ആറാം മാർത്തോമ്മാ (1765-1808)
അഞ്ചാം മാർത്തോമ്മായുടെ കാലശേഷം 1765-ൽ ആറാം മാർത്തോമ്മാ മലങ്കര സഭാ നേതൃത്വം എറ്റെടുത്തു. 1761-ൽ മാർത്തോമ്മാ അഞ്ചാമനാണ് ആറാം മാർത്തോമ്മായെ തൻ്റെ പിൻഗാമിയായി നിരണത്തു വച്ച് അഭിഷേകം ചെയ്തത്. ഈ സമയം മലങ്കരയിൽ ഉണ്ടായിരുന്ന ശക്രള്ള മാർ ബസേലിയോസ്, യോസഫ് മാർ ഗ്രിഗോറിയോസ്, യൂഹാന്നോൻ റമ്പാനായി ഇവിടെ എത്തി പിന്നീട് 1752-ൽ ഇവിടെ വച്ച് അഭിഷിക്തനായ മാർ ഈവാനിയോസ് യൂഹാന്നോൻ എന്നീ മൂന്നു പരദേശ മെത്രാന്മാരെ കൂട്ടാതെയായിരുന്നു ഈ സ്ഥാനാഭിഷേകം. തുടർന്ന് 1764-ൽ ശക്രള്ള മാർ ബസേലിയോസ് കാലം ചെയ്തു. മാർത്തോമ്മാ ആറാമൻ മലങ്കര സഭാ ഭരണം ഏറ്റെടുക്കുമ്പോൾ മേൽപ്പറഞ്ഞ മറ്റു രണ്ടു മെത്രാന്മാർ മലങ്കരയിൽ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്
വിദേശ മെത്രാന്മാരെ കൂടാതെയുള്ള തൻ്റെ സ്ഥാനാഭിഷേകത്തിന് ന്യൂനതയുണ്ടെന്നുള്ള ചിന്ത മാർത്തോമ്മാ അഞ്ചാമനുണ്ടായിരുന്നതുപോലെ മാർത്തോമ്മാ ആറാമനെയും അലട്ടിയിരുന്നു. എന്നാൽ കുറെ കാലത്തേക്ക് അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക് ഫലം കിട്ടിയില്ല. എങ്കിലും 1770-ൽ നിരണത്തുവച്ച് പരദേശ മെത്രാന്മാരായ മാർ ഗ്രിഗോറിയോസും മാർ ഈവാനിയോസും ചേർന്ന് ആറാം മാർത്തോമ്മായെ പുനരഭിഷേകം ചെയ്യുകയും ദിവന്നാസ്യോസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. മാർത്തോമ്മാ അഞ്ചാമൻ പുനരഭിഷേകം ചെയ്യപ്പെടുകയാണെങ്കിൽ അദ്ദേഹത്തിനു നൽകാനായി അന്തോക്യാ പാത്രിയാർക്കീസ് ഗീവർഗീസ് മൂന്നാമൻ കൊടുത്തയച്ചിരുന്ന അംശവടി, കുരിശ്, അധികാര പത്രം എന്നിവ മാർത്തോമ്മാ ആറാമനു നൽകി (മാർത്തോമ്മാ അഞ്ചാമൻ പുനരഭിഷേകത്തിന് പല ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല). അങ്ങനെ മലങ്കര സഭാ നേതൃത്യത്തിന് മാർത്തോമ്മാ എന്ന സ്ഥാനത്തിനു പകരം മാർ ദിവന്നാസ്യോസ് എന്ന നാമം വന്നു ചേർന്നു. മാർത്തോമ്മാ ആറാമൻ വലിയ മാർ ദിവന്നാസ്യോസ്, മാർ ദിവന്നാസ്യോസ് ഒന്നാമൻ എന്നീ പേരുകളിലും മലങ്കര സഭാ ചരിത്രത്തിൽ പിന്നീട് അറിയപ്പെട്ടു.
ആറാം മാർത്തോമ്മായുടെ ഭരണ കാലഘട്ടം മലങ്കരസഭ വളരെ ചരിത്രപ്രാധാന്യമുള്ള പലസംഭവങ്ങൾക്കും സാക്ഷിയായി. മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആവിർഭാവം, റോമാ സഭയുമായുള്ള അനുരഞ്ജന ശ്രമങ്ങൾ, ടിപ്പു സുൽത്താൻ്റെ ആക്രമണം, വിദേശ മിഷനറിമാരുടെ വരവ്, മലയാള വേദ പുസ്തകത്തിന്റെ ആരംഭം, വട്ടിപ്പണത്തിൻ്റെ തുടക്കം തുടങ്ങി സംഭവബഹുലമായ ഒരു കാലഘട്ടമായിരുന്നു മാർത്തോമ്മാ ആറാമൻ്റേത്.
ഈ സംഭവങ്ങളിൽ, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആപൽഘട്ടങ്ങളിൽ യാതൊരു പ്രതിഫലവും കൂടാതെ സഹായഹസ്തങ്ങൾ നീട്ടിയ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആരംഭം പ്രത്യേകം പ്രസ്താവ്യമാണ്. 1748-ൽ മലങ്കരയിൽ എത്തി 1751-ൽ ഇവിടെ നിന്നും തിരിച്ചയക്കപ്പെട്ട മാർ ഈവാനിയോസ് മുളന്തുരുത്തിയിൽ താമസിച്ച് ശെമ്മാശന്മാരെ സുറിയാനി പഠിപ്പിച്ചിരുന്ന കാലം. സഹോദരന്മാരായ മുളന്തുരുത്തി കാട്ടുമങ്ങാട്ടു അബ്രഹാമും ഗീവർഗ്ഗീസും ഇവിടെ നിത്യസന്ദർശകരായിരുന്നു. ഒരു ദിവസം വിദ്യാർത്ഥികൾ തെറ്റി ചൊല്ലിയ ഒരു ഗീതം ശരിയായ രീതിയിൽ കാട്ടുമങ്ങാട്ടു ബാലന്മാർ ചൊല്ലിക്കൊടുത്തു. ഇതറിഞ്ഞ് മാർ ഈവാനിയോസ് സന്തുഷ്ടനാകുകയും പഠിത്തത്തിലുള്ള ശുഷ്കാന്തിയും ബുദ്ധി സാമർത്ഥ്യവും കണ്ട് ഇവർക്ക് മാർ ഈവാനിയോസ് ശെമ്മാശ് പട്ടവും കശീശാ പട്ടവും നൽകി എന്ന് ചരിത്രം സാക്ഷിക്കുന്നു. ഇതിൽ അബ്രഹാം കശീശ്ശക്ക് ശക്രള്ള മാർ ബസേലിയോസ് പിന്നീട് റമ്പാൻ സ്ഥാനം നൽകുകയുണ്ടായി. ഏകദേശം 1770-നോടടുപ്പിച്ച് ആറാം മാർത്തോമ്മാ (മാർ ദിവന്നാസ്യോസ്) ഓമല്ലൂരും, മാർ ഗ്രിഗോറിയോസ് കായംകുളത്തും, മാർ ഈവാനിയോസ് യൂഹാന്നോൻ പുതിയകാവിലും താമസിച്ച് സഭാകാര്യങ്ങൾ ക്രമപ്പെടുത്തി വരുമ്പോൾ, മാർ ഗ്രിഗോറിയോസിനെ കായംകുളത്തു ചെന്നു സന്ദർശിപ്പാൻ കാട്ടുമങ്ങാട്ടു അബ്രഹാം റമ്പാനു സംഗതിയായി. ക്ഷീണിതനായി കണ്ട ഗ്രിഗോറിയോസ് മെത്രാനെ മുളന്തുരുത്തിയിൽ കൊണ്ടുപോയി അബ്രഹാം റമ്പാൻ വേണ്ട ശുശ്രൂഷകൾ ചെയ്തു. എകദേശം 1772-ൽ മാർ ഗ്രിഗോറിയോസ് അബ്രഹാം റമ്പാനെ മാർ ഈവാനിയോസ് യൂഹാന്നോൻ്റെയോ, ആറാം മാർത്തോമ്മായുടെയോ അനുമതിയോ അറിവോ കൂടാതെ അബ്രഹാം മാർ കുറിലോസ് എന്ന പേരിൽ മെത്രാനായി അഭിഷേകം ചെയ്തു. മാർ ഗ്രിഗോറിയോസ് ആ വർഷം തന്നെ കാലം ചെയ്യുകയും മുളന്തുരുത്തി പളളിയിൽ കബറടക്കപ്പെടുകയും ചെയ്തു. എന്നാൽ തൻ്റെ അംഗീകാരത്തോടെ അല്ലാതെയുള്ള ഈ സ്ഥാനാഭിഷേകം ആറാം മാർത്തോമ്മായെ പ്രകോപിപ്പിക്കുകയും തിരുവിതാംകൂർ- കൊച്ചി രാജാക്കന്മാരുടെയും ഡച്ചു ഗവർണറുടെയും സഹായത്തോടുകൂടി അബ്രഹാം മാർ കുറിലോസിനെതിരെ കരുക്കൾ നീക്കി. എതിർപ്പുകളുടെ മധ്യേ പിടിച്ചുനിൽക്കുവാൻ കഴിയാതെ മാർ കുറിലോസ് ബ്രിട്ടിഷ് മലബാറിലെ ആഞ്ഞൂർ എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയും അവിടെ ഒരു സ്വതന്ത്ര സുറിയാനി സഭയ്ക്ക് ജന്മമേകുകയും ചെയ്തു. ഇങ്ങനെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സോദരിസഭയായ മലബാർ സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂർ / ആഞ്ഞൂർ സഭ ആരംഭിച്ചു.
കേരളത്തിലെ ക്രിസ്ത്തിയ സമൂഹം മൈസൂരിൻ്റെ ടിപ്പു സുൽത്താന്റെ ആക്രമണം നേരിട്ടത് ആറാം മാർത്തോമ്മായുടെ ഭരണകാലത്തായിരുന്നു. 1789-ൽ നടന്ന ഈ ആക്രമണത്തിൽ ചാലക്കുടി, വടക്കൻ പരവൂർ, അങ്കമാലി, ആർത്താറ്റ് തുടങ്ങി പലസ്ഥലങ്ങളിലെ നിരവധി ദൈവാലയങ്ങൾ നാശങ്ങൾക്കു ഇരയാകുകയും എകദേശം പതിനായിരത്തോളം ക്രിസ്ത്യാനികൾക്ക് ജീവഹാനി സംഭവിച്ചതായും കാണുന്നു. ഇതിന്റെ ചില ചരിത്രസത്യങ്ങൾ ആർത്താറ്റ് പള്ളിയിൽ ഇന്നും ദൃശ്യമാണ്. പള്ളിയിൽ ഒളിച്ച ഒരാളെ കൊലപ്പെടുത്തിയ സ്ഥലം വിട്ടാണ് ആർത്താറ്റ് പള്ളിയുടെ മദ്ബഹാ പുനർനിർമ്മാണം നടത്തിയത്.
ആറാം മാർത്തോമ്മായുടെ കാലഘട്ടത്തിൽ മലങ്കരയിലെ സുറിയാനി സഭ വിശ്വാസ പരമായി റോമാ സഭയുമായി ഐക്യപ്പടുന്നതിലുള്ള പല ശ്രമങ്ങൾക്കും വിധേയമായി ഇതിനു മുൻകൈ എടുത്ത് പ്രവർത്തിച്ചത് കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ പ്രത്യേക പ്രീതിക്കു പാത്രീ ഭവിച്ച റോമാ സഭയിൽ ഉൾപ്പെട്ട തച്ചിൽ മാത്തുതരകൻ ആയിരുന്നു. റോമാ സഭയുടെ വിശ്വാസത്തിലേക്ക് മാർത്തോമ്മാ ആറാമനെയും മലങ്കരസഭാജനങ്ങളെയും കൊണ്ടു വരുന്നതിന് മാത്തുത്തരകൻ പലപരിശ്രമങ്ങൾ നടത്തിയെങ്കിലും മാർത്തോമ്മാ ആറാമൻ വഴങ്ങിയില്ല. തുടർന്ന് 1791-ൽ ചെങ്ങന്നൂരിലും, 1792- ൽ കായംകുളത്തും വച്ച് ചില സന്ധി ആലോചനകളും നടത്തിയെങ്കിലും ഇവയെല്ലാം ഫലമില്ലാതെ അവസാനിച്ചു. ഇതിൽ ഒന്നും തൃപ്തിപ്പെടാതെ മാത്തൂ തരകൻ മാർത്തോമ്മായെയും സുറിയാനി സഭാ പ്രധാനികളിൽ പലരേയും ബന്ധനസ്ഥരാക്കി ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ഉച്ച സൂര്യൻ്റെ ചൂടിൽ അംശവസ്ത്രങ്ങൾ അഴിച്ച് ദീർഘനേരം മുട്ടിൽ നിർത്തുക, പട്ടിണി ഇടുക തുടങ്ങിയ നടപടികളിൽ സഹികെട്ട് വളരെ വൈമനസ്യത്തോടുകൂടി സുറിയാനിക്കാരുടെ പുളിപ്പുള്ള അപ്പത്തിനു പകരം റോമാ സഭ അനുശാസിക്കുന്ന പുളിപ്പില്ലാത്ത അപ്പം ഉപയോഗിച്ച് കുർബ്ബാന അനുഷ്ഠിക്കുവാൻ മാർത്തോമ്മാ ആറാമൻ നിർബന്ധിതനായെന്ന് ചില ചരിത്രരേഖകളിൽ കാണുന്നു. എന്നാൽ താൻ ചെയ്തവയിൽ അനുതപിക്കുകയും മലങ്കര സുറിയാനി സഭയ്ക്ക് വിരുദ്ധമായി താൻ ചെയ്ത കാര്യങ്ങളെല്ലാം നിക്ഷേധിക്കുകയും ചെയ്ത് മാർത്തോമ്മാ ആറാമൻ മലങ്കര സഭയുടെ സത്യവിശ്വാസം നില നിർത്തി.
ഈ സംഭവങ്ങൾക്കിടയിൽ 1794-ൽ ആറാം മാർത്തോമ്മായുടെ അനന്തരവൻ മാത്തൻ കത്തനാരെയും കായംകുളം ഫിലിപ്പോസ് കത്തനാരെയും ആറാം മാർത്തോമ്മാ റമ്പാൻ സ്ഥാനം നൽകി. മാർ ഈവാനിയോസ് യൂഹാന്നാനെകൊണ്ട് മെത്രാൻ പദവി നൽകണമെന്ന് ആഗ്രഹിച്ചെങ്കിലും ആ വർഷം തന്നെ മാർ ഈവാനിയോസ് കാലം ചെയ്തു. ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ കബറടക്കപ്പെട്ടു. പിന്നീട് 1796 ഏപ്രിൽ മാസത്തിൽ ആറാം മാർത്തോമ്മാ തന്നെ തന്റെ അനന്തരവൻ റമ്പാച്ചനെ മെത്രാനായി വാഴിച്ചു സഹായിയായി നിയമിച്ചു.
മാർത്തോമ്മാ ആറാമൻ്റെ കാലത്ത് പ്രാധാന്യമർഹിക്കുന്ന മറ്റൊരു സംഭവമായിരുന്നു ആംഗ്ലേയ മിഷനിമാരുടെ മലങ്കരയിലേക്കുള്ള സന്ദർശനം. 1806-ൽ മലബാർ സഭയുടെ സ്ഥിതിഗതികൾ അറിയുവാൻ മദ്രാസ് ഗവർണറായ ലോർഡ് വില്യം ബെന്റിക് നിയോഗിച്ച മദ്രാസിലെ സീനിയർ ചാപ്ലനായ ഡോ. കേർ മാർ തോമാ ആറാമനെ സന്ദർശിച്ചു. ഇവിടുത്തെ വിശ്വാസ സമൂഹത്തെപ്പറ്റി ഡോ, കേർ "മതപരമായ കാര്യങ്ങളിൽ ശ്രദ്ധാലുക്കളാണെന്നും, രാജാവിനാലും ഹൈന്ദവരാലും മാനിക്കപ്പെടുന്നവരാണെന്നും സത്യസന്ധത, ലഘുവായ വർത്തമാനരീതി എന്നീ സവിശേഷതകൾ" രേഖപ്പെടുത്തി.
ഡോ. കേറിൻ്റെ സന്ദർശനാനന്തരം അധിക കാലതാമസം കൂടാതെ കൽക്കട്ടയിലെ ഫോർട്ട് വില്യം കോളജിലെ വൈസ് പ്രിൻസിപ്പാൾ ഡോ. ക്ലോഡിയസ് ബുക്കാനനും ആറാം മാർത്തോമ്മായെ സന്ദർശിച്ചു. തൻ്റെ കൂടികാഴ്ച്ചയിൽ കണ്ട മാർത്തോമ്മയെപ്പറ്റി “അദ്ദേഹത്തിൻ്റെ (മാർത്തോമ്മ) (പ്രഥമ പ്രത്യക്ഷതയിൽ ഞാൻ അത്യധികം ആശ്ചര്യപ്പെട്ടു. നാലാം നൂറ്റാണ്ടിലെ മാർ ക്രിസോസ്റ്റത്തിൻ്റെ പ്രത്യക്ഷത ഇത്തരത്തിലാണെന്ന് ഞാൻ ചിന്തിച്ചു. അദ്ദേഹം തൻ്റെ സഭയിൽ ഉന്നതമായി ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് ഭക്തിയിലും മതപരമായ കർത്തവ്യങ്ങൾക്ക് താൻ കൊടുക്കുന്ന ശ്രദ്ധയിലും ശ്രേഷ്ഠനാണ്' എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
കണ്ടനാട്ടു പള്ളിയിൽ താമസിച്ചിരുന്ന ആറാം മാർത്തോമ്മായെ ഒന്നിലധികം പ്രാവശ്യം സന്ദർശിക്കുവാൻ ഡോ ബുക്കാനൻ ശ്രമിച്ചു. ആദ്യകൂടികാഴ്ചയിൽ തന്നെ വി. വേദപുസ്തക മലയാളത്തിലേക്കുള്ള വിവർത്തനം എന്ന ആശയം അദ്ദേഹം മാർത്തോമ്മായെ അറിയിക്കുകയും മാർത്തോമ്മാ ആറാമൻ ആ ഉദ്യമത്തിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു. താമസംവിനാ സുറിയാനിയിലുള്ള വി. വേദപുസ്തകം വിവർത്തനം ചെയ്യുവാൻ കായംകുളം ഫിലിപ്പോസ് റമ്പാനെയും പുലിക്കോട്ടിൽ ഇട്ടുപ്പ് മൽപ്പാനെയും മിനുക്കു പണികൾക്കായി സുബ്ബയ്യ പിള്ളയെയും ആറാം മാർത്തോമ്മ ഏർപ്പാട് ചെയ്തു. 1607-ൽ ബുക്കാനൻ്റെ അടുത്ത സന്ദർശന വേളയിൽ പുതിയനിയമം നാലു സുവിശേഷങ്ങളുടെ മലയാള തർജിമയും അതുകൂടാതെ വി. തിരുവെഴുത്തുകളുടെ ഒരു അതിവിശിഷ്ട സുറിയാനി കൈയ്യെഴുത്ത് പ്രതിയും ബുക്കാനന് "ലണ്ടൻ ഇതിനെ ഒരായിരം സംവത്സരം സംരക്ഷിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു" എന്ന് ആശംസിച്ചുകൊണ്ട് സമ്മാനിച്ചു. ഈ മലയാള പരിഭാഷ ബോംബെയിലേക്ക് തന്നോടൊപ്പം ബുക്കാനൻ കൊണ്ടു പോകുകയും കുറിയർ പ്രസ്സിൽ അച്ചടിച്ച് 1811-ൽ പൂർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിച്ച് പ്രഥമ മലയാള വേദ പുസ്തക മലങ്കര സഭയ്ക്ക് സമ്മാനിച്ചു.
സഭാ കാര്യങ്ങൾ കുഴപ്പമൊന്നും കൂടാതെ തുടരുന്ന കാലത്ത് 1807-ൽ മാർ ദിയസ്കോറസ് യൂഹാന്നോൻ എന്ന മെത്രാൻ അന്ത്യോക്യയിൽ നിന്നും മലങ്കരയിൽ എത്തി എന്നാൽ മാർത്തോമ്മ ആറാമനു അദ്ദേഹവുമായി സ്വരചേർച്ച ഇല്ലാതെ വരികയാൽ ബ്രിട്ടിഷ് റസിഡൻ്റ് കേണൽ മെക്കാളയുടെ സഹായത്തോടെ മെത്രാനെ തിരിച്ചയച്ചു.
സമുദായം എല്ലാ കാലത്തും സുഖമായി അനുഭവിക്കത്തക്കവണ്ണം ആറാം മാർത്തോമ്മ (ദിവന്നാസ്യോസ് ഒന്നാമൻ) ചെയ്ത അവസാന കൃത്യം ധർമ്മങ്ങൾക്ക് വിനിയോഗിക്കു ന്നതിനുവേണ്ടി 10500 രൂപക്കു സമമായ 3000 പൂവരാഹൻ ഗവൺമെന്റ്റിൽ എട്ടുശതമാനം സ്ഥിരമായി വട്ടിക്കു (പലിശ) ഇട്ടു. വട്ടിപ്പണം എന്നറിയപ്പെടുന്ന ഈ പണത്തെപ്പറ്റി അതു മദ്രാസ് ഗവൺമെൻ്റിൻ്റെ ദാനമായിരുന്നുവെന്നും അല്ലാ മാത്തുതരകന്റെ വസ്തു വകകൾ വിറ്റതിൽ നിന്ന് ലഭിച്ച പണം കേണൽ മെക്കാളെ മെത്രാൻ്റെ പേരിൽ നിക്ഷേപി ച്ചതാണെന്നും അതുമല്ല റസിഡൻ്റിൻ്റെ ദണ്ഡാരം രാജ്യത്തെ അന്തഃഛിദ്രം കൊണ്ടു ശോഷിച്ചിരുന്ന കാലത്ത് റസിഡന്റ് സുറിയാനി മെത്രാപ്പോലീത്തായോട് കടം വാങ്ങിയിരുന്നത് അവരുടെ സമുദായ ക്ഷേമത്തിനായി വട്ടിക്കിട്ടതാണെന്നും പല അഭിപ്രായമുണ്ട്. ഇതിൻ്റെ ഉൽഭവം എന്തു തന്നെയാണെങ്കിലും പിന്നീട് മലങ്കര സഭയിൽ ഇത് പല സംഭവ വികാസങ്ങൾക്കും വഴിയൊരുക്കി
സുറിയാനി സമൂഹത്തിൻ്റെ അഭിമാന സ്തംഭമായ ആറാം മാർത്തോമ്മ വലിയ മാർ ദിവന്നാസ്യോസ് 1808 കൊല്ലവർഷം 983 മീനം 25ന് തൻ്റെ എൺപതാമെത്തെ വയസ്സിൽ പര ലോക പ്രാപ്തനായി അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം താൻ സ്വന്തം പണം ചെലവാക്കി പണിയിച്ച പുത്തൻകാവ് പള്ളിയിൽ അദ്ദേഹത്തെ കബറടക്കി.
മലങ്കര സഭാ ചരിത്രത്തിലെ പ്രഗൽഭനായ ഒരു മഹാ പുരുഷൻ, പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ സമചിത്തയോടും ശാന്തതയോടും ധീരതയോടും കൂടി പ്രശ്നങ്ങളെ അഭിമുഖീകരിച്ച ഒരു മഹത് വ്യക്തി, അതായിരുന്നു ആറാം മാർത്തോമ്മ.
ഡോ ബുക്കാനൻ 1809 ഫെബ്രുവരി 26-ന് ഇംഗ്ലണ്ടിൽ ബ്രിസ്റ്റലിലെ സെൻ്റ് ജയിംസ് ദൈവാലയത്തിൽ ചെയ്ത പ്രസംഗത്തിൽ മാർത്തോമ്മ ആറാമൻ്റെ കാലത്തെ സഭയെപ്പറ്റി പറഞ്ഞ സംഗതികൾ ഈ മഹദ് ദേഹം ദീർഘമായ 43 വർഷം തൻ്റെ സഭയെ എങ്ങനെ അതിൻ്റെ വിശ്വാസത്തിൽ കാത്തു പരിപാലിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ് "അവർ മോശകണ്ട മുൾപ്പടർപ്പ് പോലെ കത്തിജ്വലിക്കുന്നതും എന്നാൽ ദഹിപ്പിക്കാത്തതുമായ അഗ്നിജ്വാലയുള്ളവർ, അവിശ്വാസികളും വിഗ്രഹാരാധനക്കാരും ആയവരാൽ ചുറ്റപ്പെട്ടവരും അവരാൽ ഭരിക്കപ്പെടുന്നവരും എന്നിട്ടും നശിക്കപ്പെടാതെയും ആയിട്ടുള്ളവർ ആകുന്നു. കളങ്കമില്ലാത്ത കലർപ്പില്ലാത്ത ദൈവവചനം അവിടെ അവരുടെ കൈവശം ഉണ്ട്. നമ്മുടെ രക്ഷകൻ യെരുശലേം വീഥികളിൽ സംസാരിച്ച അതേഭാഷഅവർ അവരുടെ ദൈവാലയങ്ങളിൽ ഉപയോഗിക്കുന്നു. ദൈവത്തിൻ്റെ ശുശ്രൂഷകൾക്കായിട്ടു വേർതിരിക്കപ്പെട്ട യഥാർത്ഥത്തിലുള്ള ഒരു ക്രിസ്തുസഭയെ അവരിൽ കൂടെ കാണാൻ കഴിയും".