പത്തൊൻപതാം മാർത്തോമ്മാ (1976-1999)
1976 ഒക്ടോബർ 23-ന് കോട്ടയത്ത് എം.റ്റി. സെമിനാരി സ്ഥിതി ചെയ്യുന്ന സീയോൻ കുന്നിൽ വച്ചു നടന്ന സ്ഥാനാരോഹണ ചടങ്ങിൽ, അലക്സാണ്ടർ മാർ തെയോഫീലോസ് എപ്പിസ്കോപ്പായെ, 'അലക്സാണ്ടർ മാർത്തോമ്മാ' ആയി അഭിഷേകം ചെയ്തു. മാർ തോമാ, സി.എസ്.ഐ., സി.എൻ.ഐ., എന്നീ സഭകൾ അംഗങ്ങളായ ജോയിൻ്റ് കൗൺസിൽ, ആംഗ്ലിക്കൻ കമ്മ്യൂണിയനുകളുമായുള്ള ബന്ധം എന്നീ എക്യുമെനിക്കൽ സംരംഭങ്ങൾ തുടങ്ങി വയ്ക്കുന്നത് ഇക്കാലത്താണ്. ഒരു പാരലൽ കോളേജ് ആയി ചുങ്കത്തറയിൽ ആരംഭിച്ച സ്ഥാപനം, 1981-ൽ ജൂണിയർ കോളേജ് ആയി ഉയർന്നത് മെത്രാപ്പോലീത്തായുടെ ശ്രമഫലമായിരുന്നു. സഭയുടെ സുവിശേഷീകരണ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും, പുതിയ മിഷൻ ഫീൽഡുകൾ കണ്ടെത്തുവാനുമുള്ള പ്രയത്നങ്ങൾ ചെയ്തു. കാർഡ് (Christian Agency for Rural Development), STARD(South Travancore Agency for Rural Development), സ്ത്രീജനവികസനസമിതി (SVS), MCRD (Mar Thoma Centre for Rehabilitation and Development), സംഗീത വിഭാഗമായ DSMC (Department for Sacred Music and Communications) എന്നീ പ്രസ്ഥാനങ്ങൾ ആരംഭിച്ചത് മെത്രാപ്പോലീത്തായുടെ ഭരണ കാലത്തായിരുന്നു. ആരോഗ്യം മോശമായതോടുകൂടി സഭയുടെ ഭരണ ചുമതലകളിൽ നിന്ന ഒഴിഞ്ഞ്, 1999 നവംബർ 23-ന് 'വലിയ മെത്രാപ്പോലീത്താ' എന്ന സ്ഥാനം സ്വീകരിച്ചു. 2000 ജനുവരി 11-ന് കാലം ചെയ്തു.