മൂന്നാം മാർത്തോമ്മാ (1686-1688)
മാർത്തോമ്മാ രണ്ടാമൻ്റെ അപ്രതീക്ഷിതമായുണ്ടായ മരണം മൂലം മേല്പട്ടക്കാരില്ലാതായ മലങ്കര സഭയ്ക്ക് പകലോമറ്റം തറവാട്ടിൽ നിന്നു തന്നെ ഒരാളെ മൂന്നാം മാർത്തോമ്മയായി 1686-ൽ കോതമംഗലത്തുവച്ച് വാഴിച്ചു. രണ്ടാം മാർത്തോമ്മായുടെ കാലത്ത് അദ്ദേഹത്തിൻ്റെ അഭ്യർത്ഥനപ്രകാരം മലങ്കരയിൽ വന്ന മാർ ഈവാനിയോസ് ഹിദായത്തുള്ളയാണ് ഈ മെത്രാഭിഷേക കർമ്മം നിർവഹിച്ചത്.
ദൈവഭക്തിയിലും പ്രാർത്ഥനയിലും ചെറുപ്പം മുതൽ തന്നെ ജീവിച്ചുവന്ന മൂന്നാം മാർത്തോമ്മാ അദ്ദേഹത്തിൻ്റെ കീഴിലുള്ള പള്ളികൾ സന്ദർശിക്കുന്നതിൽ വളരെ താല്പര്യം കാണിച്ചിരുന്നു. ഒരു പള്ളിയിൽ ചെന്നാൽ അവിടെ താമസിച്ച് ഇടവക ജനങ്ങളുമായി ഇടപെടുകയും, അവരെ സത്യവിശ്വാസം പഠിപ്പിക്കുകയും അതിൽ ഉറപ്പിക്കുകയും ചെയ്യുന്നതിൽ വന്ദ്യ പിതാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1688-ൽ അഭിവന്ദ്യ തിരുമേനി കടമ്പനാട് സെൻ്റ് തോമസ് വലിയപള്ളിയുടെ മാളിക മുറിയിൽ താമസിച്ചു വരവെ ഏപ്രിൽ മാസം 21-ാം തീയതി (മേടം 9) കാലം ചെയ്യുകയും ആ പള്ളിയുടെ മദ്ബഹായിൽ കബറടക്കപ്പെടുകയും ചെയ്തു. മലങ്കര സഭയ്ക്ക് അങ്ങനെ മെത്രാൻ ഇല്ലാത്ത മറ്റൊരു സന്ദർഭം സംജാതമായി. കടമ്പനാടിനു ചുറ്റുമുള്ള ദേശവാസികൾ മൂന്നാം മാർത്തോമ്മായെ ബഹുമാനത്തോടുകൂടി വല്യപ്പൂപ്പൻ എന്നും വിളിക്കാറുണ്ട്.
ഏകദേശം രണ്ടു വർഷത്തോളം മാത്രമേ മാർത്തോമ്മാ മൂന്നാമൻ്റെ മലങ്കര സഭാ ഭരണ സാരഥ്യം ഉണ്ടായിരുന്നുള്ളുവെങ്കിലും ആ കാലമത്രയും മലങ്കര സഭാ നൗകയെ അതിൻ്റെ സ്തുതി ചൊവ്വാക്കപ്പെട്ട സത്യ വിശ്വാസത്തിലുറപ്പിച്ചു മറ്റ് വൈദേശിക തിരമാലകളിൽ മുങ്ങിപ്പോകാതെ കാത്തു സൂക്ഷിക്കുവാൻ ദൈവം മലങ്കര സഭയ്ക്കു നൽകിയ ഈ വന്ദ്യ പിതാവിന്റെ ധന്യ ജീവിതത്തിനായി സ്തോത്രം.