സഭയിലെ ആദ്യ മൂന്ന് പൊതു സുന്നഹദോസുകൾ
സഭയിലെ ആദ്യ മൂന്ന് പൊതു സുന്നഹദോസുകൾ
സഭയിലെ ആദ്യ മൂന്ന് പൊതു സുന്നഹദോസുകൾ
മാർ തോമാ സുറിയാനി സഭയുടെ കുർബാനക്രമത്തിലെ അഞ്ചാം തുബ്ദേനിൽ ഒരു പ്രാർത്ഥന ഇങ്ങനെയാണ്; "നിഖ്യായിലും, കുസ്തന്തിനോസ്പൊലിസിലും, എഫേസോസിലും ഉണ്ടായ മൂന്നു സുന്നഹദോസുകളേയും അവയിൽ ഉൾപ്പെട്ട സകല വിശുദ്ധ പിതാക്കന്മാരേയും ഞങ്ങൾ ഓർക്കുന്നു." ആദിമ സഭയിൽ നാലാം നൂറ്റാണ്ടിലും, അഞ്ചാം നൂറ്റാണ്ടിലും കൂടിയ ആദ്യ മൂന്നു പൊതു സുന്നഹദോസുകളെപ്പറ്റിയാണ് (Ecumenical Synods / Councils) ഇവിടെ പരാമർശിക്കുന്നത്.
നിഖ്യാ സുന്നഹദോസ് - AD 325
തുർക്കിയിലെ ഒരു പട്ടണമാണ് നിഖ്യാ. മൂന്നും നാലും നൂറ്റാണ്ടുകളിൽ സഭയിൽ ഉടലെടുത്ത വിശ്വാസവിപരീതങ്ങളെ നേരിടാൻ, ക്രിസ്താബ്ദം 325-ൽ, അന്നത്തെ റോമൻ ചക്രവർത്തിയും, ക്രൈസ്തവ വിശ്വാസിയും ആയിരുന്ന കോൺസ്റ്റാൻ്റിൻ (Constantine the Great) അവിടെ ഒരു സുന്നഹദോസ് വിളിച്ചു ചേർക്കുവാൻ തീരുമാനിച്ചു. അക്കാലത്ത് സഭ അലക്സാൻഡ്രിയാ, റോമാ, അന്ത്യോഖ്യ, കോൺസ്റ്റാൻ്റിനോപ്പിൾ എന്നിവിടങ്ങളിലെ പാത്രിയർക്കീസുമാരാൽ ഭരിക്കപ്പെട്ടു വന്നിരുന്നു. അലക്സാൻഡ്രിയായിലെ ഒരു പട്ടക്കാരനായിരുന്ന അറിയൂസ്, പുത്രനായ ദൈവം പിതാവായ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവാനാണ് എന്നും, അതിനാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നും വാദിച്ചു. അറിയൂസിനെ സഭയിൽ നിന്നും പുറത്താക്കിയെങ്കിലും, സഭയിൽ വിശ്വാസ ഭിന്നതകൾ വർദ്ധിച്ചു വന്നു. ഈ സാഹചര്യത്തിലായിരുന്നു, കോൺസ്റ്റാന്റിൻ ചക്രവർത്തി നിഖ്യായിൽ ഒന്നാമത്തെ പൊതു സുന്നഹദോസ് വിളിച്ചു കൂട്ടിയത്. പിതാവിനും പുത്രനും സാരാംശത്തിൽ 'സാമ്യം' (ഹോമോയ് ഊസിയോസ് Homo-i-Ousios) മാത്രമെ ഉള്ളുവെന്ന വിശ്വാസ വിപരീതം ഇവിടെ ഖണ്ഡിക്കപ്പെട്ടു. പിതാവും പുത്രനും സാരാംശത്തിൽ 'ഏകത്വം' ഉള്ളവരാണെന്ന് ഈ സുന്നഹദോസിൽ പ്രഖ്യാപിക്കപ്പെടുകയും, ഹോമോ ഊസിയൂസ് (Homo Ousios സാരാംശത്തിൽ ഏകത്വം) എന്ന ഗ്രീക്ക് വാക്ക് ഇവിടെ വച്ച് അംഗീകരിക്കപ്പെടുകയും ചെയ്തു. സഭയുടെ വിശ്വാസ പ്രമാണത്തിന്റെ ആദ്യ ഭാഗം തീരുമാനിച്ചുറപ്പിച്ചത് നിഖ്യാ സുന്നഹദോസിൽ വച്ചാണ്. പിന്നീടുള്ള സുന്നഹദോസിൽ ചില ഭേദഗതികൾ വരുത്തുകയും കൂടുതൽ വിപുലമാക്കുകയും ചെയ്തുവെങ്കിലും കൂടുതൽ ഭാഗങ്ങളും രൂപപ്പെട്ടത് ഈ സുന്നഹദോസിൽ ആയതു കൊണ്ട് സഭയുടെ വിശ്വാസപ്രമാണം 'നിഖ്യാ വിശ്വാസപ്രമാണം' എന്നറിയപ്പെടുന്നു
നിഖ്യാ സുന്നഹദോസിൽ 318 മെത്രാന്മാർ പങ്കെടുത്തിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. മലങ്കരയിൽ നിന്ന് യോഹന്നാൻ എന്നൊരു മെത്രാനും സംബന്ധിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഈ മെത്രാനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിവില്ല. അറിയൂസിന്റെ വേദവിപരീതം ഫലപ്രദമായി തടഞ്ഞതു കൂടാതെ, മറ്റ് 20 സഭാ ചട്ടങ്ങൾ (കാനോനുകൾ) കൂടി നിഖ്യാ സുന്നഹദോസിൽ തീരുമാനിച്ച് അംഗീകരിക്കപ്പെട്ടു. തീയതി മാറ്റമുള്ള ഉയിർപ്പ് പെരുന്നാളിൻ്റെ തീയതി കണക്കാക്കുന്ന രീതി ഈ സുന്നഹദോസിൽ ആണ് തീരുമാനിക്കപ്പെട്ടത്.
കുസ്തന്തിനോസ്പൊലിസ് സുന്നഹദോസ് - AD 381
AD 337-ൽ കോൺസ്റ്റാൻ്റിൻ ചക്രവർത്തിയുടെ നിര്യാണത്തിനു ശേഷം, സഭയിൽ വീണ്ടും അറിയൂസിൻ്റെ വിശ്വാസ വിപരീതങ്ങൾ തലപൊക്കിത്തുടങ്ങി. പുത്രന് പിതാവിനോട് ഏകത്വമില്ലെന്നും, സാമ്യം മാത്രമേയുള്ളൂവെന്നും അറിയൂസ് പക്ഷക്കാർ വീണ്ടും വാദിച്ചു തുടങ്ങി. ഇതു കൂടാതെ മക്കദോന്യ മതം, അപ്പൊളിനാറിയ മതം എന്നിങ്ങനെ വേറെ രണ്ടു പാഷാണ്ഡതകൾ കൂടി സഭയിൽ പ്രചരിച്ചു തുടങ്ങിയിരുന്നു. പരിശുദ്ധാത്മാവിന് പിതാവായ ദൈവത്തോട് സമത്വം ഇല്ലെന്നും, ദൈവദൂതന്മാർക്കുള്ള സ്ഥാനം മാത്രമെ ഉള്ളുവെന്ന് മക്കദോന്യക്കാർ വാദിച്ചു. യേശു ക്രിസ്തുവിന് ദൈവത്വം മാത്രമേയുള്ളുവെന്നും, ശരീരം ഉണ്ടായിരുന്നുവെങ്കിലും ആത്മാവിന്റെ സ്ഥാനത്ത് വചനമായ ദൈവം ആയിരുന്നതിനാൽ, മനുഷ്യ സ്വഭാവങ്ങൾ ഉണ്ടായിരുന്നില്ല എന്നും അപ്പൊളിനാറിയക്കാർ വാദിച്ചു. ഈ വേദവിപരീതങ്ങൾ എല്ലാം ഖണ്ഡിക്കേണ്ടത് സഭയുടെ നിലനിൽപ്പിന് ആവശ്യമായിരുന്നു. അതിനാ AD 381-ൽ തിയോഡോഷ്യസ് ചക്രവർത്തി, തൻ്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായ കുസ്തന്തിനോസ്പൊലിസിൽ (കോൺസ്റ്റാന്റിനോപ്പിൾ) ഒരു സുന്നഹദോസ് വിളിച്ചു കൂട്ടി. ഈ സുന്നഹദോസിൽ സഭാ പ്രതിനിധികളായി 150 മെത്രാന്മാരും, മക്കദോന്യ കക്ഷികളായി 36 മെത്രാന്മാരും പങ്കെടുത്തു. AD 325-ൽ നിഖ്യാ സുന്നഹദോസിൽ രൂപപ്പെടുത്തിയ വിശ്വാസപ്രമാണത്തിൽ ചില ഭേദഗതികൾ വരുത്തുകയും കൂടുതൽ വിപുലമാക്കുകയും ചെയ്തു. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, സഭ, മാമോദീസാ, മരിച്ചവരുടെ പുനരുത്ഥാനം, വരുവാനുള്ള ലോകത്തിലെ ജീവൻ എന്നീ അടിസ്ഥാനവിശ്വാസങ്ങൾ നിർവ്വചിക്കപ്പെട്ടു. ഇതാണ് ഇന്ന് നമ്മുടെ സഭയിൽ നിലവിലുള്ള വിശ്വാസപ്രമാണം. ത്രിത്വവിശ്വാസം നിർവ്വചിച്ച് ഉറപ്പിച്ചതിലൂടെ സഭയിലെ വിശ്വാസവിപരീതങ്ങൾ ഉന്മൂലനം ചെയ്യുന്നതിന് നിഖ്യാ - കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകൾ കൂടിയതിലൂടെ സാധ്യമായി. അറിയൂസ് പക്ഷക്കാരേയും, മക്കദോന്യ കക്ഷികളേയും, അപ്പൊളിനാറിയ കക്ഷികളേയും സഭയിൽ നിന്നും എന്നെന്നേക്കുമായി ബഹിഷ്കരിച്ചു.
എഫേസോസ് സുന്നഹദോസ് - AD 431
മശിഹായുടെ മനുഷ്യാവതാരത്തെപ്പറ്റി, അഞ്ചാം നൂറ്റാണ്ടിൽ പ്രധാനമായും മൂന്ന് അഭിപ്രായ വിപരീതങ്ങൾ ആണ് ഉണ്ടായിരുന്നത്. (1) മശിഹായുടെ മനുഷ്യത്വം നിഷേധിക്കുന്നവർ. (2) മനുഷ്യത്വം അംഗീകരിക്കുന്നുവെങ്കിലും, ദൈവത്വം മൂലം തനിക്ക് ശരീരത്തിൽ പീഡകൾ ഏൽക്കുവാൻ സാധിക്കില്ല എന്ന് വിശ്വസിക്കുന്നവർ. (3) മശിഹായ്ക്ക് ദൈവത്വവും മനുഷ്യത്വവും എന്നിങ്ങനെ രണ്ട് വേറിട്ട സ്വഭാവങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കുന്നവർ. ഇക്കാലത്ത് നെസ്തോറിയോസ് എന്ന വ്യക്തി കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ആയി നിയമിതനായി. മറിയാം വെറുമൊരു സ്ത്രീ മാത്രമായതിനാൽ, മറിയാമിനെ ആരും 'ദൈവമാതാവ്' എന്നു വിളിച്ചുകൂടാ, കാരണം ദൈവം ഒരു മനുഷ്യ സ്ത്രീയിൽ നിന്നു ജനിക്കുന്നത് അസാധ്യമാണ്; മറിയാമിനെ ക്രിസ്തുവിന്റെ മാതാവ് (ക്രിസ്റ്റോടോക്കൊസ് - Christotokos) എന്നു മാത്രമെ സംബോധന ചെയ്യുവാൻ പാടുള്ളൂ, 'ദൈവമാതാവ്' എന്നോ, 'ദൈവ പ്രസവിത്രി' എന്നോ വിളിക്കുവാൻ പാടില്ല; മശിഹായിൽ ദൈവത്വം, മനുഷ്യത്വം എന്നീ രണ്ട് സ്വഭാവങ്ങൾ ഉണ്ടായിരുന്നു എന്നും നെസ്തോറിയോസ് വാദിച്ചു. അലക്സാൻഡ്രിയായിലെ മെത്രാനായ കൂറിലോസ്, നെസ്തോറിയോസിൻ്റെ ഈ വാദത്തെ എതിർത്തു. വചനമായ ദൈവം ശരീരമെടുത്തത് കന്യക മറിയാമിൽ നിന്നായതിനാൽ, 'ദൈവ പ്രസവിത്രി' എന്ന സ്ഥാനം മറിയാം അർഹിക്കുന്നു എന്നും, മനുഷ്യ ശരീരം എടുത്തതിനു ശേഷവും, മ്ശിഹായിൽ ദൈവത്വവും, മനുഷ്യത്വവും ആയ രണ്ട് സ്വഭാവങ്ങൾ അഭേദ്യമായി യോജിച്ചിരുന്നു എന്നും കൂറിലോസ് വാദിച്ചു. സഭയിൽ അഭിപ്രായ വ്യത്യാസങ്ങൾ പ്രബലപ്പെട്ടു വന്നതിനെത്തുടർന്ന് അന്നത്തെ ചക്രവർത്തി ആയിരുന്ന തെയോഡോഷ്യസ് രണ്ടാമൻ, തുർക്കിയിലെ എഫേസോസിൽ ഒരു സുന്നഹദോസ് വിളിച്ചു ചേർത്തു. കന്യക മറിയം, ദൈവ പ്രസവിത്രി - തെയൊടോക്കൊസ് - Theotokos ആണെന്ന് ഈ സുന്നഹദോസിൽ തീരുമാനിച്ച് അംഗീകരിക്കപ്പെട്ടു. നെതോറിയസിനെ പാത്രിയർക്കീസ് സ്ഥാനത്തു നിന്നും നീക്കുകയും, സഭയിൽ നിന്ന് മുടക്കുകയും ചെയ്തു. നിഖ്യാ, കുസ്തന്തിനോസ്പൊലിസ് സുന്നഹദോസുകളിൽ നിർവ്വചിക്കപ്പെട്ട വിശ്വാസപ്രമാണം മുദ്ര വയ്ക്കപ്പെടുകയും, മേലിൽ ആരാലും ഒരുതരത്തിലുള്ള തിരുത്തലുകളും അതിൽ വരുത്തുവാൻ പാടില്ല എന്ന് തീരുമാനിച്ചുറപ്പിക്കയും ചെയ്തു.
ഈ സുന്നഹദോസുകളിൽ മുഖ്യ പങ്ക് വഹിച്ചവർ, നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാ പിതാക്കന്മാരായിരുന്ന അലക്സാന്ത്രി യായിലെ മാർ അത്താനാസിയോസും, കപ്പദോക്യയിലെ പിതാക്കന്മാരായിരുന്ന മാർ ബസേലിയോസും, നാസിയാൻസിലെ മാർ ഗ്രിഗോറിയോസും, നിസ്സായിലെ മാർ ഗ്രിഗോറിയോസും, അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലക്സാന്ത്രിയായിലെ മാർ കൂറിലോസും ആയിരുന്നു. നിഖ്യാ, കുസ്തന്തിനോസ്പോലീസ്, എഫേസോസ് എന്നീ മൂന്നു സുന്നഹദോസുകൾ, ഈ പിതാക്കന്മാരുടെ വിശ്വാസ വ്യാഖ്യാനങ്ങളെ അതിസൂക്ഷ്മമായി വിശകലനം ചെയ്ത് ഉറപ്പിച്ചു പ്രഖ്യാപിക്കയും ചെയ്തു. മലങ്കര മാർ തോമാ സുറിയാനി സഭ, ആദ്യ മൂന്ന് സുന്നഹദോസുകളിൽ സംബന്ധിച്ച എല്ലാ പിതാക്കന്മാരെയും തുബ്ദേൻ പ്രാർത്ഥനകളിൽ ഓർക്കുകയും, അവരുടെ സത്യോപദേശങ്ങൾ അനുസരിച്ച് നടക്കുവാൻ വിശ്വാസികളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
മേൽപ്പറഞ്ഞ മൂന്നു സുന്നഹദോസുകൾക്കു ശേഷവും സഭയിൽ പല സുന്നഹദോസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഈ മൂന്ന് സുന്നഹദോസുകളും, അതിലെ തീരുമാനങ്ങളും മാത്രമെ ഓറിയന്റൽ ഓർത്തോഡോക്സ് സഭകളും, മലങ്കര മാർ തോമാ സുറിയാനി സഭയും അംഗീകരിക്കുന്നുള്ളൂ.
Courtesy : GT Edamuriyil