പതിനൊന്നാം മാർത്തോമ്മാ (1817-1825)
പത്താം മാർത്തോമ്മാ പുലിക്കോട്ടിൽ യോസേഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ്റെ ആകസ്മികമായ നിര്യാണം മലങ്കരസഭയ്ക്ക് വൈധവ്യത്തിൻ്റെ നാളുകൾ സമ്മാനിച്ചു. എന്നാൽ ഈ ദുഃഖാവസ്ഥയിൽ, തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭയുടെ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് രണ്ടാമൻ മലങ്കര സഭയുടെ അപേക്ഷ സ്വീകരിക്കുകയും എകദേശം പതിനൊന്ന് മാസക്കാലം (1817-ജനുവരി- നവംബർ) മലങ്കര മെത്രാപ്പൊലീത്ത സ്ഥാനം വഹിക്കുകയും ചെയ്തു. തുടർന്ന് പുന്നത്ര കുടുംബത്തിൽനിന്ന് കുര്യൻ (ജോർജ്ജ്) കത്തനാരെ ആദ്യം വികാരി ജനറലായും പിന്നീട് 1817-നവംബറിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് എന്ന പേരിൽ മെത്രാനായി മാർ പീലക്സിനോസ് വാഴിച്ചു. ഏകദേശം ഒന്നു രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ ഗീവർഗീസ് മാർ ദിവന്നാസ്യോസിന് അനുകൂലമായ രാജകീയവിളംബരം ലഭിക്കുകയും അദ്ദേഹം പതിനൊന്നാം മാർത്തോമ്മയായി മലങ്കരസഭയുടെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. ഇദ്ദേഹം മാർ ദിവന്നാസ്യോസ് മൂന്നാമൻ എന്ന് മലങ്കര സഭാ ചരിത്രത്തിൽ പൊതുവെ അറിയപ്പെടുന്നു. തുടർന്ന് മാർ പീലക്സിനോസ് മലങ്കര സഭയുടെ സാരഥ്യം ഒഴിഞ്ഞ് തൊഴിയൂരിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. പത്താം മാർത്തോമ്മ പുലിക്കോട്ടിൽ യോസേഫ് മാർ ദിവന്നാസ്യോസിനു മെത്രാൻ പട്ടം നൽകിയതും തൊഴിയൂർ സഭയുടെ ഈ ഗീവർഗ്ഗീസ് മാർ പീലക്സിനോസാണ്.
മാർ ദിവന്നാസ്യോസ് മൂന്നാമൻ്റെ കാലത്ത് കോട്ടയത്ത് സെമിനാരി വിദ്യാഭ്യാസം വളരെ ഭംഗിയായി നടന്നു വന്നു. 1815-ൽ ആരംഭിച്ച് ശൈശവ ദശയിലായിരുന്ന സെമിനാരിക്കുവേണ്ട പ്രോത്സാഹനങ്ങളും സർക്കാരിൻ്റെ പിൻതുണയോടുകൂടി പലവിധത്തിലുള്ള ആനുകൂല്യങ്ങളും നേടിയെടുക്കുവാൻ അദ്ദേഹം മുൻകൈയെടുത്തു പ്രവർത്തിച്ചു. സെമിനാരിയുടെ തുടക്കത്തിൽ വടക്ക് കണ്ടനാടു വേണമെന്നും തെക്ക് നിരണത്തു വേണമെന്നുമുള്ള തർക്കങ്ങൾ ഉണ്ടായ പ്പോൾ, മധ്യസ്ഥാനമായ കോട്ടയത്തു വേണമെന്ന് നിർദ്ദേശിച്ചത് ഈ പുന്നത്ര കുര്യൻ കത്തനാരായിരുന്നു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.
ഇദ്ദേഹത്തിന്റെ കാലത്തുണ്ടായ പ്രധാനമായ ഒരു സംഗതിയാണ് കേരളത്തിലേയ്ക്കുള്ള ചർച്ച് മിഷനറി സൊസൈറ്റിയുടെ സഹായ മിഷൻ്റെ മിഷനറിമാരുടെ ആഗമനം. 1816-1818 കാലഘട്ടത്തിൽ ഇവിടെ വന്ന ബഞ്ചമിൻ ബെയ്ലി, ജോസഫ് ഫെൻ, ഹെൻട്രി ബേക്കർ എന്നിവർക്ക് വളരെ സൗഹാർദ്ദ പൂർവ്വമായ സ്വീകരണമാണ് മെത്രാപ്പൊലീത്ത നൽകിയത്. അവരിൽ ഒരാൾ മെത്രാപ്പൊലീത്തായോടൊപ്പം കൂട്ടു മാനേജരായി സെമിനാരിയിൽ പ്രവേശിക്കുകയും, മറ്റൊരാൾ ഇടവകകൾ തോറും വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ഏർപ്പെടുകയും മൂന്നാമൻ വി. വേദപുസ്തകം ആദിയായ വൈദിക ഗ്രന്ഥങ്ങൾ ഭാഷാന്തരം, ചെയ്യുവാൻ ആരംഭിക്കുകയും ചെയ്തു. അക്കാലത്തെ ബ്രിട്ടീഷ് റസിഡണ്ട് ആയിരുന്ന കേണൽ മൺറോ കുറെക്കാലത്തേക്ക് ഇവിടുത്തെ ദിവാൻ കൂടി ആയിരുന്നതും മിഷണറിമാർ വഴിയായി അദ്ദേഹത്തിൻ്റെ മേൽ മാർ ദിവന്നാസ്യോസിനു ണ്ടായിരുന്ന സ്വാധീനവും, സുറിയാനി സമുദായംഗങ്ങൾക്ക് പല സർക്കാർ ഉദ്യോഗങ്ങൾ ലഭിക്കുന്നതിനും സർക്കാരിൽ നിന്ന് സെമിനാരിയുടെ നടത്തിപ്പിലേക്ക് ചില സഹായങ്ങൾ ലഭ്യമാക്കുന്നതിനും ഇടയായി.
തുടർന്ന് മിഷനറിമാർ സഭയിൽ അക്കാലത്ത് നിലനിന്നിരുന്ന ചില അനാചാരങ്ങളെ പറ്റിയും അവ നീക്കം ചെയ്യുന്നതിലേക്കുമായി പല പഠിപ്പിക്കലുകളും നടത്തുകയുണ്ടായി. ഇവയെപ്പറ്റി ചർച്ച ചെയ്യുന്നതിന് മെത്രാപ്പൊലീത്തായുടെ അദ്ധ്യക്ഷതയിൽ 1818 ഡിസംബർ മാസം മാവേലിക്കരയിൽ പള്ളിപ്രതിനിധികളുടെ ഒരു യോഗം കൂടുകയുണ്ടായി. 40 പട്ടക്കാരും എകദേശം 700 അൽമായരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. സഭയിൽ കടന്നുകൂടിയ തെറ്റായ വിശ്വാസങ്ങളെയും ആചാരങ്ങളയുംകുറിച്ച് മിഷനറിയായി വന്ന റവ. ഫെന്നിനെ പ്രസംഗിക്കുവാൻ അനുവദിച്ചു. ഈ നിർദ്ദേശങ്ങളെ അപ്പാടെ അനുസരിക്കതക്ക വിധത്തിൽ സദ അപ്പോൾ സജജമായിരുന്നില്ല. എന്നാൽ ചില തിരുത്തലുകൾ ആവശ്യമെന്ന് ദിവന്നാസ്യോസ് മൂന്നാമന് ബോധ്യമാകയാൽ റവ.ഫെൻ ഉന്നയിച്ച കാര്യങ്ങളുടെ പഠനത്തിനും ചർച്ചയ്ക്കുമായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. പ്രസ്തുത കമ്മറ്റിയിൽ പാലക്കുന്നത്ത് അബ്രഹാം മൽപ്പാൻ, കൈതയിൽ ഗീവർഗ്ഗീസ് മൽപ്പാൻ, എരുത്തിക്കൽ മർക്കോസ് കത്തനാർ, അടങ്ങപ്പുറത്ത് യോസേഫ് കത്തനാർ, എന്നിവരുൾപ്പെടെ പന്ത്രണ്ടുപേർ അംഗങ്ങളായിരുന്നു. ഈ കമ്മിറ്റിയുടെ ചർച്ചകളുടെ ഫലമായി ഉരിത്തിരിഞ്ഞതാണ് മലങ്കരയിൽ പിന്നീടുള്ള വർഷങ്ങളിൽ പാലക്കുന്നത്ത് അബ്രഹാം മൽപ്പാൻ്റെയും കൈതയിൽ ഗീവർഗ്ഗീസ് മൽപ്പാന്റെയും നേതൃത്ത്വത്തിൽ ശക്തി പ്രാപിച്ച ശുചീകരണ പ്രസ്ഥാനം.
മാർ ദിവന്നസ്യോസിന്റെയും മിഷനറിമാരുടെയും നേതൃത്ത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ തുടർന്ന് മലങ്കര സഭയിൽ മറ്റു പല മാറ്റങ്ങൾക്കും തുടക്കം കുറിച്ചു. 1822- മാർച്ച് മാസം ബെയ്ലി, ഫെൻ, ബേക്കർ എന്നിവർ നാലാമത്തെ ബ്രിട്ടീഷ് റസിഡണ്ടായിരുന്ന കേണൽ ന്യൂവോളിന് എഴുതിയ കത്തിൽ മാർ ദിവന്നാസ്യോസ് ലക്ഷ്യമിട്ടിരുന്ന നാലുകാര്യങ്ങളെ പ്രത്യേകം പരാമർ ശിച്ചിട്ടുണ്ട്. 1. മതപരവും പൊതു വിജ്ഞാനപരവുമായ പുസ്തകങ്ങ ളോടൊപ്പം സുറിയാനിയിലും മാതൃ ഭാഷയിലും ഉള്ള വേദഗ്രന്ഥങ്ങളുടെ വിതരണം 2. യുവ ജനങ്ങളുടെ പൊതു അഭ്യസനം, 3. പട്ടക്കാരുടെ പ്രത്യേക അഭ്യസനം. 4. ദൈവാല യങ്ങളുടെ സ്ഥാപനവും അവയുടെ വലിപ്പപ്പെടുത്തലും. എന്നാൽ അദ്ദേഹത്തിൻ്റയും മേൽപ്പറഞ്ഞ കമ്മിറ്റി യുടെയും മുഴുവൻ ഫലങ്ങളും മാർ ദിവന്നാസ്യോസിന് തൻ്റെ കാലത്ത് നടപ്പിലാക്കുവാൻ സാധിച്ചില്ലെങ്കിലും പട്ടക്കാരുടെ നിർബന്ധിത ബ്രഹ്മചര്യം നിർത്തലാക്കുക, വേദപുസ്തക ഭാഷാന്തരം ഉറപ്പാക്കുക, സ്കൂളുകൾ സ്ഥാപിക്കുക, ഞായറാഴ്ച ആരാധന ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ സംഭാവനകൾ നല്കുവാൻ അദ്ദേഹത്തിന് സാധിച്ചു. 1825- മെയ് മാസം കോളറ പിടിപ്പെട്ട് ആകസ്മികമായി ഈ പിതാവ് തൻ്റെ നാല്പതാം വയസ്സിൽ ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. അദ്ദേഹത്തെ സ്വന്തം ഇടവകയായ കോട്ടയം ചെറിയപള്ളിയിൽ അദ്ദേഹത്തിനു മെത്രാൻ പട്ടം നല്കിയ തോഴിയൂർ സഭയുടെ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് രണ്ടാമൻ്റെ കാർമികത്വത്തിൽ കബറടക്കി. മലങ്കരയിൽ ശുചീകരണ ചിന്തകൾക്ക് ബീജവാപം നൽകിയ പതിനൊന്നാം മാർത്തോമ്മാ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് മൂന്നാമൻ്റെ വീരനേതൃത്ത്വത്തിനായി ത്രീയേക ദൈവത്തിനു സ്തുതി.