Home
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പഞ്ചാംഗമനുസരിച്ച് വർഷംതോറും അഞ്ച് നോമ്പുകളുടെ ആചരണം ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ കർത്താവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള ഇരുപത്തിയഞ്ച് നോമ്പ്, യോനാ പ്രവാചകനിലൂടെ നീനെവേ നഗരം ദൈവകോപത്തിൽ നിന്നും രക്ഷ നേടിയതിനെ ഓർക്കുന്ന മൂന്ന് നോമ്പ്, നമ്മുടെ യേശുതമ്പുരാന്റെ 40 ദിവസത്തെ ഉപവാസത്തെയും കഷ്ടാനുഭവത്തെയും ധ്യാനിക്കുന്ന അൻപത് നോമ്പ്, നമ്മുടെ കർത്താവിന്റെ ശ്ലീഹന്മാരെ അനുസ്മരിക്കുന്ന ശ്ലീഹാ നോമ്പ്, വിശുദ്ധ കന്യകമറിയാമിനെ ഓർക്കുന്ന പതിനഞ്ച് നോമ്പ് തുടങ്ങിയവയാണ് ഈ നോമ്പുകൾ.
വലിയ നോമ്പിന്റെയും മൂന്ന് നോമ്പിന്റെയും തീയതികൾ വർഷംതോറും മാറി മാറി വരുന്നു. ഉയിർപ്പ് ഞായറാഴ്ചയ്ക്ക് മുമ്പുള്ള അൻപത് ദിവസങ്ങളിൽ വലിയ നോമ്പും, വലിയനോമ്പാരംഭത്തിന് മൂന്നു വാരം മുമ്പുള്ള തിങ്കൾ മുതൽ വ്യാഴം വരെ മൂന്നു നോമ്പും ആചരിക്കുന്നു. മാർച്ച് 21 നോ അതിന് ശേഷം വരുന്ന പൂർണ്ണ ചന്ദ്രനു ശേഷമുള്ള ഞായറാഴ്ചയാണ് ഉയിർപ്പ് പെരുന്നാൾ. ഇങ്ങനെ നിശ്ചയിക്കുന്ന ഉയിർപ്പ് പെരുന്നാളിന്റെ തീയതിക്കനുസൃതമായി ഓരോ വർഷവും ഈ നോമ്പുകളുടെ തീയതികൾ മാറി വരുന്നു. മറ്റു മൂന്നു നോമ്പുകൾ വർഷം തോറും നിശ്ചിത തീയതികളിൽ ആചരിക്കുന്നു. ഇരുപത്തിയഞ്ച് നോമ്പ് എല്ലാ വർഷവും ഡിസംബർ 1 -25 വരെയും, ശ്ലീഹാ നോമ്പ് ജൂൺ 16 - 29 വരെയും, പതിനഞ്ച് നോമ്പ് ആഗസ്റ്റ് 1- 15 വരെയും ആചരിച്ചു വരുന്നു.
ഇരുപത്തിയഞ്ച് നോമ്പ് (ഡിസംബർ 1 -25)
ജനനപെരുന്നാളിനു മുന്‍പുള്ള 25 ദിവസങ്ങള്‍ നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തെ രക്ഷാകരസംഭവമായി കണ്ടുകൊണ്ട് സഭ ഇരുപത്തിയഞ്ച് നോമ്പ് ആചരിക്കുന്നു. ജനനപ്പെരുന്നാളിനു മുമ്പുള്ള ഈ ദിവസങ്ങള്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും മുഴുകിയിരുന്നു ഒരുക്കത്തോടും ധ്യാനത്തോടും കൂടി ജനനപ്പെരുന്നാളിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുന്നതാണ് ശ്രേഷ്ഠമെന്ന് സഭ കരുതുന്നു. ഈ ജനന പെരുന്നാളില്‍ സഭ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. 'കര്‍ത്താവേ ഞങ്ങളുടെ ആത്മാക്കളുടെ ആന്തരിക ബെത്ലഹേമില്‍ നിന്നെ വെയ്ക്കേണമേ. നിന്റെ സ്നേഹമാകുന്ന പരിമള വാസനനകളാല് ഞങ്ങളുടെ ആത്മാക്കളുടെ സകല അന്തരിന്ദ്രിയങ്ങളെയും നീ ആനന്ദിപ്പിക്കേണമേ' (ജനനപ്പെരുന്നാള്‍ ശുശ്രൂഷാക്രമം, എത്രൊ, പുറം - 28).
മൂന്ന് നോമ്പ്
വലിയ നോമ്പാരംഭത്തിന് മൂന്നു വാരം മുമ്പുള്ള തിങ്കള്‍ മുതല്‍ വ്യാഴം വരെ ചെറിയ നോമ്പാകുന്ന മൂന്ന് നോമ്പ് ആചരിക്കുന്നു. ഉയിര്‍പ്പ് പെരുന്നാളിന്റെ തീയതിയനുസരിച്ച് സാധാരണ ജനുവരി 12 - നും ഫെബ്രുവരി 18 നും മദ്ധ്യേയാണ് ഈ നോമ്പു കൊണ്ടാടപ്പെടുന്നത്. യോനാ പ്രവാചകന് ദൈവകല്പനയനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്റെയും അതിലൂടെ നിനവെ നഗരം ദൈവകോപത്തില്‍ നിന്നു രക്ഷ നേടിയതിന്റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിച്ചുവരുന്നത്. അനുസരണവും, അനുതാപവും, രൂപാന്തരവും ഈ നോമ്പിന്റെ പ്രത്യേക ഊന്നലുകളാണ്. മൂന്നു നോമ്പിനും വലിയ നോമ്പിനും ഇടയിൽ എല്ലായ്പ്പോഴും രണ്ട് ഞായറാഴ്ചകൾ ഉണ്ടായിരിക്കും.
അൻപത് നോമ്പ് (വലിയ നോമ്പ്)
ഏഴു ദിവസങ്ങള്‍ വീതം ഏഴ് ആഴ്ച്ചകളായാണ് അമ്പത് നോമ്പ് കമീകരിച്ചിരിക്കുന്നത്. നോമ്പില്‍ ഒന്നാം ഞായറാഴ്ച്ച തുടങ്ങി ഉയിര്‍പ്പ് പെരുന്നാളിന്റെ ഞായറാഴ്ച്ച നോമ്പ് അവസാനിക്കുന്നു. ആദ്യ ഞായറാഴ്ച്ച സന്ധ്യ മുതലാണ് നോമ്പിന്റെ നമസ്കാരങ്ങള്‍ ആരംഭിക്കുന്നത് എങ്കിലും നോമ്പില്‍ വര്‍ജനം ആരംഭിക്കുന്നത് തിങ്കളാഴ്ച്ച മുതലാണ്. നിരപ്പിന്റെ ശുശ്രൂഷ എന്നര്‍ത്ഥമുള്ള ശുബ്ക്കോനാ ശുശ്രൂഷയോടെയാണിത് ആരംഭിക്കുന്നത്. 'ഈ വിശുദ്ധ നോമ്പിന്റെ ആരംഭം അനുഗ്രഹിക്കപ്പെട്ടതും അതിന്റെ അവസാനം വാഴ്ത്തപ്പെട്ടതുമായിരിക്കട്ടെ. ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് അതിനെ നിവര്‍ത്തിപ്പാനായി നിങ്ങളെയെല്ലാവരേയും താന്‍ സഹായിക്കുകയും തുണക്കുകയും ചെയ്യുമാറാകട്ടെ' എന്നപ്രാര്‍ത്ഥനയോടെ പട്ടക്കാരും ജനങ്ങളും തമ്മിലും ജനങ്ങള്‍ തമ്മില്‍ തമ്മിലും അന്യോന്യം ക്ഷമായാചന നടത്തി വിശ്വാസികള്‍ നോമ്പിലേക്ക് പ്രവേശിക്കുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്.
ആദ്യത്തെ ആറ് ഞായറാഴ്ച്ചകള്‍ നമ്മുടെ കര്‍ത്താവിന്റെ പരസ്യശുശ്രൂഷയില്‍ ചെയ്ത് അത്ഭുതപ്രവര്‍ത്തികളെയും സൗഖ്യദായക ശുശ്രൂഷകളെയും അനുസ്മരിക്കുന്നു. കൊത്തിനെ ഞായര്‍ (കാനായിലെ കല്യാണത്തിന് വെളളം വീഞ്ഞാക്കിയത്), ഗര്ബൊ ഞായര്‍ (കുഷ്ഠരോഗിയെ സുഖപ്പെടുത്തിയത്, മ്ശറിയൊ ഞായര്‍ (പക്ഷവാതക്കാരനെസുഖപ്പെടുത്തിയത്), ക്നനൈത്തൊ ഞായര്‍ (ക്നാനായ സ്ത്രീയുടെ മകളെ സുഖപ്പെടുത്തിയത്), ക്പിപ്തൊ ഞായര്‍ (കൂനിയായ സ്ത്രീയെ സുഖപ്പെടുത്തിയത്, സ്മിയൊ ഞായര്‍ (കുരുടനെ സുഖപ്പെടുത്തിയത് എന്നിങ്ങനെ നമ്മുടെ കര്‍ത്താവിന്റെ ജീവിതത്തോടും ശുശ്രൂഷകളോടും ചേര്‍ന്ന് സഭ ഈ ദിവസങ്ങള്‍ ചിലവിടുന്നു.
നോമ്പു തുടങ്ങി ഇരുപത്തിയഞ്ചാം ദിവസമായ ബുധനാഴ്ച പകുതി നോമ്പ് എന്നറിയപ്പെടുന്നു. മോശ മരുഭൂമിയില്‍ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യ പുത്രനെയും ഉയര്‍ത്തേണ്ടതാകുന്നു എന്ന് നമ്മുടെ കർത്താവ് സൂചിപ്പിച്ചതിന്റെ പ്രതീകാത്മകമായ ശുശ്രൂഷയാണിത്. ഈ ദിവസത്തിലെ ശുശ്രൂഷകളിലെല്ലാം തന്നെ അപ്രകാരമുളള പ്രാര്‍ത്ഥനകള്‍ നമുക്ക് കാണാവുന്നതാണ്, പിച്ചളസര്പ്പത്താല് ദുഷ്ടാന്തരീകരിക്കപ്പെട്ട ദൈവമായി മ്ശിഹാ തമ്പുരാനെ, പാപമാകുന്ന മാരകവിഷത്തെ ഞങ്ങളില്‍ നിന്ന് നീക്കിക്കളയുകയും, സാത്താനാകുന്ന സര്‍പ്പത്തിന്റെ വിഷപല്ലുകളില് നിന്ന് ഞങ്ങളുടെ ആത്മാക്കളെയും ശരീരങ്ങളെയും വീണ്ടുകൊള്ളുകയും ചെയ്യണമെന്ന് നിന്നോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു', സ്ലീബായുടെ ആകൃതിയില്‍ നാലുദിക്കുകളിലേക്കും തിരിഞ്ഞുള്ള പ്രാര്‍ത്ഥനകളും ഗീതങ്ങളും ഈ ദിവസത്തെ ആരാധനയുടെ പ്രത്യേകതകളാണ്.
നോമ്പു തുടങ്ങി നാല്പതാം ദിവസത്തെ നാല്പതാം വെള്ളിയാഴ്ച്ചയായി നാം ആചരിക്കുന്നു. നമ്മുടെ മ്ശിഹാതമ്പുരാന് നാല്പതു ദിവസം ഉപവസിച്ചതും പരീക്ഷകളെ അതിജീവിച്ചതുമായ സംഭവത്തെ ഓര്‍ക്കുന്ന ദിനമാണിത്. ഈ ദിവസത്തിലെ സെദറാ പ്രാര്‍ത്ഥനകളില്‍ നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. 'ആകല്ക്കറുസായോടുള്ള യുദ്ധമാകുന്ന നോമ്പിന്റെ അവസാനത്തില്‍ ഞങ്ങളുടെ ശത്രുവിനെ നീകീഴ്പ്പെടുത്തുകയും നിന്റെ വലിയ ജയത്താല്‍ കുറ്റക്കാരായ ഞങ്ങളെ നീ കുറ്റമറ്റവരാക്കിത്തീര്ക്കുകയും ചെയ്തതിനാല്‍ ഞങ്ങള്‍ നിനക്ക് സ്തോത്രം ചെയ്യുന്നു',
നോമ്പുദിനങ്ങളില്‍ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഒഴികെയുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന അനുഷ്ഠിക്കാറില്ല. ശനിയാഴ്ച ഉയിര്‍പ്പിനായി കാത്തിരിക്കുന്ന പ്രത്യേക ദിനമായതിനാലും ഞായറാഴ്ച്ച ഉയിര്‍പ്പിന്റെ ആഘോഷമായതിനാലും നോമ്പു മുറയില്‍ കൊണ്ടാടുന്നില്ല എങ്കിലും വര്ജജനങ്ങള് തുടരുന്നതാണ്. നോമ്പില്‍ ശുബ്ക്കോനൊ ദിവസം, പകുതി നോമ്പ്, നാല്പതാംവെള്ളി, പെസഹാ, ദുഃഖവെള്ളി എന്നീ ദിവസങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും, പകുതി നോമ്പ്, നാല്പതാം വെള്ളി, പെസഹാ, ദുഃഖശനി എന്നീ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും നടത്തുന്നു.
ശ്ലീഹാ നോമ്പ് (ജൂൺ 16 – 29)
നമ്മുടെ കര്‍ത്താവ് സഭയ്ക്ക് നല്കിയ മഹാനിയോഗത്തെ ശിരസാവഹിച്ച് സുവിശേഷത്തിനു വേണ്ടി ജീവന് അര്‍പ്പിച്ച അപ്പോസ്തോലന്മാരുടെ ജീവതത്തിനുവേണ്ടി നന്ദിയും സ്തോത്രവും ചെയ്ത് അവരുടെ വിശ്വാസ സ്ഥിരത സഭാവിശ്വാസികള്‍ക്ക് നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്ന കാലഘട്ടമാണ് ശ്ലീഹാ നോമ്പു ദിനങ്ങള്‍. ശ്ലീഹാ എന്ന സുറിയാനി പദത്തിന് അപ്പോസ്താലന് - അയക്കപ്പെട്ടവന്‍ എന്നര്‍ത്ഥം. അനുതാപത്തിന്റെ ഈ 13 ദിവസങ്ങള്‍ ശ്ലീഹന്മാരുടെ കാല ഘട്ടം പോലെ സുവിശേഷ ഘോഷണത്തിനായി ഇന്നും വിശ്വാസികളെ ഒരുക്കി അയയ്ക്കുന്ന സന്ദര്‍ഭമായി സഭ കൊണ്ടാടുന്നു. സാധാരണയായി നമ്മുടെ സഭയില്‍ പട്ടം കൊട ശുശ്രൂഷ നടത്തുന്നത് ഈ കാലഘട്ടത്തിലാണ്. സഭയെ ദൗത്യത്തിനായി സജ്ജമാക്കുന്ന ഈ നോമ്പുകാലം സുവിശേഷ വേലയോടും അത് തിടുക്കത്തില്‍ ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ നോമ്പില്‍ സഭ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. 'സത്യത്തിന്റെ പ്രധാന ആചാര്യനായുള്ളാവേ, നിന്റെ പരിശുദ്ധന്മാരുടെ ഓര്‍മ്മ ദിവസത്തില്‍ നിനക്ക് അണയ്ക്കുന്ന ഈ സുഗന്ധ ധുപത്തെ പരിമള വാസനയായി നീ അംഗീകരിക്കുകയും അത്യുന്നതപ്പെട്ടിരിക്കുന്ന ശ്രേഷ്ഠതയ്ക്ക് ഞങ്ങളെ അടുപ്പിക്കുകയും ഞങ്ങളുടെ പരിശുദ്ധ സഭയുടെ സകല പ്രജകള്‍ക്കും പാപങ്ങളുടെ പൂര്‍ണ്ണ പരിഹാരവും ധാരാളമായി സഹായവും നീ സൗജന്യം ചെയ്യുമാറാകേണമേ'. പള്ളിക്രമപുസ്തകം, നാലാം ഭാഗം, പുറം 88.
പതിനഞ്ച് നോമ്പ് (ആഗസ്റ്റ് 1- 15)
പരിശുദ്ധ കന്യക മറിയാമിനെ അനുസ്മരിക്കുന്ന ദിനങ്ങളാണ് പതിനഞ്ച് നോമ്പായി സഭ വേര്‍തിരിച്ചിരിക്കുന്നത്. ദൈവ ഇഷ്ടത്തിനു തന്നെ സ്വയം സമര്‍പ്പിച്ച് സാഷികളുടെ രക്ഷിതാവിനെ ഗര്‍ഭം ധരിക്കുകയും, പ്രസവിക്കുകയും, താലോലിക്കുകയും അങ്ങനെ ദൈവത്തിന്റെ രക്ഷണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിതീര്ന്ന പരിശുദ്ധ കന്യകമറിയാമിന്റെ വിശ്വാസം, വിനയം, സമര്‍പ്പണം എന്നിവ സഭ, ഈ നാളുകളില്‍ ശക്തീകരിച്ചു പറയുന്നു. ആയതിനാല്‍ വിശുദ്ധ കന്യകമറിയാമിനെപ്പോലെ ദൈവത്തിന്റെ രക്ഷാകരപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുവാന്‍, ദൈവവിശ്വാസത്തിന്റെയും ദൈവഇഷ്ടം ചെയ്യുന്നതിനുള്ള അനുസരണത്തിന്റെയും അവസരമായി ഈ നോമ്പുദിനങ്ങള്‍ കണക്കാക്കപ്പെടുന്നു. എന്നാൽ, പതിനഞ്ച് നോമ്പ് കന്യക മറിയാമിനെ സംബന്ധിച്ചതാണെങ്കിലും ഈ നോമ്പ് വിശുദ്ധ കന്യക മറിയാമിന്റെ ഓർമ്മയ്ക്കോ മധ്യസ്ഥതയ്ക്കോ അല്ല, മറിച്ച് കന്യക മറിയാമിലൂടെയുണ്ടായ ത്രീയേക ദൈവത്തിന്റെ പ്രവർത്തനത്തെയാണ് സഭ ധ്യാനിക്കുന്നത്. കന്യകമറിയാമിൽ നിഴലിട്ട പിതാവാം ദൈവത്തിന്റെ ശക്തിയേയും, പരിശുദ്ധ റൂഹാ അവളിൽ ഇറങ്ങി വസിച്ചു അവളെ ശുദ്ധീകരിച്ചതിനെയും അവളിൽ നിന്ന് വചനമാകുന്ന പുത്രൻ തമ്പുരാന്റെ ജഡാവതാരവുമാണ് സഭ ഈ നോമ്പിൽ ധ്യാനിക്കുന്നത്.
1836 - ല്‍ പതിനഞ്ച് നോമ്പ് വീടിയ ദിവസമാണ് അബ്രഹാം മല്പ്പാന് മാരാമണ്‍ പള്ളിയില്‍ വച്ച് പരിഷ്കരിച്ച രീതിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു എന്നുള്ളത് മാര്‍ത്തോമ്മാ സഭയെ സംബന്ധിച്ച് ചിരസ്മരണീയമാണ്. പാലക്കുന്നത്ത് അബ്രഹാം മല്പ്പാനച്ചനും കൈതയില്‍ ഗീവര്‍ഗീസ് മല്പാനച്ചനും മറ്റും ആരംഭിച്ച ഈ നവീകരണത്തിന്റെ ശതവല്സരാഘോഷ സമയത്ത് (1936) അഭിവന്ദ്യ തീത്തൂസ് രണ്ടാമന് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ 296 സര്‍ക്കുലറില്‍ നാം ഇങ്ങനെ വായിക്കുന്നു. 'പ്രിയരെ, സുറിയാനി കണക്കിന് പ്രകാരം 1012 ചിങ്ങം 15- നു പതിനഞ്ചു നോമ്പു വിടുന്ന ദിവസം മാരാമണ്ണ് പള്ളിയില്‍ വച്ച് ബ. അബ്രഹാം മല്പ്പാനച്ചന് വി. കുര്‍ബ്ബാന രണ്ടായി ജനത്തിനു കൊടുത്ത ദിവസം മുതല്‍ 1112 സുറിയാനി കണക്കിന് പ്രകാരം ചിങ്ങം 15 നു (മലയാള കണക്കു ചിങ്ങം 13) വെള്ളിയാഴ്ച്ച 100 വര്‍ഷം തികയുന്ന ദിവസമാണ്. ഇക്കാരണങ്ങളാൽ ഈ നോമ്പ് നവീകരണത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
ത്രീയേക ദൈവത്തിന്റെ മഹത്വത്തിനു വേണ്ടിയാണ് സഭയിൽ കൽപ്പിക്കപ്പെട്ടിരിക്കുന്ന അഞ്ച് നോമ്പുകളിലെയും പ്രധാന ധ്യാനവിഷയം എന്നു നാം പ്രത്യേകം ഓർത്തിരിക്കണം. അത് പതിനഞ്ച് നോമ്പാണെങ്കിലും ശ്ലീഹന്മാരുടെ നോമ്പാണെങ്കിലും നിനവെയിലെ ജനങ്ങളുടെ അനുതാപവും മാനസാന്തരവും ഓർക്കുന്ന മൂന്നു നോമ്പാണെങ്കിലും കർത്താവിന്റെ ഉപവാസത്തെയും പീഡാ സഹനത്തെയും സ്മരിക്കുന്ന വലിയ നോമ്പാണെങ്കിലും, ക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആചരിക്കുന്ന ഇരുപത്തിയഞ്ച് നോമ്പാണെങ്കിലും ഇവയിലെല്ലാം സഭ ത്രീയേക ദൈവത്തെ മാത്രം മഹത്വപ്പെടുത്തുന്നു. എന്നാൽ ഇവയിലെല്ലാം കന്യകമറിയാമിന്റെയും ശ്ലീഹന്മാരുടെയും യോനാ പ്രവാചകന്റെയും സ്മരണ ഉണ്ടെങ്കിൽ പോലും ഈ നോമ്പിലൂടെ അവരെയല്ല സഭ ധ്യാനിക്കുന്നത് അതിലുപരി അവരിലൂടെയുള്ള ത്രീയേക ദൈവത്തിന്റെ പ്രവർത്തനങ്ങളെയാണ് സഭ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത്.