പന്ത്രണ്ടാം മാർത്തോമ്മാ (1825-1852)
പതിനൊന്നാം മാര്‍ത്തോമ്മ പുന്നത്ര മാര്‍ ദിവന്നാസ്യോസിന്റെ അകാല വേര്‍പാടിനു ശേഷം പള്ളിക്കര പള്ളിയില്‍ കൂടിയ യോഗം, നാലു പേരെ മെത്രാന് സ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചു. മാമലശേരില്‍ കോനാട്ട് അബ്രഹാം മല്പ്പാന് (വടക്കന്‍ സുറിയാനിക്കാരുടെ സ്ഥാനാര്‍ത്ഥി), ചേപ്പാട്ട് ആഞ്ഞിലിമൂട്ടില്‍ പീലിപ്പോസ് കശീശ്ശാ (തെക്കന്‍ സുറിയാനിക്കാരുടെ സ്ഥാനാര്‍ത്ഥി), കല്ലൂപ്പാറ അടങ്ങപ്പുറത്ത് യൗസേഫ് കശീശ്ശാ, കോട്ടയം എരിത്തിക്കല്‍ മാര്‍ക്കോസ് കശീശ്ശാ എന്നിങ്ങനെ നാലുപേരുടെ പേരായിരുന്നു നിര്ദ്ദേശിക്കപ്പട്ടത്. പീന്നീട് കോട്ടയം ചെറിയ പള്ളിയില്‍ കൂടിയ യോഗം, ചീട്ടിടുകയും, ഇവരില്‍ ചേപ്പാട്ട് ആഞ്ഞിലിമൂട്ടില്‍ പീലിപ്പോസ് കശീശ്ലായ്ക്ക് നറുക്ക് വീണു. ആദ്യം നടന്ന നറുക്കെടുപ്പില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതിനാല്‍ വീണ്ടും നറുക്കിട്ടപ്പോള്‍ പീലിപ്പോസ് കശീശ്ശയ്ക്കു തന്നെ നറുക്കു വീഴുകയും അദ്ദേഹത്തെ മെത്രാന് സ്ഥാനത്തേക്കു തെരെഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് 1825 ആഗസ്റ്റ് മാസം തോഴിയൂര്‍ സഭയുടെ മാര്‍ പീലക്സിനോസ് രണ്ടാമന് പീലിപ്പോസ് കശീശായെ, ചേപ്പാട്ട് മാര്‍ ദിവന്നാസ്യോസ് നാലാമന് എന്ന പേരില്‍ മെത്രാനായി അഭിഷേകം ചെയ്തു, മലങ്കര സഭയ്ക്കു പന്ത്രണ്ടാം മാര്‍ത്തോമ്മായെ സമ്മാനിച്ചു. തൊഴിയൂര്‍ സഭയുടെ ഈ മാര്‍ പീലക്സിനോസ് രണ്ടാമനായിരുന്നു പത്തും, പതിനൊന്നും മാര്‍ത്തോമ്മാ മെത്രാന്മാരെ അഭിഷേകം ചെയ്തു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.
കാര്‍ത്തിക പള്ളി താലൂക്കില്‍ പള്ളിപ്പാട്ട് ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ പീലിപ്പോസ് 1781-ല്‍ ജനിച്ചു. വിദ്യാഭ്യാസത്തെക്കുറിച്ചോ കശീശ്ശാ സ്ഥാനപ്രാപ്തിയെക്കുറിച്ചോ വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ അക്കാലത്ത് സാധാരണ പട്ടം കൊടുക്കുന്ന പ്രായം പരിഗണിക്കുമ്പോള്‍ കശീശ്ശാപട്ടം സ്വീകരിച്ചത് ആറാം മാര്‍ത്തോമ്മായില്‍ നിന്നാണെന്നു അനുമാനിക്കാവുന്നതാണ്. മാര്‍ ദിവന്നാസ്യോസ് നാലാമന്റെ കാല് നൂറ്റാണ്ടിലധികം വരുന്ന ഭരണകാലഘട്ടം, മലങ്കര സഭയില്‍ പല പ്രധാന സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. ഈ സംഭവങ്ങളുടെയെല്ലാം ഒരു ദീര്‍ഘമായ വിവരണം ഇവിടെ എഴുതുക അസാധ്യമാണ്. എന്നാല്‍ മാര്‍ ദിവന്നാസ്യോസ് നാലാമന്, മലങ്കര സഭാനൗകയെ ഓളങ്ങളില്‍ പെട്ടുംപെടാതെയും എങ്ങനെ നയിച്ചുവെന്നറിയുവാന് ഈ സംഭവങ്ങളുടെ ഒരു സംക്ഷിപ്ത വിവരണം താഴെ ചേര്‍ക്കുന്നു.
അന്ത്യോകയില് നിന്നുമുള്ള മാര്‍ അത്താനാസ്യോസ് അബ്ദല്‍ മ്ശീഹ് മെത്രാപ്പോലീത്തായുടെ ആഗമനം.: മാര്‍ ദിവന്നാസ്യോസ് നാലാമന്റെ അഭിഷേകത്തിനു ഏതാനും മാസങ്ങള്‍ക്കു ശേഷം 1825 ഡിസംബര്‍ മാസത്തില്‍ അന്ത്യോക്യയില്‍ നിന്ന് മാര്‍ അത്താനാസ്യോസ് അബ്ദല്‍ മ്ശീഹ് മെത്രാനും ഒരു റമ്പാനും കൊച്ചിയിലെത്തി. പതിനൊന്നാം മാര്‍ത്തോമ്മയുടെ അപേക്ഷ പ്രകാരമാണ് ഇവര്‍ ഇവിടെയെത്തിയത്. എന്നാല്‍ അധികം താമസിയാതെ മാര്‍ അത്താനാസ്യോസ് മെത്രാന് മലങ്കര സഭാ ഭരണത്തില്‍ കൂടുതല്‍ ഇടപെടുകയും ആറാം മാര്‍ത്തോമ്മായുടെ കാലശേഷം മലങ്കരയില്‍ ഉണ്ടായ മെത്രാന്മാരുടെയും പട്ടക്കാരുടെയും പട്ടത്ത്വം കുറവുള്ളതാണെന്നും അന്ത്യോക്യ സഭയുടെ കീഴിലാണ് മലങ്കര സഭ എന്നും വരുത്തി തീര്‍ക്കുവാനുള്ള ശ്രമങ്ങളും തുടങ്ങി. മാര്‍ ദിവന്നാസ്യോസ് നാലാമന് ഇതിനെ എതിര്‍ക്കുകയും ഗവണ്മെന്റിന്റെ സഹായത്തോടു കൂടി മെത്രാനേയും റമ്പാനേയും 1826-ല്‍ മടക്കി അയച്ചു.
പാലക്കുന്നത്ത് അബ്രഹാം മല്പാന്റെ പുനര്‍ പട്ടത്ത്വം: മാര്‍ അത്താനാസ്യോസ് മെത്രാന്റെ മലങ്കര സന്ദര്‍ശത്തിനു മുമ്പ് തന്നെ എട്ടാം മാര്‍ത്തോമ്മായുടെയും ഒന്‍പതാം മാര്‍ത്തോമ്മായുടെയും കൈവയ്പ്പില് സംശയം ഇവിടെ നിലനിന്നിരുന്നു. തനിക്കു പട്ടം കെട്ടിയ മാര്‍ത്തോമ്മാ എട്ടാമന്റെ മെത്രാഭിഷേക സാധുതയില്‍ സംശയം ഉണ്ടായിരുന്ന പാലക്കുന്നത്ത് അബ്രഹാം മല്പാന് തന്റെ പട്ടത്ത്വത്തിന്റെ കുറവു നികത്തുവാന്‍ മാര്‍ അത്താനാസ്യോസ് മെത്രാനില്‍ നിന്നും വീണ്ടും പട്ടമേറ്റു. തന്റെ അനുവാദമില്ലാതെ വിദേശ മെത്രാനില്‍ നിന്നും പട്ടമേറ്റ അബ്രഹാം മല്പാനെതിരെ ഗവണ്മെന്റില് പരാതിപ്പെട്ടു. അബ്രഹാം മല്പാന് തടവിലാക്കപ്പെടുകയും പിഴ അടക്കേണ്ടി വരികയും ചെയ്തു. ജയില്‍ മോചിതനായ മല്പാന് വീണ്ടും സെമിനാരിയില്‍ അധ്യാപനം തുടര്‍ന്നു.
തോഴിയൂര്‍ സഭയുടെ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ മെത്രാഭിഷേകം: പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നീ മൂന്നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്താമാരെ വാഴിച്ച തോഴിയൂര്‍ സഭയുടെ മാര്‍ പീലക്സിനോസ് രണ്ടാമന് 1829 ഫെബ്രുവരി മാസത്തില്‍ കാലം ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നു തോഴിയൂര്‍ സഭയുടെ വൈഷമ്യഘട്ടത്തില്‍ അപ്പൊസ്തോലിക കൈവയ്പ് നല്കി തോഴിയൂര്‍ സഭയുടെ ഗീവര്‍ഗ്ഗീസ് കശീശ്ശായെ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസായി അഭിഷേകം ചെയ്തത് മാര്‍ ദിവന്നാസ്യോസ് നാലാമന് ആയിരുന്നു.
മാവേലിക്കര പടിയോല: മലങ്കര സഭയില്‍ ശുചീകരണ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ച പതിനൊന്നാം മാര്‍ത്തോമ്മായുടെ കാലത്ത് ഇവിടെയുണ്ടായിരുന്ന ആഗ്ലേയ മിഷനറിമാരായ ബെയ്ലി, ബേക്കര്‍, ഫെന്‍ തുടങ്ങിയവര്‍ 1826-33 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലേക്കു തിരിച്ചുപോയി. ഇവര്‍ക്കു പകരം പീന്നീട്ടു വന്ന ജോസഫ് പീറ്റ് മുതലായ ചെറുപ്പക്കാരായ മിഷനറിമാരുടെ പ്രവര്‍ത്തന ശൈലി മുന്ഗാമികളായവരില് നിന്നും വ്യതസ്തമായിരുന്നു. ആദ്യകാലങ്ങളില്‍ വന്ന മിഷനറിമാര്‍ എല്ലാ വിധത്തിലും സുറിയാനിക്കാരോടു സഹകരിക്കുവാന്‍ സന്നദ്ധരായിരുന്നു. എന്നാല്‍ പിന്നീട്, മിഷനറിമാര്‍ മലങ്കരസഭ ധൃതിഗതിയില്‍ പുനരുദ്ധരിക്കപ്പെടണം എന്ന രീതിയില്‍ കാര്യങ്ങള്‍ ആലോചിച്ചു തുടങ്ങി. ഇത് മലങ്കര വിശ്വാസസമൂഹത്തെ ചൊടിപ്പിച്ചു. 1833-ല്‍ ജോസഫ് പീറ്റ് സെമിനാരിയുടെ ചുമതല ഏറ്റെടുത്തു. മിഷനറിമാര്‍ സെമിനാരിയുടെ പൂട്ട് പൊളിച്ചു പ്രമാണങ്ങള്‍ എടുത്തു, ആംഗ്ലിക്കന്‍ ആരാധനക്രമം ഉപയോഗിച്ച് സെമിനാരിയില്‍ ആരാധന ആരംഭിച്ചു, വട്ടിപ്പണത്തിന്റെ പലിശ വാങ്ങി മെത്രാപ്പോലീത്തായുടെ അനുമതി ഇല്ലാതെ ചെലവാക്കി. ഇങ്ങനെയുള്ള കാര്യങ്ങള്‍ മാര്‍ ദിവന്നാസ്യോസ് നാലാമനു അനിഷ്ടമായി. ഇതിനിടെ 1835 ല്‍ കല്‍ക്കട്ടയിലെ ബിഷപ്പ് ഡാനിയേല്‍ വില്സന് മാര്‍ ദിവന്നാസ്യോസിനെയും മറ്റും കണ്ട് മിഷനറിമാരും മലങ്കരസഭയും തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമം നടത്തി. കോട്ടയത്തു വച്ചു നടത്തിയ ഈ കൂടിക്കാഴ്ചയില്‍ മേലാല്‍ സെമിനാരിയില്‍ പഠിച്ചവര്‍ക്കു മാത്രമേ പട്ടം കൊടുക്കാവൂ, ഇടവകകളുടെ കണക്കു ബ്രിട്ടീഷ് റസിഡണ്ടിന് അയച്ചു കൊടുക്കണം, പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണം, മലയാള ഭാഷയില്‍ വേദപുസ്തകം പഠിപ്പിക്കണം, നമസ്കാരങ്ങള്‍ പൊരുള്‍ തിരിച്ച് സുറിയാനി അറിയാത്തവര്‍ക്കു പറഞ്ഞു കൊടുക്കണം തുടങ്ങിയ വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി മാര്‍ ദിവന്നാസ്യോസ് നാലാമന് 1836 ജനുവരി മാസം മാവേലിക്കര പുതിയകാവു പള്ളിയില്‍ മലങ്കരസഭയുടെ ഒരു സുന്നഹദോസ് വിളിച്ചു കൂട്ടി. അവിടെ ചെയ്ത തീരുമാനങ്ങള്‍ 'മാവേലിക്കര പടിയോല' എന്നറിയപ്പെടുന്നു. മലങ്കരയിലെ യാക്കോബായ സുറിയാനിക്കാര്‍ അന്ത്യോക്ക്യന്‍ പാത്രിയര്‍ക്കീസിന്റെ വാഴ്ചയ്ക്കു കീഴ്പ്പട്ടവരാണെന്നും, അദ്ദേഹത്താല്‍ അയയ്ക്കപ്പട്ട മെത്രാപ്പോലീത്തമാരാല് നടത്തപ്പെട്ട പള്ളിക്രമങ്ങള്‍ ചട്ടങ്ങള്‍ എന്നിവ ഉള്ളവരുമാകുന്നുവെന്നും, ഇവ കൂടാതെ മറ്റൊന്നും സ്വീകാര്യമല്ല എന്ന രീതിയിലുള്ള തീരുമാനങ്ങളാണ് പ്രസ്തുത സുന്നഹദോസ് കൈക്കൊണ്ടത്. ഈ തീരുമാനങ്ങളും മെത്രാപ്പോലീത്തായുടെ കല്പനയും കൊണ്ട് മിഷനറിമാര്‍ക്ക് ഇടവകകളില്‍ സന്ദര്‍ശിക്കുന്നതിനോ സുറിയാനിക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനോ നിവൃത്തിയില്ലാതെയായി. തുടര്‍ന്ന് 1840-ല്‍ കൊച്ചിയില്‍ ഉണ്ടായ പഞ്ചായത്ത് തീര്‍പ്പ് പ്രകാരം സുറിയാനിക്കാരും മിഷനറിമാരും തമ്മില്‍ സ്വത്തുക്കള്‍ വിഭജിച്ചു. അതോടെകൂടി മിഷനറിമാരുമായുള്ള ബന്ധത്തിനു ഒരു തല്ക്കാല വിരാമമായി.
മലങ്കരയിലെ ശുചീകരണ പ്രസ്ഥാനം: മാവേലിക്കര യോഗത്തില്‍ അബ്രഹാം മല്പാന് പങ്കെടുത്തിരുന്നില്ല. പതിനൊന്നാം മാര്‍ത്തോമ്മായുടെ കാലത്തു രൂപീകരിച്ച ശുചീകരണ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി അബ്രഹാം മല്പാന് മുന്‍പോട്ടു പോയി. എന്നാല്‍ ഈ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ ദിവന്നാസ്യോസ് നാലാമന് വേണ്ടത്ര പ്രോല്‍സാഹനം നല്‍കിയില്ല. എന്നാല്‍ മിഷനറിമാരുമായി പൂര്‍ണ്ണമായി യോജിച്ച് പോകുവാന്‍ അബ്രഹാം മല്പാന് തുനിഞ്ഞതുമില്ല. മറിച്ച് മലങ്കര സഭയുടെ ക്ഷേമത്തിനായി തനിക്കു ലഭിച്ചിരിക്കുന്ന ദര്ശനമനുസരിച്ചു ഉറച്ചു നില്ക്കുവാന് അദ്ദേഹം ശ്രമിച്ചു. 1836-ല്‍ അബ്രഹാം മല്പാനും കൈതയില്‍ ഗിവര്‍ഗ്ഗീസ് മല്പാനും തുടങ്ങി പന്ത്രണ്ടു പേര് ഒപ്പിട്ട ഒരു നിവേദനം ബ്രിട്ടീഷ് റസിഡണ്ടായ ജെ എസ്സ് ഫ്രെയിസര്ക്കു നല്കി. മലങ്കര സഭയുടെ അന്ത്യോക്യസഭയുമായുള്ള ആത്മീയബന്ധം, സെമിനാരി സ്ഥാപനത്തിന്റെ പശ്ചാത്തലം, മാര്‍ ദിവന്നാസ്യോസിനെതിരെയുള്ള ആരോപണങ്ങള്‍, വേദപുസ്തകത്തിനും കാനോന്റെയും അടിസ്ഥാനത്താല്‍ സഭാകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് തോഴിയൂര്‍ സഭയുടെ മെത്രാനെ വിളിച്ചു വരുത്തി മലങ്കര സഭയെ രക്ഷിക്കുക തുടങ്ങിയവ ആദ്യഭാഗത്തും, വേദപുസ്തകത്തിനും കാനോനും സുറിയാനികാരുടെ ക്രമങ്ങള്‍ക്കും മര്യാദയ്ക്കും വിരുദ്ധമായി മലങ്കരസഭയില്‍ നിലനില്‍ക്കുന്ന ഇരുപത്തിനാലു കൂട്ടം അപമര്യാദകള്‍ രണ്ടാം ഭാഗത്തും കാണാവുന്നതാണ്. ഈ പ്രസ്തുത നിവേദനം 'നവീകരണ പോര്‍ക്കളത്തിലെ കാഹളം' എന്നറിയപ്പെടുന്നു. തുടര്‍ന്നു മാരാമണ്‍ പള്ളിയില്‍ യല്‍ദോ മാര്‍ ബസേലിയോസിന്റെ (1685-ല്‍ അന്ത്യോകയില് നിന്നും വന്ന് കോതമംഗലത്തു കബറടങ്ങിയ മെത്രാന്) പേരില്‍ നടത്തിവന്ന പെരുന്നാളില്‍ പ്രസ്തുത മെത്രാന്റെ പ്രതിമ സ്ഥാപിച്ചു നടത്തിവന്ന ആചാരങ്ങളെ അപ്പാടെ നിര്‍ത്തലാക്കുകയും ചെയ്തു. വേദാനുസൃതമല്ലാത്തതും അന്ധവിശ്വാസത്തിന്റെ സ്വാധീനം ഉള്ളതുമായ പ്രാര്‍ത്ഥനകള്‍ നീക്കം ചെയ്ത് മാരാമണ്‍ പള്ളിയിലും കൊല്ലാട് പള്ളിയിലും അബ്രഹാം മല്പാനും ഗീവര്‍ഗ്ഗീസ് മല്പാനും യഥാക്രമം വി. കുര്‍ബ്ബാനയിലെ പ്രാര്‍ത്ഥനകള്‍ മലയാളത്തില്‍ ചൊല്ലി. ഇവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അംഗീകരിപ്പാന്‍ മാര്‍ ദിവന്നാസ്യോസ് നാലാമന് തയ്യാറായില്ല. തന്റെ മുന്‍ഗാമികള്‍ തുടങ്ങിവച്ച ഈ ശുചീകരണ നീക്കങ്ങള്‍ സഭയില്‍ ആവശ്യമുണ്ടോയെന്നു പോലും നോക്കാന്‍ അദ്ദേഹം മെനക്കട്ടില്ല. അബ്രഹാം മല്പാനെയും ഗീവര്‍ഗീസ് മല്പാനെയും സെമിനാരി അധ്യാപനത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ഇവര്‍ അഭ്യസിപ്പിച്ച പതിനെട്ട് ശെമ്മാശന്മാര്‍ക്ക് കശീശ്ശാ പട്ടം നല്കുകയില്ലെന്നും കല്പന പുറപ്പെടുവിക്കുകയും ചെയ്തു
പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേകം: അബ്രഹാം മല്പാന്റെ ശിഷ്യന്മാരായ ശെമ്മാശന്മാര്‍ക്ക് കശീശ്ശാ പട്ടം കൊടുക്കരുതെന്ന് മാര്‍ ദിവന്ന്യാസോസ് നാലാമന് തീരുമാനിച്ചിരുന്നു. ഇതിനൊരു പരിഹാരം കണ്ടു പിടിക്കേണ്ടതു മല്പാനച്ചനു ആവശ്യമായി വന്നു. കൈവയ്പിലും വേദപുസ്തകത്തിലും സുറിയാനി സഭകളുടെ കാനോനുകളിലും ദൃഢമായി വിശ്വസിച്ചിരുന്ന മല്പാന് തന്റെ ജ്യേഷ്ഠസഹോദര പുത്രനായ മാത്തന് ശെമ്മാശനെ 1841-ല്‍ അന്ത്യോക്യ സഭയുടെ അധ്യക്ഷന്റെ അടുക്കലേക്ക് മെത്രാന് സ്ഥാനത്തിനായി അയച്ചു. ഈ വിവരം അറിഞ്ഞ മാര്‍ ദിവന്നാസ്യോസ് നാലാമന്, ശെമ്മാശന് കുറ്റക്കാരനായതിനാല്‍ അദ്ദേഹത്തിനു പട്ടംകൊടുക്കരുതെന്നു കാണിച്ചു നിരവധി എഴുത്തുകള്‍ പാത്രിയര്‍ക്കീസിനു അയച്ചിരുന്നു. വേദപുസ്തകത്തിലും പള്ളിക്രമങ്ങളിലും ശെമ്മാശനുണ്ടായിരുന്ന അറിവും പ്രസംഗത്തിനുള്ള ചാതുര്യവും അന്നത്തെ പാത്രിയര്‍ക്കീസായ ഏലിയാസ് ദ്വിതിയന്‍ ബാവായ്ക്ക് നന്നേ ഇഷ്ടപ്പെട്ടു. എതിര്‍പ്പുകള്‍ വകവയ്ക്കാതെ ബാവാ ശെമ്മാശനെ ഒരിക്കല്‍ കൂടി ശെമ്മാശനായും, കശീശ്ശായായും, റമ്പാനായും, മാത്യൂസ് മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായും വാഴിച്ചു സ്ഥാത്തിക്കോനും നല്കി. തുടര്‍ന്ന് 1843-ല്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ മലങ്കരയില്‍ തിരിച്ചെത്തി. മാര്‍ ദിവന്നാസ്യോസ് നാലാമനുമായി യോജിപ്പില്‍ കാര്യങ്ങള്‍ മുന്‍പോട്ടു പോകാഞ്ഞതിനാല്‍ തന്റെ പേരില്‍ തിരുവെഴുത്തു വിളംബരം നേടാനായി മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ തിരുവിതാംകൂര്‍ രാജാവിനെ സമീപിച്ചു. എന്നാല്‍ രാജാവ് പെട്ടെന്ന് ചരമപ്പെട്ടതിനാല് തിരുവെഴുത്തു വിളംബരം ഉടനെ ഉണ്ടായില്ല. ഇതിനിടെ 1845-ല്‍ അബ്രഹാം മല്പാന് പരലോക പ്രാപ്തനായി. മല്പാനച്ചന്റെ മരണാനന്തരവും തിരുവെഴുത്തു വിളംബരത്തിനായുള്ള മാര്‍ അത്താനാസ്യോസിന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
അന്ത്യോക്യയില്‍ നിന്നും മാര്‍ കൂറിലോസ്, മാര്‍ സ്തേഫാനോസ് എന്നീ മെത്രാന്മാരുടെ വരവും മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തയെ അംഗീകരിച്ചുള്ള തിരുവിതാംകൂര്‍ രാജാവിന്റെ തിരുവെഴുത്തു വിളംബരവും: മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെപ്പറ്റി പാത്രിയര്‍ക്കീസിനു ലഭിച്ച പരാതികള്‍ അന്വേഷിക്കുന്നതിനു 1846-ല്‍ മലങ്കര സഭയെ ഭരിക്കുവാനുള്ള സ്ഥാത്തിക്കോനുമായി മാര്‍ കൂറിലോസ് മെത്രാന് ഇവിടെയെത്തി. തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനു മാര്‍ കൂറിലോസ് കോഴിക്കോട് ജില്ലാ കോടതിയില്‍ നടത്തിയ ശ്രമം ജില്ലാ കോടതിയും നല്കിയ അപ്പീല്‍ ഹൈക്കോടതിയും തള്ളി. തുടര്‍ന്ന് 1848-ല്‍ സര്‍ക്കാരില്‍ നിന്ന് ഒരു കമ്മിഷന് വാദങ്ങള്‍ കേള്‍ക്കുവാന്‍ നിയോഗിക്കപ്പെട്ടു. ഇതിനിടെ 1849-ല്‍ അന്ത്യോക്യയില്‍ നിന്ന് മാര്‍ സ്തേഫാനോസ് എന്ന ഒരു മെത്രാനും മലങ്കരയില്‍ എത്തിച്ചേര്‍ന്നു. മാര്‍ കൂറിലോസിന്റ ആവശ്യപ്രകാരമാണ് മാര്‍ സ്തേഫാനോസിനെ ഇവിടേക്ക് അയച്ചത്. പാത്രിയര്‍ക്കീസിന്റെ ഒരു കത്ത് ബ്രിട്ടീഷ് റസിഡണ്ടിനു നല്കി എങ്കിലും മാര്‍ സ്തേഫാനോസിനു പള്ളികളില്‍ പ്രവേശിക്കുവാന്‍ അനുവാദവും വേണ്ടത്ര പിന്തുണയും ലഭിച്ചില്ല. കമ്മീഷന് ഇരു കൂട്ടരുടെയും വാദങ്ങള്‍ കേണ്ടതിനുശേഷം മാര്‍ അത്താനാസ്യോസിനെതിരെ ഉന്നയിക്കപ്പെട്ട വാദങ്ങള്‍ നിലനില്‍ക്കത്തക്കതല്ലെന്ന് പ്രഖ്യാപിക്കുകയും മാര്‍ അത്താനാസ്യോസ് പാത്രിയര്‍ക്കീസിനാല്‍ മുടക്കപ്പെട്ടവനാണെന്ന മാര്‍ കൂറിലോസിന്റെ വാദം തള്ളിക്കളയുകയും ചെയ്തു. തുടര്‍ന്ന് 1852-ല്‍ മാര്‍ അത്താനാസ്യോസിനെ മലങ്കര സഭയുടെ മെത്രാപ്പോലീത്തായായി അംഗീകരിച്ചുകൊണ്ടുള്ള തിരുവെഴുത്തു വിളംബരം തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ചു.
അവസാന കാലഘട്ടത്തില്‍ മാര്‍ ദിവന്നാസ്യോസ് നാലാമന് മാര്‍ കൂറിലോസിനു വേണ്ടി സ്ഥാനത്യാഗം ചെയ്ത് ശിഷ്ടകാലം ചേപ്പാട്ട് താമസമാക്കുകയും ചെയ്തു. അവിടെ വച്ച് വാര്‍ദ്ധ്യക സഹജമായ അസുഖങ്ങള്‍ മൂലം 1855 സെപ്റ്റംബര്‍ 27 ന് കാലം ചെയ്തു. മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അനേക പട്ടക്കാരുടെ സാന്നിധ്യത്തില്‍ ചേപ്പാട്ട് പള്ളിയില്‍ അദ്ദേഹത്തെ കബറടക്കി. ഇമ്പകരമായ സ്വരത്തിന്റെ ഉടമയായിരുന്നു ദിവന്നാസ്യോസ് നാലാമന്. സുറിയാനി സഭയുടെ രാഗങ്ങളില്‍ അദ്ദേഹം നിപുണനായിരുന്നു. ചേപ്പാട്ട് പള്ളി പരിസരങ്ങളില്‍ അദ്ദേഹം പണിത മേടകളും പടിപ്പുരകളും അദ്ദേഹത്തിന്റെ കലാബോധത്തിന്റെ ഉത്തമ മാതൃകകളാണ്. അദ്ദേഹം തന്നെ പണികഴിപ്പിച്ച മേടയിലാണ് അന്ത്യകാലഘട്ടം ചെലവഴിച്ചത്. മാര്‍ ദിവന്നാസ്യോസ് നാലാമനില്‍ നിറഞ്ഞു നിന്ന ആഴമായ വിശ്വാസസ്ഥിരതയും, മഹാമനസ്കതയും, ത്യാഗസന്നദ്ധതയും, മനസ്സലിവും, സഭാ സ്നേഹവും എല്ലാവര്ക്കും എന്നും ഒരു മാര്‍ഗ്ഗദര്‍ശനമാണ്.