കടമറ്റം പള്ളിയിലെ മാർത്തോമ്മാ ഒൻപതാമൻ്റെ കബറിടം. മാർത്തോമ്മാ ഒൻപതാമൻ്റെ ചിത്രം ചരിത്രരേഖകളിൽ ഒന്നും തന്നെ ലഭ്യമല്ല.
ഒൻപതാം മാർത്തോമ്മാ (1816-1817)
എട്ടാം മാർത്തോമ്മാ അദ്ദേഹത്തിൻ്റെ വാഴ്ചയുടെ അന്തിമ കാലഘട്ടത്തിൽ തന്നെ തൻ്റെ പിതൃ സഹോദരനായ കടമറ്റത്ത് അയ്പ് തോമ്മാ കത്തനാരെ ഒൻപതാം മാർത്തോമ്മായായി വാഴിച്ചിരുന്നു. അധികം താമസിയാതെ മാർത്തോമ്മാ എട്ടാമൻ കാലം ചെയ്യുകയും മാർത്തോമ്മാ ഒൻപതാമൻ മലങ്കര സഭയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ഉപവിഷ്ടനാകുകയും ചെയ്തു. എന്നാൽ ഈ വന്ദ്യ പിതാവിൻ്റെ ഭരണ തുടക്കം അത്ര സുഖകരമായിരുന്നില്ല. അതിനുള്ള പ്രധാന കാരണം താഴെ പറയുന്ന സംഭവമാണ്.
എട്ടാം മാർത്തോമ്മായുടെ കാലത്ത് അദ്ദേഹത്തിൻ്റെ സഹായിയായി നിയമിക്കപ്പെട്ട കുന്നങ്കുളം പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ പിന്നീട് മാർത്തോമ്മാ മെത്രാനുമായി ചില തർക്കങ്ങളിൽ എർപ്പെടുകയും ബ്രിട്ടീഷ് റസിഡൻ്റ് കേണൽ മൺറോയ്ക്ക് പരാതി നൽകുകയും ചെയ്തു. കണ്ടനാട് പടിയോലയിൽ എടുത്ത തീരുമാനപ്രകാരം ഒരു പഠിത്തവീട് അഥവാ സെമിനാരി സ്ഥാപിക്കുന്നതിൽ മാർത്തോമ്മാ മെത്രാൻ വേണ്ടത്ര താല്പര്യം കാണിക്കാതിരുന്ന സാഹചര്യത്തിൽ സെമിനാരി സ്ഥാപിക്കുവാനുള്ള തൻ്റെ താല്പര്യം ഇട്ടൂപ്പ് റമ്പാൻ കേണൽ മൺറോയെ ധരിപ്പിക്കുകയും അതിലേക്കായി മുടങ്ങി കിടന്ന വട്ടിപ്പണ പലിശ റമ്പാൻ സ്വീകരിക്കുകയും ചെയ്തു. എന്നാൽ മെത്രാനല്ലാത്ത ആളെ പലിശ ഏൽപ്പിച്ചത് നിയമാനുസൃതമല്ലാതെ വരികയാൽ പലിശ തിരികെ അടയ്ക്കുവാൻ നിർബന്ധിതനായ റമ്പാൻ തൊഴിയൂർ സഭയുടെ കിടങ്ങൻ മാർ പീലക്സിനോസിൽ നിന്നും മാർ ദിവന്നാസ്യോസ് എന്ന പേരിൽ മെത്രാൻ സ്ഥാനം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് മാർ ദിവന്നാസ്യോസ് മെത്രാൻ കേണൽ മൺറോയുടെ ശുപാർശയോടുകൂടി മലങ്കര സഭയുടെ മെത്രാപ്പോലീത്തയായി തന്നെ അംഗീകരിച്ചുകൊണ്ടുള്ള തിരുവിതാംകൂർ റാണി ഗൗരി പാർവ്വതി ഭായിയുടെ തിരുവെഴുത്ത് വിളംബരം നേടിയെടുക്കുകയും മലങ്കര സഭാ ഭരണത്തിൽ ഇടപെടുവാൻ ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു.
മാർത്തോമ്മാ ഒൻപതാമൻ്റെ മെത്രാൻ സ്ഥാനം അഴിപ്പിക്കണമെന്നുള്ള വാദങ്ങളിലേക്ക് പിന്നീട് സംഗതികൾ നീങ്ങുകയും കടമറ്റം പള്ളിയിൽ താമസിച്ചിരുന്ന മാർത്തോമ്മാ മെത്രാൻ്റെ വടി, മുടി, സ്ലീബാ എന്നിവ അഴിപ്പിക്കുകയും ചുവപ്പു കുപ്പായം എടുത്തുമാറ്റുകയും ചെയ്തു. എന്നാൽ ഒൻപതാം മാർത്തോമ്മ തർക്കങ്ങളിൽ നിന്നുമെല്ലാം ഒഴിഞ്ഞ് ഈ അവസ്ഥ അംഗീകരിക്കുകയും സഭാ സംബന്ധിയായ കാര്യങ്ങളിൽ ഇടപെടാതെ ശിഷ്ടകാലം സ്വദേശമായ കടമറ്റം പള്ളിയിൽ പ്രാർത്ഥനയിലും ഉപവാസത്തിലും കഴിച്ചു കൂട്ടുകയും ചെയ്തു. മാർത്തോമ്മാ ഒൻപതാമൻ തൻ്റെ വാർദ്ധക്യ സഹജമായ ക്ഷീണാവസ്ഥയിലാണ് മെത്രാൻ സ്ഥാനം എറ്റത് എന്നത് ദിവന്നാസ്യോസ് മെത്രാൻ ഈ നടപടികൾ സുഗമമാക്കിയെന്നും കരുതാവുന്നതാണ്. എഴുപത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം മെത്രാൻ സ്ഥാനമേറ്റതെന്ന് ചില ചരിത്ര രേഖകളിൽ കാണുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണ കർത്താക്കൾ മലങ്കരയിലെ മെത്രാന്മാരുടെ നിയമനത്തിനും നിഷ്കാസനത്തിലും ഇടപെട്ട ആദ്യ സംഭവമാണിത്.
ഒൻപതാം മാർത്തോമ്മായെ സ്ഥാന ഭ്രഷ്ടനാക്കിയ ശേഷം മാർ ദിവന്നാസ്യോസ് മാർത്തോമ്മാ പത്താമനായി രാജകീയ വിളംബരത്തിൻ്റെ സഹായത്തോടുകൂടി അവരോധിക്കപ്പെട്ടുവെങ്കിലും എതാനും മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം കാലം ചെയ്തു. മാർ ദിവന്നാസ്യോസിന്റെ ആകസ്മിക നിര്യാണത്തെതുടർന്ന് സ്ഥാനഭ്രഷ്ടനാക്കിയ മാർത്തോമ്മാ മെത്രാനെ തിരികെ കൊണ്ടുവരുവാൻ ചില ശ്രമങ്ങൾ നടന്നെങ്കിലും അതു ഫലപ്രാപ്തിയിൽ എത്തിയില്ല. അധിക നാളുകൾ കഴിയും മുമ്പേ സ്ഥാനഭ്രഷ്ടനാക്കിയ മാർത്തോമ്മാ ദൈവ സന്നിധിയിലേക്ക് വാങ്ങിപ്പോകുകയും കടമറ്റം പള്ളിയിൽ കബറടക്കപ്പെടുകയും ചെയ്തു.
കൂനൻ കുരിശു സത്യത്തിനുശേഷം 1653 മുതൽ മലങ്കര സഭയ്ക്ക് ധീരമായ നേതൃത്യം നൽകിയ ഒന്നാം മാർത്തോമ്മാ മുതൽ ഒൻപതാം മാർത്തോമ്മാ വരെയുള്ള എല്ലാ മാർത്തോമ്മാ മെത്രാന്മാരും കുറവിലങ്ങാട് പകലോമറ്റം കുടുംബവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടവരായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഈ മാർത്തോമ്മാ മെത്രാന്മാരുടെ ധീര നേതൃത്വത്തിനായി ത്രീയേക ദൈവത്തിനു സ്തുതി.