എബ്രഹാം മാർ തോമാ തിരുമനസ്സിലെ സിംഹാസനാരോഹണ ശുശ്രുഷ
എബ്രഹാം മാർ തോമാ തിരുമനസ്സിലെ സിംഹാസനാരോഹണ ശുശ്രുഷ
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പതിനേഴാം മാർത്തോമ്മായായിരുന്ന അഭിവന്ദ്യ ഡോ. എബ്രഹാം മാർ തോമാ തിരുമനസ്സിലെ സിംഹാസനാരോഹണ ശുശ്രുഷ (സുന്ത്രോനീസോ/ Enthronement)
27 ജൂലൈ 1944
തിരുമനസ്സുകൊണ്ടു 1119 കർക്കിടകം പന്ത്രണ്ടാം തീയതി ഇപ്പോൾ മാർത്തോമ്മാ സഭയിലുള്ള പള്ളികളിൽ ഏറ്റവും വലുതും മനോഹരവും പരിഷ്കൃതരീതിയിൽ പണിതീർത്ത് 1116- മാണ്ട് കൂദാശാകർമ്മം നടത്തിയിട്ടുള്ളതുമായ കോഴഞ്ചേരി വലിയ പള്ളിയിൽ വച്ച് മലങ്കര മാർത്തോമ്മാ സഭയുടെ പരമാധികാരി ആയ മെത്രാപ്പോലീത്തയായി അവരോധിക്കപ്പെട്ടു. ഈ മഹായോഗത്തിൽ പങ്കുകൊള്ളുന്നതിനു തലേനാൾ മുതൽ മലങ്കരയുടെ നാനാഭാഗങ്ങളിൽ നിന്നായി അറുപതിൽപരം വൈദികന്മാരും പതിനായിരത്തോളം ജനങ്ങളും വന്നുകൂടി. രാവിലെ ഒമ്പതുമണി ആകുന്നതിന് മുമ്പുതന്നെ 2250 ആളുകൾക്ക് സസുഖം ഇരിക്കുന്നതിന് സൗകര്യമുള്ള ആ ദേവാലയവും അതിന്റെ പരിസരങ്ങളും ജനാവലിയാൽ പരമനിബിഢമായി തീർന്നു.
ഒമ്പതരമണിക്കുശേഷം ശെമ്മാശന്മാരും പട്ടക്കാരും, നി. വ. ദി. ശ്രീമാന്മാരായ യൂഹാനോൻ മാർ തിമോഥെയോസ്, മാത്യൂസ് മാർഅത്താനാസ്യോസ്, ഈ തിരുമേനിമാരും സഫ്രഗൻ മെത്രാപ്പോലീത്താ തിരുമേനിയോടുകൂടെ ക്രമാനുസരണം നിലകൊണ്ടു 'നീതിപുണ്യം ധരിച്ചവരാം' എന്നു തുടങ്ങുന്ന ഗീതം ആലപിച്ചുകൊണ്ടു മന്ദം മന്ദം ദേവാലയത്തിലേക്കു പ്രവേശിച്ചു.
പത്തുമണിക്കുശേഷം നി. വ. ദി. ശ്രീ. മാത്യൂസ് മാർ അത്താനാസ്യോസ് എപ്പിസ്ക്കോപ്പാ തിരുമനസ്സിലെ പ്രധാന കാർമ്മികത്വത്തിൽ വി. കുർബ്ബാന ആരംഭിച്ചു. ആ വിശുദ്ധകർമ്മത്തിന്റെ മൂന്നാമത്തെ റൂശ്മ കഴിഞ്ഞു 11 മണിക്കു ശേഷം സിംഹാസനാരോഹണ ശുശൂഷ നടത്തപ്പെട്ടു.
ആദ്യമായി സഫ്രഗൻ മെത്രാപ്പോലീത്താ തിരുമേനിയെ മലങ്കര മെത്രാപ്പോലീത്ത ആയിരിക്കുവാൻ ക്ഷണിക്കുന്നതായ വാക്യം വൈദികന്മാർ ലുത്തീനിയ ആയി ഉച്ചരിക്കയും അനന്തരം വികാരി ജനറൽ വ. ദി. ശ്രീ വി. റ്റി. ചാക്കോ കശ്ശീശ അവർകൾ മദ്ബഹായുടെ വാതുക്കൽ നിന്നുകൊണ്ട് താഴെവരും പ്രകാരം പറകയും ചെയ്തു. "ബഹുമാനപ്പെട്ട പിതാക്കന്മാരുടെ മലങ്കര മാർത്തോമ്മാ സുറിയാനി സഭ പ്രതിനിധി മണ്ഡലത്താൽ തിരഞ്ഞെടുക്കപ്പെട്ട സഭാകൗൺസിലിന്റെ തീരുമാനം അനുസരിച്ചു നമ്മുടെ പിതാവായ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്തായെ മലങ്കര സിംഹാസനത്തിന്മേൽ മെത്രാപ്പോലീത്തയായി ആരോഹണം ചെയ്യിക്കണമെന്നു സഭയുടെ നാമത്തിൽ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു."
ഉടനെ നി. വ. ദി. ശ്രീ യൂഹാനോൻ മാർ തിമോഥെയോസ് എപ്പിസ്കോപ്പാ തിരുമനസ്സുകൊണ്ട് മെത്രാപ്പോലീത്താ തിരുമേനിയുടെ നേരെ തിരിഞ്ഞു "മാർത്തോമ്മാ സുറിയാനി സഭയുടെ വിശ്വാസങ്ങളെയും അതിന്റെ പദവികളെയും പരിപാലിക്കുന്നതിനും ചുമതലകളെ നിർവഹിക്കുന്നതിനും അതിന്റെ അംഗീകരിക്കപ്പെട്ട ഭരണഘടന അനുസരിച്ചു ഭരണം നിർവ്വഹിക്കുന്നതിനും തിരുമനസ്സിലേക്കു സമ്മതമായിരിക്കുമോ' എന്നു ചോദിച്ചു.
അതിനു തിരുമനസ്സുകൊണ്ട് വികാരതരളിതമായ സ്വരത്തിൽ വിശ്വാസപ്രതിജ്ഞ താഴെ ചേർക്കും പ്രകാരം പ്രതിവചിച്ചു: ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്ത ആയ ഞാൻ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു മ്ശിഹായിലുള്ള വിശ്വാസം പുലർത്തുന്നതിനും കർത്താവും അപ്പോസ്തലന്മാരും സഭയെ ഭരമേല്പ്പിച്ചിട്ടുള്ള വിശുദ്ധ സത്യങ്ങളെയും ഉപദേശങ്ങളെയും സ്ഥിരോത്സാഹത്തോടെ പഠിപ്പിച്ചു പ്രചരിപ്പിക്കുന്നതിനും താല്പ്പര്യമുള്ളവനായിരിക്കും. മാർത്തോമ്മാ സുറിയാനി സഭയുടെ സ്വീകരിക്കപ്പെട്ട വിശ്വാസങ്ങളെയും ആചാരങ്ങളെയും ഭേദം വരുത്താതെ സൂക്ഷിക്കുന്നതിനും സഭയുടെ അംഗീകൃതമായ ഭരണഘടന അനുസരിച്ചു യഥാകാലം നിയമാനുസരണം അതിൽ പറയുന്ന വ്യവസ്ഥകൾ സ്വീകരിച്ചും മലങ്കരയുടെ ശുശ്രൂഷ ഞാൻ നിറവേറ്റിക്കൊള്ളും. എന്റെ ചുമതലയിൽ ഭരമേല്പിക്കപ്പെടുന്ന ഭദ്രാസന ഇടവകകളേയും പട്ടക്കാരെയും സഭയിലെ ആടുകളായ ജനങ്ങളെയും പ്രാർത്ഥനയിൽ ദൈവമുമ്പാകെ വഹിക്കയും അവരെ എല്ലാ സത്യത്തിലും സൗമ്യതയിലും ഞാൻ പരിപാലിക്കയും നിർമ്മല സുവിശേഷത്തിന്റെ വെളിച്ചത്തിലേക്കു ജാതികളെ കൊണ്ടുവരുന്നതിനു ഞാൻ പ്രയത്നിക്കയും ചെയ്യും. സഭയുടെ വലിയ ഇടയനായ കർത്താവേശുമശിഹായോടു കണക്കു ബോധിപ്പിക്കേണ്ടവനാണ് ഞാൻ എന്ന ഓർമ്മയോടെ ഞാൻ എന്റെ ചുമതലകൾ നിർവഹിക്കും. മഹാകാര്യങ്ങളെ പ്രവർത്തിക്കുന്നവനും അസാദ്ധ്യകാര്യങ്ങൾ സാധ്യമാക്കിത്തീർക്കുവാൻ കഴിവുള്ളവനുമായ ദൈവംതമ്പുരാൻ ഇതിനു എന്നെ സഹായിക്കട്ടെ."
തിരുമനസ്സിലെ പ്രതിജ്ഞാപഖ്യാപനവും തിരുമേനിക്കു വേണ്ടിയുള്ള ഒരു പ്രാർത്ഥനയും കഴിഞ്ഞു മാർ തിമോഥെയോസ് എപ്പിസ്കോപ്പാ തിരുമനസ്സുകൊണ്ട് ഒരു ലഘു പ്രഭാഷണത്തോടുകൂടെ സിംഹാസനത്തിൽ ആരോഹണം ചെയ്യുന്നതിന് മെത്രാപ്പോലീത്താ തിരുമേനിയെ ക്ഷണിക്കയും വികാരി ജനറൽ വ. ദി. ശ്രീ. വി. പി. മാമ്മൻ കശ്ശീശ അവർകൾ മെത്രാപ്പോലീത്താ തിരുമനസ്സിലെ കൈമുത്തി മദ്ബഹായിൽ തോണോസിന്നടുത്തു സ്ഥിതിചെയ്തിരുന്ന സിംഹാസനത്തിലേക്കു തിരുമേനിയെ ആനയിക്കയും പകലോമറ്റം മെത്രാന്മാരെ സ്ഥാനാഭിഷേകം ചെയ്യുന്നതിനു ഉപയോഗിച്ചിരുന്നതും ഒന്നാം മാർത്തോമ്മാ മുതൽ തുടരെയുള്ള മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണത്തിനു ഉപയോഗിച്ചു പോരുന്നതും പുരാതന മാതൃകയിൽ ചിത്രവേലകൾ ചെയ്തു ഡച്ചുകാരനായ ഒരു ശില്പി തീർത്തതുമായ ചരിത്ര പ്രസിദ്ധമായ ആ സിംഹാസനത്തിൽ തിരുമേനി ഉപവിഷ്ടനാകയും ചെയ്തു.
അപ്പോൾ ദി. ശ്രീ. സി. പി. ഫീലിപ്പോസ് കശ്ശീശ അവർകൾ തിരുമേനിയുടെ മേൽ അനുഗ്രഹവർഷം ഉണ്ടാകുന്നതിലേക്കു താഴെപ്പറയുന്നവിധം മംഗളം ആശംസിച്ചു:- "മഹാദൈവത്തിന്റെ കരുണാപൂർണ്ണമായ പരിപാലനത്തിനു നിന്നെ ഞങ്ങൾ ഭരമേല്പിക്കുന്നു. ജനങ്ങൾ നിന്നെ ബഹുമാനിക്കട്ടെ. ദൈവം നിന്നെ സഹായിക്കട്ടെ. നിന്റെ പ്രാർത്ഥനകളും അപേക്ഷകളും സ്വർഗ്ഗസ്ഥനായ പിതാവു കേൾക്കട്ടെ. ബഹുമാനവും വിശുദ്ധിയും പരിജ്ഞാനവും മഹാമനസ്കതെയും നീതിയും സത്യവും താഴ്മയും ദൈവഭക്തിയും കൊണ്ട് സർവ്വശക്തൻ നിന്നെ അനുഗ്രഹിക്കട്ടെ, സഭ നിന്റെ മാതാവും വിശുദ്ധ ദൂതന്മാർ നിന്റെ സഖികളും അപ്പോസ്തലന്മാർ നിന്റെ സഹോദരങ്ങളും ആയിരിക്കട്ടെ. വലത്തും ഇടത്തും ദൈവദൂതന്മാർ നിനക്കു കാവലായിരിക്കട്ടെ. എന്നെന്നേക്കും ഏകമായിരിക്കുന്ന സത്യതിയേക ദൈവത്തിന്റെ നാമത്തിൽ നീ അനുഗ്രഹീതനായിരിക്കട്ടെ."
അതുകഴിഞ്ഞു വ. ദി. ശ്രീ. വി. പി. മാമ്മൻ കശ്ശീശ അവർകൾ "മലങ്കര സുറിയാനി സഭയിലെ മെത്രാപ്പോലീത്തായുടെ അംശവടി സ്വീകരിക്കുക. വഴിതെറ്റി പോകുന്നവരെ തിരികെ വരുത്തുക, ബലഹീനരെ പാലിക്കുക, മന്ദതയുള്ളവരെ ഉത്സാഹിപ്പിക്കുക, ആട്ടിൻകൂട്ടത്തെ മേയ്ക്കുക, എപ്പിസ്കോപ്പാമാർക്കും പട്ടക്കാർക്കും തിരുസഭയിലെ ജനങ്ങൾക്കും കർത്താവിൽ പിതാവായിരിക്കുക. തിരുരക്തത്താൽ സഭയെ വീണ്ടെടുത്ത ആട്ടിൻകൂട്ടത്തിന്റെ ഉടയവൻ ഇതിനു സഹായിക്കട്ടെ.' എന്ന നിർദ്ദേശത്തോടുകൂടെ തിരുമനസ്സിൽ നിന്നു കയ്യേറ്റിരിക്കുന്ന ഇടയത്വത്തിന്റെ ശ്രേഷ്ഠാധികാര സൂചകമായതും കാലം ചെയ്ത തിരുമേനി മുതലായ പൂർവ്വികന്മാർ ഉപയോഗിച്ചിരുന്നതുമായ അംശവടി എടുത്തു മെത്രാപ്പോലീത്താ തിരുമനസ്സിലെ കയ്യിൽ ഏൽപ്പിക്കയും തിരുമേനി സാദരം അത് സ്വീകരിക്കയും ചെയ്തു. ആ സന്ദർഭത്തിന് അനുസരണമായി തിരുമനസ്സുകൊണ്ട് സ്വകർത്തവ്യങ്ങൾ യഥാശക്തി നിർവ്വഹിക്കുന്നതിന് എല്ലാവരുടേയും സഹകരണത്തെ അഭ്യർത്ഥിക്കയും ദൈവത്തിങ്കൽ തന്നെത്തന്നെ സമർപ്പിച്ചിരിക്കുന്നതായി പ്രസ്താവിച്ചുകൊണ്ട് ഹൃദയസ്പർശകമായ ഒരു പ്രസംഗം ചെയ്കയും ചെയ്തു. തിരുമേനി വീണ്ടും സിംഹാസനത്തിൽ ഉപവിഷ്ഠനായി. തത്സമയം വൈദികവ്യന്ദം സിംഹാസനത്തോടുകൂടെ തിരുമേനിയെ എടുത്തുയർത്തി മെത്രാപ്പോലീത്ത ഉത്തമനാകുന്നു എന്ന് (ഓക്സിയോസ്) വിളി മുഴക്കി.
ആ ചടങ്ങിനുശേഷം തിരുമനസ്സുകൊണ്ടു ഭക്തിനിർഭരമായ അർദ്ധോന്മിലിത ദൃഷ്ടികളോടുകൂടെ സ്ലീബാ ഉയർത്തുകയും ജനതതി നമ്രശിരസ്കരായി അഭിവന്ദനം ചെയ്യുന്ന മദ്ധ്യേ ആശീർവ്വാദം അരുളുകയും ചെയ്തു. അപ്പോൾ എപ്പിസ്കോപ്പ തിരുമേനിമാർ ഇരുവരും തിരുമനസ്സിൽ നിന്നു കൈയ്യസൂരി കൈക്കൊൾകയും വൈദികന്മാർ കൈമുത്തുകയും ചെയ്തു. അങ്ങനെ സിംഹാസനാരോഹണ ചടങ്ങുകൾ അവസാനിച്ചു.
തിരുമേനിയുടെ പ്രസംഗത്തിൽനിന്ന് ഏതാനും ഭാഗം ഇവിടെ പകർത്തട്ടെ:- “വാർദ്ധക്യസഹജമായ അവശതകൊണ്ടും പ്രത്യേകിച്ച് വളരെ നാളായി ശരീരത്ത ബാധിച്ചിരിക്കുന്ന അസ്വാസ്ഥ്യംകൊണ്ടും എന്റെ ശരീരത്തിനു ക്ഷീണം, മനസ്സിനു ശക്തിക്ഷയം, ഓർമ്മക്കേട്, സഹനശക്തി ഇല്ലായ്മ മുതലായ വിഷമങ്ങളോടുകൂടെയാണ് ഞാൻ ഈ ചുമതല ഭരമേൽക്കുന്നത് എന്നു നിങ്ങൾക്ക് അറിവുള്ളതാണല്ലോ. ഈ സ്ഥിതിക്ക് നിങ്ങൾ എനിക്ക് ഭരണകാര്യത്തിൽ യാതൊരു പ്രയാസവും വരുത്താതിരിക്കുന്നതിനും വേണ്ട സകല ഒത്താശകളും ചെയ്തു തരുന്നതിനും സർവ്വാത്മനാ കരുതുമെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. "ഒരു സുവിശേഷകനായി മാത്രം ആയുസ്സുകഴിയ്ക്കാൻ ഇടയാകണമെന്നുള്ളതായിരുന്നു എന്റെ അഭിവാഞ്ഛ. മലങ്കര മെത്രാപ്പോലീത്ത എന്ന ചുമതലയേറിയ സ്ഥാനം കയ്യേറ്റിരിക്കുന്ന ഈ സന്ദർഭത്തിലും സുവിശേഷപ്രചരണംമൂലം ആത്മാക്കളെ ആദായപ്പെടുത്തണമെന്നും അതിനായി പൂർവ്വാധികം പ്രവർത്തിക്കണമെന്നും ഉള്ളതാണ് എന്റെ ആഗ്രഹങ്ങളിൽ അത്യുച്ചസ്ഥാനം വഹിക്കുന്നത്. എന്നാൽ ഈ പരമോദ്ദേശം സാധിക്കുന്നതിനു സഭാ ജനങ്ങളിൽ സാക്ഷാൽ രക്ഷയുടെ അനുഭവവും സഭയിൽ ശരിയായ സംഘടനയും ആചാരോപദേശങ്ങളിൽ നിഷ്ഠയും നിർമ്മലതയും ആരാധനയിൽ ഔൽസുക്യവും ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശരിയായ അടിസ്ഥാനത്തിന്മേൽ സുവിശേഷവിഹിതമായ ഉപദേശങ്ങളോടുകൂടെ ഭക്തിസംവർദ്ധകമായ ആചാരനടപടികളെ പാലിച്ചുകൊണ്ട് പള്ളിയാരാധന, പ്രാർത്ഥന മുതലായവയിൽ നിഷ്ഠയുള്ളവരും നിർമ്മലരും ദൈവസ്നേഹത്തിൽ അനുദിനം അഭിവൃദ്ധിപ്പെട്ടുവരുന്നവരുമായ ജനങ്ങളുടെ ഒരു കൂട്ടവും സുവിശേഷഘോഷണം ഓരോ ക്രിസ്ത്യാനിയുടെയും ക്രിസ്തീയ ഭവനത്തിന്റെയും ഇടവകയുടെയും പൊതുസഭയുടെയും ചുമതലയും പദവിയും പരമോദ്ദേശവുമായി ഗണിക്കുന്ന ഒരു മനോഗതിയും എന്റെ ബലഹീനസേവനത്തിന്റെ കാലത്ത് അഭിവൃദ്ധിപ്പെട്ടു കാണണമെന്നു ഞാൻ ആഗ്രഹിക്കയും അതിനായി പ്രാർത്ഥിക്കയും പ്രബോധിപ്പിക്കയും ചെയ്തുകൊള്ളുന്നു."
Courtesy : ശ്രീ. കെ. എൻ. ഡാനിയേൽ എഴുതിയ തിരുമേനിയുടെ ജീവചരിത്ര ഗ്രന്ഥത്തിൽ നിന്നും