Home
വിശുദ്ധ കുർബാനയിലെ സമാധാന ചുംബനത്തിന് എന്തുകൊണ്ട് _കൈയ്യസൂരി_ എന്നു പറയുന്നു?
'കൈയ്യസൂരി' എന്ന പദത്തിന്റെ അർത്ഥതലങ്ങളിലേക്ക് കടക്കുന്നതിനു മുൻപ്, വിശുദ്ധ കുർബാനയിലെ സമാധാന ചുംബനത്തിന്റെ ആദ്ധ്യാത്മികതയെക്കുറിച്ച് അല്പം ഒന്നു ചിന്തിക്കാം.
ദൈവവും മനുഷ്യരും മനുഷ്യർ പരസ്പരവും ഉണ്ടാകേണ്ട രമ്യതയെക്കുറിച്ചാണ് ഈ സമാധാന ചുംബനം നമ്മെ ഓർമ്മിപ്പിക്കുന്നത്. മൂശെ ബർകീപ്പാ എന്ന സഭാ പിതാവിന്റെ വാഖ്യാനങ്ങൾ, ഇതിന്റെ കൂടുതൽ അർത്ഥതലങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നു. അവ താഴെ പറയും പ്രകാരമാണ്.
തന്റെ ശരീരം മുഖാന്തിരം വചനമായ ദൈവത്തോടുകൂടെ ആയിത്തീർന്നിരിക്കയാൽ നമ്മുടെ ആത്മാവിനോടും നാം സ്വയവും അന്യോന്യവും ഭിന്നിച്ചിരിക്കുവാൻ കഴിയുന്നതല്ല. ആകയാൽ സ്നേഹത്തിന്റെയും ആത്മാവിന്റെയും ചുംബനം വഴി പുറമെ നാം എങ്ങനെ ആയിരുന്നുവോ അപ്രകാരം ഉള്ളിലും സ്നേഹവും സമാധാനവും ഉള്ളവരായി സമാധാനം നൽകണം.
പരസ്പരം സമാധാനപ്പെടുന്നതിനാൽ ദൈവത്തോട് നാം രമ്യതപ്പെടുന്നു.
നാം പരസ്പരം സമാധാനം നൽകുന്നത് പരസ്പരമുള്ള അനുരജ്ഞനത്തിനു സഹായിക്കുന്നു.
നാം പരസ്പരം സമാധാനം നൽകുന്നതിനാൽ പിതാവിനും മനുഷ്യർക്കും ഇടയിലും മനുഷ്യർ തമ്മിലും ആത്മാവിനും ശരീരത്തിനും മദ്ധ്യേയും ഉള്ള ശത്രുത്വം മ്ശിഹാ മായിച്ചു കളഞ്ഞുവെന്നും, നിരപ്പും സമാധാനവും നമ്മുടെ ഇടയിൽ വാഴുമാറാകട്ടെ എന്നും നാം അറിയിക്കുന്നു.
നാം പരസ്പരം സമാധാനം നൽകുന്നതിനാൽ, നീ കാഴ്ച അർപ്പിക്കാൻ ബലി പീഠത്തിൽ അടുത്തുവരുമ്പോൾ നിൻ്റെ കാഴ്ച അവിടെ വച്ചിട്ട് പോയി നിന്റെ സഹോദരനോട് രമ്യതപ്പെടുക (വി. മത്താ. 5:23-24) എന്ന് അരുളിച്ചെയ്ത നമ്മുടെ കർത്താവിന്റെ വചനം /നിറവേറുന്നു.
അതായത്, അന്യോന്യം രമ്യതപ്പെടാതെ യാഗത്തിൽ സംബന്ധിച്ചു കൂടാ എന്ന കർത്താവിന്റെ വചനപ്രകാരം (വി. മത്താ. 5:23 - 24) വിശുദ്ധ കുർബാന അനുഭവത്തിലേക്ക് പ്രവേശിക്കുന്ന നാം ഓരോരുത്തരും നമ്മുടെ സഹോദരങ്ങളോടു ക്ഷമിക്കുവാൻ കടപ്പെട്ടിരിക്കുന്നു. അതുപോലെ, സമാധാനം നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നവൻ, യേശു മ്ശിഹാ മുഖാന്തരം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ബന്ധത്താൽ ഐക്യം പ്രാപിച്ചിരിക്കുന്നുവെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു (വി. യോഹ. 13:34-35, 2 കൊരി. 13:11-14).
ഈയൊരു അർത്ഥതലം തന്നെയാണ് ഈ സമാധാന ചുംബനത്തിനു മുൻപ് ചൊല്ലുന്ന വൈദികന്റെ പ്രാർത്ഥനയിലും, ശുശ്രൂഷകന്റെ ആഹ്വാനത്തിലും, സമാധാനം നൽകുമ്പോഴുള്ള പ്രാർത്ഥനയിലും നാം കാണുന്നത്.
വൈദികന്റെ പ്രാർത്ഥന: "...അയോഗ്യരാകുന്ന ഞങ്ങൾ വഞ്ചന കൂടാത്തവരും സ്നേഹ ബന്ധത്തിൽ ഐക്യപ്പെട്ടവരുമായി, വിശുദ്ധവും ദൈവികവുമായ ചുംബനം കൊണ്ട് അന്യോന്യം സമാധാനം കൊടുപ്പാൻ ഞങ്ങളെ യോഗ്യതയുളളവരാക്കണമേ .....".
ശുശ്രൂഷകന്റെ ആഹ്വാനം: "നമ്മുടെ ദൈവമായ കർത്താവിന്റെ സ്നേഹത്താൽ പരിശുദ്ധവും ദൈവികവുമായ ചുംബനം കൊണ്ട് നാം എല്ലാവരും തമ്മിൽ തമ്മിൽ സമാധാനം കൊടുക്കണം".
സമാധാനം കൊടുക്കുമ്പോൾ പ്രാർത്ഥിക്കുന്നത്: "മ്ശിഹാ തമ്പുരാന്റെ സ്നേഹവും സമാധാനവും സർവ്വദാ ഞങ്ങളുടെ ഇടയിൽ വസിക്കുമാറാകേണമേ".
എന്തൊക്കെ കാര്യങ്ങളാണ് സമാധാന ചുംബനം അല്ലെങ്കിൽ കൈയ്യസൂരി എന്ന പ്രക്രിയയിൽ അടങ്ങിയിരിക്കുന്നത് ?
താഴെ പറയുന്ന സംഗതികളാണ് സമാധാനചുംബനമായി ബന്ധപ്പെട്ട് നമ്മുടെ ക്രമങ്ങളിൽ നൽകിയിരിക്കുന്നത്.
വൈദികൻ ചൊല്ലുന്ന സമാധാനത്തിന്റെ പ്രാർത്ഥന.
വൈദികന്റെ സമാധാന ആശീർവാദവും ജനങ്ങളുടെ പ്രതിവാക്യവും.
കൈയ്യസൂരി നൽകണമെന്നുള്ള ശുശ്രൂഷകന്റെ ആഹ്വാനം.
കൈയ്യസൂരി നൽകൽ
കൈയ്യസൂരി നൽകുമ്പോൾ ചൊല്ലുന്ന പ്രാർത്ഥന
തലവണക്കണമെന്നുള്ള ശുശ്രൂഷകന്റെ ആഹ്വാനവും ജനങ്ങളുടെ പ്രതിവാക്യവും
തലവണങ്ങി നിൽക്കുന്നവർക്കു വേണ്ടിയുള്ള വൈദികന്റെ പ്രാർത്ഥന.
ഈ പ്രാർത്ഥനകളിൽ ചിലത് മുകളിൽ വിവരിച്ചതു മൂലവും നമ്മുടെ വിശുദ്ധ കുർബാനയുടെ ക്രമങ്ങളിൽ നൽകിയിരിക്കുന്നതിനാലും ഇവിടെ വിവരിക്കുന്നില്ല. എങ്കിലും, *സമാധാന ചുംബനം അഥവാ കൈയ്യസൂരി നൽകുന്നത് എങ്ങനെയെന്ന് ചുരുക്കമായി താഴെ നൽകുന്നു.*
ലോകം നൽകുന്ന സമാധനമല്ല കർത്താവ് തരുന്നത്. രക്ഷാകരമായ സമാധാനമാണത് (വി. യോഹ. 14:27). ആ സമാധാനം കർത്താവിൽ നിന്ന് വരികയും കാർമ്മികൻ വഴിയായി എല്ലാവരും സ്വീകരിക്കുകയും ചെയ്യുന്നു. തുടർന്ന് വൈദികനിൽ നിന്ന് സ്വീകരിക്കപ്പെടുന്ന സമാധാനം ആദ്യം മദ്ബഹായിൽ നിൽക്കുന്നവർക്കും പിന്നീട് ഹൈക്കലായിൽ വടക്കും തെക്കും ഒന്നോ രണ്ടോ പേർക്കു വീതവും കൊടുക്കുന്നു. തുടർന്ന്, ഹൈക്കലായിൽ ഉള്ളവർ പരസ്പരം ഈ സമാധാനം കൈമാറുന്നു. സമാധാനം കൊടുക്കുന്ന ആളിന്റെയും വാങ്ങുന്ന ആളിന്റെയും വലതു കൈപ്പത്തികൾ ഉള്ളിലും ഇടത്തു കൈപ്പത്തികൾ പുറമെയും വരത്തക്കവണ്ണം ചേർത്ത് പിടിച്ചാണ് സമാധാനം നൽകുന്നത്. ഇപ്രകാരം സമാധാനം കൈമാറുമ്പോൾ, പരസ്പരം കൈക്കൂപ്പി തല കുമ്പിട്ട് വണങ്ങുകയും ചെയ്യുന്നു.
എല്ലാവർക്കും സമാധാനം കൊടുക്കുകയും എല്ലാവരിൽ നിന്നും സമാധാനം സ്വീകരിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ആദിമ സഭയിലുണ്ടായിരുന്നത്. ആർക്കെങ്കിലും ആരോടെങ്കിലും വിരോധമുണ്ടെന്നു കണ്ടാൽ കാർമ്മിന്റെ മധ്യസ്ഥതയിൽ എല്ലാ പിണക്കങ്ങളും വിദ്വേഷങ്ങളും പറഞ്ഞു തീർത്തതിനു ശേഷമേ വിശുദ്ധ കുർബാന അനുഭവം നടന്നിരുന്നുള്ളു. വിശ്വാസികൾ തമ്മിൽ ചുംബനം നൽകിയായിരുന്നു സമാധാനം കൈമാറിയിരുന്നത്. എന്നാൽ സഭ വളർന്നതോടെ സമാധാന ചുംബനത്തിനായി തന്നെ മണിക്കൂറുകൾ വേണ്ടി വന്നു. ഇങ്ങനെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് പിന്നീട് ഇന്നു കാണുന്ന രീതിയിൽ കൈകൾ സ്പർശിച്ചുള്ള കൈയ്യസൂരി സഭയിൽ നിലവിൽ വന്നു.
ഇനി കൈയ്യസൂരി എന്ന പദത്തിന്റെ അർത്ഥം എന്തെന്ന് കൂടി മനസ്സിലാക്കാം.
'കൈയ്യസ്തൂരി' അല്ലെങ്കിൽ 'കൈക്കസ്തൂരി' എന്ന പദം ലോപിച്ചാവാം കൈയ്യസൂരി എന്ന പദം ഉണ്ടായത്. 'ദ്സ്തൂർ' എന്ന പേർഷ്യൻ പദത്തിന് 'ക്ഷമിക്കാൻ കടപ്പെട്ടത്' എന്നതാണ്. കൈ കൊണ്ട് കൊടുക്കുന്ന ദസ്തൂർ ആയതു കൊണ്ടാകാം 'കൈക്കസ്തൂരി' എന്ന പേര് വന്നത്. അത് കാലക്രമേണ 'കൈയ്യസൂരി' ആയി തീർന്നു.
ഇതൊരു ചടങ്ങല്ല, മറിച്ച് ഒരു ആഹ്വാനമാണ്. സഹിക്കുവാനും ക്ഷമിക്കുവാനുമുള്ള ദൈവീക ആഹ്വാനം. "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ (എഫെ 4:32)". വിശുദ്ധ കുമ്പസാരത്തിനു ശേഷം ദൈവീക ക്ഷമ പ്രാപിച്ചവർക്ക് വിശുദ്ധ കുർബാന അനുഭവത്തിനു മുൻപ് പരസ്പരം ക്ഷമിക്കുവാനുള്ള ആഹ്വാനമാണിത്.
ഈ ആഹ്വാനം അനുസരിച്ച് ജീവിച്ചാൽ ക്രിസ്തുവിന്റെ സമാധാനത്തിൽ ആയിരിപ്പാൻ നാം പ്രാപ്തരാകും. ഉയിർപ്പിന്റെ ശുശ്രൂഷയിൽ നാം പാടുന്നതുപോലെ, _(ശ്ലോമൊ ശ്ലോമൊ [സമാധാനം] അടുത്തവർക്കും ദൂരസ്ഥന്മാർക്കും-മ്ശിഹാ കബറിൽ നിന്നുയിർത്തു ചിതറിയോരെ ചേർത്തു)_, *ക്രിസ്തുവാണ് നമ്മുടെ സമാധാനം* (എഫെ. 2:14). ആ സമാധാനത്തിൽ ജീവിക്കുവാൻ ത്രീയേക ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കാം.