സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം
സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം
Home
സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം
നമ്മുടെ കർത്താവ് പഠിപ്പിച്ചതും, ശ്ലീഹന്മാർ പ്രസംഗിച്ചതും. ആദിമ സഭാ പിതാക്കന്മാർ പറഞ്ഞുറപ്പിച്ചതുമായ വിശ്വാസം അത്രെ 'സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം'. ഇതുതന്നെയാണ് "ഓർത്തോഡോക്സി' അഥവാ 'ത്രീസാത് ശുബ്ഹോ' എന്നറിയപ്പെടുന്നതും. 'ഓർത്തൊ' എന്നും 'ഡോക്സ്സാ' എന്നും രണ്ടു ഗ്രീക്ക് വാക്കുകൾ ചേർന്ന് 'ഓർത്തൊഡോക്സ്സാ' എന്ന ഗ്രീക്ക് വാക്കും അതിൽ നിന്ന് 'ഓർത്തോഡോക്സി' എന്ന ഇംഗ്ലീഷ് വാക്കും ഉണ്ടായി. ഗ്രീക്ക് ഭാഷയിൽ 'ഓർത്തൊ' എന്നാൽ 'നേരായത്' എന്നും, “ഡോക്സാ' എന്നാൽ 'സ്തുതി' എന്നുമാണ് അർത്ഥം. പ്രാചീനഗ്രീക്കിൽ 'ഡോക്സാ' എന്ന വാക്കിന് 'വിശ്വാസം' എന്ന അർത്ഥം കൂടിയുണ്ട്. എബ്രായ ഭാഷയിലെ പഴയനിയമ പുസ്തകത്തിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്തുവജിന്റ്റിൽ (Septuagint), 'കാവോദ്' (kavod) എന്ന എബ്രായ വാക്കിന് 'സ്തുതി' എന്ന അർത്ഥത്തിൽ 'ഡോക്സാ' എന്ന ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നീട് പുതിയനിയമത്തിലും 'ഡോക്സാ' എന്ന വാക്ക് 'സ്തുതി' എന്ന അർത്ഥത്തിൽ സർവ്വസാധാരണമായി ഉപയോഗിച്ചു വന്നു. അങ്ങനെ 'ഡോക്സാ' എന്ന വാക്കിന്റെ വ്യത്യസ്ഥ അർത്ഥങ്ങൾ ചേർന്ന് 'സത്യ വിശ്വാസത്തിലെ ദൈവസ്തുതി' എന്ന വിശാല അർത്ഥം ലഭിച്ചു. അതായത് 'ഓർത്തൊ' (നേരായത്, ചൊവ്വായത്), 'ഡോക്സ്സാ' (സ്തുതി, വിശ്വാസം) എന്നീ വാക്കുകൾ ചേർന്ന് 'ഓർത്തൊഡോക്സി' അഥവാ 'സ്തുതി ചൊവ്വായ വിശ്വാസം' അല്ലെങ്കിൽ 'സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം' എന്ന പ്രയോഗം പ്രചാരത്തിലായി.
നമ്മുടെ കർത്താവ് തൻ്റെ സ്വർഗ്ഗാരോഹണ സമയത്ത് അപ്പൊസ്തലന്മാരോട് കൽപിച്ചതു പോലെ, അവർ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പ്രയാണം ചെയ്ത് സുവിശേഷം അറിയിക്കുകയും, സഭകൾ സ്ഥാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇക്കാലത്ത് ഇപ്പോൾ പുതിയനിയമ പുസ്തകത്തിലുള്ള സുവിശേഷങ്ങളൊ ലേഖനങ്ങളൊ എഴുതപ്പെട്ടിരുന്നില്ല. ജനങ്ങൾ സുവിശേഷത്തിൽ വിശ്വസിച്ച് സഭകളിൽ ചേർന്നുകൊണ്ടിരുന്നത് അപ്പൊസ്തലന്മാരുടെ നേരിട്ടുള്ള പ്രബോധനങ്ങൾ മുഖേന ആയിരുന്നു. സുവിശേഷങ്ങളും ലേഖനങ്ങളും എഴുതപ്പെട്ടത് പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷവും, എഴുതപ്പെട്ട അനേകം ലേഖനങ്ങളിൽ ചിലത് ഉൾപ്പെടുത്തി പുതിയനിയമ പുസ്തകം ക്രോഡീകരിക്കപ്പെട്ടത് നാലാം നൂറ്റാണ്ടിലും ആണ്. ഒന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ, അപ്പൊസ്തലന്മാർ വാങ്ങിപ്പോവുകയും, അവർ പകർന്നു നൽകിയ സുവിശേഷത്താൽ സഭ തുടർന്നു പോകുകയും ചെയ്തു.
എന്നാൽ കാലക്രമേണ, സഭയിൽ പല ദുരുപദേശകരും ദുരുപദേശങ്ങളും കടന്നുകൂടുകയും, സഭ ശിഥിലമാകാൻ തുടങ്ങുകയും ചെയ്തു. കൂടാതെ ഭരണാധികാരികളിൽ നിന്നും ക്രിസ്ത്യാനികൾക്ക് കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവരുകയും ചെയ്തു. നാലാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിലെ കോൺസ്റ്റാന്റിൻ ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചതോടു കൂടിയാണ്, ക്രിസ്ത്യാനികളുടെ നില മെച്ചപ്പെട്ടു തുടങ്ങിയത്. ഇക്കാലത്ത് ആദിമ സഭാ പിതാക്കന്മാർ, ചക്രവർത്തിയുടെ സഹായത്തോടെ സുന്നഹദോസുകൾ കൂടുകയും, ദുരുപദേശങ്ങൾ നീക്കി, സഭയിൽ നേരായ വിശ്വാസം പുനഃസ്ഥാപിക്കുവാൻ ശ്രമിക്കുകയും ചെയ്തു. അങ്ങനെ ക്രിസ്താബ്ദം 325-ൽ തുർക്കിയിലെ 'നിഖ്യാ' എന്ന സ്ഥലത്ത് സഭയുടെ ആദ്യ സുന്നഹദോസ് കൂടുകയും, ചില തീരുമാനങ്ങൾ അംഗീകരിക്കയും ചെയ്തു. ഇപ്പോൾ സഭയിൽ ഉപയോഗിക്കുന്ന വിശ്വാസപ്രമാണത്തിൻ്റെ ആദ്യ ഭാഗം തീരുമാനിച്ചുറപ്പിച്ചത് നിഖ്യാ സുന്നഹദോസിൽ ആയിരുന്നു. അതുകൊണ്ടാണ് അത് 'നിഖ്യാ വിശ്വാസപ്രമാണം' എന്നറിയപ്പെടുന്നത്. വിശ്വാസപ്രമാണം പൂർണ്ണരൂപത്തിൽ ക്രോഡീകരിക്കപ്പെടുന്നത് ക്രിസ്താബ്ദം 381-ൽ കുസ്തന്തിനോസ്പൊലിസിൽ കൂടിയ രണ്ടാം സുന്നഹദോസിൽ ആയിരുന്നു. പിന്നീട് ക്രിസ്താബ്ദം 431-ൽ എഫേസോസിൽ ചേർന്ന മൂന്നാം സുന്നഹദോസിൽ, രണ്ടാം സുന്നഹദോസിനു ശേഷം സഭയിൽ ഉടലെടുത്ത വിശ്വാസവിപരീതങ്ങളെ ഖണ്ഡിച്ച് സത്യവിശ്വാസം ഉറപ്പിച്ചു.
സത്യവിശ്വാസം എന്താണ് എന്നറിയണമെങ്കിൽ, വിശ്വാസ വിപരീതങ്ങളെപ്പറ്റി ആദ്യം മനസ്സിലാക്കണം. ഒന്നാം നൂറ്റാണ്ടു മുതൽ നാലാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ സഭയിൽ ഉടലെടുത്ത വിശ്വാസ വിപരീതങ്ങളെ അല്ലെങ്കിൽ 'പാഷാണ്ഡതകളെ' പൊതുവായി മൂന്നു വിഭാഗങ്ങളായി തിരിക്കാം. 1) യേശു മ്ശിഹായുടെ മനുഷ്യത്വം അപൂർണ്ണമോ, അയഥാർത്ഥമോ എന്നു പറയുന്നവ, 2) യേശു മ്ശിഹായുടെ ദൈവത്വം പൂർണ്ണമോ, അയഥാർത്ഥമോ എന്നു പറയുന്നവ, 3) വിശുദ്ധ ത്രിത്വ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവ. ഈ പാഷാണ്ഡതകളെ പ്രതിരോധിച്ച്. സത്യവിശ്വാസത്തെ നിർവ്വചിക്കുക എന്നുള്ളതായിരുന്നു നിഖ്യായിലും, പിന്നെ കുസ്തന്തിനോസ്പോലിസിലും (ഇന്നത്തെ കോൺസ്റ്റാന്റിനോപ്പിൾ) ചേർന്ന സുന്നഹദോസുകളുടെ മുഖ്യ ലക്ഷ്യം. ഈ പാഷാണ്ഡതകളെക്കുറിച്ച് ഒരു ലഘുവിവരണം താഴെ കൊടുക്കുന്നു.
നോസ്റ്റിക് / ഡോസറ്റിക് പാഷാണ്ഡത (Gnostism / Docetism)
ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ സഭയിൽ പ്രബലരായിരുന്ന ഗ്രീക്ക് വിജ്ഞാനവാദക്കാർ. നമ്മുടെ കർത്താവിൻ്റെ മനുഷ്യത്വം അയഥാർത്ഥം അല്ലെങ്കിൽ വെറും തോന്നൽ മാത്രം ആയിരുന്നു എന്നു വാദിച്ചു. ആത്മാവായ പരിശുദ്ധ ദൈവം ദോഷപൂർണ്ണമായ ജഡത്തിൽ വെളിപ്പെടുക സാധ്യമല്ല, വസ്തുമയമായതെല്ലാം തിന്മയുള്ളതാകുന്നു. അതിനാൽ കർത്താവ് സത്യമായും ജഡമെടുത്താൽ തിന്മയുള്ളവനായിത്തീരും, ജ്ഞാനമാണ് വിശ്വാസത്തെക്കാൾ പ്രധാനപ്പെട്ടത്, എന്നൊക്കെ ആയിരുന്നു നോസ്റ്റിക്കുകാർ വാദിച്ചിരുന്നത്.
എബിയോനിസം (Ebionism)
യഹൂദ ക്രിസ്ത്യാനികളിൽ ചിലർ യേശുക്രിസ്തുവിനെ ദൈവപുത്രൻ എന്ന് അംഗീകരിച്ചിരുന്നു എങ്കിലും, കന്യകയിൽ നിന്നും ജനിച്ചവൻ ആണ് എന്ന് വിശ്വസിച്ചിരുന്നില്ല. മാത്രമല്ല ക്രിസ്തു കേവലം ഒരു മനുഷ്യൻ മാത്രമായിരുന്നു എന്നും വാദിച്ചു. എബിയോൻ എന്ന ഒരു യഹൂദ ക്രിസ്ത്യാനി ആയിരുന്നു ഈ വാദത്തിനു തുടക്കമിട്ടത് എന്ന് പറയപ്പെടുന്നു. അതിനാൽ ഈ വാദം എബിയോനിസം എന്ന് അറിയപ്പെടുന്നു.
മാർസിയൻ പാഷാണ്ഡത (Marcionism)
രണ്ടാം നൂറ്റാണ്ടിലാണ് മാർസിയോൻ എന്ന വ്യക്തി പ്രചരിപ്പിച്ച വേദവിപരീതം സരയിൽ ഉടലെടുത്തത്. പഴയനിയമത്തിലെ ക്രൂരനായ ദൈവമല്ല യേശുക്രിസ്തു വെളിപ്പെടുത്തിയ സ്നേഹ സ്വരൂപനായ ദൈവം എന്നും, നോസ്റ്റിക് വാദികളെപ്പോലെ പദാർത്ഥം തിന്മയുള്ളതാണെന്നും, തന്മൂലം ശരീരത്തിന്റെ പുനരുത്ഥാനത്തിൽ അവിശ്വസിക്കുകയും, വിവാഹം വിലക്കുകയും ചെയ്തു. എന്നിരുന്നാലും, തൻ്റെ വിശ്വാസത്തിന് യോജിക്കാത്ത ഭാഗങ്ങൾ മാറ്റിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി പുതിയ നിയമ കാനോൻ ആദ്യമായി അവതരിപ്പിച്ചത് മാർസിയോൻ ആയിരുന്നു.
ദത്തെടുക്കൽ വാദം (Adoptionism)
തിയൊഡോട്ടസ് എന്ന ആൾ പ്രചരിപ്പിച്ച വേദവിപരീതം ആണ് റത്തെടുക്കൽ വാദം നമ്മുടെ കർത്താവിൻ്റെ മാമോദീസാ സമയത്ത് പരിശുദ്ധ റൂഹാ പ്രാവു പോലെ ഇറങ്ങി വന്നു കർത്താവിൽ ആവസിച്ചപ്പോൾ, പിതാവായ ദൈവം യേശുവിനെ സ്വപുത്രനായി ദത്തെടുത്തുവെന്ന് തിയൊഡോട്ടസ് പഠിപ്പിച്ചു.
സബല്യനിസം (Sabellianism)
മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് സബല്യൻ തന്റെ വിശ്വാസ വിപരീതം സഭയിൽ പഠിപ്പിക്കുവാൻ തുടങ്ങുന്നത്. വിശുദ്ധ ത്രിത്വം എന്നത് ദൈവത്തിൻ്റെ ത്രികാല പ്രവർത്തനം മാത്രമാണെന്നും, ഏകദൈവം തന്നെയാകുന്നു പഴയനിയമത്തിലെ സൃഷ്ടാവായ പിതാവായും, പുതിയനിയമത്തിലെ രക്ഷിതാവായ പുത്രനായും, കൃപാദാതാവായ പരിശുദ്ധ റൂഹാ ആയും പ്രവർത്തിച്ചത് എന്നുമായിരുന്നു സബല്യന്റെ വാദം.
മക്കദോന്യക്കാരുടെ വാദം (Macedonianism)
പരിശുദ്ധാത്മാവിൻ്റെ ആളത്വത്തേയും, ദൈവത്വത്തേയും നിഷേധിക്കുന്നതായിരുന്നു മക്കദോന്യക്കാരുടെ വാദം. നാലാം നൂറ്റാ ണ്ടിൽ ജീവിച്ചിരുന്ന മക്കദോനിയസ് എന്ന വ്യക്തി ആയിരുന്നു ഈ വാദക്കാരുടെ തലവൻ പരിശുദ്ധാത്മാവ്, പുത്രൻ്റെ സൃഷ്ടിയാണെന്നും, അതിനാൽ അത് പിതാവിനോടും പുത്രനോടും തുല്യതയില്ലാത്തത് ആണെന്നും, അവർക്കു താഴെയുള്ള സ്ഥാനം മാത്രമേയുള്ളൂ എന്നുമായിരുന്നു മക്കദോന്യക്കാരുടെ വിശ്വാസം. ഈ വിശ്വാസ വിപരീതം കുസ്തന്തിനോസ്പൊലീസ് സുന്നഹദോസിൽ ഖണ്ഡിക്കപ്പെട്ടു.
അപ്പൊളിനാറീസിൻ്റെ വിശ്വാസ വിപരീതം (Apollinarism)
ലവൊദിക്യായിലെ ഒരു ബിഷപ്പായിരുന്ന അപ്പോളിനാറീസ്, നിഖ്യാ സുന്നഹദോസിനു ശേഷം പ്രചരിപ്പിച്ച ഒരു പാഷാണ്ഡതയാണ് അപ്പോളിനാറിസം. വചനമായ ദൈവം മനുഷ്യാവതാരം എടുത്തപ്പോൾ ക്രിസ്തുവിൻ്റെ ദൈവിക സ്വഭാവം, യേശു ക്രിസ്തുവിൻ്റെ മനുഷാത്മാവിനെ നീക്കി ആ സ്ഥാനത്ത് വരുകയും, ക്രിസ്തു മഹത്വീകരിക്കപ്പെട്ട ഒരു ശരീരി ആകുകയും ചെയ്തു. അതായത്, യേശു ക്രിസ്തു ഒരു മനുഷ്യൻ ആയിരുന്നുവെങ്കിലും, യേശുവിന് ഒരു മനുഷ്യമനസ്സ് ഇല്ലായിരുന്നു; പകരം ദൈവികമനസ്സും സ്വഭാവവും മാത്രമാണുണ്ടായിരുന്നത്. ഈ വിശ്വാസ വിപരീതം കുസ്തന്തിനോസ്പൊലിസ് സുന്നഹദോസിൽ ഖണ്ഡിക്കപ്പെട്ടു.
അറിയൂസിന്റെ വിശ്വാസവിപരീതം (Arianism)
എല്ലാ വിശ്വാസ വിപരീതങ്ങളേക്കാളും, സത്യവിശ്വാസം തകിടം മറിക്കുവാൻ പോന്നതായിരുന്നു. അറിയൂസിൻ്റെ ദുരൂപദേശം. അതായത്, ദൈവം മാത്രം നിത്യനും സ്യഷ്ടിയല്ലാത്താവനും ജനിക്കാത്തവനും, പുത്രൻ ദൈവത്തിൻ്റെ ആദ്യ സൃഷ്ടി, പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, ക്രിസ്തുവിന് മനുഷ്യാത്മാവ് ഇല്ലായിരുന്നു. പരിശുദ്ധ റൂഹാ ക്രിസ്തുവിൻ്റെ ആദ്യ സൃഷ്ടിയും ക്രിസ്തുവിന്റെ താഴെയുമുള്ളവൻ, പിതാവിൻ്റെ അതേ സാരാംശം പുത്രനില്ല, തുടങ്ങിയവയായിരുന്നു അറിയൂസിൻ്റെ പഠിപ്പിക്കലുകൾ. എന്നാൽ ക്രിസ്താബ്ദം 325-ൽ നിഖ്യായിലും, 381-ൽ കുസ്തന്തിനോസ്പൊലിസിലും കൂടിയ ആദ്യ രണ്ടു സുന്നഹദോസുകൾ ഈ ദുരുപദേശങ്ങളെയെല്ലാം ഫലപ്രദമായി ഖണ്ഡിക്കുകയും, അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വിശ്വാസപ്രമാണത്തിലൂടെ വ്യക്തമായി വിശദീകരിച്ചിരിക്കയും ചെയ്യുന്നു. വിശ്വാസ പ്രമാണത്തിലെ ഓരോ വാക്കിലും ഈ അർത്ഥസമ്പുഷ്ടതയും കൃത്യതയും സുവ്യക്തമാണ്.
നെസ്തോറിയോസിൻ്റെ വിശ്വാസവിപരീതം (Nestorianism)
പിന്നീട് അഞ്ചാം നൂറ്റാണ്ടിൽ സഭയിൽ ഉയർന്നു വന്ന ഗുരുതരമായ ദുരുപദേശമായിരുന്നു നെസ്തോറിയോസിൻ്റെ പാഷാണ്ഡത. നെസ്തോറിയോസിൻ്റെ പ്രധാന ഉപദേശങ്ങൾ ഇവയാണ്. 1) നമ്മുടെ കർത്താവിൻ്റെ മാതാവിനെ ദൈവത്തെ വഹിച്ചവൾ (തെയോടോക്കോസ്) എന്നു പറഞ്ഞുകൂടാ, പകരം ക്രിസ്തുവിനെ വഹിച്ചവൾ (ക്രിസ്റ്റോടോക്കോസ്) എന്നേ പറയാവൂ. 2) കർത്താവിന്റെ ദൈവത്വത്തിന്റെയും മനുഷ്യത്വത്തിൻ്റെയും രണ്ടു സ്വഭാവങ്ങളും ആളത്വങ്ങളും വ്യത്യസ്തമായി സ്ഥിതി ചെയ്യുന്നു. 1) ദൈവം ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. 4) ക്രിസ്തുവിന്റെ മാതാവിനെ ദൈവമാതാവ് എന്നു വിളിക്കുന്നുവെങ്കിൽ, മനുഷ്യമാതാവ് എന്നും വിളിക്കണം. നെസ്തോറിയോസിന്റെ ഈ ദുരുപദേശങ്ങളെ ക്രിസ്താബ്ദം 431-ൽ എഫേസോസിൽ കൂടിയ മൂന്നാമത്തെ സുന്നഹദോസിൽ ശക്തമായി ഖണ്ഡിച്ചു തീരുമാനങ്ങൾ എടുത്തു. വിശുദ്ധ കന്യക മറിയം സംശയലേശമെന്യേ 'ദൈവത്തെ' വഹിച്ചവൾ (ദൈവ പ്രസവിത്രി)' ആണെന്നും, ക്രിസ്തു പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവും, അവനിൽ മനുഷ്യത്വവും ദൈവത്വവും വേർപിരിയാതെയും, തമ്മിൽ കലരാതെയും ഒന്നായി ഇരിക്കുന്നുവെന്നും, അവൻ തൻ്റെ ദൈവത്വത്തിന് ഒരു മാറ്റവുമില്ലാതെ തന്നെ മനുഷ്യൻ ആയി കന്യക മറിയാമിൽ നിന്നും ശരീരം എടുത്തു എന്നും, എഫേസോസിലെ സുന്നഹദോസ് ഉറപ്പിച്ചു പറഞ്ഞു.
യൂത്തിക്കസിൻ്റെ വിശ്വാസവിപരീതം (Eutychianism)
ക്രിസ്താബ്ദം 431-ലെ എഫേസോസ് സുന്നഹദോസിനു ശേഷം സഭയിൽ ഉയർന്നുവന്ന വിശ്വാസവിപരീതം ആണ് യൂത്തിക്കസ് പ്രചരിപ്പിച്ച എകസ്വഭാവ വാദം (Monophysitism). നമ്മുടെ കർത്താവിൻ്റെ മനുഷ്യ സ്വഭാവം ദൈവസ്വഭാവത്തിൽ ലയിച്ചു പോയതിനാൽ, കർത്താവിൻ്റെ മനുഷ്യ സ്വഭാവം അപൂർണ്ണമാണെന്ന് യൂത്തിക്കസ് പഠിപ്പിച്ചു. ഇത്, നമ്മുടെ കർത്താവിന് മനുഷ്യാവതാരത്തിനു ശേഷം ഏകസ്വഭാവമായിരുന്നു എന്ന് വ്യഖ്യാനിക്കപ്പെട്ടു. ക്രിസ്താബ്ദം 451-ൽ 'കൽക്കദോന്യ' എന്ന സ്ഥലത്ത് ഒരു സുന്നഹദോസ് കൂടി യൂത്തിക്കസിൻ്റെ ഏകസ്വഭാവ വാദവും സഭ തള്ളിക്കളഞ്ഞു.
കൽക്കദോന്യ സുന്നഹദോസിൻ്റെ അനന്തര ഫലം സഭയിൽ ഉണ്ടായ പിളർപ്പായിരുന്നു. സഭ, 'കൽക്കദോന്യ സുന്നഹദോസ് അംഗീകരിച്ച സഭകൾ' എന്നും, 'അംഗീകരിക്കാത്ത സഭകൾ' എന്നും രണ്ടായി പിളർന്നു. കൽക്കദോന്യ സുന്നഹദോസ് അംഗീകരിക്കാത്ത വിഭാഗം, 'ഓറിയന്റൽ ഓർത്തൊഡോക്സ് സഭകൾ' എന്നറിയപ്പെട്ടു. കോപ്റ്റിക്, അർമേനിയൻ, അന്ത്യോഖ്യൻ സുറിയാനി, എത്യോപ്യൻ, മലങ്കര സുറിയാനി എന്നീ സഭകൾ ഈ വിഭാഗത്തിൽ പെടുന്നു. നെസ്തോറിയോസിൻ്റെ പഠിപ്പിക്കലിനു സമാനമായ ഒരു വിശ്വാസ സംഹിതയ്ക്കാണ് കൽക്കദോന്യ സുന്നഹദോസ് രൂപം കൊടുത്തത്. അതായത്, യേശു ക്രിസ്തുവിൽ ദൈവത്വവും മനുഷ്യത്വവും കൂടിക്കലർന്നതിനു ശേഷവും രണ്ടു സ്വഭാവങ്ങൾ ഉണ്ടെന്നും, രണ്ടു സ്വഭാവങ്ങളും ഒരു ക്നുമായിൽ (ആളത്വത്തിൽ) വെളിപ്പെടുന്നു എന്നുമായിരുന്നു കൽക്കദോന്യ സുന്നഹദോസിലെ തീരുമാനത്തിന്റെ സാരം. ഇത് ഓറിയൻ്റൽ ഓർത്തൊഡോക്സ് സഭകൾ അംഗീകരിക്കുന്നില്ല. ഇതായിരുന്നു ഈയൊരു പിളർപ്പിലേക്ക് സഭയെ നയിച്ചത്.
ഓറിയന്റൽ ഓർത്തോഡോക്സ് സഭകൾ 'ഏക സ്വഭാവ' വാദമോ (Monophysitism), 'ഇരു സ്വഭാവ' വാദമോ (Dyophysitism) അംഗീകരിക്കാതെ, പകരം 'ഐക്യ സ്വഭാവം' (Miaphysitism) പൊതുവായി അംഗീകരിക്കുന്നു. (മലയാളത്തിൽ തത്തുല്യമായ ഒരു പദം കണ്ടെത്തുക പ്രയാസമാണ്. എങ്കിലും കൂടുതൽ യോജ്യമായ പദം എന്ന നിലയിൽ 'ഐക്യം' എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നു). അതായത്, യേശു ക്രിസ്തു എന്ന ഒരു ആളത്വത്തിൽ, പൂർണ്ണ ദൈവ സ്വഭാവവും. പൂർണ്ണ മനുഷ്യ സ്വഭാവവും, കലർപ്പുകൂടാതെയൊ, വേർപ്പെടാതെയൊ, വ്യത്യാസം കൂടാതെയൊ, ഭേദം കൂടാതെയൊ, സത്യമായും പൂർണ്ണമായും ഐക്യപ്പെട്ടിരിക്കുന്നു. വിശുദ്ധ കന്യകമറിയാമിൻ്റെ ഉദരത്തിൽ ആദ്യം ശിശു ഉരുവായതിനു ശേഷം ആ ശിശുവിൽ പിന്നീട് ദൈവത്വം യോജിച്ചു എന്നല്ല; മറിച്ച്, വിശുദ്ധ കന്യക മറിയാം പരിശുദ്ധാത്മാവിനാൽ ഗർഭിണിയാകുന്ന അതേ സമയത്ത് തന്നെ സമയവ്യത്യാസം ലേശം പോലുമില്ലാതെ, ദൈവത്വവും മനുഷ്യത്വവും ഐക്യപ്പെട്ട് ഒരു 'ഐക്യ സ്വഭാവം' ആയി എന്നാണ്. 'ഏക സ്വഭാവ' വാദവും, 'ഐക്യ സ്വഭാവ' വാദവും തമ്മിലുള്ള ഈ വ്യത്യാസം പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. മലങ്കര മാർ തോമാ സുറിയാനി സഭയും, ഓറിയൻ്റൽ ഓർത്തോഡോക്സ് സഭകളും ആദ്യ മൂന്ന് സുന്നഹദോസുകൾ മാത്രം അംഗീകരിക്കുന്നവരും, ക്രിസ്തുവിന്റെ ഐക്യ സ്വഭാവത്തിൽ (Miaphysitism) വിശ്വസിക്കുന്നവരുമായ സഭകൾ ആകുന്നു.
നടപടികളിലും ആചാരങ്ങളിലും മറ്റു ഓർത്തോഡോക്സ് സഭകളിൽ നിന്ന് വിഭിന്നമായി ചില വ്യത്യസ്തകൾ പുലർത്തുന്നതിനാൽ, മുന്നൂറ്റിയൻപത് സഭകൾ അംഗങ്ങളായുള്ള 'ലോക സഭാ കൗൺസിലിൽ (World Council of Churches - WCC)' , മലങ്കര മാർ തോമാ സുറിയാനി സഭയെ Oriental Orthodox Churches എന്ന വിഭാഗത്തിലോ, നവീകരണ സഭകൾ (Reformed Churches) എന്ന വിഭാഗത്തിലോ ഉൾപ്പെടുത്തിയിട്ടില്ല. പകരം 'Mar Thoma Syrian Church of Malabar' എന്ന പേരിൽ, സഭയുടെ തനിമയും പ്രത്യേകതയും അംഗീകരിച്ചുകൊണ്ട്, ഒരു പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു [https://www.oikoumene.org/church-families/mar-thoma-church). മലങ്കര മാർ തോമാ സുറിയാനി സഭ ഒരു നവീകരണ ഓർത്തൊഡോക്സ് സഭയല്ല, മറിച്ച് സ്തുതി ചൊവ്വായ വിശ്വാസപാരമ്പര്യവും പൈതൃകവുമുള്ള, 'നവീകരിക്കപ്പെട്ട' ഒരു സഭയാണ്. അതായത്, നവീകരിക്കപ്പെട്ടത് സ്തുതി ചൊവ്വായ വിശ്വാസമല്ല, മറിച്ച് വിശുദ്ധ വേദപുസ്തകത്തിനും സഭയുടെ കാനോനുകൾക്കും എതിരായ ആചാരങ്ങൾ മാത്രമാണ് എന്നുള്ള വസ്തുത പ്രത്യേകം പ്രസ്താവ്യമത്രേ.
അങ്ങനെ, നമ്മുടെ കർത്താവായ യേശു മ്ശിഹാ തൻ്റെ ശ്ലീഹന്മാരിലൂടെ നമ്മെ പഠിപ്പിച്ച അടിസ്ഥാനവിശ്വാസങ്ങളിൽ പിൽക്കാലത്ത് കടന്നുകൂടിയ വിപരീതങ്ങളെ നീക്കിക്കളഞ്ഞ് ശുദ്ധമാക്കിയ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം, സുന്നഹദോസുകളിലൂടെ വ്യാഖ്യാനിച്ചുറപ്പിക്കപ്പെട്ടു.
Courtesy : GT Edamuriyil