നോമ്പ്: പറുദീസായിലേക്കുള്ള ഒരു യാത്ര
നോമ്പ്: പറുദീസായിലേക്കുള്ള ഒരു യാത്ര
നോമ്പ്: പറുദീസായിലേക്കുള്ള ഒരു യാത്ര
ആമുഖം
ക്രിസ്ത്രീയ സഭകളില്‍ ആദ്യകാലം മുതല്‍ നിലനിന്നിരുന്ന ഒരു അനുഷ്ഠാനമാണ് നോമ്പ്. നമ്മുടെ സഭയില്‍ അഞ്ചു നോമ്പുകളുടെ ആചരണമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി ചില ദിവസങ്ങള്‍ നാം വേര്‍തിരിച്ചിരിക്കുന്നു. ഇതു കൂടാതെ കര്‍ത്താവിനെ ക്രൂശിക്കുവാന്‍ ആലോചന ചെയ്ത ദിവസമായ ബുധനാഴ്ചയും കര്‍ത്താവിനെ ക്രൂശില്‍ തറച്ച ദിവസമായ വെള്ളിയാഴ്ചയും കൂടി ആഴ്ചതോറും ഉപവസിക്കുന്ന പതിവിനെപ്പറ്റി നമ്മുടെ കാനോനുകളില്‍ കാണുന്നുണ്ട് (മലങ്കര കാനോന്‍ അധ്യായം 8). ബുധനാഴ്ച ഉപവസിക്കുന്നത് അത്ര സാധാരണയല്ലെങ്കിലും വെള്ളിയാഴ്ച ഉപവാസം നമ്മുടെ ഇടയില്‍ ഇപ്പോഴും തുടരുന്നുണ്ട്. ഈ ദിവസങ്ങളെയെല്ലാം കൂട്ടിയാല്‍ ഒരു വര്‍ഷത്തില്‍ 210 ദിവസങ്ങള്‍ നാം നോമ്പിനായി മാറ്റി വയ്ക്കുന്നു. ഏകദേശം വര്‍ഷത്തിന്റെ പകുതിയില്‍ കൂടുതല്‍ ദിവസങ്ങളിലുള്ള ഈ ക്രമീകരണങ്ങള്‍ സഭാ ജീവിതത്തില്‍ നോമ്പിന്റെ പ്രസക്തി എടുത്തു കാട്ടുന്നു.
എന്തിനാണ് നാം നോമ്പു ആചരിക്കുന്നത്? ആരാണ് നമ്മുടെ നോമ്പിന്റെ മാതൃക? നാം എങ്ങനെ നോമ്പ് ആചരിക്കണം? തുടങ്ങിയ മൂന്നു ചോദ്യങ്ങള്‍ക്ക്, വിശുദ്ധ വേദപുസ്തകത്തിലൂടെയും സഭാ പിതാക്കന്മാരുടെ പഠിപ്പിക്കലുകളിലൂടെയും ആരാധന ക്രമങ്ങളിലൂടെയും ഉത്തരം കണ്ടെത്തുന്നതാണീ ലേഖനം.
എന്തിനാണ് നാം നോമ്പ് ആചരിക്കുന്നത്?
'ഞാന്‍ ഈ പ്രാവശ്യം അന്‍പതു ദിവസം നോമ്പു നോക്കി'. എന്തോ ഒരു കാര്യം ചെയ്തു തീര്‍ത്തതു പോലെയാണ് നമ്മില്‍ പലരും നോമ്പിനെ കാണുന്നത്. നോമ്പ് ഒരു കടമയോ ലക്ഷ്യപ്രാപ്തിയോ അല്ല, മറിച്ച് ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണ്.
അങ്ങനെയെങ്കില്‍ എന്തായിരിക്കണം നോമ്പിലൂടെ നാം നേടിയെടുക്കേണ്ട ലക്ഷ്യം? ഇതിനായി ഉല്‍പ്പത്തി പുസ്തകം ആദ്യ മൂന്നു അധ്യായങ്ങളിലേക്ക് നമുക്ക് നോക്കാം. രണ്ടാം അധ്യായം ഒന്‍പതാം വാക്യത്തില്‍ ഏദന്‍ തോട്ടത്തിന്റെ നടുവില്‍ രണ്ട് വൃക്ഷങ്ങള്‍ ദൈവം മുളപ്പിച്ചതായി നാം വായിക്കുന്നു. ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും. എന്നാല്‍ പതിനാറ്, പതിനേഴ് വാക്യങ്ങളില്‍ എല്ലാ വൃക്ഷങ്ങളുടെ ഫലം ഇഷ്ടം പോലെ കഴിക്കാന്‍ അനുവദിക്കുകയും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നതില്‍ നിന്നും വിലയ്ക്കുകയും ചെയ്തു. ഇതില്‍ ജീവവൃക്ഷം എന്താണെന്ന് കൂടി നാം അറിഞ്ഞിരിക്കണം. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയിലെ താഴെ കൊടുത്തിരിക്കുന്ന ഈ ഗീതം ജീവവൃക്ഷത്തെപ്പറ്റി നമ്മെ ഇങ്ങനെ പഠിപ്പിക്കുന്നു (ഹാശാക്രമം പുറം 122).
'മരണവിഷഫലം കായ്ച്ചീടുന്ന
അറിവിന് വൃക്ഷത്തിനുപകരം
ജീവനേകും കനി കായ്ക്കുന്ന
ജീവവൃക്ഷമായ് നമ്മള്‍ക്ക്
ക്രിസ്തുനാഥന് നല്കപ്പെട്ടു'.
ഉല്‍പ്പത്തി പുസ്തകം 3:22 ല്‍ ജീവവൃക്ഷത്തിന്റെ ഫലം തിന്നാല്‍ എന്നേക്കും ജീവിക്കുമെന്ന് പറയുന്നു. അതു തന്നെയാണ് യോഹന്നാന്റെ സുവിശേഷം 6:51 ലും നമ്മുടെ കര്‍ത്താവും സാക്ഷിക്കുന്നത്, 'സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു. ഈ അപ്പം തിന്നുവന്‍ എന്നേക്കും ജീവിക്കും'. ഇതില്‍ നിന്നും ജീവവൃക്ഷം യേശുക്രിസ്തുവിനെ ദൃഷ്ടാന്തീകരിക്കുന്നു എന്നു മനസ്സിലാക്കാം.
അങ്ങനെയെങ്കില്‍ ക്രിസ്തുവാകുന്ന ജീവവൃക്ഷത്തിന്റെ ഫലമായിരുന്നു മനുഷ്യന് ആദ്യം ഭക്ഷിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാതെ, എന്തുകൊണ്ടാണ് കഴിക്കരുതെന്ന് പറഞ്ഞിരുന്ന നന്മതിന്മകളുടെ അറിവിന് വൃക്ഷത്തില്‍ നിന്നും മനുഷ്യന് ഭക്ഷിച്ചത്?. വിശുദ്ധ ഐറേനിയോസ് ഇങ്ങനെ പറയുന്നു. 'മനുഷ്യന് നിസാരനാണ്. ജീവ വൃക്ഷത്തേയും നന്മതിന്മകളുടെ അറിവിന്റെ വൃക്ഷഫലത്തേയും തിരിച്ചറിയുന്നതിനുള്ള ആത്മീയ പക്വത മനുഷ്യന് നേടിയിരുന്നില്ല'. ഈ അപക്വത അവനെ തന്റെ സൃഷ്ടാവായ ദൈവത്തില്‍ നിന്നും അകറ്റി, സാത്താന്റെ പരീക്ഷണങ്ങളില്‍ അകപ്പെടുത്തി. പിന്നീട് ദൈവം ഈ പാപാവസ്ഥയില്‍ അവന് വീണ്ടും ജീവവൃക്ഷഫലം തിന്ന് നിത്യജീവന് പ്രാപിക്കാതിരിപ്പാന് (ഉല്‍പ്പത്തി 3:22) ഏദനില്‍ നിന്നും പുറത്താക്കി. ഇതിനെ ദൈവത്തിന്റെ ഒരു ശിക്ഷാ നടപടിയായിട്ടല്ല മറിച്ച് തന്റെ പ്രിയ സൃഷ്ടിയോടുള്ള അതിയായ സ്നേഹമൂലം ഈ തെറ്റിന്റെ അവസ്ഥയിലും അവനെ തിരിച്ച് നേടിയശേഷം ജീവവൃക്ഷഫലം നല്കുവാനുള്ള ഒരു പദ്ധതിയായിട്ടാണ് സഭാ പിതാക്കന്മാര് പഠിപ്പിക്കുന്നത്. ഈ പദ്ധതിയുടെ പൂര്‍ത്തീകരണമായിട്ടാണ് കാല്‍വറിയിലെ ക്രൂശിലൂടെ രണ്ടാം ആദാമായ യേശു തമ്പുരാന് പറുദീസായുടെ വാതില്‍ നമുക്കായി തുറന്നു തന്നത്. 'നീ പരിഹാസത്തിന്റെ ചുവപ്പു വസ്ത്രം ധരിച്ചതു കൊണ്ട് കല്പന ലംഘനത്തില്‍ ഞങ്ങള്‍ ഉരിഞ്ഞു കളഞ്ഞ മഹത്വ അങ്കി ഞങ്ങളെ നീ വീണ്ടും ധരിപ്പിച്ചു', (ഹാശാ ക്രമം ബുധനാഴ്ച കാലത്തെ നമസ്കാരം- സെദറാ-പതിനൊന്നാം പതിപ്പ് പുറം 125).
ദൈവത്തിന്റെ ദാനമായ ഈ പറുദീസായുടെ അനുഭവം വിശുദ്ധ മാമോദീസായിലൂടെയും വിശുദ്ധ കുര്ബ്ബാനാനുഭവത്തിലൂടെയും നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ നമ്മിലെ ആത്മീയ അപക്വത നിമിത്തം പലപ്പോഴും പറുദീസായുടെ യാത്രാ വഴികളില്‍ നിന്നും നാം അകന്നു പോകുന്നു. അതിനാല്‍ നിസ്സാരനായ മനുഷ്യന് ദൈവത്തോടു കൂടെ ആയിരിപ്പാന്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചില ആത്മീക ശാരീരക പോഷണങ്ങളും ശിക്ഷണങ്ങളും ആവശ്യമാണ്. അങ്ങനെ നമ്മുടെ ജീവിതത്തെ ആത്മീകമായ ഒരു പക്വതയിലേക്ക് നയിച്ച് ദൈവത്തോട് ചേര്‍ത്ത് നില്പ്പാന്, വര്‍ജജന ശീലവും സ്വയം നിയന്ത്രണവും ആത്മ തപനവും ഒക്കെ ജീവിതത്തിന്റെ നിരന്തര ഭാഗമായി നിലനിര്‍ത്തേണ്ടതായിട്ടുണ്ട്. ഈയൊരു ആത്മീക പൂര്‍ണ്ണത എന്ന ലക്ഷ്യത്തിലേക്ക് ഓരോ വിശ്വാസിയും നിരന്തരം നയിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെയാണ് നോമ്പ് വളരെ പ്രാധാന്യത്തോടു കൂടി സഭയുടെ ക്രമീകരണങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആരാണ് നമ്മുടെ നോമ്പിന്റെ മാതൃക?
ദൈവപുത്രനായ യേശു തമ്പുരാന്റെ ഉപവാസമാണ് നോമ്പിന്റെ പരമമായ മാതൃകയായി സഭ സ്വീകരിച്ചിരിക്കുന്നത്.
വിശുദ്ധ വേദപുസ്തകത്തില്‍ നോമ്പിനു അനേക മാതൃകകള്‍ നമുക്കു കാണാവുന്നതാണ്. ദൈവത്തിങ്കല്‍ നിന്നു ന്യായപ്രമാണം വാങ്ങുവാന്‍ പോയ മോശയുടെ നാല്പതു ദിവസത്തെ ഉപവാസം, പ്രവാചകനായ ഏലിയാവിന്റെ നാല്പത് ദിവസത്തെ ഉപവാസം, നിനവെ പട്ടണത്തിലെ സകല ജനത്തിന്റെയും നാല്പതു ദിവസത്തെ ഉപവാസം, എസ്ഥേര്‍, പ്രവാചകരായ ദാനിയേല്‍, എസ്രാ, നെഹമ്യാവ്, യോവേല്‍ തുടങ്ങിയവരുടെ യിസ്രായേലിനും യഹൂദജനത്തിനും വേണ്ടിയുള്ള ഉപവാസങ്ങള്‍, പുതിയ നിയമത്തില്‍ ഹന്നാ ദീര്ഘദര്ശിനിയുടെ ഉപവാസം തുടങ്ങിയ നോമ്പിന്റെ വിവിധ ദൃഷ്ടാന്തങ്ങള്‍ വിശുദ്ധ വേദപുസ്തകത്തില്‍ നമുക്ക് കാണാം. എന്നാല്‍ ദൈവപുത്രനായ യേശു തമ്പുരാന്റെ ഉപവാസമാണ് നാം പരമമായ മാതൃകയായി സ്വീകരിക്കേണ്ടത്.
വിശുദ്ധ മത്തായിയുടെ സുവിശേഷം നാലാം അധ്യായത്തില്‍ സാത്താനാല്‍ പരീക്ഷിക്കപ്പെടുന്നതിന് മുന്‍പു നമ്മുടെ കര്‍ത്താവ് നാല്പതു പകലും നാല്പതു രാവും ഉപവസിച്ചതായി നാം വായിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സര്‍വ്വലോകങ്ങള്‍ക്കും മുമ്പേ പിതാവില്‍ നിന്നു ജനിച്ചവനും, പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് ഏകത്വം ഉള്ളവനും പാപമില്ലാത്തവനുമായ പുത്രന്തമ്പുരാന് ഭക്ഷണം വെടിഞ്ഞ് ഉപവസിച്ച് പ്രാര്‍ത്ഥിച്ചത് എന്തിനായിരുന്നു?
വിശുദ്ധ അഗസ്റ്റിന് ഇതിനെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു. 'യേശു തമ്പുരാനില്‍ സഭ മറഞ്ഞിരുന്നു'. യഥാര്‍ത്ഥത്തില്‍ എന്തിനെയും ഏതിനെയും ജയിക്കാന്‍ ശക്തിയുള്ളവന് തന്റെ ഉള്ളിലുണ്ടായിരുന്ന സഭയാകുന്ന നാമോരുത്തര്‍ക്കും വേണ്ടിയാണ് ഈ ഉപവാസം അനുഷ്ഠിച്ചത്. നോമ്പാല്‍ ഒരു വ്യക്തിക്ക് സാത്താന്റെ മേല്‍ വിജയം നേടാന്‍ കഴിയുമെന്ന് യേശു തമ്പുരാന് തന്റെ നോമ്പാല്‍ നമുക്ക് കാണിച്ചു തന്നു. ക്രിസ്തുവില്‍ നാം നേടിയ ഈ വിജയം നമുക്ക് നിസ്സാരമായി കരുതുവാന്‍ കഴിയുന്ന ഒന്നല്ല. നമ്മുടെ കര്‍ത്താവും ദൈവവും രക്ഷകനുമായ യേശു ക്രിസ്തുവിനെ പോലെ നിലനില്ക്കുവാന് നമ്മെ സഹായിക്കുന്ന ഉപാധിയാണ് നോമ്പ്.
അതുകൊണ്ടു തന്നെ യേശു തമ്പുരാന് നമ്മെ ഇപ്രകാരം പഠിപ്പിച്ചു. 'പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ മറ്റൊന്നിനാലും ഈ ജാതി നീങ്ങി പോകുന്നില്ല', (വി. മത്തായി 17:21). നമ്മിലുള്ള ചെറുതും വലുതുമായ സാത്താന്യ ചിന്തകള്‍ നമ്മില്‍ നിന്ന് ഒഴിഞ്ഞിരിക്കുവാന്‍ നാം നോമ്പും പ്രാര്‍ത്ഥനയും ഉള്ളവരായിരിക്കണം. ഇതു തന്നെയാണ് വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളിലും നാം കാണുന്നത്. 'ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍' എന്നും 'പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍' എന്നും ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (1 തെസ്സ. 5:17, റോമ. 12:13). സഭാ പിതാവായ സിപ്രിയന്റെ വാക്കുകളും ഇതു തന്നെ അടിവരയിട്ടു പഠിപ്പിക്കുന്നു 'പാപമില്ലാത്തവനായ താന്‍ (യേശു) പ്രാര്‍ത്ഥിച്ചെങ്കില്‍ പാപികളായ നാം എത്രമാത്രം പ്രാര്‍ത്ഥിക്കണം? നിരന്തരം അപേക്ഷകളാല്‍ രാത്രിമുഴുവന്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചെങ്കില്‍ നിരന്തര പ്രാര്‍ത്ഥനയില്‍ നാം എത്രമാത്രം ഉണര്‍ന്നിരിക്കണം?'
നമ്മുടെ കര്‍ത്താവിന്റെ ഉപവാസത്തിന്റെ ഈ മാതൃകയാണ് നമ്മുടെ മലങ്കര കാനോനിലും പറഞ്ഞിരിക്കുന്നത്. 'നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ മനുഷ്യാവതാര ദിവസങ്ങളില്‍ പരസ്യ ശുശൂഷ ആരംഭിക്കുന്നതിനു മുന്നം സാത്താനെ ജയിപ്പാന്‍ നോമ്പാകുന്ന ആയുധം ഒന്നാമത് പ്രയോഗിച്ചതായി നമുക്കു പഠിപ്പിച്ചു തന്നിരിക്കയാല്‍ നാമും നോമ്പു ആചരിക്കണം'' (മലങ്കര കാനോന്‍ അധ്യായം 8).
കര്‍ത്താവിന്റെ ഉപദേശമനുസരിച്ച് അപ്പോസ്തലന്മാരും ആദിമ ക്രിസ്ത്യാനികളും നോമ്പ് അനുഷ്ഠിച്ചിരുന്നു എന്ന് വേദപുസ്തകത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ് (അപ്പൊ. പ്രവ. 13:2-3).
വലിയ നോമ്പ് നമസ്കാരത്തിലെ (പതിനൊന്നാം പതിപ്പ്, ജനുവരി 2016) പ്രാര്‍ഥനയും ഇപ്രകാരം നമ്മുടെ കര്‍ത്താവിന്റെ നോമ്പിന്റെ മാതൃക തന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്, 'ആവശ്യക്കാരനെപ്പോലെ ഞങ്ങളുടെ രക്ഷയെ പ്രതി നോമ്പു നോല്‍ക്കുകയും അതിന്റെ ഇമ്പമുള്ള നുകം ഞങ്ങള്‍ക്കു തരികയും ചെയ്തവനായ മശിഹാതമ്പുരാനേ നിന്റെ അടുക്കല്‍ ഞങ്ങള്‍ കുമ്പിട്ടു വന്ദിക്കുന്നു' (എനിയോനൊ പുറം 56).
നാം എങ്ങനെ നോമ്പ് നോക്കണം?
സഭാപിതാവായ മാര്‍ അപ്രേം തന്റെ 'പറുദീസാ ഗീതങ്ങള്‍' എന്ന പ്രസിദ്ധമായ രചനയിലൂടെ ഇങ്ങനെ പഠിപ്പിക്കുന്നു. 'ഏദനില്‍ ആദാം പരീക്ഷക്കപ്പെട്ടു, അവന് വിലക്കപ്പെട്ട കനി ഭക്ഷിച്ചു. കാലത്തികവിങ്കല്‍ മനുഷ്യപുത്രന് ഉപവസിച്ചു അവന് പരീക്ഷകളെ ജയിച്ചു'. ആദിമ മനുഷ്യനെ സാത്താന് ഭക്ഷണത്തിലൂടെയാണ് അവന്റെ അധീനതയിലേക്ക് നയിച്ചതെങ്കില്‍ ഭക്ഷണ വര്ജ്ജനത്തിലൂടെയാണ് സാത്താനെ ജയിക്കുവാന്‍ നമ്മുടെ കര്‍ത്താവ് നമ്മെ പഠിപ്പിച്ചു തന്നത്. അതിനാല്‍ നാം നോമ്പു കാലങ്ങളില്‍ ഭക്ഷണ വര്‍ജ്ജനം തീര്‍ച്ചയായും സ്വീകരിക്കേണ്ടതുണ്ട്. സുറിയാനിയില്‍ 'സൗമോ' എന്ന പദമാണ് നോമ്പിനു ഉപയോഗിക്കുന്നത്. ഇതിന്റെ അര്‍ത്ഥം 'ഉപവാസം' എന്നാണ്. ഉപവാസം എന്നാല്‍ 'ഭക്ഷണം കഴിക്കാതിരിക്കുക (ളമേെശിഴ)' എന്നര്‍ത്ഥം. നമുക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ നോമ്പു കാലഘട്ടങ്ങളില്‍ വര്ജ്ജിക്കുവാനാകുന്നത് ഒരു ഇന്ദ്രിയ ജയം എന്നു തന്നെ നമുക്ക് കരുതാം. എന്നാല്‍ ഒരു സ്വിച്ച് ഓഫാക്കുന്നതു പോലെ ചില ഭക്ഷണങ്ങള്‍ മാത്രം വര്ജ്ജിക്കുന്നതല്ല നോമ്പ്.
ഭക്ഷണ വര്ജ്ജനത്തിനപ്പുറം നമ്മുടെ നോമ്പാചരണം എങ്ങനെയായിരിക്കണമെന്നതിന് യെശയ്യാവ് പ്രവാചകന്റെ അന്‍പത്തിയെട്ടാം അധ്യായത്തില്‍ ഉള്ളതിനെക്കാള്‍ ഭംഗിയായുള്ള ഒരു വിവരണം നമുക്ക് വേദപുസ്തകത്തില്‍ വേറെ ഒരിടത്തും കാണുവാന്‍ കഴിയുകയില്ല.
യഥാര്‍ത്ഥ നോമ്പാചരണത്തെപ്പറ്റി സഭാ പിതാക്കന്മാരുടെ അനേകം എഴുത്തുകള്‍ നമുക്ക് കാണാവുന്നതാണ്. അതില്‍ ചുരുക്കം ചിലതുമാത്രം ഇവിടെ എഴുതുന്നു.
കൈസര്യയിലെ വലിയ മാര്‍ ബസേലിയോസ് യഥാര്‍ത്ഥമായ നോമ്പിനെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. 'നോമ്പില്‍ നിങ്ങള്‍ എത്ര ദിവസം ഉപവസിച്ചു. ഇന്നതൊക്കെ ഭക്ഷിച്ചില്ല. വീഞ്ഞു കുടിച്ചില്ല. ഇച്ഛകളെ കടിഞ്ഞാണിട്ടു എന്നൊക്കെ പറയുന്നതിലല്ല മറിച്ച് നിങ്ങളുടെ കോപമനസ്സിനെ ശാന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചുവോ, ഏതെങ്കിലും തരത്തില്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമായിരുന്നതില് നിന്നും ഉപകാരമായി തീരുവാന്‍ സാധിച്ചുവോ എങ്കില്‍ അതാണ് യഥാര്‍ത്ഥ നോമ്പ്. വര്‍ജ്ജനങ്ങള്‍ കൊണ്ട് മാത്രം യഥാര്‍ത്ഥ നോമ്പാകില്ല, അത് നിങ്ങളെ സ്വര്‍ഗ്ഗീയ മനുഷ്യരാക്കി തീര്‍ക്കുകയുമില്ല'.
യഥാര്‍ത്ഥ ഉപവാസത്തെപ്പറ്റി രണ്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ഹെര്മാസിന്റെ 'ഇടയന്' എന്ന ഗ്രന്ഥത്തിലും ഇപ്രകാരം കാണുന്നു 'നിന്റെ ഉപവാസം യാഥാര്തമാകണമെങ്കില്, നീ ഉപവസിക്കുന്ന സമയത്ത് നിന്റെ ഭക്ഷണം ഒരു വിധവയ്ക്കൊ, അനാഥനോ, അല്ലെങ്കില്‍ ആവശ്യത്തിലിരിക്കുന്ന ആര്‍ക്കെങ്കിലോ കൊടുക്കുക'.
നമ്മുടെ വലിയ നോമ്പ് നമസ്കാരത്തിലും (പതിനൊന്നാം പതിപ്പ്) നോമ്പില്‍ നാം എങ്ങനെ ആയിരിക്കണം എന്നു വ്യക്തമായി എഴുതിയിരിക്കുന്നു.
'നോമ്പു നല്ലതാകുന്നു. സ്നേഹം കൂടാതെ ഒരുത്തന് നോമ്പു നോല്ക്കുന്നു എങ്കില്‍ അവന്റെ വ്രതത്തിനു യാതൊരു വിശേഷവുമില്ല', (മാര്‍ യാക്കോബിന്റെ ബോവൂസൊ പുറം 62).
'നമ്മുടെ നാവ് അന്യായം ഒഴിഞ്ഞ് ഉപവസിക്കുകയും നമ്മുടെ സഹോദരന്മാരുടെ കുറവുകള്‍ പരസ്യമാക്കാതിരിക്കയും ചെയ്യണം', (എനിയോനൊ പുറം 68).
'ആകയാല്‍ നോമ്പില്‍ നീ പരിപാകതയുള്ളവനും നിര്‍മ്മലനും സ്നേഹപൂര്ണ്ണനും ആയിരിക്കുക. നിന്റെ വായ് അന്യായത്തില്‍ നിന്നും നിന്റെ ഹൃദയം വഞ്ചനയില്‍നിന്നും ഒഴിഞ്ഞിരിക്കട്ടെ. നിന്റെ സഹോദരന്മാരോടു നീ സ്നേഹമുള്ളവനും ആയിരിക്കുക', (കോലൊ പുറം 70).
ചുരുക്കത്തില്‍, ഭക്ഷണ വര്ജജനത്തോടൊപ്പം അറിഞ്ഞോ അറിയാതെയോ നാം പ്രദര്‍ശിപ്പിക്കുന്ന സ്വഭാവ പ്രത്യേകതകള്‍ മാറ്റിനിര്‍ത്തുവാന്‍ നോമ്പാചാരണത്തിലൂടെ നാം ശക്തി പ്രാപിക്കണം, അതാണ് യഥാര്‍ത്ഥ നോമ്പ്. ചില ഉദാഹരണങ്ങള്‍ ഇവിടെ കുറിക്കുന്നു.
അസഹിഷ്ണത സഹിഷ്ണതായി മാറ്റണം.
ഞാന്‍ എന്റെ സമസൃഷ്ടികളെക്കാള് ഉയര്‍ന്നവനാണെന്ന തോന്നല്‍ അഥവാ അഹങ്കാരത്തെ എളിമയിലേക്ക് മാറ്റുവാന്‍ കഴിയണം.
നാം അറിഞ്ഞോ അറിയാതെയോ നമ്മെ ഭരിക്കുന്ന ആസക്തികളില്‍ നിന്നും മോചനം പ്രാപിക്കണം.
സാഹചര്യ സമ്മര്‍ദ്ദങ്ങളാല്‍ കളങ്കപ്പെട്ട മനസ്സിനെ രൂപാന്തരപ്പെടുത്തുവാന്‍ ശ്രമിക്കണം.
അഭിനിവേശങ്ങളെ പുണ്യങ്ങളാക്കി മാറ്റുവാന്‍ കഴിയണം.
അത്യാഗ്രഹങ്ങളെ ഔദാര്യമാക്കി മാറ്റുവാന്‍ കഴിയണം.
എറ്റെടുക്കേണ്ട ഉത്തരവാദിത്ത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി നില്ക്കുന്ന അലസമായ മനസ്സിനെ ഉല്സാഹത്തിലേക്ക് നയിക്കുവാന്‍ കഴിയണം.
ഉപസംഹാരം
ഒരു ക്രിസ്തീയ വിശ്വാസിയുടെ ജീവിതത്തില്‍ നിന്നു മാറ്റുവാന്‍ പാടില്ലാത്ത ഘടകമാകുന്നു. നോമ്പ്. എന്നാല്‍ ഭക്ഷണത്തെ വെടിയുക എന്നല്ല. പകരം അനുതാപം, രൂപാന്തരീകരണം, വിശുദ്ധീകരണം എന്നിവയാണ് നോമ്പ് വിഭാവനം ചെയ്യുന്നത്.
കര്‍ത്താവ് നോമ്പ് നോറ്റ് സാത്താനെ തോല്‍പ്പിച്ചതുപോലെ നമ്മുടെ നോമ്പാല്‍ പാപത്തെ തോല്‍പ്പിച്ച് കര്‍ത്താവിനോട് കൂടുതല്‍ അടുത്ത്, ശരീരത്തോടൊപ്പം തന്നെ ആത്മശുദ്ധിയും വരുത്തി നഷ്ടപ്പെട്ടുപോയ തേജോവസ്ത്രവും, ഏദന്‍ പറുദീസായുടെ അനുഭവവും നേടിയെടുക്കാനുള്ള ഒരു യാത്രയാകണം നമ്മുടെ നോമ്പ് ആചരണം. അങ്ങനെ നോമ്പിന്റെ ശക്തിയാല്‍ മറ്റുള്ളവന്റെ കണ്ണുനീര് തുടയ്ക്കുവാന്‍ സാധിച്ചാല്‍ അതാകുന്നു നമ്മുടെ കര്‍ത്താവ് ആഗ്രഹിക്കുന്ന യഥാര്‍ത്ഥ നോമ്പ്.
'തന് നോമ്പാല്‍ വിടുതല്‍ തന്ന
കര്‍ത്താവേ കൃപചെയ്യണമേ.
ഏല്ക്കുക നോമ്പും പ്രാര്‍ത്ഥനയും
ഞങ്ങള്‍ക്കായ് നോമ്പേറ്റോനേ',
വലിയ നോമ്പ് നമസ്കാരത്തിലെ (പതിനൊന്നാം പതിപ്പ്) മാര്‍ അപ്രേമിന്റെ ബോവൂസൊ.