Home
ആദമും രണ്ടാം ആദമും - മാർ അപ്രേമിന്റെ രചനയിൽ
വെള്ളിയാഴ്ച ആദ്യ നാഴികയിൽ ദൈവം പൊടിയിൽ നിന്ന് ആദാമിനെ മെനഞ്ഞപ്പോൾ, വെള്ളിയാഴ്ച ആദ്യ നാഴികയിൽ ആദം മക്കൾ കർത്താവിൻ്റെ മുഖത്ത് തുപ്പി.
വെള്ളിയാഴ്ച രണ്ടാം നാഴികയിൽ കാട്ടു മൃഗങ്ങളും, പറവകളും, കന്നുകാലികളും തങ്ങൾക്ക് പേരിട്ടു കിട്ടുവാൻ ആദമിൻ്റെ മുൻപിൽ തല കുനിച്ചു നിന്നു. എന്നാൽ വെള്ളിയാഴ്ച്ച രണ്ടാം നാഴികയിൽ ആദമിന്റെ മക്കൾ കർത്താവിനെ നോക്കി പല്ലിറുമ്മി, 'കാളക്കൂറ്റന്മാർ എന്നെ വളഞ്ഞിരിക്കുന്നു; ബാശാൻ കാളക്കൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു' എന്ന് (സങ്കീ 22:12) അനുഗ്രഹീതനായ ദാവീദ് ദീർഘദർശനം ചെയ്ത് പാടിയത് ഇപ്രകാരം സംഭവിച്ചിരിക്കുന്നു.
വെള്ളിയാഴ്ച മൂന്നാം മണിയിൽ ആദമിൻ്റെ ശിരസ്സിൽ കിരീടം വയ്ക്കപ്പെട്ടപ്പോൾ, വെള്ളിയാഴ്ച മൂന്നാം മണിയിൽ കർത്താവിന്റെ തലയിൽ മുൾ കിരീടം വയ്ക്കപ്പെട്ടു.
മൂന്ന് മണിക്കൂർ ആദാം പറുദീസായിൽ ശോഭയോടെ വിളങ്ങിയപ്പോൾ, മൂന്ന് മണിക്കൂർ കർത്താവ് മണ്ണാൽ മെനയപ്പെട്ടവരിൽ നിന്ന് ന്യായവിസ്താര സ്ഥലത്ത് വച്ച് അടിയേറ്റു.
ആറാം മണിയിൽ ഹവ്വാ കൽപ്പനയുടെ ലംഘനത്തിനായി വൃക്ഷത്തിലേക്ക് കരങ്ങൾ നീട്ടിയപ്പോൾ, ആറാം മണിയിൽ കർത്താവ് ജീവ വൃക്ഷത്തിലേക്ക് കരേറ്റപ്പെട്ടു.
ആറാം മണിയിൽ ഹവ്വാ മരണത്തിൻ്റെ കടുംകോപം നിറഞ്ഞ ഫലം ആദത്തിന് നൽകി, ആറാം മണിയിൽ കാടിയും കയ്പ്പും ജനം കർത്താവിന് നൽകി.
മൂന്ന് മണിക്കൂർ ആദം നഗ്നനായി പറുദീസായിൽ ഇരുന്നു, മൂന്ന് മണിക്കൂർ നമ്മുടെ കർത്താവ് ക്രൂശിൽ നഗ്നനായി കിടന്നു. ആദമിന്റെ വലത് ഭാഗത്ത് നിന്ന് മരണമുള്ള സന്തതികളുടെ മാതാവായ ഹവ്വാ പുറപ്പെട്ടു, കർത്താവിനോട് ചേരുവാൻ മാമ്മോദീസാ നിയമിക്കപ്പെട്ടു.
ഒരു വെള്ളിയാഴ്ച ആദമും ഹവ്വായും പാപം ചെയ്തു; മറ്റൊരു വെള്ളിയാഴ്ച അവരുടെ പാപങ്ങൾ പൊറുക്കപ്പെട്ടു.
ഒരു വെള്ളിയാഴ്ച ആദമും ഹവ്വായും മരിച്ചു; മറ്റൊരു വെള്ളിയാഴ്ച അവർ ജീവിക്കപ്പെട്ടു.
ഒരു വെള്ളിയാഴ്ച മരണം അവരുടെമേൽ അധീശത്വം ഉറപ്പിച്ചു; മറ്റൊരു വെള്ളിയാഴ്ച അവർ മരണത്തിൻ്റെ അധീശത്വത്തിൽ നിന്ന് സ്വാതന്ത്യം പ്രാപിച്ചു.
ഒരു വെള്ളിയാഴ്ച ആദമും ഹവ്വായും ഏദനിൽ നിന്ന് പുറപ്പെട്ടു. മറ്റൊരു വെള്ളിയാഴ്ച നാഥൻ കബറിലേക്ക് പുറപ്പെട്ടു.
ഒരു വെള്ളിയാഴ്ച ആദമും ഹവ്വായും നഗ്നരായി തീർന്നു; മറ്റൊരു വെള്ളിയാഴ്ച ക്രിസ്തു സ്വയം നഗ്നനായിക്കൊണ്ട് അവരെ വസ്ത്രം ധരിപ്പിച്ചു.
ഒരു വെള്ളിയാഴ്ച സാത്താൻ ആദത്തിൻ്റെയും ഹവ്വായുടെയും വസ്ത്രം ഉരിഞ്ഞു കളഞ്ഞു; മറ്റൊരു വെള്ളിയാഴ്ച കർത്താവ് സാത്താന്റെയും അവൻ്റെ കൂട്ടാളികളുടെയും, ദുർദൂതന്മാരുടെയും വസ്ത്രങ്ങൾ ഉരിഞ്ഞ് പരസ്യമായി അവരെ നഗ്നരാക്കി
ഒരു വെള്ളിയാഴ്ച പറുദീസായുടെ വാതിൽ ആദമിൻ്റെ മുൻപാകെ അടയ്ക്കപ്പെട്ടു. മറ്റൊരു വെള്ളിയാഴ്ച അത് തുറക്കപ്പെടുകയും ഒരു കള്ളൻ ആ വാതിലിലൂടെ പ്രവേശിക്കുകയും ചെയ്തു.
ഒരു വെള്ളിയാഴ്ച ഇരുതല മൂർച്ചയുള്ള വാൾ കെരൂബുകൾക്ക് നൽകപ്പെട്ടു; മറ്റൊരു വെള്ളിയാഴ്ച ക്രിസ്തു കുന്തത്താൽ കുത്തേൽക്കുകയും അതിനാൽ ഇരുതല മൂർച്ചയുള്ള വാൾ ഒടിക്കപ്പെടുകയും ചെയ്തു.
ഒരു വെള്ളിയാഴ്ച പൗരോഹിത്യം, രാജ്യം, പ്രവചനം എന്നിവ ആദമിന് നൽകപ്പെട്ടു. മറ്റൊരു വെള്ളിയാഴ്ച പൗരോഹിത്യം, രാജ്യം പ്രവചനം എന്നിവ യൂദന്മാരിൽ നിന്ന് എടുത്തു മാറ്റപ്പെട്ടു.
മാർ അപ്രേമിനാൽ രചിക്കപ്പെട്ട 'മ് ആറസ് ഗാസെ' (The Cave of the Treasures) എന്ന കൃതിയുടെ മലയാള പരിഭാഷയിൽ നിന്നും.