വിശുദ്ധ ഐറേനിയോസ്
വിശുദ്ധ ഐറേനിയോസ്
വിശുദ്ധ ഐറേനിയോസ്
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ വിശ്വാസികള്‍ക്ക് വളരെ പരിചിതമായ ഒരു നാമമാണ് ഐറേനിയസ്. ഭാഗ്യസ്മരണാര്‍ഹനായ മലങ്കരയുടെ ഇരുപത്തിയൊന്നാം മാര്‍ത്തോമ്മാ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ എപ്പിസ്കോപ്പല്‍ നാമമായിരുന്നു ഐറേനിയോസ്. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു അപ്പൊസ്തോലിക സഭാപിതാവും വിശുദ്ധനുമാണ് ഐറേനിയോസ്.
എഷ്യാമൈനറിന്റെ (ഇന്നത്തെ ടര്‍ക്കിയുടെ അനാറ്റോലിയ പ്രവിശ്യ) പടിഞ്ഞാറെ കടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന സ്മിര്‍ണ എന്ന പട്ടണത്തിലാണ് വിശുദ്ധ ഐറേനിയോസ് ജനിച്ചത്. ക്രിസ്തുവര്‍ഷം 120 മുതല്‍ 147 വരെയുള്ള വര്‍ഷങ്ങള്‍ക്കിടയിലാണ് ഐറേനിയോസിന്റെ ജനനം എന്നതാണ് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എഷ്യാമൈനറിലെ പ്രമുഖ പട്ടണങ്ങളിലൊന്നാണ് സ്മിര്‍ണാ. ക്രിസ്തുമതം എന്നു മുതല്‍ ഇവിടെ പ്രചരിച്ചു എന്നത് കൃത്യമായി പറയാന്‍ സാധ്യമല്ലെങ്കിലും വി. പൗലോസ് ശ്ലീഹായോ അദ്ദേഹത്തിന്റെ അനുയായികളൊ ആയിരിക്കാം ഇവിടെ ക്രിസ്തുവിശ്വാസം പ്രചരിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. വിശുദ്ധ വേദപുസ്തകത്തില്‍ വെളിപ്പാടു പുസ്തകത്തില്‍ നിന്നും, ക്രിസ്തുമാര്‍ഗ്ഗം സ്മിര്ണായിലേക്ക് ആദ്യനൂറ്റാണ്ടില്‍ തന്നെ പ്രവേശിച്ചതായി അനുമാനിക്കാവുന്നതാണ്. ബി.സി. ഏഴാം നൂറ്റാണ്ടു മുതല്‍ ഗ്രീക്ക് വംശജര്‍ കുടിയേറിപാര്‍ത്തിരുന്ന സ്മിര്‍ണായില്‍ ജനിച്ച ഐറേനിയോസും ഒരു ഗ്രീക്ക് വംശജനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പേരില്‍ നിന്നും മനസ്സിലാക്കാം. ഗ്രീക്ക് ഭാഷയില്‍ ഐറേനിയോസ് എന്ന പദത്തിനു സമാധാന പുരുഷന് എന്നാണര്‍ത്ഥം.
ഉല്‍കൃഷ്ട ക്രിസ്തീയ കുടുംബത്തില്‍ ജനിച്ച വിശുദ്ധ ഐറേനിയോസിന്റെ വിദ്യാഭ്യാസത്തിന്റെയും ജീവിത പരിശീലനത്തിന്റെയും തുടക്കം തന്റെ സ്വഭവനത്തില്‍ തന്നെയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. സ്മിര്‍ണായിലെ മെത്രാപ്പോലീത്തായിരുന്ന വിശുദ്ധ പോളിക്കാര്‍പ്പസിന്റെ ശിഷണത്തില്‍ തന്റെ യൗവനാരംഭ പരിശീലനങ്ങള്‍ നേടുവാനുള്ള അസുലഭ അവസരം ഐറേനിയോസിനു ലഭിച്ചു. നമ്മുടെ കര്‍ത്താവിന്റെ ശിഷ്യനായ വിശുദ്ധ യോഹന്നാന് ശ്ലീഹായുടെ ശിഷ്യനായ പോളിക്കാര്‍പ്പസിന്റെ ശിഷ്യത്വം ക്രിസ്തു മാര്ഗ്ഗസംബന്ധമായ പല അനുഭവ പരിചയങ്ങളും ഐറേനിയോസിനു സമ്മാനിച്ചു.
അധികം താമസിയാതെ ഉന്നത വിദ്യാഭ്യാസത്തിനായി ഐറേനിയോസ് റോമയിലേക്ക് പോയി. അക്കാലത്ത് ഏഷ്യാമൈനറും റോമും തമ്മില്‍ സഞ്ചാര സൗകര്യങ്ങളും അടുത്ത ഇടപാടുകളും ഉണ്ടായിരുന്നു. അതിലുപരി, ഗ്രീക്ക് വംശജനായ ഐറേനിയസിനെ റോമിലേക്ക് ആകര്‍ഷിച്ചത് ഗ്രീക്ക് സാഹിത്യവും സംസ്കാരവുമായിരുന്നു എന്നത് നിസംശയമാണ്. തന്റെ റോമിലെ വിദ്യാഭ്യാസം, മുഖ്യമായി ഗ്രീക്ക് സാഹിത്യവും ഗ്രീക്ക് തത്വജ്ഞാനവും ആയിരുന്നു. റോമിലെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയായ ശേഷം ഐറേനിയസ് അവിടെ തന്നെ അധ്യാപകനായി നിയമിതനായി.
റോമിലെ പഠനവും ചുരുക്ക കാലത്തെ അധ്യാപനവും കഴിഞ്ഞ് ഐറേനിയോസ് ജന്മസ്ഥലമായ സ്മിര്‍ണായില്‍ തിരിച്ചെത്തി. ഐറേനിയോസ് സ്വന്തനാട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും തന്റെ ഗുരുസ്ഥാനിയായ സ്മിര്‍ണായിലെ മെത്രാപ്പോലീത്താ പോളികാര്‍പ്പസ് കാലം ചെയ്തിരുന്നു. ഇതിനോടകം അദ്ദേഹം വൈദികവൃത്തിയില്‍ പ്രവേശിച്ചു എന്നുവേണം കരുതുവാന്‍, കാരണം വളരെ ചെറുപ്പത്തില്‍ തന്നെ വൈദികനായതായി ചില ചരിത്രരേഖകളില്‍ കാണുന്നുണ്ട്. തുടര്‍ന്ന് സ്മിര്‍ണായിലെ സഭാ ശുശ്രൂഷകളില്‍ വാപൃതനായ അദ്ദേഹത്തിന് ഫ്രഞ്ച് പട്ടണമായ ലിയോണ്‍സിലെ മെത്രാപ്പോലീത്താ പോഥീനസില് നിന്നും ഒരു കത്തു ലഭിക്കുകയുണ്ടായി. മിഷനറി പ്രവര്‍ത്തനത്തില്‍ കൂടുതല്‍ താല്പര്യം ഉണ്ടായിരുന്ന ഐറേനിയോസ് അധികം താമസിയാതെ ലിയോണ്‍സിലേക്ക് യാത്രയായി.
സ്മിര്‍ണായിലെ പോലെ തന്നെ ആദ്യ നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമാര്‍ഗ്ഗം എത്തിയ പട്ടണമാണ് ലിയോണ്‍സ്. എന്നിരുന്നാലും കെല്‍ട് വംശജര്‍ എന്ന വലിയ ഒരു വിഭാഗം ക്രിസ്തുമാര്‍ഗ്ഗം സ്വീകരിക്കാതെ ലിയോണ്‍സില്‍ ഉണ്ടായിരുന്നു. ഗ്രീക്ക് ഭാഷയിലൂടെയും കെല്ടു ഭാഷയിലൂടെയും സുവിശേഷ പ്രഭാഷണങ്ങളും സംഭാഷണങ്ങളും വഴിയായി സഭാശുശ്രൂഷകള്‍ക്ക് ഐറേനിയോസ് നേതൃത്വം നല്കി ക്രിസ്തുമാര്‍ഗ്ഗത്തെ കൂടുതല്‍ ജനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ കാലഘട്ടത്തില്‍ ലിയോണ്‍സില്‍ ഒരു മതപീഡനം പൊട്ടിപ്പുറപ്പെടുകയും അനേകം ക്രിസ്താനികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ കൂട്ടക്കൊലയില്‍ ലിയോണ്‍സിലെ മെത്രാപ്പോലീത്താ പോഥീനസും വധിക്കപ്പെട്ടു. ഈ മതപീഡനത്തിനു മുന്‍പുതന്നെ ഐറേനിയോസ് റോമായിലേക്ക് യാത്രപോയതിനാല്‍ ഈ മനുഷ്യകുരുതിയില്‍ അകപ്പെടാതെ രക്ഷപ്പെട്ടു. എന്തായാലും ദൈവത്തിന്റെ സഭയ്ക്കും സുവിശേഷത്തിനും വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അദ്ദേഹത്തെ ദൈവം കാത്തു പരിപാലിച്ചുവെന്നു തന്നെ വിശ്വസിക്കാം.
മതപീഡനങ്ങള്‍ക്കു ശേഷം, അധികം താമസിയാതെ ഐറേനിയോസ് ലിയോണ്‍സിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് പോഥീനസിന്റെ പിന്‍ഗാമിയായി ലിയോണ്‍സിലെ മെത്രാപ്പോലീത്തായായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇത് ക്രിസ്തുവര്‍ഷം 177 നോടടുപ്പിച്ചായിരുന്നു എന്ന് ചരിത്രരേഖകള്‍ സാക്ഷിക്കുന്നു. ഐറേനിയോസിനെ ലിയോണ്‍സിലേക്ക് സുവിശേഷ പ്രചരണത്തിനായി ക്ഷണിച്ചത് പോഥീനസ് മെത്രാപ്പോലീത്തായിരുവെന്നതും ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. മെത്രാപ്പോലീത്താ ലബ്ധിയ്ക്കു മുന്‍പുള്ള ലിയോണ്‍സിലെ പ്രവര്‍ത്തന പരിചയം, കൂടുതല്‍ ജനപ്രീതിയോടും മികവോടും കൂടെ ലിയോണ്‍സില്‍ ക്രിസ്തുമാര്‍ഗ്ഗം അരക്കിട്ട് ഉറപ്പിക്കുവാന്‍ വിശുദ്ധ ഐറേനിിയോസിനെ സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല.
ക്രൈസ്തവ സഭയ്ക്ക് വിശുദ്ധ ഐറേനിയോസ് നല്കിയ സംഭാവനകളെപ്പറ്റി ചിന്തിക്കുമ്പോള്‍ എടുത്തു പറയേണ്ടതായ രണ്ടു സംഗതികളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥരചനകളും സഭയുടെ സത്യവിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ വേദവിപരീതങ്ങള്ക്കെതിരെയുളള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും. ഐറേനിയോസിന്റെ ലിയോണ്‍സിലെ പ്രവര്‍ത്തന കാലഘട്ടത്തില്‍ ഉയര്‍ന്നു വന്ന രണ്ടു വേദവിപരീതങ്ങളായിരുന്നു മൊണ്ടാനിസവും ജ്ഞാനവാദവും. സഭാശുശ്രൂഷയില്‍ ഐറേനിയോസിനു ഒന്നാമതായി നേരിടേണ്ടി വന്നത് മോണ്ടാനിസം എന്ന ഉപദേശപ്പിശകിനോടായിരുന്നു. ഇതൊരു തരം വെളിപ്പാട് പ്രസ്ഥാനമായിരുന്നു. നമ്മുടെ നാട്ടില്‍ ഉണ്ടായ യൂയോമയ ഉണര്‍വ്വ് പ്രസ്ഥാനത്തിനു ഇതിനോട് ഏറെക്കുറെ സാധര്‍മ്യമുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രത്യേക പ്രവാഹം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുള്ള ഒരു കൂട്ടരുടെ കാത്തിരിപ്പിനുള്ള ആഹ്വാനമായിട്ടാണ് മോണ്ടാനിസം തുടങ്ങിയത്. സമ്പൂര്‍ണ്ണ വര്ജ്ജനമായിരുന്നു ഇവരുടെ മുഖ്യസന്ദേശം. അനേകം പേര് ജോലിയും കൃഷിപ്പണിയും ഉപേക്ഷിച്ചു കാത്തിരിപ്പ് തുടങ്ങിയതും ജനജീവിതത്തില്‍ സ്തംഭനവും വിഷമസന്ധിയും ഉളവാക്കി. രണ്ടാമതായി, അദ്ദേഹം നേരിട്ട വേദവിപരീതമാണ് ജ്ഞാനമതം. ക്രിസ്തുവിനു പദാര്‍ത്ഥമായ ഒരു ശരീരം വാസ്തവത്തില്‍ ഉണ്ടായിരുന്നില്ല, മറിച്ച് അങ്ങനെയുണ്ടെന്ന ഒരു തോന്നല്‍ മാത്രമാണെന്ന് ജ്ഞാനമതക്കാര് വാദിച്ചു. ക്രിസ്തു ശരിയായും ജനിച്ചതല്ല, വാസ്തവത്തില്‍ കഷ്ടതയനുഭവിക്കുകയോ മരിക്കുകയോ ചെയ്തില്ല എന്നാല്‍ അപ്രകാരമുളള ഒരു തോന്നല്‍ അഥവാ കാണപ്പെടല്‍ മാത്രമാണ്, ജ്ഞാനമാണ് വിശ്വാസത്തെക്കാള്‍ പ്രധാനപ്പെട്ടത് എന്നൊക്കെയായിരുന്നു ജ്ഞാനമതക്കാരുടെ മറ്റു വാദങ്ങള്‍. ഈ രണ്ടു വേദവിപരീതങ്ങളെയും സഭയില്‍ നിന്നും തുടച്ചു നീക്കുവാന്‍ ഐറേനിയോസിന്റെ പ്രവര്‍ത്തനങ്ങള്‍ സഭാചരിത്രത്തില്‍ വളരെയധികം പ്രധാന്യമര്‍ഹിക്കുന്നു. ഈ വേദവിപരീതങ്ങള്‍ക്കെതിരെ അനേകം കത്തുകളിലൂടെയും ഗ്രന്ഥരചനകളിലൂടെയും ഐറേനിയോസ് തന്റെ ശബ്ദം ഉയര്‍ത്തി. ഇപ്രകാരം അപ്പോസ്തൊലന്മാരുടെ പഠിപ്പിക്കലുകളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കി സഭയുടെ സത്യവിശ്വാസം നിലനിര്‍ത്തുവാന്‍ ഐറേനിയോസ് അഹോരാത്രം പ്രയത്നിച്ചു.
വിശുദ്ധ ഐറേനിയോസിന്റെ ഗ്രന്ഥരചനകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ വൈദിക വിജ്ഞാനത്തില്‍ അറിവ് നമുക്ക് ലഭ്യമാകുന്നത്. അദ്ദേഹത്തിന്റെ കൃതികളില്‍ വലിയ പങ്കും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെയും ഇതര ഗ്രന്ഥകര്‍ത്താക്കളുടെയും ഉദ്ധരണികളില്‍ നിന്ന് ഒരു ഏകദേശരൂപമെങ്കിലും ഇന്ന് ലഭ്യമായിട്ടുണ്ട്. ഐറേനിയോസിന്റെ കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ട രചനയാണ് സകല പാഷണ്ഡമത ഖണ്ഡനം (അഴമശിെേ ഒലൃലശെലെ). ഈ ഗ്രന്ഥം ജ്ഞാനമതക്കാര്ക്കെതിരായി സത്യക്രിസ്തീയ വിശ്വാസത്തെ സംരക്ഷിക്കുന്നതിനായി എഴുതപ്പെട്ടതാണ്. ക്രിസ്തു, പഴയനിയമ ദീര്‍ഘദര്‍ശനങ്ങളുടെ പൂര്‍ത്തീകരണമെന്ന ആശയത്തെ അവലംബമാക്കി എഴുതിയ മറ്റൊരു പ്രധാന രചനയാണ് അപ്പോസ്തലിക സുവിശേഷ ഘോഷണ മണ്ഡനം (ഉലാീിൃമെേശേീി ീള അുീീഹെേശര ജൃലമരവശിഴ). ക്രിസ്തീയ സത്യങ്ങളുടെ സമ്പന്നതകളെയെല്ലാം പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥമാണ് വിശ്വാസത്തിന്റെ നിയമം (ഞൗഹല ീള എമശവേ). ഇതു കൂടാതെ മേല്‍വിവരിച്ച പ്രകാരം വേദവിപരീതങ്ങള്‍ക്കെതിരെ അനേകം കത്തുകളും ലേഖനങ്ങളും ഐറേനിയോസ് സഭയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
സഭയുടെ പാരമ്പര്യം, അപ്പോസ്തോലിക പിന്തുടര്ച്ച, വേദപുസ്തക സംബന്ധമായ കാനോനുകള്‍ എന്നിവയെ ഐറേനിയോസ് എക്കാലവും ഉയര്‍ത്തി പിടിച്ചിരുന്നു. വിശുദ്ധ വേദപുസ്തകത്തില്‍ പഴയനിയമ ഗ്രന്ഥങ്ങള്‍ ഏതൊക്കെ എന്നു തീരുമാനം എടുത്തിട്ടില്ലാത്ത അക്കാലത്ത് തിരുവചനം ആധാരമാക്കിയുള്ള ദൈവശാസ്ത്ര പ്രതിപാദനത്തില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. വിശുദ്ധ വേദപുസ്തകത്തിലെ നാലു സുവിശേഷങ്ങളെ പരിചയപ്പെടുത്തുവാനും അംഗീകരിപ്പിക്കുവാനും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും പ്രത്യേകം പ്രസ്താവ്യമാണ്. ഇക്കാരണങ്ങളാല്‍ സഭാചരിത്രത്തിലെ ഒന്നാമത്തെ ദൈവശാസ്ത്രജ്ഞന് എന്ന പദവി ഐറേനിയോസിനു നല്‍കുന്നതായി മനസ്സിലാക്കാം.
സഭാചരിത്രത്തില്‍, ഐറേനിയോസ് എന്ന തന്റെ പേര് അന്വര്‍ത്ഥമാകും വിധം അദ്ദേഹം നടത്തിയ ചില സമാധന ശ്രമങ്ങള്‍ വളരെ ശ്രദ്ധേയമാണ്. നമ്മുടെ കര്‍ത്താവിന്റെ ഉയിര്‍പ്പ് പെരുന്നാള്‍ ആചരിക്കുന്ന തീയതി സംബന്ധിച്ച് നടന്ന ഒരു തര്‍ക്കമായിരുന്നു ഈ സംഭവത്തിനാധാരം. എല്ലാ സഭകളും ഒരേ തീയതിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ആചരിക്കണമെന്ന് റോമായിലെ ബിഷപ്പ് ഒരു പ്രസ്താവന ഇറക്കുകയും ഇതിനു അനുകൂലിക്കാത്തവരെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ശഠിച്ചു. ഇതിനെതിരെ റോമായിലെ ബിഷപ്പിനു ഐറേനിയോസ് എഴുതിയ കത്ത് വളരെ പ്രസിദ്ധമാണ്. ڇപുരാതന നടപടിക്രമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ സഭകളെ താങ്കള്‍ ഇങ്ങനെ പുറം തള്ളരുത്. അപ്രധാന സംഗതികളില്‍ വ്യത്യസ്ത ചിന്തകള്‍ ഉണ്ടാകുന്നത് സഭയുടെ ധന്യതയുടെയും ഊര്‍ജ്ജസ്വലതയുടെയും തെളിവാണ്. വിഭിന്നാഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവര്‍ പരസ്പരം സഹിഷ്ണുത പ്രദര്‍ശിപ്പിക്കുകയാണ് വേണ്ടത്ڈ. ഇങ്ങനെ എല്ലാം കൊണ്ടും തന്റെ പേരിനൊത്തവണ്ണം ഐറേനിയോസ് ഒരു സന്ധിപ്രിയന്‍ ആയിരുന്നു.
വിശുദ്ധ ഐറേനിയോസ് ക്രിസ്തുവര്‍ഷം 202-ല്‍ ലിയോണ്‍സില്‍ വച്ച് കാലം ചെയ്തു. ഈ കാലഘട്ടത്തില്‍ ലിയോണ്‍സ് പട്ടണത്തില്‍ ക്രിസ്താനികള്‍ക്ക് എതിരെയുണ്ടായിരുന്ന പീഡയില്‍ വച്ച് കൊല്ലപ്പെട്ടുവെന്ന് ചില ചരിത്രരേഖകളില്‍ കാണുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അവസാനം രക്തസാക്ഷി മരണം മൂലം അല്ലായിരുവെന്നും ചില ചരിത്രരേഖകളില്‍ കാണുന്നു. എന്തായാലും, ജീവിത കാലം മുഴുവന്‍ ഒരു സത്യസാക്ഷിയായി ജീവിക്കുവാന്‍ ഐറേനിയോസിനു സാധിച്ചുവെന്നതില്‍ രണ്ടു പക്ഷമില്ല. ലിയോണ്‍സിലെ സെന്റ് ജോണ്‍സ് ദൈവാലയത്തില്‍ ഐറേനിയോസ് കബറടക്കപ്പെട്ടു. ദൈവഭക്തിയും മനുഷ്യ സ്നേഹവും തന്റെ ജീവിതത്തില്‍ സംയോജിപ്പിച്ച് സഭയെ അതിന്റെ സത്യവിശ്വാസത്തില്‍ നിലനിര്‍ത്തിയ സഭാപിതാവായ വിശുദ്ധ ഐറേനിയോസിനെ സഭയ്ക്ക് നല്കിയ ത്രീയേക ദൈവത്തിനു സ്തുതി