ഏഴാം മാർത്തോമ്മാ (1808-1809)
ആറാം മാർത്തോമ്മായുടെ കാലത്തു തന്നെ തൻ്റെ സഹായിയായി നിയമിക്കപ്പെട്ടിരുന്ന ഏഴാം മാർത്തോമ്മാ 1808 ഏപ്രിൽ മാസം, ആറാം മാർത്തോമ്മായുടെ നിര്യാണത്തോടെ മലങ്കര സഭയുടെ സാരഥ്യം ഏറ്റെടുത്തു. ആറാം മാർത്തോമ്മാ തന്നെയാണ് തൻ്റെ അനന്തിരവൻ പകലോമറ്റം മാത്തൻ കത്തനാരെ 1794-ൽ റമ്പാനായും 1796-ൽ മെത്രാനായും അഭിഷേകം ചെയ്തത്. മാർത്തോമ്മാ ഏഴാമൻ്റെ ഭരണകാലം ഹൃസ്വമായിരുന്നു. ഇദ്ദേഹത്തിൻ്റെ ഭരണ കാലത്ത് നടന്ന പ്രധാന സംഭവവികാസം, തൻ്റെ മുൻഗാമി ആറാം മാർത്തോമ്മായുടെ കാലത്ത് സമുദായത്തിൻ്റെ പ്രയോജനത്തിനായി വേർതിരിക്കപ്പെട്ട 3000 പൂവരാഹൻ പണം ഈസ്റ്റിന്ത്യാ കമ്പനിയിൽ നിക്ഷേപിക്കപ്പെട്ടതാണ്. വട്ടിപ്പണം എന്നറിയപ്പെടുന്ന ഈ നിക്ഷേപത്തിന് അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് കേണൽ മെക്കാളെ കൊടുത്ത രസീത് ഇപ്രകാരം ചില ചരിത്ര രേഖകളിൽ കാണുന്നു. "മലബാർ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായ മാർത്തോമ്മാ മെത്രാനിൽ നിന്നും 3000 പൂവരാഹൻ സ്ഥിരം വായ്പയായി ബഹുമാനപ്പെട്ട കമ്പനി സ്വീകരിച്ചിരിക്കുന്നു. പുരാതന സഭ നിലനിൽക്കുന്നിടത്തോളം കാലം അതിന്റെ മെത്രാപ്പോലീത്തായ്ക്കോ, മെത്രാനോ, അല്ലെങ്കിൽ നിയമാനുസരണം നിയമിതനാകുന്ന സഭാ മേല്പട്ടക്കാരനോ വർഷംതോറും ഈ നിക്ഷേപത്തുകയുടെ എട്ടു ശതമാനം നിരക്കിൽ പലിശയായി തിരുവിതാകൂറിൽ കൊടുത്ത് ആയതിനു രസീത് പറ്റിക്കൊള്ളാമെന്ന് സമ്മതിച്ച്, തിരുവിതാകൂർ റസിഡൻ്റ് കേണൽ മെക്കാളെ ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു".
സൗമ്യനും, സത്യവിശ്വാസം നിലനിർത്തുന്നതിൽ സദാജാഗരൂകനും, വിശ്വാസ അനുഷ്ഠാനങ്ങളിൽ വളരെ കൃത്യ നിഷ്ഠയുള്ളവനുമായ മാർത്തോമ്മാ എഴാമൻ്റെ ശുശ്രൂഷാ കാലത്ത് മലങ്കര സഭാന്തരീക്ഷം പൊതുവേ പ്രശാന്തമായിരുന്നു. എന്നാൽ, മലങ്കരസഭയിൽ ഇന്നും കീറാമുട്ടിയായ വട്ടിപ്പണം എന്ന വിവാദം അന്നും സഭയിൽ അസമാധാനത്തിനു വഴി തെളിച്ചിരുന്നു. വട്ടിപ്പണ നിക്ഷേപത്തിന് ചില മാസങ്ങൾക്കുള്ളിൽ തന്നെ ഇതിനെപ്പറ്റിയുള്ള തർക്കങ്ങൾ തുടങ്ങി. 1809 ഏപ്രിൽ മാസം ആറാം മാർത്തോമ്മായുടെ ഒന്നാം ചമെവാർഷികം നടക്കുന്ന സമയം, ഏഴാം മാർത്തോമ്മാ ചേപ്പാട് ഫിലിപ്പോസ് റമ്പാനുമായി വട്ടിപ്പലിശ സംബന്ധിച്ച് തർക്കമുണ്ടായി. ഈ സംഭവത്തിനുശേഷം ഏഴാം മാർത്തോമാ ചെങ്ങന്നൂർ പുത്തൻകാവ് പള്ളിയിൽ നിന്നും കണ്ടനാട്ടേക്ക് തൻ്റെ താമസം മാറ്റി.
കണ്ടനാട്ടെത്തി അധികകാലം കഴിയും മുമ്പേ എഴാം മാർത്തോമ്മാ രോഗാതുരനായി തൻ്റെ മരണാവസ്ഥയിൽ പിൻ തുടർച്ചയെ സംബന്ധിച്ച് സമുദായ പ്രധാനികളുടെ ആശങ്കയിൽ വ്യസനിച്ച് ധ്യതഗതിയിൽ കടംമറ്റംകാരനും പകലോമറ്റം കുടുംബവുമായി പെൺവഴിയിൽ ബന്ധപ്പെട്ടിരിക്കുന്ന വനുമായ തൊമ്മൻ കത്തനാരെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ തലയിൽ കൈ വച്ച് വടിയും മുടിയും സ്ലീബായും നൽകി മാർത്തോമ്മാ എപ്പിസ്ക്കോപ്പാ എന്ന പേരും വിളിച്ച് തന്റെ പിൻഗാമിയായി നിയമിച്ചു. എന്നാൽ മരണാവസ്ഥയിൽ കിടന്നിരുന്ന മെത്രാൻ്റെ കൈ ബോധം കൂടാതെ കിടക്കുമ്പോൾ എടുത്തുവച്ച് സ്ഥാനം എറ്റു എന്ന തർക്കങ്ങളാൽ എട്ടാം മാർത്തോമ്മായുടെ സ്ഥാനം സംബന്ധിച്ച് പലവഴക്കുകൾക്കും പിന്നീട് മലങ്കര സഭ സാക്ഷ്യം വഹിച്ചു.
എട്ടാം മാർത്തോമ്മായുടെ സ്ഥാനാരോഹണത്തിനു രണ്ടു ദിവസം കഴിഞ്ഞ് എഴാം മാർത്തോമ്മ തൻ്റെ പതിമൂന്ന് വർഷത്തെ മെത്രാൻ വാഴ്ചയ്ക്കും ചുരുങ്ങിയ പതിനഞ്ചുമാസത്തെ മലങ്കര സഭാ സാരഥ്യത്തിൻ്റെയും ശേഷം തൻ്റെ സ്വർഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് വാങ്ങിപ്പോയി. ഇദ്ദേഹത്തെ കണ്ടനാട് സ്ഥലമില്ലാതെ വരികയാൽ കോലഞ്ചേരി പള്ളിയിൽ കബറടക്കിയിരിക്കുന്നു.