ഒന്നാം മാർത്തോമ്മാ (1665-1670)
ക്രിസ്തു വർഷം 52-ൽ നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവിൻ്റെ ശിഷ്യനായ വിശുദ്ധ തോമാ ശ്ലീഹാ കൊടുങ്ങല്ലൂരിനടുത്ത് മാലിയങ്കരയിൽ കപ്പലിറങ്ങി കേരളക്കരയിൽ പ്രേഷിത പ്രവർത്തനം ആരംഭിച്ചു. വിശുദ്ധ ശ്ലീഹായുടെ നാമത്തെ പുരസ്ക്കരിച്ച് മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന് ഈ കേരള ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടു വരുന്നു. കേരള ക്രിസ്ത്യാനികൾ ആദിമ കാലം മുതൽ മറ്റു വിശ്വാസികളോടൊത്ത് സ്വന്തം രാജാക്കന്മാരോടും രാജ്യത്തോടും സ്നേഹമുള്ളവരായി അന്യോന്യം കരുതി ജീവിച്ച ഒരു സമൂഹമായിരുന്നു. എന്നാൽ പോർട്ടുഗീസുകാരുടെ ആഗമനത്തോടെ മലങ്കരസഭയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. അടിസ്ഥാനപരമായ ആരാധനകളിലും ആചാരങ്ങളിലും അതൃപ്തി ഉണ്ടാക്കി. പ്രയാസങ്ങളും പ്രതികാരങ്ങളും സഹിക്ക വയ്യാതെ പകലോമറ്റം പറമ്പിൽ തോമസ് അർക്കിദിയോക്കൻ്റെ നേതൃത്വത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ മട്ടാഞ്ചേരി പള്ളിമുറ്റത്തുള്ള കൽകുരിശ് സാക്ഷിയാക്കി സത്യം ചെയ്ത് വിദേശ ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് തങ്ങളുടെ പിതാക്കന്മാർ 1600 വർഷം പരിപാലിച്ച വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുവാൻ തീരുമാനിച്ചു. ഇത് കൂനൻ കുരിശ് സത്യം എന്ന് സഭാ ചരിത്രത്തിൽ അറിയപ്പെടുന്നു. ഈ സംഭവത്തിനുശേഷം നാലു മാസങ്ങൾ കഴിഞ്ഞ് 1653- മെയ് 22-ാം തീയതി ആലങ്ങാട്ട് പള്ളിയിൽവച്ച് 12 വൈദികർ കൂടി കൈവച്ച് മാർത്തോമ്മാ എന്ന പേരിൽ പറമ്പിൽ തോമസ് കത്തനാരെതന്നെ മെത്രാനായി സ്ഥാനാരോഹണം ചെയ്ത് കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ആദ്യത്തെ തദ്ദേശീയ മെത്രാനായി അവരോധിച്ചു. ഇദ്ദേഹം മാർത്തോമ്മാ ഒന്നാമൻ എന്ന പേരിൽ അറിയപ്പെടുന്നു.
അപ്പോസ്തോലിക പാരമ്പര്യം നില നിർത്തുന്നതിന് ആഗ്രഹിച്ച ഒന്നാം മാർത്തോമ്മാ, ബാബിലോണ്യ, അലക്സാന്ത്രിയ, അന്ത്യോഖ്യാ സഭകളോട് അപേക്ഷിച്ചതനുസരിച്ച് അന്ത്യോഖ്യാ സഭയുടെ കീഴിലുള്ള യെറുശലേമിലെ മാർ ഗ്രീഗോറിയോസ് അബ്ദുൽ ജലീൽ 1665-ൽ കേരളക്കരയിൽ എത്തി ഒന്നാം മാർത്തോമ്മായ്ക്ക് കൈവയ്പ് നൽകി മേൽപ്പട്ടസ്ഥാനം സ്ഥിരീകരിച്ചു. വലിയ മെത്രാപ്പോലീത്താ എന്നു വിളിക്കപ്പെടുന്ന ഒന്നാം മാർത്തോമ്മാ 1670-ഏപ്രിൽ 25-ാം തീയതി കാലം ചെയ്ത് അങ്കമാലി മാർത്തോമ്മൻ പള്ളിയിൽ കബറടക്കി. എല്ലാ പ്രതിബന്ധങ്ങളേയും ദൈവ കരങ്ങളിൽ ഭരമേല്പിച്ച ഒരു വീരയോദ്ധാവും ദൈവസാന്നിദ്ധ്യം തന്നോട് കൂടെയുണ്ടെന്നുള്ള പൂർണ്ണ ബോധത്തോടുംകൂടെ സഭയെ നയിച്ച ഉത്കൃഷ്ട നേതാവും ആയിരുന്നു ഒന്നാം മാർത്തോമ്മാ. മലങ്കര സഭയ്ക്ക്, മാർത്തോമ്മാ ശ്ലീഹാ കഴിഞ്ഞാൽ പിന്നീടുള്ള ഏറ്റവും സമുന്നതൻ, വിദേശ മേധാവിത്വത്തിനെതിരെ ധീരം ധീരം പോരാടിയ ഭാരതത്തിലെ ഒന്നാമത്തെ നേതാവ്, ഒന്നാമത്തെ സ്വാതന്ത്ര്യ സേനാനി, ആയുധം കൈയ്യിലില്ലാതെ ഗോലിയാത്തിനെതിരെ വെറും കല്ലും കവിണയുമായി ഇറങ്ങിത്തിരിച്ച ദാവീദിനെപ്പോലെ ഒരു ദൈവ വിശ്വാസി, അതായിരുന്നു ഒന്നാം മാർത്തോമ്മാ. ഒന്നാം മാർത്തോമ്മായുടെ ധന്യജീവിതത്തിനും നേതൃത്വത്തിനുമായി ദൈവമേ നിനക്കു സ്തുതി.