നമ്മുടെ കർത്താവിന്റെ ഉയിർപ്പിന്റെ ഓർമ്മയെ വർഷം തോറും കൊണ്ടാടുന്ന ദിനമാണ് ഉയിർപ്പ് പെരുന്നാൾ. ഈ പെരുന്നാൾ എല്ലാ വർഷവും ഞായറാഴ്ച ദിവസമാണ് നാം കൊണ്ടാടുന്നതെങ്കിലും ഇതിന്റെ തീയതി എല്ലാവർഷവും മാറി മാറി വരുന്നു.
എങ്ങനെയാണ് ഓരോ വർഷവും ഉയിർപ്പ് പെരുന്നാൾ തീയതി കണക്കാക്കുന്നത്?.
വളരെ ലളിതമായ ഉത്തരം ഇങ്ങനെയാണ്. മാർച്ച് 21 നോ അതിനു ശേഷമോ വരുന്ന പൂർണചന്ദ്രൻ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് ഉയിർപ്പ് പെരുന്നാൾ.
എഡി 325 ൽ നിഖ്യായിൽ കൂടിയ സുന്നഹദോസാണ് ഈ തീരുമാനം കൈക്കൊണ്ടത്. എന്തായിരുന്നു സുന്നഹദോസിൽ എടുത്ത തീരുമാനം എന്നതിനെപ്പറ്റി മനസ്സിലാക്കുന്നതിന് മുൻപ് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം ആവശ്യമായി വന്നതെന്ന് എന്ന് നമുക്ക് ആദ്യം ചിന്തിക്കാം.
വിശുദ്ധ വേദപുസ്തകത്തിലെ പുതിയനിയമ പുസ്തകങ്ങൾ പ്രകാരം നമ്മുടെ കർത്താവിന്റെ മരണവും ഉയിർത്തെഴുന്നേൽപ്പും യഹൂദന്മാരുടെ പെസഹാ പെരുന്നാളിനോട് അനുബന്ധിച്ചാണ് നടന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ മത്തായി (26:17-20), മർക്കോസ് (14:12-17), ലൂക്കോസ് (22:7-14) എന്നിവരുടെ സുവിശേഷങ്ങളിൽ നമ്മുടെ കർത്താവ്, തന്റെ മരണത്തിനുമുമ്പ് ശിഷ്യന്മാരോട് ഒന്നിച്ച് പെസഹാഭക്ഷണം ഭക്ഷിച്ചുവെന്നും എന്നാൽ വിശുദ്ധ യോഹന്നാൻ സുവിശേഷത്തിൽ (18: 28, 19:14) നമ്മുടെ കർത്താവ് പെസഹാ ദിവസം കുരിശിൽ തറയ്ക്കപ്പെട്ടുവെന്നും നാം വായിക്കുന്നു. അതിനാൽ നമ്മുടെ കർത്താവിന്റെ മരണവും ഉയർത്തെഴുന്നേൽപ്പും പെസഹാ പെരുന്നാളിനോടുനുബന്ധിച്ച് വർഷംതോറും കൊണ്ടാടുന്ന ഒരു പതിവാണ് ആദ്യനൂറ്റാണ്ടുകളിൽ പിന്തുടർന്നത്. ഇതിൻപ്രകാരം, ചില സ്ഥലങ്ങളിൽ യഹൂദന്മാരുടെ പെസഹ പെരുന്നാളിന്റെ ദിവസമോ അതോ അതിന് അടുത്ത ദിവസമോ ആയിരുന്നു ഉയിർപ്പു പെരുന്നാൾ ആചരിച്ചു വന്നത്. എന്നാൽ ഇത് ഞായറാഴ്ച ആകണം എന്ന നിർബന്ധം ഇല്ലായിരുന്നു. എന്നാൽ മറ്റു ചില സ്ഥലങ്ങളിൽ പെസഹാ പെരുന്നാളിന് ശേഷമുള്ള ഞായറാഴ്ച ഉയിർപ്പു പെരുന്നാളായി ആചരിക്കുന്ന പതിവ് തുടർന്നു വന്നു. ഏകദേശം നാലാം നൂറ്റാണ്ടോടുകൂടി നാലു വ്യത്യസ്ത രീതികളിൽ ഉയിർപ്പു പെരുന്നാൾ ആഘോഷിക്കുന്ന പതിവ് ക്രിസ്തീയ സമൂഹങ്ങളിൽ ഉടലെടുത്തിരുന്നു. ഇക്കാരണങ്ങളാലാണ് എ.ഡി. 325 കൂടിയ നിഖ്യാ സുന്നഹദോസ് ഉയിർപ്പ് പെരുന്നാളിന്റെ തീയതിക്ക് ഒരു ഏകീകരണം വേണമെന്ന് തീരുമാനിച്ചത്.
ഉയിർപ്പിന്റെ തീയതിയുമായി ബന്ധപ്പെട്ട നിഖ്യാ സുന്നഹദോസ് എടുത്ത തീരുമാനങ്ങൾ എന്തൊക്കെയായിരുന്നു എന്ന് പരിശോധിക്കാം.
ലോകമെമ്പാടുമുള്ള സഭകൾ ഒരു ദിവസം തന്നെ ഉയിർപ്പു പെരുന്നാൾ ആചരിക്കണം.
അത് ഒരു ഞായറാഴ്ച ആയിരിക്കണം.
വസന്ത സമരാത്ര ദിനത്തിന് (രാത്രിയും പകലും തുല്യമായ ദിവസങ്ങൾ) ശേഷം വരുന്ന പൗർണമി ദിവസത്തിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരിക്കണം ഉയിർപ്പു പെരുന്നാൾ.
അത് ഒരു ഞായറാഴ്ച ആണെങ്കിൽ ഉയിർപ്പു പെരുന്നാൾ അടുത്ത ഞായറാഴ്ച ആയിരിക്കണം.
യഹൂദന്മാരുടെ പെസഹായോടൊപ്പമൊ അതിനുമുമ്പോ ഉയിർപ്പ് പെരുന്നാൾ ആചരിക്കരുത്.
ഒരു സൗരവർക്ഷത്തിൽ രണ്ട് ഉയിർപ്പ് പെരുന്നാളുകൾ വരരുത്.
എന്തുകൊണ്ടാണ് വസന്തകാലത്തെ സമാരാത്ര ദിവസത്തിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരിക്കണം ഉയിർപ്പു പെരുന്നാൾ എന്നു തീരുമാനിക്കുവാൻ കാരണം എന്നു കൂടി പരിശോധിക്കാം.
മുമ്പ് വിവരിച്ചതുപോലെ, നമ്മുടെ കർത്താവിന്റെ മരണവും ഉയർത്തെഴുനേൽപ്പും നടന്നത് യഹൂദന്മാരുടെ പെസഹാ പെരുന്നാളിനോടനുബന്ധിച്ച് ആയിരുന്നു. യഹൂദന്മാരുടെ കലണ്ടർ അനുസരിച്ച് വസന്ത കാലത്തിലെ ആദ്യ പൗർണമി ദിവസമാണ് പെസഹാ ദിവസമായി ആചരിക്കുന്നത്. അതായത് നീസാൻ മാസം പതിനാലാം തീയതി (ലേവ്യാ. 23:5, സഖ്യാ. 28:16 യോശു. 5:10). യഹൂദാ കലണ്ടറനുസരിച്ച് ഓരോ മാസവും തുടങ്ങുന്നത് അമാവാസി ദിവസമാണ് (New Moon Day). അങ്ങനെയാണെങ്കിൽ നമ്മുടെ കർത്താവിന്റെ മരണം നടന്ന ദിവസം വസന്തകാലത്തെ പൗർണ്ണമി ദിവസമായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഈ കാരണങ്ങളാലാണ് ഒരു വർഷത്തിൽ രണ്ട് സമരാത്ര ദിവസങ്ങൾ (രാത്രിയും പകലും തുല്യമായ ദിവസങ്ങൾ, മാർച്ച് 21 & സെപ്റ്റംബർ 23) ഉണ്ടെങ്കിൽ പോലും വസന്തകാലത്തെ അതായത് മാർച്ച് മാസത്തിലെ സമരാത്രദിനത്തിന് ശേഷമുള്ള പൂർണ്ണചന്ദ്രൻ എന്ന് സുന്നഹദോസ് തീരുമാനിക്കാൻ ഇടയായത്. അതുപോലെ, യഹൂദന്മാർ ഉപയോഗിച്ചിരുന്ന കലണ്ടർ ഒരു ചാന്ദ്ര സൗര കലണ്ടർ ആയിരുന്നു അതായത് മാസങ്ങൾ നിശ്ചയിച്ചിരുന്നത് ചന്ദ്രന്റെ ഭ്രമണം അടിസ്ഥാനമാക്കിയും വർഷം കണക്കാക്കയിരുന്നത് സൂര്യന്റെ ഭ്രമണ സമയം കണക്കാക്കിയും. അതിനാൽ ഒരു ചന്ദ്ര വർഷത്തിന്റെ ദൈർഘ്യം (29.5 x 12 = 354) സൗരവർഷത്തിന്റെ ദൈർഘ്യമായ 365 ദിവസത്തേക്കാൾ കുറവായതിനാലാണ് ഒരു സൗരവർഷത്തിൽ രണ്ട് ഉയിർപ്പു പെരുന്നാൾ തീയതികൾ വരരുത് എന്ന് ഒരു തീരുമാനം കൈക്കൊണ്ടത്.
ഇനിയും ഈ കണക്കുകളിലെ ചില അപാകതകൾ കൂടി നമുക്ക് പരിശോധിക്കാം.
ചുരുക്കത്തിൽ, നിഖ്യാ സുന്നഹദോസിന്റെ തീരുമാനമായ വസന്ത കാലത്തെ സമാരാത്രദിവസത്തിന് ശേഷം വരുന്ന പൂർണ്ണ ചന്ദ്രനു ശേഷമുള്ള ആദ്യ ഞായർ ഉയിർപ്പ് പെരുന്നാൾ എന്നുള്ളത് സഭകൾ സ്വീകരിച്ചുവെങ്കിലും, ഓരോ വർഷത്തെ വസന്ത സമാരാത്ര ദിവസവും അതിനു ശേഷമുള്ള പൂർണ്ണചന്ദ്ര ദിവസവും കണ്ടുപിടിക്കുന്നതിന് സഭകൾ അവലംബിച്ചത് ചില ഏകദേശ കണക്കുകളാണ്. ഇപ്രകാരമുള്ള കണക്കുകൾ താഴെ പറയുന്ന ചില അപാകതകൾ സൃഷ്ടിക്കുന്നു.
“സമരാത്രദിനം' എന്നത് അവർ മാർച്ച് 20 എന്ന് ഏക തീയതിയിലേക്ക് പരിമിതപ്പെടുത്തി. ഏ.ഡി. 325-ൽ ജൂലിയൻ കലണ്ടർ പ്രകാരം സമരാത്രദിനം മാർച്ച് 20 ആയിരുന്നു. എന്നാൽ എല്ലാ വർഷവും മാർച്ച് 20 എന്ന തീയതി തന്നെ സമരാത്ര ദിവസമായി വരണമെന്നില്ല. സൂര്യന്റെ ഭ്രമണം കണക്കാക്കിയാൽ യഥാർത്ഥത്തിൽ പൊതുവേ മാർച്ച് 19 നും മാർച്ച് 22 നും ഇടയ്ക്കുള്ള ഒരു തീയതിയായിരിക്കും ഓരോ വർഷവും സമരാത്രദിനങ്ങളായി വരുന്നത്. എന്നാൽ ഏകീകരണം എന്ന നിലയിൽ ജ്യോതിശാസ്ത്ര പണ്ഡിതന്മാർ തീരുമാനിച്ച മാർച്ച് 20 തന്നെയാണ് ഇപ്പോഴും ഉയിർപ്പ് പെരുന്നാൾ കണക്കാക്കുവാൻ സഭകൾ പിന്തുടർന്നു പോരുന്നത്. ഭാവിയിൽ സമരാത്രദിനങ്ങൾ മാർച്ച് 19, 20, 21 (വളരെ അപൂർവ്വമായി 18, 22) എന്നീ തീയതികളിലും വരാമെന്നുള്ള വസ്തുത അവർക്ക് അജ്ഞാതമായിരുന്നു അല്ലെങ്കിൽ അവർ അവഗണിച്ചു എന്നു വേണം കരുതാൻ. എന്നാൽ, ആദ്യം സൂചിപ്പിച്ചതുപോലെ മാർച്ച് 21 എന്ന തീയതിയാണ് ഈ പെരുന്നാളുമായി ബന്ധപ്പെട്ട് നാം കൂടുതൽ ഉപയോഗിക്കുന്നത്. അതും ശരിയായ രീതി തന്നെയാണ്. മാർച്ച് 21 എന്നാണ് പറയുന്നതെങ്കിൽ, മാർച്ച് 21 നോ അതിനു ശേഷമോ വരുന്ന പൂർണചന്ദ്രൻ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് ഉയിർപ്പ് പെരുന്നാൾ. മാർച്ച് 20 ആണ് ഉപയോഗിക്കുന്നതെങ്കിൽ, മാർച്ച് 20 നു ശേഷം വരുന്ന പൂർണചന്ദ്രൻ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ഉയിർപ്പ് പെരുന്നാളായി കണക്കാക്കണം.
അതുപോലെ തന്നെ, പൂർണ്ണചന്ദ്രന്റെ തീയതികൾ കണ്ടുപിടിക്കാൻ ചില കണക്കുകൂട്ടലുകൾ പ്രകാരം നിശ്ചയിക്കപ്പെട്ട പട്ടികകളാണ് അവർ ഉപയോഗിച്ചത്. ഗ്രീക്ക് ശാസ്ത്രജ്ഞനായ മീറ്റൺ കണ്ടുപിടിച്ച മെറ്റോണിക് പട്ടികയാണ് ഇതിനായി ഉപയോഗിച്ചത്. 19 വർഷം കൂടുമ്പോൾ മാറിവരുന്ന ഒരു ചാക്രിക പട്ടികയാണിത്. 19 വർഷം വീതമുള്ള ഈ പട്ടികകളിലെ പൗർണ്ണമി തീയതികൾ യഥാർത്ഥ പൗർണ്ണമികൾക്ക് പകരമായി ഉപയോഗിക്കപ്പെട്ടു.
അതിനാൽ ജ്യോതിശാസ്ത്ര പ്രകാരമുള്ള സമാരാത്രദിവസവും പൂർണ്ണചന്ദ്ര ദിവസവും മേല്പറഞ്ഞ കണക്കുകൾ പ്രകാരം മുൻ നിർണ്ണയിച്ച തീയതികളിൽ നിന്നു ചെറിയ വ്യത്യാസങ്ങൾ ചില വർഷങ്ങളിൽ പ്രകടമാകുന്നുണ്ട്. എന്നാൽ, ഉയിർപ്പു തീയതി ഞായറാഴ്ചകൾ മാത്രമായി ക്ലിപ്തപ്പെടുത്തിയതിനാൽ ആറു ദിവസം വരെ അവിടെ സാവകാശം ലഭിക്കുന്നുണ്ട്. അതുമൂലം ചുരുക്കം ചില വർഷങ്ങളിൽ മാത്രമേ ഉയിർപ്പ് തീയതികളിൽ ജ്യോതിശാസ്ത്ര പ്രകാരമുള്ള തീയതികളുമായി പ്രകടമായ വ്യത്യാസം അനുഭവപ്പെടാറുള്ളു. 2019 ൽ ഇങ്ങനെ പ്രകടമായ വ്യത്യാസം വന്ന വർഷമായിരുന്നു. വസന്ത സമരാത്ര ദിവസം അന്തർദ്ദേശീയ സമയക്രമമനുസരിച്ച് (UTC/GMT) മാർച്ച് 20 ബുധനാഴ്ചയും തൊട്ടടുത്ത പൂർണചന്ദ്രൻ മാർച്ച് 21 വ്യാഴാഴ്ചയുമായിരുന്നു. അപ്പോൾ നിഖ്യാ സുന്നഹദോസ് അനുസരിച്ചുള്ള ഉയിർപ്പ് തീയതി മാർച്ച് 24 ഞായറാഴ്ച ആയിരുന്നു. പക്ഷെ മേൽപ്പറഞ്ഞ മുൻ നിർണ്ണയിക്കപ്പെട്ട സഭയുടെ പെരുന്നാൾ ക്രമീകരണമനുസരിച്ചുള്ള ഔദ്യോഗിക ഉയിർപ്പ് തീയതി ഏപ്രിൽ 21 ആയിരുന്നു. ഏതൊരു വർഷത്തെയും വസന്തസമാരാത്ര ദിനവും അതിനു ശേഷം വരുന്ന പൂർണ ചന്ദ്രദിനവും വളരെ വേഗം കൃത്യതയോടെ കണ്ടുപിടിക്കാനുള്ള മാർഗങ്ങൾ ഇപ്പോൾ ഉണ്ടായിട്ടും സഭകൾ ഇപ്പോഴും മേല്പറഞ്ഞ ഏകദേശ കണക്കുകളെ ആശ്രയിക്കുന്നു എന്നതാണ് ഈ ക്രമീകരണങ്ങളിലെ അപാകതയായി ഇപ്പോഴും നിലനിൽക്കുന്നത്.
നമ്മുടെ ആരാധന വർഷത്തിലെ മൂന്നു നോമ്പ്, വലിയ നോമ്പ്, വലിയ നോമ്പിലെ ഞായറാഴ്ചകൾ, പകുതി നോമ്പ്, നാല്പതാം വെള്ളി, ഊശാന പെരുന്നാൾ, ഹാശാ ദിവസങ്ങൾ, പെസഹ പെരുന്നാൾ, ദുഖവെള്ളി, ദുഖ ശനി, പുതുഞായർ, സ്വർഗാരോഹണം, പെന്തിക്കുസ്തി തുടങ്ങിയ വിശേഷ ദിവസങ്ങളുടെ തീയതികൾ നിശ്ചയിക്കുന്നത് ഉയിർപ്പ് പെരുന്നാളിന്റെ തീയതിയുമായി ബന്ധപ്പെട്ടാണ് എന്നുള്ളത് ഉയിർപ്പ് പെരുന്നാൾ തീയതിയുടെ പ്രാധാന്യം കൂട്ടുന്നു. നമ്മുടെ കർത്താവിന്റെ രക്ഷാകര സംഭവങ്ങളിലെ എല്ലാ സംഭവങ്ങളും ഒരുപോലെ പ്രധാന്യമർഹിക്കുന്നതാണെങ്കിലും പെരുന്നാളുകളുടെ പെരുന്നാളായ ഉയിർപ്പിന്റെ വലിയ സന്തോഷത്തിൽ ജീവിക്കുവാൻ നാം ഓരോരുത്തർക്കും ഇടയാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
കൂടുതൽ വായനയ്ക്ക്
1Malanakara Sabha Tharaka April 2022
Rev. Dr. George Mathew Kuttiyil- സഭയിലെ നോമ്പുകളും പെരുന്നാളുകളും
Dr. M Kuriakose Pulluvazhi - All about Easter dates
Varghese John Thottapuzha - ക്രിസ്താബ്ദം ഒരു ആമുഖം - Malayala Manorama Yearbook, 2000
Frequently asked questions about the date of Easter - World Council of Churches, February 2007, https://www.oikoumene.org/resources/documents/frequently-asked-questions-about-the-date-of-easter
Easter Dating Method - Astronomical Society of South Australia, https://www.assa.org.au/resources/more-articles/easter-dating-method