പതിനാറാം മാർത്തോമ്മാ (1909-1944)
1898 ഡിസംബർ 9-ന് പുത്തൻകാവ് പള്ളിയിൽ വച്ച്, തീത്തൂസ് ഒന്നാമൻ മാർ തോമാ മെത്രാപ്പോലീത്താ, തൊഴിയൂർ സഭയുടെ മെത്രാപ്പോലീത്താ, ഗീവർഗീസ് മാർ കൂറിലോസിൻ്റെ സഹകരണത്തോടെ, ദത്തോസ് റമ്പാനെ, 'തീത്തൂസ് രണ്ടാമൻ മാർ തോമാ' (മാർത്തോമ്മാ) എന്ന പേരോടെ മെത്രാപ്പോലീത്താ ആയി വാഴിച്ചു. 1909 വരെ സഫ്രഗ്ഗൻ മെത്രാപ്പോലീത്താ എന്ന നിലയിൽ ചുമതലകൾ നിർവഹിച്ചു. 1909 നവംബർ 5-ന് തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ, സഭയുടെ പതിനാറാം മാർത്തോമ്മാ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.
അധികം താമസിയാതെ എസ്.സി കുന്നിൽ, തീത്തൂസ് ഒന്നാമൻ മാർത്തോമ്മായുടെ ഓർമ്മയ്ക്കായി, പുലാത്തീൻ പണിത് (ഇപ്പൊഴത്തെ പഴയ പൂലാത്തീൻ) മെത്രാപ്പോലീത്തായുടെ അരമനയും ആഫീസും അവിടേയ്ക്കു മാറ്റി. 1917-ൽ മാരേട്ട് ഏബ്രഹാം റമ്പാനെ മെത്രാപ്പോലീത്താ ആയി വാഴിച്ച് സഫ്രഗ്ഗൻ ആക്കി. 1937 ഡിസംബറിൽ 'യൂഹാനോൻ മാർ തീമൊത്തിയോസ്' എന്ന പേരിലും “മാത്യൂസ് മാർ അത്താനാസിയോസ്' എന്ന പേരിലും രണ്ട് എപ്പിസ്കോപ്പമാരെ വാഴിച്ചു. 1942-ൽ ആദ്യമായി മലയാളത്തിൽ ഒരു അംഗീകൃത കുർബാനതക്സാ പ്രസിദ്ധീകരിച്ചു. സഭയിലെ ഒട്ടുമിക്ക ക്രമങ്ങളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കപ്പെട്ടത് ഈ കാലയളവിലാണ്. പട്ടക്കാർ അവരുടെ സേവനം ശുഷ്കാന്തിയോടെ ചെയ്യുവാൻ മെത്രാപ്പോലീത്താ എപ്പോഴും നിഷ്ക്കർഷിച്ചിരുന്നു. അതിനായി പല കൽപനകളും പുറപ്പെടുവിച്ചിരുന്നു. 1944 ജൂലായ് 6-ന് കാലം ചെയ്തു.