത്തവീട് അഥവാ സെമിനാരി സ്ഥാപിക്കുന്നതിനു എട്ടാം മാർത്തോമ്മാ വേണ്ടത്ര താൽപര്യം കാണിക്കാതിരുന്നതാണിതിനു പ്രധാന കാരണം. ഈ സാഹചര്യത്തിൽ സെമിനാരി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുവാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഇട്ടൂപ്പ് റമ്പാൻ മുൻകൈ എടുത്തു പ്രവർത്തിച്ചു. 1809 മുതൽ 1813 വരെ മുടങ്ങിക്കിടന്ന വട്ടിപ്പണ പലിശ കേണൽ മൺറോയുടെ സഹായത്തോടുകൂടി ഇട്ടുപ്പ് റമ്പാൻ സെമിനാരി നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്വീകരിക്കുകയും 1813-ൽ കോട്ടയത്ത് സെമിനാരിക്ക് കല്ലിട്ടു പണി ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഏകദേശം രണ്ട് വർഷങ്ങൾക്കുള്ളിൽ തന്നെ 1815 മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഇട്ടൂപ്പ് റമ്പാൻ്റെ നേതൃത്വത്തിൽ സെമിനാരിയിൽ വിദ്യാഭ്യാസം ആരംഭിച്ചു. കേരളത്തിലെ നാലുകെട്ടു മാതൃകയിൽ പണിതിരിക്കുന്ന മനോഹരമായ ഈ കെട്ടിടം അക്കാലത്തെ നിർമ്മാണ വൈദഗ്ധ്യത്തിനു ഉത്തമ മാതൃകയാണ്.
ഈ കാലഘട്ടങ്ങളിൽ സംഗതികൾ മറ്റൊരു സങ്കീർണ്ണതയിലേക്ക് നീങ്ങി. മെത്രാനല്ലാത്ത ഒരാൾക്ക് വട്ടിപ്പണ പലിശ നല്കിയത് നിയമവിരുദ്ധമാണെന്ന് മദ്രാസ് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ സങ്കീർണ്ണതയിൽ നിന്നും വിടുതൽ നേടാനായി ഒന്നുകിൽ മെത്രാനാകുക അല്ലെങ്കിൽ പലിശ തിരിച്ചുനല്കുക. ഈ ആലോചനപ്രകാരം 1815 മാർച്ച് മാസം കുന്നംകുളം പഴഞ്ഞി പള്ളിയിൽ വച്ച് തൊഴിയൂർ സഭയുടെ കിടങ്ങൻ ഗിവർഗീസ് (സ്കറിയ) മാർ പീലക്സിനോസിനാൽ ഇട്ടൂപ്പ് റമ്പാൻ, യോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ എന്ന പേരിൽ മെത്രാനായി വാഴിക്കപ്പെട്ടു.
മാർ ദിവന്നാസ്യോസ് രണ്ടാമനു മലങ്കര സഭാഭരണ സാരഥ്യം എറ്റെടുക്കുവാൻ പിന്നീട് ചില മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നു. 1816 ജനുവരി മാസത്തിൽ മലങ്കര സഭയുടെ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള തിരുവിതാംകൂർ റാണി ഗൗരി പാർവ്വതി ഭായിയുടെ തിരുവെഴുത്തു വിളംബരം നേടിയെടുക്കുകയും തുടർന്ന് ഒൻപതാം മാർത്തോമ്മാ സ്ഥാന ഭ്രഷ്ടനാക്കപ്പെടുകയും യോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ മലങ്കര സഭയുടെ സാരഥിയായി അവരോധിക്കപ്പെ ടുകയും ചെയ്തു. ഇപ്രകാരം രാജകീയ വിളംബംരം ലഭിച്ച പ്രഥമ മെത്രാനാണിദ്ദേഹം.
ദിവന്നാസ്യോസ് രണ്ടാമൻ്റെ ഭരണകാലം വളരെ ഹൃസ്വമായി രുന്നു. 1816 നവംബർ മാസത്തിൽ അദ്ദേഹം കാലംചെയ്ത് തൻ്റെ ഇഹലോകവാസം തികച്ചു. താൻ പണികഴിപ്പിച്ച സെമിനാരിയിൽ തന്നെ കബറടക്കപ്പെട്ടു.
കേവലം ഒൻപതു മാസക്കാലം മാത്രമേ മലങ്കര സഭാ ഭരണം നടത്തിയിട്ടുണ്ടെങ്കിലും മാർ ദിവന്നാസ്യോസ് രണ്ടാമൻ വളരെയധികം കാര്യങ്ങൾ സഭയ്ക്കുവേണ്ടി ചെയ്തു ഉദയംപേരൂർ സുന്നഹദോസു തീരുമാനത്തിലൂടെ വിലക്കപ്പെട്ട പട്ടക്കാരുടെ വിവാഹം തിരിച്ചു കൊണ്ടുവരാൻ ഒരു സർക്കുലർ ഇറക്കു കയും ഇദ്ദേഹത്തിൻ്റെ കാലത്ത് പല പട്ടക്കാരും വിവാഹം കഴിക്കുകയും ചെയ്തു. ചരിത്ര പ്രസിദ്ധമായ ആർത്താറ്റു പള്ളി, കുന്നംകുളം വലിയപള്ളി, തിരുവല്ല പാലിയേക്കരപള്ളി എന്നീ ദൈവാലയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിലുള്ള ഇദ്ദേഹത്തിൻ്റെ പങ്ക് പ്രത്യേകം പ്രസ്താവ്യമാണ്. ഭാഷാ പണ്ഡിതനും വേദതത്വ വൈദ്യ ഗണിതശാസ്ത്രങ്ങളിൽ നിപുണനുമായിരുന്ന മാർ ദിവന്നാസ്യോസ് രണ്ടാമൻ സുറിയാനി സഭയുടെ പാരമ്പര്യങ്ങളെ കാത്തുസൂക്ഷിക്കുന്നതിലും സഭാംഗങ്ങളുടെ വിദ്യാഭ്യാസത്തെയും വേദപരിജ്ഞാനത്തെയും പോഷിപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങളെ ഗണിക്കാതെ പകലോമറ്റം കുടുംബത്തിൽ നിന്ന് മെത്രാൻ സ്ഥാനം അന്യകുടുംബത്തിലേക്ക് ഇളക്കി പ്രതിഷ്ഠിച്ചതും, മെത്രാന്റെ സ്വത്ത് കുടുംബസ്വത്ത് എന്നത് മാറ്റി സമുദായസ്വത്ത് എന്നതാക്കി തീർത്തതും ഇദ്ദേഹത്തിന് ചരിത്രത്തിൽ വേറിട്ട സ്ഥാനം നല്കുന്നു. സെമിനാരിയിൽ സുറിയാനി അധ്യാപകനായി മലങ്കരയിലെ നവീകരണ നേതാവാ പാലക്കുന്നത്ത് അബ്രഹാം മൽപ്പാൻ നിയമിതനായതും ഇദ്ദേഹത്തിന്റെ കാലത്താണ്. കേരളത്തിലെ വിദ്യാലയങ്ങളുടെ മാതാവായ സുറിയാനി സെമിനാരി സ്ഥാപനത്തിന് മുഖാന്തരമായ ഈ വന്ദ്യ പിതാവിനെ മലങ്കര സഭയ്ക്കു നല്കിയ ത്രീയേക ദൈവത്തിനു സ്തുതി.