പതിനേഴാം മാർത്തോമ്മാ (1944-1947)
തീത്തൂസ് രണ്ടാമൻ മാർത്തോമ്മായുടെ കാലശേഷം, 1944 ജൂലൈ മാസത്തിൽ ഏബ്രഹാം മാർത്തോമ്മാ സഫ്രഗ്ഗൻ മെത്രാപ്പോലീത്താ, സഭയുടെ പതിനേഴാം മാർത്തോമ്മാ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. സുവിശേഷീകരണത്തിന് പ്രാധാന്യം നൽകി സഭയിലെ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തുവാൻ മെത്രാപ്പോലീത്തായ്ക്ക് സാധിച്ചു. 'ഓരോ മാർത്തോമ്മാക്കാരനും ഓരോ സുവിശേഷകൻ' എന്ന പ്രേരകവാക്യം പ്രചരിപ്പിക്കുവാനും, നടപ്പിലാക്കുവാനും അതീവ ശ്രദ്ധാലുവായിരുന്നു. മാരാമൺ കൺവൻഷൻ യോഗങ്ങളിൽ ഒരു കാലഘട്ടത്തിൽ മുഴങ്ങിക്കേട്ട, ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനിയുടെ ഹൃദയസ്പർശിയായ ഒരു പ്രാർത്ഥനയായിരുന്നു 'പ്രാണനാഥാ, ശ്രീയേശുവേ, എൻ്റെ ജനത്തെ ഒന്നു ചിതറിക്കേണമേ' എന്നത്. രണ്ടു സഹസ്രാബ്ദങ്ങളായി പുലർത്തിവന്നിരുന്ന മലങ്കര സഭയുടെ പൈതൃകവും, ക്രിസ്തീയ സാക്ഷ്യവും ലോകമെങ്ങും എത്തിച്ചേരുവാൻ ക്രിസ്തുസാക്ഷികളായി തൻ്റെ ജനത്തെ അയക്കണമെ എന്നാണ് തിരുമേനി പ്രാർത്ഥിച്ചതിന്റെ അർത്ഥം. അധികകാലം മാർത്തോമ്മാ സ്ഥാനത്തിരുന്ന് സഭയെ നയിക്കുവാൻ മെത്രാപ്പോലീത്തായ്ക്ക് ഭാഗ്യം ഉണ്ടായില്ല. 1947 സെപ്റ്റംബർ 1-ന് കാലം ചെയ്തു.