Home
നാം നമ്മുടെ നിത്യജീവിതത്തില്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനും ഒരു സമയക്രമം നിശ്ചയിക്കാറുണ്ട്. വിദ്യാലയങ്ങളില്‍ ആണെങ്കിലും അതുപോലെ തന്നെ നാം ജോലി ചെയ്യുന്ന സ്ഥലത്ത് ആണെങ്കിലും നാം ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും ഒരു സമയക്രമപട്ടിക ഉണ്ട്. അങ്ങനെയെങ്കില്‍, നമ്മുടെ ക്രിസ്തീയ സഭാ ജീവിതത്തില്‍ നമുക്ക് ഇതുപോലെയുള്ള സമയക്രമീകരണങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഇവ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു? ഓരോ വര്‍ഷവും ഈ ക്രമീകരണങ്ങള്‍ എന്നു തുടങ്ങി എന്ന് അവസാനിക്കുന്നു? ഓരോ നോമ്പുകളുടെയും പെരുന്നാളുകളുടെയും തീയതി എങ്ങനെ നിശ്ചയിച്ചിരിക്കുന്നു?.ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലളിതമായി വിവരിക്കുന്ന ഒരു ലേഖനമാണിത്.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവം നടത്തിയ ദൈവീക രക്ഷാപദ്ധതിയിലെ ഓരോ സംഭവവും ക്രമാനുഗതമായി അനാവരണം ചെയ്ത് ആ അനുഭവത്തില്‍ ക്രിസ്തുവിനോടു കൂടെ സംവത്സരം മുഴുവന്‍ യാത്ര ചെയ്യുവാനും ജീവിക്കുവാനും വിശ്വാസികളെ ആരാധനയിലൂടെ സഹായിക്കുന്ന സഭയുടെ ക്രമീകരണമാണ് ആരാധന വര്‍ഷം എന്നു പറയുന്നത്.
സഭയുടെ ആരാധന വര്‍ഷം ആരംഭിക്കുന്നത് ഒക്ടോബര്‍ 29 നു ശേഷം വരുന്ന ഞായര്‍ ആണ്. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍, ഒക്ടോബര്‍ 30, 31 എന്നീ തീയതികള്‍ ഞായറാഴ്ചയായി വന്നാല്‍ അന്നോ, അല്ലെങ്കില്‍ നവംബര്‍ മാസത്തിലെ ആദ്യ ഞായറാഴ്ചയോ ആരാധനാവര്‍ഷം ആരംഭിക്കുന്നു.
ആരാധനാ വര്‍ഷത്തിന്റെ ആദ്യത്തെ രണ്ട് ഞായറാഴ്ചകള്‍ സഭയുടെ ശുദ്ധീകരണം (കൂദോശ് ഈത്തോ), സഭയുടെ പുതുക്കം (ഹൂദോസ് ഈത്തോ) എന്നിവ നാം ധ്യാനിക്കുന്നു. കര്‍ത്താവിന്റെ ജനനവുമായി ബന്ധപ്പെട്ട അറിയിപ്പുകളെ തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ ധ്യാനിക്കുകയും, പിന്നീട് ജനനപെരുന്നാള്‍ ആചരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, നമ്മുടെ കര്‍ത്താവിന്റെ ഇഹലോക ജീവിതത്തിലെ വിവിധ സംഭവങ്ങളായ പരിഛേദന, മാമോദീസാ, ദൈവാലയ പ്രവേശനം, പരസ്യ ശുശ്രൂഷ, കഷ്ടാനുഭവം, മരണം, കബറടക്കം തുടങ്ങിയവ നിഷ്ഠയോടു പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്റെ ഉയിര്‍പ്പിനും സ്വര്‍ഗ്ഗാരോഹണത്തിനും ശേഷം വരുന്ന പെന്തിക്കോസ്തി പെരുന്നാളിനെ തുടര്‍ന്നുള്ള ആഴ്ചകള്‍ വി. ശ്ലീഹന്മാരെയും വി. കന്യക മറിയാമിനെയും ഓര്‍ക്കുന്ന നോമ്പുകളുടെ ആചരണവും പരിശുദ്ധാത്മാവിന്റെ ദാനത്തെക്കുറിച്ചും വരത്തെക്കുറിച്ചും ഫലത്തെക്കുറിച്ചും യുഗാന്ത്യ ദര്‍ശനത്തെപ്പറ്റിയും സഭ പഠിപ്പിക്കുന്നു.
ആരാധന വര്‍ഷത്തിലെ പെരുന്നാളുകളെയും നോമ്പുകളെയും പൊതുവായി തീയതികളുടെ അടിസ്ഥാനത്തില്‍ 'വര്‍ഷം തോറും തീയതികള്‍ മാറിവരുന്നവ' എന്നും 'എല്ലാവര്‍ഷവും നിശ്ചിത തീയതികളില്‍ ആചരിക്കുന്നവ' എന്നും രണ്ടായി തിരിക്കാവുന്നതാണ്.
ആദ്യമായി തീയതി മാറി വരുന്ന നോമ്പുകളെയും പെരുന്നാളുകളെയുംപ്പറ്റി ചിന്തിക്കാം. രണ്ട് പ്രധാന ദിവസങ്ങളുമായി ബന്ധപ്പെട്ടാണ് ആരാധന വര്‍ഷത്തിലെ തീയതി മാറ്റമുള്ള പെരുന്നാളുകളും നോമ്പുകളും ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അവയിൽ ആദ്യത്തേത് കൂദോശ് ഈത്തോ ഞായറുമായും രണ്ടാമത്തേത് ഉയിർപ്പ് പെരുന്നാളുമായും ബന്ധപ്പെട്ടിരിക്കുന്നു. മുമ്പ് വിവരിച്ചതു പോലെ ഒക്ടോബര്‍ 29 കഴിഞ്ഞ് വരുന്ന ഞായറാഴ്ചയാണ് കൂദോശ് ഈത്തോ. അതുപോലെ മാര്‍ച്ച് 21 നോ അതിനു ശേഷമോ വരുന്ന പൂര്‍ണ്ണ ചന്ദ്രനു ശേഷമുള്ള ഞായറാഴ്ചയാണ് ഉയിര്‍പ്പ് പെരുന്നാള്‍. ഇതില്‍ ഒക്ടോബര്‍ 29 എന്ന ഒരു തീയതി ഓര്‍ത്തിരിക്കുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ ഓരോ വര്‍ഷത്തെയും ഉയിര്‍പ്പ് പെരുന്നാള്‍ കണ്ടുപിടിക്കുന്നതിന് ഇന്റര്‍നെറ്റിലും മറ്റുമായി അനേകം സ്രോതസ്സുകള്‍ ഉണ്ട്, അവയെ നമുക്ക് ആശ്രയിക്കാവുന്നതാണ് (ഉയിർപ്പ് പെരുന്നാൾ തീയതി കണ്ടു പിടിക്കുന്ന വിധം). ഈ രണ്ട് തീയതികള്‍ അറിയാമെങ്കില്‍ താഴെ വിവരിക്കും വിധം ഇതുമായി ബന്ധപ്പെട്ടു തീയതി മാറി വരുന്ന എല്ലാ നോമ്പുകളുടെയും പെരുന്നാളുകളുടെയും തീയതി നമുക്ക് മനസ്സിലാക്കാവുന്നതാണ്.
കൂദോശ് ഈത്തോയുമായി (ഒക്ടോബര്‍ 29 കഴിഞ്ഞു വരുന്ന ഞായര്‍) ബന്ധപ്പെട്ടു തീയതി മാറിവരുന്ന വിശേഷ ദിനങ്ങള്‍
കൂദോശ് ഇത്തോ ഞായര്‍ തുടങ്ങി ജനന പെരുന്നാള്‍ വരെ എട്ടു ഞായറാഴ്ചകളാണ് ആരാധന വര്‍ഷത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ജനന പെരുന്നാള്‍ ഞായറാഴ്ച ദിവസം വരുന്ന ചുരുക്കം വര്‍ഷങ്ങളില്‍ കൂദോശ് ഈത്തോ തുടങ്ങി ജനന പെരുന്നാള്‍ വരെ ഒന്‍പത് ഞായറാഴ്ചകള്‍ ഉണ്ടായിരിക്കും (2022 ൽ ഇപ്രകാരം ഒന്‍പത് ഞായറാഴ്ചകള്‍ ഉണ്ടായിരുന്നു). ഇതില്‍ ആദ്യത്തെ ഞായറാഴ്ച സഭയുടെ ശുദ്ധീകരണ ഞായറായും (കൂദോശ് ഈത്തോ) രണ്ടാമത്തെ ഞായര്‍ സഭയുടെ പുതുക്ക ഞായറായും (ഹൂദോസ് ഈത്തോ) കൊണ്ടാടുന്നു. തുടര്‍ന്നുള്ള ആറ് ഞായറാഴ്ചകളില്‍, ആദ്യത്തെ അഞ്ച് ഞായറാഴ്ചകളില്‍ ദൈവീക രക്ഷാപദ്ധതിയില്‍ വിളിക്കപ്പെട്ടവരും തെരഞ്ഞടുക്കപ്പെട്ടവരുമായ വ്യക്തികളോടുള്ള അറിയിപ്പുകളെയും ആറാമത്തെ ഞായര്‍ ജനന പെരുന്നാളിനു മുന്പുളള ഞായറായും ആചരിക്കുന്നു. ഈ ഞായറാഴ്ചകള്‍ താഴെ പറയും പ്രകാരമാണ്.
സെഖര്യാവിനോടുള്ള അറിയിപ്പ്
വി. കന്യക മറിയാമിനോടുള്ള അറിയിപ്പ്
എലിസബത്തിന്റെ അടുക്കലേക്കുള്ള വി. കന്യക മറിയാമിന്റെ യാത്ര
വി. യോഹന്നാന് സ്നാപകന്റെ ജനനം
വി. യോസേഫിനോടുള്ള അറിയിപ്പ്
ജനന പെരുന്നാളിനു മുന്പുളള ഞായര്‍
ഉയിര്‍പ്പു പെരുന്നാളുമായി ബന്ധപ്പെട്ടു തീയതി മാറി വരുന്ന വിശേഷ ദിനങ്ങള്‍
മാര്‍ച്ച് 21 നോ അതിനു ശേഷമോ വരുന്ന പൂര്‍ണ്ണ ചന്ദ്രന് കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് ഉയിര്‍പ്പ് പെരുന്നാളായി സഭ ആചരിക്കുന്നതെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. സഭാ കലണ്ടറിലെ താഴെ പറയുന്ന നോമ്പുകളുടെയും പെരുന്നാളുകളുടെയും തീയതി ഉയിര്‍പ്പു പെരുന്നാളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉയിര്‍പ്പു പെരുന്നാളിനു മുന്പുള്ളവ
ഉയിര്‍പ്പ് പെരുന്നാളിനു അമ്പത് ദിവസം മുന്‍പ് വലിയ നോമ്പ് ആരംഭിക്കുന്നു.
വലിയ നോമ്പിന് രണ്ട് ഞായറാഴ്ചകള്‍ക്ക് മുന്‍പ് (18 ദിവസങ്ങള്‍ക്ക് മുമ്പ് ) തിങ്കള്‍ തുടങ്ങി വ്യാഴാഴ്ച വരെ മൂന്ന് നോമ്പ് ആചരിക്കുന്നു.
വലിയ നോമ്പിലെ ആദ്യ തിങ്കളാഴ്ച നോമ്പിലെ നിരപ്പിന്റെ ശുശ്രൂഷ (ശുബ്ക്കോനൊ)
വലിയ നോമ്പിലെ ആറു ഞായറാഴ്ചകളില്‍ നമ്മുടെ കര്‍ത്താവിന്റെ ആറു അത്ഭുത പ്രവര്‍ത്തനങ്ങളെ ധ്യാനിക്കുന്നു.
വലിയ നോമ്പിലെ ഇരുപത്തിയഞ്ചാം ദിനമായ ബുധനാഴ്ച, പകുതി നോമ്പായി ആചരിക്കുന്നു.
നാല്പതാം വെളളി - നോമ്പിലെ നാല്പതാം ദിവസം, കര്‍ത്താവിന്റെ നാല്പത് ദിവസത്തെ നോമ്പിനെയും സാത്താന്റെ പരീക്ഷകളെ അതിജീവിച്ചതിനെയും അനുസ്മരിക്കുന്നു.
ലാസറിനെ ഉയര്‍പ്പിച്ച ശനിയാഴ്ച - നാല്പതാം വെള്ളിയാഴ്ച കഴിഞ്ഞു വരുന്ന ശനി.
ഊശാന പെരുന്നാള്‍ - വലിയ നോമ്പില്‍ ഏഴാമത്തെ ഞായറാഴ്ച.
തുടര്‍ന്ന് ഹാശാ ദിനങ്ങളും പെസഹാ, വലിയ വെള്ളിയാഴ്ച, അറിയിപ്പിന്റെ ശനി (ദുഃഖശനി) ദിവസങ്ങളും.
ഉയിര്‍പ്പ് പെരുന്നാള്‍ കഴിഞ്ഞു വരുന്നവ
പുതു ഞായര്‍ - ഉയിര്‍പ്പിനു ശേഷം വരുന്ന ആദ്യ ഞായര്‍, മാര്‍ത്തോമ്മാ ശ്ലീഹായുടെ മഹത്തായ വിശ്വാസ പ്രഖ്യാപനത്തെ ധ്യാനിക്കുന്നു.
സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ - ഉയിര്‍പ്പിനു ശേഷം നാല്പതാം നാള് - എല്ലാവര്‍ഷവും വ്യാഴാഴ്ച ദിവസമാണിത്.
പെന്തിക്കുസ്തി പെരുന്നാള്‍ - ഉയിര്‍പ്പിനു ശേഷം അമ്പതാം നാള് - എല്ലാ വര്‍ഷവും ഞായറാഴ്ച ദിവസമാണിത്.
കൂദോശ് ഈത്തോ ഞായറുമായും ഉയിര്‍പ്പ് പെരുന്നാളുമായി ബന്ധപ്പെട്ട തീയതി മാറിവരുന്ന വിശേഷ ദിവസങ്ങള്‍ ഏതൊക്കെയെന്ന് നാം മനസ്സിലാക്കി. ആരാധന വര്‍ഷത്തിലെ തീയതി മാറ്റമില്ലാതെ ആചരിക്കുന്ന നോമ്പുകളും പെരുന്നാളുകളും ഏതൊക്കെയെന്ന് ഇനി മനസ്സിലാക്കാം.
തീയതി മാറ്റമില്ലാത്ത നോമ്പുകളും പെരുന്നാളുകളും
സഭയില്‍ ആചരിക്കുന്ന അഞ്ച് നോമ്പുകളില്‍ മൂന്ന് നോമ്പും വലിയ നോമ്പും (അമ്പത് നോമ്പ്) ഉയിര്‍പ്പു പെരുന്നാളുമായി ബന്ധപ്പെട്ട് തീയതി മാറി വരുന്നതായി നാം മനസ്സിലാക്കി. മറ്റു മൂന്ന് നോമ്പുകള്‍ താഴെ പറയും പ്രകാരം നിശ്ചിത തീയതികളില്‍ ആചരിക്കുന്നു.
ഇരുപത്തിയഞ്ച് നോമ്പ്-ഡിസംബര്‍ 1 - 25
ശ്ലീഹാ നോമ്പ് (പതിമൂന്ന് നോമ്പ്)-ജൂണ്‍ 16-29
പതിനഞ്ച് നോമ്പ് -ആഗസ്റ്റ് 1-15
എല്ലാവര്‍ഷവും നിശ്ചിത തീയതികളില്‍ ആചരിക്കുന്ന പെരുന്നാളുകളുടെ പട്ടിക താഴെ നല്കുന്നു.
നമ്മുടെ കര്‍ത്താവിന്റെ ജനന പെരുന്നാള്‍-ഡിസംബര്‍ 25
നിര്‍മ്മല ശിശുക്കളുടെ നാള് - നമ്മുടെ കര്‍ത്താവിനെ പ്രതി കൊലചെയ്യപ്പെട്ട നിര്‍മ്മല ശിശുക്കളുടെ സ്മരണ- ഡിസംബര്‍ 26
നമ്മുടെ കര്‍ത്താവിന്റെ പരിഛേദന - ഡിസംബര്‍ 25 നു ശേഷം എട്ടാം ദിവസം - ജനുവരി 1
നമ്മുടെ കര്‍ത്താവിന്റെ മാമോദീസാ - ജനുവരി 6
നമ്മുടെ കര്‍ത്താവിന്റെ ദൈവാലയ പ്രവേശനം - ഡിസംബര്‍ 25 നു ശേഷം നാല്പതാം നാള് - ഫെബ്രുവരി 2
വി. കന്യക മറിയാമിനോടുള്ള അറിയിപ്പിന്റെ പെരുന്നാള്‍ - ഡിസംബര്‍ 25 നു ഒമ്പത് മാസങ്ങള്‍ക്ക് മുമ്പുളള ദിനം - മാര്‍ച്ച് 25
നമ്മുടെ കര്‍ത്താവിന്റെ മറുരൂപ പെരുന്നാള്‍ - ആഗസ്റ്റ് 6
സകല വിശുദ്ധരുടെയും നാള്-നവംബര്‍ 1
ഇതു കൂടാതെ ശ്ലീഹന്മാരുടെ നാളുകളും നിശ്ചിത തീയതികളില്‍ ആചരിക്കുന്നു. ഉദാഹരണമായി ഡിസംബര്‍ 21, ജൂലൈ 3 (മാര്‍ തോമാ ശ്ലീഹാ), ജൂണ്‍ 29 (മാര്‍ പത്രോസ് പൗലോസ് ശ്ലീഹന്മാര്), ജൂണ്‍ 30 (പന്ത്രണ്ട് ശ്ലീഹന്മാര്) തുടങ്ങിയവ.
ഇപ്രകാരം ഓരോ വര്‍ഷത്തിന്റെയും വിവിധ സമയങ്ങളില്‍ ക്രമീകരിക്കപ്പെട്ട ഈ വിശേഷ ദിവസങ്ങളായ നോമ്പുകളിലൂടെയും പെരുന്നാളുകളുകളിലൂടെയും നമ്മുടെ കര്‍ത്താവിന്റെ രക്ഷാകര സംഭവങ്ങളെയും അതില്‍ പങ്കാളികളായവരെയും സഭ ഓര്‍ക്കുകയും ക്രിസ്തു എന്ന അനുഭവത്തിലൂടെ നിരന്തരം പ്രയാണം ചെയ്ത് ലോകത്തിന്റെ വെല്ലുവിളികളെ അവനോടൊപ്പം അഭിമുഖീകരിക്കുവാന്‍ ഓരോ വിശ്വാസിയെയും പ്രാപ്തമാക്കുകയും ചെയ്യുന്നു.