പതിമൂന്നാം മാർത്തോമ്മാ (1852-1877)
പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാംപാതിയില്‍ കാല്‍നൂറ്റാണ്ടുകാലം മലങ്കര നസ്രാണികള്‍ സമൂഹത്തിന് നേതൃത്വം നല്കിയ മലങ്കരസഭ രാജാവ് എന്ന അപരനാമത്തില്‍ സര്‍വ്വദാ അര്‍ഹനായിരുന്നു മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ മലങ്കര സഭയുടെ ചരിത്രത്തില്‍ പതിമൂന്നാം അറിയപ്പെടുന്നു. മലങ്കരയുടെ പന്ത്രണ്ടാം മാര്‍ത്തോമാ ചേപ്പാട് മാര്‍ ദിവന്നാസിയോസ് അഥവാ ദീവന്നാസിയോസ് നാലാമന് സ്ഥാനം ഒഴിഞ്ഞപ്പോള്‍ ക്രിസ്തുവര്‍ഷം 1852 തിരുവിതാംകൂര്‍ മഹാരാജാവിന്റെ തിരുവെഴുത്ത് വിളംബരത്തിന്റെ അംഗീകാരത്തോടെ കൂടിയാണ് പതിമൂന്നാം മാര്‍ത്തോമ മലങ്കര സഭയുടെ സാരഥ്യം ഏറ്റെടുക്കുന്നത്.
മലങ്കര സുറിയാനി സഭയെ ധീരതയോടെ നയിച്ച ഈ വീര പരാക്രമിയായ മെത്രാപ്പൊലീത്തയുടെ ജനനം 1818 ല്‍ മലങ്കര സഭാ നവീകരണത്തിന്റെ ഉപജ്ഞാതാവായ അബ്രഹാം മല്പ്പാന്ന്റെയും മലങ്കര സഭയ്ക്ക് നേതൃത്വം നല്‍കിയിട്ടുള്ള പ്രഗല്ഭരായ വൈദിക ശ്രേഷ്ഠന്മാര്ക്ക് ജന്മമേകിയ മാരാമണ്‍ പാലക്കുന്നത്ത് കുടുംബത്തിലായിരുന്നു. തന്റെ ഏഴാം വയസ്സില്‍ പ്രസിദ്ധനായ ചേകോട്ടാശാന്റെ നേതൃത്വത്തില്‍ പഠനം ആരംഭിക്കുകയും തുടര്‍ന്ന് അബ്രഹാം മല്പ്പാന് ഒപ്പം പഴയസെമിനാരി പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുകയും ചെയ്തു. പതിമൂന്നാം വയസ്സില്‍ ദിവന്നാസിയോസ് നാലാമന് മെത്രാപോലിത്തയില് നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. സെമിനാരിയിലെ പഠനത്തിനുശേഷം മാത്യുസ് ശെമ്മാശന് സഹപാഠിയായ ജോര്‍ജ് മാത്തന് ശെമ്മാശനോടൊപ്പം ഉപരിപഠനത്തിനായി മദ്രാസിലേക്കു പോയി. രണ്ടുവര്‍ഷത്തെ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കി 1839 തിരിച്ചു സ്വന്തം നാട്ടില്‍ എത്തിച്ചേര്‍ന്നു.
മാത്യൂസ് ശെമ്മാശന്റെ അന്ത്യോഖ്യാ സന്ദര്‍ശനം
മാത്യൂസ് ശെമ്മാശ് മദ്രാസില്‍ നിന്നും തിരിച്ചെത്തിയ സമയം മലങ്കരസഭയിലെ രംഗങ്ങള്‍ പ്രക്ഷുപ്തമായിരുന്നു. അബ്രഹാം മല്പാന് നവീകരണ ആശയങ്ങളോടുള്ള മാര്‍ ദിവന്നാസിയോസ് നാലാമന്റെ എതിര്‍പ്പുകള്‍ മൂലം അബ്രഹാം മല്പാനും കൂട്ടര്‍ക്കും കോട്ടയം സെമിനാരി വിടേണ്ടി വന്നിരിക്കുന്നു. അബ്രഹാം മല്പ്പാനോടൊപ്പം പഠിച്ച ശെമ്മാശന്മാര്‍ക്ക് മാര്‍ ദിവന്നാസിയോസ് നാലാമന് കശീശ പട്ടം നല്‍കുകയില്ലെന്നു ശഠിച്ചിരിക്കുന്നു. ഈ വിഷമഘട്ടത്തില്‍ മാത്യൂസ് ശെമ്മാശ് എടുത്ത തീരുമാനം സഭയുടെ ഭാവി തന്നെ മാറ്റിമറിച്ചു എന്നുള്ളതില്‍ സംശയമില്ല. അന്ത്യോക്യയില്‍ പോയി പത്രിയര്‍കീസില്‍ നിന്നും പട്ടം ഏറ്റ് മലങ്കരസഭയെ അതിന്റെ നിര്‍മല അവസ്ഥയില്‍ നയിക്കണം എന്നുള്ള തന്റെ പിതൃസഹോദരനായ അബ്രഹാം മല്പ്പാന് മുതലായവരുടെ ആലോചനയോടൊപ്പം യോജിക്കുകയും അതിനു സ്വതവേ തയ്യാറാക്കുകയും ചെയ്തു. 1840 ല്‍ അന്ത്യോക്യയിലെ മര്ദീനിലേക്ക് ശെമ്മാശ് യാത്ര തിരിച്ചു. വളരെ ദുര്‍ഘടമായ യാത്രാവസാനം, ഏകദേശം ആറ് മാസങ്ങള്‍ക്ക് ശേഷം അന്ത്യോക്യാ സുറിയാനി സഭയുടെ പാത്രിയര്‍ക്കീസ് ബാവയുടെ കൂര്ക്മ ദയറായില്‍ എത്തിച്ചേര്‍ന്നു. മാത്യൂസ് ശെമ്മാശന്റെ വേദപുസ്തക ജ്ഞാനത്തിലും പള്ളി ക്രമത്തിലുള്ള അറിവിലും പ്രസംഗത്തിനുള്ള കഴിവിലും ബാവ അത്യധികം സന്തോഷിച്ചു. ഈ കാലഘട്ടത്തില്‍ ശെമ്മാശന് ഒരിക്കല്‍ക്കൂടി ശെമ്മാശ് പട്ടവും ശേഷം കശീശ പട്ടവും നല്കുകയുണ്ടായി. ഏകദേശം ആറു മാസക്കാലം ദയറായില്‍ മാത്യൂസ് ശെമ്മാശന് താമസിച്ചു. തുടര്‍ന്ന് മലങ്കര സഭയുടെ മേല്പ്പട്ട സ്ഥാനത്തിന് മാത്യൂസ് കശീശാ സര്‍വ്വദാ യോഗ്യനാണെന്ന് ബാവായ്ക്ക് ബോധ്യം ആയതിനാല്‍, മാര്‍ ദിവന്നാസ്വോസ് നാലാമന്റെയും കൂട്ടരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് മാത്യുസ് സമവെമ്യമാ റമ്പാന് ആയും അതിന് ശേഷം ക്രിസ്തുവര്‍ഷം 1842 ല്‍ ഫെബ്രുവരി മാസം നമ്മുടെ കര്‍ത്താവിന്റെ ദൈവാലയ പ്രവേശന പെരുന്നാള്‍ ദിവസം മാത്യൂസ് മാര്‍ അത്താനാസിയോസ് എന്ന നാമധേയത്തില്‍ മെത്രാപ്പോലീത്തായും പരിശുദ്ധ ഏലിയാസ് ബാവ പട്ടം കെട്ടി. തുടര്‍ന്ന് ഏകദേശം 14 മാസം മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ മൂസല്‍ എന്ന സ്ഥലത്ത് ഭദ്രാസന ചുമതല വഹിച്ചു. മൂസലിലെ സുറിയാനി സഭക്ക് കത്തോലിക്കാ സഭയില്‍ നിന്നും പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് മാര്‍ മാത്യു അത്താനാസിയോസ് മെത്രാപ്പോലീത്ത ഈ ഭദ്രാസനത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നത്. മൂസലില്‍ വീടുകള്‍തോറും സഞ്ചരിച്ചു ജനത്തെ പ്രബോധിപ്പിച്ചും ഞായറാഴ്ച പ്രസംഗങ്ങള്‍ നടത്തിയും മൂസല്‍ ഭദ്രാസനത്തെ അദ്ദേഹം ഉയര്‍ത്തി. മോസില്ല ചുരുക്ക കാലത്തെ ഭരണത്തിന് ശേഷം അദ്ദേഹം അന്ത്യോഖ്യാ പാത്രിയര്ക്കീന്റെ അധികാര പത്രവും മലങ്കരയ്ക്ക് വേണ്ടി ശുദ്ധീകരിക്കപ്പെട്ട വിശുദ്ധ മൂറോനുമായി മലങ്കരയിലേക്ക് യാത്രതിരിച്ചു.
മെത്രാപ്പോലീത്തയുടെ കേരളത്തിലേക്കുള്ള പ്രത്യാഗമനം മുതല്‍ പതിമൂന്നാം മാര്‍ത്തോമാ സ്ഥാനാരോഹണം വരെയുള്ള സംഭവങ്ങള്‍
മെത്രാപോലീത്ത തന്റെ ഭൃത്യന് റഫായുമൊത്ത് 1843 ഫെബ്രുവരി മാസം ബോംബെയില്‍ വന്നു. തുടര്‍ന്ന് കൊച്ചിയില്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് മട്ടാഞ്ചേരി പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഉള്ള ആരാധന എന്ന തന്റെ പിതൃ സഹോദരനായ അബ്രഹാം മല്പാന്റെ സ്വപ്നത്തിന് കരുത്തേകി കൊണ്ട് കുര്‍ബ്ബാനയിലെ അധികഭാഗവും എല്ലാവര്ക്കും മനസ്സിലാകും വിധം മലയാളത്തില്‍ പരിഭാഷപ്പെടുത്തി ആണ് ചൊല്ലിയത്. പൊതുവേ മലയാളത്തില്‍ കുര്‍ബാന ചൊല്ലുന്ന പതിവ് അക്കാലത്ത് ഇല്ലായിരുന്നു. തുടര്‍ന്ന് 1843 മെയ് മാസം അവസാന ആഴ്ചയില്‍ മാരാമണ്‍ എത്തിച്ചേര്‍ന്നു അബ്രഹാം മല്പാനെ സന്ദര്‍ശിച്ചു. തന്റെ അനന്തരവന് എത്രയുംവേഗം മലങ്കരയിലെത്തി തന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം എന്ന ആഗ്രഹത്തിന് ഒരു ഫലപ്രാപ്തി കൈവന്നു. എന്നാല്‍ മലങ്കരസഭാ ഭരണം കൈക്കലാക്കുവാന്‍ ശ്രമിക്കരുതെന്ന അബ്രഹാം മല്പ്പാന്റെ ആശയത്തോട് യോജിക്കാതെ അവിടെ കൂടിയിരുന്ന പലരുടെയും ആലോചനകള്‍ മെത്രാപോലീത്തയ്ക്ക് സ്വീകാര്യം എന്ന് തോന്നിയതിനാല്‍ ഗവണ്മെന്റ് നിന്നും തിരുവെഴുത്ത് വിളംബരം ലഭ്യമാക്കുവാന്‍ തീരുമാനിച്ചു. മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ ആഗമനം മാര്‍ ദിവന്നാസിയോസ് നാലാമനില്‍ ആശങ്കകള്‍ ഉയര്‍ത്തി. എന്നിരുന്നാലും മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത മാര്‍ ദിവന്നാസിയോസ് നാലാമനെ ചെന്നു കാണുകയുണ്ടായി. തുടര്‍ന്ന് മാര്‍ അത്താനാസിയോസിന്റെ സ്ഥാത്തിക്കാന് വായിച്ചു കേള്‍ക്കുവാന്‍ നിരണത്തും കണ്ടനാട്ടും യോഗങ്ങള്‍ വിളിച്ചു കൂട്ടുവാന്‍ മാര്‍ ദിവന്നാസ്യോസ് മുന്‍കൈയെടുത്ത് എങ്കിലും ചില അസ്വാരസ്യങ്ങള്‍ ഉണ്ടായതിനാല്‍ സ്ഥാത്തിക്കോന് വായിച്ചു കേള്‍ക്കുവാന്‍ സാധിച്ചില്ല. അതിനുശേഷം 1843 സെപ്തംബര്‍ മാസം കോട്ടയം കലുങ്കത്തറ പള്ളിയില്‍ മാര്‍ അത്താനാസിയോസ് സ്ഥാത്തിക്കോ ന് വായിക്കുവാനും ഭാവി പരിപാടികള്‍ തീരുമാനിക്കാനും ഒരു യോഗം മാര്‍ അത്താനാസ്യോസിന്റെ അധ്യക്ഷതയില്‍ കൂടി. അവിടെ കൂടി എടുത്ത തീരുമാനങ്ങള്‍ കല്ലുങ്കത്തറ പടിയോല എന്നറിയപ്പെടുന്നു. മാത്യൂസ് മാര്‍ അത്താനാസിയോസിനെ അംഗീകരിക്കുവാനും നിഖ്യ, കുസ്തന്തീനോസ്, എഫെസൊസ് എന്നീ മൂന്നു പൊതു സുന്നഹദോസുകളിന് പ്രകാരവും അന്ത്യോക്യന്‍ സഭയുടെ ക്രമം പോലെയും മാത്യൂസ് മാര്‍ അത്താനാസ്യോസിനു നല്‍കിയിട്ടുള്ള സ്ഥാത്തിക്കോന് അനുസരിച്ചും കാര്യങ്ങള്‍ മലങ്കര സഭയില്‍ നടത്തുക എന്ന തീരുമാനം ഈ യോഗം കൈക്കൊണ്ടു.അതിനുശേഷം മാര്‍ അത്താനാസിയോസ് തിരുവെഴുത്തു വിളംബരം നേടാനായി തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാള്‍ രാമവര്‍മ്മയെ സന്ദര്‍ശിച്ചു. രാജാവ് പെട്ടെന്ന് നാടുനീങ്ങിയതിനാല്‍ തിരുവെഴുത്ത് വിളംബരം നേടാനായില്ല. ഇതിനിടെ 1845 സെപ്റ്റംബര്‍ മാസം അബ്രഹാം മല്പ്പാന് തന്റെ അനന്തരവന് മാത്യൂസ് മാര്‍ അത്താനാസിയോസിനെ നവീകരണത്തിന്റെ ചുക്കാന്‍ ഭരമേല്പിച്ച് തന്റെ പിതാവിന്റെ സന്നിധിയിലേക്ക് വാങ്ങിപ്പോയി. പിന്നീട് തിരുവെഴുത്ത് വിളംബരം നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെ മാര്‍ ദിവന്നാസ്യോസ് നാലാമനും കൂട്ടരും ഇതിനെതിരെ പരാതികള്‍ ബ്രിട്ടീഷ് റസിഡണ്ടിനും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനും അയച്ചുകൊണ്ടിരുന്നു. ഈ പരാതികള്‍ പരിശോധിക്കുന്നതിന് 1846 ല്‍ മലങ്കര സഭയെ ഭരിക്കുന്നതിന് ഒരു സ്ഥാത്തിക്കോന്നും കൊടുത്ത് യുയാക്കിം മാര്‍ കൂറിലോസ് മെത്രാപോലീത്തയെ മലങ്കരയ്ക്കു അയച്ചു. തുടര്‍ന്ന് 1848 ല്‍ സര്‍ക്കാരില്‍ നിന്ന് ഒരു കമ്മീഷന് വാദങ്ങള്‍ കേള്‍ക്കുവാന്‍ നിയോഗിക്കപ്പെട്ടു. ഇതിനിടെ യുയാക്കിം മാര്‍ കൂറിലോസ് ആവശ്യപ്രകാരം 1849 മാര്‍ സ്തേഫാനോസ് എന്ന മെത്രാനും ശിമയോന് റമ്പാനും പാത്രിയര്ക്കീസില് നിന്നും ബ്രിട്ടീഷ് റസിഡണ്ടിനുള്ള കത്തുമായി മലങ്കരയിലെത്തി. എന്നാല്‍ മാര്‍ സ്തേഫാനോസിനു പള്ളികളില്‍ പ്രവേശിക്കാന്‍ വേണ്ടത്ര പിന്തുണയും അനുമതിയും ബ്രിട്ടീഷ് റസിഡണ്ടില് നിന്നും കിട്ടിയില്ല. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് ഇരുകൂട്ടരുടെയും വാദങ്ങള്‍ കേട്ടതിനു ശേഷം മാര്‍ അത്താനാസിയോസിനെതിരെ ഉന്നയിക്കപ്പെട്ട വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ പന്ത്രണ്ടാം മാര്‍ത്തോമ മാര്‍ ദിവന്നാസ്യോസ് നാലാമന് മാര്‍ കൂറിലോസ് വേണ്ടി സ്ഥാനത്യാഗം ചെയ്യുകയും ചെയ്തിരുന്നു. ഈ വാദങ്ങളുടെ വെളിച്ചത്തില്‍ 1852 ജൂലൈ മാസം മാര്‍ അത്താനാസിയോസിനെ മലങ്കര സഭയുടെ മെത്രാപ്പോലീത്ത ആയി അംഗീകരിച്ചു കൊണ്ട് തിരുവിതാംകൂര്‍ രാജാവ് തിരുവെഴുത്ത് വിളംബരം പുറപ്പെടുവിച്ചു. അടുത്ത വര്‍ഷം തന്നെ കൊച്ചിയിലും ഈ വിളംബരം പ്രസിദ്ധം ചെയ്തു. ഇപ്രകാരം മാത്യൂസ് മാര്‍ അത്താനാസിയോസ് മലങ്കര സുറിയാനി സഭയിലെ പതിമൂന്നാം മാര്‍ തോമയായി അധികാരത്തിന്റെയും സേവനത്തിന്റെയും ഔദ്യോഗിക പദവിയില്‍ ഉപവിഷ്ടനായി. ഈ കാലങ്ങളിലൊക്കെ തനിക്കെതിരെ നിന്ന് മാര്‍ കുറിലോസ്, മാര്‍ സ്തേഫാനോസ് എന്നീ മെത്രാന്മാരോടു വളരെ സൗഹൃദത്തിലായിരുന്നു മാര്‍ അത്താനാസ്യോസ് കഴിഞ്ഞിരുന്നത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. കോട്ടയം സെമിനാരി ചാപ്പലില്‍ ഒരുമിച്ച് ശുശ്രൂഷകള്‍ നടത്തുകയും ഒരുമിച്ച് ഇടവകകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നതു കൂടാതെ സ്തേഫാനോസിന്റെ പ്രസംഗം മലയാള ത്തിലേക്ക് തര്‍ജ്ജിമ ചെയ്യുന്നതും മാര്‍ അത്താനാസ്യോസ് ആയിരുന്നു.
തിരുവെഴുത്തു വിളംബരത്തിനു ശേഷമുള്ള സംഭവങ്ങള്‍
തിരുവെഴുത്തു വിളംബരത്തോടെ കൂടി പള്ളികളെല്ലാം മാത്യൂസ് മാര്‍ അത്താനാസിയോസിന്റെ അധീനതയിലായി. തിരുവെഴുത്തു വിളംബരം കിട്ടിയശേഷം മാത്യൂസ് മാര്‍ അത്താനാസിയോസ് ആദ്യം സന്ദര്‍ശിച്ചത് മാവേലിക്കര പുതിയകാവ് പള്ളിയിലായിരുന്നു. അക്കാലത്ത് ചേപ്പാട് പള്ളിയില്‍ സ്വസ്ഥമായി താമസിക്കുകയായിരുന്നു മാര്‍ ദിവന്നാസിയോസ് നാലാമനെ കാണുവാനാണ് മാര്‍ അത്താനാസ്യോസ് പിന്നീട് പോയത്. ഋതു സഹജമായ സ്നേഹത്തോടെയുള്ള സ്വീകരണമാണ് മാര്‍ അത്താനാസിയോസ് അവിടെ ലഭിച്ചത് വലിയ മെത്രാച്ചന് തന്റെ കൈവശമുണ്ടായിരുന്ന കാപ്പാ, ശീലമുടി മുതലായവ കൊച്ചു മെത്രാച്ചനു സമ്മാനിച്ചു. ഏകദേശം ഒരു വര്‍ഷക്കാലം ഇങ്ങനെ മാര്‍ അത്താനാസിയോസ് മലങ്കരയിലെ ഇടവകകള്‍ സന്ദര്‍ശിച്ചു കൊണ്ടിരുന്നു. ഈ അവസരത്തില്‍ മാര്‍ ദിവന്നാസ്യോസ് നാലാമന് രോഗശയ്യയില്‍ ആണെന്ന വിവരം ലഭിച്ചപ്പോള്‍ ചേപ്പാട്ടു എത്തുകയും മെത്രാച്ചനെ നിസ്സഹായ അവസ്ഥയില്‍ കിടത്തിയിരുന്നത് കണ്ടപ്പോള്‍ ജനങ്ങളെ കഠിനമായി ശാസിക്കുകയും കിടന്നിരുന്ന മുറി വെടിപ്പാക്കുകയും അതിനുശേഷം ഏകദേശം രണ്ടാഴ്ചയോളം അവിടെത്തന്നെ താമസിച്ചു പരിചരണങ്ങള്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നുള്ള സമയങ്ങളില്‍ ദൂരെ പോകാതെ സമീപ ഇടവകകള്‍ സന്ദര്‍ശിച്ചു വലിയ മെത്രാച്ചന്റ മരണംവരെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിച്ചു. 1845 ഒക്ടോബര്‍ മാസം ചേപ്പാട് മാര്‍ ദിവന്നാസ്യോസ് നാലാമന്റെ കബറടക്ക ശുശ്രൂഷയും മാത്യുസ് മാര്‍ അത്താനാസ്യോസിന്റ പ്രധാന കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്. തന്റെ പിതൃ സഹോദരനായ അബ്രഹാം മല്പ്പാനെ കോട്ടയം സെമിനാരിയില്‍ നിന്നും പുറത്താക്കുകയും പിന്നീട് തന്നോടു പലവിധത്തില്‍ പരാതികള്‍ നല്‍കുകയും ചെയ്ത മാര്‍ ദിവന്നാസ്യോസിനെ അദ്ദേഹത്തിന്റെ രോഗശയ്യയില്‍ ബഹുമാനത്തോടും പിതൃസ്നേഹത്തോടും ശുശ്രൂഷിക്കുവാന്‍ മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത കാണിച്ച മഹാമനസ്കത ഒരു വലിയ ക്രിസ്തീയ സാക്ഷ്യം ആണ്.
ഇതിനിടെ 1856 മലങ്കരയില്‍ വന്നുചേര്‍ന്ന യറുശലേം പാത്രയര്‍ക്കീസ് ഗ്രിഗോറിയോസിനോട് (ഒസ്താത്തിയോസ് അബ്ദല്‍ നൂര്‍ മെത്രാപ്പോലീത്ത) വളരെ സൗഹാര്‍ദ്ദപരമായ നിലപാടാണ് സ്വീകരിച്ചത്. തന്നോട് എതിര്‍ത്തു നിന്ന കുറിലോസിനോടും പാത്രിയര്‍ക്കീസിനോടും ഒപ്പം പള്ളികള്‍ തോറും സന്ദര്‍ശനം നടത്തുകയും യറുശലേം സഭയെ സഹായിക്കുന്നതിനു വേണ്ടി ജനങ്ങളില്‍ നിന്നും പണം പിരിച്ച് പാത്രയര്‍ക്കീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. പാത്രിയര്‍ക്കീസിന്റ പള്ളികളിലെ പ്രസംഗം പരിഭാഷപ്പെടുത്തിയിരിക്കുന്നത് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത ആയിരുന്നു. സഹ മെത്രാപ്പോലീത്തമാരോടു മാര്‍ അത്താനാസ്യോസിനുണ്ടായിരുന്ന സ്നേഹവും സഹകരണവും എടുത്തുപറയേണ്ട ഒരു സ്വഭാവ വിശേഷമാണ്.
സഭയുടെ ആവശ്യത്തിനായി 1856 കോട്ടയം സെമിനാറില്‍ സെന്തോമസ് എന്ന പേരില്‍ ഒരു അച്ചുകൂടം മാര്‍ അത്താനാസ്യോസ് സ്ഥാപിച്ചു. 1856 മലയാളത്തില്‍ ഒരു നമസ്കാര പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 1857 ല്‍ മാര്‍ത്തോമാശ്ലീഹായുടെ ഇടവകയാകുന്ന മലങ്കര സുറിയാനി സഭയുടെ കാനോനും ഈ അച്ചകൂട്ടത്തില്നിന്നും പ്രസിദ്ധപ്പെടുത്തി. മലങ്കര സഭയിലെ പ്രഥമ ലിഖിത ചട്ടങ്ങളുടെ ക്രോഡീകരണം ആയിരുന്നു ഈ കാനോന്‍ എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പള്ളി വരുമാനങ്ങളുടെ കാര്യകര്‍ത്തൃത്വം, പള്ളി ചുമതലക്കാരുടെ കര്‍ത്തവ്യങ്ങള്‍, സഭയിലെ പട്ടത്വ ക്രമങ്ങള്‍, സഭാ സ്ഥാനികളുടെ കര്‍ത്തവ്യങ്ങള്‍, വിശ്വാസ സംബന്ധമായ പ്രബോധനങ്ങള്‍, വി. കുര്ബാനനുഷ്ഠാനം, മാമോദീസാ, വൈദിക സ്ഥാനികളുടെ അംശ വസ്ത്രങ്ങള്‍, നോമ്പ് . പെരുന്നാളുകള്‍ ഞായറാഴ്ച ആചരണം, വിവാഹ നിയമങ്ങള്‍, കുമ്പസാരം, തൈലാഭിഷേകം, ശവസംസ്കാരം, അവകാശ ക്രമങ്ങള്‍ എന്നിത്യാദി സഭയിലെ ആത്മീയ ലൗകിക കാര്യങ്ങളുടെ സൂക്ഷ്മമായ ഉപദേശങ്ങള്‍ അടങ്ങിയതാണീ കാനോന്‍. സഭയുടെ നവീകരണത്തിന് മൂലാധാരമായ വിശുദ്ധ വേദപുസ്തക പഠനത്തോടൊപ്പം ഈ കാനോന്‍ നിയമാവലികള്‍ കൂടിയായപ്പോള്‍ നവീകരണം കൂടുതല്‍ ഉത്തേജിതവും ഫലപ്രദവുമായി. ഇതുകൂടാതെ 1853-ല്‍ കോട്ടയം സെമിനാരിയില്‍ ഒരു പള്ളിപ്രതിപുരുഷ യോഗം വിളിച്ചുകൂട്ടി പള്ളി നടത്തിപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ചട്ടവരിയോലയും ഉണ്ടാക്കിയിരുന്നു. തെക്കുള്ള മിക്ക പള്ളികളും വടക്കുനിന്നുള്ള ഏതാനും പള്ളികളും ഇതില്പങ്കെടുത്തിരുന്നു പള്ളി നടത്തിപ്പിനെയും പട്ടക്കാരെയും വിശ്വാസത്തെയും സംബന്ധിക്കുന്ന നിയമങ്ങളുമൊക്കെ അടങ്ങിയ 103 കാര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു ഭരണഘടനയുടെ കാനോനിന്റെയും പല ലക്ഷണങ്ങളും ഇതില്‍ ഉണ്ടായിരുന്നു. 1870 കോട്ടയം തഹസീല്‍ദാര്‍ ഇറക്കിയ സുറിയാനി ക്രിസ്താനികളുടെ അവകാശ കാനോന്‍ മുഴുവനായും പരിശോധിച്ച് അംഗീകരിച്ചതും മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ ആയിരുന്നു. മേല്‍പ്പറഞ്ഞ ക്രോഡീകരണങ്ങള്‍, മെത്രാപ്പോലീത്തയുടെ വിശ്വാസപരമായും പള്ളി നിയമപരമായും അതുപോലെ അവകാശ നിയമപരമായുള്ള അഗാധ ജ്ഞാനത്തിന്റെ ഉറവിടങ്ങളാണ്.
ഇക്കാലത്ത് തോഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭയിലെ ഒരു വ്യവഹാരത്തില്‍ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് ഇടപെടേണ്ടി വന്നു. 1856-ല്‍ തോഴിയൂരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പിന്‍ഗാമിയെ വാഴിക്കാതെ കാലം ചെയ്തു. തോഴിയൂര്‍ സഭയുടെ അപേക്ഷപ്രകാരം മാര്‍ അത്താനാസിയോസ് തോഴിയൂരെത്തി ഭീഷണികള്‍ പലതും വകവയ്ക്കാതെ പനക്കല്‍ യൗസേഫ് കശീശായെ യൗസേഫ് മാര്‍ കൂറിലോസ് നാലാമന് എന്ന പേരില്‍ മെത്രാനായി അഭിഷേകം ചെയ്തു. ഇതിനിടെ മറ്റൊരു കൂട്ടര് കുന്നംകുളം കോലാടി ചാക്കുണ്ണി കശീശായെ മാര്‍ കൂറിലോസിനെ കൊണ്ട് മെത്രാനായി വാഴിക്കുവാന്‍ ശ്രമിച്ചിരുന്നു. പരാജിതനായ മാര്‍ കൂറിലോസ് തന്റെ അനുയായികളുമായി ചേര്‍ന്ന് പാത്രിയര്ക്കീസില് നിന്നും തനിക്ക് ലഭിച്ച സ്ഥാത്തിക്കോന് പ്രകാരം തന്റെ മേലധികാരം സ്ഥാപിച്ചു കിട്ടുവാന്‍ കോഴിക്കോട് സിവില്‍ കോടതിയില്‍ ഒരു വ്യവഹാരം ഫയല്‍ ചെയ്തു. താനാണ് ശരിയായ മലങ്കര മെത്രാപ്പോലീത്താ എന്ന് വാദിച്ച കുറിലോസിന്റെ വാദങ്ങള്‍ കീഴ് കോടതിയും അപ്പീല്‍ നല്കിയപ്പോള് ഹൈക്കോടതിയും തള്ളി. തോഴിയൂര്‍ പള്ളിയും സ്വത്തുക്കളും തോഴിയൂര്‍ മെത്രാച്ചന്റെയും ഇടവക ജനങ്ങളുടെയും വകയാണെന്നും ആ ഇടവക സ്വതന്ത്രമായി നില്ക്കുന്ന ഒരു സഭയാണെന്നും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനോ അദ്ദേഹത്തിന്റെ സ്ഥാനികള്‍ക്കോ യാതൊരു അധികാരവും ഇല്ലെന്നും കോടതി വിധിച്ചു. 1857 ല്‍ ആരംഭിച്ച് 1862 ല്‍ വിധി വന്ന ഈ കേസില്‍ മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായ്ക്ക് പലവിധ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നെങ്കിലും തോഴിയൂര്‍ സഭയുടെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സാധിച്ചു എന്നത് മാര്‍ അത്താനാസിയോസ് തിരുമനസ്സിലെ ഭരണകാലത്തെ ഒരു പ്രധാന നേട്ടങ്ങളിലൊന്നാണ്. അതിലുപരി ആ സഭയ്ക്ക് മലങ്കര സഭ നല്കിയ ഒരു ഉപഹാരവുമായി ഇതിനെ കാണാവുന്നതാണ്.
മാത്യൂസ് മാര്‍ അത്തനാസിയോസ് സഭാ പരിഷ്കാരങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സുപ്രധാന ഒരേടാണ്. അക്കാലത്ത് ക്രൈസ്തവരുടെ ഇടയില്‍ അനേകം മൂഢാചാരങ്ങളും വേദവിരുദ്ധമായ നടപടികളും നിലവിലിരുന്നു. ക്രിസ്തുവിന്റെ രക്ഷയുടെ സുവിശേഷം സഭയില്‍ പ്രകാശിക്കുമ്പോള്‍ ആചാര വൈകൃതങ്ങള്‍ താനേ മാറിക്കൊള്ളുമെന്ന് മെത്രാപോലീത്ത വിചാരിച്ചിരുന്നു. അതിനാല്‍ വിശുദ്ധ വേദപുസ്തകം വായിക്കുവാനും പഠിക്കുവാനും വൈദികരേയും ജനങ്ങളെയും ഉപദേശിച്ചു. ഞായറാഴ്ച വിശുദ്ധ ദിവസമായി ആചരിക്കാനും ആത്മീയമായ ഉണര്‍വ്വ് പ്രാപിക്കാനും ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ആരാധന മധ്യേ പ്രസംഗം പറയുന്ന രീതി, കുര്‍ബാന രണ്ടായി കൊടുക്കുന്ന രീതി എന്നിവ ഏര്‍പ്പെടുത്തി. വിശുദ്ധ കുര്‍ബാന ക്രമം മലയാളത്തില്‍ ചൊല്ലുവാന്‍ വൈദികരെ പ്രോത്സാഹിപ്പിച്ചു. പെരുന്നാള്‍ ദിനങ്ങളില്‍ ദൈവാലയങ്ങളില്‍ നടത്തി വന്ന പല ഹൈന്ദവ ആചാരങ്ങളും നിര്‍ത്തല്‍ ചെയ്തു. മദ്ബഹായില്‍ ഉള്ള കബറുകള്‍ സുറിയാനി മര്യാദയ്ക്ക് വിരുദ്ധം ആകയാല്‍ അവകളെ നീക്കം ചെയ്തു. തിരണ്ടുകുളി, പുലകുളി മുതലായ ഹൈന്ദവ ആചാരങ്ങള്‍ നിഷിദ്ധമെന്ന് പഠിപ്പിച്ചു. പള്ളിയിലെ കണക്കുകള്‍, രജിസ്റ്ററുകള്‍ മുതലായവ ക്രമമായി എഴുതി സൂക്ഷിക്കുന്നതിന് അദ്ദേഹം നിഷ്കര്‍ഷിച്ചു. അലസരയായ പട്ടക്കാരെ നിലക്കു നിര്‍ത്തുവാന്‍ വേണ്ട ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. മേല്‍പ്പറഞ്ഞവ ഒക്കെ മാത്യൂസ് അത്താനാസിയോസ് തിരുമനസ്സിലെ സഭാ പരിഷ്കാരങ്ങളില്‍ ചിലത് മാത്രമാണ്.
ഇതുകൂടാതെ ക്രിസ്ത്യാനികള്‍ക്ക് സാമൂഹികമായ സ്വാതന്ത്രം നേടിയെടുക്കുന്നതിനും മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ സംഭാവനകള്‍ വളരെ വലുതാണ്. ക്രിസ്ത്യാനികള്‍ക്ക് അക്രൈസ്തവരില്‍ നിന്നും നേരിടേണ്ടി വന്ന പല പീഡനങ്ങളും അദ്ദേഹം ചെറുത്തു നിന്നു ഇല്ലായ്മ ചെയ്തു. അമ്പലങ്ങളില്‍ കെട്ടുകാഴ്ച എടുക്കുക, ഉത്സവത്തിന് നെല്ല് നല്‍കുക തുടങ്ങി ക്രിസ്ത്യാനികള്‍ ചെയ്യേണ്ട അടിമവേലകള്‍ അവസാനിപ്പിക്കുവാന്‍ മാര്‍ അത്താനാസ്യോസ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ജാതിമതഭേദമന്യേ അവര്‍ക്കും നീതി ഉറപ്പാക്കണം എന്നത് മാര്‍ അത്താനാസിയോസിന്റെ ദൃഢനിശ്ചയമായിരുന്നു. അദ്ദേഹത്തിന്റെ കരുതലും പിന്തുണയും അനീതിക്കെതിരായ ഏവര്‍ക്കും ലഭ്യമായിരുന്നു ഗവണ്മെന്റില് തനിക്കുള്ള സ്വാധീനവും ഇതിലേക്കായി അദ്ദേഹം ഉപയോഗപ്പെടുത്തി. വിദ്യാഭ്യാസരംഗത്തെ മാര്‍ അത്താനാസിയോസിന്റെ സംഭാവനകളും എടുത്തുപറയേണ്ടവയാണ്. അക്കാലത്ത് കുടിപ്പള്ളിക്കൂടങ്ങള്‍ മാത്രമേ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പള്ളിക്കൂടങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുവാന്‍ മെത്രാപ്പോലീത്താ കിണഞ്ഞു പരിശ്രമിച്ചു. മെത്രാപ്പോലീത്തയുടെ കീഴിലുള്ള അറുപതില്‍പ്പരം സ്കൂളുകള്‍ക്ക് ഗ്രാന്‍ഡ് അനുവദിക്കപ്പെട്ടു. ഇങ്ങനെയാണ് തിരുവിതാംകൂര്‍ പ്രദേശത്ത് ഗ്രാന്റ് പള്ളിക്കൂടങ്ങള്‍ ഉണ്ടായത്. 1868-69 വിദ്യാലയവര്‍ഷം മുതലാണ് ഇത് നടപ്പാക്കിയത്. കോട്ടയം സെമിനാരിയുടെ പഠിത്തം പുനര്‍ജീവിപ്പിക്കുവാനും മുടക്കം കൂടാതെ സെമിനാരിയിലെ കാര്യങ്ങള്‍ നടക്കുന്നതിനുള്ള പണപ്പിരിവ് നടത്തുന്നതിനും മാര്‍ അത്താനാസിയോസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇക്കാലമത്രയും മലങ്കരസഭയില്‍ മാര്‍ അത്താനാസിയോസിന്റെ ശുചീകരണ പ്രസ്ഥാനങ്ങളോട് വിരോധം പ്രകടിപ്പിച്ചവര്‍ തിരുവെഴുത്ത് വിളംബരത്തിനു ശേഷവും അദ്ദേഹത്തിനു വിധേയപ്പെട്ടിരുന്നില്ല. മാര്‍ അത്താനാസിയോസിനെ വിരോധിച്ചിരുന്നവര് സംഗതികള്‍ അവരുടെ വറുതിയില്‍ വരുത്തുവാന്‍ മെത്രാന് വാഴിവാക്കുവാന് തീരുമാനിച്ചു. പുലിക്കോട്ടില്‍ യൗസേഫ് കശീശായെ അന്ത്യോക്യായിലേക്ക് അയച്ചു. അന്ത്യോക്യ സഭയുടെ പാത്രിയാര്‍ക്കീസ് യാക്കൂബ് ദ്വിതിയന്‍ ബാവ അദ്ദേഹത്തെ മാര്‍ ദിവന്നാസ്യോസ് അഞ്ചാമന് എന്ന പേരില്‍ 1865 ജൂണ്‍മാസം അഭിഷേകം ചെയ്ത് സ്ഥാത്തിക്കോന് കൊടുത്തു. മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്റെ സ്ഥാനാഭിഷേകത്തോടു കൂടി മലങ്കരസഭയില്‍ ഒരേസമയം മൂന്ന് മെത്രാന്മാരുടെ സാന്നിധ്യം ഉണ്ടായി. അന്ത്യോകയില് നിന്നും വന്ന് ഇവിടെ ഉണ്ടായിരുന്ന മാര്‍ കുറിലോസും, മാത്യൂസ് മാര്‍ അത്താനാസ്യോസുമായിരുന്നു മറ്റ് രണ്ടു പേര്. ഇതിനു മുന്‍പു തന്നെ വിദേശത്തു നിന്നു വന്ന സ്തേഫാനോസ് മെത്രാനും യെരുശലേം പാത്രിയര്‍ക്കീസും തിരിച്ചു പോയിരുന്നു.
സ്ഥാന അഭിഷേകത്തിനു ശേഷം മലങ്കരയില്‍ എത്തിയ നാള് മുതല്‍ മാര്‍ ദിവന്നാസിയോസ് അഞ്ചാമന് മലങ്കര സഭയുടെ മെത്രാപ്പോലീത്താ സ്ഥാനം തനിക്ക് ലഭിക്കുവാനുള്ള പരിശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍ 1868 ജൂണ്‍ മാസം അത്താനാസിയോസ് തനിക്കൊരു സഹായമെത്രാനെ അഭിഷേകം ചെയ്തു. കോട്ടയം പഴയ സെമിനാരിയില്‍ വെച്ച് നടന്ന ഈ മെത്രാഭിഷേക ചടങ്ങില്‍ അബ്രഹാം മല്പ്പാന്റെ പുത്രനായ തോമസ് കശീശായെ തന്റെ ഭരണ കാര്യങ്ങളില്‍ സഹായിപ്പിനായി തോമസ് മാര്‍ അത്താനാസിയോസ് എന്ന പേരില്‍ അഭിഷേകം ചെയ്തു. സഫ്രഗന്‍ എന്ന സ്ഥാനം ഇതോടുകൂടി മലങ്കരയില്‍ പ്രചാരത്തിലായി. ഈ മെത്രാഭിഷേക ത്തില്‍ മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്റെയേ അന്ത്യോക പാത്രയര്‍ക്കീസിന്റെ അനുമതിയോ സഹായമോ വാങ്ങിയിരുന്നില്ല. തൊഴിയൂര്‍ സഭയുടെ യൗസേഫ് മാര്‍ കൂറിലോസ് ഈ മെത്രാഭിഷേക ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഇപ്രകാരം മലങ്കരസഭ സ്വതന്ത്രമാണെന്നുള്ള നിജസ്ഥിതി മാര്‍ അത്താനാസിയോസ് ഒരിക്കല്‍ കൂടി ഉറപ്പിച്ചു.
1869 ല്‍ മാര്‍ ദിവന്നാസിയോസ് അഞ്ചാമന് മദ്രാസ് ഗവണ്മെന്റിന്റെ മുമ്പാകെ തന്നെ തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് മെത്രാനായി പാത്രര്യര്ക്കീസ് നിയോഗിച്ചതാണെന്നും മാര്‍ അത്താനാസിയോസിനെ മാറ്റി തന്നെ ആ സ്ഥാനത്തിന് അര്ഹനാക്കണമെന്നും വാദിച്ചു. തുടര്‍ന്ന് മാധ്യമ ന്യാസ് അഞ്ചാമന് തിരുവിതാംകൂര്‍-കൊച്ചി റസിഡണ്ടിനും പരാതി നല്കി. ഇതിനിടെ അന്ത്യോക്യയില്‍ നിന്നും ഇവിടെ വന്ന യൂയാക്കീം മാര്‍ കൂറിലോസ് കാലം ചെയ്തു. ഈ പരാതികള്‍ ഇന്ത്യയില്‍ വേണ്ടത്ര ഫലം കാണാഞ്ഞതിനാല്‍ അഞ്ചല്‍ നിന്നും പാത്രം കേസിനെ ഇവിടെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിന് ഫലമായി 1875 ല്‍ അന്ത്യോക്യാ സഭയിലെ പാത്രയര്‍ക്കീസ് ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമന് ലങ്കയിലെത്തി. ഇതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. മാത്യുസ് മാര്‍ അത്താനാസിയോസിനു നല്കിയ രാജകീയ വിളംബരം 1876 - ല്‍ റദ്ദ് ചെയ്യപ്പെട്ടു. ഇനിമേല്‍ സഭാ തര്‍ക്കങ്ങള്‍ സിവില്‍ കോടതി തീര്‍പ്പു കല്പ്പിക്കേണ്ടതാണെന്നും തീരുമാനിച്ചു. എന്നാല്‍ മാര്‍ അത്താനാസിയോസിനെതിരെ ഉടനെ സിവില്‍ കോടതിയില്‍ പരാതിപ്പെടാന്‍ മാര്‍ ദിവന്നാസ്യോസ് അഞ്ചാമനും കൂട്ടരും ശ്രമിച്ചില്ല. എന്നാല്‍ പാത്രിയര്‍ക്കീസ് ബാവ 1876 - ല്‍ മുളന്തുരുത്തിയില്‍ തന്റെ അധ്യക്ഷതയില്‍ ഒരു സുന്നഹദോസ് വിളിച്ചുകൂട്ടി. മലങ്കര സഭയെ അന്ത്യോക്യാ സഭയിലെ പാത്രിയര്‍ക്കാ സിംഹാസനത്തിന് കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട സുന്നഹദോസില്‍ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് എന്ന സംഘടന രൂപീകരണം തുടങ്ങി പല പ്രധാന തീരുമാനങ്ങളും എടുത്തു. ഇതോടുകൂടി സഭയില്‍ ഒരു പിളര്‍പ്പ് വ്യക്തമായി. ഒരുഭാഗത്ത് പാത്രിയാര്‍ക്കീസിനെയും മാര്‍ ദിവന്നാസ്യോസ് അഞ്ചാമനെയും അനുകൂലിച്ചവരും മറുഭാഗത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ്, തോമസ് മാര്‍ അത്താന്നാസ്യോസ് എന്നിവരെ അനുകൂലിച്ചവരുമായി രണ്ട് കക്ഷിക്കാര്‍ ഉണ്ടായി. എന്നാല്‍ മാര്‍ അത്താനാസിയോസ് എന്നും മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു എന്നുള്ളത് അദ്ദേഹം 1877 ല്‍ എഴുതിയ ഉണ്ടാക്കിയ വില്‍പ്പത്രത്തിലെ താഴെക്കാണുന്ന വാചകത്തില്‍ നിന്നും വ്യക്തമാണ്. ' ഒന്നാം നൂറ്റാണ്ടില്‍ കര്‍ത്താവിന്റെ ശിഷ്യരില്‍ ഒരുവനായ തോമാശ്ലീഹാ സ്ഥാപിച്ചതും വിദേശരാജ്യങ്ങളിലെ ഏതൊരു പുരാതന സഭകളോടു ഒപ്പം തന്നെ പുരാതനത്വം ഉള്ള മലബാറിലെ സഭയുടെ സ്വാതന്ത്ര്യം അന്യാധീനപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാതെ ഭരിക്കേണ്ടതാണ് '.
ജീവിതാന്ത്യം
മുളന്തുരുത്തി സൂനഹദോസിനുശേഷം സഭയുടെ പിളര്‍പ്പ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തയ്ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. അദ്ദേഹത്തിന്റെ പ്രമേഹരോഗം വര്‍ദ്ധിച്ചുവന്നു. അങ്ങനെയിരിക്കെ കൊല്ലം സുറിയാനി പള്ളിയില്‍ താമസിക്കുമ്പോള്‍ ഒരു എലി കാലില്‍ കടിച്ചു. പിന്നീട് രോഗശയ്യയില്‍ ആയ മെത്രാപോലിത്ത താന്‍ ജനിച്ചു വളര്‍ന്ന മാരാമണ്‍ പാലക്കുന്നത്ത് മേടയില്‍ വന്നു താമസമാക്കി. തോമസ് മാര്‍ അത്താനാസിയോസും തോഴിയൂര്‍ ജോസഫ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും എ എപ്പോഴും സമീപം ഉണ്ടായിരുന്നു. മെത്രാന്മാരുടെയും അനേക പട്ടക്കാരുടെയും നേതൃത്വത്തില്‍ തൈലാഭിഷേക ശുശ്രൂഷ നടത്തി. സഭയുടെ ഭാവിയെ പറ്റിയുള്ള ചിന്തകള്‍ ഈ അവസാന നാളുകളിലും മെത്രാപ്പോലീത്തയെ വല്ലാതെ അലട്ടിയിരുന്നു. മരണത്തിനു മുമ്പ് താന്‍ പറഞ്ഞ എഴുതിച്ച അന്ത്യ കല്‍പ്പന എല്ലാ പള്ളികള്‍ക്കും അയച്ചു. കൊച്ചിയും തിരുവിതാംകൂറിലും ഉള്ള ക്രിസ്ത്യാനികളില്‍ ഈ അന്ത്യ ലേഖനം വായിക്കാത്തവര്‍ വിരളമാണ്. ഇത് വായിക്കാനിടയായ അക്രൈസ്തവര്‍ പോലും പൊട്ടി കരഞ്ഞിട്ടുണ്ടത്രേ. ഈ അന്ത്യ ലേഖനം മെത്രാപ്പോലീത്തായുടെ ദൈവാശ്രയത്തെയും ഹൃദയംനൈര്മലതയേയും അചഞ്ചലമായ വിശ്വാസത്തെയും കാണിക്കുന്നതാണ്. 1878 ജൂലൈ 16 ന് താന്‍ ഇതപര്യന്തം ശുശ്രൂഷ ചെയ്ത മലങ്കരസഭയെ തോമസ് മാര്‍ അത്താനാസിയോസിനെയും പട്ടക്കാരെയും ജനങ്ങളെയും ഭരമേല്പിച്ചു കൊണ്ട് ഈ ലോകത്തില്‍ നിന്നും യാത്രയായി. ഭൗതികശരീരം മാരാമണ്‍ പള്ളിയില്‍ തോമസ് മാര്‍ അത്താനാസിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ അബ്രഹാം മല്പാന്റെ കബറിന് സമീപം കബറടക്കി.
പതിമൂന്നാം വയസ്സില്‍ ശെമ്മാശന് ആയി ദൈവത്തിനുവേണ്ടി വേര്‍തിരിക്കപ്പെട്ട് ഇരുപത്തിനാലാം വയസ്സില്‍ മെത്രാനായി തുടര്‍ന്ന് മുപ്പത്തിനാലാം വയസ്സില്‍ പതിമൂന്നാം മാര്‍ തോമയായി ഇരുപത്തിയഞ്ചു വര്‍ഷക്കാലം മലങ്കര സഭയുടെ മെത്രാപ്പോലീത്തായായി വാണരുളിയ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്തനാസ്യോസ് മലങ്കര സഭയ്ക്കു ഒരു രാജാവു തന്നെയായിരുന്നു. സഭയ്ക്കു നല്കപ്പെട്ട ഈ മഹത് ജീവിതത്തിനായി ദൈവത്തിനു സ്തുതി.