ശ്ലീഹന്മാരുടെ നോമ്പ്: ചരിത്രവും പാരമ്പര്യവും
ശ്ലീഹന്മാരുടെ നോമ്പ്: ചരിത്രവും പാരമ്പര്യവും
ശ്ലീഹന്മാരുടെ നോമ്പ്: ചരിത്രവും പാരമ്പര്യവും
പൗരസ്ത്യ ക്രൈസ്തവ സഭകളുടെ ആരാധനാ ജീവിതത്തിൽ പ്രധാനപ്പെട്ട ഉപവാസ കാലങ്ങളിലൊന്നാണ് ശ്ലീഹന്മാരുടെ നോമ്പ്. വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും നാളുകളിൽ (ജൂൺ 29) അവസാനിക്കുന്ന ഈ നോമ്പ്, സുവിശേഷ പ്രഘോഷണത്തിനായി ജീവിതം സമർപ്പിച്ച ശ്ലീഹന്മാരുടെ സ്മരണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് സുറിയാനി, കോപ്റ്റിക്, ബൈസന്റൈൻ എന്നീ പാരമ്പര്യങ്ങളിലെ വിവിധ സഭകളിൽ ഈ നോമ്പ് വ്യാപകമായി ആചരിക്കപ്പെടുന്നു മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ, ഈ നോമ്പ് ജൂൺ 16-ന് ആരംഭിച്ച് ജൂൺ 29-ന് വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ നാളിൽ അവസാനിക്കുന്നു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ഇത് ശ്ലീഹാ നോമ്പെന്നും 13 ദിവസത്തെ നോമ്പെന്നും അറിയപ്പെടുന്നു. ഈ നോമ്പിന്റെ ഇന്നത്തെ രൂപം ആദ്യകാല സഭയിൽ ഉടലെടുത്തതല്ല, മറിച്ച് നൂറ്റാണ്ടുകളിലൂടെ ക്രമേണ വികസിച്ചതാണ്. അതിനാൽ, ഈ നോമ്പിന്റെ ചരിത്രം വളരെ സങ്കീർണ്ണവും ഘട്ടം ഘട്ടമായി വികസിച്ചതുമാണ്.
ക്രൈസ്തവ സഭാപാരമ്പര്യത്തിൽ സാധാരണയായി ശ്ലീഹന്മാരുടെ നോമ്പ് ശ്ലീഹന്മാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിക്കപ്പെടാറുണ്ട്. എന്നിരുന്നാലും, ചരിത്രരേഖകളും പുരാതന സഭാരചനകളും പരിശോധിക്കുമ്പോൾ, ഇന്നത്തെ രൂപത്തിലുള്ള ശ്ലീഹന്മാരുടെ നോമ്പ് ആദിമ ക്രൈസ്തവസഭയിൽ നിന്ന് നേരിട്ട് ലഭിച്ച ഒരു ഏകീകൃത ആചാരമായിരുന്നുവെന്ന് ഉറപ്പിച്ച് പറയുവാൻ സാധ്യമല്ല. മറിച്ച്, പെന്തെക്കോസ്തിന് ശേഷമുള്ള വിവിധ ഉപവാസ രീതികളുടെ ക്രമാനുഗതമായ വികാസത്തിന്റെ ഫലമായാണ് ഇത് രൂപപ്പെട്ടതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
പുതിയ നിയമത്തിൽ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രാധാന്യത്തെക്കുറിച്ച് നിരവധി പരാമർശങ്ങൾ കാണാം. അന്ത്യോക്യയിലെ സഭയിൽ വിശ്വാസികൾ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിനെക്കുറിച്ച് അപ്പൊസ്തല പ്രവർത്തികളിൽ രേഖപ്പെടുത്തിയിട്ടുണ്ട് (അപ്പൊ. പ്രവൃത്തികൾ 13: 1-3) അതുപോലെ, യേശുക്രിസ്തു തന്റെ ശിഷ്യന്മാർ വരുംകാലത്ത് ഉപവസിക്കുമെന്ന് സൂചിപ്പിക്കുന്ന വചനങ്ങളും (വി. മത്തായി 9 : 14-17) സുവിശേഷങ്ങളിൽ കാണപ്പെടുന്നു. എന്നാൽ പെന്തെക്കോസ്തിന് ശേഷമുള്ള പ്രത്യേക “ശ്ലീഹന്മാരുടെ നോമ്പ്” സംബന്ധിച്ച വ്യക്തമായ പരാമർശങ്ങൾ പുതിയനിയമ ഗ്രന്ഥങ്ങളിൽ ഇല്ല. അതിനാൽ ഈ നോമ്പിന്റെ ഉത്ഭവം നേരിട്ട് വേദപുസ്തകത്തിൽ നിന്ന് തെളിയിക്കപ്പെടുന്നതല്ല; മറിച്ച് സഭയുടെ ആരാധനാ ജീവിതത്തിന്റെ വികാസവുമായി ബന്ധപ്പെട്ടാണ് അത് മനസ്സിലാക്കപ്പെടേണ്ടത്.
ആദ്യ നാല് നൂറ്റാണ്ടുകളിലെ ക്രൈസ്തവ പാരമ്പര്യങ്ങളിലും സഭാപിതാക്കന്മാരുടെ രചനകളിലും ശ്ലീഹന്മാരുടെ നോമ്പിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ അപൂർവമാണ്. ആദ്യകാല ക്രൈസ്തവർ പെന്തെക്കോസ്ത് കാലഘട്ടത്തെ വലിയ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമായി കണക്കാക്കിയിരുന്നു. ഈ കാലത്ത് മുട്ടുകുത്തി പ്രാർത്ഥിക്കുന്നതുപോലും ചിലയിടങ്ങളിൽ ഒഴിവാക്കപ്പെട്ടിരുന്നു. ചില പ്രദേശങ്ങളിൽ പെന്തെക്കോസ്തിന് ശേഷമുള്ള ദിവസങ്ങളിൽ ഉപവാസം നിർത്തി വച്ചിരുന്നുവെന്നും തെളിവുകൾ സൂചിപ്പിക്കുന്നു. ഇതിൽ നിന്ന്, പെന്തെക്കോസ്തിന് തൊട്ടു പിന്നാലെ ദീർഘമായ ഒരു നോമ്പ് ആദിമ സഭയിൽ സർവ സാധാരണമായിരുന്നില്ലെന്ന് മനസ്സിലാക്കാം.
അതേസമയം, നാലാം നൂറ്റാണ്ട് മുതൽ വിവിധ പ്രദേശങ്ങളിൽ പെന്തെക്കോസ്തിന് ശേഷമുള്ള ഉപവാസരീതികൾ രൂപപ്പെടാൻ തുടങ്ങി. ഈ ഉപവാസങ്ങൾ എല്ലായിടത്തും ഒരേ രൂപത്തിലായിരുന്നില്ല. ചില സഭകൾ പെന്തെക്കോസ്തിന് ശേഷം ഒരാഴ്ചത്തെ ഉപവാസം ആചരിച്ചപ്പോൾ, മറ്റുചില സഭകൾ കൂടുതൽ ദൈർഘ്യമുള്ള ഉപവാസകാലങ്ങൾ സ്വീകരിച്ചു. അതിനാൽ ഒരു ഏകീകൃത ശ്ലീഹന്മാരുടെ നോമ്പിനേക്കാൾ, പലതരം പ്രാദേശിക ആചാരങ്ങളുടെ സമാഹാരമാണ് ആദ്യകാല ചരിത്രത്തിൽ കാണപ്പെടുന്നത്.
ശ്ലീഹന്മാരുടെ നോമ്പിനെ വ്യക്തമായി പരാമർശിക്കുന്ന ആദ്യ രേഖകൾ സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നാണ് ലഭിക്കുന്നത്. ഏഴാം നൂറ്റാണ്ടോടടുത്ത കാലഘട്ടത്തിൽ സുറിയാനി സഭയുടെ ആരാധനാ പുസ്തകങ്ങളിലും കാനോൻ നിയമങ്ങളിലും ഈ നോമ്പിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ പ്രത്യക്ഷപ്പെടുന്നു. ഇത് ആ കാലഘട്ടത്തിൽ തന്നെ സുറിയാനി സഭയിൽ ശ്ലീഹന്മാരുടെ നോമ്പ് ഒരു സ്ഥിരമായ ആരാധനാ പാരമ്പര്യമായി മാറിക്കഴിഞ്ഞിരുന്നുവെന്ന് സൂചിപ്പിക്കുന്നു. പിന്നീട് സുറിയാനി സഭയിലെ മെത്രാന്മാരുടെയും പണ്ഡിതന്മാരുടെയും രചനകളിൽ ഈ നോമ്പ് കൂടുതൽ വിശദമായി പ്രതിപാദിക്കപ്പെടുന്നു.
പാശ്ചാത്യ സുറിയാനി സഭയിലും പൗരസ്ത്യ സുറിയാനി സഭയിലും ഈ നോമ്പ് അറിയപ്പെട്ടിരുന്നുവെങ്കിലും, ആചരണരീതികളിൽ ചില വ്യത്യാസങ്ങൾ നിലനിന്നിരുന്നു. ചില പാരമ്പര്യങ്ങളിൽ ഇത് പെന്തെക്കോസ്തിന് ശേഷമുള്ള ഉടനെയുള്ള കാലഘട്ടവുമായി ബന്ധിപ്പിക്കപ്പെട്ടപ്പോൾ, മറ്റുചിലയിടങ്ങളിൽ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാളിനോടനുബന്ധിച്ചാണ് പ്രാധാന്യം നൽകപ്പെട്ടത്. എന്നിരുന്നാലും, ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തെയും അവരുടെ ത്യാഗപൂർണ ജീവിതത്തെയും അനുസ്മരിക്കുന്ന ഒരു ഉപവാസമായി ഈ നോമ്പ് സുറിയാനി സഭകളിൽ അംഗീകരിക്കപ്പെട്ടു.
ഈജിപ്തിലെ കോപ്റ്റിക് സഭയിൽ ശ്ലീഹന്മാരുടെ നോമ്പിന്റെ വികാസം കൂടുതൽ സങ്കീർണ്ണമായിരുന്നു. അവിടെ ആറാം നൂറ്റാണ്ട് മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെയുള്ള രേഖകളിൽ പെന്തെക്കോസ്തിന് ശേഷമുള്ള വിവിധ ഉപവാസ രീതികളെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. ചില രേഖകളിൽ “വേനൽക്കാലത്തെ നാല്പത് ദിവസത്തെ ഉപവാസം” എന്ന ആശയം കാണപ്പെടുന്നു. മറ്റു ചില രേഖകളിൽ പെന്തെക്കോസ്തിന് ശേഷം ഒരാഴ്ചത്തെ ഉപവാസത്തെക്കുറിച്ച് പറയുന്നു. ചിലപ്പോൾ ഈ ഉപവാസങ്ങൾ ശ്ലീഹന്മാരുമായി ബന്ധപ്പെടുത്തപ്പെടുകയും മറ്റു സന്ദർഭങ്ങളിൽ അങ്ങനെ ചെയ്യാതിരിക്കുകയും ചെയ്തു.
കോപ്റ്റിക് സഭയിലെ വിവിധ പ്രദേശങ്ങളിൽ ഒരേ കാലഘട്ടത്തിൽ വ്യത്യസ്ത രീതികൾ നിലനിന്നിരുന്നു. ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും ഉപവാസ ദൈർഘ്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. ചില സമൂഹങ്ങൾ ഏതാനും ദിവസങ്ങൾ മാത്രം ഉപവസിച്ചപ്പോൾ, മറ്റു ചിലർ പല ആഴ്ചകളോളം ഉപവസിച്ചു. ഈ വ്യത്യാസങ്ങൾ നൂറ്റാണ്ടുകളോളം തുടർന്നിരുന്നു. പിന്നീട് സഭാ നേതൃത്വത്തിന്റെ ഇടപെടലുകളിലൂടെ ഈ ആചാരങ്ങൾ ക്രമേണ ഏകീകരിക്കപ്പെടുകയും, പെന്തെക്കോസ്തിനും വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാളിനുമിടയിലുള്ള കാലഘട്ടത്തെ ശ്ലീഹന്മാരുടെ നോമ്പായി പൊതുവെ അംഗീകരിക്കപ്പെടുകയും ചെയ്തു.
ചരിത്രപരമായി പരിശോധിക്കുമ്പോൾ ശ്ലീഹന്മാരുടെ നോമ്പ് ഒരു ദിവസം കൊണ്ടോ ഒരു സഭയുടെ തീരുമാനത്തിലൂടെയോ രൂപം കൊണ്ടതല്ല. പെന്തെക്കോസ്തുമായി ബന്ധപ്പെട്ട ഉപവാസ പാരമ്പര്യങ്ങൾ, ശ്ലീഹന്മാരുടെ സ്മരണ, സഭയുടെ ആരാധനാ ക്രമങ്ങളുടെ വികസനം, വിവിധ പ്രദേശങ്ങളിലെ പ്രാദേശിക ആചാരങ്ങൾ എന്നിവയുടെ സമന്വയത്തിലൂടെയാണ് ഈ നോമ്പ് ഇന്നത്തെ രൂപത്തിലേക്ക് വളർന്നത്. അതുകൊണ്ട് ഇത് ഒരു ആരാധനാനുഷ്ഠാനം മാത്രമല്ല; നൂറ്റാണ്ടുകളായുള്ള സഭാചരിത്രത്തിന്റെ ജീവിക്കുന്ന സാക്ഷ്യവുമാണ്.
ഇന്നത്തെ സാഹചര്യത്തിൽ ശ്ലീഹന്മാരുടെ നോമ്പ് വിശ്വാസികളെ ശ്ലീഹന്മാരുടെ ജീവിത മാതൃകയിലേക്ക് നയിക്കുന്നു. പ്രാർത്ഥന, ഉപവാസം, ആത്മ പരിശോധന, സുവിശേഷ സാക്ഷ്യം എന്നിവയിലൂടെ ക്രിസ്തുവിന്റെ ദൗത്യത്തിൽ പങ്കാളികളാകാനുള്ള ആഹ്വാനമാണ് ഈ നോമ്പ് നൽകുന്നത്. ചരിത്ര പരമായി ഇത് ക്രമേണ വികസിച്ച ഒരു പാരമ്പര്യമാണെങ്കിലും, അതിന്റെ ആത്മീയ സന്ദേശം കാലാതീതമാണ്. ശ്ലീഹന്മാരെപ്പോലെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാനും സുവിശേഷത്തിന്റെ സാക്ഷികളാകാനും വിശ്വാസികളെ പ്രചോദിപ്പിക്കുന്ന ഒരു ആത്മീയ വിദ്യാലയമായി ശ്ലീഹന്മാരുടെ നോമ്പ് ഇന്നും സഭാ ജീവിതത്തിൽ നിലകൊള്ളുന്നു.
Reference : Maged S. A. Mikhail, "The Fast of the Apostles in the Early Church and in Later Syrian and Coptic Practice" (2015).