മാർ അപ്രേം
സഭാ പിതാക്കന്മാരുടെ ഗണത്തില്‍ അതിശ്രേഷ്ഠനായ ആത്മീയകവിയും സുറിയാനി സാഹിത്യത്തില്‍ അഗ്രഗണ്യനുമായി ക്രൈസ്തവസഭാ മണ്ഡലത്തില്‍ ശോഭിച്ചിരുന്ന ആത്മീയ പിതാവാണ് മാര്‍ അപ്രേം. എല്ലാ ക്രൈസ്തവ സഭകളുടെയും പ്രാര്‍ത്ഥനകളിലും മാര്‍ അപ്രേമിന്റെ ഗീതങ്ങളുടെ സ്വാധീനമുണ്ടെന്നുള്ളത് സംശയരഹിതമായ വസ്തുതയാണ്. മാര്‍ അപ്രേമിന്റെ ഗീതങ്ങളില്‍ ഒരെണ്ണമെങ്കിലും അറിയാത്തവരായി ആരും തന്നെ നമ്മുടെ സഭയില്‍ ഉണ്ടായിരിക്കുകയില്ല എന്നത് നിസംശ്ശയം പറയാവുന്നതാണ്. മാര്‍ അപ്രേമിന്റെ ബോവൂസൊ, മാര്‍ അപ്രേമിന്റെ മെമ്രാ എന്നീ ശീര്‍ഷകങ്ങളില്‍ അദ്ദേഹം രചിച്ചതും അതുപോലെ മാര്‍ അപ്രേമിന്റെ രാഗരീതിയില് പാടാവുന്നതുമായ അനേകം ഗീതങ്ങള്‍ നമ്മുടെ നമ്മുടെ ആരാധനാക്രമങ്ങളിലുണ്ട്. ഞായറാഴ്ച നമസ്കാരത്തില്‍ ഉപയോഗിക്കുന്ന നിന്നുയിര്പ്പാല് വിടുതല്‍ തന്ന എന്ന ഗീതങ്ങള്‍, വിശുദ്ധ തൈലാഭിക്ഷേക ശുശ്രൂഷയില്‍ ഉപയോഗിക്കുന്ന കര്‍ത്താവേ അനുഗ്രഹിക്ക എന്ന ഗീതങ്ങള്‍, നോമ്പു നമസ്കാരങ്ങളില്‍ ഉപയോഗിക്കുന്ന തന് നോമ്പാല്‍ വിടുതല്‍ തന്ന എന്ന ഗീതങ്ങള്‍, ഉറക്ക സമയത്തേക്ക് ചൊല്ലുന്ന ശയന നമസ്കാര ഗീതങ്ങളായ ഞങ്ങള്‍ക്കുള്ള കര്‍ത്താവേ ഞാനിഹ നിദ്രയൊഴിഞ്ഞിട്ട്, കരുണാകരനാം കര്‍ത്താവേ കൈക്കൊള്ളണമെന് പ്രാര്‍ത്ഥന നീ എന്നീ ഗീതങ്ങള്‍, വി. കുര്‍ബ്ബാനയില്‍ ഉപയോഗിക്കുന്ന ആര്ദ്രമതേ നിന് വാതിലില്‍ മുട്ടുന്നു എന്ന ഗീതം, ദുഃഖവും വ്യാധിയും ഉള്ള കാലത്ത് ചൊല്ലുന്ന ദൈവമേ അനുഗ്രഹിക്ക യാചന കൈക്കൊള്ളേണമേ എന്ന ഗീതം ഇവയൊക്കെ മാര്‍ അപ്രേമിന്റെ രചനകളുടെയും മാര്‍ അപ്രേമിന്റെ രാഗരീതിയില് പാടുന്നതുമായ ഗീതങ്ങളുടെയും ചില ഉദാഹരണങ്ങളാണ്.
ക്രിസ്തുവര്‍ഷം 306 നോടടുത്ത് അക്കാലത്തെ റോമാസാമ്രാജ്യത്തിന്റെ കിഴക്കേ അതിരായ നിസിബസ് എന്ന സ്ഥലത്ത് മാര്‍ അപ്രേം ഭൂജാതനായി. ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചുവെന്നും അതല്ല പിന്നീട് ക്രിസ്താനിയായെന്നും ചില രേഖകളില്‍ കാണുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ തന്നെ ചില എഴുത്തുകളില്‍ ഞാന്‍ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ ജനിച്ചു എന്ന് രേഖപ്പടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു മെമ്രായില് എന്റെ കര്‍ത്താവേ പൈതല്‍ പ്രായം മുതല്‍ വാര്‍ധക്യം വരെ നിന്റെ നുകത്തെ ഞാന്‍ വഹിച്ചിരിക്കുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പം മുതലേ സത്യവിശ്വാസത്തില്‍ നിലകൊണ്ട മാര്‍ അപ്രേം യൗവനത്തിന്റെ പൂര്‍ണ്ണതയില്‍ ലൗകിക ജീവിതം ഉപേക്ഷിക്കുകയും നിസിബസിലെ മെത്രാനായ മാര്‍ യോക്കോബിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍, നിര്‍മ്മലവും വിശുദ്ധവുമായ ധാര്‍മ്മിക ജീവിതത്തിനു പുറമേ സുറിയാനി സാഹിത്യത്തിന്റെ വൈശിഷ്ട്യങ്ങളില്‍ പലതും മാര്‍ അപ്രേം സ്വായത്തമാക്കി. തുടര്‍ന്ന് സന്യാസ വ്രതം സ്വീകരിക്കുകയും ശൈമ്മാശനായി അഭിക്ഷക്തനാകുകയും തന്റെ ഗുരുവിന്റെ നിസിബസിലെ പ്രസിദ്ധമായ വിദ്യാലയത്തില്‍ 38 വര്‍ഷം അധ്യാപനം നടത്തുകയും ചെയ്തു. ക്രിസ്തുവര്‍ഷം 325 - ല്‍ നിഖ്യായില്‍ കൂടിയ സുന്നഹദോസില്‍ മാര്‍ യാക്കോബിനോടൊപ്പം മാര്‍ അപ്രേം പങ്കെടുത്തിരുന്നുവെന്നും ചരിത്രരേഖകള്‍ സാക്ഷിക്കുന്നു.
നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി നിസിബസ് പേര്‍ഷ്യന്‍ ആധിപത്യത്തിലായി. പിന്നീടുണ്ടായ മതപീഡനങ്ങള്‍ മൂലം മാര്‍ അപ്രേം ആമീദിലേക്കും തുടര്‍ന്ന് എഡേസായിലേക്കും മാറി താമസിച്ചു. അദ്ദേഹത്തിന്റെ ജ്ഞാന സംഭാവനകള്‍ എഡേസായിലെ വിദ്യാ കേന്ദ്രത്തിന്റെ വികസനത്തിനും ഖ്യാതിക്കും കാരണമായി. ഏകദേശം പത്തുവര്‍ഷത്തോളം മാര്‍ അപ്രേം എഡേസായില്‍ താമസിച്ചു.
മാര്‍ അപ്രേമിന്റെ കൃതികളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനകള്‍. വേദശാസ്ത്ര മൂല്യം തുളുമ്പുന്ന അനേകം കൃതികള്‍ ക്രൈസ്തവ സഭക്ക് മാര്‍ അപ്രേമിലൂടെ ലഭിച്ചു. ചില ചരിത്ര കണക്കുകള്‍ പ്രകാരം ഏകദേശം 30 ലക്ഷത്തില്‍പ്പരം വരികള്‍ അദ്ദേഹം എഴുതിയായി രേഖപ്പെടുത്തിയിരിക്കുന്നു. നിസിബസില് വച്ചു തന്നെ മാര്‍ അപ്രേം തന്റെ രചനകള്‍ എഴുതുവാന്‍ ആരംഭിച്ചവെങ്കിലും അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ ഭണ്ഡാഗാരം തുറക്കപ്പെട്ടത് എഡേസായിലെ തന്റെ പ്രവര്‍ത്തന കാലഘട്ടത്തിലാണ്.
തന്റെ കൃതികളില്‍ മാര്‍ അപ്രേം പല ശൈലികള്‍ ഉപയോഗിച്ചിരുന്നെങ്കിലും, കവിതകള്‍ എബ്രായ കവിതകള്‍ എന്നപോലെ പ്രത്യേക മാത്രകളിലാണ് എഴുതിയിരുന്നത്. അദ്ദേഹത്തിന്റെ ഒട്ടുമുക്കാല്‍ എഴുത്തുകളും ഏഴ് അക്ഷരകാല രൂപത്തിലാണ്. മാര്‍ അപ്രേമിന്റെ കൃതികളില്‍ ഏറ്റവും ഔന്ന്യതത്തില് നിലനില്‍ക്കുന്നത് അദ്ദേഹത്തിന്റെ ഏഴു മാത്രകളില്‍ രചിച്ചിട്ടുള്ള മെമ്രാകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ആത്മീക പ്രസംഗങ്ങളാണ്. കൂടുതലും ഗദ്യരൂപത്തിലാണെങ്കിലും പദ്യഭാഗങ്ങളും മെമ്രാകളുടെ വിഭാഗത്തിലുണ്ട്. മാര്‍ അപ്രേമിന്റെ ദൈവശാസ്ത്രത്തിന്റെ അഗാധത മെമ്രാകളിലാണ് കൂടുതലായി കാണുന്നത്. അതോടൊപ്പം അദ്ദേഹത്തിന്റെ ഉപദേശ മാതൃകയിലുള്ള മദറോശൊ ഗീതങ്ങളും വളരെ പ്രസിദ്ധമാണ്. ക്രിസ്തീയ ജീവിതത്തെയും ആത്മീക ഉണര്‍വിനെയും സംബന്ധിച്ചുള്ള അനേക കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതു കൂടാതെ മാര്‍ അപ്രേമിന്റെ ഏഴ് അക്ഷരകാലത്തില്‍ രചിക്കപ്പെട്ട അനേകം അപേക്ഷ ഗീതങ്ങളായ ബോവൂസൊകള് നമ്മുടെ ആരാധന ക്രമങ്ങളില്‍ ധാരാളം കാണാവുന്നതാണ്. മാര്‍ അപ്രേമിന്റെ അഗാധമായ ആദ്ധ്യാത്മിക നിറവിനെയും ദൈവഭക്തിയെയും ഇവ എടുത്തു കാണിക്കുന്നു. ഈ കൃതികളിലെല്ലാം തന്നെ കര്‍ത്താവായ മ്ശിഹായുടെ ദൈവത്വം - മനുഷ്യത്വം, ശിക്ഷണങ്ങള്‍, സഭ, സഭയുടെ കൂദാശകള്‍, നമ്മുടെ കര്‍ത്താവിന്റെ ജനനം - മാമോദീസാ, ശ്ലീഹന്മാര്, , വിശുദ്ധ വേദപുസ്തക വ്യാഖ്യാനങ്ങള്‍, പറുദീസാ, പ്രാര്‍ത്ഥന, ഉപവാസം, ധര്‍മ്മം, ആരാധന, പുളിപ്പില്ലാത്ത അപ്പം എന്നീ മതപരമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു.
അദ്ദേഹത്തിന്റെ വിശുദ്ധ വേദപുസ്തക ജ്ഞാനം വളരെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്. നിസിബസില് നിന്നും എഡേസ്സായില്‍ എത്തിയ മാര്‍ അപ്രേം ആദ്യകാലങ്ങളില്‍ വിശുദ്ധ വേദപുസ്തക വ്യാഖ്യാനങ്ങളും പ്രസംഗങ്ങളും അടങ്ങിയ വിവിധ ഗദ്യകൃതികള്‍ രചിച്ചു. ഉല്പത്തി പുസ്തകത്തിന്റെ വ്യാഖ്യാനം, പുറപ്പാട് പുസ്തകത്തിന്റെ വ്യാഖ്യാനം, തിരുവെഴുത്തുകളിലെ ബാക്കി പുസ്തകങ്ങളുടെ വ്യാഖ്യാനം, പൗലോസിന്റെ ലേഖനങ്ങളുടെ വ്യാഖ്യാനം, വിശുദ്ധ വേദപുസ്തകത്തിലെ ചില അധ്യായങ്ങളുടെ വ്യാഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില പ്രഭാഷണങ്ങളും ഇതില്‍ പെടുന്നു.
ഈ കൃതികളെല്ലാം എന്തിനു വേണ്ടി എഴുതിയെന്നാല്‍, അക്കാലത്തു ഉയര്‍ന്നുവന്ന പല വേദവിപരീതങ്ങളെയും ചെറുത്തു നിര്‍ത്തുന്നതിനു ഈ കൃതികള്‍ ഉപയോഗിച്ചു. മാനി, മാര്ക്കിയോന്, ബര്‍ദൈസാന്‍, ഹാര്‍മോണിയസ്, അറിയൂസ് തുടങ്ങിയവര്‍ വേദവിപരീത ഉപദേശങ്ങള്‍ കവിതകളിലൂടെ ജനങ്ങളെ പഠിപ്പിച്ചപ്പോള്‍ അതേ നാണയത്തില്‍ കവിതകള്‍ രചിച്ച് വേദവിപരീതികള്ക്കെതിരെ സഭയില്‍ സത്യവിശ്വാസം പഠിപ്പിച്ചു. വിശ്വാസപ്രബോധകങ്ങളായ ഗീതങ്ങള്‍ വിശ്വാസികളില്‍ എത്തിക്കുവാന്‍ കന്യാസ്ത്രീമഠങ്ങളിലും ദൈവാലയങ്ങളിലും പ്രത്യേക ഗായകസംഘങ്ങള്‍ രൂപീകരിച്ച് ഗാനങ്ങള്‍ അഭ്യസിപ്പിച്ച് ആരാധനാമദ്ധ്യേ ഈ ഗാനങ്ങള്‍ ആലപിക്കുവാന്‍ ഏര്‍പ്പാടാക്കി. ആദ്യമായി ശെമ്മാശിനികളെ സഭ യുടെ ഗായകസംഘത്തില്‍ ക്രമീകരിച്ചത് മാര്‍ അപ്രേം ആണ്. അദ്ദേ ഹത്തിന്റെ ഉദ്യമം സഭയുടെ വിശ്വാസസത്യങ്ങള്‍ ജനഹൃദയങ്ങളില്‍ ഉറ പ്പിക്കുന്നതില് വിജയം കണ്ടു. അങ്ങനെ വേദവിപരീത ഗാനങ്ങളെ നിഷ്പ്രഭങ്ങളാക്കി അപ്രേമിന്റെ ഗാനങ്ങള്‍ ഇവയ്ക്കുമേല്‍ വിജയം വരിച്ചു. അങ്ങനെ മാര്‍ അപ്രേമിന്റെ പ്രബോധനങ്ങളും കവിതകളും സാധാരണ വിശ്വാസികളെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തുവാനും, മതപീഡനങ്ങളെ ധീരമായി നേരിടുന്നതിനും പ്രചോദനം നല്കി.
ചെറുപ്പം മുതലേ ലൗകിക ജീവിതത്തോടു വിപറഞ്ഞ് ദൈവിക ശബ്ദം ശ്രവിച്ച മാര്‍ അപ്രേമിന്റെ ജീവിതചര്യങ്ങള്‍ വളരെ ലളിതവും കര്‍ക്കശവുമായിരുന്നു. വളരെ മിതമായ ഭക്ഷണം - ബാര്‍ലി റൊട്ടിയും, ഇലക്കറികളും വെള്ളവുമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. സദാ കണ്ണുനീര് പൊഴിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെപ്പറ്റി പിന്നീട് സഭാപിതാക്കന്മാരുടെ എഴുത്തുകളില്‍ കാണുന്നുണ്ട്. പാരോഹിത്യ ശ്രേണിയില്‍ ജീവിത കാലം മുഴുവന്‍ ഒരു ശെമ്മാശനായാണ് മാര്‍ അപ്രേം ജീവിച്ചത്. പൗരോഹിത്യ ശ്രേണിയില്‍ തനിക്കു ലഭ്യമാകാമായിരുന്ന മേല്‍പ്പട്ടസ്ഥാനം വളരെ സന്തോഷത്തോടെ മാര്‍ അപ്രേം നിരസിച്ചു. ഉന്നതമായ പൗരോഹിത്യ പദവിക്ക് താന്‍ യോഗ്യനല്ല എന്ന ചിന്തയാണ് മാര്‍ അപ്രേമിനു ഇപ്രകാരം തീരുമാനം കൈക്കൊള്ളുവാന്‍ പ്രേരിപ്പിച്ചത്.
മാര്‍ അപ്രേമിന്റെ സാമൂഹ്യ സേവന സന്നദ്ധത എടുത്തു കാണിക്കുന്ന ഒരു സംഭവമായിരുന്നു എഡേസ്സയില്‍ ഉണ്ടായ ക്ഷാമകാലത്ത് അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. എഡേസ്സയിലെ ഈ ക്ഷാമകാലത്ത് ധാന്യശേഖരം സമൂഹത്തിലെ കുബേരന്മാരുടെ കൈവശം പൂഴ്ത്തി വച്ചിരിക്കയാണെന്നറിഞ്ഞ മാര്‍ അപ്രേം അത്തരം പ്രവര്‍ത്തികളെ എതിര്ക്കുകകയും അവരെ താക്കീത് നല്‍കുകയും ധാന്യങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുവാന്‍ മുന്‍കൈ എടുക്കുകയും ചെയ്തു. ഇതു കൂടാതെ തന്റെ വാര്‍ധ്യകത്തിന്റെ ക്ഷീണത മറച്ചുവയ്ക്കാതെ സന്നദ്ധ സംഘടനകള്‍ രൂപീകരിച്ച് ഭക്ഷണ വിതരണത്തിനും രോഗികളെ പരിചരിക്കുവാനും മരന്നമടഞ്ഞവരെ സംസ്കരിക്കുവാനും വേണ്ട ക്രമീകരണങ്ങര് ചെയ്തു. ക്ഷാമ കാലം അവസാനിച്ചതിനു ശേഷം ഗ്രാമത്തില്‍ ജനജീവിതം സാധാരണ രീതിയില്‍ ആയതിനു ശേഷമാണ് മാര്‍ അപ്രേം ആശ്രമത്തിലേക്ക് തിരിച്ചു പോയത്.
ക്രിസ്തീയ സഭയുടെ എളിയ ശുശ്രൂഷകാരനായി തന്റെ ജീവിതകാലം മുഴുവന്‍ കഴിച്ചു കൂട്ടിയ മാര്‍ അപ്രേം, ഉദ്ദേശം 70 വയസ്സുള്ളപ്പോള്‍ ക്രിസ്തുവര്‍ഷം 373 - ല്‍ മരണം പ്രാപിച്ചു. തന്നെ പളളിയകത്ത് അടക്കം ചെയ്യരുത്, താന്‍ അതിനു യോഗ്യനല്ല എന്ന അദ്ദേഹത്തിന്റെ താല്പര്യപ്രകാരം അദ്ദേഹത്തെ കബറടക്കി.
തന്റെ ജീവിതകാലം മുഴുവനും സംഗീതാത്മക ഗീതങ്ങള്‍ ഉരുവിടുകയും അതിലൂടെ ദൈവനാമം മഹത്വപ്പെടുത്തുകയും ചെയ്ത മാര്‍ അപ്രേം പാശ്ചാത്താപത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ആരാധനയുടെ ഉന്നത ശ്യംഗങ്ങളിലേക്ക് ആരാധകരെ കൊണ്ടെത്തിക്കുന്നതില്‍ അസാമാന്യ പാടവത്തിന്റെ ഉടമയായിരുന്നു. അതുകൊണ്ട് തന്നെ പരിശുദ്ധ റൂഹായുടെ കിന്നരം, ജ്ഞാനത്തിന്റെ സൂക്ഷിപ്പുകാരന്, സഭയുടെ തൂണ് എന്നീ മറുപേരുകളില്‍ മാര്‍ അപ്രേം അറിയപ്പെടുന്നു. സിദ്ധാന്തപരമായ ഗവേഷണങ്ങളിലൂടെയല്ല മാര്‍ അപ്രേം വിശ്വാസ സമൂഹത്തില്‍ ചിര പ്രതിഷ്ഠ നേടിയത്, മറിച്ച് ലളിതമായ ഭാഷ ശൈലിയും വിശ്വാസ സ്ഥിരതയും നിറഞ്ഞു തുളുമ്പുന്ന രചനാ ശൈലി മാര്‍ അപ്രേം ഗീതങ്ങളെ ഏതൊരു ക്രൈസ്തവന്റെയും നിത്യജീവിതത്തിന്റെ ഭാഗമാക്കി. മാര്‍ അപ്രേമിനെപോലെ ഉത്തമരായ താപസശ്രേഷ്ഠന്മാരെ സഭയ്ക്ക് നല്കിയ ത്രീയേക ദൈവത്തിനു സ്തുതി, ഇവരുടെ ഉത്തമമായ ജീവിത മാതൃകകള്‍ നമുക്കോരുരുത്തര്‍ക്കും പ്രചോദനമായിരിക്കട്ടെ.