ഇരുപത്തിയൊന്നാം മാർത്തോമ്മാ (2007-2020)
ഇരുപതാം മാർത്തോമ്മാ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്ന്, 2007 ഓക്ടോബർ 2-ന് ജോസഫ് മാർ ഐറേനിയസ് സഫ്രഗ്ഗൻ മെത്രാപ്പോലീത്ത, സഭയുടെ ഇരുപത്തിയൊന്നാം മാർത്തോമ്മാ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. പാലക്കുന്നത്ത് കുടുംബത്തിൽ നിന്നു സഭയെ നയിക്കുന്ന അഞ്ചാമത്തെ മാർത്തോമ്മാ മെത്രാപ്പോലീത്തായാണ് ജോസഫ് മാർത്തോമ്മാ.
ഉറച്ച നിലപാടുകളോടെ, സഭയെ അതിൻ്റെ പൗരസ്ത്യ സ്വഭാവങ്ങൾക്കും വിശ്വാസാചാരങ്ങൾക്കും ഭംഗം വരാതെ മുന്നോട്ട് നയിക്കുവാൻ മെത്രാപ്പോലീത്തായ്ക്ക് കഴിഞ്ഞു എന്ന സത്യം അംഗീകരിക്കാതിരിക്കാൻ ആർക്കും കഴിയില്ല. സഹോദര സഭകളുമായി ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കുവാനും, എന്നാൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അത് തുറന്നു പറയുവാനും തിരുമേനിക്കുള്ള അസാമാന്യ കഴിവ് പ്രത്യേകം പരാമർശിക്കപ്പെടേണ്ടതു തന്നെയാണ്. പരിസ്ഥിതി മലിനീകരണത്തിനും, പരിസ്ഥിതി നാശത്തിനും എതിരായും, പ്രകൃതി സംരക്ഷണത്തിന് അനുകൂലമായും തിരുമേനി സ്വീകരിച്ച നടപടികൾ ശ്ലാഘനീയം ആണ്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പാരമ്പര്യവും - പൈതൃകവും കാത്തു സൂക്ഷിക്കുന്നതിൽ അതീവ തൽപരനായിരുന്ന തിരുമേനി, ശക്തമായ നേതൃത്വ പാടവത്താൽ പതിമൂന്നു വർഷങ്ങൾ സഭയെ സമർത്ഥമായി നയിച്ചു. 2020 ഒക്ടോബർ 18 ഞായറാഴ്ച പുലർച്ചെ കാലം ചെയ്തു.