മാര്‍ ഇഗ്നാത്തിയോസ് നൂറോനൊ
മാര്‍ ഇഗ്നാത്തിയോസ് നൂറോനൊ
മാര്‍ ഇഗ്നാത്തിയോസ് നൂറോനൊ.
"മാര്‍ ഇഗ്നാത്തിയോസു മുതലായ പൂര്വ്വന്മാരായ വിശുദ്ധ പിതാക്കന്മാരെയും നിങ്ങള്‍ പിന്തുടരുകയും, അവരുടെ പിന്നടിയില്‍ നടക്കുന്ന ബലഹീനനും പാപിയുമായ നമ്മെ അനുസരിച്ചിരിക്കയും ചെയ്യണം"- മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പട്ടംകൊട ശുശ്രൂഷ അമലോഗിയ.
The Church is the extension of the Incarnation. മനുഷ്യാവതാരം ചെയ്ത കര്‍ത്താവിന്റെ രക്ഷണ്യ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച സഭയില്‍ നിഷിപ്തമായിരിക്കുന്നു. ഈ രക്ഷണ്യ സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ സഭ എന്നും പീഡനങ്ങള്‍ നേരിട്ടു. ആദ്യം, യഹൂദന്മാരില് നിന്നും ജാതികളില്‍ നിന്നും പീഡനങ്ങള്‍ സഹിച്ചു; ശ്ലീഹന്മാര് തടവിലാക്കപ്പെട്ടു, സ്തേപ്പാനോസ് കല്ലെറിഞ്ഞു കൊല്ലപ്പെട്ടു, സെബദി പുത്രനായ യാക്കോബ് കൊല്ലപ്പെട്ടു, പത്രോസ് തടവിലാക്കപ്പെട്ടു. എങ്കിലും ക്രൈസ്തവ സഭ പുഷ്ടിപ്പെട്ടു. പിന്നീട് നാലാം നൂറ്റാണ്ടു വരെ റോമാ സാമ്രാജ്യത്തിലും നാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യാ സമ്രാജ്യത്തിലും ക്രിസ്താനികള്‍ അതിദാരുണമായി പീഡിപ്പിക്കപ്പെട്ടു. ഇതില്‍ റോമാസാമ്രാജ്യത്തില്‍ ഉണ്ടായ പത്തു ക്രൂരപീഡനങ്ങളില്‍, റോമന്‍ ചക്രവര്‍ത്തിയായിരുന്ന ട്രാജന്റെ കാലത്തുണ്ടായ, മൂന്നാമത്തെ പീഡനത്തില്‍ രക്തസാക്ഷിത്വം വരിച്ച അന്ത്യോഖ്യയിലെ പാത്രിയര്‍ക്കീസായിരുന്ന വിശുദ്ധ സഭാപിതാവാണ് മാര്‍ ഇഗ്നാത്തിയോസ് നൂറോനൊ
ക്രിസ്തുവര്‍ഷം 37 ല്‍ റോമാ സമ്രാജ്യത്തിലെ സിറിയായില്‍ ജനിച്ച മാര്‍ ഇഗ്നാത്തിയോസ് വിഗ്രഹാരാധനക്കാരായായിരുന്ന മാതാപിതാക്കളുടെ മകനായിരുന്നുവെന്നും പ്രായമായതിനു ശേഷം ഇദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചുവെന്നുമാണ് പൊതുവെ അറിയപ്പെടുന്നത്. സുറിയാനിയില്‍ ഇദ്ദേഹം 'അഗ്നിമയന്‍' അഥവാ 'തീക്കടുത്തവന്' എന്ന അര്‍ത്ഥം വരുന്ന 'നൂറോനൊ' എന്നാണറിയപ്പെടുന്നത്. എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ 'തെയോഫോറസ്' (Theophorous) എന്നാണ് ഇദ്ദേഹത്തിന്റെ മറുനാമം. ഈ ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം ദൈവത്താല്‍ വഹിക്കപ്പെട്ടവന്‍ (God borne) എന്നാകുന്നു. യേശു കര്‍ത്താവ് കൈയ്യിലെടുത്ത് അനുഗ്രഹിച്ച പൈതല്‍ ഇദ്ദേഹമായിരുന്നു എന്നുള്ള പരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നാമം. യഥാര്‍ത്ഥ ക്രിസ്താനി, ദൈവത്തെ ജീവിതത്തില്‍ വഹിക്കുന്ന സാക്ഷികളാകുന്നതിനാല് ദൈവത്തെ വഹിച്ചവന് (God bearer) എന്ന അര്‍ത്ഥമാണ് 'തെയോഫോറസ്' എന്ന പദത്തിനു കൂടുതല്‍ പ്രയോഗത്തിലുള്ളത്.
ക്രിസ്തീയ വിശ്വാസത്തിലായ മാര്‍ ഇഗ്നാത്തിയോസ്, ആദ്യം പത്രോസ് ശ്ലീഹായുടെയും പിന്നീട് യോഹന്നാന് ശ്ലീഹായുടെയും ശിഷ്യനായി തീര്‍ന്നു. ക്രിസ്തുവര്‍ഷം 68 ല്‍ തന്റെ മുപ്പതാമത്തെ വയസ്സില്‍ അന്ത്യോഖ്യ സുറിയാനി സഭയുടെ മൂന്നാമത്തെ പാത്രയര്ക്കീസായി. ഏകദേശം നാല്‍പ്പതു വര്‍ഷത്തോളം തന്റെ മരണം വരെ സഭയെ സത്യവിശ്വാസത്തില്‍ നയിക്കുവാന്‍ ഈ സഭാപിതാവിനു കഴിഞ്ഞു. വിശുദ്ധ യോഹന്നാന് ശ്ലീഹായുടെ ശിഷ്യനായിരുന്ന വിശുദ്ധ പോളിക്കാര്‍പ്പസ് ഇദ്ദേഹത്തിന്റെ സ്നേഹിതനും റോമിലെ മാര്‍ ക്ലീമീസ് ഇദ്ദേഹത്തിന്റെ സമകാലികനുമായിരുന്നു.
മാര്‍ ഇഗ്നാത്തിയോസിന്റെ കാലഘട്ടത്തില്‍ സഭയില്‍ ഭിന്നതയും വേദവിപരീതങ്ങളുമായിരുന്നു പ്രധാന പ്രശ്നങ്ങള്‍. വേദ വിപരീതങ്ങളായ രണ്ട് വിഭാഗങ്ങളെ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. പുതിയ നിയമത്തിന്റെ അധീശത്വം അംഗീകരിക്കാതെ ക്രിസ്ത്രീയ മതാനുഷ്ഠാനങ്ങളെ യഹൂദ മതാചാരങ്ങള്‍ക്ക് അനുയോജ്യമാക്കി തീര്‍ക്കണമെന്ന് വാദിച്ച ഒരു കൂട്ടര്, അതുപോലെ ക്രിസ്തുവിന്റെ മരണവും കഷ്ടാനുഭവവും ബാഹ്യമായ ഒരവസ്ഥ മാത്രമാണെന്നു വാദിച്ച ഡോസിറ്റിസ്റ്റുകള് എന്നിവരുടെ വേദവിപരീതങ്ങളെ ശക്തമായി എതിര്‍ക്കുവാന്‍ മാര്‍ ഇഗ്നാത്തിയോസിനു കഴിഞ്ഞു.
റോമന്‍ ചക്രവര്‍ത്തിയായ ഡൊമിനിഷ്യന്റെ കാലം മുതല്ക്കേ മാര്‍ ഇഗ്നാത്തിയോസിനു മതപീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ തന്റെ വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കാതെ പ്രാര്‍ത്ഥന, ഉപവാസം മുതലായവയിലൂടെ വിശ്വാസികളെ ശക്തിപ്പെടുത്തുവാന്‍ അദ്ദേഹം ശ്രമിച്ചു. തുടര്‍ന്നു വന്ന റോമന്‍ ചക്രവര്‍ത്തി ട്രാജന്‍ ഈ സഭാപിതാവിന്റെ വിശ്വാസതീക്ഷ്ണയില് അന്ത്യന്തം രോഷാകുലനായി ഇദ്ദേഹത്തെ ബന്ധനസ്ഥനാക്കി റോമിലെത്തിച്ചു സിംഹക്കുഴിയില്‍ ഇട്ടു കൊടുക്കുവാന്‍ കല്പന പുറപ്പെടുവിച്ചു. തന്നെ ബന്ധിക്കുവാന്‍ കൊണ്ടു വന്ന ചങ്ങലയെ ചുംബനം ചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തി പറഞ്ഞു. 'ഞാന്‍ ദൈവത്തിന്റെ ഗോതമ്പാകുന്നു മൃഗങ്ങളുടെ പല്ലുകളാല്‍ ഞാന്‍ പൊടിക്കപ്പെടുന്നു. ആയത് മശിഹായാകുന്ന നൈര്മ്മല്യഅപ്പത്തെ ഞാന്‍ കണ്ടെത്തുവാനായിട്ടാകുന്നു. കര്‍ത്താവേ നിന്നിലുള്ള വിശ്വാസത്തെ പ്രതി എന്റെ ജീവന് ബലികഴിച്ച് നിന്നോടുള്ള സ്നേഹം പ്രകാശിപ്പിക്കുവാന്‍ സാധിക്കുന്നതിന് ഞാന്‍ നന്ദി പറയുന്നു'. താന്‍ മുമ്പത് സംവത്സരം ഭരിച്ച സഭയോടും ദേശത്തോടും യാത്ര പറഞ്ഞ് റോമന്‍ പട്ടാളക്കാരോടൊപ്പം അന്ത്യോഖ്യയില്‍ നിന്നും റോമിലേക്ക് പോയി. ദീര്‍ഘനാളത്തെ യാത്രയ്ക്കു ശേഷം റോമിലെത്തുകയും ക്രിസ്തുവര്‍ഷം 107 ലെ ശീതകാലത്ത് റോമിലെ ഒരു പൊതു വിനോദ സ്ഥലത്തു വെച്ച് അനേകം ആളുകളുടെ സാന്നിധ്യത്തില്‍ വിശക്കുന്ന സിംഹങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു മരണം വരിച്ചു. റോമില്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ പടയാളികള്‍ക്ക് കൈക്കൂലി കൊടുത്ത് ഇദ്ദേഹത്തെ സ്വതന്ത്രനാക്കുവാന്‍ ശ്രമിച്ചെന്നും എന്നാല്‍ അദ്ദേഹം അതിനു വഴങ്ങിയില്ലെന്നും 'എന്റെ നാഥനു ഞാന്‍ സ്വീകാര്യ അപ്പമായി ഭവിക്കട്ടെ' എന്ന് അന്ത്യമൊഴി ചൊല്ലി സാക്ഷിമരണം വരിച്ചുവെന്നും ചരിത്രം സാക്ഷിക്കുന്നു.
തന്റെ റോമിലേക്കുള്ള യാത്രമധ്യേ സ്മിര്‍ണായിലെ മെത്രാപ്പോലീത്താ പോളിക്കാര്പ്പോസിനും സമീപ സ്ഥലങ്ങളിലുള്ള സഭകള്‍ക്കുമായി ഏഴു ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. വേദവിപരീതങ്ങളില്‍ നിന്ന് സൂക്ഷിച്ചു കൊള്ളണമെന്നും, ശ്ലൈഹിക പാരമ്പര്യങ്ങളില്‍ നിന്ന് അകന്നു പോകരുതെന്നും എപ്പിസ്കോപ്പാമാരെ അനുസരിക്കണമെന്നും കശീശന്മാരോടും ശെമ്മാശന്മാരോടും സംയോജിച്ചിരിക്കണമെന്നും ഈ ലേഖനങ്ങളില്‍ ഇദ്ദേഹം വ്യക്തമായിയിട്ടുണ്ട്. 'കാതോലിക സഭ' എന്ന നാമം ആദ്യമായി കാണുന്നതും 'എപ്പിസ്കോപ്പാ, കശീശ്ശാ, ശെമ്മാശന്മാര്' എന്നീ സ്ഥാനങ്ങള്‍ സഭയില്‍ അന്നേ നിലനിന്നിരുന്ന എന്നും കാണുന്നത് ഈ ലേഖനങ്ങളിലാണ്.
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പട്ടംകൊട ശുശ്രൂഷയില്‍ മാര്‍ ഇഗ്നാത്തിയോസ് മുതലായ പൂര്‍വ്വ പിതാക്കന്മാരെ പിന്തുടരുവാനുള്ള ഉപദേശം മേല്പ്പട്ടക്കാരന് വൈദിക സ്ഥാനിക്കു നല്‍കുന്നതായി നാം കാണുന്നു. ഇദ്ദേഹത്തിന്റെ സാക്ഷി മരണത്തിനു ശേഷം അന്ത്യോഖ്യ സുറിയാനി സഭയിലെ എല്ലാ പാത്രിയര്ക്കീസമാരും ഇന്നുവരെയും ഇഗ്നാത്തിയോസ് എന്ന നാമം ഒരു പ്രശംസയായി വഹിച്ചു വരുന്നു. പാത്രിയര്‍ക്കീസിനു നല്‍കിയിരിക്കുന്ന നാമമായതിനാല്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയിലെ എപ്പിസ്കോപ്പാമാര്‍ക്ക് 'ഇഗ്നാത്തിയോസ്' എന്ന നാമം ഉപയോഗിക്കുന്നില്ല എന്ന ഭാഗ്യസ്മര്ണാര്ഹനായ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ വാക്കുകള്‍ ഇവിടെ പ്രസ്താവ്യയോഗ്യമാണ്.
ഒരു ദിവ്യസ്തംഭമായി വളരെ വര്‍ഷങ്ങള്‍ സഭയ്ക്കു വേണ്ടി സര്‍വദാ പ്രയത്നിക്കുകയും പ്രാര്‍ത്ഥനാ സഹിതം തനിക്ക് വെളിപ്പെട്ട വേദവ്യഖ്യാനങ്ങളാല് ഏവരുടെയും ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും ഒടുവില്‍ രക്തസാക്ഷി മരണമാണ് ക്രിസ്തുവിനെ അനുകരിക്കുന്നവര്‍ ആഗ്രഹിക്കേണ്ട വിജയകീരീടമെന്നും തന്റെ ജീവിതം കൊണ്ട് തെളിയിച്ച ഈ സഭാപിതാവിനെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു.