മാബൂഗിലെ വിശുദ്ധ ഫീലക്സിനോസ്
മാബൂഗിലെ വിശുദ്ധ ഫീലക്സിനോസ്
മാബൂഗിലെ വിശുദ്ധ ഫീലക്സിനോസ്
'എന്റെ കര്‍ത്താവേ, അക്രമത്തെ ദ്വേഷിക്കാനും, അപഹാരത്തില്‍ നിന്നു വിട്ടുമാറുവാനും, പാപത്തെ നിരസിക്കാനും, ദോഷത്തില്‍ നിന്ന് ഒഴിഞ്ഞിരിക്കാനും എന്റെ മാതാപിതാക്കന്മാര്ക്ക് അനുസരണയുള്ളവനായിരിപ്പാനും, എന്റെ ഗുരുക്കന്മാര്ക്ക് കീഴടങ്ങിയിരിക്കാനും, എന്റെ സ്നേഹിതന്മാര്ക്ക് അനുകൂലമായിരിക്കാനും, എന്റെ സഹോദരന്മാരെ ബഹുമാനിക്കാനും, ഞാന്‍ ചെയ്യുന്ന സകലത്തിലും നിന്റെ പരിശുദ്ധ നാമം മഹത്വപ്പെടുവാനും എന്നെ യോഗ്യതയുള്ളവനാക്കുകയും ചെയ്യേണമേ'.
അന്ത്യോഖ്യായുടെ വടക്കുകിഴക്ക് ഭാഗത്തുള്ള മാബൂഗിലെ മെത്രാനും വിഖ്യാത ദൈവശാസ്ത്രജ്ഞനുമായിരുന്ന വിശുദ്ധ ഫീലക്സിനോസിന്റെ, നമ്മുടെ നമസ്കാര ക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന (പുറം 75), വളരെ അര്‍ത്ഥവത്തായ ഒരു പ്രാര്‍ത്ഥനയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. തന്റെ കൃതികളിലൂടെയും താര്‍ക്കിക രചനകളിലൂടെയും പ്രബന്ധങ്ങളിലൂടെയും കത്തുകളിലൂടെയും സഭയുടെ സത്യവിശ്വാസത്തിനും ദൈവശാസ്ത്ര നിലപാടുകള്‍ക്കും വേണ്ടി കഷ്ടതകളും പരീക്ഷകളും സഹിച്ച് രക്തസാക്ഷിയായ വിശുദ്ധ ഫീലക്സിനോസിന്റെ ജീവിതവും സംഭാവനകളും ചുരുക്കമായി ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് ഈ ലേഖനം.
ജനനം, വിദ്യാഭ്യാസം
ഇപ്പോഴത്തെ ഇറാന്റെയും ഇറാക്കിന്റെയും ഭാഗമായിരുന്ന പുരാതന പേര്‍ഷ്യയിലെ തിഗ്രീസ് നദിയുടെ തെക്ക് കിഴക്ക് തീരത്തുള്ള ബേത്ത്ഗര്മായ് എന്ന പ്രദേശത്ത് താഹല് എന്ന ഗ്രാമത്തില്‍ ഒരു അരാമ്യ ക്രിസ്തീയഭവനത്തില്‍, ക്രിസ്തു വര്‍ഷം 430 നും 440 നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ഫീലക്സിനോസ് ജനിച്ചത്. ഫീലക്സിനോസിന്റെ ജീവിതത്തെയും സംഭാവനകളെയും പൂര്‍ണ്ണമായി വിലമതിക്കാന്‍ അക്കാലത്തെ ചരിത്രപരവും മതപരവുമായ സന്ദര്‍ഭം മനസ്സിലാക്കുന്നത് ഉചിതമാണ്. പേര്‍ഷ്യന്‍ സമാജ്യത്തിലെ ക്രിസ്തീയ സഭ പല ക്രിസ്തു വിജ്ഞാനീയ സംവാദങ്ങള്‍ക്കും മറ്റു പീഡനങ്ങള്‍ക്കും വിധേയപ്പെട്ടുകൊണ്ടിരുന്ന വളരെ പ്രക്ഷുബ്ധമായ ഒരു അന്തരീക്ഷത്തിലാണ് പീലക്സിനോസ് തന്റെ പ്രാഥമിക വിദ്യാഭ്യാസവും പ്രവര്‍ത്തനങ്ങളും നടത്തിയത്. ഈ കാലത്ത് പേര്‍ഷ്യയിലെ സസ്സാനിഡ് രാജാക്കന്മാര് ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും നിരവധി സന്യാസാശ്രമങ്ങള്‍ നശിപ്പിക്കുകയും അടച്ചുപൂട്ടുകയും ചെയ്തിരുന്നു. പേര്‍ഷ്യയിലെ സഭ, നെസ്തോറിയന്‍ വേദവിപരീതത്തിന്റെ (ക്രിസ്തുവിനെ മനുഷ്യനും ദൈവികവുമായ രണ്ട് വ്യത്യസ്ത വ്യക്തികളായി വാദിക്കുന്നു). വ്യാപകമായ സ്വാധീനത്തിലായിരുന്നു. 451-ലെ കല്ക്കദോന്യ സുന്നഹദോസിനു ശേഷം ദൈവശാസ്ത്രപരമായ ഭൂപ്രകൃതി കൂടുതല്‍ സങ്കീര്‍ണ്ണമായി. പേര്‍ഷ്യയിലെ പ്രധാന ദൈവശാസ്ത്ര വിദ്യാലയമായ എഡേസയിലെ ദൈവശാസ്ത്ര കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ ക്രിസ്തുശാസ്ത്രപരമായ വീക്ഷണങ്ങളില്‍ ഭിന്നിച്ചു. കല്ക്കദോന്യ സുന്നഹദോസിന്റെ തീരുമാനമനുസരിച്ച് ഒരു വിഭാഗം ക്രിസ്തുവിന്റെ ഇരു സ്വഭാവവാദത്തെ പിന്തുണച്ചു, മറ്റൊറു കൂട്ടര് അലക്സാണ്ട്രയിലെ കൂറിലോസിന്റെ ക്രിസ്തു വിജ്ഞാനീയമായ മിയാഫിസിറ്റിക് (ങശമുവ്യശെശേര) ധാരയെ പിന്തുണച്ചു, ആദ്യത്തെ മൂന്നു സുന്നഹദോസുകളിലെ ക്രിസ്തു വിജ്ഞാനിയത്തെ അംഗീകരിക്കുന്ന നമ്മുടെ സഭയും കര്‍ത്താവിന്റെ മനുഷത്വവും ദൈവത്വവും തമ്മിലുള്ള യോജിപ്പിനെ പറ്റി കല്ക്കദോന്യ സുന്നഹദോസ് മുന്നോട്ടു വച്ച ആശയങ്ങള്‍ക്ക് പകരമായി കുറിലോസിന്റെ മിയാഫിസിറ്റിക് ആശയമാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.
സസ്സാനിഡ് രാജാക്കന്മാരില് നിന്നുള്ള പീഡനങ്ങളില്‍ ഭയന്ന് ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബം തുറബ്ദീനിലേക്ക് പാലായനം ചെയ്തു. അവിടെ കര്ത്തമീന് ദയറായില്‍ ചേരുകയും സുറിയാനി, ഗ്രീക്ക് സാഹിത്യങ്ങളും മതശാസ്ത്രവും പഠിച്ചു. തുടര്‍ന്ന് എഡേസ്സായിലെ വിദ്യാകേന്ദ്രത്തില്‍ ചേര്‍ന്ന് തത്വശാസ്ത്രപരവും ദൈവശാസ്ത്രപരമായ വിദ്യാഭ്യാസവും നേടി. എന്നാല്‍ ന്യൂനപക്ഷമായ അലക്സാണ്ട്രിയന് പക്ഷത്ത് ആയതിനാല്‍ ഫീലക്സിനോസും കൂട്ടരും എഡേസ്സായിലെ കലാലയത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. കലാലയത്തില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും കുറച്ചു കാലം കൂടി അദ്ദേഹം എഡേസ്സായില്‍ തന്നെ താമസിക്കുകയും നെസ്തോറിയസിന്റെയും കല്ക്കദോന്യ സുന്നഹദോസിന്റെയും വേദവിപരീതങ്ങളെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു. പിന്നീട്, അദ്ദേഹം അന്തോഖ്യയില്‍ എത്തിയെങ്കിലും (479 - 484) അവിടുത്തെ പാത്രിയര്‍ക്കീസ് കല്ക്കദോന്യ അനുകൂലിയായിരുന്നതിനാല്, അന്ത്യോഖ്യായിലെ ദയറാകളില്‍ അലക്സാണ്ട്രിയന് ക്രിസ്തുശാസ്ത്രം പ്രചരിപ്പിച്ചു എന്നുള്ള കാരണം കാണിച്ച് ഫീലക്സിനോസിനെ തന്റെ ഭദ്രാസനത്തില്‍ നിന്നും മുടക്കി. എന്നാല്‍, അധികം താമസിയാതെ തന്നെ അന്ത്യോഖ്യായിലെ പാത്രിയര്‍ക്കീസിനെ റോമന്‍ ചക്രവര്‍ത്തി സ്ഥാനഭ്രഷ്ടനാക്കുകയും ഫീലക്സിനോസിന്റെ സുഹൃത്തായ പത്രോസ് രണ്ടാമനെ പുതിയ പാത്രിയര്‍ക്കീസായി അവരോധിക്കുകയും ചെയ്തു.
മെത്രാനഭിഷേകം
പത്രോസ് രണ്ടാമന് പാത്രയര്ക്കീസായി അവരോധിക്കപ്പെട്ടതിനു ശേഷം ക്രിസ്തുവര്‍ഷം 485-ല്‍ ഫീലക്സിനോസിനെ കോറെപ്പിസ്കോപ്പയായും അതിനു ശേഷം ഹൈറാ പോലീസിലുള്ള മാബൂഗിലെ മെത്രാനായും അഭിഷേകം ചെയ്തു. മെത്രാനായപ്പോള്‍ സ്വീകരിച്ച നാമമാണ് ഫീലക്സിനോസ് എന്നതാണ് പൊതുവെ ചരിത്ര രേഖകളില്‍ കാണുന്നത്. അദ്ദേഹത്തിന്റെ സുറിയാനി നാമമായ അക്സ്നോയൊ (അപരിചിതന്) എന്നതിന്റെ തത്തുല്യ ഗ്രീക്കു നാമമാണ് ഫീലക്സിനോസ് (അപരിചരിതരെ സ്നേഹിക്കുന്നവന്). ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് യൗസേഫ് എന്നായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് അക്സ്നോയൊ എന്ന പേര് നല്കപ്പെട്ടത്തിന് മറ്റൊരു സംഭവം കൂടി ചരിത്ര രേഖകളില്‍ കാണുന്നുന്നുണ്ട്. പേര്‍ഷ്യന്‍ രാജാക്കന്മാരുടെ പീഡയുടെ ഫലമായി ആശ്രമങ്ങള്‍ നശിക്കപ്പെട്ടപ്പോള്‍ പല സന്യാസിമാരും പട്ടണങ്ങള്‍ ചുറ്റി ആളുകളെ ക്രിസ്ത്രീയ വിശ്വാസത്തില്‍ ഉറപ്പിച്ചിരുന്നു. അങ്ങനെയുണ്ടായിരുന്ന സന്യാസിമാരുടെ കൂട്ടം അക്സനോയൂസൊ എന്ന ആശ്രമ പ്രസ്ഥാനം രൂപീകരിക്കുകയുണ്ടായി. അതിലെ ഓരോ സഞ്ചാര സന്യാസിയേയും അക്സനോയൊ എന്നു വിളിച്ചിരുന്നു. ഫീലക്സിനോസ് ചെറുപ്പം മുതല്‍ ഒരു അക്സനോയൊ ആയതിനാലാകാം അദ്ദേഹം ആ പേരില്‍ അറിയപ്പെട്ടിരുന്നത്.
ഇദ്ദേഹം മെത്രാനായതു മുതല്‍ ഏകദേശം 498 വരെയുള്ള കാലഘട്ടം മാബൂഗിലെ ഭരണകാലം വളരെ ശാന്തവും സമാധാന പൂര്‍ണ്ണവുമായിരുന്നു. മാബൂഗിലെ മെത്രാനായിരിക്കെ തന്നെ ഈ കാലഘട്ടത്തില്‍ അദ്ദേഹം പേര്‍ഷ്യയിലെ ക്രിസ്താനികളെ സന്ദര്‍ശിക്കുകയും അവരെ സത്യവിശ്വാസത്താല്‍ ഉറപ്പിക്കുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു വന്നു. അതുപോലെ, അദ്ദേഹത്തിന്റെ മിക്ക കൃതികളും രചിക്കപ്പെട്ടതും ഈ കാലഘട്ടത്തിലാണ്. ഏകദേശം 488 നോടനുബന്ധിച്ച് പത്രോസ് രണ്ടാമന് പാത്രിയര്‍ക്കീസ് മാറി പുതിയ പാത്രിയര്‍ക്കീസ് അവരോധിക്കപ്പെട്ടങ്കിലും ഫീലക്സിനോസ് പുതിയ പാത്രിയര്‍ക്കീസുമായി ഒത്തൊരുമയോടെ തന്നെ മുന്നോട്ടു പോയി. എന്നാല്‍, തുടര്‍ന്നു വന്ന ഫ്ളാവിയാനോസ് രണ്ടാമന് പാത്രിയര്‍ക്കീസുമായി (498) ഫീലക്സിനോസിനു രമ്യതയില്‍ പോകുവാന്‍ കഴിഞ്ഞില്ല. കല്ക്കദോന്യ സുന്നഹദോസിന്റെ ക്രിസ്തു വിജ്ഞാനീയത്തെ പിന്തുടര്ന്നു വന്ന ഫ്ളാവിയാനോസുമായി തുടരെ തുടരെ പ്രശ്നങ്ങള്‍ ഉണ്ടായി കൊണ്ടിരുന്നു. ഫ്ളാവിയാനോസിന്റെ വിശ്വാസ വിപരീതങ്ങള്‍ക്ക് എതിരെ പീലക്സിനോസും കൂട്ടരും ശക്തമായി പ്രതികരിച്ചു കൊണ്ടിരുന്നു. തുടര്‍ന്ന് 512 ഓടു കൂടി ഫ്ളാവിയാനോസ് പുറത്താക്കപ്പെടുകയും സേവേറിയോസ് അന്ത്യോഖ്യയുടെ പാത്രിയര്‍ക്കീസായി അവരോധിക്കപ്പെടുകയും ചെയ്തു. ക്രിസ്തുവര്‍ഷം 518 വരെ ഫീലക്സനോസും സേവേറിയോസ് പാത്രിയര്‍ക്കീസും കൂടി റോമാ സമ്രാജ്യത്തിലെ പൗരസ്ത്യ ക്രിസ്തീയ സഭയെ കല്ക്കദോന്യ സുന്നഹദോസിന്റെ പഠിപ്പിക്കലുകള്‍ക്ക് എതിരായി പ്രബോധിപ്പിക്കുകയും സത്യവിശ്വാസം സ്ഥിരപ്പെടുത്തുകയും ചെയ്തു.
അന്ത്യനാളുകള്‍
518 - ല്‍ ഇക്കാലമത്രയും ഫീലക്സിനോസിന്റെ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിച്ചിരുന്ന അനസ്താനിയോസ് ചക്രവര്‍ത്തി റോമാ ഭരണം ഒഴിഞ്ഞതോടെ കാര്യങ്ങള്‍ ഗതിമാറി. തുടര്‍ന്നു വന്ന ജസ്റ്റിന് ചക്രവര്‍ത്തി, റോമാ സാമ്രാജ്യത്തിലുള്ള എല്ലാ ക്രിസ്ത്യാനികളും കല്ക്കദോന്യ സുന്നഹദോസ് തീരുമാനങ്ങള്‍ തങ്ങളുടെ വിശ്വാസമായി സ്വീകരിക്കണമെന്ന് കര്‍ശന കല്പന പുറപ്പെടുവിച്ചു. അതിനെതിരായി നിന്നവരെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കി. ഇക്കൂട്ടത്തില്പ്പെട്ട പീലക്സിനോസും 54 മെത്രാന്മാരും സിറിയന്‍ പ്രവിശ്യകളില്‍ നിന്ന് നാടുകടത്തപ്പെട്ടു. ഫീലക്സിനോസിനെ ഗാംഗ്ര, ഫിലിപ്പോപോലീസ് എന്നീ സ്ഥലങ്ങളായി നാലുവര്‍ഷത്തോളം വിപ്രാസത്തില് കഴിക്കുകയും പല പീഡനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു. ക്രിസ്തുവര്‍ഷം 523 - ല്‍ ഗ്രാംഗ്രിയില് വച്ച് ഒരു പാചകപുരയുടെ പുകമുറിയില്‍ ഇട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. അങ്ങനെ മുപ്പത്തിയെട്ടു കൊല്ലം ഒരു മേല്പ്പട്ടക്കാരനായി സത്യവിശ്വാസം പരിരക്ഷിക്കുവാന്‍ തന്നാല്‍ ആവോളം പരിശ്രമിച്ച അദ്ദേഹം സഭയുടെ വിശ്വാസത്തിനു വേണ്ടി രക്ഷസാക്ഷിത്വം പ്രാപിച്ചു.
കൃതികളും പ്രബോധനങ്ങളും
പണ്ഡിത ശ്രേഷ്ഠനായ ഈ സഭാമേലദ്ധഷ്യന്റെ സംഭാവനകളില്‍ എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ ദൈവശാസ്ത്രപരവും താര്‍ക്കികവും, സാഹിത്യപരവും, വ്രതാനുഷ്ഠാനപരവും, ആരാധനാപരവുമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതികളും ലേഖനങ്ങളും പ്രഭാഷണങ്ങളുമാണ്.
വേദപുസ്തക പരമായവ : പഴയ-പുതിയ നിയമങ്ങളുടെ വിപുലമായ ഒരു വ്യാഖ്യാനം ഇദ്ദേഹം എഴുതിയിട്ടുള്ളതായി ഇദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വി. മത്തായി വി. ലൂക്കോസ്, വി. യോഹന്നാന് എന്നിവരുടെ സുവിശേഷങ്ങളുടെ പൊതുവ്യാഖ്യാനങ്ങള്, അവയില്‍ നിന്നും തെരെഞ്ഞെടുത്ത ചില ഭാഗങ്ങളെ സംബന്ധിച്ചുള്ള വ്യാഖ്യാനങ്ങള്‍ എന്നിവ വിശുദ്ധ വേദപുസ്തക സംബന്ധിയായുള്ള അദ്ദേഹത്തിന്റെ കൃതികളും ലേഖനങ്ങളുമാണ്. ഇതു കൂടാതെ, സുറിയാനി ഭാഷയില്‍ സുന്ദരമായി എഴുതാന്‍ കഴിവുണ്ടായിരുന്നതിനാല്‍ ഗ്രീക്ക് കൈയെഴുത്ത് പ്രതികളെ അടിസ്ഥാനമാക്കി സുറിയാനിയിലുള്ള വിശുദ്ധഗ്രന്ഥ പരിഭാഷയുടെ മെച്ചപ്പെട്ട പതിപ്പിനുവേണ്ടിയും അദ്ദേഹം ശ്രമിച്ചിരുന്നു.
ദൈവശാസ്ത്ര പരമായവ : ദൈവശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെതായി രണ്ടു പ്രധാന കൃതികളാണുള്ളത്. ഒന്നാമത്തേത് ത്രിത്വത്തെക്കുറിച്ചും മനുഷ്യാവതാരത്തെക്കുറിച്ചുമുള്ള മൂന്നു പ്രഭാഷണങ്ങളടങ്ങിയതാണ്. രണ്ടാമത്തേത്, ത്രിത്വത്തിലെ ഒരു ആളത്തമായ യേശു മ്ശിഹായുടെ മനുഷ്യാവതാരവും പീഡാനുഭവവും സംബന്ധിച്ചതാണ്. ഫീലക്സിനോസിന്റെ കൃതികളിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍ ത്രിത്വം, മനുഷ്യാവതാരം എന്നിവയായിരുന്നു. ഫീലക്സീനോസിന്റെ എഴുത്തുകളില്‍ യേശു മ്ശിഹായുടെ മനുഷ്യാവതാരത്തെക്കുറിച്ച് വളരെ അര്‍ത്ഥവത്തായ വാചകങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും, അതിലൊന്ന് ഇപ്രകാരമാണ്, ڇദൈവമായ വചനം വ്യത്യാസം കൂടാതെ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി കന്യകയുടെ ഗര്‍ഭപാത്രത്തില്‍ മനുഷ്യനായിത്തീര്‍ന്നു. അങ്ങനെ ദൈവമായിരിക്കുമ്പോള്‍ തന്നെ ദൈവത്തെ കാണുന്നതിനും, സ്പര്‍ശിക്കുന്നതിനും അനുഭവിക്കുന്നതിനും സാധിക്കത്തക്കവിധം ദൈവം മനുഷ്യനായിത്തീര്‍ന്നു'. ഈ രണ്ടു കൃതികള്‍ കൂടാതെ, ക്രിസ്തീയ ജീവിതത്തിന്റെ സമ്പൂര്ണ്ണതയെപ്പറ്റിയുള്ള പതിമൂന്ന് പ്രബന്ധങ്ങളടങ്ങിയതും ഏകദേശം ഒരു വാല്യത്തില്‍ അഞ്ഞൂറ് പേജുകളിലായി എഴുതപ്പെട്ട മറ്റൊരു ഗ്രന്ഥം ഇദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ കൃതിയായി അറിയപ്പെടുന്നു. വിശ്വാസം, ലാളിത്യം, വിനയം, സ്വയം ആര്‍ജിക്കേണ്ട ദാരിദ്രം, വ്രതനിഷ്ഠ, ദൈവാരാധന, അമിതഭക്ഷണം ജഡീക മോഹങ്ങള്‍, അസന്മാര്ഗികത എന്നിവയോടുള്ള ചെറുത്തു നില്‍പ്പ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ ഈ കൃതിയെ മനോഹരമാക്കുന്നു.
ആരാധനാക്രമ പരമായവ : ആരാധനാക്രമങ്ങളിലും ഈ സഭാപിതാവിന്റെ സംഭാവനകള്‍ എടുത്തു പറയേണ്ടതു തന്നെയാണ്. ഇദ്ദേഹത്തിന്റേതായി രണ്ടു വിശുദ്ധ കുര്‍ബാന അനഫോറകള്‍ ഉണ്ട്. മൃതാസന്നരായ ശിശുക്കള്‍ക്കുള്ള വളരെ ഹൃസ്വമായ ഒരു മാമോദീസാക്രമം ഇദ്ദേഹം ക്രോഡീകരിച്ചിട്ടുണ്ട്. യാമ നമസ്കാരങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പും പിമ്പും ചെല്ലേണ്ടുന്ന പ്രത്യേക അപേക്ഷകളും അനുതാപത്തിന്റെതുയുമായ പ്രാര്‍ത്ഥനകള്‍, രഹസ്യമായി ചൊല്ലാവുന്ന അപേക്ഷകള്‍ എന്നിവ അദ്ദേഹത്തിന്റെ ആരാധനപരമായ സംഭാവനകളാണ്. ഇത്തരത്തിലുള്ള ഒരു അപേക്ഷയിലെ ഒരു ഭാഗമാണ് ഈ ലേഖനത്തിന്റെ ആദ്യം നല്‍കിയിരിക്കുന്നത്.
താര്‍ക്കിക രചനകള്‍ : വേദവിപരീതങ്ങള്ക്കെതിരെയുള്ള താര്‍ക്കിക രചനകള്‍ ഫീലക്സിനോസിന്റെ തൂലികയുടെ ശ്രദ്ധേയമായ സംഭാവനകളിലൊന്നാണ്. നെസ്തോറിയ വേദവിപരീതങ്ങള്ക്കും കല്ക്കദോന്യ സുന്നഹദോസിലെ ക്രിസ്തുവിന്റെ ഇരുസ്വഭാവവാദത്തിനുമെതിരെയാണ് പീലക്സിനോസ് കൂടുതല്‍ ശബ്ദമുയര്‍ത്തിയത്. ഇതു കൂടാതെ ദൈവഭയം, വിനയം, അനുതാപം, പ്രാര്‍ത്ഥന, നീതിവാക്യങ്ങള്‍ എന്നീ വിഷയങ്ങളെപ്പറ്റിയും അനേകം പ്രഭാക്ഷണങ്ങള്‍ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഇത്തരം പല വിഷയങ്ങളെപ്പറ്റിയും ഗഹനമായ അനേകം കത്തുകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.
ഉപസംഹാരം
ഫീലക്സിനോസിന്റെ ജീവിതത്തിലേക്കും സംഭാവനകളിലേക്കും തിരിഞ്ഞു നോക്കുമ്പോള്‍, വിശ്വാസത്തിന്റെ ശാശ്വത ശക്തിയും അതിന്റെ സംരക്ഷകരുടെ വഴങ്ങാത്ത മനോഭാവവും നമ്മളെ പ്രചോദിപ്പിക്കുന്നു. സഭ, വേദവിപരീതങ്ങളാല് ആടിയുലഞ്ഞപ്പോള്‍ അദ്ദേഹം ധീരമായി നിന്നു സഭയുടെ ക്രിസ്തു വിജ്ഞാനീയത്തെ ശക്തമായി ഉയര്‍ത്തിക്കാട്ടി. അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം സഭയെ യഥാര്‍ത്ഥ വിശ്വാസത്തില്‍ ഉറപ്പിച്ചു.
ഉപവാസത്തെയും പ്രാര്‍ത്ഥനയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില ചിന്താപരമായ വീക്ഷണങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഈ ജീവിതരേഖാ വിവരണം അവസാനിപ്പിക്കുന്നു.
څനിരന്തരമായ പ്രാര്‍ത്ഥന മനുഷ്യാത്മാവിനു ശക്തി ലഭിക്കുവാന്‍ കാരണമാകുന്നു. ദൈവീക ദര്‍ശനത്തില്‍ നിന്നു ലഭിക്കുന്ന ശക്തിയാല്‍ മനുഷ്യ മനസ്സു പൊതിയപ്പെടണം. തുടര്‍ച്ചയായ വേദവായന മനസ്സിനു ഏകാഗ്രത ലഭിക്കുവാന്‍ സാദ്ധ്യമാക്കുന്നു. വേദവായന പ്രാര്‍ത്ഥനയ്ക്കുള്ള പശ്ചാത്തലവും, ഉപവാസം പ്രാര്‍ത്ഥനയുടെ വിശുദ്ധിയും മനുഷ്യന് നല്കുന്നുچ.
ഈ പിതാവിനെ സഭയ്ക്ക് നല്കിയ ത്രീയേക ദൈവത്തിനു സ്തുതി.