Home
നോമ്പുകൾ അവസാനിക്കുന്നത് ഒരു പെരുന്നാളിൽ ആണെങ്കിലും നോമ്പുകളുടെ ഇട ദിവസങ്ങളിൽ (ഞായറാഴ്ച ഒഴികെ) പെരുന്നാളുകളുടെ ആചരണം കടന്നു വരാറില്ല. എന്നാൽ മൂന്ന് നോമ്പിലും, വലിയ നോമ്പിലും, പതിനഞ്ച് നോമ്പിലും ഞായറാഴ്ച ദിവസങ്ങൾ കൂടാതെ ചില പ്രധാന പെരുന്നാളുകൾ കടന്നു വരാറുണ്ട്.
ആദ്യമായി, പതിനഞ്ച് നോമ്പിൽ (ആഗസ്റ്റ് 1-15) വരുന്ന പെരുന്നാൾ ദിനമേതെന്ന് മനസ്സിലാക്കാം. ആഗസ്റ്റ് മാസം ആറാം തീയതി കൊണ്ടാടുന്ന നമ്മുടെ കർത്താവിന്റെ മറുരൂപ പെരുന്നാളാണ് ഈ നോമ്പിൽ കടന്നു വരുന്ന മോറാനായ പെരുന്നാൾ. എല്ലാവർഷവും നിശ്ചിത തീയതിയിൽ ആചരിക്കുന്നതിനാൽ ഇത് ഞായറാഴ്ചയോ ഇട ദിവസങ്ങളിലോ വരാം.
മൂന്ന് നോമ്പിലും വലിയ നോമ്പിലും ഒരു പോലെ കടന്നു വരാവുന്ന ഏക മോറാനായ പെരുന്നാളാണ് നമ്മുടെ കർത്താവിന്റെ ദൈവാലയ പ്രവേശന പെരുന്നാൾ.
ദൈവാലയ പ്രവേശനം എല്ലാ വർഷവും നിശ്ചിത തീയതിയിൽ അതായത്, ഫെബ്രുവരി മാസം രണ്ടാം തീയതി കൊണ്ടാടുന്നു. എന്നാൽ മൂന്ന് നോമ്പിന്റെയും വലിയ നോമ്പിന്റെയും തീയതികൾ ഓരോ വർഷവും മാറി വരുന്നു. മാർച്ച് 21 കഴിഞ്ഞ് വരുന്ന പൂർണ്ണ ചന്ദ്രനു ശേഷമുള്ള ഞായറാഴ്ചയായി നിശ്ചയിക്കുന്ന ഉയിർപ്പ് ഞായറാഴ്ചയ്ക്ക് മുമ്പുള്ള അൻപത് ദിവസങ്ങളിൽ വലിയ നോമ്പും, വലിയനോമ്പാരംഭത്തിന് മൂന്നു ആഴ്ച മുമ്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പും ആചരിക്കുന്നു. ജനുവരി 12-നും ഫെബ്രുവരി 18-നും മദ്ധ്യേയായിരിക്കും മൂന്നു നോമ്പ് എല്ലാ വർഷവും ആചരിക്കപ്പെടുന്നത്. ഇങ്ങനെ രണ്ടു നോമ്പുകളുടെ തീയതികൾ എല്ലാവർഷവും മാറിവരികയും ദൈവാലയ പ്രവേശനം നിശ്ചിത തീയതിയിൽ ആചരിക്കുകയും ചെയ്യുന്നതാണ് ഇപ്രകാരം ഈ പെരുന്നാൾ മൂന്നു നോമ്പിലും വലിയ നോമ്പിലും കടന്നു വരാൻ കാരണം.
ഇതിൻ പ്രകാരം, സമീപകാലത്തു 1971, 1982, 1993, 1998, 2004, 2009 എന്നീ വർഷങ്ങളിൽ മൂന്നു നോമ്പ് ദിവസങ്ങളിൽ ഈ പെരുന്നാൾ വന്നിരുന്നു. ഇനി 2066 ൽ മാത്രമേ മൂന്ന് നോമ്പ് ദിവസങ്ങളിൽ ഈ പെരുന്നാൾ വരികയുള്ളു.
എന്നാൽ വളരെ അപൂർവ്വമായേ ഈ പെരുന്നാൾ വലിയനോമ്പിൽ കടന്നു വരികയുള്ളു. അതും ആദ്യ തിങ്കളാഴ്ച മാത്രം, അതിനപ്പുറം പോകയില്ല. നമ്മുടെ സഭ ഇപ്പോൾ പിൻതുടരുന്ന ഗ്രിഗോറിയോൻ കലണ്ടർ പ്രകാരം 1598, 1693, 1761, 1818 എന്നീ വർഷങ്ങളിൽ മാത്രമേ ഇങ്ങനെ സംഭവിച്ചിട്ടുള്ളു. 1818 കഴിഞ്ഞാൽ 467 വർഷത്തിന് ശേഷം ഇനി 2285 ലും പിന്നെ 2353, 2437, 2505... മുതലായ വർഷങ്ങളിലും ഇങ്ങനെ സംഭവിക്കും.
അതുപോലെ, വലിയ നോമ്പിൽ മാത്രം ഞായറാഴ്ചകളിലും ഇട ദിവസങ്ങളിലും കടന്നു വരുന്ന പെരുന്നാളാണ് വിശുദ്ധ കന്യകമറിയാമിനോടുള്ള അറിയിപ്പിന്റെ പെരുന്നാൾ.
എല്ലാവർഷവും മാർച്ച് 25 നാണ് ഇത് കൊണ്ടാടുന്നത് (ഡിസംബർ 25 നു മുൻപ് ഒൻപത് മാസം). ഈ വർഷം (2024) ഈ പെരുന്നാൾ കഷ്ടാനുഭവ ആഴ്ച തിങ്കളാഴ്ച ആണ്. അടുത്തകാലത്ത് 2002 ലും 2005 ലും ഈ വർഷത്തെപ്പോലെ ഈ പെരുന്നാൾ തിങ്കളാഴ്ച വന്നിരുന്നു. ഇനിയും ഈ നൂറ്റാണ്ടിൽ 14 തവണ കൂടി ഇപ്രകാരം ഈ പെരുന്നാൾ ഹാശാ ആഴ്ചയിലെ വിവിധ ദിവസങ്ങളിൽ കടന്നു വരും.
ഈ പെരുന്നാൾ ചുരുക്കം ചില വർഷങ്ങളിൽ ദുഃഖ വെള്ളിയാഴ്ച കടന്നുവരാറുണ്ട്. ഈ നൂറ്റാണ്ടിൽ 2005, 2016 എന്നീ വർഷങ്ങളിൽ ഇപ്രകാരം വന്നിരുന്നു. ഇനിയും 2157-ൽ മാത്രമേ ഈ പെരുന്നാൾ ദുഃഖവെള്ളിയാഴ്ച വരികയുള്ളൂ.
സാധാരണ, വലിയ നോമ്പിൽ ഞായറാഴ്ചകളിലും, പകുതി നോമ്പ്, നാൽപ്പതാം വെള്ളി, പെസഹാ എന്നീ ദിവസങ്ങളിലും മാത്രമേ വി. കുർബാന അനുഷ്ഠിക്കാറുള്ളൂ. എന്നാൽ അറിയിപ്പിന്റെ പെരുന്നാളോ, മുമ്പ് പറഞ്ഞതുപോലെ ദൈവാലയ പ്രവേശന പെരുന്നാളോ വലിയ നോമ്പിൽ ഇട ദിവസങ്ങളിലോ ഹാശാ ആഴ്ചയിലോ വരുകയാണെങ്കിൽ നോമ്പ് നമസ്കാരങ്ങൾക്കും ഹാശാ നമസ്കാരങ്ങൾക്കും പകരം പെരുന്നാൾ നമസ്കാരങ്ങളും വിശുദ്ധ കുർബാനയും അനുഷ്ഠിക്കുന്ന പതിവ് പൗരസ്ത്യ സഭകളിലുണ്ട്.