നമ്മുടെ കർത്താവിന്റെ മറുരൂപപ്പെരുന്നാൾ എന്തുകൊണ്ട് ആഗസ്റ്റ് 6 - ന് ആചരിക്കുന്നു?
നമ്മുടെ കർത്താവിന്റെ മറുരൂപപ്പെരുന്നാൾ എന്തുകൊണ്ട് ആഗസ്റ്റ് 6 - ന് ആചരിക്കുന്നു?
Home
നമ്മുടെ കർത്താവിന്റെ മറുരൂപപ്പെരുന്നാൾ എന്തുകൊണ്ട് ആഗസ്റ്റ് 6 - ന് ആചരിക്കുന്നു?
നമ്മുടെ കർത്താവ് ക്രൂശാരോഹണത്തിനായി യറുശലേമിലേക്ക് പോകുന്നതിനു മുൻപ് മലയിൽ വച്ച് തന്റെ മൂന്നു ശിഷ്യമാരൊടൊപ്പം ദൈവപുത്രൻ എന്ന നിലയിൽ ശക്തീകരണവും ബലവും പ്രാപിച്ച സംഭവത്തെ ഓർക്കുന്നതിനാണ് നാം എല്ലാവർഷവും മറുരൂപപ്പെരുന്നാൾ ആചരിക്കുന്നത്. എല്ലാവർഷവും ഈ പെരുന്നാൾ ആഗസ്റ്റ് മാസം ആറാം തീയതിയാണ് കൊണ്ടാടുന്നത്.
ക്രൂശാരോഹണത്തിനു മുൻപ് നടന്ന സംഭവമാണെങ്കിലും ഇത് നമ്മുടെ കർത്താവിന്റെ ക്രൂശാരോഹണവും ഉയിർപ്പും കഴിഞ്ഞാണ് കൊണ്ടാടുന്നത് (നമ്മുടെ കർത്താവിന്റെ മരണവും ഉയിർപ്പും മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സഭയായി നാം ആചരിക്കുന്നത്). ചരിത്രപരമായി നമ്മുടെ കർത്താവിന്റെ ക്രൂശാരോഹണം നടന്നത് യഹൂദന്മാരുടെ പെസഹാ പെരുന്നാളിനോടനുബന്ധിച്ചാണ്. യഹൂദന്മാരുടെ കലണ്ടർ അനുസരിച്ച് പെസഹാ പെരുന്നാൾ ആചരിച്ചിരുന്നത് വസന്തകാലത്തെ ആദ്യ പൗർണ്ണമി ദിവസമായിരുന്നു, അതായത് നീസാൻ മാസം പതിനാലാം ദിവസം. ഈ കാരണത്താലാണ് വസന്തകാലത്തെ (മാർച്ച് മാസത്തെ) വിഷുവത്തിനു (equinox) ശേഷം വരുന്ന പൗർണ്ണമി ദിവസത്തെ ആസ്പദമാക്കി ഉയിർപ്പ് പെരുന്നാൾ തീയതി നിശ്ചയിക്കുന്നത്. അങ്ങനെയെങ്കിൽ ക്രൂശാരോഹണത്തിനു മുൻപ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഒരു ദിവസമായിരുന്നു മറുരൂപപ്പെരുന്നാൾ ആചരിക്കേണ്ടിയിരുന്നത്.
ക്രിസ്തീയ സഭകളിൽ ഈ പെരുന്നാൾ എന്നു മുതൽ തുടങ്ങി എന്നതിനു വ്യക്തമായ രേഖകളൊന്നുമില്ല. എന്നാൽ നാലാം നൂറ്റാണ്ടിൽ കർത്താവിന്റെ മറുരൂപം നടന്ന താബോർ മലയിൽ ദൈവാലയങ്ങൾ സ്ഥാപിക്കപ്പെട്ടതായി ചരിത്രരേഖകളിൽ കാണുന്നു (വിശുദ്ധ വേദപുസ്തകത്തിൽ മറുരൂപം നടന്നത് താബോർ മലയെന്ന് പറയുന്നില്ലെങ്കിലും ചരിത്രപരമായി ഇത് താബോർ മലയെന്നു വിശ്വസിക്കുന്നു). എന്നാൽ വിശുദ്ധ ജോൺ ക്രിസോസ്റ്റത്തിന്റെയും അപ്രേമിന്റെയും അലക്സാണ്ട്രിയിലെ സിറിലിന്റെയും ചില പ്രസംഗങ്ങളിൽ ആദ്യനൂറ്റാണ്ടുകളിൽ തന്നെ മറുരൂപ പെരുന്നാൾ ആചരിച്ചു എന്നതിനെപ്പറ്റിയുള്ള ചില വിവരണങ്ങൾ കാണാം. എന്നിരുന്നാലും, ഏഴാം നൂറ്റാണ്ടോടു കൂടി യറുശലേമിലും എട്ടാം നൂറ്റാണ്ടോടു കൂടി ബൈസന്റെൻ സഭകളിലും പത്താം നൂറ്റാണ്ടോടു കൂടി അന്ത്യോഖ്യയിലെ സുറിയാനി സഭയിലും ഈ പെരുന്നാൾ ആചരണം വ്യാപിച്ചുവെന്നു പൊതുവെ കരുതുന്നു. തുടർന്ന് 1456 - ലെ ബെൽഗ്രേഡ് ഉപരോധത്തിലൂടെ ഓട്ടോമാൻ സാമാജ്യത്തിന്റെ യൂറോപ്പിലേക്കുള്ള അധിനിവേശത്തിനെതിരെ നേടിയ വിജയത്തിന്റെ പ്രതീകമായി പോപ്പ് കാലിക്സ്റ്റസ് മൂന്നാമന്റെ ആഹ്വാനത്തോടു കൂടിയാണ് പാശ്ചാത്യ സഭയിലേക്ക് ഈ പെരുന്നാൾ ആചരണം വ്യാപിക്കുന്നത്.
ആദ്യ കാലങ്ങളിൽ ഈ പെരുന്നാൾ, നമ്മുടെ കർത്താവിന്റെ ക്രൂശു മരണത്തിനു നാൽപ്പത് ദിവസങ്ങൾക്ക് മുൻപ് ആചരിച്ചു വന്നതായി കാണുന്നു. അതായത് വലിയ നോമ്പിന്റെ ആദ്യ ആഴ്ചകളിൽ. എന്നാൽ പിന്നീട്, ഇപ്പോൾ ആചരിക്കുന്ന ആഗസ്റ്റ് മാസം ആറിലേക്ക് ഇതിന്റെ ആചരണം മാറി. ആഗസ്റ്റ് മാസത്തിലേക്ക് ഇതിന്റെ ആചരണം മാറിയതിനുള്ള കാരണങ്ങൾ വ്യക്തമല്ല എങ്കിലും താഴെ പറയുന്ന വിശദീകരണങ്ങൾ ചില അറിവുകൾ നൽകുന്നു.
1456 ജൂലൈ 22-നു ബെൽഗ്രേഡ് ഉപരോധത്തിലൂടെ ഓട്ടോമൻ സാമ്രാജ്യത്തിന്റെമേൽ നേടിയ വിജയവിവരം റോമിൽ എത്തിയത് ആഗസ്റ്റ് ആറിനാണെന്നും അന്നു മുതൽ ആഗസ്റ്റ് ആറാം തീയതി നമ്മുടെ കർത്താവിന്റെ മറുരൂപ പെരുന്നാൾ കൊണ്ടാടുവാൻ കാലിക്സ്റ്റസ് മൂന്നാമൻ മാർപാപ്പ കൽപ്പന പുറപ്പെടുവിക്കുകയും പാശ്ചാത്യ സഭകളിൽ ഈ പെരുന്നാൾ ആചരണം ആഗസ്റ്റ് ആറാം തീയതി ആയി തീരുകയും ചെയ്തുവെന്നും നാലാം നൂറ്റാണ്ടിൽ താബോർ മലയിൽ ആദ്യ ദൈവാലയം സ്ഥാപിക്കപ്പെട്ട തീയതി ആഗസ്റ്റ് ആറിനാണെന്നും അതിന്റെ ഓർമ്മയ്ക്കും ബെൽഗ്രേഡ് ഉപരോധത്തിലൂടെ നേടിയ വിജയാഹളാദവും ചേർത്ത് ഈ തീയതി തീരുമാനിച്ചുവെന്നും ചില രേഖകൾ പറയുന്നു. എന്തായാലും കാലിക്സ്റ്റസ് മൂന്നാമന്റെ ഈ കല്പനയോടെയാകണം ആഗോള സഭയിൽ ഈ പെരുന്നാളിന്റെ ആചരണ തീയതി ആഗസ്റ്റ് ആറായി പരിണമിച്ചതെന്ന് കരുതാം.
എന്നാൽ മറ്റു ചില വിശദീകരണങ്ങളും ഇതിനോടബന്ധിച്ച് കാണാവുന്നതാണ്. ഒന്നാമതായി, വലിയ നോമ്പിന്റെ ദിവസങ്ങളിൽ ഈ പെരുന്നാൾ വന്നാൽ നോമ്പിന്റെ മുറയിലുള്ള ആചരണങ്ങൾക്ക് തടസ്സം വരുമെന്നതിനാലാണ് നോമ്പിന്റെ ദിവസങ്ങളിൽ നിന്നും ഈ പെരുന്നാൾ മാറ്റിയതെന്ന് പൊതുവേ സുറിയാനി സഭകളുടെ ചില രേഖകളിൽ കാണുന്നു. അതിനാൽ ക്രൂശ്രു മരണത്തിനു നാൽപ്പതു ദിവസത്തിനു മുൻപ് ആചരിച്ചിരുന്ന ഈ പെരുന്നാൾ, നമ്മുടെ കർത്താവിനെ ക്രൂശിച്ച കുരിശു കണ്ടെത്തിയതിന്റെ ഓർമ്മയുടെ ദിവസമായ സെപ്റ്റംബർ പതിനാലിനു മുൻപുള്ള നാൽപ്പത് ദിവസമായ ആഗസ്റ്റ് ആറിലേക്ക് മാറ്റിയെന്നും കരുതുന്നു. രണ്ടാമതായി, ഇത് യേശു തമ്പുരാനെ ബഹുമാനിക്കുന്ന ഒരു പെരുന്നാൾ എന്നതിലുപരി പരിശുദ്ധ ത്രിത്വത്തിന്റെ ഒരു ആഘോഷം കൂടിയാണ്, കാരണം ത്രിത്വത്തിലെ മൂന്നു ആളത്വങ്ങളും ആ നിമിഷം സന്നിഹിതരാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു: പിതാവായ ദൈവം സ്വർഗത്തിൽ നിന്ന് സംസാരിച്ചു, രൂപാന്തരപ്പെട്ടവനായ പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം ഒരു മേഘത്തിന്റെ രൂപത്തിൽ സന്നിഹിതനായി. ഈ അർത്ഥത്തിൽ, ഈ പെരുന്നാളിനെ ത്രിത്വത്തിന്റെ വെളിപ്പെടലായും കരുതാം. വിശുദ്ധ ത്രിത്വം സമാനമായ മാതൃകയിൽ നമ്മുടെ കർത്താവിന്റെ മാമോദീസായിലും പ്രത്യക്ഷപ്പെട്ടതായി നാം വിശ്വസിക്കുന്നു. ആയതിനാൽ നമ്മുടെ കർത്താവിന്റെ സ്നാനത്തിന്റെ ദിനമായ ജനുവരി ആറാം തീയതിയിൽ നിന്ന് ഏഴു മാസങ്ങൾ കൂട്ടി ആഗസ്റ്റ് ആറായി നിജപ്പെടുത്തിയതെന്നും ചില രേഖകളിൽ കാണുന്നു.
സുറിയാനിയിൽ മറുരൂപപ്പെരുന്നാൾ അറിയപ്പെടുന്നത് മ്താലെ എന്നാണ്. ഈ വാക്കിന്റെ അർത്ഥം കൂടാരം അല്ലെങ്കിൽ കുടിൽ എന്നാണ്. രൂപാന്തരീകരണ സമയത്ത് മലയിൽ വച്ച് പത്രോസ് ശ്ലീഹാ കുടിലുകൾ ഉണ്ടാക്കുന്ന കാര്യം സൂചിപ്പിച്ചതിനെ ഓർക്കുന്നതിനാകാം സുറിയാനിയിൽ ഇങ്ങനെ ഒരു പേരു ഇടാൻ കാരണമായത്. എന്നിരുന്നാലും യഹൂദന്മാരുടെ കൂടാരപ്പെരുന്നാളുമായി ഈ സംഭവത്തിനു പ്രത്യേക ബന്ധമൊന്നുമില്ല. യഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ ആചരിക്കുന്നത് യഹൂദ കലണ്ടറിലെ ഏഴാം മാസം ആണ്. ഇത് നമ്മുടെ കലണ്ടർ അനുസരിച്ച് സെപ്റ്റംബർ ഒക്ടോബർ മസങ്ങളിലേ വരുകയുള്ളൂ. അതിനാൽ ആഗസ്റ്റ് മാസത്തിലെ മറുരൂപപ്പെരുന്നാളുമായി കൂടാരപ്പെരുന്നാളിന് പ്രത്യേക ബന്ധമൊന്നുമില്ല.
മേൽ വിവരിച്ച രീതി അനുസരിച്ച് ഓഗസ്റ്റ് ആറാം തീയതിയാണ് മിക്കവാറും എല്ലാ ക്രിസ്തീയ സഭകളും ഇന്നു ഈ പെരുന്നാൾ ആചരിക്കുന്നത്. മലങ്കര മാർത്തോമാ സുറിയാനി സഭ, കേരളത്തിലെ സുറിയാനി പരമ്പര്യത്തിലുള്ള മറ്റ് സഭകൾ, അന്തോഖ്യ സുറിയാനി സഭ, ഈസ്റ്റേൺ ഓർത്തോഡോക്സ് സഭകൾ, കത്തോലിക്കാ സഭകൾ തുടങ്ങിയ സഭകൾ ഓഗസ്റ്റ് മാസം ആറാം തീയതി തന്നെ ഈ പെരുന്നാൾ കൊണ്ടാടുന്നു. ഇതിൽ ഇപ്പോഴും ജൂലിയൻ കലണ്ടർ ഉപയോഗിക്കുന്ന ഓർത്തോഡോക്സ് സഭകളിൽ ആഗസ്റ്റ് 6 നു സമാനമായ ഗ്രിഗോറിയൻ കലണ്ടറിലെ ഓഗസ്റ്റ് 19 നാണ് ഈ പെരുന്നാൾ ആചരിക്കുന്നത്. എന്നാൽ അർമീനിയൻ ഓർത്തോഡോക്സ് സഭയിൽ ഉയിർപ്പിനു ശേഷം പതിനാലാമത്തെ ഞായറാഴ്ച അല്ലെങ്കിൽ 98 ദിവസങ്ങൾക്ക് ശേഷമാണ് ഈ പെരുന്നാൾ ആചരിക്കുന്നത്. അതിനാൽ ജൂൺ 28 മുതൽ ആഗസ്റ്റ് 1 വരെയുള്ള 35 ദിവസത്തിന്റെ ഇടവേളയിൽ ഇതു ആചരിക്കപ്പെടുന്നു. പ്രൊട്ടസ്റ്റന്റ് സഭകളിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഓഗസ്റ്റ് ആറാം തീയതി തന്നെ ഈ പെരുന്നാൾ കൊണ്ടാടുമ്പോൾ മറ്റ് ചില സഭകളിൽ ചാമ്പൽ ബുധനാഴ്ചയ്ക്കു ശേഷമുള്ള ഞായറാഴ്ച ഈ പെരുന്നാൾ ആചരിക്കുന്നു.
ആചരിക്കുന്ന തീയതികളുടെ തീരുമാനങ്ങൾ എന്ത് തന്നെ ആയിരുന്നാലും നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് തന്റെ മഹത്വത്തെ തന്റെ ശിഷ്യന്മാർക്കും സകല ജനത്തിനും വെളിപ്പെടുത്തിയ ഈ ദൈവിക ഓർമ്മയെ കൊണ്ടാടുവാൻ നമുക്ക് ഏവർക്കും ഇടയാകട്ടെയെന്ന് പ്രാർഥിക്കുന്നു.