വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം
വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം
വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം
മാര്‍ ക്രിസോസ്റ്റം എന്ന നാമം നമുക്ക് വളരെ പരിചിതമാണ്. നീണ്ട 67 വര്‍ഷങ്ങള്‍ മേല്പ്പട്ടക്കാരനായി, ഒരു നൂറ്റാണ്ടിലധികം ഈ ലോക ജീവിതം നയിച്ച യുഗപ്രഭാവനായ നമ്മുടെ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ തിരുമേനി. തിരുമേനിയിലൂടെ ഈ നാമം ഓരോ മാര്ത്തോമ്മാക്കാരന്റെയും മനസ്സില്‍ ഇന്നും മായാതെ നില്ക്കുന്നു. മെത്രാഭിഷേക വേളയില്‍, അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമേനി സ്വീകരിച്ച എപ്പിസ്കോപ്പല്‍ നാമത്തിനു നിദാനമായ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം എന്ന സഭാ പിതാവിനെ പരിചയപ്പെടുത്തതാണീ ലേഖനം.
നാലാം ശതകത്തില്‍ ജീവിച്ചിരുന്ന പ്രബോധകരുടെ രാജകുമാരന് എന്നറിയപ്പെടുന്ന ക്രൈസ്തവ സഭാമണ്ഡലത്തിലെ അത്യുജ്വല പ്രതിഭയായിരുന്നു വിശുദ്ധനായ ജോണ്‍ ക്രിസോസ്റ്റം. ക്രിസോസ്റ്റോമോസ് എന്ന ഗ്രീക്ക് പദത്തിന്റെ തത്തുല്യ ആംഗലേയ പദമാണ് ക്രിസോസ്റ്റം. സ്വര്‍ണ്ണ വായുള്ളവന് അല്ലെങ്കില്‍ കനക നാവുകാരന് എന്നൊക്കെയാണ് ഈ പേരിന്റെ അര്‍ത്ഥം. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ തീക്ഷ്ണതയും വ്യക്തതയും, പ്രത്യേകിച്ച് സാധാരണക്കാരെ ആകര്‍ഷിക്കുകയും ചെയ്യുന്ന വാക്ചാതുര്യത്തിന്റെ അംഗീകാരമായി ലഭിച്ചതാണ് ഈ നാമം. സഭാ ചരിത്രരേഖകളില്‍ സ്വര്‍ണ്ണ നാവുകാരനായ വിശുദ്ധ ഈവാനിയോസ് എന്നും ഇദ്ദേഹം അറിയപ്പെടുന്നു (ജോണിന്റെ ഗ്രീക്ക് പദങ്ങളാണ് അയോണസ്, ഈവാനിയോസ് എന്നത്).
കുലീനരായ മാതാപിതാക്കളുടെ മകനായി ക്രിസ്തുവര്‍ഷം ഏകദേശം 347-ല്‍ അന്ത്യോഖ്യായിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് സെക്കന്തുസ് റോമാ ചക്രവര്‍ത്തിയുടെ പട്ടാള വകുപ്പില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ജോണിന്റെ വളരെ ശൈശവത്തില്‍ തന്നെ പിതാവ് മരിച്ചു, അതിനാല്‍ അമ്മ അന്തൂസയാണ് അവനെ വളര്‍ത്തിയത്. വൈധവ്യം സംഭവിച്ചപ്പോള്‍ തന്റെ മാതാവിനു ഇരുപതു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. ചെറുപ്പത്തില്‍ തന്നെ ഭാഷയോടും പ്രസംഗത്തോടും അത്യാസക്തി കാണിച്ച ജോണിനെ ഒരു തികഞ്ഞ ദൈവഭക്തനായും വിദ്യാ സമ്പന്നനായും തീര്‍ക്കണമെന്ന് മാതാവ് ആഗ്രഹിച്ചിരുന്നു.
തന്റെ മാതാവിന്റെ ആഗ്രഹം പ്രകാരം, വളരെ ചെറുപ്പത്തില്‍ തന്നെ അന്ത്യോഖ്യായിലെ പ്രശസ്ത വാഗ്മിയും ഗുരുവുമായ ലിബേനിയോസിന്റെ കീഴില്‍ തത്വശാസ്ത്രം, നിയമം, പ്രസംഗകലയുടെ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങള് എന്നിവ പഠിച്ചു. തുടര്‍ന്ന്, അന്ത്യോഖ്യാ ദൈവശാസ്ത്ര വിദ്യാകേന്ദ്രത്തിന്റെ ആരംഭകരില്‍ ഒരാളായ തിയഡോറിന്റെ കീഴില്‍ വേദപുസ്തകവും ദൈവശാസ്ത്ര വിഷയങ്ങളും പഠിച്ചു. ചുരുക്കത്തില്‍, അക്കാലത്ത് ലഭിക്കാവുന്നതില്‍ വച്ച് മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ് അദ്ദേഹത്തിന് ലഭിച്ചത്.
വളരെ ചെറുപ്പത്തില്‍ തന്നെ ഒരു സന്യസ്ത ജീവിതം നയിക്കുവാന്‍ ജോണ്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, വിധവയായ അമ്മ ഒരു രോഗിണി കൂടെ ആയിരുന്നതിനാല്‍ അമ്മയെ ശുശ്രൂഷിക്കുവാന്‍ സ്വഭവനത്തില്‍ തന്നെ താമസിക്കുകയും അവിടെ ഒരു സന്യസ്ത ജീവിത ശൈലി പിന്തുടരുകയും ചെയ്തു. തുടര്‍ന്ന് ക്രിസ്തുവര്‍ഷം 374 - ല്‍ അമ്മ മരിച്ചതിനുശേഷം ജോണ്‍ ഏകാന്തവാസിയായ ഒരു സന്യാസിയായി. അന്നത്തെ അന്ത്യോഖ്യായിലെ എപ്പിസ്കോപ്പായായ മെലെത്യോസ് ഈ യുവാവിന്റെ പാണ്ഡിത്യവും സ്വഭാവമഹിമയും മനസ്സിലാക്കി തന്റെ കൂടെ താമസിപ്പിക്കകയും 381 - ല്‍ പൂര്‍ണ്ണ ശെമ്മാശനാക്കുകയും 386-ല്‍ പൗരോഹിത്യം നല്‍കുകയും ചെയ്തു.
ഒരു പുരോഹിതന് എന്ന നിലയില്‍ ഏകദേശം 12 വര്‍ഷക്കാലം വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം അന്ത്യോഖ്യാ നഗരത്തില്‍ അനേകം പ്രബോധനങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ പ്രധാനമായും വേദ പുസ്തകാധിഷ്ഠിതമായിരുന്നു. വേദപുസ്തക സംഭവങ്ങളുടെ ആഴമേറിയ ആത്മീയ സത്തകളെ സാധാരണ ജനങ്ങളെ മനസ്സിലാക്കി വിശദീകരിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അന്യാദൃശമായിരുന്നു. വേദവചനത്തില്‍ നിന്നും ജീവിത സത്യങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. നഗരത്തിലെ സാമ്പത്തിക, സാമൂഹിക ചൂഷണങ്ങള്‍ക്കെതിരെയും ജോണ്‍ ക്രിസോസ്റ്റം ശക്തമായ ഭാഷയില്‍ പ്രബോധനങ്ങള്‍ നടത്തി. എളിമ, സത്യസന്ധത, ലാളിത്യം, സ്നേഹം, ശുശ്രൂഷാമനോഭാവം തുടങ്ങിയ സത്ഗുണങ്ങള്‍ ആര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രബോധനങ്ങളില്‍ കൂടി പഠിപ്പിച്ചു.
വിശുദ്ധ ക്രിസോസ്റ്റത്തിന്റെ പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു, 397-ല്‍ കുസ്ന്തീനോസ് പൊലീസിന്റെ (കോണ്‍സ്റ്റാന്റിനോപ്പിള്‍) ആര്‍ച്ച് ബിഷപ്പ് നെക്റ്റേറിയസിന്റെ മരണത്തോടെ, ഇദ്ദേഹത്തെ അന്ത്യോഖ്യായില്‍ നിന്ന് വിളിക്കപ്പെടുകയും കുസ്ന്തീനോസ് പൊലീസിന്റെ പാത്രയര്ക്കീസായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അലക്സാന്ത്രിയന്‍ പാത്രിയര്‍ക്കീസായ തെയോഫിലോസാണ് ഇദ്ദേഹത്തെ മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തിയത്. യഥാര്‍ത്ഥത്തില്‍, മാര്‍ തെയോഫിലോസ് ഈ സ്ഥാനം ആഗ്രഹിച്ചിരുന്നു. എന്നാല്‍, ജോണ്‍ ക്രിസോസ്റ്റത്തിന് മെത്രാന് പദവിയില്‍ ഒട്ടും തന്നെ താല്പര്യമില്ലാതിരിന്നിട്ടും, ചക്രവര്‍ത്തിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് ജോണ്‍ ക്രിസോസ്റ്റത്തെ ഈ പദവിയിലേക്ക് ഉയര്‍ത്തിയത് എന്നതും പ്രത്യേകം പ്രസ്താവ്യമാണ്.
അക്കാലത്ത്, പാത്രിയര്‍ക്കാ അരമനയിലും രാജകൊട്ടാരത്തിലും അഴിമതിയും ആര്‍ഭാടവും കൊടുകുത്തി വാഴുന്നുണ്ടായിരുന്നു. ഇതെതുടര്‍ന്ന്, രാഷ്ട്ര ഭരണതലത്തിലും രാജകൊട്ടാരത്തിലും അദ്ദേഹം ശക്തമായി പ്രബോധനങ്ങള്‍ നടത്തി. കുറ്റക്കാരായ ചില മെത്രാന്മാരെ എഫേസൂസില്‍ കൂടിയ സിനഡില്‍ വച്ച് (401) ജോണ്‍ ക്രിസോസ്റ്റം സ്ഥാനഭ്രഷ്ടനാക്കിയതോടുകൂടി ചിലര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. കോണ്‍സ്റ്റാന്റിനോപ്പിളിലെ എവുഡോക്സ്യാ രാജ്ഞിയുടെ ചില നടപടികളെ ജോണ്‍ കുറ്റ പ്പെടുത്തിയതിനാല്‍ രാജ്ഞിയും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. 403-ല്‍ ഓക് എന്ന സ്ഥലത്ത് അലക്സാന്ത്രിയായിലെ മെത്രാന്റെ നേതൃത്വത്തില്‍ ചില മെത്രാന്മാര് ചേര്‍ന്ന് ജോണ്‍ ക്രിസോസ്റ്റത്തെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും ജനങ്ങളെ ഭയപ്പെട്ടു പ്രസ്തുത തീരുമാനം നടപ്പിലാക്കുവാന്‍ ചക്രവര്‍ത്തി വിസമ്മതിച്ചു. എന്നാല്‍, രാജ്ഞിയുടെ ഒരു വെള്ളി പ്രതിമ കത്തീഡ്രല്‍ ദൈവാലയത്തിനു സമീപം സ്ഥാപിച്ച നടപടിയെ കുറ്റപ്പെടുത്തിക്കൊണ്ട് ജോണ്‍ ക്രിസോസ്റ്റം പ്രസംഗിക്കുകയാല്, രാഷ്ട്രീയാധികാരികള്‍ സഭാശുശ്രൂഷകള് നിര്‍വ്വഹിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കി. അതു കൂട്ടാക്കാതിരുന്ന ജോണ്‍ ക്രിസോസ്റ്റം പിടിക്കപ്പെടുകയും 404 ല്‍ അര്‍മേനിയായിലെ കുക്കുസൊ എന്ന സ്ഥലത്തേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. അവിടെ മൂന്നുവര്‍ഷം അദ്ദേഹം കഴിച്ചുകൂട്ടി. ഈ കാലഘട്ടത്തില്‍ കുസ്ന്തീനോസിലുള്ള തന്റെ ആളുകളോടുള്ള ആത്മീയബന്ധം അദ്ദേഹം തുടര്‍ന്നുപോന്നു. ഏകദേശം 200 ഓളം കത്തുകള്‍ അദ്ദേഹം തന്റെ വിശ്വാസികള്‍ക്ക് അയച്ചിരുന്നു. ആളുകള്‍ അവിടെയെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നതിനാല്‍ കരിങ്കടലിന്റെ കിഴക്കേ തീരത്തുള്ള വനപ്രദേശത്തേക്ക് അദ്ദേഹത്തെ മാറ്റി പാര്‍പ്പിക്കുവാന്‍ അധികാരികള്‍ ആജ്ഞാപിച്ചു. അനാരോഗ്യവാനായിരുന്ന ജോണ്‍ ക്രിസോസ്റ്റത്തിനെ ഏറ്റവും പ്രതികൂലമായ കാലാവസ്ഥയില്‍ നിര്‍ബന്ധപൂര്‍വ്വം ദീര്‍ഘദൂരം നടത്തിക്കുകയും അങ്ങനെയുള്ള നടപ്പില്‍ വഴിയില്‍ വീഴുകയും, ആ യാത്രാമദ്ധ്യേ ക്രിസ്തുവര്‍ഷം 407 സെപ്റ്റംബര്‍ 14-ാം തീയതി കാലം ചെയ്തു തന്റെ ദൈവത്തോടു ചേര്‍ന്നു. ജീവന് വെടിയുമ്പോഴും അദ്ദേഹത്തിന്റെ സ്വര്ണ്ണനാവില് നിന്ന് അടര്‍ന്നു വീണ അവസാന വാക്കുകള്‍ ഇങ്ങനെയായിരുന്നു, 'എല്ലാത്തിനും ദൈവത്തിന് മഹത്വം'. യഥാര്‍ത്ഥത്തില്‍, ഈ പ്രതിഭാധനനും മഹാനുമായ വിശുദ്ധന് ചെറുപ്പം മുതല്‍ ജീവിതാവസാനം വരെ നയിച്ച സുവര്‍ണ്ണ ജീവിതം ദൈവത്തിന് മഹത്വം നല്‍കുന്നതായിരുന്നു.
അദ്ദേഹത്തിന്റെ സംഭാവനയില് ഏറ്റവും ഉന്നതമായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ കൃതികളും പ്രബോധനങ്ങളുമാണ്.ഗ്രീക്ക് സഭാപിതാക്കന്മാരില് ക്രിസോസ്റ്റത്തെ പോലെ ഇത്രയധികം വിശാലവും വൈവിദ്ധ്യവുമാര്‍ന്ന അദ്ധ്യാത്മിക സാഹിത്യ പൈതൃകം നല്‍കിയിട്ടുള്ള മറ്റാരുമില്ല. അദ്ദേഹം പ്രോജ്ജ്വലനായ ഒരു പ്രബോധകനും വേദപുസ്തക മല്പ്പാനും ആയിരുന്നു. പഴയ പുതിയ നിയമത്തിലും അദ്ദേഹത്തിന്റെ പാണ്ഡിത്യം തെളിയിക്കുന്ന അനേകം വ്യാഖ്യാനരൂപത്തിലുള്ള പ്രബോധനങ്ങളുണ്ട്. പഴയനിയത്തിലെ വ്യാഖ്യാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് 58 സങ്കീര്ത്തനങ്ങളെക്കുറിച്ചുളള വ്യാഖ്യാനമാണ്. യെശയ്യാവ്, ദാനിയേല്‍, യിരമ്യാവ്, രാജാക്കന്മാര് തുടങ്ങിയ പുസ്തകങ്ങളിലെ പ്രമുഖ ഭാഗങ്ങളെക്കുറിച്ചും വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. പുതിയ നിയമത്തിലെ വി. മത്തായിയുടെയും വി. യോഹന്നാന്റെയും സുവിശേഷത്തെപ്പറ്റിയും റോമര്‍ക്കുള്ള ലേഖനത്തെക്കുറിച്ചും ഇദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ വളരെ മികച്ചവയാണ്. ഇദ്ദേഹത്തിന്റെ ഇതര കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'പൗരോഹിത്യത്തെക്കുറിച്ച് ' എന്ന കൃതി. ഇത് ആറു പുസ്തകങ്ങളുടെ സമാഹാരമാണ്. ഇതുകൂടാതെ സന്യാസത്തെക്കുറിച്ചും വി. മാമോദീസാ ഏറ്റവരോടും ചെയ്ത പ്രബോധനങ്ങളും വിഖ്യാതമാണ്.
ഏറ്റവും പരിശുദ്ധവും നിഷ്കളങ്കവുമായ ജീവിതം കൊണ്ട് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഇന്നും സംസാരിച്ചു കൊണ്ടിരിക്കുന്നു. ഹൃദയനൈര്‍മ്മല്യവും പരമാര്ത്ഥയും ആ ജീവിതത്തില്‍ വിളങ്ങിയിരുന്നു. ശത്രുക്കളോടു പോലും ഹൃദയം നിറഞ്ഞ സ്നേഹം ആ ജീവിതത്തെ ശോഭിപ്പിച്ചു. കഷ്ടങ്ങളില്‍ അദ്ദേഹം നിലനിര്‍ത്തിയ സഹിഷ്ണത, ശാന്തത, ധൈര്യം എന്നിവ അദ്ദേഹത്തെ ക്രിസ്തുതുല്യനായി വിശേഷിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഒരു പ്രബോധനം ഇവിടെ ചേര്‍ത്തു കൊണ്ട് നിര്‍ത്തുന്നു. ഈ പരിശുദ്ധ പിതാവിനെ ക്രൈസ്തവ സഭയ്ക്കു നല്കിയ ത്രീയേക ദൈവത്തിനു സ്തുതി.
'നിങ്ങള്‍ പ്രാര്‍ത്ഥിച്ചു ക്ഷീണിച്ചിരിക്കുമ്പോള്‍, സ്വീകരിക്കാതിരിക്കുമ്പോള്‍, ഒരു ദരിദ്രന്റെ വിളി നിങ്ങള്‍ എത്ര പ്രാവശ്യം കേട്ടു, അവനെ ശ്രദ്ധിച്ചില്ല എന്ന് ചിന്തിക്കുക'