എട്ടാം മാർത്തോമ്മാ (1809-1816)
എട്ടാം മാർത്തോമ്മാ, തൻ്റെ മുൻഗാമിയായ ഏഴാം മാർത്തോമ്മായിൽ നിന്നും മെത്രാൻ പട്ടം സ്വീകരിച്ചു എഴാം മാർത്തോമ്മാ തന്റെ മരണാവസ്ഥയിൽ ധൃതഗതിയിൽ സഭാ ജനങ്ങളോടും പട്ടക്കാരോടും ആലോചിക്കാതെ ചെയ്ത മെത്രാഭിഷേകം ആയതിനാൽ എട്ടാം മാർത്തോമ്മാ യുടെ ഭരണതുടക്കത്തിൽ തൻ്റെ പട്ടംകൊട സംബന്ധിച്ച് ചില തർക്കങ്ങൾ ഉടലെടുത്തു. എന്നാൽ അധിക ദിവസങ്ങൾ കഴിയുന്നതിനു മുൻപ് തന്നെ കണ്ടനാട്ടു കൂടിയ 54 പള്ളികളുടെ പ്രതിനിധികളുടെ യോഗം എട്ടാം മാർത്തോമ്മായുടെ സ്ഥാനം ഔപചാരികമായി അംഗീകരിച്ചു. ഇതുകൂടാതെ, ഈ പ്രതിപുരുഷ യോഗം, എട്ടാം മാർത്തോമ്മായെ ഭരണ കാര്യങ്ങളിൽ സഹായിക്കുവാൻ കായംകുളം ഫിലിപ്പോസ് റമ്പാനെയും കുന്നംകുളം പുലിക്കോട്ട് ഇട്ടൂപ്പ് കത്തനാർക്ക് റമ്പാൻ സ്ഥാനം കൊടുത്ത് അദ്ദേഹത്തെയും നിയമിക്കുവാനും, വട്ടിപ്പണത്തിന്റെ പലിശയായി ലഭിക്കുന്ന പണംകൊണ്ട് ഒരു പഠിത്തവീട് (സിമ്മനാരി) സ്ഥാപിക്കുവാനും, മലങ്കര സഭയിലെ ആരാധനാ നടപടികൾക്ക് ഒരു മാർഗ്ഗരേഖയായി പതിനൊന്ന് സംഗതികൾ "കണ്ടനാട് പടിയോലഎന്ന പേരിൽ വിശദമായി എഴുതി ക്രമപ്പെടുത്തുവാനും ഉള്ള തീരുമാനങ്ങൾ കൈക്കൊണ്ടു.
പടിയോലയിലെ മാർഗ്ഗരേഖകളും റമ്പാന്മാരുടെ ആലോചനകളും തൻ്റെ മുൻഗാമികളെ അപേക്ഷിച്ച് നല്ലൊരു ഭരണതുടക്കം കുറിക്കുവാൻ എട്ടാം മാർത്തോമ്മായ്ക്ക് സാധിച്ചു എന്നതിൽ സംശയമില്ല. ആറാം മാർത്തോമ്മായുടെ കാലത്ത് പലിശയ്ക്കിടുന്നതിന് ആലോചിക്കുകയും എഴാം മാർത്തോമ്മായുടെ കാലത്ത് സമുദായത്തിൻ്റെ പ്രയോജനത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിക്ഷേപിക്കുകയും ചെയ്ത 3000 പൂവരാഹൻ തുകയുടെ എട്ടു ശതമാനം നിരക്കിലുള്ള ആദ്യ വർഷത്തെ പലിശ കൈപ്പറ്റിയത് എട്ടാം മാർത്തോമ്മായായിരുന്നു. ഏകദേശം ഒന്നര സംവത്സരക്കാലത്തോളം സഭാ ഭരണം ശാന്തമായിരുന്നു.
അധികം താമസിയാതെ, മെത്രാനും റമ്പാന്മാരും തമ്മിൽ തർക്കങ്ങൾ തുടങ്ങി. പടിയോലയിലെ കാര്യങ്ങൾ നടപ്പാക്കുന്നില്ല, വട്ടിപ്പണ പലിശ ഉപയോഗിച്ച് സിമ്മനാരി ഉണ്ടാക്കിയില്ല, മെത്രാൻ വാഴ്ചയിലെ ന്യൂനത പരിഹരിക്കുവാൻ വിദേശ മെത്രാന്റെ സഹായം തേടാൻ റമ്പാന്മാർ ശ്രമിച്ചു തുടങ്ങിയവയായിരുന്നു കാരണങ്ങൾ. റമ്പാന്മാർ ഇരുവരും ബ്രിട്ടീഷ് കേണൽ മെക്കാളയുടെയും പിന്നീടു വന്ന കേണൽ മൺറോയുടെയും പക്കൽ പരാതി അയച്ചു അപ്പോഴേക്കും ഈ പരാതികൾ മദ്രാസ് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. മലങ്കര സഭയുടെ ആരംഭം, സുറിയാനി ക്രിസ്ത്യാനികളുടെ ആചാര മദ്യാദകൾ എന്നിവ ആസ്പദമാക്കി പതിനേഴു ചോദ്യങ്ങൾ തയ്യാറാക്കി കേണൽ മൺറോ 1813 മാർച്ച് മാസം മാർത്തോമ്മാ എട്ടാമന് അയച്ചുകൊടുത്തു. അവയ്ക്കുള്ള ഉത്തരങ്ങൾ അധിക കാലതാമസമില്ലാതെ തന്നെ മാർത്തോമ്മാ എട്ടാമൻ നിരണം പള്ളിയിൽ വച്ച് എഴുതി മറുപടി അയയ്ക്കുകയും ചെയ്തു. മലങ്കര സഭയുടെ ആദ്യകാല ചരിത്രം, വിശ്വാസ നടപടികൾ, പട്ടക്കാരുടെ ചുമതലകൾ, മെത്രാന്മാരുടെ ചുമതല നിർവ്വഹണം തുടങ്ങി പല കാര്യങ്ങളെപ്പറ്റിയും വ്യക്തമായ വിശദീകരണങ്ങൾ നൽകി എഴുതിയ മറുപടി മലങ്കര സഭാ ചരിത്രത്തിലെ ഒരു സുപ്രധാന രേഖയായി ഇന്നും നില നിൽക്കുന്നു.
തുടർന്ന്, 1813-ൽ കേണൽ മൺറോ നോട്ടീസയച്ച് എല്ലാ പള്ളികളുടെയും പ്രതിപുരുഷന്മാരെ കൊല്ലത്തു വരുത്തി ഒരു അന്വേഷണം നടത്തി. അവിടെ എടുത്ത തീരുമാനം എട്ടാം മാർത്തോമ്മായ്ക്ക് അനുകൂലമായിരുന്നില്ല. ഈ അവസരത്തിൽ എട്ടാം മാർത്തോമ്മായുടെ സഹായിയായി നിയമിക്കപ്പെട്ടിരുന്ന പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ സുറിയാനി സിമ്മനാരി സ്ഥാപിക്കണമെന്ന തന്റെ ആഗ്രഹം കേണൽ മൺറോയെ ധരിപ്പിക്കുകയും പദ്ധതിയിൽ പ്രീതനായ മൺറോ നാലു വർഷമായി വിതരണം മുടങ്ങി കിടന്നിരുന്ന വട്ടിപ്പണപലിശ ഇട്ടൂപ്പ് റമ്പാനെ എൽപ്പിക്കുകയും ചെയ്തു. സിമ്മനാരി വടക്ക് കണ്ടനാട്ട് വേണമെന്നും തെക്ക് നിരണത്ത് വേണമെന്നുമുള്ള തർക്കങ്ങൾ ഉണ്ടായെങ്കിലും പുന്നത്ര കുര്യൻ കത്തനാരുടെ (പിന്നീട് പതിനൊന്നാം മാർത്തോമ്മാ) അഭിപ്രായ പ്രകാരം മധ്യസ്ഥാനമായ കോട്ടയത്ത് തിരുവിതാംകൂർ ഗവൺമെന്റ് കരം ഒഴിവായി നൽകിയ സ്ഥലത്ത് സിമ്മനാരിക്ക് അടിസ്ഥാനമിടുകയും 1815 മാർച്ച് മാസം അവിടെ പഠിത്തമാരംഭിക്കുകയും ചെയ്തു
മെത്രാനല്ലാത്ത ആളെ റസിഡൻ്റ് പലിശ എല്പിച്ചതിന് മദ്രാസ് ഗവൺമെന്റ് അതൃപ്തി പ്രകടിപ്പിച്ചതുമൂലം ഇട്ടൂപ്പ് റമ്പാൻ ദിവന്നാസ്യോസ് രണ്ടാമൻ എന്ന നാമദേയത്തിൽ മലബാറിലെ തൊഴിയൂർ സഭയുടെ മാർ ഫീലക്സിനോസ് കിടങ്ങനിൽ നിന്നും മെത്രാൻ പട്ടം സ്വീകരിച്ചു: അല്ലാത്ത പക്ഷം പണം തിരിച്ചടയ്ക്കുക എന്നതു മാത്രമേ ഒരു പോം വഴിയായി ഇട്ടൂപ്പ് റമ്പാന് മുന്നിലുണ്ടായിരുന്നുള്ളൂ. ആറാം മാർത്തോമ്മായുടെ കാലത്ത് വിദേശ മെത്രാനായ മാർ ഗ്രിഗോറിയോസിൽ നിന്നും മെത്രാൻ പട്ടമേറ്റ അബ്രഹാം മാർ കുറിലോസ് തൊഴിയൂർ എന്ന സ്ഥലത്ത് താമസം മാറ്റുകയും അവിടെ ഒരു സ്വതന്ത്ര സുറിയാനി സഭ സ്ഥാപിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായ മാർ കൂറിലോസ് രണ്ടാമനാൽ വാഴിക്കപ്പെട്ട മാർ ഫീലക്സിനോസ് ചീരന്റെ പിൻഗാമിയാണ് ഈ മാർ ഫീലക്സിനോസ് കിടങ്ങൻ. ഏകദേശം 40-ൽ പരം വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു പിളർപ്പിൽ വീണ്ടും ഒരു കൂട്ടിച്ചേർക്കലുണ്ടായി.
റസിഡൻ്റ് മൺറോയുടെ സാന്നിദ്ധ്യത്തിൽ കൊല്ലത്തു വച്ചു കുടിയ പള്ളി പ്രതിപുരുഷയോഗം തനിക്കെതിരായി എടുത്ത തീരുമാനം എട്ടാം മാർത്തോമ്മായെ അതീവ ദുഃഖത്തിലാക്കി യിരുന്നു. ഭഗ്നാത്സാഹിയായ എട്ടാം മാർത്തോമ്മാ തന്റെ പിതൃ സഹോദരനായ കടമറ്റത്ത് അയ്പ് കത്തനാരെ ഒൻപതാം മാർത്തോമ്മയായി വാഴിച്ചു. അധികം താമസിയാതെ, 1815-ൽ അദ്ദേഹം രോഗബാധിതനാകുകയും ചികിത്സക്കായി നിരണത്തേക്ക് താമസം മാറ്റുകയും ചെയ്തു. നിരണത്തുവച്ച് 1816 മാർച്ച് മാസം കാലം ചെയ്തു. താൻ പ്രിയംവച്ച കർത്ത സന്നിധിയിൽ ജീവനുള്ളവരുടെ ദേശത്തേക്ക് വാങ്ങിപ്പോകുകയും ചെങ്ങന്നൂർ പുത്തൻകാവ് പള്ളിയിൽ കബറടക്ക പ്പെടുകയും ചെയ്തു.
തൻ്റെ ചുരുങ്ങിയ എട്ടു വർഷത്തെ മലങ്കര സഭാ ഭരണ കാലയളവിൽ സഭാ ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും സ്വാധീനം ചെലുത്തുവാനും എട്ടാം മാർത്തോമ്മായ്ക്ക് കഴിഞ്ഞിരുന്നു. മലങ്കരയിലെ ശുചീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മാരാമൺ പാലക്കുന്നത്ത് അബ്രഹാം മൽപ്പാനച്ചന് 1811-ൽ ശെമ്മാശ പട്ടവും 1815-ൽ കശ്ശീശാ പട്ടവും കൊടുത്ത എട്ടാം മാർത്തോമ്മാ, അച്ചനെ വാത്സല്യപൂർവ്വം മാരാമണ്ണിലെ കൊച്ചു കത്തനാരെന്നു വിളിച്ചിരുന്നു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. എട്ടാം മാർത്തോമ്മായെ മലങ്കര സഭയ്ക്ക് നൽകിയ ത്രിയേക ദൈവത്തിനു സ്തുതി.